നാഴികമണിയുടെ നിറുത്താതെയുള്ള ആ ശബ്ദം സത്യത്തിൽ അയാളെ വല്ലാതെ വെറുപ്പിച്ചു 

ഹാ.. ഇതെന്തൊരു ശല്യം മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കത്തില്ലേ ?

പക്ഷേ ആ മണിശബ്ദം അയാൾക്കുള്ള അവസാന മുന്നറിയിപ്പാണ്  ഇന്നലെയും കൂടി ലൈറ്റ് ഹൌസ് കാവൽക്കാരൻ അയാളെ വഴക്കു പറഞ്ഞിട്ടാണ് പോയത് 

ഇനിയും നിങ്ങൾ കൃത്യ സമയത്തുവന്ന് ലൈറ്റ് തെളിയിച്ചില്ലായെങ്കിൽ ഞാനിത് സൂപ്പർ വൈസർക്ക് റിപ്പോർട്ട് ചെയ്യുമെന്നുള്ള  അയാളുടെ ഭീക്ഷിണിക്കു മുൻപിൽ തണുപ്പിനെ പുൽകാൻ ഇഷ്ട്ടപ്പെടുന്ന  കമ്പിളിയുടെ സുഖത്തിനുള്ളിലേക്ക് നൂണ്ടു കയറുവാൻ അയാളിലെ ജോലിയോടുള്ള ഭയം അനുവദിച്ചില്ല 

ഇത് നഷ്ട്ടപ്പെട്ടു കഴിഞ്ഞാൽ ഈ വയസ്സുകാലത്ത് ജീവിക്കുവാൻ വേണ്ടി താൻ ആരുടെ മുന്നിലാണ് കൈനീട്ടുക ? 

തനിക്കതാവില്ല 

അവശതയുടെ മാറാപ്പുകൾ ഒരരികിലേക്ക് ഒതുക്കിവെച്ച് അയാൾ ആ കമ്പിളിക്കുള്ളിൽ നിന്നും പതുക്കെ പുറത്തുകടന്ന് മൂരി നിവർത്തി.

ചാരം മൂടിയ ചൂട് അടുപ്പിനുള്ളിൽ രാത്രികാലം ചിലവഴിച്ച പൂച്ച പുറത്തുവന്ന്  നാലുകാലിൽ നിന്നുകൊണ്ട് തന്റെ മുതുകുയർത്തുന്നതു പോലെ അയാളൊന്നു മൂരിയിട്ടു പക്ഷെ അയാൾക്ക് രണ്ടു കാലുകൾ മാത്രമേ ഉള്ളൂ എന്നുള്ള വ്യത്യാസം മാത്രം 

എരിഞ്ഞു തുടങ്ങിയ കൽ  വിളക്കിൽ നിന്നും അയാൾ തലേന്ന് പാതി വലിച്ചു കെടുത്തിയ  ചുരുട്ടെടുത്ത് വലിച്ചു ആ തണുപ്പിൽ ഏരിയാൻ  വിസമ്മതിച്ചു കൊണ്ട്  അതൊന്നണഞ്ഞു പിറുപിറുത്തുകൊണ്ട് അയാൾ വീണ്ടും അതാ വിളക്കിനു നേരേ നീട്ടി .

ഒരു വശം മാത്രം കത്തിപ്പിടിച്ച ചുരുട്ടിനെ  അയാൾ ചുണ്ടുകൊണ്ട് ആഞ്ഞാഞ്ഞു വലിക്കുന്നതിനോടൊപ്പം തന്നെ വിരലുകൾ കൊണ്ട് അമർത്തിക്കൊടുത്ത്  കത്തിപ്പിടിക്കാൻ മടിച്ചു നിൽക്കുന്ന  നെരിപ്പിനെ ചുറ്റുപാടിലേക്കും പടർത്തിച്ചു. 

ആഞ്ഞൊന്ന് വലിച്ച്  പുക ഉള്ളിലേക്ക് നന്നായി ആസ്വദിച്ച് എടുത്തതിനു ശേഷം ഒരു നിർവൃതിയോടെ അയാളത് പുറത്തേക്കൂതി എങ്കിലും അകത്തേക്ക് വലിച്ചെടുത്തത് മുഴുവൻ പുറത്തേക്ക് പോയില്ലെന്നു സംശയം തോന്നുമായിരുന്നു  

അടുത്ത നിമിഷം  അയാൾ നിറുത്താതെ കാറി കാറി ചുമച്ചു തുടങ്ങി  

നെഞ്ചിൽ അമർത്തിപ്പിടിച്ചു കൊണ്ട്  കുത്തികുത്തി ഒരഞ്ചാറു പ്രാവശ്യം ചുമച്ചെങ്കിലും  ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന  കഫത്തെ പുറത്തുകളയാൻ അയാൾക്കായില്ല 

നാശം ഇതെന്തൊരു ചുമയാണ് .. കുറെ നാളുകളായി ഇതയാളെ വല്ലാതെ അലട്ടുന്ന ഒരു ശാരീരിക അവസ്ഥയായി മാറിക്കഴിഞ്ഞിരിക്കുന്നു  തണുപ്പു കാലത്താണ്  കൂടുതലാവുക  ഫ്രാൻസിലാണെങ്കിൽ  ഇപ്പോൾ മഞ്ഞുകാലവും  

ഒരു ഡോക്ടറെ കാണുവാൻ അയാൾക്ക് ആഗ്രഹമുണ്ടെങ്കിലും ഫീസുകൊടുക്കുവാനുള്ള വകയില്ലാത്തതുകൊണ്ട് അതിനു മുതിരുന്നില്ല കിട്ടുന്ന പണം അന്നന്നത്തെ ഫെന്നിക്കു മാത്രമേ എപ്പോഴും അയാൾക്ക് തികയത്തുള്ളൂ

നിങ്ങൾ കുടിച്ചു കളയുന്ന  കാശ് പോരെ മനുഷ്യാ  ഒരു ഡോക്‌ടറെ കാണുവാൻ എന്നുള്ള കാവൽക്കാരന്റെ മറുപടിക്ക് അയാൾ ചെവി കൊടുക്കാറുമില്ല 

ഇത് വല്ല ക്ഷയത്തിന്റെ ആരംഭമാകും മുൻകൂട്ടി ചികൽസിച്ചാൽ ഭേദമാക്കാം 

ക്ഷയിച്ചു കൊണ്ടിരിക്കുന്ന എനിക്ക്  ക്ഷയം വന്നാലെന്താണ് സുഹൃത്തേ ?

അതും പറഞ്ഞ് അയാൾ ചിരിച്ചു 

നിങ്ങൾക്ക് വട്ടാണ് മനുഷ്യാ 

അയാൾ നീട്ടിയ ഫെനി വാങ്ങി ഒരു കവിൾ കുടിച്ചുകൊണ്ട് അതും പറഞ്ഞ് കാവൽക്കാരൻ പോയി 

അതെ എനിക്ക് വട്ടാണല്ലോ അതുകൊണ്ടാണല്ലോ ഈ ഫെനി നിനക്കു ഞാൻ തരുന്നത്   

ഫെനിക്കുള്ള  പണം എടുത്തുവെച്ച് ഡോക്ടറെ കാണുവാൻ അയാൾക്കൊട്ടും താല്പര്യമില്ല , ഫെനിക്കുള്ള പണം ഫെനിക്ക്,  എന്നുള്ളതാണ് അയാളുടെ പക്ഷം  എന്നിരുന്നാലും എത്ര കൂടുതൽ കിട്ടിയാലും ഫെനിക്കുള്ളതു മാത്രമേ ഉണ്ടാകാറുമുള്ളൂ എന്നുള്ള മറുവശം കൂടിയുണ്ട്   മറ്റൊന്നു കൂടിയുണ്ട് ഡോക്ടറെ കണ്ടാൽ തന്റെ ചുരുട്ടുവലി ഉപേക്ഷിക്കുവാൻ നിർബന്ധിക്കുമെന്ന്  അയാൾക്ക് നല്ല  പേടിയുണ്ട്, തീർച്ചയായും നിർബന്ധിക്കും ഈ തണുപ്പിനെ എതിരിടാൻ ചുരുട്ട് നൽകുന്ന പിന്തുണ ഡോക്ടർക്കറിയില്ല പക്ഷെ ചുമക്ക് ചുരുട്ട് ഒഴിവാക്കിയേ തീരൂ  അതിനൊരിക്കലും  തനിക്കാവില്ലയെന്നും അയാൾക്കറിയാം.

കടലിൽ നിന്നും വീശുന്ന നല്ല തണുത്ത കാറ്റ് വകവെക്കാതെ അയാളാ ലൈറ്റ് ഹൌസ് ലക്ഷ്യമാക്കി നടന്നു ചുളു ചുളു ന്ന  തണുത്ത കാറ്റ് സൂചിമുനകൾ കണക്കെ മേൽക്കുപ്പായത്തെ ഭേദിച്ചു കൊണ്ട് അയാളുടെ ശരീരത്തിലേക്ക് തറഞ്ഞു കയറിക്കൊണ്ടിരുന്നു 

മഞ്ഞു വീഴുന്നുണ്ടോ 

ഇല്ല 

എന്തൊരു തണുപ്പാണ് എന്റെ ദൈ ..

അയാളത് പാതിക്കു വെച്ച് വിഴുങ്ങി അല്ലെങ്കിലും ദൈവത്തെ അയാൾ ഇപ്പോൾ വിളിക്കാറില്ല പക്ഷെ വായിൽ എപ്പോഴും ആ വാക്ക് കടന്നുവരികയും ചെയ്യും അങ്ങിനെ വരുമ്പോൾ അയാളത് പാതിക്കു വെച്ച് വിഴുങ്ങിക്കൊണ്ട് തന്നെ തന്നെ ചീത്ത പറയും 

ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ തനിക്ക് ഇങ്ങിനെയൊക്കെ വരുമോ ?

ദൈവം എന്നൊരാൾ ഉള്ളതുകൊണ്ട് തനിക്കു ഇത്ര മാത്രമല്ലേ വന്നുള്ളൂ എന്നുള്ള ഒരു മറുചോദ്യം കൂടി ഈ സമയം അയാളിൽ ഉയർന്നു വരും 

എങ്കിലും ഈ രണ്ടു ചോദ്യങ്ങളും  അയാളിൽ തന്നെ തട്ടി പ്രതിധ്വനിക്കുകയാണ് പതിവ് അതിനൊരു ഉത്തരം വേണമെന്നോ വേണ്ടായെന്നോ അയാൾ ആഗ്രഹിച്ചില്ല തനിക്കതിന്റെ ആവശ്യമില്ല എന്നയാൾ കരുതി അല്ലെങ്കിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാറില്ലല്ലോ എന്നിരുന്നാലും പറയാനുള്ളത് അല്ലെങ്കിൽ ചോദിക്കാനുള്ളത് ചോദിക്കണം എന്നുള്ളത് തന്നെയായിരുന്നു അയാളുടെ പക്ഷം 

തിരിനീട്ടിയ റാന്തൽവിളക്ക് ഒരു കൈയ്യിലും കുത്തിനടക്കുവാനുള്ള വടി മറുകൈയ്യിലും ഏന്തിക്കൊണ്ടുള്ള ആ യാത്ര അത്ര സുഗമമായിരുന്നില്ലെങ്കിലും വേറെ വഴിയില്ലായിരുന്നു  .

അകലെ ഇരുട്ടിന്റെ മഹാ  കരിമ്പടം പുതച്ചുകൊണ്ട് ഭീമാകാരനായൊരു  രാക്ഷസനെപ്പോലെ  ഉയർന്നു നിൽക്കുന്ന ലൈറ്റ്ഹൗസ് 

എൽദോ ഇന്ന് സമയത്തു തന്നെയാണല്ലോ ?

കാവൽക്കാരന്റെ പുച്ഛം  കലർന്ന  വാക്കുകൾ അയാൾ കേട്ടില്ലെന്ന് നടിച്ചു .

ഏന്തി വലിഞ്ഞു കൊണ്ടാണ് അയാൾ ലൈറ്റ് ഹൗസിനു മുകളിലെത്തിയത് പലപ്പോഴും  ക്ഷീണം കൊണ്ട് പടിക്കെട്ടിൽ ചാരിയിരുന്നു അയാൾ തന്റെ വിധിയെ പഴിച്ചു 

തളർച്ച മാറുമ്പോൾ ഒരു  പത്തുപടി ഏറും അതിനുശേഷം വിശ്രമം,  വീണ്ടും ഏറും അതൊരു തുടർച്ചയായിരുന്നു 

അവസാനം,  അവസാന പടിയും കേറി ആയാളാ വിളക്കു തെളിയിച്ചുകൊണ്ട്  ചാഞ്ഞിരുന്നു ദീർഘ  നിശ്വാസം ഉതിർത്തു . ദിനത്തിൽ രണ്ടുപ്രാവശ്യമാണ് അയാളാ കർമ്മം ചെയ്യേണ്ടത് ദൂരെനിന്നും വരുന്ന കപ്പലുകാർക്കുള്ള അടയാളമാണത് ആദ്യം വൈകുന്നേരം അഞ്ചുമണിക്ക് തെളിയിക്കുന്ന ആ വിളക്ക് ഏകദേശം പുലർച്ച രണ്ടുമണിയോടെ വീണ്ടും എണ്ണയൊഴിച്ച് ഊർജ്ജസ്വലപ്പെടുത്തേണ്ടതുണ്ട് ഇല്ലെങ്കിലത്  അണഞ്ഞു പോകും.

ദൂരെ ഉദയത്തിന്റെ പുതിയ ഉന്മേഷഭരിതമായ വേഷഭൂഷാതികൾ അണിഞ്ഞുകൊണ്ട് സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു ആ ചുവന്ന പ്രകാശം കടലിനെ സ്വർണ്ണരാശി പൂശി മനോഹരിയാക്കി മാറ്റിയിരിക്കുന്നു .

കടൽകാക്കകൾ കലപില കൂട്ടിക്കൊണ്ട് അന്നത്തെ ആഹാരത്തിനായുള്ള വക തേടി പറന്നുതുടങ്ങി     

അതു നോക്കിക്കൊണ്ട് അയാൾ വീണ്ടുമൊരു ചുരുട്ടിനു തിരികൊളുത്തി ആദ്യ പുക ഉള്ളിലേക്കെത്താൻ കാത്തുനിന്നതു പോലെ ആ ചുമ ..

നാശം ഇത് തന്നേയും കൊണ്ടേ പോകൂ .. എന്നാലും ഈ ചുരുട്ട് വിടാൻ തനിക്കാവില്ല ഏകാന്തതയിലുള്ള തന്റെ സുഹൃത്തുക്കളാണ് ഈ ചുരുട്ടും  ഫ്രഞ്ച് ഫെനിയും 

നേരം നന്നേ വെളുത്തിരിക്കുന്നു എന്തേ നമ്മുടെ സുഹൃത്തിനെ കാണാനില്ലല്ലോ ?

അയാൾ തന്റെ കീറിപ്പറിഞ്ഞ കോട്ടിനുള്ളിൽ നിന്നും ഒരു ചെറിയ പൊതിയെടുത്തു അതിൽനിന്നും കുറച്ചു ഗോതമ്പു മണികൾ നിലത്തു വിതറിക്കൊണ്ട് വക്രിച്ച ശബ്ദത്തോടെ ഒന്ന് ചൂളം വിളിച്ചു 

അടുത്ത നിമിഷം എങ്ങുനിന്നോ ഒരു പച്ചപ്പനം തത്ത പാറിവന്ന് ആ ഗോതമ്പു മണികളെ കൊത്തിത്തിന്നുവാൻ തുടങ്ങി 

 ആത്മനിർവൃതിയോടെ അയാളത് നോക്കിയിരുന്നു  അയാൾ പതുക്കെ തന്റെ കൈകൾ നീട്ടി അതോടിവന്ന് അയാളുടെ കൈകളിലേക്ക് ചാടിക്കയറി സ്നേഹപൂർവ്വം അയാൾ തന്റെ ചുണ്ടുകൾ കൊണ്ട് അതിനൊരു മുത്തം കൊടുത്തു .

അത് തന്റെ കുഞ്ഞു കൊക്കുകൾ കൊണ്ട് അയാളുടെ കവിളിൽ ഉരസിക്കൊണ്ട് തന്റെ സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്നു 

കുറച്ചു നേരം അങ്ങിനെ ഇരുന്നതിനു ശേഷം അയാൾ ലൈറ്റ് ഹൗസിന്റെ പുറകിലുള്ള കൊച്ചു മുറിക്കുള്ളിലേക്ക് പതുക്കെ നടന്നു ഇന്നലെ കഴിച്ച ഫെനിയുടെ ബാക്കി അവിടെയിരിപ്പുണ്ടാകും 

എപ്പോഴും അയാളത് ഒളിച്ചു വെക്കുകയാണ് പതിവ് ഇല്ലെങ്കിൽ ആ കാവൽക്കാരൻ സോവാസ്‌കി കണ്ണു തെറ്റിയാൽ എടുത്തു കുടിച്ചു കളയും ഇതേച്ചൊല്ലി പലപ്പോഴും അവർ തമ്മിൽ തർക്കവും ഉടലെടുക്കാറുണ്ട് അതുകൂടാതെ മറ്റൊരു കോപവും അയാൾക്ക് തന്നോടുണ്ട് ലൈറ്റ് ഹൌസ് കാണാൻ വരുന്നവർ തരുന്ന ചില്ലറ തുട്ടുകളിലാണ് അയാളുടെ ദുരാശ എന്നാൽ തനിക്കു മാത്രമേ ആളുകൾ തരാറുള്ളൂ ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ടാണ് അയാൾ തനിക്കെതിരെ സൂപ്പർ വൈസറോട് എന്നും  എപ്പോഴും പരാതി പറയുന്നത്.

ഭാഗ്യം ഫെനി അവിടെത്തന്നെ ഇരിപ്പുണ്ട്  തന്റെ ഈ പുതിയ ഒളിസ്ഥലം അയാൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്ന് തോന്നുന്നു .

ഒരു വായ മോന്തി ചിറി തുടച്ചു കൊണ്ട് തിരിഞ്ഞു നിൽക്കുമ്പോൾ പിന്നിൽ അയാൾ ഒളിച്ചു നിൽക്കുന്നു .

തന്റെ പെട്ടെന്നുള്ള ഈ തിരിഞ്ഞു നോട്ടം അയാൾ പ്രതീക്ഷിച്ചില്ലായിരിക്കാം അതായിരിക്കാം അയാൾക്ക് മാറിക്കളയാൻ പറ്റാതിരുന്നത് ഇന്നലെ മുഴുവനും ഇയാളിത് അന്വേഷിച്ച് നടന്നു മടുത്തിട്ടുണ്ടായിരിക്കും അതാണ് തന്റെ പിന്നാലെ ഒളിച്ചു നടക്കുന്നത് .

പിടിക്കപ്പെട്ടതിലെ ജാള്യത മറക്കാൻ അയാൾ ഒരു പാഴ്ശ്രമം നടത്തിയെങ്കിലും അത് പാളിപ്പോയി . വികാരങ്ങൾ ഒന്നും തന്നെ പ്രതിഫലിക്കാത്ത നിർവികാരമായ ഒരു മുഖമാണ് അയാളുടേതെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 

അത് ശരിയാണു താനും 

വീണ്ടു ഒരു കവിൾ ഫെനി കൂടി അകത്താക്കി ചിറി തുടച്ചു 




















 

0 അഭിപ്രായങ്ങള്‍