ആകാംഷ മൂത്ത നാട്ടുകാർ മുഴുവൻ കവലയിലുണ്ടായിരുന്നു 

കണ്ടാൽ ഞെട്ടണ ആളെ കാണുമ്പോ ഞെട്ടാനായി എല്ലാവരും തയ്യാറെടുത്തു

ഭീതിതരായ  കുട്ടികൾ അമ്മമാരുടെ പുറകിലൊളിച്ചു അമ്മമാർ ഭർത്താക്കൻ മാരുടെ പുറകിലൊളിച്ചു ഭർത്താക്കൻ മാർക്ക് മറ്റാരുടേയും  പുറകിലൊളിക്കാൻ ഇടമില്ലാത്തതു കൊണ്ട് അവർ  സ്വന്തം കൈകളുടെ പുറകിലൊളിച്ചു   സുപ്രുവിന്റെ ഭാര്യ കിങ്ങിണി ആളു മാറി  ചെത്തുകാരൻ കുമാരന്റെ പുറകിൽ ഒളിച്ചു സംശയ രോഗിയായ സുപ്രു ഇതു കണ്ടു ഞെട്ടി ഒരു പാട് അരുതാത്ത ചിന്തകൾ ഈ സമയം സുപ്രുവിന്റെ മനസ്സിലൂടെ  കടന്നുപോയി അപകടം  തിരിച്ചറിഞ്ഞ കിങ്ങിണി കുമാരനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ച് ഓടി മാറി ചുവന്നിരിക്കുന്ന സുപ്രുവിന്റെ മുഖം കണ്ടതോടെ വേട്ടക്കാരനെ പിന്നെ കാണാമെന്നും കരുതി കുമാരൻ മുങ്ങി ഇല്ലെങ്കിൽ താനൊരു വേട്ട മൃഗമായി മാറിയാലോ എന്നൊരു പേടി കുമാരനുണ്ടായിരുന്നു 

അതാ ജീപ്പിൽ നിന്ന് ഒരാൾ ഇറങ്ങുന്നു നാട്ടുകാർ ഒന്നടങ്കം ഞെട്ടി പക്ഷേ അത് അവറാൻ ചേട്ടനായിരുന്നു 

അതാ അടുത്തയാൾ ഇറങ്ങി , നാട്ടുകാർ ഒന്നടങ്കം വീണ്ടും ഞെട്ടി പക്ഷെ അത് സുകുവായിരുന്നു, രണ്ടു ഞെട്ടലുകൾ വെറുതെ വേസ്റ്റായിപ്പോയി 

ജീപ്പിലേക്ക് നോക്കി അവറാൻ ചേട്ടനും സുകുവും വണങ്ങി നിൽക്കുന്നു അവറാൻ ചേട്ടൻ ബഹുമാനം കൊണ്ട് ആകെ വളഞ്ഞ്  ഇപ്പൊ മൂക്കും കുത്തി നിലത്തു  വീഴുമെന്ന പോലെയാണ് നിൽക്കുന്നത് അതാ ഒരു തോക്കിന്റെ തലവെട്ടം,  രണ്ടു ഭീമാകാരമായ കാലുകൾ അതിന്റെയൊപ്പം ഭീമാകാരമായൊരു മുഖം അതിനേക്കാൾ വലിയ ഭീമാകാരമായ ശരീരവുമായി ആ ഭീമാകാരൻ പുറത്തേക്കറിങ്ങി രണ്ടുപ്രാവശ്യം ഞെട്ടിയ നാട്ടുകാർ മൂന്നാമത്തെ ഞെട്ടലിനായി മറന്നു ഓർമ്മ വന്ന ചിലർ ഞെട്ടി അത് കണ്ട് മറ്റുള്ളവരും ഞെട്ടി  

ആറ് ആറരയടി പൊക്കത്തിലൊരു  ഘടോൽക്കചൻ മീശയുടെ രണ്ടറ്റവും മുകളിലോട്ട് കേറിപ്പോയി തലമുടിയുമായി  കോർത്തിരിക്കുന്നു, കുറ്റിത്താടി ചുവന്ന ഉണ്ടക്കണ്ണുകൾ, കുറ്റിത്തലമുടി ഈ ഭീകര രൂപം കണ്ടാൽ തന്നെ  എല്ലാവരും ഞെട്ടും 

ഇവനാണ് പുലിവേട്ടക്കാരൻ ഇടിവെട്ട് പീലി 

ആ പേര് കേട്ടാൽ പുലികൾ തലചുറ്റി വീഴും 

ഒർജിനൽ പേര് പീലിയെന്നായിരുന്നു പക്ഷേ അത് കേട്ടാൽ പുലികൾ  നൃത്തം ചെയ്യുമോയെന്ന് പേടിച്ചാണ് മുന്നിലൊരു ഇടിവെട്ടിനെ കൂടി ചേർത്തത് .പീലി ഇറങ്ങിയതും ശക്തമായൊരു ഇടിവെട്ട് വെട്ടിയതും ഒരുമിച്ചായിരുന്നു 

ആ വെട്ട് കേട്ടതോടെ പീലി ആകാശത്തേക്ക് തോക്ക് ചൂണ്ടി തന്റെ വന്ദനം അറിയിച്ചു എല്ലാവരും പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് അയാളെ ആനയിച്ചു 

അവറാൻ ചേട്ടൻ ചായക്കട വരേയ്ക്കും കുമ്പിട്ടു കൊണ്ടായിരുന്നു പീലിയെ അനുഗമിച്ചത്  ഒരു കൈയ്യിൽ ചായയും മറുകൈയ്യിൽ കാപ്പിയുമായി പാക്കരൻ ചേട്ടൻ വിറച്ചോണ്ട് നിൽപ്പുണ്ടായിരുന്നു ഏതാ ചോദിക്കാന്ന് അറിയത്തില്ലല്ലോ  റോമു പേടിച്ചു വിറച്ച്  കൂട്ടിൽ നിൽപ്പുണ്ട് അവന്  കുരക്കണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ട് പക്ഷെ പേടി കുരച്ചാൽ പീലി വെടിവെച്ചാലോ താൻ വെടി കൊണ്ട് ചത്താ ആരും ചോദിക്കാൻ പോലും വരത്തില്ല താൻ തമാശക്ക് വെടി വെച്ചതെന്നായിരിക്കും ചിലപ്പോ പീലി പറയുക അല്ലെങ്കിൽ താനൊരു  പുലിയെന്ന്  തോന്നിയെന്നായിരിക്കും  ഇനി ഇത് രണ്ടുമല്ലെങ്കിൽ തോക്കിൽ ഉണ്ടയുണ്ടോ എന്നറിയുവാനുള്ള ടെസ്റ്റ് നടത്തിയതാണെന്നു കൂടി പറയും പീലിക്ക് എന്തും പറയാം ആരും എതിർക്കില്ല  വെറുതെ കുരച്ച് പുലിക്കു വെച്ച ഉണ്ട ചോദിച്ചു വാങ്ങണോ കണ്ടാ തന്നെ അറിയാം ഒരു ദാക്ഷിണ്യവും , ഇല്ലാത്തോനാണെന്ന് 

എന്നാലും അപരിചതരെ കാണുമ്പോ എങ്ങിനെയാ കുരക്കാതിരിക്കാ ?നായ്ക്കളുടെ പാരമ്പര്യമല്ലേ അത് ? പക്ഷേ പാരമ്പര്യം നോക്കാൻ പോയാൽ  ചിലപ്പോ വെടി കൊണ്ട് ചാവേണ്ടി വരും എന്നിട്ടും കുരാക്കാനുള്ള വാഞ്ജ അടക്കാനാകാതെ റോമു ഒന്ന്  ചുമച്ചു അതൊരു കുരയായിരുന്നുവെന്നു   വിശ്വസിച്ചുകൊണ്ട് താൻ  തന്റെ കടമ നിറവേറ്റിയെന്ന് അവൻ  ആശ്വസിച്ചു 

റപ്പായിയുടെ നായ സുഗുണൻ ഓടിവന്ന് പീലിയെ നോക്കി വാലാട്ടി അവൻ മുൻകൂട്ടി എറിഞ്ഞതായിരുന്നു മറ്റു നായ്ക്കളെപ്പോലെ ഓടാൻ സുഗുണന് കഴിയില്ല പുറകിലൊരു വളവുണ്ട് എപ്പോഴെങ്കിലും ഈ മാരണത്തിനെ വഴിയിൽ വെച്ച് കണ്ടാ ഉണ്ട കൊണ്ട് ചാവേണ്ടെന്നും കരുതിയാ  സുഗുണൻ പോയി വാലാട്ടി നിന്നത് 

സുഗുണന്റെ ആ പ്രവർത്തി റപ്പായിക്ക് തീരെ ഇഷ്ടപ്പെട്ടില്ല പരട്ടു നായ തന്നെ നോക്കി വാലാട്ടത്തില്ല  ഏതോ വരത്തനെ കണ്ടപ്പോഴേക്കും കാണിക്കുന്നത് കണ്ടില്ലേ? തീറ്റ ഇവിടെയും കൂറ് അവിടേയും   പക്ഷെ പീലിയുള്ളതു കൊണ്ട്  റപ്പായിക്ക് മിണ്ടാൻ പേടി  സ്വന്തം നായയെ ചീത്ത പറഞ്ഞതിന് പീലിയുടെ കൈയ്യീന്ന് ചിലപ്പോ ഇടി കൊള്ളേണ്ടി വരുമോയെന്ന് എന്തോ റപ്പായിക്ക് ഒരു സംശയം പീലിയുടെ ഒരു കൈവിരലിനു പോലും താനില്ല പരട്ടു നായ വീട്ടിലോട്ട് വരട്ടെ 

രണ്ടു കൈയ്യും വിറച്ചു കൊണ്ടാണ് പാക്കരൻ ചേട്ടൻ ആ ചായയും കാപ്പിയും പീലിക്കു നേരെ നീട്ടിയത് 

എന്താത് 

ഏതാണ്ട് പുലി ഗർജ്ജനം പോലെയുള്ള ആ സ്വരം കേട്ട് ചായക്കട മുഴുവൻ വിറച്ചു 

ഇത് ചായയും കാപ്പിയും അങ്ങേക്ക് ഏതാണ് വേണമെങ്കിൽ ആവാം പാക്കരൻ ചേട്ടൻ രാജാവിന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന അടിയനെ പോലെയാണത് പറഞ്ഞത് അത് കേട്ട് പീലി ചിരിച്ചു പൊട്ടി പൊട്ടി ചിരിച്ചു ആ ചിരിയുടെ അലയൊലികൾ ഞങ്ങളുടെ ഗ്രാമത്തെ വിറപ്പിച്ചു ചായക്കടയെ വിറപ്പിച്ചു 

പാക്കരൻ ചേട്ടന്റെ കൈയ്യിലുണ്ടായിരുന്ന ചായയും കാപ്പിയും വിറച്ചു എന്തോ വലിയ അപരാധം ചെയ്ത പോലെ എല്ലാവരും പാക്കരൻ ചേട്ടനെ നോക്കി 

എന്റെ കർത്താവേ താനൊരു ഉപകാരം ചെയ്യാൻ പോയതല്ലേ 

എല്ലാവരും വിറച്ചു നിന്നു ഒരു ആശ്രയത്തിനായി പാക്കരൻ ചേട്ടൻ ചുറ്റും നോക്കി വെടി കൊള്ളാൻ മാത്രം താൻ എന്ത് പാതകമാണ് ചെയ്തതെന്ന് പാക്കരൻ ചേട്ടന് അപ്പോഴും മനസ്സിലായില്ല ഇനി പുലിക്കു മുന്നേ താനായിരിക്കുമോ വേട്ടക്കാരന്റെ ഇര  ചോദിച്ചിട്ട് കൊടുത്താ മതിയായിരുന്നു വലിയ ആളല്ലേ ഇങ്ങനെ കൊടുത്താൽ ഒരു ഇമ്പ്രഷൻ കിട്ടും എന്നോർത്താ  ചായയും കാപ്പിയും രണ്ടു കൈയ്യിൽ വെച്ചത് അതിപ്പോ ഒരു വെടി കൊള്ളാനുള്ള കാരണമായി മാറിയിരിക്കുന്നു  

ആ ചിരിയുടെ അവസാനം പീലി തോക്കെടുത്തു അത് കണ്ട് പാക്കരൻ ചേട്ടൻ ഞെട്ടി 

അയാളാ തോക്കുകൊണ്ട് പാക്കരൻ ചേട്ടനെ വെടിവെച്ച് കൊല്ലും നാട്ടുകാർ പിറുപിറുത്തു  

ചായയും കാപ്പിയും കൊടുത്തതിന് കൊല്ലേ ?  അതുകാണാൻ കരുത്തില്ലാതെ എല്ലാവരും  കണ്ണുകൾ ഇറുക്കിയടച്ചു പക്ഷേ ഒന്നും സംഭവിച്ചില്ല പീലി ആ തോക്കെടുത്ത് ഡെസ്ക്കിന്മേൽ വെച്ചു തന്റെ മുണ്ട് പൊക്കി ട്രൗസറിനുള്ളിലേക്ക് കൈയ്യിട്ടു 

കത്തിയെടുക്കാനാവും ആരോ പറഞ്ഞു തോക്കിനുള്ളത് പാക്കരൻ ചേട്ടൻ ഇല്ലാത്ത കാരണം കത്തി കൊണ്ട് തീർക്കാനാവും അതാ പീലിയുടെ കൈയ്യിൽ ഒരു കുപ്പി ഇനി കുപ്പി കൊണ്ട് അടിച്ചു കൊല്ലാനാവോ ആ കുപ്പി തുറന്ന് മുഴുവൻ പീലി വായിലേക്ക് കമിഴ്ത്തി നല്ല  വാറ്റു ചാരായത്തിന്റെ മണം 

ഗുളു ഗുളാന്നുള്ള ആ കുടി കണ്ട് കുടിയന്മാരായ നാട്ടുകാരുടെ വായിൽ വെള്ളം നിറഞ്ഞു.  നിറഞ്ഞ ആ വെള്ളത്തെ അവർ കുടു കുടാന്ന് കുടിച്ചിറക്കി ഇന്ന് വീട്ടീപ്പോയി ഇതുപോലൊന്ന് പരീക്ഷിക്കണമെന്ന് റപ്പായിക്ക് തോന്നി അതുപോലെ പരീക്ഷിക്കേം ചെയ്തു പക്ഷേ രണ്ടു കവിളെ കുടിക്കാൻ പറ്റിയുള്ളു മൂന്നാമത്തെ കവിളിനും മുന്നേ എന്റെ കർത്താവേ ന്നും  വിളിച്ചോണ്ട്  ബോധം കെട്ടു വീണ റപ്പായി രണ്ടുദിവസം കഴിഞ്ഞാ കണ്ണു തുറന്നത്

കാർക്കിൽ മണപ്പിച്ചാ ബോധം കെട്ടു വീഴുന്ന കക്ഷിയാ കുപ്പിയടക്കം മോന്താൻ നോക്കിയതെന്നും പറഞ്ഞ് റപ്പായിയുടെ ഭാര്യ ദാക്ഷായണിയേടത്തി ഒരു ദാക്ഷിണ്യവുമില്ലാണ്ട് റപ്പായിക്കിട്ട് ഒരു ചവിട്ടും കൊടുത്തു 

ചത്തു പോവാഞ്ഞിരുന്നത് ഭാഗ്യമെന്നാ  ചേടത്തി വിളിച്ചു പറഞ്ഞത്  

ഒറ്റ വലിക്ക് ആ കുപ്പി മുഴുവൻ കുടിച്ചു തീർത്ത പീലി പാക്കരൻ ചേട്ടന്റെ അലമാരയിൽ നിന്ന് മുട്ടയെടുത്ത് തിന്നു തന്നോട് ഒന്ന് ചോദിച്ചു കൂടേന്ന് പാക്കരൻ ചേട്ടന്റെ ഉള്ളിലുള്ള ഓണർ വെറുതേ ആശിച്ചു മിണ്ടാതിരുന്നോന്ന് ഫോട്ടോയിലുള്ള പാക്കരൻ ചേട്ടന്റെ അപ്പൻ അന്തോണിച്ചേട്ടൻ കണ്ണോണ്ട് കാണിച്ചു

പുലി വേട്ടക്കാരനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി പത്തു പുലിയെ ഒരുമിച്ച് വെടിവെച്ചു കൊന്നവനാ പീലി. ഒരു പുലിയെ ദ്വന്തയുദ്ധത്തിലൂടെ കീഴ്‌പ്പെടുത്തി രണ്ടായി വലിച്ചു കീറിയത്രെ 

ആ കഥകൾ കേട്ട് ഞങ്ങൾ ഞെട്ടി

 റോമു തന്റെ കാലുകൾ ചേർത്തുവെച്ചുകൊണ്ടാണ് ഇപ്പോൾ നടക്കുന്നത് തന്നെ പീലി കൈകൾ കൊണ്ട് വലിച്ചു കീറുന്ന രംഗം ആലോചിച്ചതോടെ അവന്  ശ്വാസം മുട്ട് വന്നു 

എന്തോ രണ്ടു ദിവസത്തേക്ക് പുലി ശല്യമുണ്ടായില്ല പുലി ഭയങ്കര ബുദ്ധിമാനാ പീലി ഇറങ്ങിയതറിഞ്ഞിരിക്കണം എന്നാ എല്ലാവരും പറഞ്ഞത് 

സത്യത്തിൽ പീലിക്ക് ആകാരം മാത്രമേയുള്ളൂ മനസ്സുകൊണ്ട് ഒരു സാധു,  പഞ്ച പാവം, നിഷ്ക്കളങ്കൻ ദിവസവും പള്ളിയിൽ പോകുന്നവൻ കുമ്പസാരിക്കുന്നവൻ ധ്യാനം കൂടുന്നവൻ അത് പതുക്കെ പതുക്കെയാണ് ഞങ്ങൾ നാട്ടുകാർക്ക് മനസ്സിലായത് അതോടെ പീലിയെക്കുറിച്ചുള്ള പേടി മാറി 

കർത്താവ് പീലിക്ക് കുഞ്ഞിരിയാടിന്റെ മനസ്സും രാക്ഷസന്റെ ശരീരവുമാണ് വെച്ചു കൊടുത്തത് എന്തോ ആ സമയത്ത് കർത്താവൊരു തമാശ മൂഡിലായിരുന്നിരിക്കണം 

അങ്ങനെ പീലി പുലിയെ വെടിവെക്കാൻ തക്കം പാർത്തിരുന്നു രാത്രീ മരത്തിന്റെ മുകളിൽ തമ്പടിച്ചു പക്ഷേ പുലി വന്നില്ല പുലി ഭയങ്കര ബുദ്ധിമാനായിരുന്നു അവസാനം പുലിയെ പിടിക്കാൻ പീലി കാട്ടിലേക്ക് കേറാമെന്നു വെച്ചു 

പുലി നാട്ടിലേക്കിറങ്ങിയില്ലെങ്കിൽ കാട്ടിലേക്കിറങ്ങി പുലിയെ പീലി പിടിക്കും 

ബുദ്ധിമാന്മാരായ നാട്ടുകാർ പീലിയെ ഉപദേശിച്ചു 

പീലി, കാട്ടിലേക്ക് കേറി പുലിയെ വെടിവെക്കുന്നത് റിസ്‌ക്കല്ലേ 

അത് കേട്ട് പീലി പൊട്ടിച്ചിരിച്ചു അത് പറഞ്ഞ ബുദ്ധിമാൻ ചമ്മി വല്യ ആളാവാൻ വേണ്ടി കേറി പറഞ്ഞതായിരുന്നു

പീലിക്ക് കാടും നാടും ഒരുപോലെയാണ് ഞാൻ ഗീർ വനത്തിൽ പോയി വരെ പുലിയെ പിടിച്ചിട്ടുണ്ട് അതു പറഞ്ഞ് പീലി വീണ്ടും ചിരിച്ചു.  ഗീർവാണം കേട്ടിട്ടുണ്ടെങ്കിലും ഗീർവനം ജീവിതത്തിൽ കേട്ടിട്ടില്ലാത്ത ആ മനുഷ്യൻ മാനം നോക്കി നിന്നു തനിക്ക് അറിയാൻ പാടില്ലാത്ത എന്തോരം കാര്യങ്ങളുണ്ട് ഈ ലോകത്തിൽ എന്നും പറഞ്ഞ് അയാൾ സ്വയം ആശ്വസിച്ചു    

കാട്ടിൽ കേറി തേരാപ്പാരാ നടന്നൂവെന്നല്ലാതെ പീലിക്ക് പുലിയെയും പുലിക്ക് പീലിയേയും കാണാൻ പറ്റിയില്ല പുലി ഭയങ്കര ബുദ്ധിമാനാണെന്ന് നാട്ടുകാരും ഏറ്റുപറഞ്ഞു പീലിയും അത് ശരിവെച്ചു 

ഏതായാലും പുലിയുടെ പേരിൽ പഞ്ചായത്തീന്ന് വലിയൊരു തുക കാലിയായിക്കിട്ടി എന്നുള്ളതിൽ കവിഞ്ഞൊരു ഗുണവും ഈ പുലി വേട്ട കൊണ്ടുണ്ടായില്ല എന്നുള്ളതായിരുന്നു സത്യം 

പീലിക്ക് ചാരായം വാങ്ങികൊടുക്കുവാൻ തന്നെ ദിവസം നല്ലൊരു തുക വകയിരുത്തണം  പീലിക്കൊപ്പം കൂടെയുള്ള നാട്ടുകാരും പങ്കുപറ്റുവാൻ തുടങ്ങി അതിനു വേണ്ടി മാത്രം പീലിയുടെ കൂടെ കൂടിയവരും ധാരാളം 

അങ്ങനെയിരിക്കെ ഒരു ദിവസം ചായകുടിക്കാൻ വന്ന പ്രേക്ഷിതൻ സുകുവാണ്  ആ ഭീകരമായ കാഴ്ച കണ്ടത് മമ്മദിന്റെ പറമ്പിൽ വലിയൊരു അനക്കം മമ്മദ് പ്രഭാത കൃത്യത്തിന് വന്നതാണെന്നാ സുകു വിചാരിച്ചത് 

ആ വിചാരത്തിന്റെ മറവിൽ എടൊ മമ്മദേ യെന്ന് സുകു വിളിച്ചു പക്ഷെ ഒരു പ്രതികരണവും ഇല്ലാണ്ടായപ്പോ സുകുവിന്റെ മനസ്സിൽ തോന്നിയ തമാശക്ക് സുകു ആ വലിയ അബദ്ധം കാണിച്ചു ഒരു കല്ലെടുത്ത് ആ വേലിപ്പത്തലിലേക്ക് ഒറ്റയേറ് മമ്മദിന്റെ ചീത്ത പ്രതീക്ഷിച്ച സുകു ഒരു ഗർജ്ജനം കേട്ട് ഞെട്ടി മമ്മദേ ഞാനൊരു തമാശ കാണിച്ചതാണെന്നു സുകു പറയാൻ നോക്കിയതെങ്കിലും  മമ്മദിനു പകരം ഒരു പുലിത്തല കണ്ട് ഞെട്ടി 

എന്റെ കർത്താവേ പുലിയുടെ തലയിലേക്കാണോ താൻ കല്ലെടുത്തെറിഞ്ഞ് തമാശ കാണിച്ചത് ? അലറിക്കരഞ്ഞുകൊണ്ട് സുകു ഓടി 

പുലി.. പുലി 

ആ അലർച്ച കേട്ടാണ് ഗ്രാമമുണർന്നത് മമ്മദിന്റെ പുരയിടത്തിൽ പുലി അത് കേട്ട് പേടിച്ചു വിറച്ച മമ്മദും ഭാര്യ പാത്തുമ്മയും അകത്തൊളിച്ചിരുന്നു 

അള്ളാ പുലി ..അള്ളാ പുലിയെന്നും പറഞ്ഞ് മമ്മദ് കരഞ്ഞു മമ്മദിന്റെ നായ രാജു കൂടിനുള്ളിൽ ബോധം കെട്ട് കിടപ്പുണ്ട് പുലിയെ കണ്ടതോടെ തന്നെ അവന്റെ ബോധം പോയതാ ആരെങ്കിലും പോയി പീലിയെ വിളിച്ചോണ്ട് വായോ 

പീലി വന്നതോടെ നാട്ടുകാർക്ക് ധൈര്യമായി 

എടോ മമ്മദേ പീലി അകത്തോട്ട് വരുന്നുണ്ട് ധൈര്യമായിരിക്ക് പക്ഷേ മമ്മദത് പുലിയെന്നാ കേട്ടത് അള്ളാ പുലി അകത്തോട്ട് വരുന്നൂന്നോ   എന്റെ റബ്ബേ എന്നെ രക്ഷിക്കണേ ന്നും പറഞ്ഞ് മമ്മദ്  അലമുറയിട്ടു കരഞ്ഞു

റബ്ബയോട് തന്നെ മാത്രം രക്ഷിക്കണമേയെന്ന് മമ്മദ് പറഞ്ഞതിൽ പാത്തുമ്മാക്ക് നീരസം തോന്നി പാത്തുമ്മായും മനസ്സിൽ പ്രാർത്ഥിച്ചു എന്റെ റബ്ബേ എന്നെ രക്ഷിക്കണേ

എന്റെ മനുഷ്യാ നിങ്ങള് പോയി ആ പുലിയെ ഓടിപ്പിക്കാൻ നോക്ക്, ഏതാണ്ട് പൂച്ചയെ ഓടിപ്പിക്കാൻ പറയുമ്പോലെയുള്ള   ആ വാക്കുകൾ  കേട്ട് മമ്മദ് ഞെട്ടി 

ഈ മൂധേവി തന്നെ കൊലക്ക് കൊടുക്കാനാണ് നോക്കുന്നത് പുലിയുടെ പല്ലിന്റെ എടേലിക്ക് പോലും താനില്ല എന്തോരം വീടുകൾ ഉള്ളതാ എന്നിട്ടും തന്റെ വീട്ടിലേക്ക് മാത്രം എന്തിനാണാവോ പുലി കേറി വന്നത് 

താനേതോ ചായ കുടിക്കാൻ വിളിച്ച പോലെയാ പുലി കേറി വന്നിരിക്കുന്നത് ഇനി മീനിന്റെ മണം കിട്ടിയിട്ടെങ്ങാനും ആണാവോ , പക്ഷേ മീനൊക്കെ ഇന്നലെ തന്നെ വിറ്റു കഴിഞ്ഞതാണല്ലോ മമ്മദ് സ്വയം മണത്തു നോക്കി ഈശ്വരാ വെറുതെയല്ല പുലി കേറി വന്നതെന്ന് മമ്മദിന് മനസ്സിലായി ഇനി താൻ വല്ല മീനാണെന്നും കരുതി പുലി തിന്നോ ഒരു മീനിന്റെ അത്രക്കേ താനുണ്ടാവൂ    

പുലി മമ്മദിന്റെ തിണ്ണയിൽ ഒളിച്ചിരിക്കാ നാട്ടുകാർ മുഴുവനും പീലി, പുലിയെ വെടിവെച്ചു കൊല്ലുന്നതു കാണാൻ വന്ന് നിൽപ്പുണ്ട് പീലി പോക്കറ്റിൽ നിന്നും ഒരു കുപ്പിയെടുത്തു അതു മുഴുവൻ കുടിച്ചിറക്കി അവറാൻ ചേട്ടൻ അതിൽ നിന്ന്  തനിക്കും  കിട്ടുമോന്നും പ്രതീക്ഷിച്ച്  പീലിയുടെ തൊട്ടടുത്ത് വന്ന് നിപ്പുണ്ടായിരുന്നു പക്ഷെ പീലിയത് മുഴുവൻ കുടിച്ചു തീർത്തു അത് നോക്കി വെള്ളമിറക്കി നിന്നതല്ലാതെ അവറാൻ ചേട്ടന് യാതൊരു ഗുണവുമുണ്ടായില്ല 

ഇടക്കിടക്ക് പുലിയുടെ ഗർജ്ജനം മമ്മദിന്റെ ഉമ്മറത്തൂന്ന് കേക്കാം അതോടൊപ്പം മമ്മദിന്റെ കരച്ചിലും പുലി ഗർജ്ജിക്കുമ്പോ മമ്മദ് ഉറക്കെ കരയും അതിന്റെ ഇടയിൽക്കൂടി ആരെങ്കിലും രക്ഷിക്കണേന്ന് പാത്തിമ്മയുടെ ഓളിയും കേക്കാം 

അതാ കണ്ടാൽ ഞെട്ടണ പീലി തോക്കെടുത്തു മമ്മദിന്റെ പുരയിടത്തിലേക്ക് കടന്നു പീലിയെ കണ്ടവശം പുലി ഞെട്ടും അതോടെ പുലിയുടെ കഥ കഴിയും 

പുലി അയാളെ തിന്നോ ? സുപ്രുവിന്റെ ചെക്കൻ സുബ്രമണ്യനാ അത് ചോദിച്ചത് അത് കേട്ട് പീലി  ഞെട്ടി പക്ഷേ പുറത്തേക്ക് കാട്ടിയില്ല   ഒരു കാര്യത്തിന് പോകുമ്പോ ചെക്കന്റെ വർത്തമാനം കേട്ടില്ലേ ?സുപ്രുവിന്റെ ഭാര്യ സുബ്രഹ്മണ്യന്റെ വാ പൊത്തി 

നാട്ടുകാർ മുഴുവൻ പീലിയുടെ പുറകിലുണ്ട് പീലിയുള്ളതാണ് നാട്ടുകാരുടെ ധൈര്യം നാട്ടുകാർ പുറകിലുള്ളതാണ് പീലിയുടെ ധൈര്യം പീലിയത് പുറത്തു പറയുന്നില്ലെന്നു മാത്രം 

പീലി ബൂട്ട്സിട്ട കാലുകൊണ്ട് നിലത്ത് ആഞ്ഞൊരു ചവിട്ട്  ഭൂമി ഒന്ന്  കുലുങ്ങിയതു പോലെ തോന്നി  അത്രക്കും ശക്തമായിരുന്നു ആ ചവിട്ട് കൂട്ടിൽ ബോധം കെട്ട് കിടക്കായിരുന്ന രാജു ഞെട്ടിയുണർന്നു പക്ഷെ അവൻ അങ്ങനെത്തന്നെ ചത്തതുപോലെ കിടന്നു ജീവനില്ലാത്ത മൃഗങ്ങളെ പുലി തിന്നത്തില്ലെന്ന് രാജുവിന് അറിഞ്ഞിട്ടാണോ എന്നറിയത്തില്ല അവന്റെ ബുദ്ധിയിൽ തോന്നിയത് അങ്ങനെ ചത്തതുപോലെ കിടക്കാനായിരുന്നു ആ ശബ്ദം കേട്ട് പുലി പുറത്തേക്ക് വന്നു 

പുലി മമ്മദിന്റെ തിണ്ണയിൽ നിന്ന് രൂക്ഷമായി നോക്കുന്നു ഇപ്പറത്ത് പീലി പീലിക്കു പുറകിൽ നാട്ടുകാർ 

അപ്പറത്ത് പുലി ഇപ്പറത്ത് പീലി 

ഇപ്പറത്ത് പീലി അപ്പറത്ത് പുലി 

പീലിയും പുലിയും നേർക്കു നേർ 

അതാ പുലി ചാടാൻ ഉന്നം പിടിക്കുന്നു പീലി വെടിവെക്കാൻ ഉന്നം പിടിക്കുന്നു നാട്ടുകാർ ഓടാനായി ഉന്നം പിടിക്കുന്നു 

വെടി വെക്ക് പീലി, 

നാട്ടുകാർ പറയുന്നു പുലി അതാ മുന്നോട്ട് നീങ്ങുന്നു 

വെടി വെക്ക് പീലി 

അവറാൻ ചേട്ടൻ പറയുന്നു അതാ പുലി അടുത്തേക്ക് നടന്നുവരുന്നു വെടി വെക്കടോ അവറാൻ ചേട്ടനും നാട്ടുകാരും അലറുന്നു പീലിയുടെ വിരൽ കാഞ്ചിയിൽ അമരുന്നു എന്തോ വെള്ളം ചീറ്റുന്ന പോലെ ഒരു ശബ്ദം തോക്ക് പൊട്ടിയില്ല പരാക്രമത്തിൽ ഉണ്ടയിടാൻ പീലി മറന്നു 

അതാ പുലി  തൊട്ടടുത്ത് നാട്ടുകാർ വിറച്ചു നിൽക്കുന്നു ഏറ്റവും പുറകിലുള്ള ചിലർ ജീവനും കൊണ്ടോടി മുന്നിലുള്ളവർക്ക് ഓടാൻ പേടി,  ഓടാനായി തിരിയുമ്പോഴായിരിക്കും പുലി പിടിക്കുന്നത് 

എടോ വെടി വെക്കടോ അവറാൻ ചേട്ടൻ കരഞ്ഞു ഉണ്ടയില്ലാത്ത തോക്ക് കൊണ്ട് എന്ത് വെടി വെക്കാൻ തോക്ക് ചൂണ്ടി പീലി വാ കൊണ്ട് ''ഠോ'' ന്ന് ശബ്ദമുണ്ടാക്കി പുലി ശബ്ദം കേട്ട് പേടിക്കട്ടേന്ന് വിചാരിച്ചു കാണും 

ഇയാളെന്തിനാ വാ കൊണ്ട് പടക്കം പൊട്ടിക്കണേ വെടി വെക്കടോ മരമാക്രി 

പേടികൊണ്ടും വിറകൊണ്ടും നാട്ടുകാർ ബഹുമാനം മറന്നു ഇപ്പോഴാണ് പീലി ആ സത്യം തുറന്നു പറഞ്ഞത് തോക്കിൽ ഉണ്ടായിട്ടിട്ടില്ലാന്ന് 

ആ വെടി കേട്ട് നാട്ടുകാർ മൊത്തം ഞെട്ടി മമ്മദും ഭാര്യയും ഒരുമിച്ച് ബോധം കെട്ടു വീണു ബോധം കെട്ട പോലെ നടിച്ചു കിടക്കായിരുന്ന രാജുവിന്റെ ബോധം ശരിക്കും പോയി ഉണ്ടക്ക് പകരം കല്ലെടുത്ത് വെടി വെക്കടോ പലചരക്ക് കടക്കാരൻ സുപ്രു അലറി  

സംഗതി പന്തികേടാന്നെന്ന് തോന്നിയുടനെ സുപ്രുവിന്റെ ഭാര്യ ചെക്കനേം കൊണ്ട് സ്ഥലം വിട്ടിരുന്നു സുപ്രുവിനെ വിളിച്ചില്ല ഭാര്യയും മകനും മുങ്ങിയത് സുപ്രുവൊട്ട് അറിഞ്ഞില്ല താനും 

അച്ഛനെ പുലി തിന്നോ അമ്മാ? ചെക്കൻ ആരെക്കണ്ടാലും പുലി തിന്നോ തിന്നോന്ന് ചോദിച്ചോണ്ടിരിക്കാണ് 

അച്ഛനെ തിന്നാലും കുഴപ്പില്ലെന്ന് സുപ്രുവിന്റെ ഭാര്യ മനസ്സിൽ പറഞ്ഞു 

പുലി ഗർജ്ജിച്ചു കൊണ്ട് ഒരു ചാട്ടം നാട്ടുകാർ ജീവനും കൊണ്ടോടി കണ്ടാൽ ഞെട്ടണ പീലി പുലിയുടെ ആ ചാട്ടത്തോടെ ബോധം കെട്ടു വീണു പുലി അടുത്തു വന്ന് പീലിയുടെ മുഖം മണത്തു പീലിയുടെ മുഖത്തെ മീശ കടിച്ചെടുത്ത് പുലി പോയി എന്തോ ഭാഗ്യം കൊണ്ടാ പുലി,പീലിയെ  കൊല്ലാതെ വിട്ടത് ചിലപ്പോ തന്റെ പേരിനോട് സാമ്യം ഉള്ളതുകൊണ്ടായിരിക്കണം 

അന്ന് രാത്രിയോടെ കണ്ടാൽ ഞെട്ടണ പീലി മുങ്ങി പീലിയെ കൊണ്ടുവന്ന സുകുവും  മുങ്ങി മമ്മദിനും ഭാര്യക്കും പനി വന്നു കൂടെ രാജുവിനും 

വീണ്ടും പുലിയില്ലാത്ത നാളുകൾ ഗ്രാമം പഴയ അവസ്ഥയിലേക്ക് മടങ്ങി വന്നു പുലിയുടെ ശല്യമില്ല പീലിയുടേതും പുലി കാടു കേറിയതാണോ അതോ പുലിവേട്ടക്കാരെ പേടിച്ച് സ്ഥലം വിട്ടതാണോ എന്നറിയില്ല പീലിയെക്കുറിച്ച് പിന്നെ ആരും കേട്ടിട്ടില്ല പുലി കാടു കേറിയതു പോലെ പീലി ബോംബെക്ക് കേറിയെന്നാ സുകു ഒരിക്കൽ പറഞ്ഞത്  

പതിയെ പതിയെ നാട്ടുകാരുടെ വിസ്‌മൃതിയുടെ ആഴങ്ങളിലേക്ക് ആ പുലി പുരാണം മറഞ്ഞു കഴിഞ്ഞിരുന്നു  

 










 










  

0 അഭിപ്രായങ്ങള്‍