ഞങ്ങളുടെ ഗ്രാമത്തിലെ പ്രശസ്തനും, പ്രശസ്തരിൽ  പ്രശസ്തനുമായ കരാട്ടെ വാസുവിന്റെ കരാട്ടെ  പ്രോഗ്രാം പഞ്ചായത്തിന്റെ ആനിവേഴ്‌സറിയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം വായനശാലാ ഗ്രൗണ്ടിൽ വിവിധ കലാപരിപാടികളോപ്പം അവതരിപ്പിക്കപ്പെടുന്നു  

പ്രേഷിതൻ സുകു നിറുത്താതെയാണ് മൈക്കിൽ കൂടി കാറിക്കൊണ്ടിരിക്കുന്നത് 

വാസുവിന്റെ കരാട്ടെയാണ് പഞ്ചായത്ത് മേളയുടെ മുഖ്യ ആകർഷണം 

ഉദ്ഘാടനം ചെയ്യാൻ വരാമെന്ന് ഏറ്റിരുന്ന എം ൽ എ പീതാംബരേട്ടൻ വാസുവിന്റെ കരാട്ടെ പ്രോഗ്രാം ഉണ്ടെന്ന് അറിഞ്ഞതോടെ ആ പരിപാടി ക്യാൻസൽ ചെയ്തു 

എം ൽ എ ആവുന്നതിനു മുമ്പ്  പീതാംബരേട്ടൻ വാസുവുമായി ഒന്ന് മുട്ടിയിട്ടുള്ളതാ അന്ന് കവലയിൽ വെച്ച് കത്തിയുമായി പീതാംബരേട്ടൻ  പാഞ്ഞുവന്നതു മാത്രമേ എല്ലാവരും കണ്ടുള്ളു 

അതിനു ശേഷം എന്താണ് ഉണ്ടായതെന്ന് പീതാംബരേട്ടനും  നാട്ടുകാർക്കും അജ്ഞാതമായിരുന്നു വാസുമാസ്റ്റർ കരാട്ടെയിലെ അതീവ രഹസ്യമായ അടവ് പ്രയോഗിച്ചതാണെന്നാ പ്രേക്ഷിതൻ സുകു പറഞ്ഞത് ഏതായാലും രണ്ടു ദിവസം കഴിഞ്ഞായിരുന്നു  പീതാംബരേട്ടൻ കണ്ണ് തുറന്നത് 

എന്തുകൊണ്ടാണ് അവർ തമ്മിൽ ഏറ്റുമുട്ടിയതെന്ന് തല്ലു കിട്ടിയ പീതാംബരേട്ടനും തല്ലു കൊടുത്ത വാസുമാസ്റ്റർക്കും ഒഴികെ മറ്റുള്ളവർക്കെല്ലാം അജ്ഞാതമായിരുന്നു 

എന്തെങ്കിലും കാരണം ഉണ്ടാകും എന്നുള്ള  ആത്മഗതമാണ് ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ പുറത്തുവിട്ടത് 

 വെറുതേ ഒരു മനുഷ്യനെ പോയി തല്ലാൻ ആർക്കെങ്കിലും ഭ്രാന്തുണ്ടോ എന്നുള്ള മറുപടി മീൻ കാരൻ മമ്മദിന്റെ ഉള്ളിൽ തിക്കി തിക്കി വന്നെങ്കിലും മമ്മദ് അത് പറഞ്ഞില്ല വെറുതേ എന്തിനാ മറ്റുള്ളവർക്ക് വേണ്ടി പാക്കരൻ ചേട്ടന്റെ അതൃപ്‌തി സമ്പാദിക്കുന്നത് ഇടക്കിടക്ക് കടം തരുന്നതാ അതില്ലാതാക്കണോ 

ആ ഒരു പേടി ഉള്ളതുകൊണ്ടാ പീതാംബരേട്ടൻ ഉൽഘാടനം ക്യാൻസൽ ചെയ്തത് വെറുതേ താനെന്തെങ്കിലും മൈക്കിൽ കൂടി  കൊത്തും വാസു ചിലപ്പോ താൻ എം ൽ എ ആണോന്ന് ഒന്നും നോക്കത്തില്ല 

പീതാംബരേട്ടന് പീതാംബരേട്ടനെ തന്നെ വിശ്വാസമില്ലായിരുന്നു  

നാട്ടുകാർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കരാട്ടെ വാസുവിന്റെ പ്രകടനം . വാസുവിന്റെ പ്രകടനം കാണുവാൻ വേണ്ടി മാത്രമാണ് ആളുകൾ പഞ്ചായത്ത് മേളക്ക് വരുന്നതെന്ന് വേണമെങ്കിൽ എടുത്തു പറയാം കരാട്ടെ വാസു ചൈനയിൽ  പോയിട്ടാണ് കരാട്ടെ പഠിച്ചിരിക്കുന്നത് ബ്ലാക്ക് ബെൽറ്റും കഴിഞ്ഞ് പിന്നെ വേറെന്താണ്ടൊക്കെ ബെൽറ്റും എടുത്തീട്ടുള്ളതാ . ഭയങ്കര അഭ്യാസിയാണ് ഇരുപത് പേര് വന്നാലും വാസു ഒറ്റക്ക് നിന്ന് അടിക്കുമെന്നാ പ്രേഷിതൻ സുകു പറയുന്നത്.

വാസുവിന്റെ വീടിന്റെ മുന്നീക്കൂടെ പോകുമ്പോ തന്നെ കേൾക്കാം ഹാ ഹൂ ന്നുള്ള അലർച്ചകള് വാസു വെറുതെ നടക്കുമ്പോൾ പോലും കരാട്ടെ കാണിച്ചിട്ടാണ് നടക്കാറ് അതു  കാരണം വാസുവിന്റെ അടുത്തുകൂടെയൊന്നും ആരും പോകാറില്ല .

ഒരു പ്രാവശ്യം മീൻ കാരൻ മമ്മദ് മീനും കൊണ്ട് സൈക്കിളിൽ വരുമ്പോഴായിരുന്നു വാസു പെട്ടെന്ന് കരാട്ടെ കാണിച്ചത് സത്യത്തിൽ വാസു മമ്മദ് വരുന്നത്  കണ്ടിരുന്നില്ല  മുന്നിൽ പോകുന്നത് വാസുവാണെന്ന് മമ്മദിനും  പ്രതീക്ഷയുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം  

മമ്മദ് അടുത്തെത്തിയതും വാസു ഹാ ഹൂം ന്നും പറഞ്ഞ് രണ്ടടിയിടിച്ചതും ഒന്നിച്ചായിരുന്നു   

സത്യത്തിൽ വാസു അത് അന്തരീക്ഷത്തിലെ വായുവിനിട്ടായിരുന്നു ഇടിച്ചത് പക്ഷേ കൊള്ളാൻ ഭാഗ്യമുണ്ടായത് പിന്നാലെ വന്ന മമ്മദിനും .

മമ്മദും സൈക്കിളും ,മീനും എല്ലാം ചേർന്ന് പാടത്തേക്ക് പോയി 

അവിടെ കിടന്ന് മമ്മദ് വേദന കൊണ്ട് കരഞ്ഞു പാവം സൈക്കിളിന് കരയാൻ പറ്റാത്ത കാരണം അത് മിണ്ടാതെ  കിടന്നു മീനുകളെല്ലാം ആദ്യമേ ചത്തിരുന്നതു കാരണം അവറ്റകള് കരഞ്ഞില്ല .

മമ്മദ് പാടത്തു കിടന്ന് കരയുന്നത് കണ്ട്  എന്തിനാ  കരയുന്നതെന്നാ  വാസു ചോദിച്ചത്

മമ്മദിന്റെ വായിൽ ഒരു മുട്ടൻ തെറി ഉരുണ്ടു കേറി വന്നതായിരുന്നു പക്ഷെ വാസുവായതു കാരണം മമ്മദത് വായിലിട്ടു തന്നെ കടിച്ചു പൊടിച്ചു  കളഞ്ഞു രണ്ടു പല്ലും കൂടി ചേർത്തായിരുന്നു  മമ്മദ് കടിച്ചു പൊട്ടിച്ചത് അത്രേം ദേഷ്യമുണ്ടായിരുന്നു പക്ഷേ മിണ്ടിയില്ല വാസുവാണ്,  ചൈനീസ് കരാട്ടെയാണ് സാധാ ഇടി കൊള്ളാൻ തന്നെ തന്നെക്കൊണ്ട് ആവുധില്ല .

ഏതായാലും പഞ്ചായത്ത് മേളയുടെ ആകർഷണം വാസുവിന്റെ കരാട്ടെയാണ് കൂടെ സഹായത്തിന് തമ്പി മാഷുമുണ്ട് . തമ്പി മാഷും കരാട്ടെ ബ്ലാക്ക് ബെൽറ്റാണ് പക്ഷേ ഇവിടന്നാ എടുത്തിരിക്കുന്നത് അത് കാരണം വാസു മാഷുടെ അത്രക്കും പ്രശസ്തനല്ല  

തമ്പി മാഷാണ് എന്നേം ശിവനേം ഒക്കെ കരാട്ടെ പഠിപ്പിക്കുന്നത് ഓരോ ദിവസവും ഓരോ പുതിയ അടവുകളാ ഞങ്ങളെ പഠിപ്പിക്കാറ് 

ഞങ്ങളോട് പറയാറ് അത് തമ്പി മാഷ് തന്നെ കണ്ടുപിടിച്ചതാണെന്നാ പക്ഷെ കവലയിൽ വീഡിയോ കട നടത്തുന്ന സുഗതൻ പറഞ്ഞത്  ജാക്കിച്ചാന്റെ എല്ലാ പടങ്ങളും തമ്പി മാഷ് മുടങ്ങാതെ എടുക്കാറുണ്ടത്രേ അതോടെ ഞങ്ങൾക്ക് കാര്യം മനസ്സിലായി

സമയം അഞ്ചുമണിയായി എല്ലാവരും അക്ഷമരായിട്ടാണ് ഇരിക്കുന്നത് പഞ്ചായത്ത് മേള ഉദ്ഘാടനം ചെയ്യുന്നു എന്നും പറഞ്ഞ് മെമ്പറ് സുകേശൻ പ്രസംഗം തുടങ്ങി ഒരു മണിക്കൂറോളമായി പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരിക്കാ അവസാനം നാട്ടുകാര് കൈയ്യും ,കാലും കാണിച്ചു തുടങ്ങിയപ്പോഴാ സുകേശൻ നിറുത്തിയത് 

ഒടുവിൽ  ആ സമയം സമാഗതമായി കരാട്ടെ വാസു ചൈനയിൽ നിന്ന് കൊണ്ടു വന്ന ബെൽറ്റൊക്കെ അരയിൽ കെട്ടി ചാടി ചാടി നടപ്പുണ്ട് കൂടെ തമ്പി മാഷും 

സ്റ്റേജിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു 

പ്രേഷിതൻ സുകുവാണ് അനൗൺസ് ചെയ്യുന്നത് 

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ ലോക കരാട്ടെ ചാമ്പ്യനും അതിവലിയ അഭ്യാസിയും അഭ്യാസികളിൽ ,അഭ്യാസിയുമായ നമ്മുടെ ഗ്രാമത്തിന്റെ അഭിമാനമായ വാസുവിന്റെ അതിതീവ്ര അഭ്യാസ പ്രകടനങ്ങളാണ് നിങ്ങളിപ്പോൾ കാണുവാൻ പോകുന്നത് 

കിട്ടിയ അവസരത്തിൽ സുകേശൻ വാസുവിനെ ഒന്ന് നന്നായി പൊക്കിപ്പിടിച്ചു അത് വാസുവിന് നന്നായി സുഖിക്കേം ചെയ്തു ആ ലഹരിയിൽ ലയിച്ചു നിൽക്കുന്ന കാരണം സുകേശൻ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തീട്ടും വാസു വന്നില്ല   

പ്രിയപ്പെട്ട വാസുവേട്ടാ താങ്കൾക്ക് സ്വാഗതം , സ്വാഗതമെന്ന് സുകേശൻ ഒരു പത്തുപതിനഞ്ചു പ്രാവശ്യം വാസുവേട്ടന്റെ മുഖത്തു  നോക്കി പറഞ്ഞു

 അവസാനം തമ്പിമാഷാ വാസുമാസ്റ്ററെ   ഉന്തിത്തള്ളി സ്റ്റേജിലേക്ക് വിട്ടത്

സ്റ്റേജിലെ ലൈറ്റുകളെല്ലാം അണഞ്ഞു, ഒരു ഇരുണ്ട ചുവന്ന ലൈറ്റ് മാത്രം

 അതാ വാസു മാസ്റ്റർ സ്റ്റേജിലേക്ക് ചാടി ചാടി വരുന്നു 

എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്   

അങ്ങനെ പിടിച്ചു പിടിച്ച് മമ്മദിന്റെ ശ്വാസം ഒരു സൈറണായി പിന്നാമ്പുറത്തുക്കൂടെ  പോയി 

വാസുവിന്റെ കരാട്ടെയാണെന്നും വിചാരിച്ച് ശ്വാസത്തിനും  എത്ര നേരമാണ് പിടിച്ചു നിൽക്കാൻ പറ്റാ ?അമളി പറ്റിയത് പോലെ മമ്മദ് ചുറ്റും നോക്കി ഇറച്ചി വെട്ടുകാരൻ അന്ത്രുവിന്റെ ഭാര്യ വിലാസിനിയേടത്തി തൊട്ടപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു ശവം ന്നും പറഞ്ഞ് വിലാസിനിയേടത്തി നീങ്ങിയിരുന്നു 

അതാ വാസു അഭ്യാസം കാണിച്ചു തുടങ്ങി എല്ലാവരും നിശ്ചലമായിരിക്കുന്നു ആദ്യം  ചില്ലറ അഭ്യാസങ്ങൾ അവസാനമാണ് ആ വലിയ ഐറ്റം 

ഒരു  ഇഷ്ടിക തമ്പി മാഷുടെ തലയിൽ വെച്ച് വാസു അടിച്ചു പൊട്ടിക്കും എല്ലാവരും ഉഷാറായി തമ്പി മാഷ് ആകെ വിറച്ചു നിൽപ്പുണ്ട് 

ഇഷ്ടിക വല്ലവന്റ ആണെങ്കിലും തല തന്റെയാണെന്ന് തമ്പി മാഷ്ക്ക് നല്ല പേടിയുണ്ടായിരുന്നു 

വാസു മാസ്റ്റർ ഇടക്കിടക്ക് എന്തൊക്കെയോ തമ്പി മാഷുടെ ചെവിയിൽ പറയുന്നുണ്ട് തമ്പി മാഷ് തലയാട്ടുന്നുമുണ്ട് സംഗതി കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണെങ്കിലും മനസ്സുകൊണ്ട് തമ്പി മാഷ് ഒരു വൈറ്റ് ബെൽറ്റു കാരനാണ്

ഒരു പ്രാവശ്യം കവലയിൽ വെച്ച് വിറകു വെട്ടുകാരൻ ലോനപ്പനുമായി  തമ്പി മാഷ് കോർക്കുകയും ലോനപ്പൻ മുണ്ടും വളച്ചു കുത്തി വന്നതോടെ തമ്പി മാഷേ കാണാതാവുകയും ആയിരുന്നു   

വാസു മാസ്റ്റർ  തമ്പി മാഷുടെ തലയിൽ ഇഷ്ടിക വെച്ചു എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്  

ലൈറ്റുകൾ ഒന്നുകൂടി ഇരുണ്ടു അതാ ഓങ്ങിപ്പിടിച്ച ചുറ്റികയുമായി വാസു ചാടി ചാടി വരുന്നു ഒരു നിമിഷം വാസുവിന്റെ കൈയ്യിലുള്ള ചുറ്റിക ഉയർന്നു താണു നാട് നടുങ്ങുമാറ്‌ ഒരലർച്ച 

കരാട്ടെ ശബ്ധമാണ് ഒരുനിമിഷം ലൈറ്റുകൾ തെളിഞ്ഞു 

തമ്പി മാഷ് താഴെ വീണു കിടപ്പുണ്ട് ഇഷ്ടിക കാണാനില്ല തമ്പി മാഷുടെ തല മുഴുവൻ ചുവന്ന പെയിന്റ് ഇഷ്ടിക പൊടി ആയിരിക്കുമെന്നാ എല്ലാവരും കരുതിയത് ചുറ്റിക തമ്പി മാഷുടെ അടുത്ത് കിടപ്പുണ്ട് 

വാസുവിനെ കാണാനില്ല ,നീണ്ട കരഘോഷം പത്തു മിനിറ്റ് കഴിഞ്ഞിട്ടും  തമ്പി മാഷ് എണീക്കുന്നില്ല 

എല്ലാവരും വിളിച്ചു നോക്കി എന്നിട്ടും തമ്പി മാഷ് എണീക്കുന്നില്ല   

പാവം ബോധം കെട്ട് കിടക്കാ ചുവന്ന കളർ ഇഷ്ടിക പൊടി ആയിരുന്നില്ല തമ്പി മാഷുടെ തല തല്ലിപ്പൊട്ടിച്ച രക്തമായിരുന്നു അത് 

ഇഷ്ടിക ഞാനിതാ അങ്ങിനെത്തന്നെയുണ്ടെന്നും പറഞ്ഞ് അവിടെ കിടപ്പുണ്ട് ഇഷ്ടികക്കു പകരം തമ്പി മാഷുടെ തലയാ വാസു തല്ലിപ്പൊട്ടിച്ചത്  

എല്ലാവരും ചേർന്ന് ഒരുവിധത്തിലാ തമ്പി മാഷേ ആശുപത്രിയിലോട്ട് വാരിക്കൊണ്ട് പോയത് തക്ക സമയത്ത് വന്ന കാരണം ജീവൻ രക്ഷിക്കാൻ പറ്റിയെന്നാ ഡോക്ടർ പറഞ്ഞത് ഒരു മാസത്തേക്ക് വാസുവിനെ കാണാനില്ലായിരുന്നു വാസുവിന്റെ വിചാരം തമ്പി മാഷ് തട്ടിപ്പോയെന്നാ അതാ സ്റ്റേജിന്ന് അങ്ങനെത്തന്നെ മുങ്ങിയത് 

എന്നാലും മാഷേ എന്തിനാ എന്നെ കൊല്ലാൻ നോക്കിയതെന്നും പറഞ്ഞ് വാസുവിനെ കണ്ടപ്പോ തമ്പി മാഷ് കെട്ടിപ്പിടിച്ചു കരഞ്ഞു 

തമ്പി ആടിയ കാരണമാ ഇഷ്ടിക പൊട്ടാതിരുന്നെന്നാ  വാസു മാസ്റ്റർ പറഞ്ഞു നടക്കുന്നത് 

അടുത്ത പഞ്ചായത്ത് മേളക്ക് തമ്പിയുടെ തലയിൽ ആപ്പിൾ വെച്ച് വാളു കൊണ്ട്  വെട്ടിപ്പൊട്ടിക്കുമെന്നാ  വാസു പറയുന്നത്  അത് കേട്ടതോടെ തമ്പി മാഷ് ബോംബെയിലുള്ള  അകന്ന ബന്ധുവിന്റെ വീട്ടിലേക്ക് അന്നു തന്നെ  പോയി അവിടെയിപ്പോൾ ഇളനീർ വിറ്റ് ജീവിക്കാണെന്നാ കേട്ടത് ജീവനല്ലേ വലുതെന്നാ ആ പാവം പറയുന്നത് 



0 അഭിപ്രായങ്ങള്‍