പരാതിയെക്കുറിച്ച് അന്വേഷിക്കുവാൻ ചെന്ന പലചരക്ക് കടക്കാരൻ സുപ്രുവിനെ ഇടിയൻ പേടിപ്പിച്ചു വിട്ടു 

പേടിപ്പിച്ചു വിട്ടു എന്നു മാത്രമേ സുപ്രു മറ്റുള്ളവരോട് പറഞ്ഞുള്ളൂ പക്ഷേ റൈറ്റർ തോമാസേട്ടൻ പറഞ്ഞാ എല്ലാവരും അതറിഞ്ഞത് ഇടിയൻ സുപ്രുവിനിട്ട് രണ്ടു പൊട്ടിച്ചെന്നും നാണക്കേടുകൊണ്ടാ സുപ്രുവത് പുറത്ത് പറയാതിരുന്നതെന്നും  

ഇടിയനെക്കൊണ്ട് കാര്യം നടക്കത്തില്ലെന്ന് മനസ്സിലായതോടെയാ നാട്ടുകാർ ഒരു മന്ത്രവാദിയെ കൊണ്ടു വരാമെന്നുള്ള തീരുമാനം എടുത്തത് 

പ്രേക്ഷിതൻ സുകുവാ പറഞ്ഞത് ചുട്ട കോഴിയെവരെ പറപ്പിക്കുന്നൊരു മന്ത്രവാദി പരിചയത്തിലുണ്ട്,  ഭാർഗ്ഗവൻ 

എന്റെ സുകേശാ നമുക്ക് രക്ഷസ്സിനെയാണ് പിടിക്കേണ്ടത് അല്ലാതെ ചുട്ട കോഴിയെ പറപ്പിക്കാനല്ല ചുട്ട കോഴിയെ പൊരിച്ചു തിന്നാം , ജീവനുള്ള കോഴിയെ കല്ലെടുത്ത് എറിഞ്ഞാൽ മതി അത് ഓടിക്കൊള്ളും 

മമ്മദ് പറഞ്ഞ ആ തമാശ കേട്ട് മമ്മദ് മാത്രം ചിരിച്ചു.  കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ മമ്മദിന്റെ ആ അനാവശ്യ തമാശ ആർക്കും ഇഷ്ടപ്പെട്ടില്ല എന്നുള്ളതാണ് സത്യം .

ഒരു പൊട്ടിച്ചിരി പ്രതീക്ഷിച്ചാണ്  മമ്മദത്  പറഞ്ഞതെങ്കിലും സുകു രൂക്ഷമായി നോക്കിയതോടെ ഞാൻ വെറുതേ പറഞ്ഞതാണെന്നും പറഞ്ഞ് മമ്മദ് തലയൂരി .  കാലങ്ങളായി പറഞ്ഞു പോരുന്ന ആ  ആശയപരമായ തത്വത്തിനു മേലുള്ള മമ്മദിന്റെ കടന്നുകയറ്റം സുകുവിന് തീരെ ഇഷ്ടപ്പെട്ടില്ല. 

നീ എങ്ങിനെയെങ്കിലും അയാളെയൊന്ന് വിളിച്ചോണ്ട് വായോ എന്റെ സുകുവേ 

കനത്ത അന്തരീക്ഷം ഒന്ന് ലഘൂകരിക്കുവാൻ വേണ്ടിയാണ് അവറാൻ ചേട്ടൻ അങ്ങനെ പറഞ്ഞത്.

അങ്ങനെ ഭാർഗ്ഗവനെ തേടി സുകു പോയതിന്റെ രണ്ടാം ദിവസം കവലയെ വിറപ്പിച്ചു കൊണ്ട് ഒരു ജീപ്പ് സഡൻ ബ്രെക്കിട്ടു ഇടിയന്റെ ജീപ്പാണെന്നു കരുതി ചായ കുടിച്ചോണ്ടിരുന്നവരെല്ലാം ഓടാൻ റെഡിയായി. 

ഒരു പടികൂടി മുന്നേ കടന്ന അന്ത്രു ഓടുകയും ബെഞ്ചിൽ മുണ്ടുടക്കി വീഴുകയും ചെയ്‍തു അതോടെ അന്ത്രുവിനെ കണ്ട എല്ലാവരും ഞെട്ടി എന്തിന് അന്ത്രു പോലും ഞെട്ടി അന്ന് രാവിലെ ചായ കുടിക്കാൻ വന്നപ്പോ അന്ത്രു ട്രൗസർ ഇട്ടിട്ടുണ്ടായിരുന്നില്ല മുണ്ടിനെ വിശ്വസിച്ചു മാത്രമായിരുന്നു  അന്ത്രു വന്നത് 

ആ മുണ്ട് വിശ്വാസ വഞ്ചന കാണിച്ചു കൊണ്ട് ഒരു ബെൽറ്റ്‌ പോലെ ആ ബെഞ്ചിൽ ചുറ്റിക്കിടന്നു അതോടെ അന്ത്രു നിലത്തു വീണുരുണ്ടു ചായ കുടിക്കാൻ വരുമ്പോൾ ഇടിയൻ വരുമെന്നോ ഓടേണ്ടി വരുമെന്നോ അന്ത്രുവും മുണ്ടും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്നുള്ളതായിരുന്നു സത്യം .  

ചായ കുടിക്കാൻ വന്ന പൂക്കാരി നാണിച്ചേടത്തി കണ്ണു പൊത്തി ചിരിച്ചുകൊണ്ട് ഓടിപ്പോയി ചായ കുടിക്കാൻ വന്നവർക്കെല്ലാം ചിരിയോട് ചിരി അന്ത്രുവിന്റെ മുഖത്ത് ഒരു തുള്ളി ചൊര പോലും എടുക്കാനില്ല ഭൂമി പിളർന്ന് അതിനുള്ളിലേക്ക്  താഴ്ന്നു പോയെങ്കിലെന്ന് അന്ത്രു സത്യമായും ആശിച്ച നിമിഷം 

ഒരു വിധത്തിൽ വലിച്ചെടുത്ത മുണ്ടുടുത്ത് അന്ത്രു എല്ലാവരേയും നോക്കി ചിരിച്ചു ഞാൻ ട്രൗസർ ഇട്ടിരുന്നതാ ...ഇപ്പൊ കാണാനില്ലെന്നാ  അന്ത്രു പറഞ്ഞത്.  റോമു അന്ത്രുവിനെ നോക്കി മുരണ്ടു മണികണ്ഠൻ പൂച്ച ഇതുവരെ കാണാത്ത പലതും കണ്ട് ആകാംഷയോടെ നോക്കി നിന്നു അന്ത്രു ഒരു ജീവച്ഛവമായി നിന്നുരുകി 

അലറിപ്പാഞ്ഞു വന്ന ജീപ്പിൽ നിന്നും ആറടിയോളം ഉയരമുള്ള ഒരു കൃശഗാത്രൻ പുറത്തേക്കിറങ്ങി തോളറ്റം വളർന്നു കിടക്കുന്ന മുടി നെഞ്ചത്തോളം വളർന്നു കിടക്കുന്ന താടി കണ്ണുകൾ തീക്കട്ടപോലെ ജ്വലിച്ചു കൊണ്ടിരിക്കുന്നു . 

ഭാർഗ്ഗവൻ

പിന്നാലെയിറങ്ങിയ സുകു പറഞ്ഞതു കേട്ട് നാട്ടുകാർ നിശ്ചലരായി , പ്രപഞ്ചം നിശ്ചലമായി ഒഴുകിവന്ന കാറ്റ് വീശാൻ മടിച്ചുകൊണ്ട് വിറങ്ങലിച്ചു നിന്നു പ്രേതത്തെ കണ്ടതു പോലെ നായ്ക്കൾ കൂവി അതോടൊപ്പം റോമുവും കൂവാൻ നോക്കി പക്ഷെ പേടികൊണ്ട് അതൊരു കുറുങ്ങാലായയാണ് പുറത്തേക്കു വന്നത് 

ഈ നായ്ക്കൾക്കെല്ലാം ഭ്രാന്തു പിടിച്ചോയെന്നാ മണികണ്ഠൻ ചിന്തിച്ചത് അവൻ റോമുവിന്റെ അടുക്കൽ നിന്നും കുറച്ചു നീങ്ങി നിന്നു 

തൊമ്മി ഓടിച്ചെന്ന് ഭാർഗ്ഗവന്റെ കാലിൽ വീണു 

ഇന്നവനെ ഞാൻ തളക്കും ഇത് ഭാർഗ്ഗവനാണ് 

ഭാർഗ്ഗവൻ  ഒരു പിടി ഭസ്മമെടുത്ത് അന്തരീക്ഷത്തിലേക്ക് വീശിയെറിഞ്ഞു ആ ഭസ്മ ധൂളികൾ അന്തരീക്ഷത്തിലൊരു വലയം തീർത്തു അതിനുള്ളിൽ നിന്നും ഒരു പാട് പ്രേതങ്ങളുടെ നിലവിളി കേട്ടു 

തൊമ്മി വേഗം തിരിച്ചോടി 

വിറച്ചിട്ടാണ് പാക്കരൻ ചേട്ടൻ ചായ ഭാർഗ്ഗവന് കൊടുത്തത് 

ഞാൻ ചായ കുടിക്കാറില്ല പാക്കരൻ ചേട്ടൻ ഓടിപ്പോയി കാപ്പിയെടുത്തോണ്ട് വന്നു ഞാൻ കാപ്പി കുടിക്കാറില്ല 

ഞാൻ ചാപ്പി തരട്ടെ പാക്കരൻ ചേട്ടൻ വിറച്ചു കൊണ്ടാണത്  ചോദിച്ചത് 

പാല് തരട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കിലും പേടികൊണ്ട് വായിൽ നിന്നും പുറത്തേക്ക്  വന്നത് ചാപ്പിയെന്നായിരുന്നു 

അതേതോ പുതിയ സാധനമായിരിക്കും എന്നു കരുതിയ ഭാർഗ്ഗവൻ പറഞ്ഞു എന്നാലത് കൊണ്ടുവരൂ 

അതോടെ പാക്കരൻ ചേട്ടൻ ത്രിശങ്കുവിലായി കൊടുത്തില്ലെങ്കിൽ രക്ഷസ്സിനു പകരം ഭാർഗ്ഗവൻ തന്നെ പിടിച്ചോണ്ട് പോവും അവസാനം ചായയും കാപ്പിയും പകുതി പകുതി ഒരു ഗ്ലാസ്സിൽ ചേർത്ത് പാക്കരൻ ചേട്ടൻ ഭാർഗ്ഗവനു കൊണ്ടു കൊടുത്തു 

ഭലേ ഭേഷ് ..ഭാർഗ്ഗവൻ അഭിനന്ദിച്ചു 

ഇത്രയും സ്വാദിഷ്ടമായൊരു പാനീയം ഞാൻ ജീവിതത്തിൽ കുടിച്ചിട്ടില്ലെന്ന് ഭാർഗ്ഗവൻ പറയുകയും ചെയ്തു 

അതോടെ പാക്കരൻ ചേട്ടന്റെ കടയിൽ പുതിയൊരു പാനീയം കൂടി പിറന്നു ചാപ്പി 

നാട്ടുകാരിൽ പലരും അതിന്റെ ആരാധകരായി മാറി ഭാർഗ്ഗവനായി പാക്കരൻ ചേട്ടൻ പ്രത്യേകമായി ഉണ്ടാക്കിയതാണെന്നുവരെ നാട്ടുകാർ പറഞ്ഞു 

ചാപ്പിയുടെ പേര് പാക്കരൻ ചേട്ടന്റെ ചായക്കടയും ഞങ്ങളുടെ ഗ്രാമവും കടന്നു  അടുത്ത ഗ്രാമത്തിലേക്കു കൂടി വ്യാപിച്ചു അവിടെ നിന്നു പോലും ചാപ്പിക്ക് ആരാധകർ ഉണ്ടായി.

ആരെന്തൊക്കെ പ്രതിഫലം തരാമെന്നു പറഞ്ഞിട്ടും പാക്കരൻ ചേട്ടൻ അതിന്റെ കൂട്ട് മാത്രം ആർക്കും പറഞ്ഞു കൊടുത്തില്ല കൊടുത്താൽ നാട്ടുകാരും ഭാർഗ്ഗവനും ഇടിയനും എല്ലാവരും ചേർന്ന് തന്നെ പിച്ചിചീന്തും ഒരു തുണ്ടം പോലും ബാക്കിവെക്കില്ലാന്ന് പാക്കരൻ ചേട്ടന് നന്നായി അറിയാമായിരുന്നു 

അന്നമ്മ ചേട്ടത്തിയും പല പ്രാവശ്യം പാക്കരൻ ചേട്ടനോട് ചോദിച്ചെങ്കിലും പാക്കരൻ ചേട്ടൻ പറഞ്ഞു കൊടുത്തില്ല  അതിലും ഭേദം  താൻ തന്നെ ഒരു മൈക്കെടുത്ത് നാട്ടുകാരെ മുഴുവൻ  അറിയിക്കുന്നതാണ് നല്ലതെന്ന് പാക്കരൻ ചേട്ടന് തോന്നി.  

അങ്ങനെ ഭാർഗ്ഗവൻ വന്ന് രക്ഷസ്സിനെ പിടിക്കാനുള്ള കോപ്പുകൾ കൂട്ടിത്തുടങ്ങി 

ചാപ്പിയെന്ന പാനീയം ഗ്രാമങ്ങളും പട്ടണങ്ങളും കടന്ന് വിദേശത്തു വരെ എത്തിയെന്നാ ഗൾഫ്കാരൻ ഭാസ്ക്കരേട്ടൻ പറഞ്ഞത് സത്യത്തിൽ അത് ഭാസ്ക്കരേട്ടൻ വെറുതെ പറഞ്ഞതായിരുന്നു അങ്ങനെ സുഖിപ്പിച്ച് പാക്കരൻ ചേട്ടന്റെ കൈയ്യീന്ന് ചാപ്പിയുടെ കൂട്ട് മനസ്സിലാക്കി ഗൾഫിലൊരു കട തുടങ്ങാമെന്നായിരുന്നു ഭാസ്ക്കരേട്ടന്റെ പ്ലാൻ 

പക്ഷേ ഭാസ്ക്കരേട്ടൻ മനസ്സിൽ കണ്ടത് പാക്കരൻ ചേട്ടൻ മാനത്തു കണ്ടു ചാപ്പിയുടെ പെരുമ കേട്ടറിഞ്ഞ ഇടിയനും ചാപ്പി കുടിക്കാൻ മോഹം തോമാസേട്ടനോടാണ് ഇടിയൻ ചോദിച്ചത് 

എടോ തോമാസേ എനിക്കും ഒരു ചാപ്പി കുടിക്കണം   

അതിനെന്താ സാറേ നമുക്കതിങ്ങോട്ട് വരുത്താലോ ?

വേണ്ടാ തോമാസേ അങ്ങോട്ട് പോയി കുടിക്കാം 

കവലയിൽ ഇടിയന്റെ ജീപ്പ്,  ഞാൻ വന്നുവെന്ന് അലറിക്കൊണ്ട് വന്നു നിന്നതോടെ ചായയും ചാപ്പിയും കുടിക്കാനായി വന്നവർ എണീറ്റോടാൻ റെഡിയായി . ഇന്ത്യൻ ഭരണ ഘടനയിൽ ചായയും ചാപ്പിയും കുടിക്കുന്നത് തെറ്റല്ലെങ്കിലും അതിനെക്കുറിച്ച് പൗരന്മാർക്ക് അവബോധം ഉണ്ടെങ്കിലും ഇടിയനെ കാണുമ്പോൾ എല്ലാവരുടേയും കാലുകൾ ഓട്ടപ്പന്തയത്തിൽ വെടിയൊച്ച കാത്തു നിൽക്കുന്നതു പോലെയാവും 

എന്താണതിന്റെ ഗുട്ടൻസെന്ന് ആർക്കുമറിയത്തില്ല അറിയാനോട്ട് താല്പര്യവുമില്ല . വെറുതേ ആവശ്യമില്ലാത്തത് അറിയുവാൻ പോയി ഇടിയന്റെ ഇടി വാങ്ങി വെക്കേണ്ടതെന്നതുകൊണ്ട് കൂടിയാണ് എല്ലാവരും ഓടാൻ തയ്യാറായി നിൽക്കുന്നതും 

മദം പൊട്ടി നിൽക്കുന്ന ആനയുടെ അടുത്ത് ഞാൻ പൂരം കാണാൻ വന്നതാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോയെന്നാ ,  ഒരു പ്രാവശ്യം ഇതുപോലെ ഓടിക്കൊണ്ടിരുന്ന പലചരക്കു കടക്കാരൻ സുപ്രു പറഞ്ഞത് .  കേട്ട എല്ലാവർക്കും അത്  ശരിയാണെന്നും  തോന്നി ആനക്കറിയേണ്ട കാര്യമില്ലല്ലോ പൂരം കാണാനാണോ വന്നിട്ടുള്ളതെന്ന്  

തന്റെ കടയിലേക്ക് ഇടിയൻ വരുന്നതു കണ്ടതോടെ ചായകുടിച്ചവരും ഓർഡർ ചെയ്തവരും പിന്നിൽ കൂടി മുങ്ങി . തിന്നുകൊണ്ടിരുന്ന പുട്ടിന്റെ പാത്രവും എടുത്തുകൊണ്ടായിരുന്നു അന്തോണി പുറകിലേക്ക് ഓടിയത് .അതിനുള്ളിൽ മാക്സിമം പുട്ട് വായ്ക്കുള്ളിലേക്ക് കുത്തിനിറക്കാൻ അന്തോണി ശ്രമിച്ചെങ്കിലും അളവിൽ കൂടുതൽ ഉള്ളിൽ പോയതിനാൽ അതിൽ കുറച്ച് വഴിതെറ്റി അന്തോണിയുടെ ശ്വാസകോശത്തിലേക്ക് പോയി 

പുട്ട് തിന്ന് പരിചയമില്ലാത്ത ശ്വാസകോശം അതോടെ പണി മുടക്കുകയും ശ്വാസം കിട്ടാതെ അന്തോണിയുടെ കണ്ണുകൾ തുറിക്കുകയും ചെയ്തു . അവസാനം തമിഴൻ മുരുകൻ ഒരിടി അന്തോണിയുടെ തലയിൽ കൊടുത്താണ്  ആ പുട്ടിനെ നേർവഴിക്കു നടത്തിയത് . തനിക്ക് കഴിഞ്ഞ ആഴ്ച ഒരു നൂറു രൂപാ കടം ചോദിച്ച് തരാത്ത അന്തോണിയോടുള്ള ദേഷ്യം ആ ഇടിയിലൂടെ മുരുകൻ അങ്ങു  തീർക്കുകയും ചെയ്തു .

പാവം ഇടികൊണ്ട് അന്തോണി വീണു എന്നാലും കുഴപ്പമില്ല ജീവൻ പോകാതെ രക്ഷപ്പെട്ടല്ലോ . ഇടിയൻ ഭൂമി കുലുക്കി വരുന്നതു കണ്ടതോടെ ചായ കുടിക്കാനല്ല ആ വരവ് എന്ന് മനസ്സിലാക്കിയ റോമു പതുക്കെ കടയിൽ നിന്നും മുങ്ങി . പാക്കരൻ ചേട്ടനെ ഇടിയൻ ഇടിക്കും അതുകണ്ട് കാവൽക്കാരനായ താൻ കുരച്ചില്ലെങ്കി പാക്കരൻ ചേട്ടൻ ഇടിക്കും കുരച്ചാൽ ഇടിയൻ ഇടിക്കും ഇത് രണ്ടും ഒഴിവാക്കാനാണ് റോമു ബുദ്ധിപൂർവ്വം അവിടെ നിന്നും മുങ്ങിയത് 

ഇടിയനെ കണ്ട് ഏതോ സെക്യൂരിറ്റിയാണെന്നും കരുതിയാ മണികണ്ഠൻ പൂച്ച ഓടിപ്പോയി ഇടിയന്റെ കാല് നക്കാൻ നോക്കിയത് .പുതിയ ആളായതുകൊണ്ട് സ്നേഹം പ്രകടിപ്പിച്ചാ ചിലപ്പോ എന്തെങ്കിലും തിന്നാൻ തടയും എന്നുള്ള പ്രതീക്ഷയിലാ മണികണ്ഠൻ ഓടിപ്പോയി കാലുരുമ്മിയത് , പക്ഷേ തൊഴിയാ മണികണ്ഠനു കിട്ടിയത് അതോടെ മണികണ്ഠൻ വാ കീറിക്കൊണ്ട് അകത്തേക്കോടി.

ഇവനെന്ത് മരങ്ങോടനാ പോലീസിനെ കണ്ടാ തിരിച്ചറിയത്തില്ലേയെന്നാ റോമു മനസ്സിലോർത്തത് ഏതായാലും ഇടിയൻ വെടിവെച്ച് കൊല്ലാഞ്ഞത് ഭാഗ്യമായിപ്പോയെന്നു കൂടി റോമു മനസ്സിൽ പറഞ്ഞു 

അവനൊരു ആർത്തിപ്പണ്ടാരമായെന്നും അതോടൊപ്പം പറഞ്ഞു വെച്ചു 

അകത്തു നിന്ന് കാറിക്കൊണ്ട് മണികണ്ഠൻ ഇടിയനെ നോക്കി അവനെ വിചാരം അവനെ തൊഴിച്ചതിൽ പാക്കരൻ ചേട്ടൻ ഒരു തവിയെടുത്ത് ഇടിയനെ തല്ലിയോടിക്കുമെന്നായിരുന്നു മണികണ്ഠന്റെ കാറൽ കണ്ട് വിറച്ചു കൊണ്ടാ റോമു നിന്നത് ഇവനിന്ന് അയാളുടെ വെടി കൊണ്ട് ചാവും അതോടൊപ്പം തന്നെയും വെടി വെക്കുമോയെന്നുള്ള പേടിയും റോമുവിനുണ്ടായിരുന്നു 

വെറുതേ രണ്ടുണ്ട ചിലവാക്കാനൊന്നും ഇടിയന് മടിയുണ്ടാവില്ല ഇതേ വിചാരം തന്നെയായിരുന്നു പാക്കരൻ ചേട്ടനും ഈ മരങ്ങോടൻ പൂച്ച ആളെ കൊലക്ക് കൊടുക്കുമോയെന്നായിരുന്നു പാക്കരൻ ചേട്ടന്റേം പേടി ഇതുപോലത്തെ ജന്തുക്കളെ വളർത്തുമോയെന്നു ചോദിച്ചായിരിക്കും തന്നെ അറസ്റ്റു ചെയ്യുന്നത് നാളെത്തന്നെ ഈ നശൂലത്തിനെ കൊണ്ട് കളയണം 

താൻ ഇത്ര നേരം തൊണ്ട കീറി കയറിയിട്ടും ആരും തിരിഞ്ഞു നോക്കാത്തതിൽ മണികണ്ഠന് വിഷമം തോന്നി വർഗ്ഗ സ്നേഹമില്ലാത്ത ജന്തുക്കൾ.

ഇടിയൻ അടുത്തു വന്നതോടെ പാക്കരൻ ചേട്ടന്റെ വലിവും അതോടൊപ്പം വിറയലും കൂടി രണ്ടു പേരും മത്സരിച്ചാണ് നിൽക്കുന്നത് ഞാനാദ്യം, ഞാനാദ്യം എന്നു പറയും പോലെ . ഇടിയൻ വരാൻ മാത്രം താനെന്തു പാതകമാ ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും പാക്കരൻ ചേട്ടന് മനസ്സിലായില്ല . 

 അന്നമ്മ ചേടത്തി അടുക്കളയിലോട്ട് ഓടി  എന്റെ മനുഷ്യാ എന്തെങ്കിലും  കൊത്രം കൊള്ളി ഒപ്പിച്ചിട്ടുണ്ടോ നിങ്ങളിന്ന് ആ ഓട്ടത്തിനിടയിൽ അന്നമ്മ ചേടത്തി വിളിച്ചു ചോദിക്കേം ചെയ്തു 

ഞാനെന്തു ചെയ്‌തേടിയെന്ന് പാക്കരൻ ചേട്ടൻ മറുപടി പറയുന്നതിന് മുന്നേ അന്നമ്മ ചേടത്തി അടുക്കളയിൽ കയറി വാതിലടച്ചു കഴിഞ്ഞിരുന്നു 

എന്റെ പാക്കരാ നമ്മുടെ സാറിന് സ്പെഷൽ ചാപ്പി ഒന്ന് കൊടുക്കണം അത് കുടിക്കാനാ സാറു വന്നിരിക്കുന്നത് 

ഇപ്പോഴാ പാക്കരൻ ചേട്ടന് ആശ്വാസമായത് കുഴപ്പത്തിനല്ല വന്നെതെന്നറിഞ്ഞതോടെ അന്നമ്മ ചേടത്തി കൈ കൂപ്പിക്കൊണ്ട് പുറത്തേക്കിറങ്ങി 

ഇടിയനെ കണ്ടതോടെ ചാപ്പിയുടെ കൂട്ട് പാക്കരൻ ചേട്ടൻ മറന്നെങ്കിലും ഒരുവിധത്തിൽ ഇടി പേടിച്ച് അത് ഓർമ്മിച്ചെടുത്തു 

ഇടിയൻ വന്നത് ചാപ്പി കുടിക്കാനാണെന്ന് മനസ്സിലായതോടെ ഓടിപ്പോയ എല്ലാവരും തിരികെയെത്തി വരുന്നവരെല്ലാം കൈകൂപ്പി ഇടിയന് നമസ്കാരം പറഞ്ഞു കൊണ്ടിരുന്നു ഇടിയനെ ചായക്കടയിൽ കണ്ടതോടെ വഴിപോക്കരും ഇടിയനോട് നമസ്കാരം പറയാൻ വന്നുകൊണ്ടിരുന്നു .

മനസ്സമാധാനത്തോടെ ചാപ്പി കുടിക്കാൻ  ഈ പരട്ട നാട്ടുകാര് തന്നേക്കൊണ്ട് സമ്മതിപ്പിക്കാത്തില്ലല്ലോയെന്നു കരുതി ഇടിയന് പതുക്കെ ദേഷ്യം വന്നു തുടങ്ങി . ഇടിയൻ വന്നെന്നറിഞ്ഞ് ഓടിക്കിതച്ചാ മമ്മദ് വന്നത് . മമ്മദിന്റെയാ പാഞ്ഞു വരവ് കണ്ടതോടെ ഇടിയന് എന്തോ പന്തികേട് തോന്നി 

നമസ്ക്കാരം പറയാൻ ഇങ്ങനെ പാഞ്ഞു വരേണ്ടതുണ്ടോ ? ഇടിയൻ തന്റെ നമസ്ക്കാരം കേൾക്കുന്നതിനിടയിൽ പോയാലോ എന്നുള്ള പരിഭ്രമത്തിലാ മമ്മദ് പാഞ്ഞു വന്നത് 

നമസ്ക്കാരം സാറേ .., ഇടിയന്റെ മുന്നിൽ തന്റെ തല താഴ്ത്തി നിലത്തു മുട്ടിച്ചാ മമ്മദ് തന്റെ  നമസ്ക്കാരം പറഞ്ഞത് . അതോടെ മമ്മദിന്റെ മൂട് ചായ കുടിക്കായിരുന്ന അന്ത്രുവിന്റെ മുഖത്തിനു നേരെയായിരുന്നു . മമ്മദ് വല്ലാതെ വളഞ്ഞപ്പോൾ ആ മർദ്ധം വയറിൽ ചെലുത്തുകയും വയറിലൂടെ ഒരു കാറ്റ്  സീൽക്കാരത്തോടെ അന്ത്രുവിന്റെ മുഖത്തേക്ക് ആഞ്ഞടിക്കുകയും ചെയ്തു 

ഒരു ഇളം തെന്നൽ തന്നെ വലയം ചെയ്ത് കടന്നു പോയതു പോലെ അന്ത്രുവിന് തോന്നുകയും ചെയ്തു 

ഇത്രയും താഴ്ന്നു വീണ് തന്നോട് നമസ്ക്കാരം പറയുന്ന മമ്മദിനെ നോക്കി ഇടിയനും നമസ്ക്കാരം പറഞ്ഞു , പക്ഷേ കൈയ്യിൽ ചാപ്പിയുള്ളത് മറന്നു പോയിരുന്നു നല്ല ചൂടു ചാപ്പിയായിരുന്നു പാക്കരൻ ചേട്ടൻ സ്പെഷലായി ഇടിയന് ഉണ്ടാക്കി കൊടുത്തത് .

ആ ചാപ്പി ഇടിയന്റെ മടിയിലേക്ക് യാതൊരു ദാക്ഷ്യണ്യവും കൂടാതെ പതിച്ചു. ഇടിയൻ ഒന്ന് ഞെട്ടി പിന്നെ വിറച്ചു . മടി മുഴുവൻ പുകച്ചിൽ പന്ന റാസ്‌ക്കലെന്ന് അലറിക്കൊണ്ട് സൃഷ്ട്ടാങ്കം കുനിഞ്ഞു നിന്ന മമ്മദിന്റെ പുറത്ത് ആഞ്ഞൊരു കുത്തായിരുന്നു 

തന്നെ തോളിൽപ്പിടിച്ച് എഴുന്നേൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മമ്മദ് ആ ഇടിയോടെ മൂക്കു കുത്തി വീണു , അള്ളാ ..ന്ന ലറി.  പുറത്തേറ്റ മർദ്ധം അത്   വയറിന്റെ മറുവശത്ത് ചെലുത്തിയ സമ്മർദ്ധത്താൽ  മമ്മദിന്റെ വയറിനുള്ളിൽ നിന്നും വീണ്ടുമൊരു ഇളം തെന്നൽ വീശി,  ഇപ്രാവശ്യം അതൊരു കൊടുങ്കാറ്റ്  പോലെയാണ് അന്ത്രുവിന് തോന്നിയത് 

അതോടെ  തന്റെ ജീവനു തന്നെ ഭീക്ഷിണിയാകുമെന്നു  കരുതി അന്ത്രു എണീറ്റോടി 

പരട്ട റാസ്‌ക്കൽ ഇറങ്ങിപ്പോടാ നായിന്റെ മക്കളെ ഇടിയൻ അലറി ആ അലർച്ച കേട്ടതോടെ കൂട്ടിൽ നിന്ന് റോമു ഇറങ്ങിയോടി നായിന്റെ മോനെയെന്നുള്ള വിളി തനിക്കിട്ടാണെന്നായിരുന്നു അവൻ കരുതിയത് . മണികണ്ഠൻ എവിടേക്കോ ഓടി കൈ കൂപ്പി നിന്ന അന്നമ്മ ചേടത്തി കൂപ്പു കൈയ്യുമായി അടുക്കളയിലോട്ട് പാഞ്ഞു 

മമ്മദിനു പുറകിൽ കൈ കൂപ്പി തന്റെ ഊഴവും കാത്തു നിന്നിരുന്ന കപ്യാര് ഈനാശു ചേട്ടൻ ബോധം കെട്ടു വീണു ഇടിയൻ തുള്ളിക്കൊണ്ടായിരുന്നു സ്റ്റേഷനിലേക്ക് പാഞ്ഞത് പാവത്തിന്റെ മടി ആകെ നാശമായിപ്പോയിരുന്നു  

ഒരു ഉരുളിയിൽ വെള്ളം നിറച്ച്  ആ രാത്രി മുഴുവൻ ഇടിയൻ  അതിലിരിപ്പായിരുന്നു അന്ന് വീട്ടിലേക്ക് വരുമ്പോൾ ഭാര്യ രമണിക്കായി വാങ്ങി വെച്ച ഹലുവ എടുത്ത് ഇടിയൻ വലിച്ചെറിഞ്ഞു 

ഇനിയിപ്പോ ഹൽവ കൊണ്ടുപോയിട്ട് എന്തു കാര്യം ? 

ആ ഹൽവ തനിക്കു കിട്ടുമെന്ന് തോമാസേട്ടൻ മനക്കോട്ട കെട്ടിയെങ്കിലും ഇടിയൻ കൊടുത്തില്ല മറിച്ച് തന്നെ ചായക്കടയിൽ കൊണ്ടു പോയി ഈ പരുവത്തിലാക്കിയ തോമാസിനിട്ട് രണ്ടിടി കൊടുക്കാനാണ് ഇടിയന്റെ കൈകൾ തരിച്ചത് 

സാറേ ആ ഹൽവ ഞാൻ കൊണ്ട് പോയാലോ എന്ന് തോമാസേട്ടൻ ചോദിച്ചതു കൂടിയാണ് 

ഹൽവ ...പിന്നെ വായിൽ വന്ന തെറി കേട്ട് തോമാസേട്ടന്റെ രണ്ടു ചെവികളും അടിച്ചു പോയി. 

ഒരുത്തൻ മടി വെന്ത് ഉരുളിയിൽ ഇരിക്കുമ്പോഴാ അവന്റെ ഹൽവ അതിനേക്കാളധികം ഇടിയനെ വേദനിപ്പിച്ചത് ഭാര്യ രമണി അന്നു വരുമ്പോൾ കുറച്ച് മുല്ലപ്പൂവ് കൂടി കൊണ്ട് വരാൻ പറഞ്ഞിരുന്നതാണ് 

ഇന്നത്തെ ദിവസം കഴിഞ്ഞിട്ട് ചായ കുടിക്കാൻ പോയാൽ മതിയായിരുന്നു എന്നായിരുന്നു ഇടിയൻ ചിന്തിച്ചത് നാട്ടിലുള്ള എല്ലാവരേയും തോക്കെടുത്തു കൊണ്ട് പോയി വെടിവെച്ചു കൊന്നാലോ എന്നുപോലും ഇടിയന് തോന്നിയതായിരുന്നു .

ഭാർഗ്ഗവൻ രക്ഷസ്സിനെ പൂട്ടാനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്നു ഇതിനിടയിൽ അവിടെ രക്ത രക്ഷസ്സിനെ കണ്ടു ഇവിടെ കണ്ടു എന്നുള്ള കഥകൾ അല്ല സത്യങ്ങൾ തലങ്ങും വിലങ്ങും പൊന്തി വന്നുകൊണ്ടിരുന്നു 

പെയിന്റു പണിക്കാരൻ വാറപ്പൻ രക്ത രക്ഷസ്സാണെന്നു കരുതി തന്റെ ഭാര്യയെ കണ്ടു തലചുറ്റി വീണു രാത്രി മൂത്രമൊഴിക്കാൻ എണീറ്റപ്പോഴായിരുന്നു സംഭവം . ഇതുപോലെ തന്നെ വിറകു വെട്ടാൻ പോകുന്ന രാമനും രക്ഷസ്സിനെ കണ്ടു തലചുറ്റി വീണു . രക്ഷസ്സ് പേടി വന്നതോടെ മൂത്രമൊഴിക്കൽ കർമ്മം ജനാലയിൽ കൂടി ആക്കി മാറ്റിയ രാമൻ അന്ന് പാതിരാത്രിക്ക് മൂത്രമൊഴിക്കാൻ ജനാല തുറന്നതും അപ്പുറത്ത് വലിയൊരു നിഴൽ കണ്ട് തലചുറ്റി വീണതും മൂത്രമെല്ലാം അകത്തൊഴിച്ചു കളഞ്ഞതും അന്നായിരുന്നു .

ഇരുളിൽ വാഴയുടെ നിഴൽ കണ്ടാണ് രാമൻ രാക്ഷസ്സെന്ന് കരുതിയതും ബോധം പോയതും 

രക്ഷസ്സിനെ കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ ഭാർഗ്ഗവനെ ചെന്നു കണ്ട് സങ്കടം ബോധിപ്പിക്കുകയും ചെയ്തു 

ഇത് എലിയല്ല കുരുക്കിട്ട് പിടിക്കാൻ രക്ഷസ്സാണ് എന്നു പറഞ്ഞ് ഭാർഗ്ഗവൻ നാട്ടുകാരെ സമാധാനിപ്പിച്ചയച്ചു . അന്നു രാത്രി രക്ഷസ്സിനെ പിടിക്കാൻ ഭാർഗ്ഗവൻ പാലമരത്തിൽ ചുവട്ടിലേക്ക് ചെന്നു .

അന്നു പ്രകൃതി പോലും പേടികൊണ്ട് വിറങ്ങലിച്ചു നിന്നു ആകെ നിശബ്ദമായിരുന്നു എങ്ങും നായ്ക്കളുടെ ഓളിയിടൽ അത് കേട്ട് റോമുവും കൂവി ശവം പിടിച്ച നായേ ഇപ്പൊ തന്നെയല്ലേ മൂക്കുമുട്ടെ തിന്നത് മിണ്ടാതിരുന്നോ ഞാൻ ചവിട്ടി കൊല്ലും എന്നുള്ള അന്നമ്മ ചേടത്തിയുടെ ആക്രോശം കേട്ടതോടെ റോമു വായടക്കി എന്നിട്ടും മറ്റുള്ളവർ കൂവുന്നത് കേട്ട് സഹിക്കാൻ വയ്യാതെ അവൻ മനസ്സിൽ കൂവി ആശ്വാസം കൊണ്ടു 

രക്ഷസ്സിനെ കാത്ത് ഭാർഗ്ഗവൻ ആ പാലമരചുവട്ടിൽ ഇരുന്നു സമയം നീങ്ങിക്കൊണ്ടിരുന്നു അടുത്ത നിമിഷം പാലമരത്തിനു ചുവട്ടിൽ ഒരു ഇളം തെന്നൽ വീശുവാൻ തുടങ്ങി പതിയെ പതിയെ അതിന്റെ ശക്തി വർദ്ധിച്ചു കൊണ്ടിരുന്നു പതുക്കെ ആ കാറ്റ് ഒരു കൊടുങ്കാറ്റായി മാറിക്കഴിഞ്ഞു പാലമരത്തെ ചുറ്റി മാത്രമേ ആ കാറ്റ് വീശിയിരുന്നുള്ളൂ 

അടുത്ത നിമിഷം രണ്ടു തീക്കണ്ണുകൾ പാലമരത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ടു ദിഗന്തങ്ങൾ നടുങ്ങുമാറ്‌ ഒരു അലർച്ച അതു കേട്ട് ഭാർഗ്ഗവന്റെ ഉള്ളൊന്ന് കിടുങ്ങി . സാധാരണ പിടിക്കുന്ന പ്രേതങ്ങളോ യക്ഷികളോ പോലെ യല്ലെന്നുള്ളത് ഭാർഗ്ഗവൻ ധിടിയെന്ന് ബോധ്യമാകാൻ ആ അലർച്ച മതിയായിരുന്നു . മുറ്റിയ ഇനമാണ് സൂക്ഷിച്ചില്ലെങ്കി തന്റെ രക്തം കുടിച്ചിട്ടാവും യക്ഷി പോവുക 

അടുത്ത നിമിഷം ആരോ ഒഴിച്ചതു പോലെ  കുടം രക്തം ഭാർഗ്ഗവന്റെ മേൽ പതിച്ചു ഈ സമയത്ത് മഴയും പെയ്തോയെന്ന സംശയത്തിലാണ് ഭാർഗ്ഗൻ നോക്കിയത് ചോര കണ്ടതോടെ ഭാർഗ്ഗവന്റെ കണ്ണുകളിൽ ഇരുട്ടുകയറി . ഭാർഗ്ഗവൻ ആദ്യം തെറ്റിദ്ധരിച്ചത് അത് തന്റെ തന്നെ ചോരയാണെന്നായിരുന്നു.

തന്റെ ചോര താനറിയാതെ എടുത്ത് തന്റെ മേൽ തന്നെ ചൊരിഞ്ഞോ ?

ഭാർഗ്ഗവൻ കഴുത്തിൽ തൊട്ടു നോക്കി ഭാഗ്യം മുറിവുകൾ ഒന്നുമില്ല ഭാർഗ്ഗവൻ ഭാണ്ഡത്തിൽ നിന്ന് ഒരുപിടി ഭസ്മമെടുത്ത് അന്തരീക്ഷത്തിലേക്ക് വീശിയെറിഞ്ഞു അതൊരു തീക്കാറ്റായി അവിടെ വലയം ചെയ്തു 

അടുത്ത നിമിഷം ദിഗന്തങ്ങൾ നടുങ്ങുമാറ്‌ ഒരലർച്ച അവിടെ ഉയർന്നു അതുകേട്ട് ഉറക്കത്തിലായിരുന്ന റോമു ഞെട്ടി പാലമരത്തിനു ചുറ്റും ഒളിച്ചു നിന്നിരുന്ന നാട്ടുകാരിൽ പലരും മുള്ളി 

ആരാണ് നീ ? എന്താണ് നിന്റെ വരവിന്റെ ഉദ്ദേശം ?

ഭാർഗ്ഗവൻ പാലമരത്തിനെ നോക്കി അലറി 

മിണ്ടാൻ പറ്റാത്ത പാലമരം അതുകേട്ട് മറുപടിയൊന്നും പറയാൻ പോയില്ല 

ആൾക്കാർക്ക് ബോധമില്ലെങ്കി എന്താ ചെയ്യാൻ പറ്റാ എന്നായിരുന്നു പാലമരത്തിന് സംശയം തോന്നിയത് ലോകത്തിലെ മുഴുവൻ യക്ഷികളും വന്നിരിക്കുന്നത് പാലമരത്തിലാണെന്നാണ് വെപ്പ് പക്ഷെ പാലമരം ഇതുവരേക്കും യക്ഷിയെ കണ്ടിട്ടില്ല എന്നായിരുന്നു ചിന്തിച്ചത് 

ഭാർഗ്ഗവൻ വീണ്ടും അലറി 

ആരാണ് നീ ?

എന്താണ് നിന്റെ വരവിന്റെ ഉദ്ദേശം ? 

മറുപടി ഇല്ലാതായപ്പോൾ ഭാർഗ്ഗവൻ വീണ്ടും ഒരു പിടി ഭസ്മമെടുത്തു 

ആരാണ് നീ ?

ഞാൻ കിട്ടുണ്ണി 

അത് കേട്ട് ഭാർഗ്ഗവൻ ഞെട്ടി കിട്ടുണ്ണിയോ ? അതേത്  രക്ഷസ്സ് ?

കിട്ടുണ്ണിയുടെ അടുത്ത് ഒളിച്ചിരുന്ന പാക്കരൻ ചേട്ടനും അതോടൊപ്പം കിട്ടുണ്ണിയും ഞെട്ടി താനെപ്പോ രക്ഷസ്സായി  മാറിയെന്നാലോചിച്ച് കിട്ടുണ്ണിക്ക് ഒരെത്തും പിടിയും കിട്ടിയില്ല 

ഭാർഗ്ഗവന് അപ്പോഴും സംശയം മാറിയില്ല കിട്ടുണ്ണിയോ ഇതേത് അലവലാതി രക്ഷസ്സാണപ്പാ ? ആ സംശയം തീർക്കാനായാണ് ഭാർഗ്ഗവൻ ഒന്നുകൂടി ചോദിച്ചത് 

എന്താ നിന്റെ പേര് ?

തനിക്കെന്താ ചെവി കേട്ടൂടെ കിട്ടുണ്ണി

എന്തു പേരാടോ ഇത് ?

അതെന്താ കിട്ടുണ്ണിയെന്ന പേര് രക്ഷസ്സിന് ചേരത്തില്ലേ ?

ഭാർഗ്ഗവന്റെ ചോദ്യത്തിന് ഒരു മറുചോദ്യമാണ് രക്ഷസ്സിൽ നിന്നും ഉയർന്നത് 

ആ പേര് കേട്ട് അവറാൻ ചേട്ടൻ പുച്ഛത്തോടെ ഇടിയൻ തൊമ്മിയെ നോക്കി കഷ്ട്ടം കിട്ടുണ്ണിയെന്ന രക്ഷസ്സിനെ കണ്ടു  പേടിച്ചാ ഈ മണ്ടൻ മുഴുനീളെ കരഞ്ഞു കൊണ്ടിരിക്കുന്നത് 

നിന്നെയെനിക്കൊന്ന് കാണണം 

ഭാർഗ്ഗവൻ വീണ്ടും അലറി 

അതിനെന്താ കണ്ടോളൂ എന്നും പറഞ്ഞ് അടുത്ത നിമിഷം പാലമരത്തിൽ നിന്നുമൊരു രൂപം താഴോട്ട് ചാടി 

ഭാർഗ്ഗവൻ ഞെട്ടിക്കൊണ്ട് രണ്ടടി പുറകിലോട്ട് ചാടി നാട്ടുകാർ ഓളിയിട്ടു റോമു കൂവി ചെന്നായ്ക്കൾ കുരവയിട്ടു . ആ രക്ഷസ്സിന്റെ മുഖത്തേക്ക്  ടോർച്ചടിച്ചു നോക്കിയ നാട്ടുകാർ വീണ്ടും ഞെട്ടി ഭ്രാന്തൻ കിട്ടുണ്ണി ഇവനെന്തിനാ പാലമരത്തിനു മുകളിൽ കിടക്കുന്നത് ?

ഭാർഗ്ഗവൻ അലറി രക്ത രക്ഷസ്സിനെ തളച്ചിരിക്കുന്നു 

ഭാർഗ്ഗവന്റെ ജീവിതത്തിലെ ആദ്യ സംഭവമായിരുന്നു അത് . ഇത്രയും എളുപ്പത്തിൽ ഒരു രക്ഷസ്സിനെ പിടിച്ചത് ശരിക്കും മനുഷ്യനെ പോലെ തന്നെയുണ്ടല്ലോടായെന്നായിരുന്നു ഭാർഗ്ഗൻ കിട്ടുണ്ണിയെ നോക്കി  ചോദിച്ചത് 

അവറാൻ ചേട്ടനാ വിളിച്ചു പറഞ്ഞത് എന്റെ ഭാർഗ്ഗവാ അവൻ നമ്മുടെ കിട്ടുണ്ണിയാണ് 

നമ്മുടെ കിട്ടുണ്ണിയോ ? ഇയാളാണോ ഇതിനെ കൊണ്ട് നടക്കുന്നത് ?

എന്റെ ഭാർഗ്ഗവാ അവൻ ഇടിയ്ക്കിടക്ക് ഇവിടെ വന്ന് ഇരിക്കാറുള്ളതാ 

കിട്ടുണ്ണിക്ക് ഭ്രാന്താണോയെന്ന് ചോദിച്ചാൽ അല്ല,  എന്നാൽ ഭ്രാന്തില്ലെയെന്ന് ചോദിച്ചാൽ ഉണ്ട് 

വൈദ്യർ രാമേട്ടൻ പറഞ്ഞത് ഇതൊരുതരം ഫീലിയ ആണെന്നാ 

ആ ഫീലിയ എന്താണെന്ന് രാമേട്ടനും അറിഞ്ഞുകൂടായിരുന്നു കൂടുതൽ സംശയം  ചോദിച്ചവരോട് രാമേട്ടൻ തട്ടിക്കയറുകയും ചെയ്തു 

കിട്ടുണ്ണിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു രമണി രണ്ടുപേരും പൊരിഞ്ഞ പ്രേമമായിരുന്നു ഒരു ദിവസം രമണി പാലമരത്തിൽ കെട്ടിത്തൂങ്ങി ചത്തു അതിന്റെ കാരണം ഇന്നും അജ്ഞാതം പോലീസുകാരൊക്ക വന്ന് അന്വേഷിച്ചെങ്കിലും എല്ലാവരും അതൊരു ആത്മഹത്യയാണെന്നും പറഞ്ഞ് എഴുതി തള്ളി ഇപ്പോഴും ചില രാത്രികളിൽ  കിട്ടുണ്ണി പാലമരത്തിന്റെ ചുവട്ടിൽ ചിലപ്പോ അതിന്റെ മുകളിലും കയറി ഇരിക്കാറുണ്ട് 

എന്താണെന്ന് ചോദിച്ചാ രമണിയെ കാണാനും വർത്തമാനം പറയാനുമെന്നായിരുന്നു എല്ലാവരോടും പറയാറ് വൈദ്യൻ രാമേട്ടൻ കുറെ ചികല്സിച്ചെങ്കിലും യാതൊരു കുറവുമില്ല പട്ടണത്തിൽ കൊണ്ടുപോയി ചികിൽസിക്കാൻ നാട്ടുകാർ മുൻകൈ എടുത്തതാ പക്ഷെ എനിക്ക് രമണിയെ കാണാൻ പറ്റില്ലായെന്നും പറഞ്ഞ് കിട്ടുണ്ണി അതിൽ നിന്നും ഒഴിവായി .

ഭാർഗ്ഗവൻ കിട്ടുണ്ണിയെ അടുത്തുവിളിച്ച് ഒരു ചെവിട്ടിൽ എന്തോ മന്ത്രമോതി അതോടെ കിട്ടുണ്ണി തലചുറ്റി വീണു സാരമില്ല കുറച്ചു കഴിയുമ്പോൾ എഴുന്നേൽക്കും അതോടെ കിട്ടുണ്ണിയുടെ അസുഖവും  മാറും 

വെറുതെ പറയുന്നതാണെന്നാ ഇത് കേട്ട് രാമൻ വൈദ്യര് പറഞ്ഞത് ഞാൻ പഠിച്ച പണി പതിനെട്ടും നോക്കിയതല്ലേ പിന്ന്യാ ചെവിട്ടിൽ നോക്കി ഊതിയാ അസുഖം മാറുന്നത് 

രാമൻ വൈദ്യരുടെ വിചാരം താനാണ് ലോകത്തിലെ ഏറ്റവും വലിയ വൈദ്യരെന്നാണ് എന്തായാലും രാമൻ വൈദ്യരുടെ പ്രവചനത്തെ അസാധുവാക്കി കൊണ്ട് ഉണർന്ന കിട്ടുണ്ണി ഒരു പുതിയ കിട്ടുണ്ണിയായിരുന്നു 

രമണി എവിടെ കിട്ടുണ്ണി ?

അവൾ മരിച്ചു പോയിരിക്കുന്നു എന്നാണ് കിട്ടുണ്ണി മറുപടി  പറഞ്ഞത് 

അന്ന് രക്ഷസ്സിനെ പിടിക്കാൻ പറ്റിയില്ലെങ്കിലും കിട്ടുണ്ണിയുടെ അസുഖം മാറിയെന്നുള്ള ഗുണമുണ്ടായി പിന്നെ കുറച്ചു നാളത്തേക്ക് രക്ത രക്ഷസ്സിന്റെ ശല്യം ഉണ്ടായിരുന്നില്ലെന്നുള്ളത് നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു  

ഇനി ഭാർഗ്ഗൻ വന്നെന്നറിഞ്ഞ് രക്ഷസ്സ് മുങ്ങിയതാണോയെന്നായിരുന്നു നാട്ടുകാരിൽ പലരുടേയും  സംശയം . ഭാർഗ്ഗവന്റെ മുന്നിലിരുന്ന് പാക്കരൻ ചേട്ടനത് പറയുകയും ചെയ്തു 

ഭാർഗ്ഗവൻ വന്നെന്നറിഞ്ഞതോടെ രക്ഷസ്സ് പോയിരിക്കുന്നു അതുകേട്ട് ഭാർഗ്ഗവൻ ആകാശത്തോളം പൊങ്ങി ഉള്ളിൽ മറ്റൊരു ഭാർഗ്ഗവൻ പൊട്ടിച്ചിരിച്ചു പക്ഷെ അതിന്റെ പ്രതിഫലനങ്ങൾ പുറത്തറിയാതിരിക്കാൻ ഭാർഗ്ഗവൻ ശ്രദ്ധിച്ചു 

താനൊരു ലോല ഹൃദയനാണെന്ന് നാട്ടുകാർ അറിയരുത് ഒരു മന്ത്രവാദിക്ക് അതൊരിക്കലും യോജിച്ചതല്ല എന്നിട്ടും ഭാർഗ്ഗവന്റെ അനുവാദമില്ലാതെ  ചില രസ മുകുളങ്ങൾ അങ്ങിങ്ങുമൊക്കെ പ്രത്യക്ഷപ്പെട്ടു 

പരിപ്പുവടയെ അമർത്തികടിച്ചുകൊണ്ട് ഭാർഗ്ഗവനത്  വിദഗ്ധമായി മറച്ചു ഒരു പരിപ്പുവടയെ ഇത്രക്കും അമർത്തി കടിക്കേണ്ടതുണ്ടോ എന്ന് പാക്കരൻ ചേട്ടന് സംശയം തോന്നിയെങ്കിലും ചോദിച്ചില്ല ഇനി പരിപ്പു വട കല്ലായിരിക്കുമോ എന്നുള്ള സംശയം കൂടി അതോടൊപ്പം തോന്നുകയും ചെയ്തു 

ചിലപ്പോ മന്ത്രവാദികളൊക്കെ ഇങ്ങനെ ആയിരിക്കും പരിപ്പുവട തിന്നുന്നത് എന്നുള്ള വിശദീകരണം കൂടി പാക്കരൻ ചേട്ടന്റെ മനസ്സ് പാക്കരൻ ചേട്ടന് കൊടുക്കുകയും ചെയ്തു .

കുറച്ചു ദിവസങ്ങൾക്കു ശേഷം ആ ഞെട്ടിക്കുന്ന വാർത്തയുമായാണ് ഗ്രാമം ഉണർന്നത്.  ശവം..,  ശവം.. രക്ത രക്ഷസ്സ് ചോര കുടിച്ച് കൊന്നിരിക്കുന്നു സൈക്കിളിൽ അലറിക്കൊണ്ട് പാഞ്ഞു വന്ന സുകുവിനെ കണ്ട് നാട്ടുകാർ പരിഭ്രാന്തരായി 

എവിടെ ?

ഗൾഫുകാരൻ ഭാസ്കരേട്ടന്റെ കുളത്തിൽ ശവം 

ആരുടെ ശവം 

ഗൾഫുകാരൻ ഭാസ്കരേട്ടന്റെ ശവം 

സുകു അലമുറയിട്ടു 

സുകു ചൂണ്ടയിടാൻ പോയതായിരുന്നു  ഭാസ്കരേട്ടൻ നിശ്ചലനായി വെള്ളത്തിൽ പൊങ്ങി കിടക്കുന്നു കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാതെ ആയതോടെയാണ് സുകു സൂക്ഷിച്ചു നോക്കിയത് എന്നിട്ടും അനക്കമില്ല അതോടെ സുകു സൈക്കിളിൽ പാഞ്ഞു വരുകയായിരുന്നു 

നാട്ടുകാർ മുഴുവൻ തങ്ങളുടെ പറമ്പിലൂടെ കൂട്ടയോട്ടം നടത്തുന്നത് കണ്ട ശാരദേടത്തി ഞെട്ടി 

എന്താ എന്താ ?

ശവം

ആരുടെ ?

ഭാസ്കരേട്ടന്റെ,  അതുകേട്ട് ശാരദേടത്തി തലചുറ്റി വീണു അപ്പോഴാണ് അവറാൻ ചേട്ടൻ ആളെ നോക്കിയത് 

ശാരദ 

അതോടെ അവറാൻ ചേട്ടൻ ഓട്ടത്തിന് സ്പീഡ് കൂട്ടി ഇനി ഒരു കൊലപാതകത്തിനു കൂടി താൻ സാക്ഷി പറയേണ്ടിവരുമോയെന്നുള്ള പേടിയിലാണ് അവറാൻ ചേട്ടൻ പാഞ്ഞത് ചുറ്റും നോക്കി ഭാഗ്യം ആരും കണ്ടിട്ടില്ല 

ആരെങ്കിലും ചാടു , പാക്കരൻ ചേട്ടൻ അലറി 

ശവാസനത്തിലായിരുന്ന ഭാസ്കരേട്ടൻ കണ്ണു തുറന്നപ്പോൾ ഞെട്ടി.  ഒരു ഗ്രാമം മുഴുവൻ കുളക്കരയിൽ ആ പാവം പേടിച്ചു തന്നെ തല്ലിക്കൊല്ലാനാണോ ദൈവമേ 

എന്താ ? ഭാസ്കരേട്ടൻ വിറച്ചിട്ടാ ചോദിച്ചത് 

ശവം ?

അയ്യോ ആരുടെ ?

ഭാസ്ക്കരെന്റെ . അത് കേട്ട് ഭാസ്കരേട്ടൻ ഞെട്ടി താൻ ശവമായോ എപ്പോ ?

ശാരദേടത്തി നെഞ്ചത്തടിച്ചു കൊണ്ട് പാഞ്ഞു വന്നു എന്റെ മനുഷ്യാ ചാവാനാണോ ഇന്നലെ ഗൾഫീന്ന് വന്നത് ? 

കണ്ണു തുറന്നു കിടക്കുന്ന ഭാസ്കരേട്ടനെ നോക്കി ശാരദേടത്തി ചോദിച്ചു 

അയ്യോ നിങ്ങള് ചത്തില്ലേ ? അത് കേട്ട് ഭാസ്കരേട്ടൻ വീണ്ടും ഞെട്ടി ശാരദേടത്തി അവറാൻ ചേട്ടനെ നോക്കി അവറാൻ ചേട്ടൻ അതിനുള്ളിൽ മുങ്ങിയിരുന്നു സുകു അപ്പോഴേ മുങ്ങി രണ്ടു ദിവസത്തേക്ക് സുകുവും അവറാൻ ചേട്ടനും പുറത്തേക്ക് ഇറങ്ങിയതേയില്ലായിരുന്നു  

അന്നു രാത്രീ ഏകദേശം പന്ത്രണ്ടുമണിയായിരുന്നു മൂത്രമൊഴിക്കാൻ എണീറ്റ കപ്യാര് ഈനാശു ചേട്ടൻ തന്റെ മുന്നിൽ തലയില്ലാത്ത രൂപം കണ്ട് ബോധം കെട്ട് വീണു അച്ചനെ വിളിച്ചാ ബോധം കെട്ടത് ഓടിവന്ന പീലിപ്പോസച്ചനും ബോധം കെട്ട് വീണു 

പിറ്റേദിവസം പള്ളിയിലേക്ക് വന്ന വിശ്വാസികളാണ് പള്ളിമുറ്റത്ത് ഈനാശു ചേട്ടന്റേം അച്ചന്റെയും ബോധമില്ലാത്ത ശരീരങ്ങൾ കണ്ടത് 

ഈനാശു ചേട്ടൻ വിറച്ചുകൊണ്ടാ പറഞ്ഞത് രക്ത രക്ഷസ്സ് വീണ്ടും വന്നു.   

 

  





















0 അഭിപ്രായങ്ങള്‍