പുലിവേട്ട ഭാഗം 2
നാട്ടുകാർ പിടിച്ചു കെട്ടിയ വാസുവിനെ ഇടിയനു കൈമാറി. ഒർജിനൽ പുലിയോടുള്ള ദേഷ്യം ഇടിയൻ ഡ്യൂപ്ലിക്കേറ്റ് പുലിയെ ഇടിച്ചു തീർത്തു.
നിന്നെ കൊല്ലും, കൊല്ലുമെന്ന് പറഞ്ഞ് മൂന്ന് ദിവസായിരുന്നു ഇടിയൻ വാസൂനെ ഇട്ട് ഇടിച്ചത്. ഒരു കോഴിയെ മോഷ്ടിക്കാൻ നോക്കിയതിന് ആനയെ മോഷ്ടിച്ച ഇടിയോ സാറെയെന്ന് , വാസു കരഞ്ഞു ചോദിച്ചെങ്കിലും ഇടിയനത് കാര്യമാക്കിയില്ല. ഒടുവിൽ ഇടി കൊണ്ട് തളർന്ന വാസു വെടി കൊണ്ട പുലി പോലെ കിടന്നു.
എന്റെ സാറേ മതി, അവൻ ചത്തു പോകും അവസാനം തോമാസേട്ടനാ ഇടയിൽ കേറിയത്.
എന്നെ കൊല്ലടോ ..എന്നെ കൊല്ലടോ...., എന്നെ കൊന്ന് തിന്നെന്ന് വാസു , ഇടിയനെ നോക്കി ചീറി .
ഒരു കോഴിയെ കാക്കാൻ നോക്കിയതിന് എന്നെ ഇടിച്ചു കൊല്ലെന്നും പറഞ്ഞ് വാസു വാവിട്ട് കരഞ്ഞു. വാസുവിന്റെയാ കരച്ചില് കേട്ടാ കോഴിക്ക് വരെ സങ്കടം തോന്നും. ഇതറിഞ്ഞിരുന്നൂങ്കി വാസൂന്റെ കൂടെ കോഴി സ്വയം ഇറങ്ങിപ്പോയേനേ.
ഇടിക്കാനായി, ഇടിയൻ വീണ്ടും ഓടി വന്നതായിരുന്നു. തോമാസേട്ടനാ കേറി വട്ടം പിടിച്ചത്, മതി സാറെയെന്നും പറഞ്ഞ്.
അങ്ങനെ തന്നെ പേടിപ്പിച്ച് പനി പിടിപ്പിച്ച പുലിയോടുള്ള ദേഷ്യം ഇടിയൻ വാസു പുലിയോട് തീർത്തു.
അന്നത്തെയാ സംഭവത്തോട് കൂടി വാസു കോഴിക്കുഞ്ഞുങ്ങളെ കണ്ടാൽ പോലും നിലവിളിച്ചോണ്ട് ഓടുന്ന അവസ്ഥയായി.
കോഴക്കറി ഇല്ലാതെ ചോറിറങ്ങാത്ത വാസു ഇപ്പോൾ മസാല മണം അടിച്ചാ വരെ ഞെട്ടിത്തെറിക്കും, അതിപ്പോ കോഴിക്കറി ആവണമെന്നില്ല .
എന്താന്നറിയില്ല അതോടെ പുലിശല്യം നിന്നു. നാണക്കേടു കൊണ്ട് പുലി നാടു വിട്ടതാണോ അതോ മറ്റു വല്ല കാരണങ്ങൾ അതിനു പുറകിലുണ്ടോ എന്നുള്ളതൊന്നും ഞങ്ങൾ നാട്ടുകാർക്ക് അറിയില്ല. പക്ഷെ പുലിയുടെ ശല്യം കുറഞ്ഞുവെന്നുള്ളതായിരുന്നു സത്യം.
അതോടെ കോഴികളും, ആടുകളും, എന്തിന് മനുഷ്യരും പുലിപ്പേടിയില്ലാതെ സ്വയിര്യമായി വിഹരിക്കാൻ തുടങ്ങി.
സംഭവബഹുലമല്ലാത്ത നാളുകൾ കടന്നുപോയിക്കൊണ്ടിരുന്നു.
അരക്കൊല്ല പരീക്ഷക്ക് ഞാൻ എല്ലാത്തിലും കഷ്ടിച്ച് കടന്നുകൂടി. ഐ പി എസ് കാരനാകുവാൻ നടക്കുന്ന ശിവൻ എല്ലാത്തിലും തോറ്റു. ശിവനെ ജയിപ്പിക്കുവാൻ വേണ്ടി പീതാംബരൻ മാഷ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പറ്റിയില്ല.
ശിവൻ എങ്ങിനെയെങ്കിലും ജയിക്കാൻ വേണ്ടി കോപ്പിയടിച്ചോട്ടെയെന്ന് കരുതി മാഷുമാര് മുഴുവനും ശിവനു നേരെ കണ്ണടച്ചതായിരുന്നു .
പക്ഷേ പഠിച്ചിട്ടേ ഐ പി എസ് വാങ്ങുവെന്നുള്ള ഒറ്റ വാശിയിലായിരുന്നു ശിവൻ.
ശിവൻ ജയിച്ചാൽ തല മൊട്ടയടിച്ച് പഴനിക്ക് പോകാമെന്ന് വരെ പീതാംബരൻ മാഷ് നേർന്നു .
പക്ഷെ , തല വെട്ടിക്കളഞ്ഞാലും ശിവനെ ജയിപ്പിക്കാൻ പറ്റത്തില്ലെന്നും പറഞ്ഞ് ഭഗവാൻമാരും, മാഷിനെ കൈയ്യൊഴിഞ്ഞു.
മാഷ് പരോക്ഷമായിട്ടും ,പ്രത്യക്ഷമായിട്ടും ശിവനോട് സൂചിപ്പിച്ചതാ.
എന്റെ മോനെ ഐ പി എസ് കാരാനാവാൻ പെട്ടെന്ന് ജയിച്ചു പോണ്ടേ, ഒരു ക്ലാസ്സിലെന്നെ അഞ്ചും ആറും പ്രാവശ്യം ഇങ്ങനെ തോറ്റിരുന്നാ മതിയോ ? പരീക്ഷക്ക് ബുക്കോക്കെ നോക്കി എഴുതിക്കോ .
അത് കേട്ട് ശിവൻ രൂക്ഷമായി മാഷിനെ നോക്കി. അതോടെ ആ പാവം വല്ലാതെ പേടിച്ചു.
ഈശ്വരാ ഇവൻ ഗുരുത്വ ദോഷം വല്ലതും കാണിക്കുമോന്ന് വിചാരിച്ച് മാഷ് വേഗം എണീറ്റു പോയി.
ഞങ്ങളുടെ ക്ലാസ്സിലെ കോപ്പിയടിയുടെ ഉസ്താദായ ശങ്കുണ്ണിയാ ആ അതിബുദ്ധി കാണിച്ചത് .
അന്നത്തെ സയൻസ് പരീക്ഷക്ക് പരാക്രമത്തിൽ ശങ്കുണ്ണി എടുത്തു വെച്ചത് സാമൂഹ്യ പാഠത്തിന്റെ പുസ്തകമായിരുന്നു. അതിൽ ശങ്കുണ്ണിയെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല ശങ്കുണ്ണിയുടെ എല്ലാ പുസ്തകങ്ങൾക്കും ആദ്യവും അവസാനവും ഉണ്ടാകാറില്ല.
ഏതായാലും ബുക്കെടുത്തതല്ലേ എന്നു കരുതി ശങ്കുണ്ണി അന്നാ പേപ്പറു മുഴുവൻ സാമൂഹ്യ പാഠത്തിന്റെ ഉത്തരങ്ങൾ എഴുതിവെച്ചു.
പേപ്പർ നോക്കാനിരുന്ന ശാലിനി ടീച്ചറുടെ തല പെരുത്തു കേറി . ഒടുവിൽ ടീച്ചറാ പേപ്പർ തലങ്ങും വിലങ്ങും കീറിക്കളഞ്ഞു.
അപ്രാവശ്യം ശങ്കുണ്ണിക്ക് മാത്രം ഉത്തരപേപ്പർ കിട്ടിയില്ല.
ആയിടക്കാണ് വീണ്ടും ഗ്രാമത്തെ വിറപ്പിച്ചു കൊണ്ട് പുലിയിറങ്ങിയത്. കുറേ നാളുകളായി സമാധാനത്തോടെ കഴിഞ്ഞു വരുകയായിരുന്ന നാട്ടുകാരുടെ ഇടയിലേക്ക് ഇടിത്തീ പോലെയാണ് ആ വാർത്ത പറന്നിറങ്ങിയത് .
പുലർച്ചെ കള്ള് ചെത്താൻ പോയ അവറാൻ ചേട്ടനായിരുന്നു തെങ്ങിൻ ചുവട്ടിൽ കിടക്കുന്ന പുലിയെ കണ്ടത്. പുലിയാണെന്നുള്ള യാതൊരു കൺസെപ്റ്റും സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന അവറാൻ ചേട്ടൻ ആയ് ഇതേത് നായയാണപ്പാ ഇവിടെ വന്നു കിടക്കുന്നതെന്നും ചോദിച്ചോണ്ട് ഒരു കല്ലെടുത്ത് ഒറ്റ വീക്കായിരുന്നു. ഒരു നായയുടെ ഓളി പ്രതീക്ഷിച്ച അവറാൻ ചേട്ടൻ പുലി ഗർജ്ജനം കേട്ട് ഞെട്ടി.
ഉറങ്ങിക്കിടക്കുന്നവന്റെ തലയിൽ കല്ലെടുത്തെറിയുന്നോ മരമാക്രി എന്നു പുലിയുടെ ഭാഷയിൽ ചോദിച്ചുകൊണ്ടായിരുന്നു പുലി ഗർജ്ജിച്ചത്.
പൂ ...പു ...പു ...ന്നും പറഞ്ഞ് അവറാൻ ചേട്ടൻ വിക്കി.
തന്നെ തെറി പറയാൻ പോവാന്നും വിചാരിച്ച പുലി കാതുകൾ പൊത്തി.
അപ്രതീക്ഷിതമായി പുലിയെ കണ്ട് വിറച്ച അവറാൻ ചേട്ടൻ ജീവനും കൊണ്ട് പാഞ്ഞു.
പാവം സൈക്കിളിനെ പുലിക്ക് തിന്നാൻ കൊടുത്തിട്ടായിരുന്നു അവറാൻ ചേട്ടൻ പാഞ്ഞത്. പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്കായിരുന്നു ആ ഓട്ടം അവറാൻ ചേട്ടൻ നടത്തിയത് .
വെളുപ്പാൻ കാലത്ത് ഒരാൾ തന്റെ ചായക്കടയിലേക്ക് പാഞ്ഞു വരുന്നത് കണ്ട പാക്കരൻ ചേട്ടൻ ആദ്യമൊന്ന് പേടിച്ചു.
പിന്നെയാ ആളെ മനസ്സിലായത് . ഈശ്വരാ അവറാനാണല്ലോ ആ ഓടി വരുന്നത് ? ഒരു ചായ കുടിക്കാൻ മാത്രം ഇത്രം സ്പീഡിൽ വരേണ്ട കാര്യമുണ്ടോ?.
ഇനി എന്നെ തല്ലാനെങ്ങാനുമാവോ ?.
എന്തിന് ?.
ആ ചോദ്യം സ്വയം ചോദിച്ചതോടെ പാക്കരൻ ചേട്ടനൊന്ന് ഞെട്ടി.
എത്രയാലോചിച്ചിട്ടും തന്നെയെന്തിനാണ് തല്ലാൻ വരുന്നതെന്ന് പാക്കരൻ ചേട്ടന് മനസ്സിലായില്ല.
ചിലപ്പോ വെറുതെയാണെങ്കിലോ ?
വെറുതേ ഒരാളെ പിടിച്ച് തല്ലേ ? ഇത് രണ്ടും പാക്കരൻ ചേട്ടൻ, പാക്കരൻ ചേട്ടന്റെ മനസ്സിനോട് ചോദിച്ചതായിരുന്നു . പക്ഷെ രണ്ടിനും മനസ്സ് ഉത്തരം കൊടുത്തില്ല .
അവൻ തല്ലിയാ ഞാൻ കൊല്ലുമെന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ വിറച്ചു നിന്നു .
ഏതായാലും വെറുതെ ആലോചിച്ചു നിന്ന് തല്ലു വാങ്ങേണ്ടാന്നും കരുതി അകത്തേക്ക് ഓടിക്കയറിയ നിമിഷത്തിലായിരുന്നു , പുലിയിറങ്ങിയേ ..പുലിയിറങ്ങിയേയെന്നും അലറി വിളിച്ചോണ്ട് അവറാൻ ചേട്ടൻ പാഞ്ഞു കയറീയത്.
ഒരുകുടം വെള്ളം നിന്ന നിൽപ്പിൽ കുടിച്ചു തീർത്ത അവറാൻ ചേട്ടന് ദാഹം അടങ്ങണില്ല. ഇനിയും വെള്ളം വേണമെന്ന് ആംഗ്യം കാണിച്ച അവറാൻ ചേട്ടന്, കിണറ് ചൂണ്ടിക്കാണിച്ചു കൊടുത്തു പാക്കരൻ ചേട്ടൻ .
അന്ന് രാത്രി പാൽക്കാരൻ മൊയ്തൂന്റെ രണ്ടു ആടുകളെ പുലി പിടിച്ചു. പെരുന്നാളിനു ബിരിയാണി വെക്കാൻ മൊയ്തു ആശിച്ചു, മോഹിച്ചു വളർത്തിയതായിരുന്നു അവറ്റകളെ .
ആ ബിരിയാണി ഓർത്ത് മൊയ്തു ദിവസോം വെള്ളം ഇറക്കിക്കൊണ്ടിരുന്നതാ.
മൊയ്തു ബിരിയാണി വെക്കുമ്പോ തനിക്കും ഒരു പ്ളേറ്റ് കിട്ടുമെന്നും കരുതി മൊയ്തുവിന്റെ അയൽക്കാരൻ നാരായണേട്ടനും വെള്ളമിറക്കിക്കൊണ്ടിരുന്നതാ. രണ്ടുപേർക്കും ഇറക്കിയ വെള്ളം മാത്രം മിച്ചം.
ബിരിയാണിക്ക് വെച്ച ആടിനേയും കൊണ്ട് പുലി പോയി. എന്നാലും ഒരു കരച്ചില് പോലും കേട്ടില്ലല്ലോന്നാ മൊയ്തു എല്ലാവരോടും പറഞ്ഞത്.
ഏതാണ്ട് പുലി വന്ന് വിളിച്ചപ്പോ ആട് ഇറങ്ങിപ്പോയ പോല്യാ മൊയ്തു പറയണ കേട്ടാ തോന്നാ.
എന്റെ മൊയ്‌തോ, ആടിന്റെ കൊങ്ങക്ക് പുലി പിടിച്ചാ അതിന് കരയാൻ പറ്റോ ?.
എന്നാലും ഒന്ന് കരയായിരുന്നു.
ആട് കരഞ്ഞാ താനെന്താ ആ പുലിയെ പോയി കൊല്ലോ?.
ഗൾഫ് കാരൻ ഭാസ്ക്കരേട്ടനാ അത് ചോദിച്ചേ ?.
നീയാ കരച്ചില് കേക്കാതിരുന്നത് നന്നായി എന്റെ മൊയ്‌തോ. നിന്നെ കണ്ടിരുന്നെങ്കി പുലി ആടിനെ വിട്ട് നിന്റ കൊങ്ങക്ക് പിടിച്ചേനേ?. മനുഷ്യന്റെ ഇറച്ചിയാ പുലിക്ക് കൂടുതൽ ഇഷ്ട്ടം.
ഭാസ്കരേട്ടൻ പറഞ്ഞത് കേട്ട് മൊയ്തു ഞെട്ടി ആ രംഗം ഓർത്തോർത്ത് വീണ്ടും വീണ്ടും ഞെട്ടി. പുലി തന്റെ കൊങ്ങക്ക് പിടിക്കുന്ന രംഗം മനസ്സിൽ തെളിഞ്ഞതോടെ മൊയ്തുവിന് തൊണ്ടവേദന വന്നു.
ആ വിവരം മൊയ്തു തന്റെ ഭാര്യ പാത്തിമയോട് പറഞ്ഞു.
ഭാഗ്യം എന്റെ പൊന്നെ ഇങ്ങള് പോവാതിരുന്നത്.
എന്റെ അള്ളാ, ആ ആടുകൾക്ക് ഒന്ന് കരയാൻ പോലും തോന്നിയില്ലല്ലോന്നായിരുന്നു അതോടൊപ്പം പാത്തിമാ മനസ്സിൽ പറഞ്ഞത്.
പാത്തുമ്മയുടെ മനസ്സിലിരുപ്പ് മൊയ്തുവിന് മനസ്സിലായിട്ടോ എന്തോ മൊയ്തു പാത്തുമ്മയെ ഒന്ന് നോക്കി അതോടെ പാത്തുമ്മ വേഗം അകത്തേക്ക് കേറിപ്പോയി.
ഏതായാലും പുലിയെ ഇങ്ങനെ വിട്ടാൽ പറ്റില്ലെന്ന് തീരുമാനമെടുത്ത നാട്ടുകാർ മെമ്പർ സുകേശന്റെ നേതൃത്വത്തിൽ സംഘടിക്കുകയും വനം വകുപ്പിൽ വിവരമറിയിക്കുകയും ചെയ്തു.
അവർ വീണ്ടും കൂടു വെച്ചു കൂടിനുള്ളിൽ ആടിനെ കെട്ടി ആ ആടിനെ മാത്രം പുലി തിന്നില്ല.
പുലി ഭയങ്കര ബുദ്ധിമാനെന്ന് വനം വകുപ്പുകാർ വീണ്ടും പറഞ്ഞു. ബുദ്ധിയില്ലാത്ത റോമു വീണ്ടും ആ കൂട്ടിൽ പെട്ടു. പത്തലും പന്തവുമായി നാട്ടുകാർ ഓടിവരുന്ന കണ്ടതോടെ ഇപ്രാവശ്യവും ആ പാവം ബോധം കെട്ടു വീണു.
ബോധം കെട്ടു കിടക്കുന്ന റോമുവിനെ വീണ്ടും പാക്കരൻ ചേട്ടൻ എടുത്തോണ്ട് വീട്ടിലേക്കു വന്നു.
ഇത് കണ്ട മണികണ്ഠൻ പൂച്ചക്ക് ആകെ ചിരി ഇവൻ വീണ്ടും പോയി കൂട്ടില് പെട്ടോ, എന്നാണാവോ ഈ മരങ്ങോടനെ പുലി പിടിക്കാ?.
പുലിയുടെ മുന്നിൽ റോമു വിറച്ചു നിൽക്കുന്ന രംഗം ആലോചിച്ചതോടെ മണികണ്ഠന് ചിരിയോട് ചിരി.
ചിരിച്ചു ചിരിച്ചു മണികണ്ഠൻ തിണ്ണമേലിരുന്ന് താഴെ വീണു അതോടെ അവന്റെ ചിരി നിന്നു.
ഇനി നിന്നെ ഇതിനകത്ത് കണ്ടാ ആടിനു പകരം നിന്നെയാവും പുലിക്ക് കെട്ടിയിട്ട് കൊടുക്കുക. അതു പറഞ്ഞയാളുടെ കാലുമ്മേ പോയി റോമു നക്കി. അവന് യാതൊരു മുൻപരിചയവും ഇല്ലാത്തോനായിരുന്നുയയാൾ
നമുക്കാ വാറുണ്ണിയെ വിളിച്ചാലോ ?.
അവറാൻ ചേട്ടന്റെ മനസ്സിൽ പുലിവേട്ടക്കാരനെന്നു കേട്ടാ എന്തോ വാറുണ്ണിയുടെ പേരാ തെളിയാ.
പ്രേഷിതൻ സുകുവാ പറഞ്ഞത് ധ്യാനം നടത്താൻ പോയ സ്ഥലത്ത് ഒരു പുലിവേട്ടക്കാരനുണ്ടത്രേ അയാളുടെ പേര് കേട്ടാ പുലി നിന്ന നിൽപ്പിൽ മുള്ളുന്ന് .
എന്റെ സുകുവേ പുലിയെ മുള്ളിക്കാനല്ല നമ്മള് ആളെ കൊണ്ടുവരുന്നത് അതിനെ കൊല്ലാനാ.
ആ വലിയ തമാശ പറഞ്ഞ് ഭാസ്ക്കരേട്ടൻ ചിരിച്ചു. ഭാസ്ക്കരേട്ടൻ ചിരിക്കുന്നതിന്റെയൊപ്പം ഭാസ്ക്കരേട്ടന്റെ കുടവയറും ചിരിച്ചു.
പക്ഷേ അവർ രണ്ടുപേരും മാത്രമേ ചിരിച്ചുള്ളൂ.
ആരും കൂടെ ചിരിക്കുന്നില്ലെന്ന് മനസ്സിലായതോടെ അതൊരു ചീറ്റിയ വെടിയാണെന്ന് മസ്സിലായ ഭാസ്ക്കരേട്ടൻ ചിരി നിറുത്തി കൂടെ ഭാസ്ക്കരേട്ടന്റെ കുടവയറും ചിരി നിറുത്തി.
അതോടെ ഞാനൊരു തമാശ പറഞ്ഞെതാണെന്നും പറഞ്ഞ് ആ തമാശയല്ലാത്ത തമാശയെ ഭാസ്കരേട്ടൻ സീരിയസ്സാക്കി മാറ്റി.
എന്താ അയാളുടെ പേര് ?.
കപ്യാര് ഈനാശു ചേട്ടന്റെയാ ചോദ്യത്തിന് സുകുവൊന്ന് വിക്കി.
പെട്ടെന്ന് ഓർമ്മയിലൊരു പേര് വരാത്ത കാരണം സുകു അന്ത്രോണീസെന്നാ പറഞ്ഞത് . അത്തരമൊര് പേര് കേട്ട് എല്ലാവരും ഞെട്ടി.കാരണം അങ്ങിനെയൊരു പേര് ആദ്യമായിട്ടായിരുന്നു ഞങ്ങൾ ഗ്രാമവാസികൾ കേക്കുന്നത് .
പേര് അറിയില്ലെങ്കി ഓർമ്മയില്ലെന്നോ മറ്റോ പറഞ്ഞാ മതിയായിരുന്നുവെന്ന സുകുവിന് പിന്നെ തോന്നിയത് .
പക്ഷെ , ഓർമ്മയില്ലെന്ന് പറഞ്ഞാ നാട്ടുകാർക്ക് താൻ പറയുന്നത് സത്യമല്ലെന്ന തോന്നൽ ഉണ്ടാവുമെന്നു കരുതിയാ സുകു തല പുണ്ണാക്കി ആലോചിച്ചോണ്ടിരുന്നത്.
തല എത്ര പുണ്ണാക്കിയിട്ടും കാര്യമുണ്ടാവാതെ വരുകയും അതോടൊപ്പം രണ്ടു പേര് വായിൽ ഒരുമിച്ച് വരുകയും ചെയ്തതോടെയാ സുകു അന്ത്രോണിയെന്നു വെച്ചു കാച്ചിയത്. അന്നു രാവിലെ സുകു പ്രേഷിത പ്രവർത്തനത്തിന് പോയപ്പോ പരിചയപ്പെട്ടവരായിരുന്നു അന്ത്രുവും ജോണിയും.
അന്ത്രോണിയോ ? ഇതുവരെ കേൾക്കാത്തൊരു പേര് കേട്ട നാട്ടുകാർ ആശ്ച്ചര്യം കൂറി.
അതോടെ അന്ത്രോണിയല്ല, അന്ത്രുവെന്ന് സുകു തിരുത്തിപ്പറഞ്ഞു.
അന്ത്രുവോ ? പുലി വേട്ടക്കാരന്റെ പേരാണോ അന്ത്രുന്ന് ഈ പേരു കേട്ടാണോ പുലി പേടിച്ചു മുള്ളുന്നത്? പുലി മുള്ളുന്നത് പേടിച്ചിട്ടാവില്ല, ചിരിച്ചു ചിരിച്ചാവും.
പീലിപ്പോസ് മുതലാളിയുടെ ആ തമാശ കേട്ട് നാട്ടുകാർ ഒന്നടങ്കം ചിരിച്ചു .
അപ്പോഴാ സുകുവാ സത്യം വിളിച്ചു കൂവിയത് . എന്റെ ചേട്ടാ എനിക്കയാളുടെ പേര് ഓർമ്മയില്ല. പക്ഷെ നാടോർമ്മയുണ്ട് , വീടോർമ്മയുണ്ട് , മുഖം ഓർമ്മയുണ്ട്. ആ മുഖം കണ്ടാ , മൃഗങ്ങൾ ജീവനും കൊണ്ടോടും , പുലികൾ വീണു ചാവും , മനുഷ്യർ പേടിച്ചു ഞെട്ടും.
അത് കേട്ടവശം പാക്കരൻ ചേട്ടനൊന്ന് ഞെട്ടി. തന്റെ ഞെട്ടൽ ആരും മനസ്സിലാക്കാതിരിക്കാൻ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു കൊണ്ട് അതൊരു ഉളുക്കലാക്കി മാറ്റി .
കാണുമ്പോഴേക്കും ഞെട്ടുന്ന മുഖം ഏതാണെന്ന് ഓരോരുത്തരും മനസ്സിൽ ആലോചിച്ചു.
അങ്ങനെ ആലോചിച്ച് ആലോചിച്ച് പലചരക്കു കടക്കാരൻ സുപ്രു ഞെട്ടി സുപ്രുവിന്റെ മനസ്സിൽ തെളിഞ്ഞ രൂപം സ്വന്തം ഭാര്യയുടേതായിരുന്നു.
കപ്യാര് ഈനാശു ചേട്ടന്റെ മനസ്സിൽ തെളിഞ്ഞ മുഖം പീലിപ്പോസ് അച്ചന്റേതായിരുന്നു .
അങ്ങനെ ഓരോരുത്തരുടേയും മനസ്സിൽ ഓരോരോ മുഖങ്ങൾ തെളിയുകയും ഞെട്ടുകയും ചെയ്തു കൊണ്ടിരുന്നു . സൈക്കിളു കടക്കാരൻ സുധാകരേട്ടന്റെ മനസ്സിൽ തെളിഞ്ഞ മുഖം ഡ്രാക്കുളയുടേതായിരുന്നു.
അന്നാ, എത്രയും പെട്ടെന്ന് നീ അയാളെ പോയി വിളിച്ചോണ്ട് വായോ എന്റെ സുകോ.
എന്നെക്കൊണ്ട് ഒറ്റക്കൊന്നും പറ്റത്തില്ല.
അതോടെ ആ ടാസ്ക്ക് ഒരു കൂട്ടം ആളുകളിൽ നിഷിപ്തമായി.
അങ്ങനെ കണ്ടാലുടൻ ഞെട്ടണ പുലിവേട്ടക്കാരനെ വിളിക്കാനായി , രാജപ്പേട്ടന്റെ ജീപ്പിൽ മെമ്പർ സുകേശൻ, ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ, ഗൾഫ് കാരൻ ഭാസ്കരേട്ടൻ, പലചരക്കു കടക്കാരൻ സുപ്രു, ഷാപ്പു കാരൻ വറീത്, വാറ്റുകാരൻ റപ്പായി, മീൻ കാരൻ മമ്മദ്, അവറാൻ ചേട്ടൻ എന്നിവർ ചേർന്ന് യാത്രയായി.
കപ്യാര് ഈനാശു ചേട്ടൻ സംഭവമറിഞ്ഞ് ഓടിപ്പാഞ്ഞു വന്നതായിരുന്നു പക്ഷെ സ്ഥലമില്ലാത്ത കാരണം പോകാൻ പറ്റിയില്ല.
ആ ചമ്മൽ മറക്കാൻ വേണ്ടി ഞാൻ ചായ കുടിക്കാൻ വന്നതാണെന്നു പറഞ്ഞ് ഈനാശു ചേട്ടൻ തകിടം മറിഞ്ഞു . പക്ഷേ അതാരും വിശ്വസിച്ചില്ല കാരണം ഈനാശു ചേട്ടനൊരിക്കലും ചായ കുടിക്കാൻ വരാത്തതാണെന്ന് ഏവർക്കും അറിയാമായിരുന്നു.
പോണ പോക്കിൽ കള്ളു കുടിക്കുമെന്നുള്ള സംസാരം എങ്ങിനെയോ ഈനാശു ചേട്ടന്റെ ചെവിട്ടിലെത്തിയിരുന്നു. അതു കാരണാ രാവിലെത്തന്നെ മുണ്ടും ഷർട്ടുമണിഞ്ഞ് ആളെത്തിയത് പുലി വേട്ടക്കാരനെ കണ്ട് ഞെട്ടിയാലും കുഴപ്പമില്ല കള്ളു കുടിക്കാലോ?. എന്നുള്ളതായിരുന്നു ആ പറന്നു വരവിനു പിന്നിൽ
പാതി ദൂരം പിന്നിട്ടപ്പോഴായിരുന്നു ആ ഞെട്ടിക്കുന്ന സത്യം എല്ലാവരുമറിഞ്ഞത് .
ആ ഞെട്ടിക്കുന്ന സത്യമെന്താണെന്നു വെച്ച, ഞെട്ടിപ്പിക്കുന്ന മുഖമറിയുന്ന , സ്ഥലമറിയുന്ന, വീടറിയുന്ന സുകു മാത്രം ജീപ്പിലുണ്ടായിരുന്നുല്ല എന്നുള്ളതായിരുന്നു .
എന്നാലും മുന്നോട്ട് പോവാന്നാ മീൻ കാരൻ മമ്മദ് പറഞ്ഞത്.
പുലിവേട്ടക്കാരനെ കാണുന്നതിലുപരി, എത്രയും പെട്ടെന്ന് ബ്രാണ്ടി കുടിക്കാനുള്ള ധൃതിയായിരുന്നു മമ്മദിന് .
ആയ് സുകുവില്ലാണ്ട് എങ്ങിനെയാ ആളെ തിരിച്ചറിയാ ?.
അവസാനം ജീപ്പ് തിരിച്ചു വന്നു. സുകുവൊന്ന് മൂത്രമൊഴിക്കാൻ പറമ്പിലോട്ട് ഇറങ്ങിയതായിരുന്നു ആ സമയത്താ ജീപ്പ് തന്നെക്കൂടാതെ പോയെന്ന് സുകുവിന് മനസ്സിലായത്.
ഞാൻ കേറിട്ടില്ല, കേറിട്ടില്ലാന്ന് സുകു വിളിച്ചു പറഞ്ഞെങ്കിലും ബ്രാണ്ടി കുടിക്കാനുള്ള ധൃതിയിൽ സുകുവിന്റെ വിലാപം ആരും കേട്ടില്ല എന്നുള്ളതായിരുന്നു സത്യം .
അങ്ങനെ വീണ്ടും ആ ജീപ്പ് കണ്ടാൽ ഞെട്ടുന്ന ആ പുലി വേട്ടക്കാരനെ തേടി യാത്രയായി.
ഞങ്ങളുടെ ഗ്രാമം മുഴുവൻ അയാളുടെ വരവിനായി പ്രതീക്ഷയോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.
കണ്ടാ ഞെട്ടണ പുലിവേട്ടക്കാരനെ കാണുമ്പോ എങ്ങിന്യാ ഞെട്ടാന്നാ പച്ചക്കറി കടക്കാരൻ വേണുവിന്റെ ചെക്കൻ സുബ്രമണ്യൻ ചോദിച്ചത്.
അത് കാണിച്ചു കൊടുക്കാൻ വേണ്ടി വേണു ആ ഞെട്ടൽ സ്വയം കാണിച്ചു.
കണ്ണും നാക്കും തുറിച്ചുള്ള വേണുവിന്റെയാ ഞെട്ടൽ കണ്ടതോടെ സുബ്രമണ്യൻ ഞെട്ടിയിട്ട് കരഞ്ഞോണ്ട് ഓടി.
കുട്ടികളെ പേടിപ്പിക്കാൻ അമ്മമാർ പറഞ്ഞു.
കണ്ടാൽ ഞെട്ടണ വേട്ടക്കാരൻ വരുന്നുണ്ട് കരഞ്ഞാൽ അയാൾക്ക് പിടിച്ചു കൊടുക്കും. അത് കേട്ട് കുട്ടികൾ ഞെട്ടിക്കൊണ്ട് , കരയാത്ത കുട്ടികൾ കരഞ്ഞു. ധൈര്യമുള്ള കുട്ടികൾ അയാൾ കൊക്കാച്ചിയാണോന്ന് ചോദിച്ചു?.
ഗ്രാമം മുഴുവൻ ഞെട്ടാനായി അയാളുടെ വരവിനായി കാത്തിരിക്കുകയാണ്.
ഇതിനിടയിൽ റോമു കണ്ണാടിയിൽ പോയി നോക്കി തന്റെ മുഖം പുലിയുടേതല്ല ഒരു നായുടേത് തന്നെയെന്ന് ഉറപ്പു വരുത്തി. ആളു തെറ്റി, പുലിയെ കൊല്ലാൻ വന്നവൻ തന്നെ വെടിവെച്ചു കൊല്ലരുതല്ലോ?.
മണികണ്ഠൻ പൂച്ചയാണെങ്കിൽ അടുത്ത ഗ്രാമത്തിലുള്ള തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി. ഇതൊരു ചെറിയ പുലിയാണെന്നും പറഞ്ഞ് തന്നെ വെടിവെച്ച് കൊന്നാലൊന്ന് മണികണ്ഠന് നല്ല പേടിയുള്ളതിനാലായിരുന്നൂവത്.
വെടി കിട്ടിക്കഴിഞ്ഞിട്ട് താൻ പുലിയല്ല പൂച്ചയാണെന്ന് പറഞ്ഞു മനസ്സിലാക്കിയിട്ട് വല്ല കാര്യവുണ്ടോ?. വെറുതെ റിസ്ക്ക് എടുക്കേണ്ടന്നു കരുതിയാ മണികണ്ഠൻ രായ്ക്കു രാമാനം സ്ഥലം വിട്ടത്. സംഗതിയവിടെ എന്നും കഞ്ഞിയും പരിപ്പുമാണ് മണികണ്ഠന്റെ സുഹൃത്തിന് കൊടുക്കാറ് എന്നാലും സാരമില്ലെന്നും പറഞ്ഞാ മണികണ്ഠൻ രായ്ക്കു രാമാനം സ്ഥലം വിട്ടത് , ജീവൻ കിട്ടൂലോ?.
ഏതായാലും കാത്തിരിപ്പിനൊടുവിൽ ആ ജീപ്പിന്റെ ശബ്ദം ഗ്രാമത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഇങ്ങെത്തിയത് എല്ലാവരും കേട്ടു.
അതാ അവരെത്തി കണ്ടാൽ ഞെട്ടുന്ന പുലിവേട്ടക്കാരനേം കൊണ്ട് .
0 അഭിപ്രായങ്ങള്‍