ആയിടക്കായിരുന്നു ഞങ്ങളുടെ  നഗരത്തിൽ  സർക്കസ്സ് വരുന്നത്  എന്റെ ക്‌ളാസ്സ് മേറ്റ്സ്  ശിവനും ശങ്കുവുമൊക്കെ സർക്കസ്സ് കാണണമെന്നും പറഞ്ഞോണ്ട് തലയും കുത്തി നടക്കാ.

 എന്നേം കൂട്ടു വിളിച്ചതാ ..പക്ഷേ  എനിക്കിഷ്ടമുണ്ടെങ്കിലും അമ്മ വിടത്തില്ല. 

 അമ്മക്ക് ഈ വക കാര്യങ്ങളൊന്നും തീരെ പിടിക്കത്തില്ല പോരാത്തേന് സിറ്റിവരേയ്ക്കും പോണം . നുണ പറഞ്ഞ്  സിനിമ കാണാൻ പോകുന്നതല്ലാതെ സിറ്റി വരെ പോകാനുള്ള  ധൈര്യമൊന്നും എനിക്കുമില്ല .

 ഞാനില്ലെന്ന് പറഞ്ഞിട്ടും ഇവരെന്നെ വിടുന്നില്ല അവസാനം ശിവനാ ആ ആശയം മുന്നോട്ട് വെച്ചത്  അവൻ വന്ന് അമ്മയോട് പറയാന്ന്  ശിവന്റെ  ആ ആശയത്തെ ഞാൻ മുളയിലേ  നുള്ളിക്കളഞ്ഞു കാരണം  അമ്മക്ക്, ശിവനെ  കണ്ണെടുത്താ കണ്ടുകൂടാ. 

ശിവന്റെ കൂടെ  കൂടിയിട്ടാ ഞാൻ നാശാകണേന്നാ  അമ്മ പറയാറ്.  അവന്റെ അമ്മ പറയണത് അവൻ എന്റെ കൂടെ കൂടിയിട്ടാ നാശാകണേന്നാ . ആ അവൻ പോയി അമ്മയോട് വക്കാലത്ത് പറയാൻ നിന്നാ ചിലപ്പോ ചിരവയെടുത്തവും അമ്മ പ്രതികരിക്കാ അതിന്റെ  ദേഷ്യം ശിവൻ  എന്നോടാവും തീർക്കാ സംഗതി എന്റെ ക്ലാസ്സ് മേറ്റൊക്കെയാണെങ്കിലും ശരീരം കൊണ്ട് അവനൊരു  ആജാനു ബാഹുവാ.

 ശിവന്റെ അച്ഛൻ സുധാകരേട്ടനും ഒരു ആജാനുബാഹുവാ  ദൈവം അവരുടെ കുടുംബക്കാരെ മുഴുവൻ ആജാനുബാഹുക്കളായാ  സൃഷ്ടിച്ചിരിക്കണത്. ശിവന്റെ അനിയൻ ചന്ദ്രൻ മാത്രേ അതിനൊരു അപവാദമായിട്ടുള്ളു.

  ആ പാവത്തിന്റെ പേരു പോലെ തന്നെ ആളൊരു  ചന്ദ്രക്കല പോലെ വളഞ്ഞിട്ടാ ഇരിക്കണത്. പക്ഷേ ബുദ്ധിയിൽ ആളൊരു ആജാനുബാഹുവാ ശിവനാണെങ്കി ബുദ്ധിയിലൊരു  ശിശുവും .

 ദൈവം എല്ലാവർക്കും എല്ലാം കൊടുക്കത്തില്ലാന്ന്  പറയണത് എത്ര ശരിയാ.  എനിക്കാണെങ്കി ഉയരം വെക്കാൻ ഭയങ്കര ഇഷ്ട്ടാ പക്ഷേ ആശകൊണ്ട് കാര്യമില്ലല്ലോ ശരീരത്തിനും കൂടി തോന്നണ്ടേ. പീതാംബരൻ മാഷ് പറഞ്ഞത് ഉയരം പാരമ്പര്യമായിട്ട് കിട്ടണതാന്നാ  

 അപ്പോ നമ്മുടെ ശങ്കൂന്റെ അച്ഛനും അമ്മയ്ക്കും നല്ല ഉയരമുണ്ടല്ലോ  മാഷേ? 

അത് കേട്ടതോടെ പോയിരുന്ന് പഠിക്കെടാന്നും പറഞ്ഞ് മാഷ് എന്നെ നോക്കി ചീറി ക്ലാസ്സിന്റെ നേരത്താ അവന്റെയൊരു സംശയം.

സംഗതി സത്യാ ശങ്കൂന്റെ അച്ഛനും അമ്മക്കും നല്ല ഉയരമുണ്ട് പക്ഷെ ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും ഉയരം കുറവ് അവനാ പക്ഷേ അവനും  ബുദ്ധിയിലൊരു  രാക്ഷസനാ 

ഈ ഉയരം കുറവുള്ളോരൊക്കെ ബുദ്ധിയിൽ കേമന്മാരാന്നാ തോന്നണേ പക്ഷേ എന്റെ കാര്യത്തിൽ ഇത് രണ്ടും തഥൈവ 

ബുദ്ധിയും കുറവാ ഉയരവും കുറവാ എനിക്ക് പഠിത്ത കാര്യത്തിൽ മാത്രമേ ബുദ്ധി കുറവുള്ളൂ മറ്റെല്ലാ കാര്യങ്ങളിലും ബുദ്ധി കൂടുതലാണെന്ന പീതാംബരൻ മാഷിന്റെ അഭിപ്രായം 

ഒരു പ്രാവശ്യം ഹെഡ് മാഷ് എന്നെ വിളിച്ച് കുറെ ഉപദേശിച്ചതാ എന്റെ മോനെ നിനക്ക് നല്ല ബുദ്ധിയുണ്ടല്ലോ അത് പഠിപ്പിൽ കാണിച്ചു കൂടേ ഒന്നാമതെത്താം 

രാമൻ കുട്ടി കൊണ്ടു വന്ന ചോറിൽ  മുട്ട പുഴുങ്ങിയത് ഉണ്ടായിരുന്നത് ഇന്റർവെല്ലിന് ഞാൻ എടുത്തു തിന്നു എന്നിട്ട് ചോറ് അതുപോലെതന്നെ   മൂടിയിട്ടു 

രാവിലെ അവൻ എന്നോട് പറഞ്ഞിരുന്നു അവന് മുട്ട പുഴുങ്ങിയത് ഉണ്ടെന്ന് പാവം ഉച്ചയാവാൻ കാത്തിരിക്കായിരുന്നു ചോറ് കുഴിച്ചു കുഴിച്ചു അടി എത്തിയിട്ടും മുട്ട കണ്ടില്ല വല്യ പ്രതീക്ഷയോടെ ആയിരുന്നു അവൻ ഉച്ചയാവാനായി കാത്തിരുന്നത് 

വീട്ടില് വഴക്കുണ്ടാക്കിയിട്ടാ അവന്റെ അമ്മ അവന് ആ മുട്ട പുഴുങ്ങി കൊടുത്തുത് അതിന്റെ എല്ലാ പ്രോസസ്സിലും അവൻ പങ്കാളി ആയിരുന്നു കോഴി മുട്ട ഇടുന്നതിൽ തുടങ്ങി ചോറു പാത്രത്തിൽ ആക്കുന്നത് വരെ 

എന്നോട് സത്യം പറഞ്ഞൂലോ എന്നുള്ള തെറ്റു മാത്രമേ അവൻ ചെയ്തുള്ളൂ 

എന്നോട് മാത്രമേ അവൻ പറഞ്ഞിട്ടൂള്ളൂ ഹെഡ് മാഷിന്റെ അടുത്തു പോയി കരഞ്ഞിട്ടാ അവൻ പറഞ്ഞത് എന്റെ മുട്ട അവൻ എടുത്തു തിന്നൂ സാറേ

അത് കേട്ട് ഹെഡ് മാഷ് ആദ്യമൊന്നു ഞെട്ടിയെങ്കിലും കാര്യം മനസ്സിലായപ്പോഴാ ആശ്വാസമായത് മാഷ് അവന്റ ട്രൗസറിലേക്കൊന്ന് ഒളിഞ്ഞു നോക്കുകേം ചെയ്തു 

 മുട്ടയുടെ കാര്യം ആലോചിക്കും തോറും രാമൻ കുട്ടിയുടെ സങ്കടം അധികരിച്ചു കൊണ്ടേയിരുന്നു 

മുട്ടയുടെ വെള്ളഭാഗം ആദ്യം തിന്ന് അവസാനം ഉണ്ണി തിന്ന് അങ്ങനെ പതിയെ പതിയെ ആസ്വദിച്ച് തിന്നുന്നതൊക്കെയാ  ക്ലാസ്സിൽ ഇരിക്കുമ്പോ മുഴുവനും അവൻ സ്വപ്നം കണ്ടോണ്ടിരുന്നത്  അതോർത്ത് ഒരു ബക്കറ്റ് കൊതിവെള്ളം  അവൻ ഇറക്കിയിട്ടുമുണ്ടാവണം 

ഏതായാലും തെളിവുകളുടെ അഭാവത്തിൽ ഞാൻ രക്ഷപ്പെട്ടെങ്കിലും  

അതീപ്പിന്നെ അവൻ എന്നോട് മിണ്ടാതെയായി  

ഒരു ദിവസം ഞങ്ങളുടെ വീട്ടിലെ കോഴി ഇട്ട മുട്ട 'അമ്മ കാണാതെ ഞാൻ അവനു കൊണ്ടു പോയി കൊടുത്തിട്ടാ ആ പിണക്കം മാറ്റിയത് അത് കിട്ടിയപ്പോ അവന്റെ സന്തോഷമൊന്ന് കാണേണ്ടതായിരുന്നു 

കോഴിക്കൂട്ടില് അമ്മ കുറെ പരതിയിരുന്നു ചിഞ്ചു കോഴിയുടെ മൂടു വരെ 'അമ്മ തടവി നോക്കി ഞാൻ ഒളിച്ചു നിക്കായിരുന്നു ചിഞ്ചു എന്നെ നോക്കി കൂവിയതാ 

ഈ കോഴിക്ക് എന്താ പറ്റിയേന്നാ 'അമ്മ ചോദിച്ചത് ചിഞ്ചുവിന് മിണ്ടാൻ പറ്റാത്ത കാരണം ഭാഗ്യമായി ഇന്ന് നിനക്ക് തീറ്റയില്ലെന്നും പറഞ്ഞാ 'അമ്മ പോയത്  

ഏതായാലും ശിവൻ മുന്നോട്ട് വെച്ച ആ ആശയം ഞാൻ എന്റെ സുരക്ഷയെക്കരുതി വേണ്ടാന്ന് പറഞ്ഞു  എനിക്കാണെങ്കി ശിവന്റെ പകുതിയോളം മാത്രേ  ഉയരമുള്ളൂ അവന്റെ കൈ  വെറുതെയൊന്ന് എന്റെ മേത്തു വീണാ മാത്രം മതി .  

 അതോണ്ട് കൂടിയാ ശിവന്റെ സഹായം ഞാൻ വേണ്ടെന്നു പറഞ്ഞത് . 

പിന്നെയുള്ള പ്രതീക്ഷ ചായക്കടക്കാരൻ പാക്കരൻ ചേട്ടനാണ്  പാക്കരൻ ചേട്ടൻ പറഞ്ഞാ അമ്മ കേക്കും.

പക്ഷേ പാക്കരൻ ചേട്ടൻ ആളൊരു മൂശേട്ടയാ അത്ര പെട്ടെന്നൊന്നും  പറയത്തില്ല .

ഈ വക കാര്യങ്ങളൊക്കെ അങ്ങേരോട് ചെന്നു പറഞ്ഞാ വല്യ ഭാവാ കുറെ ഉപദേശോം തരും . എന്നാ  ആവശ്യമില്ലാത്ത വല്ല  കാര്യങ്ങളാണെങ്കിലോ  അതെത്രേം  പെട്ടെന്ന് അമ്മയുടെ ചെവിട്ടിലെത്തിക്കേം  ചെയ്യും .

പാലു കൊണ്ട് കൊടുത്തപ്പോ ഞാനൊന്ന് പറഞ്ഞു നോക്കീതാ 

ഞാനിതൊന്നും പറയത്തില്ലാ സർക്കസ്സ് കാണാൻ പോകുന്നതൊക്കെ  പൊട്ട കുട്ടികളാ .. എന്റെ ചെറുപ്പത്തില് ഞാൻ സർക്കസ്സ് കാണാൻ പോട്ടേന്ന് ചോദിച്ചതിന്  അപ്പനെന്നെ  മൂന്നു ദിവസാ  തൂണില് കെട്ടിയിട്ട് തല്ലിയത്.

പാക്കരൻ ചേട്ടന്റെ ആ വലിയ നുണ കേട്ട് അപ്പൻ അന്തോണിച്ചേട്ടൻ ഫോട്ടോയിലിരുന്നു  ഞെട്ടി .കഷ്ടം എന്തിനാണിവൻ താൻ ചെയ്യാത്ത കാര്യം പറഞ്ഞോണ്ട് നടക്കണത് ? ചെറുപ്പത്തിലേ വായെടുത്താ നുണയേ പറയത്തുള്ളൂവെന്നാ  അങ്ങേര് മനസ്സിൽ പറഞ്ഞത് . 

കേട്ടാത്തന്നെ അറിയാം പാക്കരൻ ചേട്ടൻ പുളുവടിക്കണതാണെന്ന്  മൂന്നു ദിവസം കെട്ടിയിട്ടു തല്ലാൻ മാത്രം  അത്രേം വല്യ പാതകമാണോ ഇത്. 

ഇങ്ങേരെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ പറയണത് ?

നമ്മുടെ ചെക്കനല്ലേ.... നിങ്ങളൊന്ന് പറയ് മനുഷ്യാ അന്നമ്മ ചേടത്തി എനിക്ക് സപ്പോട്ടായിട്ട് പറഞ്ഞിട്ടും പാക്കരൻ ചേട്ടനൊരു  കുലുക്കവുമില്ല . 

 എന്നാ ഇനി തൊട്ട് പാല് കൊണ്ട് തരത്തില്ലെന്നും പറഞ്ഞ് ഞാൻ പിണങ്ങി പോയി 

 അയ്യോ മോനെ ചതിക്കല്ലടാ 

 ഞാൻ നിന്റെ അമ്മയോടൊന്ന് പറഞ്ഞു നോക്കട്ടെയെന്നും പറഞ്ഞോണ്ട്  പാക്കരൻ ചേട്ടൻ എന്റെ  പിന്നാലെ ഓടി വന്നു. 

 ഞാൻ വെറുതേയൊരു  നമ്പറിട്ട് നോക്കിയതായിരുന്നു  അതേറ്റു  അല്ലെങ്കി പാക്കരൻ ചേട്ടൻ തന്നെ വീട്ടീ വന്ന് പാല് വാങ്ങേണ്ടി വരും . 

പാക്കരൻ ചേട്ടനതിനുള്ള സമയോം ഇല്ല അതുവരെ സൈക്കിള് ചവിട്ടാനുള്ള ആവുധുമില്ല ഈ വലിവിന്റെ അസുഖമുള്ളകാരണം പാക്കരൻ ചേട്ടൻ ആയാസമുള്ള എന്തെടുത്താലും പാക്കരൻ ചേട്ടന്റെ ഉള്ളിലുള്ള വായുവിന് കോപം വരും അപ്പോളവൻ പണി മുടക്കും. പിന്നെ രണ്ടു ദിവസത്തേക്ക് കിടപ്പാവും അതോണ്ട് ആയാസമുള്ള പണികളൊന്നും എടുക്കരുതെന്ന് ഡോക്ടർ പാക്കരൻ ചേട്ടനോട് പ്രത്യേകം പറഞ്ഞിട്ടുള്ളതാ .

പിന്നെയുള്ളത് ചായക്കടയിൽ  പണിക്കു നിക്കണ മാഹ്തോയെ അയക്കണം അതിന്  പാക്കരൻ ചേട്ടനൊട്ട്  വിശ്വാസവും ഇല്ല കാരണം  മഹ്‌തോ പാല് കട്ടുകുടിക്കും . 

നമ്മുടെ മീൻകാരൻ മമ്മദാ ഒരു പ്രാവശ്യം മഹ്‌തോ പാല് വാങ്ങി വരുമ്പോ കുപ്പിയോടെ വായിലേക്ക് കമിഴ്ത്തണത് കണ്ടത്.   മമ്മദതുടൻ പാക്കരൻ ചേട്ടന്റെ ചെവിയിലെത്തിച്ചു . തന്റെ പാലുകുടി മുട്ടിച്ച മമ്മദിനെ കാണുമ്പോ മഹ്‌തോക്ക് കലിയാ അന്നു തൊട്ട് മമ്മദിനെ കണ്ടാ മാഹ്തോ ഹിന്ദിയില്  ചീത്ത പറയും. മഹ്‌തോ ചിരിച്ചിട്ട്  ചീത്തപറയണ കാരണം  മമ്മദിനതൊട്ട്  മനസ്സിലാകത്തുമില്ല .    മമ്മദിന്റെ വിചാരം മഹ്‌തോ വിശേഷം ചോദിക്കണതാന്നാ  അത് കാരണം മമ്മദ് തിരിച്ച് ആപ് കൈസേ ന്ന് ചോദിക്കും ആ ഒറ്റ  ഹിന്ദിവാക്ക് മാത്രമേ  മമ്മദിനറിയത്തുള്ളൂ.  അതാണെങ്കിൽ  ഗൾഫ്കാരൻ ഭാസ്ക്കരേട്ടൻ പഠിപ്പിച്ചു കൊടുത്തതും.

ഭാസ്‌ക്കരൻ ചേട്ടാനാ ഒരു പ്രാവശ്യം പറഞ്ഞു കൊടുത്തത് അവൻ കണ്ണു പൊട്ടണ ചീത്തയാ വിളിക്കണേന്ന് അത് കേട്ട് മമ്മദ് അടിക്കാൻ ചെന്നു  അവസാനം പാക്കരൻ ചേട്ടനും , ഭാസ്ക്കരേട്ടനും കൂടിയാ ഒരു വിധത്തിൽ മമ്മദിനെ  പിടിച്ചു മാറ്റീത് 

ഹിന്ദീല് ചീത്ത പറയണ കേട്ടാ വിശേഷം ചോദിക്കാണതാന്ന് കരുതത്തുള്ളൂവെന്നാ  മമ്മദ് പറഞ്ഞത് 

 ഗൾഫ് കാരൻ ഭാസ്ക്കരേട്ടൻ തന്ന്യാ കുറെ ഹിന്ദി വാക്കുകള് ചായക്കടക്കാരൻ പാക്കരൻ ചേട്ടനും പഠിപ്പിച്ചു കൊടുത്തത് ആദ്യമൊക്കെ ആകെ പ്രശ്നമായിരുന്നു പാക്കരൻ ചേട്ടൻ പറയണത് മഹ്‌തോക്കും  മഹ്‌തോ പറയണത് പാക്കരൻ ചേട്ടനും മനസ്സിലാവത്തില്ല .

ഒരു പ്രാവശ്യം  മഹ്‌തോ പാക്കരൻ ചേട്ടന്റെ അടുത്ത് ചൂടായി, സംഭവം എന്താന്നു വെച്ചാ  പാക്കരൻ ചേട്ടൻ മഹ്‌തോയെ ചോറുണ്ണാൻ വിളിച്ചതാ പക്ഷേ മഹ്‌തോ അത് തെറ്റിദ്ധരിച്ചു  ക്യാ ബോൽത്തേ .., ക്യാ ബോൽത്തേ ന്നും ചീറിക്കൊണ്ട് മഹ്‌തോ പാഞ്ഞു ചെന്നതാ.

 അതുകണ്ട് പാക്കരൻ ചേട്ടനാകെ  പകച്ചുപോയി  ചോറുണ്ണാൻ വിളിച്ചതിനാണോ   ഈ ബംഗാളിയെന്നെ തിന്നാൻ വരണെന്നും ചോദിച്ച് പാക്കരൻ ചേട്ടൻ  ഉത്തരത്തീന്ന്  വെട്ടുകത്തിയെടുത്തതാ.

അവിടെയുണ്ടായിരുന്ന ഭാസ്ക്കരേട്ടനാ കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തത് ഇല്ലെങ്കി   മഹ്‌തോയുടെ കാര്യം അതോടെ ഒരു തീരുമാനമായേനേ. അതീപ്പിന്ന്യാ ഭാസ്ക്കരേട്ടനോട് പറഞ്ഞ് പാക്കരൻ ചേട്ടൻ ഹിന്ദി പഠിക്കാൻ തുടങ്ങിയത്. 

 ഹിന്ദി പഠിപ്പിച്ചു തരാൻ പറ്റോന്ന് എന്നോടായിരുന്നു  പാക്കരൻ ചേട്ടൻ ആദ്യം ചോദിച്ചത് ഞാൻ പുസ്തകം വാങ്ങി ഹിന്ദി പഠിക്കാൻ നോക്കിയതൊക്കെ പാക്കരൻ ചേട്ടനറിയാം.

എനിക്ക് ദിവസോം രണ്ടു പൊറോട്ടേം ഇറച്ചിച്ചാറും താരാന്ന് പറഞ്ഞാ എന്നെ വലവീശിപ്പിടിച്ചത് എനിക്ക് ചാറ് മാത്രം പറ്റത്തില്ല ഇറച്ചിയും കൂടി വേണമെന്ന്  പറഞ്ഞ് ഞാനൊന്ന് വാശിപിടിച്ച് നോക്കിയെങ്കിലും അതേറ്റില്ല   അവസാനം ചാറെങ്കിൽ ചാറ് ന്നും വിചാരിച്ച് ഞാൻ പഠിപ്പിച്ച് തുടങ്ങിയതാ .

പക്ഷേ ഞാൻ പറയണ ഹിന്ദി പാക്കരൻ ചേട്ടന് പോയിട്ട് ഹിന്ദിക്കാരനായ മഹ്‌തോക്ക് പോലും മനസ്സിലാവണില്ല അതോടെ ഇനിയുള്ള പൊറോട്ട നഷ്ട്ടപ്പെടാണ്ടാന്നും വിചാരിച്ച് പാക്കരൻ ചേട്ടനെന്നെ മാറ്റി. എനിക്ക് പൊറോട്ടേടെ കൂടെ  പഞ്ചസാര തന്നാലും കുഴപ്പില്ലായെന്നും പറഞ്ഞ്  ഞാനൊന്ന് കെഞ്ചി നോക്കിയെങ്കിലും  പക്ഷേ പാക്കരൻ ചേട്ടൻ സമ്മതിച്ചില്ല 

ദിവസോം ഓരോ ചായക്കാ  ഗൾഫ്കാരൻ ഭാസ്ക്കരൻ ചേട്ടൻ  ഹിന്ദി പഠിപ്പിച്ചു കൊടുത്തത്.   

 മഹ്‌തോ കട്ടുകുടിച്ചത് കണ്ടുപിടിച്ചതിനു ശേഷം  ഞാനാ ചായക്കടയിലേക്ക് പാലു കൊണ്ടു കൊടുക്കാറ് അതിനെനിക്ക് പാക്കരൻ ചേട്ടൻ ഒരു ബോണ്ടയും ചായയും തരും എനിക്ക് ചായക്ക് പകരം ബോണ്ടാ മതിയെന്നും  പറഞ്ഞ് ഞാൻ ഒരു ബോണ്ടയും കൂടി എക്സ്ട്രാ  വാങ്ങി പിന്നെപ്പിന്നെ ഒരു ബോണ്ടായും കൂടി   ഞാനൊന്ന് ചോദിച്ചു നോക്കീതാ  പക്ഷേ പാക്കരൻ ചേട്ടനെന്നെ  നോക്കി കണ്ണുരുട്ടി 

 എനിക്കൊരു  നൂറു രൂപാ കൂടി തരണം   

 എന്റെയാ  ചോദ്യം കേട്ട് പാക്കരൻ ചേട്ടനൊറ്റ  ഞെട്ട് 

പാക്കരൻ ചേട്ടന്റെയാ ഞെട്ടലു കണ്ട് ഞാനും ഞെട്ടിപ്പോയി  ഏതാണ്ട് ആയിരം രൂപാ ചോദിച്ച പോലെത്തത്രെ അത്രേം വലിയ  ഞെട്ടായിരുന്നു പാക്കരൻ ചേട്ടനാ  നൂറു രൂപക്കായി ഞെട്ടിയത്.  

 പാലിന്റെ അഡ്വാൻസ് തന്നാ മതി പാക്കരൻ ചേട്ടാ 

എന്റെ മോനെ നിന്റെ പശു ജീവിത കാലം മുഴുവൻ തരണ പാലിന്റെ അഡ്വാൻസ് നീ മേടിച്ചു കഴിഞ്ഞതല്ലേ ഇനി ഞാൻ നിന്റെ പശൂനെ അഴിച്ചെടുത്തോണ്ട് വരും .

പശൂനെ അഴിക്കാൻ അങ്ങോട്ട് ചെല്ല് അമ്മേടെ വെട്ടു കൊണ്ട് ചാവാം അത് കേട്ട്  പാക്കരൻ ചേട്ടൻ വീണ്ടും  ഞെട്ടി അമ്മേടെ സ്വഭാവം പാക്കരൻ ചേട്ടന് നന്നായറിയാം  വെട്ടൂന്ന് പറഞ്ഞാ അമ്മ ശരിക്കും വെട്ടും.

ഇന്നാള് തൊട്ടപ്പറത്തു താമസിക്കണ ശശിയേട്ടൻ അമ്മയുമായി വഴക്കായി നിസ്സാര കാര്യായിരുന്നു ഞങ്ങടെ പശു ശശിയേട്ടന്റെ പറമ്പിലേക്ക് കേറീന്നും പറഞ്ഞ് ശശിയേട്ടൻ പശുവിനെ പിടിച്ച് കെട്ടിയിട്ടു . മര്യാദക്ക് പശൂനെ അഴിച്ചു വിടാൻ 'അമ്മ പറഞ്ഞതാ പക്ഷേ ശശിയേട്ടൻ കേട്ടില്ല എന്നോട് പോയി അഴിച്ചോണ്ട് വരാൻ പറഞ്ഞതാ എനിക്ക് പേടി ശശിയേട്ടൻ എന്നെ പിടിച്ച് ഇടിക്കോന്ന്, ചിലപ്പോ എന്നെ കെട്ടിയിട്ട് പശൂനെ അഴിച്ചു വിടും . ശശിയേട്ടൻ അല്ലെങ്കി തന്നെ ഒരു ഒരു പോക്കനാ   

എടാ ശശിയേ മര്യാദക്ക് പശൂനെ അഴിച്ചു വിട്ടോ 

ഒന്ന് പോ തള്ളേ ന്നും പറഞ്ഞ് ശശിയേട്ടൻ തിരിയലും ടാ ....ന്നൊരു അലർച്ചയോടെ അമ്മ വെട്ടുകത്തിയും പിടിച്ച് ശശിയേട്ടന്റെ പറമ്പിലേക്ക് ഓടിക്കേറിയതും ഒരുമിച്ചായിരുന്നു. 

അമ്മയുടെ അപ്രതീക്ഷിത ഭാവമാറ്റത്തിൽ ശശിയേട്ടൻ പകച്ചു,  ഓടിയാ നാണക്കേടാവും അമ്മേടെ വരവു കണ്ടാ തീർച്ചയായും വെട്ടും 

നോക്കി നിക്കാണ്ട് ഓടിക്കോ മനുഷ്യാ ന്നാ ശശിയേട്ടന്റെ ഭാര്യ കുസുമേടത്തി പറഞ്ഞത് അത് കേട്ട്  ശശിയേട്ടൻ ഓടി കൂടെ കുസുമേടത്തിയും ഞാനും ഓടി 

ഞാനെന്തിനാ ഓടിയെന്ന്  എനിക്കു മനസ്സിലായില്ല 

പശൂനെ അഴിച്ചോണ്ട് വരാത്തേന് എന്നെ കുറെ ചീത്ത പറഞ്ഞു. വീട്ടില് വളർത്തണ ഞങ്ങളുടെ നായ കൈസറിനേം അമ്മ കുറെ ചീത്ത വിളിച്ചു  

കൈസറ്  ശശിയേട്ടനെ  കണ്ടവശം  കൂട്ടില് കേറി ഒളിച്ചിരിക്കണതാ പേര് കൈസർന്നൊക്കെയാണെങ്കിലും ആരെയെങ്കിലും നോക്കി കുരക്കാനുള്ള   ധൈര്യമൊന്നും അവനില്ല  . 

നാട്ടുകാരെ ആരെക്കണ്ടാലും കൈസർ വാലാട്ടും  പക്ഷേ വീട്ടുകാര് വന്നാ മാത്രം വാലാട്ടില്ല ഏതാണ്ട് നാട്ടുകാരാ  അവന് തിന്നാൻ കൊടുക്കണെന്നാ അവന്റെ വിചാരം  

പ്രേക്ഷിതൻ സുകു ഡോബർ മാനാന്നും പറഞ്ഞ് എനിക്ക് തന്നതാ ആ പേരും പറഞ്ഞ് എന്റെ അടുത്തൂന്ന് പത്തു നാളികേരോം എടുത്തോണ്ട് പോയി. അവൻ വളർന്നു വളർന്നു ഒരു ഡോബർ മാനാവുന്നതും സ്വപ്നം കണ്ടിരുന്ന എന്റെ മുന്നില് നമ്മുടെ റപ്പായിയുടെ ചാവാലി നായ സുഗുണനെക്കാളും കഷ്ട്ടത്തിലാ കൈസറ് വലുതായത്.

വാല് വെട്ടിക്കളഞ്ഞാലാ ഉശിര്‌ വരത്തൊള്ളോന്ന്  സുകുവാ  പറഞ്ഞത് വെട്ടിക്കളയാനായി വാലു പിടിച്ചതോടെ ആ പാവം ബോധം കെട്ടു വീണു പേടിച്ചിട്ട്  രണ്ടു ദിവസാ  നിറുത്താണ്ട് കൈസറ് കരഞ്ഞോണ്ടിരുന്നത്  പിന്നെ ഭാസ്ക്കരേട്ടനാ പറഞ്ഞത് ഇത് ഡോബർമാനോന്നുമല്ലെന്ന് വെറുതേ അതിന്റെ വാല് വെട്ടിക്കളഞ്ഞ് കൊല്ലണ്ടാന്ന്.

 ആ ചാവാലിനെ കൊണ്ട് പോയി കളയാൻ അമ്മ  നൂറുവട്ടം എന്നോട് പറഞ്ഞിട്ടുള്ളതാ  

അടുത്ത  വീട്ടിലെ സുധാകരേട്ടൻറെ  ചിഞ്ചു പൂവൻ തിന്നാൻ വന്നപ്പോ ആളറിയാണ്ട് അവനൊന്ന് പേടിപ്പിക്കാൻ നോക്കീതാ ചിഞ്ചു ചിറകും വിരിച്ചോണ്ട് ഒരു വരവ് വന്നതോടെ  കൈസറ്  ജീവനും കൊണ്ടോടി.

സുധാകരേട്ടൻ അറിഞ്ഞാ കൈസറിനെ ഒറ്റ ഞെക്കിന് കൊല്ലും കൂടെ എന്നേം കൊല്ലും അത്രേം സ്നേഹത്തോടെ വളർത്തണതാ ചിഞ്ചുനെ. സുധാകരേട്ടൻ പറയണത് എന്റെ മോനാന്നാ ചിഞ്ചു അതിന്റെ അഹങ്കാരം ചിഞ്ചുനും നല്ലോണമുണ്ട്. ഒരാളേം പേടിയില്ലാണ്ടാ അവന്റെ നടത്തം ഇന്നാള് വീടിന്റെ അകത്തേക്ക് കേറിവന്ന ചിഞ്ചുനെ ഞാൻ ഓടിപ്പിക്കാൻ നോക്കിയപ്പോ അവൻ ചിറകു വിരിച്ചോണ്ട് പാഞ്ഞിട്ടാ വന്നത് എന്നെയാ അവൻ വീട്ടീന്ന് ഓടിപ്പിച്ച് വിട്ടത്. 

സുധാകരേട്ടന്റെ ഒറ്റ പേടീലാ ഞാനാ സാധനത്തിനെ കൊല്ലാണ്ട് വിട്ടത് സുധാകരേട്ടൻ ആളൊരു ജിമ്മനാ പഴേ കാലത്തെ മിസ്റ്റർ ചിറ്റിലപ്പിള്ളിയാ 

കുറെ നാളത്തേക്ക് ഞാൻ ശശിയേട്ടന്റെ വീടിന്റെ മുമ്പീക്കൂടെ പോവാറില്ല അമ്മയോടുള്ള ദേഷ്യം എന്നോട് തീർക്കോന്ന് എനിക്കു നല്ല പേടീണ്ടായിരുന്നു. 

ഏതായാലും പാക്കരൻ ചേട്ടന്റെ നിർബന്ധം കാരണം ഒരു വിധത്തിലാ സർക്കസ്സ് കാണാൻ പോവാൻ അമ്മ സമ്മതിച്ചത് നൂറു രൂപാ പാക്കരൻ ചേട്ടനും തന്നു 

 ഞങ്ങള് ആദ്യമായിട്ടാ സർക്കസ്സ് കാണണത് കോമാളിയുടെ വരവു കണ്ട് ശിവൻ ചിരിച്ചു ചിരിച്ചു അവസാനം കരഞ്ഞു അതിലെ ട്രിപ്പീസ് കണ്ട് ശിവൻ വീട്ടിലെ  ഉത്തരത്തുമ്മേ ആ അഭ്യാസം കാണിച്ചതാ ഉത്തരം ഒടിഞ്ഞ് ശിവന്റെ മെത്തേക്ക് വീണു അതോടെ ശിവന്റെ കാലൊടിഞ്ഞു സുധാകരേട്ടൻ വന്ന് മറ്റേ കാലും കൂടി ഒടിക്കാൻ നോക്കിയതാ  പാവം വാവിട്ട് കരഞ്ഞ കാരണം ഒരു വിധത്തിലാ രക്ഷപ്പെട്ടത്.  

ഏതായാലും അന്നത്തോടെ എനിക്ക് സർക്കസ്സ് ക്ഷ പിടിച്ചു പിന്നെ പിന്നെ നഗരത്തിൽ സർക്കസ്സ് വരുമ്പോഴെല്ലാം ഞാനും ശിവനും ശങ്കും പോവാറു പതിവായി 

സർക്കസ്സിലെ കോമാളി ആണെന്നും പറഞ്ഞ് ശങ്കു എന്തൊക്കെയോ കോമാളിത്തരം കാണിച്ചോണ്ടിരിക്കുമ്പോഴാ ഹെഡ് മാഷ് കേറിവന്നത് പക്ഷെ ശങ്കുവത് കണ്ടില്ല ഞങ്ങൾ കണ്ണുകൊണ്ട് കുറേ കാണിച്ചെങ്കിലും ആ പാവത്തിന് അടി കിട്ടാനുള്ള യോഗം ഉണ്ടായിരുന്നു കോമാളിക്ക് ചന്തിയിൽ അടികിട്ടുമ്പോ  കാണിക്കുന്ന എക്സ് പ്രെഷൻസാ ശങ്കു കാണിച്ചോണ്ടിരുന്നത് പാവത്തിന് ശരിക്കും അടി കിട്ടി അതോടെ അവൻ കരഞ്ഞു  പിന്നെ അവൻ നന്നായി പഠിക്കുന്ന കുട്ടിയായതുകൊണ്ട് കൊണ്ട് മാത്രാ ഹെഡ് മാഷ് അധികം തല്ലാതെ വിട്ടത് 

അതിനു തൊട്ടു മുമ്പ് ഞാനായിരുന്നു കാണിച്ചോണ്ടിരുന്നത് ഭാഗ്യം എന്നെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഹെഡ് മാഷ് തൊലി ഉരിച്ചേനേ അതിനൊരു കാരണവുമുണ്ട് എനിക്ക് അരക്കൊല്ല പരീക്ഷക്ക് മാർക്ക് കുറവായതിന് 'അമ്മ അടിക്കാൻ വന്നപ്പോ ഞാൻ പറഞ്ഞത് മാഷു മാര് എനിക്കൊന്നും പറഞ്ഞു തരുന്നില്ലന്നായിരുന്നു ഞാനത് രക്ഷപ്പെടാൻ വേണ്ടിയാ പറഞ്ഞത് പിറ്റേ ദിവസം 'അമ്മ സ്‌കൂളിലേക്ക് വന്ന് ഹെഡ് മാഷേ കുറെ ചീത്ത വിളിച്ചു അതീപ്പിന്നെ എന്തെങ്കിലും ഒരു കാരണം കിട്ടാൻ വേണ്ടി നടക്കാ മാഷ് , ഞാനാണെങ്കി വളരെയധികം സൂക്ഷിച്ചും 

 















0 അഭിപ്രായങ്ങള്‍