life.... a mysterious gift from the god 2
തണുത്തുറഞ്ഞ പുലർകാലത്ത് ഉള്ളിൽ അല്പം എരി പടർത്താൻ ഈ ഫെനി നല്ലതുതന്നെയെന്നയാൾ മനസ്സിൽ പറഞ്ഞു . ഇനിയൊരു കവിളിനു കൂടിയുള്ള ഫെനി ബാക്കിയുണ്ട് അതുകൂടി തീർക്കാനായി വായോട് ചേർത്തപ്പോഴാണ് അയാളത് കണ്ടത്
ഇറച്ചിക്കടക്കു മുന്നിൽ നിൽക്കുന്ന നായയുടെ ദൈന്യതയോടെ കാവൽക്കാരൻ
ഒരു ദാസ്യ ഭാവം എങ്ങുനിന്നോ തേടിപ്പിടിച്ച് അയാൾ തന്റെ മുഖത്തണിഞ്ഞിരിക്കുന്നു എന്തെങ്കിലും കിട്ടുന്നതുവരേയെ ഈ സ്ഥായീഭാവം അയാളിൽ കാണുവാൻ കഴിയു അതുകഴിഞ്ഞാൽ അയാൾ മറ്റൊരാളായി മാറും .
അതെന്തിങ്കിലുമായിക്കൊള്ളട്ടെ താനതു കാര്യമാക്കുന്നില്ല ഒരേ ഇടത്തിൽ ജോലി ചെയ്യുന്നവരല്ലേ? അയാളാ കുപ്പി കാവൽക്കാരനു നേരേ നീട്ടി എല്ലിൻകഷ്ണം കണ്ട നായയെപ്പോലെയാണ് അയാളത് ചാടിപ്പിടിച്ചത് . ഒറ്റ കമിഴ്ത്തിനുള്ളിൽ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ഫെനി മുഴുവൻ അയാളുടെ വായിൽ, ചിറി ഒന്ന് തുടച്ചു കൊണ്ട് കാലിക്കുപ്പി തിരിച്ചുകൊടുത്ത് ഒരു നന്ദി വാക്കു പോലും ഉരിയാടാൻ നിൽക്കാതെ അയാൾ തിരിഞ്ഞു നടന്നു
ഹും ..എന്തൊരു കഷ്ട്ടം ഇങ്ങനെയുണ്ടോ മനുഷ്യര് ? തെരുവു നായ്ക്കള് ഇതിലും എത്രയോ ഭേദം കുറച്ചു നേരമെങ്കിലും അത് വാലാട്ടി നിന്ന് തന്റെ നന്ദി രേഖപ്പെടുത്തും
അല്ലെങ്കിലും തനിക്ക് ആരുടേയും നന്ദിയൊന്നും വേണ്ടാ അങ്ങിനെയുള്ള വികാര വിചാരങ്ങളൊക്കെ എന്നേ ഈ മനസ്സിൽ നിന്നും കൂടൊഴിഞ്ഞു പോയിരിക്കുന്നു
തന്റെ മേരി, അവൾ കൂടെയുണ്ടായിരുന്നപ്പോൾ
ഒരു നിമിഷം അയാളുടെ ചിന്തകൾ പുറകിലോട്ട് പോയി അതിന്റെ മനോഹാരിത ആ വൃദ്ധ മുഖത്ത് തെളിഞ്ഞു, എങ്കിലും അത് ഓർക്കാൻ ഇഷ്ട്ടപ്പെടാത്തതു പോലെ അയാൾ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു ഓർമ്മകളെ ചിതറിത്തെറിപ്പിച്ചു
കൂനിക്കൂടിയെങ്കിലും അയാൾ വേഗത്തിൽ നടന്നു ലൈറ്റ് ഹൗസിനു പുറകിലുള്ള മറ്റൊരു കിളി വാതിൽ തുറന്നു അതിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു ഫെനി കുപ്പി പുറത്തെടുത്തു തിരിഞ്ഞു, അയാളൊന്ന് ഞെട്ടി
വിനയം മുഖത്തുവരുത്തി കാവൽക്കാരൻ വീണ്ടും മുന്നിൽ, ഇപ്രാവശ്യം മുമ്പത്തേക്കാൾ കൂടുതൽ ഭവ്യത അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നു
മനുഷ്യനെ പേടിപ്പിക്കാൻ ഇയാൾക്കൊന്ന് ചുമക്കെങ്കിലും ചെയ്യാമായിരുന്നില്ലേ ഒരു പക്ഷെ ചുമച്ചാൽ താനീ കുപ്പി എടുക്കുകയില്ലെന്ന് അയാൾ ഊഹിച്ചിരിക്കണം. ബുദ്ധിമാൻ, ഇത്രയും ബുദ്ധി മറ്റെന്തിലെങ്കിലും പ്രയോഗിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനേ
ഇയാളെപ്പോഴും തന്റെ ചലനങ്ങളും നിരീക്ഷിച്ചു കൊണ്ട് ഒളിച്ചു നിൽക്കുകയാണോ ? ഇന്നലെ മുഴുവൻ ഇയാളൊരുപക്ഷേ ഈ ബോട്ടിലിനു വേണ്ടി ഇവിടം മുഴുവൻ തിരഞ്ഞു നടന്നിരിക്കാം . ഈ ഒളിത്താവളം കണ്ടെത്തിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി വേറെ സ്ഥലം കണ്ടെത്തണം അല്ലെങ്കിൽ താൻ വാങ്ങി വെക്കുന്നത് എല്ലാം അയാളുടെ വായിലോട്ടാവും പോവുക
ആ ഭവ്യത കണ്ടില്ലെന്ന് നടിച്ചുകൊണ്ട് അയാൾ ലൈറ്റ് ഹൗസിനു മുകളിലേക്ക് തിരിച്ചു കയറുവാൻ തുടങ്ങി . പുറകിൽ നിന്നും കാവൽക്കാരന്റെ ചുമ കേൾക്കാം തന്റെ ശ്രദ്ധ ആകർഷിക്കുന്നതിനാണ്, പാവം കൊടുക്കാം ആശകൊണ്ടല്ലേ അയാൾ തിരിഞ്ഞു അതേനിമിഷം കാവൽക്കാരൻ ഓടിവന്നു തനിക്കുള്ള സിഗ്‌നൽ ആണിതെന്ന് അതിനകം തന്നെ അയാൾ ഊഹിച്ചിരുന്നു നീട്ടിയ ഫെനിക്കുപ്പി ഇരയെ റാഞ്ചുന്ന പരുന്തിന്റെ കരവിരുതോടെ അയാൾ കൈക്കലാക്കി രണ്ടു കവിൾ നിന്ന നില്പിൽ മോന്തിക്കൊണ്ട് ചിറിതുടച്ചു ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞു നടന്നു
നന്ദിയില്ലാത്തവൻ കൊടുക്കേണ്ടിയിരുന്നില്ല അയാൾ പിറുപിറുത്തു. എല്ലാ പ്രാവശ്യവും താൻ ഇതു തന്നെയാണ് പറയാറ്, അയാൾ ഇതു തന്നെയാണ് ചെയ്യാറും
അയാൾ വീണ്ടും ലൈറ്റ് ഹൗസിനു മുകളിലേക്ക് ഏന്തി വലിഞ്ഞു നടന്നു
ഈ ലൈറ്റ് ഹൌസ് ആയിരിക്കും ഒരു പക്ഷേ തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നയാൾ ഓർത്തു കാരണം ഈ ചവിട്ടുപടികൾ ദിനവും പലതവണ കേറിയിറങ്ങുന്നത് നല്ലൊന്നാന്തരമൊരു എക്സർസൈസ് തന്നെയാണ്
പൊടുന്നനെ തന്നെ അതയാൾ തിരുത്തി എല്ലും തോലുമായിരിക്കുന്ന തന്റെ ശരീരത്തിൽ ഇനി എന്ത് മേദസ്സാണുള്ളത് ? അതൊക്കെ പണക്കാരുടെ അസുഖങ്ങളല്ലേ ? തനിക്കെവിടെന്നാണ് പണം നിത്യവൃത്തി തന്നെ മറ്റുള്ളവരുടെ കാരുണ്യത്താലും കനിവിനാലും കഴിയുന്ന തനിക്കെവിടെ നിന്നു വരുവാനാണ് പണക്കാരുടെ അസുഖം ?
എങ്കിലും താനൊരിക്കൽ ആ സുഖസൗകര്യങ്ങളിലൂടെ കടന്നു വന്നവൻ തന്നെയല്ലേ ?
വീണ്ടും ഓർമ്മകൾ , നാശം ഇതിൽ നിന്നും ഒന്ന് രക്ഷപ്പെടുവാൻ തനിക്ക് കഴിയുന്നില്ലല്ലോ ?
അയാൾ ആ ഫെനി ബോട്ടിൽ തുറന്ന് വീണ്ടും വായിലേക്ക് കമിഴ്ത്തി അണച്ചുകൊണ്ടെങ്കിലും അയാൾ ആ ഏണിപ്പടികൾ ചാടിക്കയറാൻ തുടങ്ങി കിതപ്പ് അതിന്റെ പാരമത്യത്തിൽ എത്തിയിരിക്കുന്നു എങ്കിലും അയാൾ ആ ഗോവണിപ്പടികൾ കയറുവാൻ ശ്രമിച്ചു ആരോടോക്കെയോ ഉള്ള കോപം അയാളെ വാശിക്കാരനാക്കി തീർത്തു പക്ഷേ പ്രായത്തിന്റെ അവശത അയാളെ തളർത്തിക്കളഞ്ഞുവെന്നുള്ളതാണ് സത്യം നിരങ്ങിക്കൊണ്ട് അയാളാ പടിക്കെട്ടിൽ ചാരിയിരുന്നു
മനസ്സിന്റെ ശക്തി ശരീരത്തിന് കൈവരിക്കാനാകില്ലെന്ന വാർദ്ധക്യത്തിന്റെ ദുർബ്ബലത അയാൾ തിരിച്ചറിയുകയായിരുന്നു
വാർദ്ധക്യം അതൊരു ജഢകൊഴിഞ്ഞ സിംഹമാണ് ഇര തേടാനും ഗർജിക്കാനും കഴിവില്ലാത്ത സിംഹം അതൊരിടത്ത് ചടഞ്ഞു കൂടിയിരിക്കാനാണ് ഇഷ്ട്ടപ്പെടുന്നത് എപ്പോഴും ഉറങ്ങുവാനും . പക്ഷേ കാലം അതിനെക്കൊണ്ട് വിധി വൈപരീതം ചെയ്യിക്കുകയാണെങ്കിൽ കുറുനരിയുടെ മുന്നിൽ പോലും നിസ്സഹായതയോടെ കൈനീട്ടുവാനേ അതിനു കഴിയൂ
അതാണ് വാർദ്ധക്യത്തിന്റെ ശാപം അതാണ് താനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതും
കിതപ്പ് ഒട്ടൊന്നാറിയപ്പോൾ അയാൾ പതുക്കെ വീണ്ടും ആ ഗോവണിപ്പടികൾ കയറുവാനാരംഭിച്ചു
അയാൾ മുകളിലേക്കൊന്ന് നോക്കി ആ ഗോവണിപ്പടികൾ ചുരുണ്ട് നീണ്ട് അങ്ങ് ആകാശത്തിലോട്ട് കയറിപ്പോവുകയാണോയെന്നു പോലും അയാൾക്കു സംശയം തോന്നി
ഒരുവിധത്തിലാണ് അയാൾ മുകളിൽ എത്തിച്ചേർന്നത് അകലെ വിശാലമായ കടൽ, ഓളങ്ങൾ ഏതുമില്ലാതെ നിശ്ചലമായി പരന്നുകിടക്കുന്നു നല്ല തണുത്ത കാറ്റ് കടലിൽ നിന്നും വീശിയടിക്കുന്നുണ്ട് അതിൽ നിന്നും രക്ഷ നേടുവാനായി അയാൾ തന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന കമ്പിളി ഷാൾ എടുത്ത് താടിയും തലയുമടക്കം ചേർത്തുകെട്ടി
ഇപ്പോൾ ലൈറ്റ് ഹൌസ് കാണുവാൻ വരുന്ന സന്ദർശകരുടെ സമയമാണ് അവരിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ച നാണയത്തുട്ടുകളാണ് തന്റെ വരുമാനത്തിനുള്ള ഏക ആശ്രയം
കീഴെ നിന്നും കലപില ശബ്ദം കേൾക്കുന്നുണ്ട് കുട്ടികൾ ആണെന്നു തോന്നുന്നു
അല്ലെങ്കിലും ബാല്യത്തിലെ എല്ലാത്തിനും കൗതുകമുള്ളൂ വാർദ്ധക്യത്തിൽ എല്ലാത്തിനോടും വിരസതയാണുണ്ടാവുക കാലത്തിന്റെ മാസ്മരികത, ജീവിതത്തിന്റെ രണ്ടു ധ്രുവങ്ങൾ
ചെറുപ്പത്തിൽ തനിക്കും എല്ലാത്തിനോടും കൗതുകമായിരുന്നു എന്നാലിപ്പോൾ കണ്ടുപഴകിച്ച കാഴ്ചകളോടുള്ള പുതുമകൾ നഷ്ട്ടപ്പെട്ട് എല്ലാത്തിനേയും ഒരു വിരക്തിയോടെ മാത്രം നോക്കിക്കാണാനേ തനിക്കു കഴിയുന്നുള്ളൂ
എല്ലാവരുടെയും വാർദ്ധക്യം ഇത്തരത്തിലുള്ളതായിരിക്കുമോ ?ആയിരിക്കാം ചിലപ്പോൾ അല്ലായിരിക്കാം താൻ അനുഭവിച്ച ജീവിത സാഹചര്യങ്ങളാണ് തന്നെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത് എന്നാൽ മറ്റു ജീവിത കാഴ്ചപ്പാടുള്ളവർ ഇല്ലാതില്ല
കലപില ശബ്ദം കൂടുതൽ അടുത്തെത്തിക്കൊണ്ടിരുന്നു കുട്ടികൾ ആഹ്ളാദാരവത്തോടെ ലൈറ്റ് ഹൗസിനു മുകളിൽ നിന്ന് കടലിനേയും അതിലൂടെ സഞ്ചരിക്കുന്ന കപ്പലുകളേയും കാണാനുള്ള വരവാണ്
അയാൾ വീണ്ടും ആ കുപ്പിയിൽ നിന്ന് ഒരു വായ കൂടി അകത്താക്കിയതിനു ശേഷം അവിടെയുള്ള കാലിച്ചാക്കുകളുടെ ഇടയിലേക്ക് ആ കുപ്പി ഒളിപ്പിച്ചു വെച്ചു
കുട്ടികൾ ആഹ്ളാദാരവത്തോടെ അയാൾക്കു ചുറ്റും കൂടി കണ്ണെത്താ സാഗരത്തിന്റെ നീലിമകൾ ചൂണ്ടിക്കാട്ടി അയാൾ കുട്ടികളോട് വിശേഷങ്ങൾ പങ്കുവെച്ചു
അവരുടെ കൗതുകവും ബാലിശവുമായ ചോദ്യങ്ങൾക്ക് അയാൾ അതേ താളലയത്തോടെ മറുപടി നൽകി
എന്തിനാ ഈ ലൈറ്റ് ഹൌസ് ? ആരാണ് ഇതിന്റെ ഉടമസ്ഥൻ ? ഇതിൽ ലൈറ്റ് എപ്പോഴും കത്തിക്കൊണ്ടിരിക്കുമോ ? ആരാണ് അത് കത്തിക്കുന്നത് തുടങ്ങി അപ്പൂപ്പന്റെ പേരെന്ത് അപ്പൂപ്പന്റെ വീട്ടിലാരൊക്കെയുണ്ട് മക്കൾ എന്തുചെയ്യുന്നു എന്നിങ്ങനെയുള്ള വ്യക്തിപരമായ ചോദ്യങ്ങളും കുഞ്ഞുങ്ങളുടെ നാവിൽ നിന്നുതിർന്നപ്പോൾ അയാളും ഒരു കുട്ടിയായി മാറിക്കഴിഞ്ഞിരുന്നു ബാല്യത്തിന്റെ കുസൃതികളിലൂടെ ആയാളും മുങ്ങാം കുഴിയിട്ടു
പോകുമ്പോൾ അവർ കൊടുത്ത മിഠായികളും ചില്ലറ നാണയത്തുട്ടുകളും അയാൾ വാരി തന്റെ നെടുങ്കൻ ഓവർ കോട്ടിന്റെ വലിയ കീശയിലേക്കിട്ടു ആദര സൂചകമായി തന്റെ വലതുകൈ നെഞ്ചോട് ചേർത്ത് ശിരസ്സ് കുനിച്ച് അയാൾ അവർക്ക് വന്ദനം പറഞ്ഞു
സമയമാകുന്ന മാറാപ്പ് ഇഴഞ്ഞു നീങ്ങുന്നു അല്ലെങ്കിലും അയാൾ സമയം നോക്കാറേയില്ല, സമയം നോക്കിയിട്ട് അയാൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുമില്ല. സമയത്തിന്റെ ദാർശനികതകളും മൂല്യങ്ങളും എന്നേ അയാൾ കൈയ്യൊഴിഞ്ഞിരിക്കുന്നു
അയാൾ കയ്യൊഴിഞ്ഞതാണോ അതോ അയാളെ കയ്യൊഴിഞ്ഞതാണോ എന്നുള്ളത് തീർച്ചപെടുത്താനാവില്ല
ഇന്ന് അയാൾ സമയത്തേയും സമയം അയാളേയും മതിക്കാറില്ല
തോന്നുമ്പോൾ കഴിക്കും തോന്നുമ്പോൾ കിടക്കും തോന്നുമ്പോൾ കുടിക്കും തോന്നുമ്പോൾ വലിക്കും സമയചക്രങ്ങൾ അയാളാണ് തിരിച്ചു കൊണ്ടിരിക്കുന്നത്. അയാളുടെ ലോകം, ആ ലോകത്തിൽ അയാൾ മാത്രം. അയാൾ വീണ്ടും ഒരു കവിൾ ഫെനി കൂടി അകത്താക്കി കുട്ടികളുമായുള്ള സംസർഗ്ഗത്തിന്റെ ക്ഷീണം അയാൾ അതിലൂടെ മാറ്റിയെടുത്തു
കുത്തിക്കെടുത്തിവെച്ച ആ പഴയ ചുരുട്ടിന്റെ പകുതി അയാൾ മറു പോക്കറ്റിൽ നിന്നും എടുത്ത് വിദൂരതയിലേക്ക് നോക്കി പുകയൂതി
ആ പുകച്ചുരുളുകൾ വളയങ്ങളായി ഒരു നിമിഷം അന്തരീക്ഷത്തിൽ തങ്ങി നിന്നതിനു ശേഷം കാറ്റിന്റെ ശക്തിയിൽ അലിഞ്ഞില്ലാതായി
ചെറിയൊരു ശബ്ദം കെട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത് പിന്നിൽ കാവൽക്കാരൻ സോവാസ്‌കി നിൽക്കുന്നു അയാൾ ഞെട്ടിപ്പോയി ഇവനെന്തിനാണ് ഒരു കള്ളനെപ്പോലെ എപ്പോഴും പതുങ്ങി നിൽക്കുന്നത് ?
നേരേ വന്നുകൂടെ എപ്പോഴും ഒളിച്ചും പതുങ്ങിയുമേ വരൂ അത് നേരായ കാര്യത്തിനാണെങ്കിൽ പോലും ഒരു കള്ളന്റെ മട്ടും ഭാവവും പിടിച്ചവൻ ഒരു അവലക്ഷണം കെട്ടവൻ അയാൾ മനസ്സിൽ പിറുപിറുത്തു
ആ അനിഷ്ടം പുറത്തുകാണിക്കാതെ തന്നെ അയാൾ ആ കാവൽക്കാരനു നേർക്ക് ചോദ്യശരങ്ങളുടെ പുരികങ്ങൾ എറിഞ്ഞു
എൽദോ ഡ്യുക്കിന്റെ കൊട്ടാരത്തിൽ നിന്നൊരു ഭ്രിത്യൻ വന്നിരുന്നു അദ്ദേഹത്തിന്റെ പുത്രന്മാരും പുത്രികളും സായന്തനത്തോടെ ഇങ്ങോട്ട് വരുന്നുവെന്ന്
ഇത് കേട്ടതോടെ അയാൾ ഉത്സാഹവാനായി കാരണം ചെർദ്ധോയിലെ ഡ്യുക്കാണത് ഫ്രാൻസിന്റെ വടക്കുഭാഗത്തുള്ള ഒരു കൊച്ചു തുറമുഖ പട്ടണമാണ് ചെർദ്ധോ അവിടത്തെ ഡ്യുക്കാണ് റിക്കാർഡോ ആൻഡ്രിഡോ അവർ പലപ്പോഴും വാരാന്ത്യങ്ങളിൽ ഇവിടേക്ക് വരാറുണ്ട് അദ്ദേഹത്തിന് ഈ ലൈറ്റ് ഹൗസിൽ നിന്നും ഒന്നരമൈൽ അകലത്തിൽ ഒരു വേനൽക്കാല വസതി കൂടിയുണ്ട്
അവർ വന്നുകഴിഞ്ഞാൽ അയാൾക്ക് നല്ല കോളാണ് ഡ്യുക്കിന്റെ ഇളയ മകൻ പിന്റോക്ക് അയാളെ വലിയ കാര്യമാണ് ആറുവയസ്സുള്ള ഒരു ബാലനാണെങ്കിലും വളരെ വിവേക പൂർവ്വമായ പെരുമാറ്റങ്ങൾ അയാളെ വല്ലതെ ഹഠാകർഷിച്ചിരുന്നു
പലപ്പഴും കാര്യമായെന്തെങ്കിലും അയാൾക്ക് തടയുന്നത് ഇതുപോലെയുള്ള അവസരങ്ങളിലാണ്
ഏതായാലും ഇന്ന് കോള് തന്നെ നാളെ രണ്ടുബോട്ടിൽ ഫെനി വാങ്ങണം ഇതാണെങ്കിൽ കഴിയാറായി ഇനി എന്താണൊരു മാർഗ്ഗമെന്ന് ആലോചിച്ചിരിക്കുമ്പോഴായിരുന്നു ഈ കോളൊത്തു വന്നത്
അയാൾ അതീവ സന്തോഷത്തോടെ ആ കുപ്പിയിൽ നിന്നും പകുതിയോളം വായിലേക്ക് കമിഴ്ത്തി തിരിഞ്ഞപ്പോൾ വെള്ളമിറക്കിക്കൊണ്ട് സോവാസ്ക്കി പുറകിൽ നിൽക്കുന്നു
അല്ല ..ഇയാൾ പോയില്ലേ ? അല്പം കൊടുത്തേക്കാം ഒരു സന്തോഷവാർത്ത തനിക്കെത്തിച്ചതല്ലേ
അയാളെ കുപ്പി കാവൽക്കാരനു നേരേ നീട്ടി കുറുക്കൻ തഞ്ചത്തിൽ കോഴിയെ റാഞ്ചുന്ന കൗശല്യത്തോടെ അയാളത് ചാടിപ്പിടിച്ചു ഒരു നന്ദി വാക്കുപോലും പറയാതെ അയാളതു മായി വേഗം ഗോവണിയിറങ്ങിപ്പോയി
നന്ദികെട്ടവൻ .. ഒരു നന്ദി വാക്കു പോലും പറയാതെ പോകുന്നത് കണ്ടില്ലേ ഇനിയൊരു തുള്ളിപോലും താനവന് കൊടുക്കത്തില്ല
എവിടെ ? അയാൾ സ്വയം പുച്ഛിച്ചു ..ഇതു തന്നെയല്ലേ താൻ എല്ലായ്‌പ്പോഴും പറയാറ് ? എന്നിട്ടും ഓരോപ്രാവശ്യവും താൻ തന്നെയതു ലംഘിച്ചു കൊണ്ടിരിക്കുന്നു
എന്താണതിനു കാരണം? തനിക്കറിയില്ല നിർമ്മലമായ മനസ്സുള്ളവർക്കേ ഉത്തമ ദാനശീലരാകുവാൻ കഴിയൂ എന്നുണ്ട് .., താൻ ഉത്തമനായ മനസ്സുള്ളവനാണോ ? ആയിരിക്കാം അങ്ങനെ ധാന ശീലനായതു കൊണ്ടാണല്ലോ താനീ നിലയിലേക്കെത്തിച്ചേർന്നത് ?
ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുവാൻ ഇഷ്ടപ്പെടാതെ തല പലപ്രാവശ്യം അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും വെട്ടിച്ചുകൊണ്ട് അയാൾ ചാടി ചാടി ഗോവണിയിറങ്ങുവാൻ തുടങ്ങി ഡ്യുക്കും പുത്രൻമാരും വരുമ്പോൾ സ്വീകരിക്കുവാനായി താനവിടെയുണ്ടാകണം
അകലേ നിന്നേ ഒരു ആരവം അതേ അവർ വരുകയാണ് അയാൾ ഒന്നുകൂടി ഉഷാറായി ബാക്കിയുള്ള ആ ഫെനി കൂടി അയാൾ പെട്ടെന്ന് വിഴുങ്ങി ചിറി അമർത്തിത്തുടച്ചു കൊണ്ട് അയാളാ കുപ്പി കടലിലേക്ക് വലിച്ചെറിഞ്ഞു അതാ തിരമാലയിൽ ഒന്ന് ചാഞ്ചാടി വീണ്ടും കരയിലേക്ക് തന്നെ തിരിച്ചു വന്നു
അയാൾ ഒന്ന് മൂരി നിവർത്തിക്കൊണ്ട് തന്റെ കോട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണൽത്തരികളെ തട്ടിക്കളഞ്ഞു
ആ ആരവം ഇങ്ങടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു ഡ്യുക്കും പരിവാരങ്ങളും വലിയൊരു ഘോഷയാത്ര പോലെ വന്നുകൊണ്ടിരിക്കുന്നു മുക്കുവർ അവർക്കൊപ്പം കൂടി കൊണ്ട് ഡ്യുക്കിന് ആശംസകൾ നേർന്നുകൊണ്ട് ആർപ്പു വിളിക്കുന്നു
അയാൾ ഓടിച്ചെന്ന് വിനയപൂർവ്വം ഡ്യുക്കിനു മുന്നിൽ ഓച്ഛാനിച്ചു നിന്നു കൊണ്ട് തന്റെ വിധേയത്വം വെളിപ്പെടുത്തി
ഡ്യുക്കിന്റെ ചോദ്യങ്ങൾക്കെല്ലാം അയാൾ വളരെ ഭവ്യതയോടെ തന്നെ തലയാട്ടിക്കൊണ്ടിരുന്നു പക്ഷേ പല ചോദ്യങ്ങളും അയാൾ കേട്ടില്ല എന്നുള്ളതായിരുന്നു സത്യം രണ്ടാമതും ചോദിക്കുവാൻ അയാളിലെ ഭയവും അതിരുകടന്ന ബഹുമാനവും അനുവദിച്ചില്ല അങ്ങിനെ ചോദിച്ചാൽ അത് നീരസത്തിനു കാരണമാകുമോയെന്നുള്ള ആശങ്കയും അയാൾക്കുണ്ടായിരുന്നു
മക്കളേയും കൂട്ടുകാരേയും അതോടൊപ്പം കുറച്ച് പരിചാരകരേയും അവിടെ വിട്ട് ഡ്യുക്കും കുടുംബവും വേനൽക്കാല വസതിയിലേക്ക് തിരിച്ചു പോയി
ആ ബാല്യങ്ങൾ തുള്ളിച്ചാടിക്കൊണ്ട് ലൈറ്റ് ഹൗസിനുള്ളിലേക്കോടി അവർക്ക് പിന്നാലെ ഓടിയെത്തുവാനായി അയാൾ വല്ലാതെ പണിപ്പെട്ടു അയാളുടെ ആ പങ്കപ്പാട് സോവസ്കിയുടെ ഉള്ളിൽ ചിരിപടർത്തി .
പ്രായത്തിന്റെ നിസ്സഹായത അയാൾ ഇപ്പോഴാണ് തിരിച്ചറിയുന്നത്
എന്തു ചെയ്യുവാൻ പറ്റും ? ബാല്യം അത് ഒരിക്കലേയുള്ളൂ അല്ലെങ്കിലും ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ഒരിക്കലേയുള്ളൂ കഴിഞ്ഞാൽ കഴിഞ്ഞതു തന്നെ വാർദ്ധക്യത്തിൽ നിന്ന് ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക് സാദ്ധ്യമല്ല അത് മനസ്സുകൊണ്ടായാൽ പോലും
തന്റെ വാർദ്ധ്യക്യത്തെ മാനിക്കാതെ അയാൾ കുതിക്കുവാൻ ശ്രമിച്ചെങ്കിലും ശരീരം അതയാളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു
എന്നിരുന്നാൽ കൂടി കുട്ടികളുടെ ഒപ്പം വേഗത്തിൽ ആ ഗോവണിപ്പടികൾ കയറുവാൻ അയാൾ ശ്രമിച്ചു കൊണ്ടേയിരുന്നു കാരണം ബാല്യങ്ങളുടെ സംതൃപ്തി അയാൾക്ക് രണ്ടു ഫെനിയിൽ നിന്ന് മൂന്നു ഫെനിയിലേക്കുള്ള മാർഗ്ഗമാണ്
കിതപ്പടക്കുവാനായി ആയാളാ ഗോവണിയുടെ കൈവരികളിൽ പിടിച്ചു നിന്ന് കൊണ്ട് തന്റെ അണപ്പു തീർത്തു
രണ്ടു നിമിഷത്തിനു ശേഷം അയാൾ വീണ്ടും മുകളിലേക്ക് കയറുവാൻ തുടങ്ങി അപ്പോഴും അയാളുടെ അണപ്പ് പൂർണ്ണമായും മാറിയിട്ടുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം പക്ഷേ വേറേ വഴിയില്ല
മുകളിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന ആ ഗോവണിപ്പടികളെ നോക്കി അയാൾ പിറുപിറുത്തു
ആരാണ് ഇതിന് ഇത്രയും നീളം കൊടുത്തിരിക്കുന്നത് ? അവരുടെ പിന്നാലെ എത്തിയെ തീരു എങ്ങിനെയെങ്കിലും അവരുടെ സന്തോഷം പിടിച്ചെടുക്കണം അവരുടെ സന്തോഷമാണ് കൂടുതൽ നാണയത്തുട്ടുകളായി തന്റെ കീശക്കുള്ളിൽ വീഴുന്നത്
ആ പ്രലോഭനം അയാളെ കുറച്ചൊരു അതി സാഹസികനാക്കി മാറ്റി ശരീരത്തിന്റെ ധാർഷ്ട്ട്യത്തെ അയാൾ മനസ്സിന്റെ ഇച്ഛാശക്തി കൊണ്ട് മറികടന്നു
അയാൾ ഏന്തിവലിഞ്ഞ് മുകളിലേക്കെത്തുമ്പോഴേക്കും കുട്ടികൾ ആകാശക്കാഴ്ചകൾ കണ്ടുതീർത്ത് തിരിച്ചിറങ്ങാൻ ആരംഭിച്ചു കഴിഞ്ഞിരുന്നു
അയാൾ മനസ്സറിഞ്ഞ് ഈശ്വരനെ വിളിച്ചു
ഈശ്വരാ ഇതെന്തു പരീക്ഷണം ?
കീറിയ കോട്ട് ഒരു കൈകൊണ്ട് ഇറുക്കിപ്പിടിച്ച് അയാൾ ഗോവണിയിറങ്ങാൻ തുടങ്ങി സത്യത്തിൽ അയാൾ ഇറങ്ങുകയായിരുന്നില്ല ഒഴുകുകയായിരുന്നു ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ബന്ധമില്ലാത്ത തരത്തിൽ കാലുകൾ മുന്നിലേക്ക് ഒഴുകി
കേറുന്നതിനേക്കാൾ ആയാസകരമല്ലാത്ത ഒന്നു തന്നെയാണ് ഇറക്കം ജീവിതത്തിലായാലും അത് സത്യം തന്നെ മുകളിലേക്ക് കയറുവാനാണ് ആയാസം കീഴ്പ്പോട്ടുള്ളത് എപ്പോഴും ആയാസരഹിതം തന്നെയാണ് പക്ഷെ അപ്പോഴും സൂക്ഷിക്കണം കാലു തെറ്റിയാൽ വലിയ ആഴത്തിൽക്കുള്ള കൂപ്പു കുത്തലായതു മാറും
കുട്ടികൾ കടൽത്തീരത്ത് ഓടിക്കളിക്കുന്നു അവർക്കൊപ്പം ആയാളും ഇഴഞ്ഞു നീങ്ങി . മുയലുകളുടെ ഇടയിൽ പെട്ട ആമയെപ്പോലെ അയാളാ കളിക്കൂട്ടത്തിൽ അവരോടൊപ്പം പങ്കുചേർന്നു
അതാ കുട്ടികൾ വീണ്ടും ആരവത്തോടെ ലൈറ്റ് ഹൗസിനു മുകളിലേക്ക്
അയാൾ മനസ്സറിഞ്ഞ് കരഞ്ഞു അത് കണ്ട സോവാസ്ക്കി ഇളകി ചിരിച്ചു
0 അഭിപ്രായങ്ങള്‍