രക്ത രക്ഷസ്സ് 2
രണ്ടു ദിവസം കഴിഞ്ഞാണ് നാട്ടുകാർ ആ കാഴ്ച കണ്ടത് ഇടിയൻ തൊമ്മി അതാ വേച്ചു വേച്ചു പാക്കരൻ ചേട്ടന്റെ കടയിലേക്ക് വരുന്നു
എന്തുപറ്റിയിവന് ?
ഒരു ചായ താരോ എന്ന് പറയലും തൊമ്മി പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു അത് കേട്ട് എല്ലാവരും ഞെട്ടി തൊമ്മി കരയുന്നു
ഇടിക്കാനായി ജനിച്ച എല്ലാവരേയും ഇടിച്ചു കരയിപ്പിക്കുന്ന തൊമ്മി വാവിട്ടു കരയുന്നു കൊച്ചു കുട്ടികൾ കണക്കെ ഏങ്ങലടിച്ചു കരയുന്നു ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല
ഇവനെ യക്ഷി പിടിച്ച് ചോര മുഴുവൻ ഊറ്റിയെടുത്ത് വിട്ടോ
എന്താ തൊമ്മി നിനക്കു പറ്റിയത് നിന്നെ യക്ഷി പിടിച്ചോ ? നീയെന്തോ കണ്ടു പേടിച്ചോ ?
അതു പറഞ്ഞ പാക്കരൻ ചേട്ടനെ ഭീതിയോടെ തൊമ്മി നോക്കി അതു കണ്ടു പേടിച്ച പാക്കരൻ ചേട്ടൻ കുറച്ചു നീങ്ങി നിന്നു
അവൻ വന്നു .., അവൻ വന്നു തൊമ്മി വിക്കി
എല്ലാവരേയും കൊല്ലാനായി രക്തം ഊറ്റി കുടിക്കാനായി അവൻ വന്നു തൊമ്മിയുടെ രോമങ്ങളും അതേറ്റു പറഞ്ഞു
പാക്കരൻ ചേട്ടൻ പേടി കൊണ്ട് വിറച്ചു , റോമു കൂട്ടിൽ കിടന്ന് കൂവി മണികണ്ഠൻ വീണ്ടും ഞെട്ടി
അവൻ വന്നു .., തൊമ്മി വീണ്ടും പറഞ്ഞു
ആരാണ് അവൻ ? പാക്കരൻ ചേട്ടൻ വിറച്ചു കൊണ്ടാണ് ചോദിച്ചത്
രക്ത രക്ഷസ്സ്
അയ്യോയെന്ന് പാക്കരൻ ചേട്ടൻ ഓളിയിട്ടു റോമു വീണ്ടും കൂവി പെട്ടെന്ന് ഒരു കാറ്റ് വീശിയടിച്ചു അതിൽ ചോരയുടെ ഗന്ധം അയ്യോ അവൻ വന്നു എന്നാലറിക്കൊണ്ട് തൊമ്മിയിറങ്ങി ഓടി
അവൻ വന്നു
തൊമ്മി പറഞ്ഞ വാക്കുകൾ വിറച്ചു കൊണ്ടാണ് റൈറ്റർ തോമാസേട്ടൻ സ്റ്റേഷനിൽ ചെന്നു പറഞ്ഞത്
തൊമ്മി പറയുമ്പോൾ ചായക്കടയിൽ തോമാസേട്ടനും ഉണ്ടായിരുന്നു ആ വിറക്കുന്ന കാലുകളോടെയാണ് ഇടിയന്റെയടുത്ത് തോമാസേട്ടൻ പറഞ്ഞത്
അവൻ വന്നു
ആര് ? വിളിക്കവനെ രണ്ടു പൊട്ടിച്ചിട്ടു തന്നെ കാര്യം
ഇടിയൻ പറഞ്ഞതു കേട്ട് തോമാസേട്ടൻ ഞെട്ടി
ഈശ്വരാ ഇയാളെന്ത് വട്ടാണ് ഈ പറയുന്നത് ? എന്റെ സാറേ അവനെ ഇടിക്കാൻ പറ്റത്തില്ല
അത് കേട്ട് ഇടിയൻ അടിമുടി വിറച്ചു ഇടിയന്റെ മുഷ്ടി വിറച്ചു കൈകൾ വിറച്ചു രക്തം വിറച്ചു മീശ വിറച്ചു താടിക്ക് വിറക്കാനായി ആശയുണ്ടായിരുന്നുവെങ്കിലും വിറക്കാനുള്ള അത്രയും ഇല്ലാത്തതുകൊണ്ട് പറ്റിയില്ല
ഇടിക്കാനായി ജനിച്ച തന്നോട് അവനെ ഇടിക്കാൻ പറ്റില്ലെന്ന് പറയുന്നോ എന്നാ അവനെ ഇടിച്ചിട്ടു തന്നെ കാര്യം
വിറകെടുക്കാൻ പോയ രാമൻ കുടിച്ചു വന്ന് താഴത്തെ ലക്ഷമണനുമായി പൊരിഞ്ഞ തല്ലു നടന്നിരുന്നു കുടിക്കാൻ ഒരുമിച്ച് ഭായി ഭായിയായി തോളിൽ കൈയ്യിട്ട് ഷാപ്പിലേക്ക് പോയ രണ്ടു പേരും തിരിച്ചു വന്നത് ആജന്മ ശത്രുക്കളായായിരുന്നു
എന്താ സംഭവമെന്ന് ആർക്കും അറിയത്തില്ല ആദ്യം ഒരു കുപ്പി കള്ളു വീതം കുടിച്ച രണ്ടുപേരും പരസ്പരം തെറ്റുകയായിരുന്നു രാമൻ വാങ്ങിയ മീൻ കറിയുടെ എല്ലാ കഷ്ണവും ലക്ഷ്മണൻ നുള്ളി പെറുക്കി തിന്നുന്നതുകണ്ടതോടെ രാമൻ കൈയ്യിൽ കേറി പിടിച്ചതായിരുന്നു തുടക്കം
ലക്ഷ്മണൻ ആ മീൻ ചാറെടുത്ത് രാമന്റെ മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു കാന്താരി മുളകിട്ടു വെച്ച മീൻ ചാറിലെ മീനിനു പോലും എരിവു താങ്ങാൻ പറ്റാതെ പരിതപിച്ചു കൊണ്ടിരുന്ന ആ ചാറായിരുന്നു തന്റെ ആത്മാർത്ഥ സുഹൃത്തായ രാമന്റെ മുഖത്തേക്ക് ലക്ഷ്മണൻ എടുത്ത് ചാർത്തിയത്
അതോടെ അവിടെ രണ്ടു ശത്രുക്കൾ മുള പൊട്ടുകയും ലക്ഷ്മണന്റെ കൈ രാമൻ പിടിച്ച് തിരിക്കുകയും ചെയ്തു
ഈ പരാതി ലക്ഷ്മണൻ ഇടിയന്റെ മുന്നിൽ അവതരിപ്പിക്കുകയും ഒന്നുകൂടി ബലം കിട്ടുന്നതിനു വേണ്ടി തിരിച്ച തന്റെ കൈ ഒടിഞ്ഞുവെന്ന് പറയുകയും ചെയ്‌തതിനു പുറകിൽ രാമനോട് സ്റ്റേഷനിലേക്ക് വരാൻ ഇടിയൻ ഉത്തരവിടുകയും ചെയ്തു
ഈ അവൻ വന്നുവെന്നുള്ള പ്രയോഗം കേട്ടപ്പോൾ ഈ അവൻ രാമനാണെന്ന് ഇടിയൻ തെറ്റിദ്ധരിക്കുകയും , അവനെ ഇടിക്കാൻ കഴിയില്ലെന്നുള്ള തോമാസേട്ടന്റെ വിവരണത്തിലൂടെ ഇടിയൻ ഒന്നുകൂടി കോപാകുലനാവുകയും കൂടുതൽ പ്രകോപിതനാവുകയും ചെയ്തു
അതുവരേക്കും ഇടിക്കേണ്ട കാര്യമില്ലെന്ന് മനസ്സിൽ കരുതിയിരുന്ന ഇടിയന് , തോമാസേട്ടന്റെ ആ വർത്തമാനത്തിലൂടെ ഇടിച്ചേ തീരൂ എന്നുള്ള തലത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു
തോമാസേട്ടൻ കാരണം രാമന് ഇടിക്കുള്ള കോപ്പ് കൂട്ടുകയും ചെയ്തു
താൻ വിളിക്കേടോ അവനെ
ഇടിയൻ വീണ്ടും അലറി
ആരെയാണ് സാറേ ?
രാമനെ
ഏത് രാമനെ ?
ഇടിയന്റെ രാമൻ വിളി കേട്ട് തോമാസേട്ടൻ കണ്ണു മിഴിച്ചു
എന്റെ സാറേ ഏത് രാമനെയാണ് സാറ് ഉദ്ദേശിക്കുന്നത് ?
എടോ താൻ വന്നെന്നു പറഞ്ഞില്ലേ അവനെത്തന്നെ
ഇപ്പോൾ തോമാസേട്ടന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി പാവം ആളറിയാതെയാണ് കിടന്നു തുള്ളുന്നത്
എന്റെ സാറേ ഇത് രാമനൊന്നുമല്ല രക്ത രക്ഷസ്സാണ്
ഇടിയന്റെ ഉള്ളിലൂടെ ഒരു ആന്തൽ പാഞ്ഞുപോയി
രക്ഷസ്സോ ? അതോടെ ഇടിയന്റെ വിറയും നിന്നു
അങ്ങനെ ഗ്രാമത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിക്കൊണ്ട് രക്ത രക്ഷസ്സ് നിർബാധം വിരഹിച്ചു കൊണ്ടിരുന്നു
രക്ത രക്ഷസ്സിന്റെ ലേബലിൽ ഉറപ്പായ ഇടിയിൽ നിന്നും രാമൻ കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തു
എവിടെ രക്ത രക്ഷസ്സ് ? ഇടിയൻ ഇട മുറിഞ്ഞിട്ടാണ് അത് ചോദിച്ചത്
എന്റെ സാറേ സാറിതൊന്നും അറിഞ്ഞില്ലേ ?
തന്റെ ചോദ്യത്തിന് തോമാസേട്ടനിൽ നിന്നും മറു ചോദ്യമുണ്ടായത് ഇടിയന് തീരെ ഇഷ്ടപ്പെട്ടില്ല
താനറിഞ്ഞെങ്കിൽ പിന്നെ ഈ പൊട്ടനോട് ചോദിക്കോയെന്നുള്ള ഒരു മറുചോദ്യം ഇടിയന്റെ ഉള്ളിൽ തിക്കിത്തിരക്കി വന്നെങ്കിലും കാര്യമറിയുവാനുള്ള ആകാംക്ഷയിൽ ഇടിയനത് വിഴുങ്ങി
താൻ കാര്യം പറയ് തോമാസേ ?
എന്റെ സാറേ നമ്മുടെ ഇടിയൻ തൊമ്മിയാണത് കണ്ടത്
സീരിയസ്സായ കാര്യത്തിന്റെ ഇടയിലാണെങ്കിലും തൊമ്മിയെ ഇടിയൻ തൊമ്മിയെന്ന് ചേർത്തു വിളിച്ചത് ഇടിയൻ ജോണിക്ക് തീരെ ഇഷ്ടപ്പെട്ടില്ല
ഏത് തൊമ്മിയാടോ ?
തൊമ്മിയെ മനസ്സിലായെങ്കിലും നിസ്സാരവൽക്കരിക്കാനെന്ന പോലെയാണ് ഇടിയൻ അത് ചോദിച്ചത്
എന്റെ സാറേ നമ്മുടെ ഇടിയൻ തൊമ്മി
അവൻ ഇടിയനല്ല തൊമ്മി, വെറും തൊമ്മി അങ്ങനെ മാത്രം വിളിച്ചാൽ മതി
തന്റെ സ്ഥാനപ്പേര് മറ്റൊരാൾക്ക് പങ്കുവെക്കുന്നത് പോലെയാണ് ഇടിയനത് കേട്ടപ്പോൾ തോന്നിയത്
ഇവിടെ ഒരു ഇടിയൻ മാത്രം മതി കേട്ടല്ലോ തോമാസേ
എന്റെ സാറേ രക്ത രക്ഷസ്സാണ് , രക്തം കാണുമ്പോഴേക്കും ഊറ്റിക്കുടിക്കും കണ്ടാ ആ മാത്രയിൽ നമ്മൾ ചത്തു പോവും
കള്ളൻ ദാമുവായിരുന്നു ലോക്കപ്പിൽ കിടന്ന് അത് വിളിച്ചു പറഞ്ഞത്
നീ കണ്ടിട്ടുണ്ടോടാ റാസ്‌ക്കൽ ? എന്ന് ചോദിക്കലും ലാത്തി വെച്ച് ഒരു കുത്തു കൊടുത്തതും ഒരുമിച്ചായിരുന്നു
തോമാസേട്ടനോടും രാമനോടുമുള്ള ദേഷ്യം ദാമുവിന് കൊടുത്ത് ഇടിയൻ ആശ്വാസം കണ്ടു
പാവം ദാമു വിളിക്കാത്ത സദ്യക്ക് പോയി അടിവാങ്ങി വന്നു മിണ്ടാതിരുന്നാ മതിയായിരുന്നു രക്ത രക്ഷസ്സിലുള്ള തന്റെ അറിവ് ഇടിയനു മുന്നിൽ പ്രകടമാക്കി തനിക്ക് ഇടിയന്റെ വക ഒരു കൈത്തട്ടൽ പ്രതീക്ഷിച്ചതു കൊണ്ടാണ് ദാമുവത് ഇടയിൽ കേറി പറഞ്ഞത്
കൈ തട്ടലിനു പകരം ലാത്തികൊണ്ടുള്ള കുത്താണ് കിട്ടിയത് അതോടെ ദാമു എല്ലാവരേയും നോക്കി ചിരിച്ചു അതു കഴിഞ്ഞ് മൂലക്ക് പോയിരുന്നു കരഞ്ഞു ശബ്ദം പുറത്തു വരാതിരിക്കാൻ വായ്ക്കുള്ളിൽ വിരലുകൾ കുത്തിക്കേറ്റിയാണ് ദാമു കരഞ്ഞത്
ഇനി കരയുന്ന ശബ്ദം കേട്ട് അതിന് വേറെ കുത്തുകൂടി കിട്ടുമോയെന്ന ഭയം കൂടി ദാമുവിന് ഉണ്ടായിരുന്നു
നീ ഒരു മരങ്ങോടനാണെന്ന് ദാമുവിന്റെ മനസ്സ് ദാമുവിനോടെന്നെ പറഞ്ഞു കൊടുത്തു
തോമാസേട്ടന് അത് കണ്ട് സഹതാപമായി പാവം വെറുതേ ഓടി വന്ന് കുത്ത് വാങ്ങി
പ്രേതത്തിനു പകരം രക്ത രക്ഷസ്സാണ് വന്നിരിക്കുന്നതെന്ന കിംവദന്തിയോ സത്യമോ നാട്ടിൽ പടർന്നു പിടിച്ചു
എല്ലാവരേം ഇടിച്ചു കൊണ്ട് നടന്നിരുന്ന തൊമ്മി അതിനു ശേഷം എല്ലാവരേം കാണുമ്പോൾ കൈ കൂപ്പി കരയുവാൻ തുടങ്ങി പാവം അത്രക്കധികം പേടിച്ചു പോയിരുന്നു
എന്തിനാണ് താൻ പോയി രക്ത രക്ഷസ്സിനെ പിടിക്കാൻ പോയതെന്ന് തൊമ്മിക്ക് ഇപ്പോഴും ഓർമ്മയില്ല മര്യാദക്ക് മനുഷ്യൻമാരെ ഇടിച്ചു കഴിഞ്ഞാ മതിയായിരുന്നു
പാക്കരൻ ചേട്ടനാ ചോദിച്ചത് എന്റെ തൊമ്മി രക്ത രക്ഷസ്സിനെ കാണാൻ എങ്ങനെയുണ്ടായിരുന്നു നസീറിന്റെ പോലെ ഉണ്ടായിരുന്നെന്നാ തൊമ്മി പറഞ്ഞത് അതും പറഞ്ഞു കരഞ്ഞു
എന്റെ മനുഷ്യാ നിങ്ങൾക്ക് വട്ടുണ്ടോ രക്ത രക്ഷസ്സിനെ കാണാൻ എങ്ങിനെയുണ്ടായിരുന്നുവെത്രെ എന്നിട്ടും തൊമ്മി വിറച്ചു കൊണ്ട് ആ സംഭവം വിവരിച്ചു
അന്ന് ..രക്ത രക്ഷസ്സിനെ പിടിച്ചു കെട്ടും എന്ന് ആണയിട്ട് പോയപ്പോഴും രക്ത രക്ഷസ്സ് ഇത്രേം വലിയൊരു സംഭവമാണെന്ന് പോലും തൊമ്മിക്ക് അറിയത്തില്ലായിരുന്നു . എന്തിന് പ്രേതം പിശാചുക്കളിൽ പോലും ഒരു വിശ്വാസവും ഇല്ലാത്ത തൊമ്മിയായിരുന്നു
റൗഡി ആണെങ്കിലും കാണുന്നവരെ കണ്ണിച്ചോരയില്ലാതെ ഇടിക്കുമെങ്കിലും തൊമ്മി കറ തീർന്നൊരു വിശ്വാസിയായിരുന്നു കർത്താവിൽ മാത്രമേ തൊമ്മി വിശ്വസിക്കുന്നുള്ളൂ ആ ഒറ്റക്കാരണം കൊണ്ടു തന്നെ ഇത്രക്കധികം കൊള്ളരുതായമകൾ കാണിച്ചു നടക്കുന്നവനായിട്ടും കർത്താവിന് ഒരു സോഫ്റ്റ് കോണർ തൊമ്മിയോട് ഉണ്ടായിരുന്നുവെന്നുള്ളത് സത്യം തന്നെയായിരുന്നു. അതുകൊണ്ട് കൂടിയാണ് തൊമ്മിയന്ന് രക്ഷപ്പെട്ടതും.
ഒരു പ്രാവശ്യം പീലിപ്പോസച്ചൻ തൊമ്മിയെ ഒന്ന് ഉപദേശിച്ചതാ
എന്റെ മോനേ തൊമ്മി നിനക്ക് നല്ലവനായി നടന്നൂടെ ഒന്ന് വന്ന് കുമ്പസാരിച്ച് നല്ല കുഞ്ഞാടായി നടക്കൂ മോനെയെന്നും പറഞ്ഞ് മുഖത്തോട്ട് നോക്കിയ പീലിപ്പോസച്ചൻ തൊമ്മി തന്നെ രൂക്ഷമായി നോക്കുന്ന കണ്ടതോടെ ഉള്ളിൽ ഞെട്ടിക്കൊണ്ട് തൊമ്മിയെ നോക്കി ചിരിച്ച് ഞാനൊരു തമാശ പറഞ്ഞതാണെന്നും പറഞ്ഞ് വേഗം മുങ്ങി
കപ്യാരോട് പറഞ്ഞത് അതൊരു പിശാചിന്റെ സന്തതിയാണെന്നാ കർത്താവിന് ഒരു അബദ്ധം പറ്റിയതാവും
അങ്ങനെ രക്ത രക്ഷസ്സിനെ തേടി എവിടേക്കാണ് പോകേണ്ടതെന്ന് അറിയാത്തതു കൊണ്ടും ഏതായാലും അമ്പലപ്പറമ്പിന്റെ പുറകിലുള്ള ഏഴിലം പാലായുടെ അടുത്ത് പോയി നിന്നതാണ് തൊമ്മി .
നാട്ടുകാരെ പറ്റിക്കാൻ ആരെങ്കിലും രക്ഷസ്സിന്റെ വേഷമണിഞ്ഞ് വരുന്നതാണെന്നാ തൊമ്മിയുടെ കണക്കുകൂട്ടൽ .അവനെ ഇടിച്ചു പൊടിക്കാനായി തൊമ്മിയുടെ കൈകൾ തരിച്ചു കൊണ്ടിരുന്നു
നേരം പാതിരയായി ഒറ്റ കുഞ്ഞിനെപ്പോലും കാണാനില്ല തൊമ്മിയുടെ ശരീരം ദേഷ്യം കൊണ്ട് വിറക്കുകയാണ്
എവിടെ ആ നായിന്റെ മോൻ അവനെ ഇടിച്ചു സൂപ്പാക്കിയിട്ടു വേണം തനിക്കുറങ്ങാൻ അങ്ങനെ രാത്രി വളർന്നു അതോടൊപ്പം തൊമ്മിക്ക് ഉറക്കവും വന്നു തുടങ്ങി
ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനു മുന്നേ തൊമ്മി ആ കാഴ്ച കണ്ടു ഒരു രൂപം അത് പതിയെ പതിയെ അടുത്തേക്ക് വരുന്നു രക്ത രക്ഷസ്സ് ഇന്നവനെ കൊന്നിട്ടു തന്നെ കാര്യം നാട്ടുകാരെ പേടിപ്പിക്കാൻ നടക്കുന്നു
എടാ നായിന്റെ മോനെയെന്ന് അലറിക്കൊണ്ട് തൊമ്മി ആ രൂപത്തിന് നേരെ പാഞ്ഞു ചെന്നു അടുത്ത നിമിഷം അത് തിരിഞ്ഞു
അമ്മേ അതുവരെ വിളിക്കാത്ത അമ്മയെ തൊമ്മി വിളിച്ചു
ആകാശം മുട്ടെ ആ രൂപം തൊമ്മിയുടെ മുന്നിൽ വളർന്നു തൊമ്മി ആകാശത്തോളം നോക്കി അതിന് തലയില്ല അതോടെ തൊമ്മി അമ്മയെ വീണ്ടും വിളിച്ചു ഇടിക്കാനായി ചുരുട്ടിയ മുഷ്ട്ടിയെടുത്ത് തൊമ്മി കൈ കൂപ്പി
അമ്മയെ വിളിച്ച് കാര്യമില്ലാതായപ്പോ തൊമ്മി കർത്താവിനെ വിളിച്ചു
എന്റെ കർത്താവേ
അടുത്ത നിമിഷം ആ രൂപത്തിന് പത്തു തലകൾ പ്രത്യക്ഷപ്പെട്ടു രാവണന്റെ പേര് ഓർമ്മയിൽ വരാത്ത കാരണം തൊമ്മി സുധാകരായെന്ന് വിളിച്ചു കാറി
ചെറുപ്പത്തിൽ എവിടെയോ വായിച്ചിട്ടുണ്ട് പത്ത് തലയുള്ളത് രാവണനാണെന്ന് പക്ഷെ ആ പേര് ഓർമ്മയിൽ ഇല്ലാത്ത കാരണാ സുധാകരാന്നു വിളിച്ചത്
അടുത്ത നിമിഷം അതൊരു തലയായി മാറി അതിൽ നിന്നും കൂർത്ത ധൃമഷ്ട്ടങ്ങൾ പുറത്തേക്ക് തള്ളിവന്നു അതിൽ ചോര അതോടെ തൊമ്മി മുള്ളി തൊമ്മി പോലും അതറിഞ്ഞില്ല
ആരെടാ ആ രൂപം തൊമ്മിയെ നോക്കി അലറി , മമ്മി തൊമ്മി തെറ്റിപ്പറഞ്ഞു
അടുത്ത നിമിഷം രക്ത രക്ഷസ്സിന്റെ കൈകൾ തൊമ്മിക്കു നേരെ നീണ്ടു അതോടെ തൊമ്മി വീണ്ടും മുള്ളി അതൊരു നിലക്കാത്ത പ്രവാഹമായിരുന്നു ആ കൈകൾ തൊമ്മിയുടെ കഴുത്തിനെ ലക്ഷ്യമാക്കി നീങ്ങി
പെട്ടെന്നാണ് തൊമ്മിക്ക് ആ കാര്യം ഓർമ്മ വന്നത് കുരിശു കാണിച്ചാൽ പ്രേതങ്ങൾ പേടിക്കുമെന്നുള്ളത് എവിടെയാണ് ഒരു കുരിശ് ? കുരിശില്ലെങ്കിൽ കൈകൾ കൊണ്ട് കാണിച്ചാലും മതി അടുത്ത നിമിഷം തൊമ്മി രണ്ടു കൈകൾ കൊണ്ടും കുരിശു പോലെ കാണിച്ചു പക്ഷെ രക്ത രക്ഷസ്സ് അടുത്തു കൊണ്ടേയിരുന്നു
പേടി കൊണ്ട് തൊമ്മി കാണിച്ചത് കുരിശായിരുന്നില്ല ഗുണന ചിഹ്നമായിരുന്നു
ആ കൂർത്ത ദൃമ്‌ഷ്ട്ടങ്ങൾ തൊമ്മിയുടെ കഴുത്തിനെ ലക്ഷ്യമാക്കി നീങ്ങി
ഞാൻ വന്നു ആ സ്വത്വം അലറി
പ്രതികാരത്തിനായി ഞാൻ വന്നു
എന്നോടോ ? തൊമ്മി അമ്പരന്നു
സ്വത്വത്തിന് തന്നോട് പ്രതികാരം ചെയ്യാൻ മാത്രം എന്തു കാര്യമെന്ന് തൊമ്മിക്ക് മനസ്സിലായില്ല ഇനി താനിടിച്ച നിരപരാധികൾ ആരെങ്കിലും സത്വമായി തന്നോട് പ്രതികാരം ചെയ്യാൻ പോവുകായാണോയെന്നായിരുന്നു തൊമ്മി ചിന്തിച്ചത്
ആ സത്വത്തിന്റെ ദൃമ്‌ഷ്ട്ടങ്ങൾ തൊമ്മിയുടെ കഴുത്തിൽ സ്പർശിച്ചു തൊമ്മി വീണ്ടും മുള്ളാൻ മുക്കിയെങ്കിലും ഒരു തുള്ളിപോലും പുറത്തേക്ക് വന്നില്ല ഒഴിക്കാനുള്ളതും ഇനി ഒഴിക്കേണ്ടതും എല്ലാം തന്നെ തൊമ്മി മുള്ളി ക്കളഞ്ഞിരുന്നു
അടുത്ത നിമിഷം ആ സ്വത്വം ഞെട്ടി പുറകിലോട്ട് മാറി തൊമ്മിയുടെ കഴുത്തിൽ ഒരു കൊന്ത അത് ഊരി മാറ്റുവെന്ന് തൊമ്മിയോട് സ്വത്വം ആവശ്യപ്പെട്ടു
എന്നെ കൊല്ലല്ലേയെന്ന് പറഞ്ഞു കൊണ്ട് തൊമ്മി ജീവനും കൊണ്ടോടി
എന്റെ കർത്താവേ നന്ദി നന്ദിയെന്ന് ഇപ്പോഴും കൂടി തൊമ്മി പറഞ്ഞു നടപ്പാണ്
തൊമ്മി പറഞ്ഞ വിവരണം കേട്ട് ചായക്കടയിലെ എല്ലാവരും ഞെട്ടി വിറച്ചു പാക്കരൻ ചേട്ടൻ വിറച്ചു . മമ്മദ് മുരുകൻ അവറാൻ ചേട്ടൻ പ്രേക്ഷിതൻ സുകു, സുകേശൻ എന്നിവരൊക്കെ വിറപൂണ്ടു നിൽക്കുകയാണ് റോമു തുറന്ന വായ അടക്കാൻ മറന്നു അടുത്ത നിമിഷം ഡും ന്നൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിണ്ണമേലിരുന്ന മണികണ്ഠൻ പൂച്ച ബോധം കേട്ട് താഴോട്ട് വീണു
ഇത്രയൊക്കെ വിശദീകരിച്ചെങ്കിലും പ്രേതത്തെ കണ്ട് താൻ മൂത്രമൊഴിച്ച കാര്യം മാത്രം തൊമ്മി മറച്ചു വെച്ചു അത്രക്കും താനൊരു ഭീരുവാണെന്ന് നാട്ടുകാരെ അറിയിക്കേണ്ട എന്ന് തൊമ്മിക്ക് തോന്നി പിന്നെ അത് പറഞ്ഞതുകൊണ്ടും പ്രത്യേകിച്ചൊരു ഗുണവുമില്ല വെറുതേ തന്നെത്തന്നെ നാറ്റിക്കാമെന്നല്ലാതെ
ഇനി അനുഭവസ്ഥർ മുള്ളിക്കൊള്ളും
അങ്ങനെ ഞങ്ങളുടെ ഗ്രാമത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് രക്ത രക്ഷസ്സിന്റെ വിവരണങ്ങൾ പടർന്നു പിടിച്ചു രാത്രിയായാൽ ആരും പുറത്തിറങ്ങാതായി
ജനാലയിൽ കൂടി അടുത്ത മുറിയിലേക്ക് നോക്കിയ സുപ്രു അപ്പുറത്ത് നിന്ന് ഭാര്യ ഇങ്ങോട്ട് നോക്കിയത് കണ്ട് ഞെട്ടി ബോധം കെട്ടു വീണു എന്നെ കൊല്ലരുതേയെന്ന് സുപ്രു അപ്പോഴും പറയുന്നുണ്ടായിരുന്നു
നമുക്ക് പോലീസിലൊരു കംപ്ലൈന്റ് കൊടുത്താലോ മെമ്പറു സുകേശനോട് അവറാൻ ചേട്ടനാണത് ചോദിച്ചത്
പ്രേതത്തിനെതിരെ പോലീസ് എന്തുചെയ്യാനാണെന്ന് സുകേശൻ തിരിച്ചു ചോദിച്ചു . സുകേശന് പോലീസ് സ്റ്റേഷനിലേക്ക് പോകാനുള്ള പേടിയാണ് അതിനു പുറകിലെന്ന് എല്ലാവർക്കും അറിയാമായിരുന്നു രക്ഷസ്സിനേക്കാളും പേടിപ്പെടുത്തുന്നൊരു രൂപമായി ഇടിയൻ സുകേശന്റെ മനസ്സിൽ നിറഞ്ഞു നിന്നു.
എങ്കിൽ നമുക്കൊരു മന്ത്രവാദിയെ കൊണ്ടുവന്നാലോ ?
സുകുവാണ് ആ ഐഡിയ മുന്നോട്ട് വെച്ചത്
ആദ്യം പോലീസിൽ ഒരു പരാതി കൊടുക്കാം അതിനുശേഷം വേണമെങ്കിൽ മന്ത്രവാദിയെ കൊണ്ടുവരാം
പാക്കരൻ ചേട്ടന്റെ ആ ആശയം എല്ലാവർക്കും സ്വീകാര്യമായി തോന്നി
അങ്ങനെ ഗ്രാമത്തിലെ എല്ലാവരും ഒപ്പിട്ട ഒരു നിവേദനവുമായി പോലീസ് സ്റ്റേഷനിലേക്ക് എല്ലാവരും പുറപ്പെട്ടു ഒരു ജനക്കൂട്ടം സ്റ്റേഷനിലേക്ക് വരുന്നത് കണ്ടതോടെ റൈറ്റർ തോമാസേട്ടന് കാര്യം മനസ്സിലായി ഇടിയനെ രക്ത രക്ഷസ്സിന് ബലി കൊടുക്കാനാണ് നാട്ടുകാരുടെ ഈ വരവ് പാവം അല്ലെങ്കിൽ തന്നെ ആകെ വിറച്ചോണ്ട് നിൽക്കാ
എന്താ ? എല്ലാവരേയും നോക്കിയാ ഇടിയൻ ചോദിച്ചത്
അപ്പോ സാറിതൊന്നും അറിഞ്ഞില്ലേ ? ഒരു രക്ത രക്ഷസ്സ്
നാട്ടുകാരുടെ പരിതാപം കേട്ട് ഇടിയൻ പൊട്ടിച്ചിരിച്ചു എന്നാൽ മറ്റൊരു ഇടിയൻ ഇടിയന്റെ ഉള്ളിൽ വാവിട്ടു കരയുന്നത് തോമാസേട്ടനു മാത്രം കാണാമായിരുന്നു
ഈ നാട്ടുകാർ തന്നെയിതാ കൊലക്ക് കൊടുക്കുവാനായി വന്നിരിക്കുന്നു
സാറേ ഞങ്ങളെ രക്ഷിക്കണം , രക്ഷസ്സിന്റെ വായിൽ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ട തൊമ്മിയാണ് തൊഴു കൈയ്യോടെ അതു പറഞ്ഞത്
അത് പറയലും തൊമ്മി വീണ്ടും മുള്ളിയതും ഒരുമിച്ചായിരുന്നു അത് ഇടിയൻ കാണാതിരിക്കാൻ തൊമ്മി ശ്രാഷ്ട്ടാങ്കം വീണു ഇടിയന്റെ കാലു പിടിക്കുന്ന പോലെയാക്കി
അല്ലെങ്കിലും ഇപ്പോൾ രക്ത രക്ഷസ്സിന്റെ രക്തമെന്നു കേൾക്കുമ്പോഴേക്കും തൊമ്മി മുള്ളുക പതിവായി മാറിയിരിക്കുന്നു പാവം അത്രക്കധികം പേടിച്ചു
ഇവനേതാടാ ഈ മാരണം ? ഇടിയന്റെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ തോമാസേട്ടനാണ് വിവരിച്ചു കൊടുത്തത്
എന്റെ സാറേ ഇവനാണ് ഇടിയൻ തൊമ്മി രക്ഷസ്സ് വിരട്ടി വിട്ടതിൽ പിന്നെ ഇപ്പൊ ഇങ്ങനേയാ എല്ലാവരേം കാണുമ്പോഴും കരയും
തൊമ്മിയാണ് തന്റെ മുന്നിൽ ശ്രാഷ്‌ട്ടാങ്കം പ്രണമിച്ചു കിടക്കുന്നതെന്ന് മനസ്സിലായ ഇടിയന് ആശ്ച്യര്യം എങ്ങനെ കാറി വിളിച്ചു നടന്ന മനുഷ്യനാ ഇവനെ നോക്കിയാ താൻ നടന്നത് ഈ പരുവത്തിൽ ഇനി ഇടിക്കേണ്ടാ പ്രേതം തന്നെ നന്നായി പേടിപ്പിച്ചു വിട്ടിട്ടുണ്ട് ജീവൻ ഉണ്ടെന്ന് മാത്രമേയുള്ളൂ ഇനീം ഇടിച്ചാ ചിലപ്പോ ചത്തുപോവും എന്നാലും ഒന്ന് പിടിപ്പിക്കാം
നീ നാട്ടുകാരെ മുഴുവൻഫ് ഇടിക്കും അല്ലേടാ റാസ്‌ക്കൽ ?
ശ്രാഷ്ട്ടാങ്കം പ്രണമിച്ചു കിടന്ന തൊമ്മി കരഞ്ഞുകൊണ്ട് പറഞ്ഞു
ആ തൊമ്മി ചത്തു സാറേ അതോടെ നാട്ടുകാർ ഒന്ന് ഞെട്ടി
സത്യത്തിൽ തൊമ്മി ചത്തോ ? എന്നിട്ട് പ്രേതമാണോ ഈ കിടക്കുന്നത് തമിഴൻ മുരുകൻ തന്റെയാ സംശയം തുറന്നു ചോദിക്കേം ചെയ്തു
ആവി
അതേ ഉഷ്ണ കാലമായില്ലേ ചൂടുള്ള ആവിയാണ് ഫാൻ പോലുമില്ല പാക്കരൻ ചേട്ടനാണ് മുരുകന്റെ ആ മറുപടിക്ക് മറുപടി കൊടുത്തത്
തന്റെ ആവിയെ പാക്കരൻ ചേട്ടൻ ചൂടായാണ് തെറ്റദ്ധരിച്ചതെന്ന് മനസ്സിലാക്കിയ മുരുകൻ അത് തിരുത്തി പറഞ്ഞു
എന്റെ ചേട്ടാ ആവിയെന്നാ പ്രേതം അത് കേട്ടതോടെ എല്ലാവരും ഓളിയിട്ടു അതോടൊപ്പം ഇടിയനും സത്യത്തിൽ പേടികൊണ്ടാണ് ഇടിയനും ഓളിയിട്ടതെങ്കിലും നാട്ടുകാർ അറിഞ്ഞാൽ മോശമല്ലേ എന്നു കരുതി ഇടിയൻ വാ തുറന്ന് അതൊരു കോട്ടുവാ ആക്കിമാറ്റി ഏതായാലും നാട്ടുകാർ മുഴുവൻ കോറസ്സായി ഓളിയിട്ടതുകൊണ്ട് ഇടിയന്റെ കരച്ചിൽ ആരും കേട്ടില്ല എന്നുള്ളതായിരുന്നു സത്യം
ഞാനൊന്ന് അന്വേഷിക്കട്ടെ നാട്ടുകാരെ സമാധാനിപ്പിച്ചു വിട്ട ഇടിയൻ ആ പരാതി തുണ്ടം തുണ്ടമായി കീറിക്കളഞ്ഞു
പിന്നെ രക്ത രക്ഷസ്സിനെ പിടിക്കാനല്ലേ സർക്കാര് തനിക്ക് ശമ്പളം തരുന്നത് ?
അപ്പോൾ തന്നെ ഇടിയൻ ഡി ജി പി ക്ക് ഫോൺ ചെയ്ത് ട്രാൻസ്ഫെർ ചോദിച്ചു താനാദ്യം ആ രക്ഷസ്സിനെ പിടിക്ക്
ഇടിയന്റെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരുന്ന ഡി ജി പി അതും പറഞ്ഞ് ഫോൺ കട്ടു ചെയ്തു ഈ മാരണത്തിന്റെ ശല്യം ഇതോടെ ഒഴിയുമെന്നായിരുന്നു ഡി ജി പി യുടെ കണക്കു കൂട്ടൽ
ഇടിയൻ ഇപ്പൊ പിടിക്കും ഇപ്പൊ പിടിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന നാട്ടുകാർക്ക് മുഴുവൻ നിരാശയും പേടിയും സമ്മാനിച്ചു കൊണ്ട് രക്ത രക്ഷസ്സിനെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നുള്ള വാർത്തകൾ അടിക്കടി വന്നുതുടങ്ങി
മരം വെട്ടുകാരൻ അന്തോണിയെ രക്ത രക്ഷസ്സ് പിടിച്ചു തിന്നുവെന്നുവരെ വാർത്ത പരന്നു . അന്തോണി മരം വെട്ടാൻ നോക്കിയപ്പോൾ അതിനു മുകളിൽ രക്ത രക്ഷസ്സിനെ കണ്ടുവെന്നും മരത്തിൽ നിന്ന് ചാടിയിറങ്ങി ഓടിയെന്നും പറഞ്ഞതു കേട്ട് നാട്ടുകാർ വിറച്ചു അന്തോണി നൂറ് തലയുള്ള രക്ത രക്ഷസ്സിനെയാണ് കണ്ടെന്നു പറഞ്ഞത്
ഇവനെങ്ങെനെ അതിനിടയിൽ അതെന്നാണ് പറ്റിയതെന്നുള്ള ചോദ്യം നാട്ടുകാരുടെ പലരുടേയും നാവിൽ തത്തിക്കളിച്ചെങ്കിലും വിഷമിച്ചു നിൽക്കുന്ന അന്തോണിയെ ഒന്നുകൂട്ടി വിഷമിപ്പിക്കേണ്ടെന്നു കരുതി ആരുമത് പറഞ്ഞില്ല .
അതിനിടയിൽ വാറ്റുകാരൻ റപ്പായിയുടെ അടുത്തേക്ക് വാറ്റു കുടിക്കാൻ മൂടിപ്പുതച്ചു ചെന്ന സുധാകരനെ കണ്ട് വാറ്റുകാരൻ റപ്പായി രക്ത രാക്ഷസ്സന്ന് അലമുറയിട്ടുണ്ട് തലചുറ്റി വീണു . റപ്പായിയുടെ നായ സുഗുണൻ ജീവനും കൊണ്ട് പാടത്തേക്ക് ചാടി ഓടി രക്ഷപ്പെട്ടു റപ്പായിയുടെ ചോര കിട്ടിയില്ലെങ്കിൽ തന്റെ ചോര കുടിക്കുമോയെന്നായിരുന്നു സുഗുണന്റെ പേടി കാലിന് വളവുള്ളതു കൊണ്ട് ഓടിയ സുഗുണൻ ഒരു വട്ടമിട്ട് തിരിച്ച് ഓടിയിടത്തു തന്നെ തിരിച്ചു വന്നു പാവം കണ്ണു തുറന്ന് നോക്കിയപ്പോൾ രക്ത രക്ഷസ്സ് മുന്നിൽ അതോടെ കണ്ണടച്ചു കിടന്നു കരഞ്ഞു താനപ്പോ ഇത്രനേരം ഓടിയത് എങ്ങോട്ടാണെന്നായിരുന്നു സുഗുണൻ ചിന്തിച്ചത്
ആ താപ്പിന് കാശ് കൊടുക്കാതെ സുധാകരൻ രണ്ടു കുപ്പി നിന്ന നിൽപ്പിൽ കുടിച്ച് രക്ഷസ്സിനു നന്ദി പറഞ്ഞു രക്ഷസ്സ് പോവാതിരുന്നെങ്കിലെന്ന് മനസ്സിൽ ആശിക്കുകയും ചെയ്തു
0 അഭിപ്രായങ്ങള്‍