രജനി തിരോധാനം ഉണ്ടാക്കിയ കോളിളക്കത്തിനു  ശേഷം കുറേനാളത്തേക്ക് ഞങ്ങളുടെ ഗ്രാമം നിശബ്ദമായിരുന്നു. പോലീസ് സ്റ്റേഷൻ ഉറങ്ങിയതു പോൽ, നാട്ടുകാർക്ക് പറഞ്ഞു നടക്കാൻ പുതിയതായി ഒന്നുമില്ല. 

എന്നങ്ങനെ തീർത്തും ഇല്ലെന്ന് പറഞ്ഞുകൂടാ അവറാൻ ചേട്ടനും, പ്രേക്ഷിതൻ സുകുവും, മറ്റുള്ളവരും കാണിക്കുന്ന ചില മണ്ടത്തരങ്ങളൊഴിച്ചാൽ  മറ്റൊന്നുമില്ല എന്നുള്ളതായിരുന്നു സത്യം . എന്നിരുന്നാലും  ആ മണ്ടത്തരങ്ങളൊന്നും തന്നെ ഒരു ഓളമുണ്ടാക്കുവാൻ പര്യാപ്തവുമായിരുന്നില്ല.

ഒരു ചായ കുടിക്കുന്ന സമയം കൊണ്ടു തന്നെ ഇവയെല്ലാം  പറഞ്ഞു  തീരുന്നുവെന്നും വേണമെങ്കിൽ ഇത്തരം സംഭവങ്ങളെ വിലയിരുത്താം. 

വാർത്തകളുടേയും , പ്രശ്‍നങ്ങളുടെ  മറ്റൊരു സ്രോതസ്സായ വറീതിന്റെ കള്ളു ഷാപ്പും ഇക്കാലയളവിൽ  നിശബ്ധമായിരുന്നു. അവിടേയും, ആശയ ദാരിദ്ര്യമോ? സംഭവ ദാരിദ്ര്യമോ? പ്രശ്ന ദാരിദ്ര്യമോ? ഒക്കെ  വലയം ചെയ്തിരുന്നു. ഇതിൽ വറീതിന്റെതെന്ന പോൽ ഏവരും  നിരാശരുമായിരുന്നു.  ആളുകൾക്ക് പറഞ്ഞിരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കച്ചോടം കൂടുതൽ  നടക്കുകയുള്ളുവെന്ന് വറീതിനും , പറഞ്ഞിരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ  കുടിച്ചിരിക്കുവാൻ  ഹരമുണ്ടാവുകയുള്ളൂണെന്ന് നാട്ടുകാരും കരുതിയിരുന്നു .  

ആളുകൾ  വരുന്നു, കുടിക്കുന്നു, പോകുന്നു, അവരെ പിടിച്ചിരുത്തുവാൻ മാത്രമുള്ള കഥകൾ , ക്ഷമിക്കണം സംഭവങ്ങൾ ഒന്നും തന്നെ  ഗ്രാമത്തിൽ പുതിയതായി  ഉണ്ടാകുന്നുമില്ല.  

അതോടൊപ്പം  പുതിയ റൗഡികളുടെ വരവും വല്ലാതെ കുറഞ്ഞിരിക്കുന്നു. അല്ലെങ്കിൽ ഭൂമി മലയാളത്തിൽ ഉരുവാകുന്ന എല്ലാ റൗഡികളും ആദ്യമെത്തുന്നത് ഞങ്ങളുടെ ഗ്രാമത്തിലേക്കും, അവർ ആദ്യം തല്ലുന്നത്  അവറാൻ ചേട്ടനേയുമായിരിക്കും. 

ഇടിയന്റെ പോലീസ്  സ്റ്റേഷനും ആകെ നിർജ്ജീവമായിരുന്നു . ആരെയും ഇടിക്കാൻ കിട്ടാത്ത കാരണം, ഇടിയൻ ഇടക്കിടക്ക് അന്തരീക്ഷത്തിലിട്ട് വെറുതേ ഇടിച്ചു. 

സെല്ലിൽ കള്ളന്റെ മണം കിട്ടിയിട്ട് നാളുകൾ  ഏറെയായി.  ഇപ്പോൾ ഇടിയനാണ്  ഉച്ചയുറക്കത്തിനായി അതിനകത്തേക്ക് കയറുന്നത് .  ഷർട്ടെല്ലാം ഊരിമാറ്റി  ഒരു ട്രൗസർ മാത്രമിട്ടാണ് ഇടിയന്റെയാ ഉച്ചയുറക്കം .

  അങ്ങിനെയുള്ള ഒരു ഉച്ചയുറക്കത്തിനിടയിലാണ്  അപ്രതീക്ഷിതമായി ഡി ജി പി സ്റ്റേഷനിലേക്ക് കേറി വന്നതും .

ഡി ജി പി യെ കണ്ട് ഇടിയൻ ചാടിയെഴുന്നേറ്റു. 

എവിടെ ജോണെന്നുള്ള ഡി ജി പി യുടെ ചോദ്യത്തിന് റൈറ്റർ തോമാസേട്ടൻ കൈ ചൂണ്ടിക്കാണിക്കാൻ നിന്നുവെങ്കിലും.  ഇടിയൻ കണ്ണു കാണിച്ചതോടെ തോമാസേട്ടൻ ആ കൈവിരലുകൾ പുറത്തേക്ക് ചൂണ്ടി. 

ട്രൗസറിട്ട് ലോക്കപ്പിൽ  കിടന്നുറങ്ങുന്നത്  ഡി ജി പിയറിഞ്ഞാൽ  അപ്പൊത്തന്നെ സസ്‌പെൻഷൻ കിട്ടുമെന്ന് ഇടിയന് ബോധ്യമുണ്ടായിരുന്നു. 

ഇവൻ നമ്മുടെ ജോണിയെപ്പോലെയുണ്ടല്ലോയെന്നായിരുന്നു  ലോക്കപ്പിൽ കിടന്ന ഇടിയനെ ചൂണ്ടി ഡി ജി പി ചോദിച്ചത്. 

എന്താ കാര്യം തോമാസേ? 

കട്ടതാ സാറേ , ഡി ജി പി യുടെ ചോദ്യത്തിന് പെട്ടെന്ന് വായിൽ വന്ന ഒരു ആശയം  തോമാസേട്ടനാ പറഞ്ഞത്. ആ പറഞ്ഞതിന് ശേഷം തോമാസേട്ടൻ, ഇടിയനെ നോക്കി. തന്റെ അവസര ബുദ്ധിയിൽ തോമാസേട്ടന് അതിയായ അഭിമാനം തോന്നി. 

തന്നെ ഒരു കള്ളനാക്കി മാറ്റി ചെറുതാക്കിയതിൽ ഇടിയന് ചൊറിഞ്ഞു വന്നെങ്കിലും ഡി ജി പി ഉള്ളതുകൊണ്ട് മാത്രമാ  ക്ഷമിച്ചത് . 

താനാ ലോക്കപ്പൊന്ന്  തുറന്നെ ഞാനവനെ ശരിക്കൊന്ന് കാണട്ടെ. 

സത്യത്തിൽ ഡി ജി പി ക്ക് കള്ളന്മാരെ ഇടിക്കാൻ കൊതിയായിരുന്നു. കള്ളന്മാരെ മാത്രമല്ല എല്ലാവരേയും ഇടിക്കാൻ കൊതിയായിരുന്നു. ഒരു പ്രാവശ്യം സ്വപ്നത്തിൽ കള്ളനെ ഇടിക്കുന്നതായി കണ്ട ഡി ജി പി ശരിക്കും താങ്ങിയത് തൊട്ടപ്പുറത്ത് കിടന്നുറങ്ങുകയായിരുന്നു ഭാര്യക്കിട്ടായിരുന്നു. ഭാര്യയും അതോടെ  തിരിച്ചു താങ്ങി .  

ഇരുന്ന സ്റ്റേഷനുകളിലെല്ലാം   ഇടിച്ച് വിറപ്പിച്ചു വന്ന  വ്യക്തിയായിരുന്നു ഡി ജി പി.  ഈ ഡി ജി പിയെ കണ്ടാണ് ഇടിയന് ഇടിക്കാനുള്ള ആശ കൂടുതലായി വന്നതും ഒരു ഇടിയനായി മാറിയതും . 

എന്നാൽ  ഡി ജി പി ആയതിനു ശേഷം കള്ളന്മാരെ വേണ്ടത്രെ ഇടിക്കാൻ  കിട്ടാറില്ല.  ആ  ആശ തീർക്കുവാൻ വേണ്ടി കൂടിയായിരുന്നു  ഡി ജി പി അകത്തേക്കു കയറിയത്. 

ഡി ജി പി ക്ക്, തന്നെ  മനസ്സിലാകാതിരിക്കാൻ  ഇടിയൻ ചട്ടുകാൽ  ഉള്ളതു പോലെ അഭിനയിക്കുകയും , മുഖം വക്രിച്ചു പിടിക്കുകയും ചെയ്തു .  ഇടിയന്റെ ആ   ന്യാചുറൽ അഭിനയം കണ്ട് തോമാസേട്ടന്റെ കണ്ണു മിഴിഞ്ഞു.

ഈ വളഞ്ഞ കാലും കൊണ്ടാണോ ഇവൻ കക്കാൻ പോകുന്നതെന്നും ചോദിച്ച് ഡി ജി പി ലാത്തിവെച്ച് ഇടിയന്റെ വയറിനു  കുത്തി, ആ കുത്തുകൊണ്ട്  ഇടിയന്റെ കണ്ണുകളിൽ  നിന്നും  ഈച്ചകൾ തുരുതുരാ പറന്നു പോയി.   

ഡി ജി പി തന്റെ  ആശ തീരുന്നത് വരെ ഇടിയനെയിട്ട് ഇടിച്ചു, ആ  പാവം വേദന മുഴുവൻ കടിച്ചമർത്തി നിശബ്ദനായി നിന്നു . 

കണ്ണുകൾ കരയുവാനായി വെമ്പിയെങ്കിലും ഇടിയൻ അടക്കി. മറ്റുള്ളവർ കണ്ടാൽ മോശമല്ലേ?.

 പക്ഷേ, ഇടിയന്റെ  ഉള്ളിൽ മറ്റൊരു ഇടിയൻ വാവിട്ടു കരയുന്നത് തോമാസേട്ടനു കാണാമായിരുന്നു. അത് കണ്ട് തോമാസേട്ടൻ ഉള്ളുറഞ്ഞൂ ചിരിച്ചു. 

ആ ചിരിയുടെ പ്രതിഫലനങ്ങൾ തോമാസേട്ടന്റെ മുഖത്ത് മിന്നിമറഞ്ഞെങ്കിലും ഇടിയനത്  അറിയാതിരിക്കാൻ തോമാസേട്ടൻ മുഖത്ത് വിഷാദം വരുത്തി പക്ഷെ ഇടിയനതു  മനസ്സിലായി. 

നിന്നെ ഞാൻ എടുത്തോളാമെടാ മാക്രിയെന്നാ  ഇടിയൻ മനസ്സിൽ പറഞ്ഞത് . 

വളരെക്കാലത്തിനു ശേഷം അന്ന് ഡി ജി പി നന്നായി തന്റെ  കൈത്തരിപ്പ് തീർത്തു.  എന്നിട്ടും ആൾക്ക് മതിയായില്ല  ഞാൻ നാളേം വരാമെന്നും പറഞ്ഞായിരുന്നു ഡി ജി പിയന്ന്  തിരിയെ പോയത്. 

ആ സംഭവത്തോടെ  ലോക്കപ്പിൽ കിടന്നുള്ള തന്റെ  ഉച്ചയുറക്കം ഇടിയൻ നിറുത്തുകയും ചെയ്തു . 

ഇനി ഡി ജി പി വരുമ്പോൾ , ലോക്കപ്പ് കാലിയായി കിടക്കേണ്ടന്നു കരുതിയാ ഇടിയൻ പോയി  കള്ളൻ ദാമുവിനെ പൊക്കാനായി പോയത് . 

ഞങ്ങളുടെ ഗ്രാമത്തിലെ ആസ്ഥാന കള്ളനാണ് ദാമു. ഓട്ടു പാത്രങ്ങൾ , തേങ്ങാ മാങ്ങാ എന്നിങ്ങനെയുള്ള സാധനങ്ങളാണ് ദാമുവിന്റെ സ്‌പെഷൽ എന്നു വേണമെങ്കിൽ പറയാം വലുതെന്തെങ്കിലും കിട്ടിയാൽ തന്നെ ദാമു അതെടുക്കാറില്ല കൈ വിറക്കൂന്നാ പറയാ. 

ഒരു പ്രാവശ്യം വഴിയിൽ നിന്ന് കിണ്ടി  കളഞ്ഞു കിട്ടിയ ദാമു അത് സ്റ്റേഷനിൽ കൊണ്ടു പോയി  കൊടുത്ത് ഉത്തമമായ മാതൃക കാണിച്ചു. മറ്റൊരു  പ്രാവശ്യം തേങ്ങാ കാക്കാൻ പോയ വീടിന്റെ ഉമ്മറത്ത് അഞ്ഞൂറിന്റെ ഒരു നോട്ടു കണ്ട് ദാമു തലചുറ്റി വീണു.  

ഏതായാലൂം ഇടിയൻ ജീപ്പ് കൊണ്ട് ചെല്ലുമ്പോൾ ദാമു കാപ്പി കുടിച്ചു കൊണ്ട് ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു. പാവം ദാമു അന്ന് രാവിലെയായിരുന്നു  ഏഴു ദിവസത്തെ ധ്യാനം കൂടി നല്ലവനായി തിരിയെ  വന്നത്.  

ഇനി ഞാൻ തേങ്ങായും മാങ്ങായുമൊന്നും മോഷ്ട്ടിക്കത്തില്ലായെന്നും പറഞ്ഞ് അച്ചന്റെ തലയിൽ സത്യം ചെയ്തിട്ടാ വന്നത്.

അച്ചനാണെങ്കിൽ ഏതാണ്ട് സ്വർണ്ണം മോഷ്ടിച്ചവർക്കുള്ള  ഉപദേശമാ ദാമുവിന് കൊടുത്തത്. നിന്നെ നരകത്തിലിട്ടു വലിക്കും, പടയാളികൾ കുന്തം കൊണ്ട് കുത്തും, തീയിലിട്ട് കൊളുത്തും ഇതെല്ലാം കേട്ട് പാവം ദാമു വിറച്ചു. ചത്തുകഴിഞ്ഞിട്ടും ഇത്രയൊക്കെ ചെയ്യുമോ എന്നോർത്ത് ആ പാവം അതുവരേക്കും കട്ട മാങ്ങക്കും തേങ്ങക്കും മൂന്നു ദിവസം പട്ടിണി കിടന്ന് മാപ്പ് അപേക്ഷിച്ചു.  

ഇടിയൻ എന്തിനാണ് തന്നെ കാണാൻ വന്നതെന്ന് എത്ര ആലോചിച്ചിട്ടും  ദാമുവിന് മനസ്സിലായില്ല. സാധാരണ ഇടിക്കാൻ മാത്രമേ ഇടിയൻ വരത്തുള്ളൂ പക്ഷേ ധ്യാനം കഴിഞ്ഞു വന്ന തന്നെ ഇടിക്കണ്ട ആവശ്യം ഇടിയനില്ല. ഇനി ധ്യാനത്തിന് പോകുന്നതും ഇടിയന്റെ കണക്കിൽ ഒരു ഇടി കൊടുക്കേണ്ട കുറ്റമാണോയെന്നായിരുന്നു ദാമുവിന് സംശയം തോന്നിയത് ?. 

മനസ്സിൽ  സംശയങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ദാമു  ചോദിക്കാൻ നിന്നില്ല. ഇനി അതിനും ചിലപ്പോൾ ഇടിയൻ ഇടിച്ചാലോ എന്നുള്ള പേടിയും ദാമുവിന് ഉണ്ടായിരുന്നു.

ഏതായാലൂം ദാമു ധ്യാനം കൂടി എന്നറിഞ്ഞതോടെ വെറുതേ ഒന്ന് വിരട്ടിക്കൊണ്ട് ഇടിയൻ പോയി.  കർത്താവ് ക്ഷമിച്ച ആളെ താൻ പോയി ഇടിച്ചാ കർത്താവിനതിൽ  നീരസം ഉണ്ടാകുമോയെന്നുള്ള ഭയവും ഇടിയനുണ്ടായിരുന്നു.  

അങ്ങനെ,  സംഭവബഹുലമല്ലാത്ത ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഈ സമയത്താണ് പാക്കരൻ ചേട്ടന്റെ ചായക്കടയിൽ പണിക്കായി ഒരു ബംഗാളിയെ വെച്ചത്, മണ്ഡൽ. 

കുറെ നാളായി പാക്കരൻ ചേട്ടൻ ഒരാളെ തപ്പി നടക്കുകയായിരുന്നു.  അവസാനം മെമ്പറ് സുകേശനാണ് മണ്ഡലിനെ കൊണ്ട് വന്ന് കൊടുത്തത്. വന്ന അന്നേ പുട്ടും, കടലക്കറിയും കൂട്ടിയുള്ള മണ്ഡലിന്റെ വെട്ട് കണ്ടതോടെ  പാക്കരൻ ചേട്ടന്റെ ഇടനെഞ്ച് പിടഞ്ഞു. ഇവന് മാത്രമായി താനീ ചായക്കട നടത്തേണ്ടി വരുമോന്നായിരുന്നു  പാക്കരൻ ചേട്ടൻ സംശയിച്ചത് ?. 

ദോഷം പറയരുതല്ലോ എല്ലുമുറിയേ പണിയെടുക്കും, പല്ലുമുറിയേ തിന്നും ഇതാണ് മണ്ഡലിന്റെ പോളസി. ഇതിൽ രണ്ടാമത്തെ പോളസി മാത്രം പാക്കരൻ ചേട്ടനും, ഭാര്യ അന്നമ്മ ചേടത്തിക്കും തീരെ ഇഷ്ടപ്പെട്ടില്ല. 

മണ്ഡൽ വന്നതോടു കൂടി  റോമുവിന് കൊടുക്കുന്ന ശാപ്പാടിൽ അന്നമ്മ ചേടത്തി കുറവു വരുത്തി. അത് കാരണം റോമുവിന്, മണ്ഡലിനെ തീരെ  ഇഷ്ട്ടമായിരുന്നില്ല. അവൻ അടുത്തേക്ക് വരുമ്പോഴെല്ലാം റോമു കുരച്ചു കൊണ്ട് തന്റെ പ്രതിഷേധം രേഖപെടുത്തിക്കൊണ്ടിരുന്നു. 

മണ്ഡൽ വന്ന കാരണം ഭക്ഷണത്തിന്റെ അളവ് കുറച്ച്.., കുറച്ച് തന്നെ പുറത്താക്കുമോയെന്നായിരുന്നു  റോമുവിന്റെ പേടി. ആ വെപ്രാളം അവന്റെ  മുഖത്ത് എപ്പോഴും കാണാമായിരുന്നു . മണികണ്ഠൻ പൂച്ചക്കാണെങ്കിൽ  ഇത് കാണുമ്പോ ആകെ സഹതാപം . 

പാവം വ്യസനിച്ച് വ്യസനിച്ച് ചത്തുപോകുമെന്നാ തോന്നുന്നത്. കഷ്ടം ഇവനിത്ര പേടിത്തൊണ്ടനായിപ്പോയല്ലോയെന്നാ മണികണ്ഠൻ ചിന്തിച്ചത് ?.

 മണികണ്ഠൻ, തന്നെ  ശ്രദ്ധിക്കുണൂന്ന് മനസ്സിലായതോടെ  റോമു മുഖത്തൊരു പ്രസന്ന ഭാവം വരുത്തുവാൻ ശ്രമിച്ചുവെങ്കിലും  ഉള്ളിൽ വിഷമം അധികരിച്ചു നിൽക്കുന്ന കാരണം പ്രസന്ന ഭാവം പുറത്തേക്ക്  വരുന്നില്ല. 

റോമുവിന്റെയാ  ഭാവമാറ്റം കാണുമ്പോ മണികണ്ഠന് ചിരിയാണ് വരുന്നത്. 

ഇവനൊരു പൊട്ടനാണല്ലോ ?. 

മണ്ഡലിന്റെയടുത്ത് സംസാരിക്കാനറിയാതെ   പാക്കരൻ ചേട്ടൻ നിന്നരുകി. മലയാളമല്ലാതെ ഒരു ഭാഷയും പാക്കരൻ ചേട്ടനറിയില്ല ഹിന്ദിയല്ലാതെ ഒരു ഭാഷയും മണ്ഡലിനും അറിയത്തില്ല.  

ഒരു പ്രാവശ്യം ചായ കുടിക്കാൻ വന്ന കള്ളൻ ദാമുവിനെ കണ്ട് ചോർ ചോർ ന്ന് മണ്ഡൽ വിളിച്ചു കൂവിയത് കേട്ട് പാക്കരൻ ചേട്ടന് അരിശം വന്നു.

 ഇപ്പൊ തന്നെയല്ലേ ഇവൻ മൂന്നുകുറ്റി പുട്ടും രണ്ട്  നേന്ത്രപ്പഴവും കൂട്ടി  വെട്ടി വിഴുങ്ങിയത് അതിനുള്ളിൽ ചോറുണ്ണാറായോ എന്നും ചോദിച്ച് പാക്കരൻ ചേട്ടൻ ഒറ്റ പൂശായിരുന്നു.  പാവം മണ്ഡലിന്റെ കണ്ണീന്ന് ബംഗാളി കണ്ണുനീർ കുടു കൂടാ ഒഴുകി. 

ഗൾഫ് കാരൻ ഭാസ്ക്കരേട്ടനാ, പാക്കരൻ ചേട്ടന് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തത് ചോർ എന്നു പറഞ്ഞാ കള്ളനാന്ന് .  

ചോറിന് ഇങ്ങനെയും ഒരു അർത്ഥമുണ്ടോയെന്നാ പാക്കരൻ ചേട്ടൻ അത്ഭുതപ്പെട്ടത് അപ്പൊ കൂട്ടാന്,  എന്ന് ചോദിക്കാൻ വന്നെങ്കിലും ചോദിച്ചില്ല. 

മണ്ഡൽ കരയുന്നത് കണ്ട് പാക്കരൻ ചേട്ടന്റെ കണ്ണീന്നും വെള്ളം വന്നു പാക്കരൻ ചേട്ടൻ ഒരു പരിപ്പു വടയെടുത്ത് മണ്ഡലിനു കൊടുത്തു. കണ്ണു നീരിനിടയിലും മണ്ഡലത് കടിച്ചുമുറിച്ചു തിന്നു. 

തനിക്ക് ഇങ്ങനെയും ഒരു പേരുണ്ടോയെന്ന് ആലോചിച്ച് ദാമുവിനും വല്യ അത്ഭുതം. ചോർ എന്നുള്ളത് ഏതോ സ്ഥാനപ്പേര് പോലെയാ ദാമുവിന് തോന്നിയത്. 

ഭാസ്ക്കരേട്ടൻ ഗൾഫീന്ന് വന്നെന്നറിഞ്ഞ് ഞാൻ കുറേ നേരം ഭാസ്ക്കരേട്ടന്റെ വീടിന്റെ മുന്നീക്കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു .  എല്ലാ പ്രാവശ്യവും ഭാസ്ക്കരേട്ടൻ എനിക്ക് എന്തെങ്കിലുമൊക്കെ തരാറുണ്ട്. ഇനി എന്നെ കാണാതെ അത് മിസ്സാവാരുതല്ലോ എന്ന് കരുതിയിട്ടാ ഞാൻ കിടന്ന്  ഉലാത്തിക്കൊണ്ടിരുന്നത്.  

എന്റെ കഷ്ട്ടകാലമാണോ അതോ ഭാസ്ക്കരേട്ടന്റെ നല്ല കാലമാണോ എന്നെനിക്കറിയില്ല ഞാനെത്ര പ്രാവശ്യം തേരാപ്പാരാ നടന്നിട്ടും എനിക്ക് ഭാസ്ക്കരേട്ടനെ കാണാൻ പറ്റിയില്ല. 

എന്റെ ക്ലാസ് മേറ്റ് ശിവനും ഇതുപോലെ പോയിരുന്നു. അവന് ഒരു ഷർട്ട് പീസ് കൊടുത്തെന്നാ കേട്ടത് ഞാൻ ശിവന്റെ അടുത്ത് പോയി ചോദിച്ചതായിരുന്നു  നമുക്ക് ഭാസ്ക്കരേട്ടന്റെ വീട്ടിലേക്കൊന്ന്  പോയാലോന്ന്?. 

നമ്മൾ എല്ലാ പ്രാവശ്യവും ഇങ്ങനെ പോണത് മോശമാണെന്നാ അവൻ എന്നോട് പറഞ്ഞത്. അതും പറഞ്ഞ് ഞാൻ അറിയാതെയാണ് അവൻ പോയി ഷർട്ട് പീസ് കൈക്കലാക്കിയത്.  ഞാൻ നാലഞ്ചു പ്രാവശ്യം നടന്നിട്ടും കാണാത്ത കാരണാ ശിവനെ കൂട്ടു പിടിക്കാമെന്നു വെച്ചത്. ഏതായാലും, ഒടുവിൽ  ഭാസ്ക്കരേട്ടന്റെ വീട്ടിലേക്ക് ഇടിച്ചു കേറാൻ തന്നെ ഞാൻ തീരുമാനിച്ചു. 

എന്തു പറഞ്ഞ് കേറിച്ചെല്ലും? കേറിചെന്നിട്ട് പെട്ടെന്ന് വീടു മാറിയതാണെന്ന് പറഞ്ഞാലോ വേണ്ടാ സ്വന്തം അയൽപക്കത്തുള്ള വീട് എങ്ങിന്യാ മാറാ?. 

പാല് കൊണ്ട് കൊടുത്താലോ ?. 

അതിന് ഭാസ്ക്കരേട്ടന്റെ ഭാര്യ ശാരദേടത്തിക്ക് പാല് അലർജിയാ. അത് കാരണം വാങ്ങത്തില്ല ചിലപ്പോ എന്തെങ്കിലും തരാൻ വെച്ചിരുന്നത് അതുകൊണ്ട് തന്നെ ഇല്ലാതാവും. 

പിന്നെ അവിടെയൊരു  പോത്തൻ നായ ഉണ്ട് ഡിങ്കു , ഡോബർ മാനാണ് അവനാദ്യം പാല് വാങ്ങിയിരുന്നതാ. പാലു കുടിച്ചാ അപ്പൊ ഡിങ്കുന് ഉറക്കം വരും അങ്ങനെ  പാലു കുടിച്ച് ഉറങ്ങിയ ഒരു  ദിവസം ഭാസ്‍കരേട്ടന്റെ വീട്ടിൽ കള്ളൻ കയറി. സംഗതി ശാരദേടത്തിയുടെ കരച്ചില് കേട്ടാ ഡിങ്കു കണ്ണു തുറന്നത് എന്താ സംഭവമെന്ന് അവന് മനസ്സിലായില്ല. ആൾക്കാര് വരുന്നു, പോകുന്നു ഭാസ്ക്കരേട്ടൻ വെടിച്ചില്ലു പോലെ പുറത്തോട്ടും അകത്തോട്ടും പായുന്നു ഇടക്കിടക്ക് ഡിങ്കുവിനെ ചൂണ്ടി എന്തോ പറയുന്നുമുണ്ട് . 

ഇതിന്റെ എടേലാ ശാരദേടത്തി നെഞ്ചത്തടിച്ചു നിലവിളിച്ചോണ്ട് വന്ന് ഒരു പത്തലെടുത്ത് കള്ള നായേയെന്നും പറഞ്ഞോണ്ട് ഡിങ്കുവിന്റെ ചന്തിമേ ഒരു പൊതുക്ക്  പൊതുക്കിയത്. ഡിങ്കു അത് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തതായിരുന്നു. വീട്ടിലെ ബഹളം കേട്ടപ്പോ പുറത്തേക്കിറങ്ങി വന്നതാ ആ അടി കിട്ടിയ ശേഷം ഡിങ്കു ഒരാഴ്ചയോളം നിന്നാ ഉറങ്ങിയത് അപ്പോഴും അവന് കാര്യം മനസ്സിലായിരുന്നില്ല എന്തിനാ തന്നെ തല്ലിയതെന്ന്.  

ഇടിയൻ ജോണിയുടെ ജീപ്പ് വന്നപ്പോഴാ ഡിങ്കുവിന് കാര്യം മനസ്സിലായത്.

 ഈ കിഴങ്ങൻ ഇവിടെ ഉണ്ടായിട്ടാണോ കള്ളൻ കേറീത് ? ആ അഭിസംഭോധന കേട്ട് ഡിങ്കു ഞെട്ടി.

അല്ല ഇവൻ ഡോബർ മാൻ തന്നെയല്ലേ ? ആ ചോദ്യം ശരങ്ങളായാണ് ഡിങ്കുവിന്റെ ഹൃദയത്തിൽ തറച്ചത്. അവന്റെ ആത്മാഭിമാനം മുറിവേറ്റു സ്വന്തം പാരമ്പര്യത്തെ ഒന്നടങ്കമാണ് ഇടിയൻ കിഴങ്ങനെന്നു വിളിച്ചു അപമാനിച്ചത്  അതിനു കാരണക്കാരൻ താനും. 

ആ പ്രതിഷേധം കാരണം ഡിങ്കു രണ്ടു ദിവസം പിണങ്ങി നടന്നു. അവന്റെ വിചാരം പിണങ്ങി നടന്നാ ഭാസ്ക്കരേട്ടൻ വന്ന് ആശ്വസിപ്പിക്കുന്നാ. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. പക്ഷേ ഇപ്രാവശ്യം ഒന്നുമുണ്ടായില്ല  പത്തു പവനാ അന്ന് ഭാസ്ക്കരേട്ടന്റെ വീട്ടീന്ന് കള്ളൻ അടിച്ചെടുത്തോണ്ട്  പോയത് .

ഈ പരട്ടു  നായയെ കൊണ്ടുപോയി കളഞ്ഞാലോ? എന്നുള്ള  ഭാസ്ക്കരേട്ടന്റെ ചോദ്യം കേട്ട്  ഡിങ്കു ഞെട്ടി. അതോടെ അവൻ പിണക്കം മാറ്റി ഭാസ്ക്കരേട്ടന്റെ കാലിൽ പോയി നക്കി. 

ഏതായാലും അന്നത്തോടെ പാല് എന്ന പരിപാടി മാത്രമല്ല സ്‌പെഷൽ ആയിട്ട് കിട്ടിയിരുന്ന പലതും ഡിങ്കുവിന് കട്ടു ചെയ്തു. ഏതായാലും പുറത്താക്കിയില്ലല്ലോ എന്നുള്ളതായിരുന്നു  ഡിങ്കുവിന്റെ ആശ്വാസം. 

ഏതായാലും പാല് ഭാസ്ക്കരേട്ടനെന്നും പറഞ്ഞ് കൊണ്ട് പോയി കൊടുക്കാം.

 പക്ഷേ അമ്മയോടെന്തു  പറയും?.  

അങ്ങനെ പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് തന്ന പാലിൽ നിന്നും  ഞാനൊരു കുപ്പി മാറ്റി അത് ഭാസ്ക്കരേട്ടന് കൊണ്ട് പോയി കൊടുക്കാമെന്നു വെച്ചു . പാക്കരൻ ചേട്ടനോട് ഇന്ന് പശു ചരുത്തിയില്ലെന്ന് കള്ളം പറഞ്ഞു.

 പശു ചുരത്തുന്നതും നോക്കി കച്ചോടം നടത്താൻ പറ്റോ മോനേ ? ഇനിയിത് ആവർത്തിക്കരുത്. 

താനിത്  പോയി പശുവിനോട് പറയെടോന്നാ ഞാൻ  പറഞ്ഞത്, പക്ഷെ അത് മനസ്സിലാണെന്ന് മാത്രം. ഞാൻ പാല് കൊണ്ട് കൊടുക്കുമ്പോഴൊക്കെ എനിക്ക് ഫ്രീ ആയി പരിപ്പുവട തരാറുള്ളതാ വെറുതേ  എന്തിനാ അത് കളയുന്നേ?. 

ശാരദേടത്തിയായിരുന്നു  വാതിൽ തുറന്നത്. 

എന്താ മോനേ?. 

ഭാസ്ക്കരേട്ടന് കുറച്ച് പാല് കൊണ്ട് വന്നതാ ചേടത്തി.

എന്റെ മോനേ  അങ്ങേര് ഈ ഭൂമിയിലോട്ട് വന്ന് അമ്പത്, അമ്പത്തച്ച്  വർഷത്തോളമായി. 

എന്തിനാ ശാരദേടത്തി അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ അവരകത്ത് പോയി ഭാസ്ക്കരേട്ടനോട് പറയണത് ഞാൻ കേട്ടു. 

ആ ചെക്കൻ വന്നിട്ടുണ്ട് എന്തെങ്കിലും കൊടുക്ക് ആ പാല് വാങ്ങണ്ടാട്ടാ ചെക്കന്റെ തള്ള അറിഞ്ഞു വന്നാ  പിന്നെ ഇരിക്കപ്പൊറുതി തരത്തില്ല. 

ഏതായാലും ഭാസ്ക്കരേട്ടൻ എനിക്കൊരു  ഷർട്ടിന്റെ തുണി തന്നു അതു വാങ്ങി ഞാൻ വീട്ടിപ്പോയി പാല് ഞാൻ ഭാസ്ക്കരേട്ടന് കൊടുത്തെങ്കിലും  വാങ്ങിയില്ല. 

അവസാനം, ഞാനത്  ഡിങ്കുവിന്റെ പാത്രത്തിലൊഴിച്ചു കൊടുത്തു. ആ പാവം എന്നെ നോക്കി കരഞ്ഞു നാളുകൾക്ക് ശേഷാ അതിനു  കുറച്ച് പാല്  കിട്ടണത്. ഇപ്പൊ രണ്ടു നേരോം കട്ടൻ ചായയാ ഡിങ്കുവിന്  കൊടുക്കാറ്. ആദ്യം കുറെ ദിവസം ഡിങ്കു കുടിക്കാണ്ടിരുന്നു തൻറെ പ്രതിഷേധം കാണിച്ചെങ്കിലും  പിന്നെ വേറെ മാർഗ്ഗമില്ലെന്ന് കണ്ടതോടെ കട്ടൻ ചായയെങ്കി കട്ടൻ ചായയെന്നും മനസ്സിൽ പറഞ്ഞ്  കുടിച്ചു തുടങ്ങി. 

ഞാൻ ഒഴിച്ചു കൊടുത്ത പാല് കപ്പോ, കപ്പോ ന്നും പറഞ്ഞാ കുടിച്ചു തീർത്തത്. അത് കഴിഞ്ഞ് ഓടിവന്ന് എന്നെ നക്കോട് നക്ക് സാധാരണ എന്നെ കാണുമ്പോ കുരക്കുന്നോനാ. അതൊക്കെ അവന്റെ പ്രതാപ കാലം. ഇപ്പൊ ആരെന്തു കൊടുത്താലും അവരുടെ അടുത്ത് പോയി വാലാട്ടി നിൽക്കും. 

ആയിടക്കാണ് ഞങ്ങളുടെ ഗ്രാമത്തിൽ പുലിയിറങ്ങിയത്. വീണ്ടും പാക്കരൻ ചേട്ടന്റെ ചായക്കടയും വറീതിന്റെ കള്ളു ഷാപ്പും ചൂടുപിടിച്ചു. 

ആദ്യം ആരാ പുലിയെ കണ്ടതെന്നും പറഞ്ഞ് പ്രേഷിതൻ സുകുവും അവറാൻ ചേട്ടനും തമ്മിൽ  തല്ലു വരെയെത്തി.

സുകു പറഞ്ഞത്,  പ്രേഷിത പ്രവർത്തനം കഴിഞ്ഞു രാത്രി  വരുമ്പോ ക്ലബിന്റെ അടുത്തുള്ള പൊന്തക്കാട്ടിൽ വെച്ച് പുലീടെ മുഖം കണ്ടൂത്രെ. പോ പുലിയെന്ന് പറഞ്ഞപ്പോ പുലി ഒന്നും മിണ്ടാതെ എണീറ്റു പോയെന്നു കൂടി സുകു പറഞ്ഞു വെച്ചു.   

ഇതിൽ ആദ്യ ഭാഗം ശരിയും രണ്ടാം ഭാഗം പൊളിയുമായി ഞങ്ങൾ, നാട്ടുകാർ  വ്യാഖ്യാനിച്ചെടുക്കുകയും ചെയ്തു . 

അവറാൻ  ചേട്ടൻ, വറീതിന്റെ ഷാപ്പീന്ന് വരുന്ന വഴിയാണത്രെ പുലിയെ കണ്ടത്. പേടിച്ചില്ലെന്നാ അവറാൻ ചേട്ടൻ പറയണത് പക്ഷേ പേടിച്ചിട്ട് അവറാൻ ചേട്ടന് പനി വന്നുവെന്നുള്ളതായിരുന്നു  സത്യം. 

അതിനിടയിൽ പുലി വാറ്റുകാരൻ റപ്പായിയുടെ നായ സുഗുണനെ കടിക്കാൻ വന്നൂവെന്നും പാട്ടായി . റപ്പായിയാ എല്ലാവരോടും പറഞ്ഞത്.

 സുഗുണനാണെങ്കി തന്നെ നടക്കുവാൻ പോലും ആവുധില്ലാത്തവനാ. സുഗുണന്റെ പുറകിലെ രണ്ടു കാലുകൾക്കും ചെറിയ വളവുമുണ്ട് അത് കാരണം സുഗുണൻ നടക്കുമ്പോഴും, ഓടുമ്പോഴും സൈഡിലോട്ട് ഒരു വലിവ് വരും. 

അന്ന് പുലി പിടിക്കാൻ വന്നപ്പോ, മനസ്സിലാവാതെ സുഗണൻ, ആദ്യം  കടിക്കാനാ പോയത്. റപ്പായിയാ വിളിച്ചു പറഞ്ഞത് എടാ മോനേ അത് പൂച്ചയല്ല,  പുലിയാടാന്ന്. 

ജീവിതത്തിൽ, പുലിയെ കണ്ടിട്ടില്ലാത്ത സുഗുണൻ അതോടെ  ജീവനും കൊണ്ട് മീൻകാരൻ മമ്മദിന്റ വീട്ടിലേക്ക് ഓടിക്കയറി. സത്യത്തിൽ സുഗുണൻ, റപ്പായിയുടെ വീട്ടിലേക്കായിരുന്നു  ഓടിക്കയറാൻ നോക്കിയത്. പക്ഷേ, കാലുകളുടെ   ഈ വലിവു പ്രിക്രിയ കാരണം എത്തിച്ചേർന്നത് റപ്പായിയുടെ അയൽക്കാരനായ മമ്മദിന്റെ വീട്ടിലും. ഏതായാലും അന്ന്  പുലിയുടെ വായെന്ന് ഒരു വിധത്തിലാ  സുഗുണൻ രക്ഷപ്പെട്ടത് . 

പുലിയെന്ന് കേട്ടതോടെ മമ്മദിന്റെ ഉമ്മറം മുഴുവൻ സുഗുണൻ അപ്പിയിട്ട് നശിപ്പിച്ചു. പേടിച്ചിട്ട് വയറിളകിയാണ് സുഗുണന് പോയത്. അതൊരു പ്രളയത്തേക്കാൾ  ഭയാനകമായിരുന്നു .   

മമ്മദ് അതുമുഴുവൻ  റപ്പായിയെക്കൊണ്ട് വൃത്തിയാക്കിച്ചു.

 ഈ പേടിത്തൂറിയാ പുലിയെ കടിക്കാൻ പോയതെന്നാ റപ്പായി പറഞ്ഞത്.

ആരോ പറഞ്ഞത്  സുഗുണന്റെ പരിതാപകരമായ   അവസ്ഥ കണ്ടിട്ടാ  പുലി ഉപദ്രവിക്കാതെ വിട്ടതെന്നായിരുന്നു. പക്ഷേ, എന്താണെന്ന് സത്യമെന്ന്  ആർക്കും അറിയത്തില്ല , സുഗുണനൊട്ട് പറയാനും പറ്റത്തില്ല. ഏതായാലും അന്നത്തോടെ സുഗുണൻ പുറത്തേക്കിറങ്ങണ പതിവേ നിറുത്തി ഇപ്പൊ ഏതു സമയത്തും കൂട്ടിനുള്ളിൽ മാത്രം. 

ഈ പരട്ടു നായ എന്തിനാ തന്റെ വീട്ടീക്കേറി വേണ്ടാതീനം കാണിച്ചതെന്ന് മമ്മദിനും  മനസ്സിലായില്ല. റപ്പായി പറഞ്ഞിട്ടായിരിക്കുമെന്നാ മമ്മദ് കരുതിയത്. തലേ ദിവസം മീൻ കടം ചോദിച്ചപ്പോൾ മമ്മദ് കൊടുത്തില്ല അതിന്റെ പ്രതികാരമായിട്ടായിരിക്കും റപ്പായി ഇത് നായയെക്കൊണ്ട് ചെയ്യിച്ചത്.

ഇതിനു പകരം റപ്പായിയുടെ വീട്ടിൽ പോയി പകരത്തിനു പകരം ചെയ്താലൊന്ന് വരെ മമ്മദ് ആലോചിച്ചതാ പക്ഷെ നായയില്ല . പിന്നെ ഓർമ്മ വന്നത് തന്റെ മുഖാ . അതോടെ മമ്മദ് തൽക്കാലത്തേക്ക് അത് വേണ്ടെന്നു വെച്ചു . ഇനി ഇങ്ങനെ അവൻ ചെയ്താ പോയി വയറിളക്കത്തിനുള്ള മരുന്നു കഴിക്കണമെന്നും മമ്മദ് മനസ്സിൽ കരുതി .

മമ്മദിന്റെ വീട്ട് വൃത്തിയാക്കാൻ , റപ്പായി ഭാര്യ അമ്മിണിയേടത്തിയെ കൂടി  സഹായത്തിനു വിളിച്ചെങ്കിലും രണ്ടു പേരും കൂടി കോരിയാ മതീന്നാ അമ്മിണിയേടത്തി  പറഞ്ഞത്.   

പുലിയെ ഇങ്ങനെ വിട്ടാൽ ശരിയാകത്തില്ലല്ലോയെന്ന് നാട്ടുകാർക്കും ബോധ്യമായി .

 പുറത്തേക്കിറങ്ങാൻ എല്ലാവർക്കും  പേടി.

വനം വകുപ്പുകാര് വന്ന് കൂട് വെച്ചെങ്കിലും അതിൽ പെട്ടത് പാക്കരൻ ചേട്ടന്റെ വളർത്തു നായ റോമുവായിരുന്നു.  എന്തെങ്കിലും തിന്നാൻ കിട്ടുമൊന്നും കരുതിയായിരുന്നു  റോമു പുലിക്കു വെച്ച കൂട്ടിൽ കയറിയത് .

തോക്കും വടിയുമായി നാട്ടുകാർ മൊത്തം ഓടിവരുന്നതു കണ്ട്  ആ പാവം പേടിച്ച് കൂട്ടിൽ  ബോധം കെട്ടു വീണു. പാക്കരൻ ചേട്ടൻ കരഞ്ഞിട്ടാ റോമുവിനെ എടുത്തോണ്ട് പോയത്. 

എന്റെ മോനേ എന്തു പറ്റിടാ നിനക്കെന്നും ചോദിച്ചായിരുന്നു പാക്കരൻ ചേട്ടൻ കരഞ്ഞത് . 

പാക്കരൻ ചേട്ടൻ റോമുവിനേം ചുമന്നോണ്ട് വരുന്ന കണ്ടപ്പോ റോമു തട്ടിപ്പോയെന്നാ അന്നമ്മ ചേടത്തി കരുതിയത്. ഏതായാലും അത്  നന്നായിയെന്നും പറഞ്ഞ്  അന്നമ്മ  ചേടത്തിക്ക് സന്തോഷം തോന്നി . ഇനി ആ ആക്രാന്തത്തിന് ചോറ് കൊടുക്കേണ്ടല്ലോ?. 

അന്നമ്മ ചേടത്തിക്കാണെങ്കിൽ റോമുവിനെ കണ്ണു ദൃഷ്ട്യാ കണ്ടൂടാ . 

ഏതായാലും പുലി ഭയങ്കര ബുദ്ധിമാനാണെന്നാ വനം വകുപ്പുകാര് പറഞ്ഞത്.

 പുലിക്കു വെച്ച കൂട് പുലിയെ നോക്കി അങ്ങനെത്തന്നെയിരുന്നു. അതിലുള്ള ആട് തിന്നു കൊഴുത്തു. കുറേക്കഴിഞ്ഞ്  പുലി കാട്ടിലേക്ക് തിരിയെപോയെന്നും പറഞ്ഞ്  വനം വകുപ്പു കാര് കൂടും എടുത്തോണ്ട്  പോയി. നാട്ടുകാര് പുലിയെ പിടിക്കാൻ കൊടുത്ത ആടിനേയും വനം വകുപ്പ് കാര് കൊണ്ട് പോയി. 

ചോദിച്ചപ്പോ പറഞ്ഞത് കാട്ടിലേക്ക് തുറന്നു വിടാനാന്നാ.

നാട്ടിലുള്ള ആടിനെ ഏന്തിനാ കാട്ടിലേക്കു  വിടുന്നതെന്ന് ചിലർക്ക് സംശയം തോന്നിയെങ്കിലും  ചോദിച്ചില്ല . 

കാട്ടിലേക്ക് തുറന്നുവിട്ട ആടിനെ പിടിക്കാൻ രണ്ടുമൂന്നുപേർ ഉറക്കം ഒഴിച്ച് കാട്ടിൽ പോയി തിരഞ്ഞെങ്കിലും ആടിനെ കിട്ടിയില്ല . 

പുലി ശല്യം നിന്നുവെന്ന്  എല്ലാവരും ആശ്വസിച്ചിരുന്ന  അന്ന് രാത്രി മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങിയ പലചരക്കു കടക്കാരൻ സുപ്രുവിന്റെ മുന്നിൽ പുലി പ്രത്യക്ഷപ്പെട്ടു.  മൂത്രത്തിന്റെ  നിലക്കാത്ത പ്രവാഹം കാരണം സുപ്രുവിനിട്ട്  ഓടാനും പറ്റുന്നില്ല . അന്ന് അതുവരെയില്ലാത്തൊരു  പ്രവാഹമായിരുന്നു സുപ്രുവിനുണ്ടായത് . 

ആ നിലക്കാത്ത പ്രവാഹവുമായി അകത്തേക്കോടിയ സുപ്രു  പ്രവാഹത്തിന്റെ ബാക്കി അകത്തു തീർത്തു. പുലിയെന്നും അലറിക്കൊണ്ടായിരുന്നു സുപ്രു അകത്തേക്കോടിക്കയറിയത് . 

പുലിയായാലും , ഏലിയായാലും ,സുപ്രുവിനെക്കൊണ്ട് മുഴുവനും വൃത്തിയാക്കിച്ചിട്ടാ ഭാര്യ വിട്ടത് . 

വീണ്ടും പുലിയിറങ്ങിയെന്ന  വാർത്ത കാട്ടുതീയെക്കാൾ വേഗത്തിൽ പരന്നു. ചിലർക്ക് അത് വിശ്വസിക്കാൻ പറ്റുന്നില്ല, മറ്റു ചിലർ വിശ്വസിച്ചു. ചിലർ പറഞ്ഞു സുപ്രു കണ്ടത് പൂച്ചയെ ആയിരിക്കുമെന്ന്.

 പൂച്ചയെ കണ്ട് പുലിയെന്ന് അലറാൻ സുപ്രു ഒരു മണ്ടനാണോന്ന് ചിലർ തിരിച്ചു ചോദിച്ചു. സുപ്രുവാണെങ്കിൽ  എല്ലാത്തിനോടും  നിഷ്പക്ഷത പാലിച്ചു. പുലിയാണെന്ന് തറപ്പിച്ചു പറഞ്ഞാൽ താൻ അകത്ത് മൂത്രമൊഴിച്ചതു കൂടി വെളിവാക്കണ്ടി വരുമെന്നുള്ളതുകോണ്ട് കൂടിയായിരുന്നൂവത്. പുലിയല്ലെന്നു പറഞ്ഞാലും അതു തന്നെ അവസ്ഥ . 

പുലിയെക്കുറിച്ചുള്ള  പൊടിപ്പും തൊങ്ങലും വെച്ച  കഥകൾ എങ്ങും പ്രചരിച്ചു കൊണ്ടിരുന്നു . 

പുലിയെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്നുള്ള വർത്തമാനങ്ങൾ മാത്രമായി  എങ്ങും. ഞങ്ങളുടെ നാട്ടുകാർ മുഴുവനും പുലിയെ കണ്ടവരായി മാറി.

 അവസാനം ഞാനും പറഞ്ഞു, പുലിയെ കണ്ടൂന്ന്.

 എന്തിനാ ഞാനായിട്ട് കുറക്കുന്നേ? പുലിയെ കാണാനുള്ള ധൈര്യമൊന്നും എനിക്കില്ല. തൃശൂര് കാഴ്ചബംഗ്ളാവിൽ പുലിയെ കണ്ടപ്പോ ആകെ  വിറച്ച് നിന്നവനാ  ഞാൻ. ഈ പുലിയെങ്ങാനും ഇപ്പൊ പുറത്തേക്ക് ചാടിയാലെന്നും ആലോചിച്ച് വേഗം തന്നെ പുറത്തേക്ക് വന്ന് വീട്ടിപ്പോയതാ അന്ന്  . 

 ഏതായാലും നാട്ടുകാരുടെ പേടിക്ക് ഒരു അറുതി വരുത്തുവാനും , ജനജീവിതം സുഗമമാക്കാനും വേണ്ടി പുലിയെ കൊല്ലാൻ ഒരാളെ കൊണ്ടുവരുവാനായി  പഞ്ചായത്ത് തീരുമാനമെടുത്തു . 

ആരെക്കൊണ്ട് വരും ?.

 ഓരോരുത്തരും ഓരോരോ  പേരുകൾ  പറഞ്ഞു.

 അവറാൻ ചേട്ടൻ പറഞ്ഞു നമുക്ക്  വാറുണ്ണിയെ കൊണ്ട് വന്നാലോന്ന് ? 

അതാരാ അവറാനെ വാറുണ്ണി ?.

ചായക്കടക്കാരൻ പാക്കരൻ ചേട്ടന്റെയാ ചോദ്യത്തിന്  അവറാൻ ചേട്ടന് ഉത്തരം മുട്ടി.

 അല്ല, ഈ പുലി പിടുത്തക്കാരുടെ പേരുകളൊക്കെ ഇങ്ങെനയാവാറാണല്ലോ  പതിവ് ?.

വാറുണ്ണി, മായുണ്ണി , നായുണ്ണി , കോന്തുണ്ണി അവസാനത്തെ ഉണ്ണിയായ കോന്തുണ്ണിയെ  അവറാൻ ചേട്ടൻ സ്വന്തം കൈയ്യീന്ന്  എടുത്തിട്ടതായിരുന്നു. 

എന്റെ ചേട്ടാ അതേതോ സിനിമയിലെ പേരാ.

 പ്രേക്ഷിതൻ സുകുവായിരുന്നു  അത് വിളിച്ചു പറഞ്ഞത്. അത് കേട്ടപ്പോഴാ താനാ  സിനിമ കണ്ട കാര്യം  അവറാൻ ചേട്ടന്റെ  ഓർമ്മയിൽ  വന്നത്. 

ആരെ കൊണ്ടുവരും? ആരെക്കൊണ്ടു വരും? എന്നുള്ള ചോദ്യം പുലി ഇറങ്ങിയതിനേക്കാൾ ചൂടുപിടിച്ചു. പാക്കരൻ ചേട്ടന്റെ ചായക്കടയിലും,  വറീതിന്റെ കള്ളു ഷാപ്പിലും ചർച്ചകൾ ചൂടുപിടിച്ചു. അതിനനുസരിച്ച് അലമാരയിൽ നിന്ന് പരിപ്പു വടകളും ഉഴുന്നു വടകളും അപ്രത്യക്ഷ്യമായി കൊണ്ടിരുന്നു. 

പരിപ്പു വടയും, ഉഴുന്നു വടയും ഉണ്ടാക്കി ഉണ്ടാക്കി മണ്ഡലിന്റെ കൈ കുഴഞ്ഞു. അങ്ങനെ കൈകുഴഞ്ഞ മണ്ഡലിന്റെ പരിപ്പു വടകൾക്ക് രൂപമാറ്റം സംഭവിച്ചു തുടങ്ങി. പരന്നിരിക്കെണ്ട പരിപ്പുവടകൾ ഉരുണ്ടുവരുവാൻ തുടങ്ങി.  ഈ രൂപമാറ്റം ബോണ്ടകൾക്ക് അത്ര രുചിച്ചില്ലെങ്കിലും മിണ്ടാൻ പറ്റാത്ത കാരണം അവ  മിണ്ടാതെ കിടന്നു.

പാക്കരൻ ചേട്ടൻ  എത്ര പറഞ്ഞിട്ടും മണ്ഡലുണ്ടാക്കുന്ന പരിപ്പു വടകൾക്ക് ബോണ്ടയുടെ ഛായ ആയിരുന്നു. അവസാനം അതൊരു പുതിയ ബംഗാളി പലഹാരമെന്നുളള ലേബലിൽ പാക്കരൻ ചേട്ടൻ വിറ്റു തുടങ്ങുകയും ചെയ്തു.  

ഇതോടൊപ്പം , മണ്ഡൽ ബംഗാളിൽ നിന്നും  മറ്റു  ചില പലഹാരങ്ങൾ കൂടി പാക്കരൻ ചേട്ടന്റെ കടയിലേക്ക് ഇറക്കുമതി ചെയ്തു. അതിലൊന്നായിരുന്നു ചന്നാ ബട്ടൂരാ. അത് പെട്ടെന്നു തന്നെ പ്രചാരം നേടി വരുന്നവർക്കെല്ലാം ചന്നാ ബട്ടൂരാ മതി.

 അതോടെ മണ്ഡലിന്, പാക്കരൻ ചേട്ടൻ കൂലി കൂട്ടിക്കൊടുത്തു. അതോടെ മണ്ഡലിന് കൂടുതൽ ഉത്സാഹമായി അവൻ കൂടുതൽ കൂടുതൽ ബംഗാളി ഉൽപ്പന്നങ്ങൾ പാക്കരൻ ചേട്ടന്റെ കടയിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരുന്നു. 

ദിവസവും, പരിപ്പുവടയും ബോണ്ടയും കഴിച്ചുകൊണ്ടിരുന്നു ഗ്രാമവാസികൾക്ക് അതെല്ലാം പുതിയ രസമുകുളങ്ങളായിരുന്നു  നൽകിക്കൊണ്ടിരുന്നത്.  

അവസാനം മെമ്പറു സുകേശനാണ് എവിടെന്നോ ഒരു പുലിവേട്ടക്കാരനെ കൊണ്ട് വന്നത്. പുലിയെ കാണുന്നതിനേക്കാളും ആകാംഷയായിരുന്നു, ജനങ്ങൾക്ക്  പുലി വേട്ടക്കാരനെ കാണാൻ. ഒരു ഘടോൽക്കചനെ പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരു നീർക്കോലിയായാണ് ആ പുലിവേട്ടക്കാരൻ  വന്നിറങ്ങിയത്.  

പുലിയെപ്പോയിട്ട് എലിയെ കൊല്ലാനുള്ള ആരോഗ്യം പോലും ആ പാവത്തിനുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു ഗൾഫ് കാരൻ  ഭാസ്ക്കരേട്ടൻ സംശയം പ്രകടിപ്പിച്ചത് .

പുലിയുടെ, പല്ലിന്റെ എടേലിക്കാണോ നീയി പാവത്തിനെ കൊണ്ട് വന്നതെന്നുള്ള വിറകു വെട്ടുകാരൻ അന്ത്രുവിന്റെ ചോദ്യത്തിനോട്   പാക്കരൻ ചേട്ടനും പിന്താങ്ങി.

 എന്റെ സുകുവേ പുലിയേ കൊല്ലാൻ തന്നെയല്ലേ ഇയാള് വന്നത് നിനക്ക് തെറ്റിയിട്ടൊന്നുമില്ലല്ലോ?. 

അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത് ?.

അല്ല  അയാളെ കണ്ടാ ഞാഞ്ഞൂള് പോലെയായിരിക്കണേ ? ഇയാള് പുലിയെ കൊല്ലോ അതോ പുലി ഇയാളെ കൊല്ലോ?. 

എന്റെ ചേട്ടാ പുലിയുമായി ദ്വന്ദയുദ്ധത്തിനൊന്നുമല്ലല്ലോ പോകുന്നത് തോക്ക് കൊണ്ട് വെടിവെച്ചിട്ടല്ലേ  കൊല്ലുന്നത്?. 

എങ്കിലും നാട്ടുകാർക്ക് , ആ പാവം തോക്കും ചുമന്നോണ്ട് പോകുന്നത് കണ്ടാൽ  സങ്കടം വരും.  ആ ഭാരം  ചുമക്കാൻ പോലും അയാളെക്കൊണ്ട് പറ്റുന്നില്ല.  

എല്ലാ  ദിവസവും  രാവിലെ  തോക്കും ചുമലിൽ  വെച്ച് ആ  പുലിവേട്ടക്കാരൻ അങ്ങോട്ടുമിങ്ങോട്ടും  നടക്കും. രാത്രീയിലും  റോന്തു ചുറ്റുമെന്നാ കേട്ടത്. 

പുലിവേട്ടക്കാരന്റെ ആ  നടത്തം കണ്ടാ,  രാജൻ നായ കടിക്കാൻ ചെന്നത്.

അവൻ നടക്കുന്ന സമയത്തു തന്നെയായിരുന്നു  സാധാരണ  പുലിവേട്ടക്കാരന്റെയും  നടപ്പ്.

 ഒരു പരിചയവുമില്ലാത്ത മുഖം , പുലിവേട്ടക്കാരന്റെ ഗാഭീര്യമൊന്നും ആ സാധുവിന്  ഇല്ലാത്ത കാരണം ഏതോ അപ്പാവിയെന്നുള്ള  ധൈര്യത്തിലായിരുന്നു  രാജനന്ന്  കടിക്കാനായി  ഓടിച്ചെന്നത്. 

പുലി വേട്ടക്കാരൻ  തോക്കെടുത്ത് ഒറ്റ നീട്ടലായിരുന്നു.  സത്യത്തിൽ അയാളുടെ തോളിൽ എന്തോ ഒന്ന് രാജൻ കണ്ടിരുന്നു. പക്ഷേ അത് തോക്കാണെന്നുള്ള ധാരണയൊന്നും  അവനില്ലായിരുന്നു. തോക്കെടുത്ത് നെറ്റിയിൽ മുട്ടിച്ചതോടെ രാജൻ നിന്നുമുള്ളി.

അതോടെ  അവൻ അയാളെ നോക്കി  വാലാട്ടി. ഓടെടാന്നുള്ള ആ  അലർച്ചയിൽ അവൻ   ജീവനും കൊണ്ടാ പാഞ്ഞത് . 

വനം വകുപ്പ് കാര് പറഞ്ഞതുപോലെ പുലി ഭയങ്കര ബുദ്ധിമാനായിരുന്നു പുലി വേട്ടക്കാരൻ ഇറങ്ങിയതോടെ പുലിയെ കാണാനില്ല. 

പുലി വേട്ടക്കാരൻ വന്നതിന്റെ മൂന്നാം പക്കം  പകൽ അതിരാവിലെയാണ്   ആ ഞെട്ടിക്കുന്ന വാർത്തയുമായി പ്രേക്ഷിതൻ സുകു സൈക്കിളിൽ പാഞ്ഞു വന്നത്. പുലിയെ കൊല്ലാൻ വന്ന പുലിവേട്ടക്കാരനെ കാണാനില്ലെന്നായിരുന്നുവത് .  

പുലിയെ കണ്ടോന്ന് ചോദിക്കാൻ വേണ്ടി സുകു പോയതായിരുന്നു പക്ഷെ  ചായ്പ്പിൽ പുലി വേട്ടക്കാരനുണ്ടായിരുന്നില്ല  . അയാളുടെ  തോക്ക് മാത്രം ഏതോ ദുരന്തത്തിന് സാക്ഷിയായതു  പോലെ ചായ്പ്പിനു മുന്നിൽ  ചാരിയിരിപ്പുണ്ട്.  

പുലി വേട്ടക്കാരനെ കാണാനില്ല. ഈശ്വരാ, പുലിയെ കൊല്ലാൻ വന്നവനെ പുലി കൊന്നോ?. 

പുലി വേട്ടക്കാരനെ പുലി തിന്നു ആ വാർത്ത കാട്ടുതീ പോലെയാണ് പരന്നത്.

 സ്റ്റേഷനിലേക്ക് ഫോൺ ചെയ്തതും  പ്രേഷിതൻ സുകുവായിരുന്നു. വിറകൊണ്ടു സുകുവിന്  സംസാരിക്കുവാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല .

 വേട്ടക്കാരനെ  കൊന്നു സാറേ ... പുലിയെ  ...തിന്നു സാറേ  ..തോക്ക് അവിടെയുണ്ട് സാറേ ..  

എന്തൊക്കെയോ കിടന്ന്  സുകു പുലമ്പി.

 ആരെടാ നീ? ഇടിയൻ അലറി ആ അലർച്ചയോടെ സുകു ഫോൺ വെച്ച് പാഞ്ഞു. 

ഇടിയന്റെ അന്വേഷണത്തിലാണ് ആ സത്യം തെളിഞ്ഞത്.

ആളെ  പുലിയും, എലിയുമൊന്നും കൊന്നതല്ല , ആള് മുങ്ങിയതാ.  

അയാള് പുലി വേട്ടക്കാരനൊന്നുമായിരുന്നില്ല  കുപ്രസിദ്ധ കള്ളൻ മായൻ മാത്തുവായിരുന്നുവത് . തോക്കാണെങ്കിൽ  ഉണ്ടായിട്ടാലും പൊട്ടാത്തതും.

 പുലിയെ കൊല്ലാൻ നാട്ടുകാർ പിരിച്ചു കൊടുത്ത കാശും പുലിയ്ക്ക് തിന്നാൻ വെച്ച ആടുമായി മായൻ മുങ്ങി. എല്ലാ സ്ഥലത്തും മായ പോലെയാണ്  അയാൾ അപ്രതീക്ഷതമാവാറുള്ളതും . അതുകൊണ്ട് തന്നെയാണ്  മായൻ ന്നുള്ള പേരു വരുവാനുള്ള  കാരണവും .  ഏതായാലും നാട്ടുകാരുടെ മൊത്തം  കാശ് പോയതു മാത്രം മിച്ചം. 

പുലി വേട്ടക്കാരൻ പോയെന്ന് അറിഞ്ഞതോടെ പുലി വീണ്ടും വിഹരിച്ചു തുടങ്ങി. വനം വകുപ്പ് കാര് പറഞ്ഞതുപോലെ പുലി ഒരു ബുദ്ധിമാനായിരുന്നു. 

പൂവിക്കാൻ പോകുന്ന നാരായണിയുടെ ആകെയുള്ള ആട്  കിങ്ങിണിയെ  പുലി കൊണ്ട് പോയി. സത്യത്തിൽ പുലി ഇതിൽ നിരപരാധി ആയിരുന്നു. കിങ്ങിണി കൂടെ മേയാൻ വരുന്ന രാജപ്പന്റെ ആട് മിഞ്ചുവിന്റെ ഒപ്പം ഒളിച്ചോടിയതായിരുന്നു. 

മീൻകാരൻ മമ്മദിന്റെ രണ്ടു പൂവൻ കോഴികളെയും  കാണാതായി. പുലിയുടെ പേരിൽ അയൽക്കാരൻ പവിത്രൻ ചേട്ടനായിരുന്നു ആ തിരിമറി നടത്തിയത്. രണ്ടു ദിവസം പവിത്രൻ ചേട്ടന്റെ വീട്ടീന്ന് ചിക്കൻ ഉരുളക്കിഴങ്ങിട്ട് കറിവെക്കുന്ന മണമായിരുന്നു. 

അതീന്നൊരു  പ്ലെയിറ്റ് ചിക്കൻ   മമ്മദിന് കൊടുത്ത് തന്റെ  അയൽപക്ക സ്നേഹം കാട്ടി. പാവം മമ്മദ് തന്റെ കൂട്ടിലെ പൂവന്മാരാണ് ആ കൂട്ടാൻ പാത്രത്തിലുള്ളതെന്നറിയാതെ പവിത്രന്റെ സ്നേഹത്തെ വാനോളം പുകഴ്ത്തി.

 പുകഴ്ത്തി, പുകഴ്ത്തി അവസാനം മമ്മദ് കരഞ്ഞു. അല്ലെങ്കിലും സങ്കടം വന്നാലും സന്തോഷം വന്നാലും മമ്മദിന്റെ കണ്ണുകൾക്ക് താങ്ങാനാകില്ല അവ കരയും കൂടെ മമ്മദും.

പുലി ഒരു വലിയ തലവേദനയായി നാട്ടുകാരുടെ മുന്നിൽ നിന്നു അവസാനം സുകേശൻ തന്നെയാണ് ആ ഐഡിയ നാട്ടുകാരുടെ മുന്നിൽ വെച്ചത് നമുക്ക് സ്റ്റേഷനിൽ ഒരു കംപ്ലൈന്റ് കൊടുത്താലോ എന്ന്. 

പക്ഷേ വനം വകുപ്പുകാര് വരെ കൈയൊഴിഞ്ഞ പുലിയെ പോലീസുകാര് വിചാരിച്ചാ എന്തു ചെയ്യാൻ പറ്റുമെന്നാ പീതാംബരൻ മാഷ് ചോദിച്ചത്?.

 ഏതായാലും ഒരു പരാതി  കൊടുക്കാലേ..

 തന്റെ  ചോദ്യത്തിനുത്തരം ആരിൽ നിന്നും വരാതായപ്പോ വെറുതെ അതൊരു ഉത്തരമില്ലാത്ത ചോദ്യമായി ചുറ്റിത്തിരിയേണ്ടെന്നു കരുതി പീതാംബരൻ മാഷ് തന്നെയാ  അതിനുള്ള മറുപടി പറഞ്ഞതും. 

അങ്ങനെ എല്ലാവരും ഒരു ജാഥയായി പോലീസ് സ്റ്റേഷനിലേക്ക് യാത്രയായി. 

എന്റെ സാറേ നാട്ടുകാര് മുഴുവനും ഇങ്ങോട്ട് വരുന്നുണ്ടല്ലോയെന്നെ തോമാസേട്ടന്റെ വാക്കുകൾ  കേട്ടാ ഇടിയൻ പുറത്തേക്ക്  എത്തിനോക്കിയത്. 

പുലിയുടെ ശല്യം രൂക്ഷമാണെന്നും കാണിച്ച് നാട്ടുകാർ എല്ലാവരും ഒപ്പിട്ട ഒരു നിവേദനം സുകേശൻ ഇടിയന് കൈമാറി. മുഴുവൻ ചിഹ്നങ്ങൾ മാത്രമുള്ള ആ പേപ്പർ കണ്ട് ഇടിയൻ അമ്പരന്നു. ഏതോ ആഫ്രിക്കൻ  ഭാഷ ഡീകോഡ് ചെയ്തെടുത്തത് പോലെയായിരുന്നു ഇടിയനത് കണ്ട് തോന്നിയത് . 

ഗുണന ചിഹനങ്ങളും, പ്ലസുകളും, മൈനസുകളുമായിരുന്നു അത് മുഴുവൻ.

 ചിലർ തങ്ങളുടെ അടയാളമായി അവർക്ക് അറിയാവുന്ന പടങ്ങൾ വരച്ചു വെച്ചു. 

എന്താടോ ഇത് ?.

ഇത് മുഴുവൻ നാട്ടുകാരുടെ ഒപ്പുകളാണ് സാർ.

ഇടിയന്റെ ചോദ്യത്തിന് മെമ്പറ് സുകേശനായിരുന്നു വിനയപൂർവ്വം മറുപടി പറഞ്ഞത്.  

ഒപ്പുകൾ ഇങ്ങനെയും ഇടാമെന്ന് അപ്പോഴാണ് ഇടിയനും മനസ്സിലായത്.

 ബ്ലഡി ഗ്രാമവാസികൾ. ഇടിയനത് മനസ്സിലാ പറഞ്ഞത്. 

തങ്ങളുടെ  ഒപ്പുകളായി , അവറാൻ ചേട്ടൻ  തെങ്ങും, മീൻകാരൻ മമ്മദ് മീനും പലചരക്ക് കടക്കാരൻ സുപ്രു അച്ചുവെല്ലവും വരച്ചു വെച്ചു കൊണ്ട് തങ്ങളുടെ തൊഴിലുകളോടുള്ള ആത്മാർത്ഥത തെളിയിച്ചു. 

ഇതിനിടയിൽ ബ്രാലിന്റെ പടം വരക്കണോ മുശുവിന്റെ പടം വരക്കണോ എന്നുള്ള കൺഫ്യൂഷൻ മമ്മദിനെ വലയം ചെയ്‌തെങ്കിലും തനിക്ക് ഇഷ്ടമുള്ള ബ്രാലിന്റെ പടം തന്നെ ഒപ്പായി വരച്ചുവെച്ചു കൊണ്ട്  മമ്മദാ  പ്രതിസന്ധിയെ മറികടന്നു .

തന്റെ ആദ്യ ഒപ്പായ "പി" എന്നുള്ള ഇംഗ്ലീഷ് അക്ഷരത്തെ  മറന്ന  പാക്കരൻ ചേട്ടൻ പരിപ്പു വട പോലത്തെ വളയവും, അന്നമ്മ ചേടത്തി ഗുണന ചിഹ്നവും വരച്ചു വെച്ചു .

 മാന്യമായ ഒപ്പുകളിട്ട മെമ്പറു  സുകേശൻ, പീതാംബരൻ മാഷ് എന്നിവരുടെ ഒപ്പുകൾ മറ്റുള്ളവരെ പരിഹസിച്ചു കൊണ്ട്  ആ പേപ്പറിൽ ചിരിച്ചു കിടന്നു. 

ജീവിതത്തിൽ ആദ്യമായി ഒപ്പിടാൻ പോയ നാരായണി എത്ര ആലോചിച്ചിട്ടും ഒപ്പ് പിടി കിട്ടാത്തതുകൊണ്ട് ഒരു കുന്തം വരച്ചു വെച്ചു  തന്റെ ആടിനെ കൊണ്ട് പോയ പുലിയോടുള്ള ദേഷ്യം തീർത്തു.

ഒരു നീളൻ വരയുടെ രണ്ടറ്റത്തും രണ്ടു തൊപ്പികൾ വരച്ചു വെച്ച് ഞാനും  ആ യത്നത്തിൽ പങ്കാളിയായി. 

ശിവൻ വരച്ചു വെച്ച ഒപ്പു കണ്ട് അവൻ തന്നെ ഞെട്ടി. ഒരു വട്ടം വരച്ച് അതിനു മുകളിൽ രണ്ടു കുത്തും ഒരു വാലും . ശരിക്കും  നോക്കിയാ  ഒരു കുട്ടിച്ചാത്തൻ ചിരിക്കുന്ന പോലെ തോന്നും . 

ആ ഒപ്പു നോക്കി  ഇടിയനൊന്ന്  ഞെട്ടിയതും നാട്ടുകാർ കണ്ടു .   

ഇതിൽ  ഞാനെന്തു ചെയ്യാനാണ് എന്റെ മെമ്പറെ?.

അത്തരത്തിലൊരു  നിസ്സഹായതയുടെ സ്വരം ഇടിയനിൽ നിന്നും ആദ്യമായിട്ടായിരുന്നു .    

എന്റെ പൊന്നു സാറേ അങ്ങനെ പറയല്ലേ സാറെന്തെങ്കിലും ചെയ്യണം. 

നാട്ടുകാരുടെ മൊത്തം വിലാപം ഇടിയന്റെ കാതുകളിലേക്കൊഴുകിയെത്തി.

 നാട്ടുകാര് സ്നേഹം കാണിച്ചു വന്ന് തന്നെ പുലിയെക്കൊണ്ട്  കൊല്ലിപ്പിക്കാനാണോയെന്നായിരുന്നു  ഇടിയന്റെ പോലീസ് ബുദ്ധി സംശയിച്ചത് . 

അങ്ങനെ പുലിയെ പിടിക്കാൻ, ഇടിയൻ തലങ്ങും വിലങ്ങും  ഞങ്ങളുടെ ഗ്രാമത്തിന്റെ ഇടവഴികളിൽ കൂടി പാഞ്ഞു. 

ജീപ്പിന്റെ ആ അലറിപ്പാച്ചിൽ കേട്ട് പുലി പേടിച്ചില്ലെങ്കിലും പാമ്പുകളായ   കുടിയൻമാർക്ക്  പേടിച്ച് വഴി നടക്കാൻ പറ്റാതായി. പുലിയെക്കാളും വലുതായി അവർ ഇടിയനെ പേടിച്ചു.

അവരുടെ കണ്ണിൽ പുലിയെക്കാളും ഭീകരനാണ് ഇടിയൻ പുലി പിടിച്ചാ  കടിക്കും  ഇടിയൻ പിടിച്ച ഇടിക്കും രണ്ടിനും ബോധമില്ല.  

അങ്ങനെ നാട്ടുകാർ ചിന്തിക്കാൻ കാരണവുമുണ്ട് . ഒന്നുമില്ലെങ്കിലും ആരെയെങ്കിലും   വെറുതേ പിടിച്ച് ഇടിക്കുന്നതാണ് ഇടിയന്റെ ശീലം.

കുടിച്ചു പോകുന്നതു കണ്ടാ പിന്നെ പറയാനുമില്ല .  പല കുടിയൻ മാരും അത് അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാ .അവറാൻ ചേട്ടൻ തന്നെയാണ്  അതിൽ മുൻപന്തിയിലുള്ളതും. 

 കുടിച്ചോണ്ട്  സൈക്കിൾ പോലും ഓടിച്ചു പോവരുതെന്നും പറഞ്ഞ് മൂന്നു പ്രാവശ്യമാണ് ഇടിയൻ, അവറാൻ ചേട്ടനെ  വാണിങ്ങ് ചെയ്ത് വിട്ടിട്ടുള്ളത്.

ഇനി  നിന്നെ ഇങ്ങനെ  കണ്ടാൽ സ്റ്റേഷനിൽ കൊണ്ടുപോയി  കെട്ടിത്തൂക്കുമെന്നാ ഇടിയൻ പറഞ്ഞേക്കണത് .

 അങ്ങനെ കെട്ടിത്തൂങ്ങി കിടക്കാൻ ആഗ്രഹമില്ലാത്ത കാരണം  കുടി കഴിഞ്ഞാ അവറാൻ ചേട്ടനിപ്പോൾ  സൈക്കിൾ ചവിട്ടാറില്ല മറിച്ച് ഉന്തിക്കൊണ്ടാണ് പോകാറ്. 

 ഒരുപ്രാവശ്യം ഇങ്ങനെ  സൈക്കിൾ ഉന്തിക്കൊണ്ട് ആടിയാടി പോകുമ്പോ  ഇടിയൻ പിടിക്കുകയും  അതോടെ  അന്തിക്കൂടി അവറാൻ ചേട്ടൻ  വീട്ടിലേക്ക് മാറ്റുകയും ചെയ്തു.  

സമാധാനത്തിൽ  വറീതിന്റെ കള്ളും , റപ്പായിയുടെ വാറ്റും അടിച്ചോണ്ടിരുന്ന  കുടിയൻ മാരുടെ ഉറക്കം ഇടിയന്റെ വരവോടെ നഷ്ട്ടപ്പെട്ടുവെന്നുള്ളതായിരുന്നു സത്യം .

ഇടയന്റെ ഈ പരക്കം പാച്ചിലിൽ പുലിയെ  പോയിട്ട് ഏലിയെ  പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നുള്ളത് മറ്റൊരു കാര്യം . 

വനം വകുപ്പ് കാര് പറഞ്ഞത് ശരിയായിരുന്നു  പുലി ഭയങ്കര ബുദ്ധിമാൻ തന്നെ .

തന്നെ  പിടിക്കാൻ ഇടിയൻ ഇറങ്ങിയതറിഞ്ഞ് പുലി മുങ്ങിയിരിക്കുന്നു. 

കള്ളനെ പിടിക്കാൻ പോകുന്ന പോലെയാണോ പുലിയെ പിടിക്കാൻ പോകുന്നതെന്ന്  ചില ദോഷൈദൃക്കുകളും പറഞ്ഞു പരത്തി. 

പുലിയുടെ ശല്യം കുറഞ്ഞതോടെ നാട്ടുകാർ കരുതി  പുലി, ഇടിയനെ പേടിച്ച് മുങ്ങിയതായിരിക്കുമെന്ന്.   സ്റ്റേഷനിൽ കെട്ടിത്തൂങ്ങി കിടക്കാൻ ആ പാവത്തിനും പേടിയുണ്ടാവില്ലേ?. 

അങ്ങനെ ഇടിയൻ ഞങ്ങളുടെ ഗ്രാമത്തിലെ വീര പുരുഷനായി മാറി .

 പുലിയെ ഓടിപ്പിച്ചവൻ, പുലിയെ വിറപ്പിച്ചവൻ .

 അതുവരേക്കും കള്ളന്മാർക്കും , റൗഡികൾക്കും മാത്രമായിരുന്നു ഇടിയനെ പേടിയെങ്കിൽ ഇപ്പോൾ പുലികൾക്കും പേടിയായിരിക്കുന്നു .

അന്ന് രാത്രി മൂത്രമൊഴിക്കാൻ എണീറ്റ ഇടിയൻ തന്റെ വീടിനുമുന്നിൽ നാലുകാലിൽ ഒരു രൂപത്തെ കണ്ടു. ഏതോ നായ ആണെന്നായിരുന്നു  ഇടിയൻ ആദ്യം കരുതിയത്.  പുലിയാണ് മുന്നിൽ നിൽക്കുന്നതെന്ന ചിന്ത ഇടിയന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. കടുവയെ, കിടുവ പിടിക്കയോ?. 

പോ നായേ എന്ന ഇടിയന്റെ ആട്ടു  കേട്ട് പുലി ചമ്മി.

 തന്നെക്കണ്ട് നായയെന്നു വിളിച്ച ഇവനെന്തു വിഡ്ഢിയാണെന്നാണ് പുലി ചിന്തിച്ചത്?. അതോടെ  താൻ ആരാണെന്നറിയിക്കാൻ പുലിയൊന്ന്  ഗർജ്ജിച്ചു.

 ആള് മാറിപ്പോയെന്നറിഞ്ഞ  ഇടിയൻ വിക്കി . കർത്താവേ പു ..പു  ലി  ....പുപ്പുലി ...

നായയല്ല, പുലിയാണ് മുന്നിൽ നിൽക്കുന്നതെന്നറിഞ്ഞതോടെ  ഇടിയൻ അലറിവിളിച്ചു കൊണ്ട് അകത്തേക്കോടി. 

തോക്കെടുക്കാനാണ് ഓടിയതെങ്കിലും ആ പരാക്രമത്തിൽ തോക്ക് കാണാനുണ്ടായിരുന്നില്ല . അതോടെ  ഇടിയൻ ലാത്തിയെടുത്ത് തോക്കാക്കി കാണിച്ച് പുലിയെ പേടിപ്പിക്കാൻ നോക്കി. 

പുലിക്ക് ലാത്തിയും തോക്കും തിരിച്ചറിയാൻ പറ്റത്തില്ലല്ലോയെന്ന വിശ്വാസത്തിന്റെ പുറത്തായിരുന്നൂവത് ?. 

ലാത്തിയെടുത്ത്  സാങ്കൽപ്പീക തോക്കാക്കി മാറ്റിയ  ഇടിയൻ, വാ കൊണ്ട് വെടിയും പൊട്ടിച്ചു  ഠോ ..ഠോ .. .

പക്ഷെ , വനം വകുപ്പ്കാര് പറഞ്ഞതു പോലെ പുലി ഭയങ്കര ബുദ്ധിമാനായിരുന്നു. അവൻ ഗർജ്ജിച്ചുകൊണ്ട് ഇടിയനടുത്തേക്ക് പാഞ്ഞു വന്നു. 

അതോടെ  എന്റെ കർത്താവേന്നലറി വിളിച്ചോണ്ട്  ഇടിയൻ ജീവനും കൊണ്ടോടി. 

പേടിച്ചു പനിച്ചു- തുള്ളി  കിടക്കുന്ന ഇടിയനെയാണ് പിറ്റേന്ന് തോമാസേട്ടൻ കണ്ടത് പാവം അത്രക്കും പേടിച്ചു പോയിരുന്നു.  

ഇടിയന്റെ  ലാത്തി മുറ്റത്ത് ഒടിഞ്ഞു നുറുങ്ങി  കിടപ്പുണ്ട്. ഇടയനെ കിട്ടാത്ത ദേഷ്യത്തിന് ലാത്തി തലങ്ങും വിലങ്ങും  കടിച്ചു മുറിച്ചിട്ടാ പുലി പോയത്.

അന്നത്തെ സംഭവത്തോടെ തനിക്ക്, സുഖമില്ലെന്നും പറഞ്ഞ്  ഇടിയൻ ലീവിൽ പോയി. 

ഇടിയനും കൂടി തോറ്റ്  പോയതോടെ ഗതി കെട്ട  നാട്ടുകാർ, അവസാനം  പുലിയെ പിടിക്കാൻ കാവലിരിക്കാമെന്നു വെച്ചു. 

എന്നാൽ കാവലിരിക്കാൻ മാത്രം  ധൈര്യവാന്മാരായി ആരും ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. 

നല്ല മസിലുള്ള, ഞങ്ങളുടെ ഗ്രാമത്തിൽ  ജിമ്മ് നടത്തുന്ന ജിമ്മൻ  കുമാറിനെ ഇരുത്താമെന്ന് വെച്ചെങ്കിലും  അതറിഞ്ഞ കുമാറ് രായിക്കു രാമാനം ഭാര്യ വീട്ടിലേക്കു പാലായനം ചെയ്തു . ദുഷ്ടന്മാരായ നാട്ടുകാർ ഒരു പാപവും ചെയ്യാത്ത  തന്നെ കൊലക്ക് കൊടുക്കുവാനാണ് നോക്കുന്നതെന്നാ ഭാര്യ കൗസല്യയോട് പറഞ്ഞത് . . 

  പുലിക്ക് തിന്നാനല്ല താൻ ഈ മസിലൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നതെന്നു കൂടി കുമാർ പറഞ്ഞു വെച്ചു . 

പുറത്ത് മസിലും വീർപ്പിച്ചു തുള്ളിക്കൊണ്ട് നടക്കുന്ന കുമാറിന്റെ ഉള്ളിൽ തീരെ മസിലില്ലെന്നു അതോടെ  ഞങ്ങൾ നാട്ടുകാർക്ക് ബോധ്യമായി . 

അവസാനം , നാട്ടുകാർ   പത്തുപേർ വീതം കാവലിരിക്കാമെന്നേറ്റു. പത്തു പേരാവുമ്പോ എല്ലാവർക്കും ധൈര്യം ആവൂല്ലൊ എന്നുള്ള ആശയത്തിന്റെ പുറത്തായിരുന്നു  ആ  തീരുമാനം എടുത്തത് . 

അങ്ങനെ പുലിയെ പിടിക്കാനായി  പത്തു പേരുടെ  വീതം- സംഘങ്ങൾ  കാവൽ തുടങ്ങി. 

എന്നാൽ  പുലി പോയിട്ട് എലിയെ പോലും കാണാതായതോടെ പുലിയെ  നോക്കാൻ വന്നവർ വറീതിന്റെ ഷാപ്പീന്ന് മുഴുക്കെ കുടിച്ച് ചീട്ടു കളിക്കാൻ തുടങ്ങി. 

ഒടുവിൽ  എന്തിനുവേണ്ടിയാണോ, ഏതിനുവേണ്ടിയാണോ കാവലിരിക്കുന്നതെന്ന് കാവലിരിക്കുന്നവർക്ക് തന്നെ ഒരു വ്യക്തതയില്ലാത്തതിനാലും, ഗുണമില്ലാത്തതിനാലും ആ കാവൽ സഭ പഞ്ചായത്ത്  പിരിച്ചു വിട്ടു . 

മറുവശത്ത്  പുലി, അതിന്റെ വേട്ട നിർബാധം  തുടർന്നു കൊണ്ടിരുന്നു.  നാട്ടുകാരിൽ ചിലർ  പുലിയുടെ പേരും പറഞ്ഞ് മറ്റു പലതും  മുതലെടുത്തു തുടങ്ങി. അതിൽ പ്രധാനിയായിരുന്നു വിറകുവെട്ടുകാരൻ വാസു .

 അങ്ങിനെയിരിക്കെ, പുലിയെ പ്രതീക്ഷിച്ച് പേടിച്ചിരിക്കുന്ന  ഒരു രാത്രിയാണ്  വാസുവിനെ എല്ലാവരും ചേർന്ന് പൊക്കിയത്. 

രാത്രിയിൽ കോഴികളുടെ, എന്നെ രക്ഷിക്കണേയെന്നുള്ള കരച്ചില് കേട്ടായിരുന്നു  പാക്കരൻ ചേട്ടനും, അന്നമ്മ ചേട്ടത്തിയും പുറത്തേക്കിറങ്ങി വന്നത് . 

സത്യത്തിൽ കോഴികളുടെ കരച്ചിൽ പാക്കരൻ ചേട്ടൻ ആദ്യമേ  കേട്ടിരുന്നു. ഇനിയത്  ചിലപ്പോ പുലിയാവോ എന്നു പേടിച്ച പാക്കരൻ ചേട്ടൻ ആ ഒറ്റക്കാരണം കൊണ്ട് തന്നെയാ  മിണ്ടാതിരുന്നത്.  കോഴിയെ വേണമെങ്കിൽ   വീണ്ടും വാങ്ങാൻ പറ്റും എന്നാൽ തന്നെ പുലി പിടിച്ചു കഴിഞ്ഞാ പിന്നെ  വാങ്ങാൻ പറ്റില്ല .

പാക്കരൻ ചേട്ടന്റെ വളർത്തു നായ  റോമുവും കേട്ടിരുന്നു ഈ കോലാഹലങ്ങളൊക്കെ . എന്നാൽ  അവനും പാക്കരൻ ചേട്ടന്റെ അതെ ചിന്താധാരയിലൂടെ തന്നെയായിരുന്നു  ചരിച്ചത്. 

തന്റെ  കുര കേട്ട് കോഴിയെ പിടിക്കാൻ വന്ന പുലി തന്നെ പിടിക്കാൻ വരുമോയെന്ന് റോമുവിന് നല്ല ഭയമുണ്ടായിരുന്നു. ഒരു പത്തു കോഴിക്കുള്ള ഇറച്ചി തന്റെ മേത്തുണ്ട്. ആ ഒറ്റക്കാരണം കൊണ്ട് തന്നെ  അവൻ കോഴികളുടെ ദീനവിലാപം കേൾക്കാത്ത പോലെ കണ്ണടച്ചു കിടന്നു. 

എന്റെ മനുഷ്യാ നിങ്ങൾ ഒന്ന് എണീക്ക് കോഴികളുടെ കരച്ചിലാ ഈ  കേക്കണത്.

അന്നമ്മ ചേടത്തിയുടെ വിളി കൂടെ ആയതോടെ ഉറങ്ങാതെ കിടന്ന പാക്കരൻ ചേട്ടൻ താൻ  കൂടുതൽ ഉറക്കത്തിലാണെന്ന്  കാണിക്കുവാനായി ആർട്ടിഫിഷ്യലായി കൂർക്കം വലിയുടെ ശബ്ദം ഒന്നുകൂടി ഉച്ചത്തിലുണ്ടാക്കി . 

കോഴിക്കൂടിനടുത്തെത്തിയ അന്നമ്മ ചേടത്തി ഞെട്ടി. പുലിയതാ  കോഴിക്കൂട് തുറക്കാൻ നോക്കുന്നു. എന്റെ കർത്താവേ കൈകളുള്ള പുലിയോ? 

അന്നമ്മ ചേടത്തിയെ കണ്ട് പുലി ഞെട്ടി. അതാ പുലിക്ക് കാലുകളുമുണ്ട് ഇതെന്തു പുലി?. അന്നമ്മ ചേടത്തി പുലിയുടെ മുഖത്തേക്ക് ടോർച്ചടിച്ചു ആ വെളിച്ചം കണ്ട് പുലി വീണ്ടും ഞെട്ടി. ഇപ്രാവശ്യം  അന്നമ്മ ചേട്ടത്തിയും ഞെട്ടി. 

പുലിക്കൊരു  മനുഷ്യരൂപം, തല പുലിയുടെ , ഉടൽ മനുഷ്യന്റെ ഞെട്ടിയ പുലി  അന്നമ്മ ചേടത്തിയെ നോക്കി ചിരിച്ചു. 

ചിരിച്ച പുലിയുടെ മുതുകത്ത് പട്ട മെഡൽ ആഞ്ഞു പതിച്ചു. അതോടെ ആ പുലി അന്നമ്മ ചേടത്തിയെ നോക്കി കരഞ്ഞു. അകത്ത് അന്നമ്മ ചേടത്തിയെ പുലി പിടിക്കുമോയെന്ന പേടിയിൽ  ഒളിച്ചിരുന്ന  പാക്കരൻ ചേട്ടൻ ആ   മനുഷ്യക്കരച്ചിൽ കേട്ട് ഞെട്ടി. 

കർത്താവേ അന്നമ്മേനെ പുലി പിടി ച്ചോ ?.

കൂട്ടിൽ ആകെ  വിറച്ചോണ്ട് നിൽക്കായിരുന്ന റോമു അതോടെ  ബോധം കെട്ടു വീണു.

 ഓടിവന്ന പാക്കരൻ ചേട്ടൻ കണ്ടത് തല്ലുകൊണ്ട് കരയുന്ന വാസുവിനെയാണ്.

അതിനിടയിൽ താൻ ശരിക്കും പുലിയാണെന്ന് കാണിക്കാൻ വേണ്ടി വാസു അന്നമ്മ ചേടത്തിയെ നോക്കി നാലുകാലിൽ നിന്ന് ഗർജ്ജിച്ചു. അതോടെ അന്നമ്മച്ചേടത്തി വാസുവിന്റെ ചന്തിക്ക് നോക്കി ഒന്ന്  പൂശി. മൂട്ടിൽ നിന്നും എന്തോ ഒന്ന് തെറിച്ചു പോയതുപോലെയാ  വാസുവിന് തോന്നിയത് . ആ രൂപം  മനസ്സിൽ തെളിഞ്ഞതോടെ വാസു ഒന്ന്  ഞെട്ടി പിന്നെ കരഞ്ഞു.

പുലിക്കളി കഴിഞ്ഞു വരണ വഴിതെറ്റി കേറിയതാണെന്നാ  വാസു ആദ്യം  പറഞ്ഞത്. 

അതോടെ അന്നമ്മച്ചേടത്തി പട്ട മടലുകൊണ്ട് വീണ്ടും പൊട്ടിച്ചു . വഴി തെറ്റി കോഴിക്കൂട്ടിലാണോടാ കയറുന്നത് തെണ്ടി ?.  

രാവിലെ തന്നെ ആ വാർത്ത നാടു  മുഴുവൻ പരന്നു. അന്നമ്മ ചേടത്തി പുലിയെ പട്ട മടലു കൊണ്ട് അടിച്ചു കൊന്നു. 

അതു കേട്ട് ഒർജിനൽ പുലി വരെ  ഞെട്ടി. തന്റെ കൊലപാതകം ഇത്രയും സിമ്പിളാക്കി മാറ്റിയതിൽ  പുലിക്ക് വല്ലാത്ത അമർഷം തോന്നി. പട്ട മടലു കൊണ്ടൊക്കെ തല്ലു കിട്ടി ചാവാന്ന് വെച്ചാ ? അതോർത്തതോടെ പുലിക്ക് നാണം കൊണ്ട് രോമാഞ്ചം വരെ  ഉണ്ടായി വല്ല വെടികൊണ്ടോ മറ്റോ ആണെങ്കിൽ ഒരു അന്തസ്സുണ്ടായിരുന്നു.  

ഒരു ഡ്യൂപ്ലിക്കേറ്റ് പുലി അതെല്ലാം കളഞ്ഞു കുളിച്ചിരിക്കുന്നു. അവനെയെങ്ങാനും തന്റെ കൈയ്യിൽ കിട്ടിയാ കടിച്ചു കീറായിരുന്നു . ആ ദേഷ്യത്തിൽ ഒറ്റ കടിയായിരുന്നു മൂടിന്റെ ഭാഗത്ത് കൊണ്ട് വെച്ച സ്വന്തം വാലിൽ തന്നെയായിരുന്നു കടിച്ച് പുലി   ദേഷ്യം തീർത്തത്. അതോടെ ആ  പാവം വേദനകൊണ്ട് കുറച്ചു നേരം അവിടെയിരുന്നു കരഞ്ഞു, പിന്നെ കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയി. 


0 അഭിപ്രായങ്ങള്‍