ഒരു വർഷത്തെ ജയിൽവാസം കഴിഞ്ഞ് അന്നാണ് ഇടിയൻ തൊമ്മി ഞങ്ങളുടെ ഗ്രാമത്തിൽ കാലുകുത്തിയത് . ഇടിയൻ തൊമ്മിയെന്നാൽ ഇടിക്കാനായി ജനിച്ചവൻ എന്നാണർത്ഥം. 

ആ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് നടക്കുന്ന തൊമ്മിക്ക് ആരെയും ഇടിക്കുവാൻ യാതൊരു വക പ്രതിബന്ധങ്ങളും തടസ്സമായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം .  കാണുന്നതിനെയെല്ലാം ഇടിക്കുക, കാണുന്നവരെയെല്ലാം ഇടിക്കുക ഈയൊരു തത്വം ജീവിതവീക്ഷണമായി കൊണ്ടു നടക്കുന്നവനാണ് ഇടിയൻ തൊമ്മി. 

ഇടിയൻ തൊമ്മിയുടെ ഇടി കിട്ടാത്തവരായി ഞങ്ങളുടെ ഗ്രാമത്തിൽ ആരുമുണ്ടായിരുന്നില്ല എന്നുതന്നെ പറയേണ്ടി വരും മനുഷ്യർ മുതൽ നാൽക്കാലികൾ, ഇരുകാലികൾ, കാലില്ലാത്തവർ അങ്ങനെ ആ ചങ്ങല നീണ്ടു കിടക്കുന്നു. 

ചായക്കടക്കാരൻ പാക്കരൻ ചേട്ടന്റെ നായ റോമു , നായ്ക്കളിലെ റൗഡിയായ  രാജൻ , വാറ്റുകാരൻ റപ്പായിയുടെ നായ സുഗുണൻ , മണികണ്ഠൻ പൂച്ച അങ്ങനെ പേരറിയുന്നവരും അറിയാത്തവരുമായ ഒരു പാട് നാൽക്കാലികളും, ഇരുകാലികളും  ഇടിയൻ തൊമ്മിയുടെ ഇടിയോ  തൊഴിയോ ഏറ്റു വാങ്ങിയിട്ടുണ്ട്. 

പിച്ച ചോദിക്കാൻ നിരങ്ങി വന്ന ചട്ടുകാലൻ കനകൻ,  തൊമ്മിയുടെ തൊഴി കൊണ്ട്   തനിക്ക് ചട്ടുകാലുള്ളത് മറന്ന്  എണീറ്റോടി നാട്ടുകാരെ മുഴുവൻ അമ്പരപ്പിച്ചതും ഇക്കാലത്തായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ  ഒരു ഉദാഹരണ പുരുഷനായിരുന്നു കനകൻ, ജോലിക്ക് പോകാത്ത മടിയന്മാരോട്  കനകനെ ചൂണ്ടി,  അവനെ നോക്ക് വയ്യെങ്കിലും പണിക്ക് പോകുന്നത്  കണ്ടില്ലേ എന്നു പറയാറുണ്ടായിരുന്നു. 

ആ കനകനാണ് വെടിച്ചില്ലു പോലെ എണീറ്റ് രണ്ടു കാലിൽ പാഞ്ഞ് നാട്ടുകാരെ മുഴുവൻ അമ്പരപ്പിച്ചത്  ആ പാച്ചിൽ കണ്ട് രണ്ടാമതും തൊഴിക്കാനായി കാലുപൊക്കിയ തൊമ്മി അങ്ങനെ തന്നെ നിന്നു പോയി എന്നുള്ളതാണ് സത്യം . അന്നത്തോടെ ഞങ്ങളുടെ ഗ്രാമം വിട്ടു പാഞ്ഞു പോയ കനകനെ പിന്നെ ആരും കണ്ടിട്ടില്ല.

തമിഴ്‌നാട്ടിലെ ഗോപി ചെട്ടി പാളയത്തു നിന്നായിരുന്നു കനകൻ  പിച്ച ചോദിക്കാനായി ഞങ്ങളുടെ ഗ്രാമത്തിൽ എത്തിച്ചേർന്നത്. 

മനുഷ്യരെ ഇടിക്കുകയും മൃഗങ്ങളെ തൊഴിക്കുകയും ചെയ്യുന്നതാണ് ഇടിയൻ തൊമ്മിയുടെ വിനോദം. 

ആ വിനോദത്തിന്റെ  ഭാഗമായി ധാരാളം പേർ വാവിട്ടു കരയുകയും ചിലരുടെ പുറം ചെണ്ടക്കു സമാനമാവുകയും ചെയ്തു വെറുതേ പോകുന്നവരെ കൂടി ഇടിക്കുക എന്നുള്ളതായിരുന്നു തൊമ്മിയുടെ രീതി.  

വെറുതേ പോകുന്നവരെ കൂടി ഇടിക്കേ?  അതെന്തിനെന്നുള്ള ചോദ്യം ഇടിയൻ തൊമ്മിയോട്‌ ചോദിക്കാൻ ആർക്കും ധൈര്യമില്ലാത്തതുകൊണ്ടും അത് ചോദിച്ച് കൂടുതൽ  ഇടി വാങ്ങിക്കുവാൻ താല്പര്യമില്ലാത്തതുകൊണ്ടും  ഇന്നും അത്  ഉത്തരം കിട്ടാത്ത ഒരു സമസ്യയായി തുടർന്നു പോരുന്നു. 

ഇക്കാലയളവിലാണ് , മീൻകാരൻ മമ്മദിനെ കാണാൻ വന്ന ഭാര്യയുടെ സഹോദരൻ ഗൾഫിലുള്ള ബീരാൻ കുഞ്ഞിനേയും, തഞ്ചാവൂരിൽ നിന്ന് മരുമകനെ കാണാൻ വന്ന മുത്തുപ്പാണ്ടിയേയും തൊമ്മി ഓടിച്ചിട്ട്  ഇടിച്ചത്. 

ഗൾഫീന്ന് മമ്മദിനായി കൊണ്ടുവന്ന ഒരു കുപ്പി ജോണീവാക്കർ സ്കോച്ചും റോത്ത്മാൻസ് സിഗരറ്റും തൊമ്മിയെടുത്ത്‌  തട്ടി. 

അളിയന് ഇടി കിട്ടിയതിനെക്കാളും മമ്മദിനെ വിഷമിപ്പിച്ചത് അതായിരുന്നു ഒരു വർഷം മുന്നേ അളിയൻ വരുന്നൂ എന്ന് കേട്ടപ്പോൾ തുടങ്ങി സ്വപ്നം കണ്ടു തുടങ്ങിയതായിരുന്നു മമ്മദ് ആ സോകോച്ചും,  സിഗരറ്റും.   ആ ദേഷ്യത്തിൽ മമ്മദ് കുതിച്ചു ചാടി ഇടിയും വാങ്ങി മൂലക്കിരുന്നു മോങ്ങിക്കൊണ്ടിരുന്ന അളിയനിട്ടു തന്റെ വക രണ്ടു താങ്ങും കൂടി കൊടുത്തു.

ഹമുക്ക് കൈയ്യും വീശി വന്നിരിക്കുന്നു  

ആ പാവത്തിന്  എന്തിനാണ് മമ്മദ് തന്നെ   ഇടിച്ചതെന്ന് മനസ്സിലാവാത്തതുകൊണ്ടും ആവശ്യമില്ലാത്തത്  മനസ്സിലാക്കാൻ ശ്രമിച്ച് കൂടുതൽ ഇടി കൊള്ളാൻ താല്പര്യമില്ലാത്തതുകൊണ്ടും ഒന്നു കൂടി ഉച്ചത്തിൽ കരഞ്ഞു. 

നാട്ടുകാരുടെ ഇടി കൊള്ളാനാണോ  അള്ളാ താൻ ഗൾഫീന്ന് സ്കോച്ചു വിസ്കിയുമായി ഈ ഓണം കേറാ മൂലയിലേക്ക് ലാൻഡ് ചെയ്തതെന്ന സംശയം അതോടൊപ്പം  തോന്നുകയും ചെയ്തു.

സ്കോച്ച് കൊടുക്കുമ്പോ അളിയൻ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരുമെന്ന പ്രതീക്ഷയായിരുന്നു ആ പാവത്തിന് ഉണ്ടായിരുന്നത് പക്ഷെ ഇടിയാ കിട്ടിയതെന്ന് മാത്രം . 

എന്തിനാ മനുഷ്യ നിങ്ങളാ  പാവത്തിനെ അടിക്കണതെന്ന്  ഭാര്യ സുൽഫിത്ത്, മമ്മദിനോടു  ചോദിക്കേം ചെയ്തു. 

ആ  മറ്റവനെ പോയി ഇടിച്ചിട്ട് എന്റെ മയ്യത്ത് കാണണോടി മൂധേവി നിനക്ക് ?  ഈ മരങ്ങോടന് അവനെ  കാണാതെയെങ്ങാനും വന്നാ പോരായിരുന്നോ എന്നു ചോദിച്ചോണ്ടായിരുന്നു മമ്മദ് അളിയനിട്ടു താങ്ങിയത്  

ആലോചിക്കും തോറും മമ്മദിന് ദേഷ്യം താങ്ങുന്നില്ല ചാടി ചാടിയാണ്  അളിയനെ ഇടിക്കാൻ നോക്കുന്നത് 

തൊമ്മിയുടെ മുഖം ഓർമ്മയിൽ തെളിയുമ്പോഴും വിസ്‌ക്കിയുടെ രൂപം മനസ്സിൽ തെളിയുമ്പോഴും മമ്മദിന്റെ കോപം അധികരിക്കും താൻ കുടിക്കേണ്ട സ്‌കോച്ചാ ഈ മരങ്ങോടൻ ആ പഹയനു കൊണ്ട് കൊടുത്തത്.

 ഒരു മാസം മുന്നേ വാങ്ങി വെച്ച സോഡ അവിടെയിരുന്ന് മമ്മദിനെ നോക്കി ചിരിച്ചു 

ആ പഹയന്റെ കൈയ്യീന്ന് ഇടി കൊണ്ടാലും കുഴപ്പില്ലാന്നും വെച്ച്  അതും കൊണ്ട് ഓടായിരുന്നില്ലേ ഈ ഹമുക്കിന്?

ഇങ്ങനെ സ്കോച്ചിന്റെ രൂപം ഓർമ്മയിൽ തെളിയുമ്പോഴെല്ലാം മമ്മദിന്റെ കോപം അധികരിക്കും അപ്പൊ  മമ്മദ് അളിയന്റെ മുതുകിനിട്ട്  താങ്ങും.   

ഈ  കോപത്തിന്റെ ഏതെങ്കിലുമൊരു അവസ്ഥാന്തരത്തിൽ  നിയന്ത്രണം നഷ്ടപ്പെട്ട് താൻ  തൊമ്മിയോട്‌ പോയി ചോദിക്കുമോ എന്നുള്ള പേടി മമ്മദിന് ഉണ്ടായിരുന്നു അതൊഴിവാക്കാൻ വേണ്ടി കൂടിയാണ്  കോപം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമ്പോൾ അളിയന്റെ പുറം തിരഞ്ഞെടുത്തുകൊണ്ടിരുന്നത്.  

അളിയൻ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടും  ഇടക്കിടക്ക് മമ്മദിന് കോപം വന്നുകൊണ്ടേയിരുന്നു അവസാനം സുഹറേടത്തിയാ പറഞ്ഞത് 

എന്റെ മോനെ അന്ത്രു നീ വേഗം വീട്ടീ പോയിക്കോ ഈ മനുഷ്യന് പിരാന്താ. 

ആ റൗഡിയെ പോയി ഇടിക്കാതെ എന്തിനാ തന്നെ ഇടിക്കുന്നതെന്ന് ആ പാവം അലമുറയിട്ട് ചോദിച്ചതാ 

എന്റെ അന്ത്രു അങ്ങേർക്ക് ജീവിക്കാനുള്ള ആശയുണ്ട് അവനെപ്പോയി ഇടിച്ചാ അവൻ ഇങ്ങേരെ  കഴുത്ത് ഞെരിച്ച് കൊല്ലും അതോണ്ടാ, നീ വേഗം പൊയ്‌ക്കോ മോനെ 

വീണ്ടും അധികരിച്ച  കോപം തണുപ്പിക്കാൻ പാഞ്ഞു വന്ന മമ്മദ് അളിയൻ പോയതറിഞ്ഞതോടെ ഓങ്ങിക്കൊണ്ട് വന്നത് ഭാര്യക്കിട്ടാ കൊടുത്തത് . അതും വാങ്ങി സുഹറേടത്തി വാവിട്ടു കരഞ്ഞു വെറുതെ ആ ചെക്കനെ പറഞ്ഞേക്കണ്ടിയില്ലായിരുന്നുവെന്നാ  ചേടത്തി അപ്പോൾ ചിന്തിച്ചത്.

പോയി തൊമ്മിയുടെ കാലിൽ വീണ് കുറച്ചെങ്കിലും ചോദിച്ചാലോയെന്ന് വരെ മമ്മദിന് തോന്നിയതാ പക്ഷെ ചിലപ്പോ സ്‌കോച്ചിനു പകരം  ഇടിയാവും കിട്ടാ അത് ചിലപ്പോ കുറച്ചാവില്ല നന്നായിത്തന്നെ കിട്ടും  . ആരെയാ ഇടിക്കണ്ടേ ഇടിക്കണ്ടേന്ന് ചോദിച്ച്  അലമുറയിട്ട് നടക്കുന്ന മനുഷ്യനാ. 

നാട്ടിലേക്ക് തിരിച്ചു പോകുന്ന വഴിയിൽ തൊമ്മിയെ കാണുമോയെന്നുള്ള പേടിയിൽ  അന്ത്രു രാത്രിയാകുന്നവരേയ്ക്കും  പുഴക്കരയിൽ  ഒളിച്ചിരുന്നു വീട്ടിലിരുന്നാൽ അളിയന്റെ ഇടി കൊള്ളേണ്ടി വരുമെന്നുള്ളതുകൊണ്ട്  സുഹറേടത്തിയാ ആ ഐഡിയ പറഞ്ഞു കൊടുത്തത്. 

എന്റെ മോനെ നീ നാട്ടുകാരുടെ മുഴുവൻ തല്ലു  കൊള്ളാൻ നിക്കാണ്ട് ആ പുഴക്കരയിലെങ്ങാനും പോയി ഒളിച്ചിരുന്നോ രാത്രിയാകുമ്പോ എണീറ്റ്  പോയാ മതി. 

ആരെങ്കിലും കുളിക്കാൻ വരുമ്പോ അന്ത്രു കുളത്തിലേക്ക് ചാടി മുങ്ങിക്കിടക്കും  ആരെക്കണ്ടാലും തൊമ്മി ആയിട്ടാ അന്ത്രുവിന് തോന്നുന്നത്  ഇടി കിട്ടിക്കൊണ്ടിരുന്നപ്പോ തല്ലുന്ന ആളുടെ മുഖത്തേക്ക് നോക്കാൻ പോലും ആ പാവത്തിന് പേടിയായിരുന്നു ഇനി അതിന് കൂടുതൽ ഇടി കിട്ടിയാലോ എന്നായിരുന്നു ആധി 

സത്യത്തിൽ തൊമ്മി, അന്നാ സ്കോച്ച് മുഴുവനും തട്ടി നല്ല ഉറക്കമായിരുന്നു.  ആരെങ്കിലും ദിവസവും  ഈ ഓണം കേറാ മൂലയിലേക്ക് ഗൾഫീന്ന്  സ്കോച്ചും, സിഗരറ്റുമായി വരണമെന്നാ  തൊമ്മി പ്രാർത്ഥിച്ചത്. 

മരുമകൻ മുരുകനെ കാണാൻ തഞ്ചാവൂരിന്ന് മുറുക്കും ഹൽവയുമായി   വന്ന മുത്തുപ്പാണ്ടിയെ ഓടിച്ചിട്ടാ തൊമ്മി ഇടിച്ചത്. 

ആകാരം കൊണ്ടും മുഖഭാവം കൊണ്ടും മുത്തുപ്പാണ്ടിയെ ഒരു ഘടോൽക്കചനോട് ഉപമിക്കാമെങ്കിലും ഭീമാകാരമായ ആ ശരീരത്തിനുള്ളിലെ മനസ്സ് ഒരു ശിശുവിന്റേതായിരുന്നു പോരാത്തതിന്   പേടിത്തൊണ്ടന്റെതും. 

ഇത്രനാളും ഞങ്ങളെല്ലാം കരുതിയിരുന്നത് മുത്തുപ്പാണ്ടി തമിഴ്‌നാട്ടിലെ വലിയൊരു  റൗഡിയാണെന്നായിരുന്നു അത്തരമൊരു ചിത്രം തന്നെയായിരുന്നു  മുരുകൻ ഞങ്ങൾക്കു മുന്നിൽ വരച്ചിട്ടിരുന്നതും.  പത്തുപേരെ നിന്ന നിൽപ്പിൽ അടിച്ചിട്ട  ആളാണത്രെ മുത്തുപ്പാണ്ടി മദം പൊട്ടി പാഞ്ഞു വന്ന കാളയെ ഒറ്റ ഇടിക്ക് ബോധം കെടുത്തി വിട്ടവനും ഇങ്ങനെ ഒരുപാട് വിശേഷങ്ങളാ മുരുകൻ നാട്ടുകാർക്ക് മുന്നിൽ വരച്ചിട്ടിരുന്നത് . അതോണ്ട് മുത്തുപ്പാണ്ടി എന്ന് കേട്ടാ നാട്ടുകാർക്ക് ഒരു ഭയം കലർന്ന ബഹുമാനം കൂടി ഉണ്ടായിരുന്നു . 

മദം പൊട്ടിയ ആനയെയോ ന്നും ചോദിച്ച് വാറ്റുകാരൻ റപ്പായി മാനം നോക്കി വാ പിളർന്നു  നിന്നു 

ആനയല്ല റപ്പായെ കാള, ചെത്തുകാരൻ അവറാൻ ചേട്ടനാ അത് തിരുത്തിക്കൊടുത്തത്. 

കാളക്ക് മദം പോട്ടോ ? സത്യത്തിൽ റപ്പായിയുടെ ആ സംശയം എല്ലാവർക്കുമുണ്ടായിരുന്നു. 

കാളക്ക് മദം പൊട്ടിയതു കൊണ്ടാണല്ലോ മുത്തുപ്പാണ്ടി അതിനെ അടിച്ചിട്ടത് വല്യ അറിവുള്ളതു പോലെയാണ് അവറാൻ ചേട്ടനത്  വിശദീകരിച്ചു കൊടുത്തത്.  

പിന്നെ ഒരു നായയെ രണ്ടായി വലിച്ചു കീറിയത്രേ 

അത് കേട്ട് റോമു ഉള്ളിൽ ഞെട്ടി 

എന്തിന് ?

പാക്കരൻ ചേട്ടനായിരുന്നു  അത് ചോദിച്ചത് 

വെറുതേ ?

അത് കേട്ട് റോമു വീണ്ടും ഞെട്ടി 

ഒരു നായയെ  വെറുതേ വലിച്ചു കീറേ ഇതെന്താ വെള്ളരിക്കാ പട്ടണമാ?   ഇനി  മുത്തുപ്പാണ്ടി  വന്നാൽ താൻ  പുറത്തേക്കിറങ്ങുന്ന പ്രശ്നമില്ലെന്നാ റോമു ഉള്ളിൽ  പറഞ്ഞത്. 

എന്തൊക്കെ  തരത്തിലുള്ള  ഭീകരന്മാരാ ഈ നാട്ടിലേക്ക് വരുന്നത്  കേട്ടു കേൾവി പോലുമില്ലാത്ത കാര്യങ്ങളാ ഓരോരുത്തരും ചെയ്തു കൂട്ടുന്നതും  ഞങ്ങൾക്കും ഇവിടെ  ജീവിക്കാനുള്ള അവകാശമില്ലേ ?

റോമുവത്,  റോമുവിനോട് തന്നെയാ ചോദിച്ചതെങ്കിലും അതിനുള്ള ഉത്തരം അവന്  അജ്ഞാതമായിരുന്നു . 

ജീവൻ വേണങ്കി കൂട്ടിൽ കേറുന്നതാ നല്ലതെന്ന തിരിച്ചറിവോടെ അവൻ കൂട്ടിൽ പോയി കിടന്നു.   

ഈ വീര പരിവേഷങ്ങളുടെ പേരിൽ മുത്തുപ്പാണ്ടി വന്നാ എല്ലാവരും ഭയങ്കര ഭയ ഭക്തി  ബഹുമാനങ്ങളോടെ എണീറ്റു നിൽക്കുമായിരുന്നു. ആ മുത്തുപ്പാണ്ടിയാ തൊമ്മിയുടെ ഇടി കൊണ്ട്  ബസ്സിനു പോലും കാത്തു നിൽക്കാതെ കരഞ്ഞോണ്ട്  തഞ്ചാവൂരിലേക്ക് പാഞ്ഞത്. അത് വല്ലാത്തൊരു കരച്ചിലായിരുന്നു കണ്ടു നിൽക്കുന്നവർ പോലും കരഞ്ഞു പോകുന്ന കരച്ചിൽ. 

നീ ഏതാടാ മൈ യെന്ന്  തൊമ്മി,  മുത്തുപ്പാണ്ടിയെ നോക്കി അലറി 

ആ അലർച്ച മുത്തുപ്പാണ്ടിക്ക് ഇഷ്ടപ്പെടാതാവുകയും നീയാരെടാ മുണ്ടമെന്ന് തിരിച്ചലറുകയും ചെയ്തു.  

പേര് ചോദിക്കുമ്പോ ഇവനെന്തിനാ മുണ്ടെന്ന് പറയുന്നതെന്നായിരുന്നു തൊമ്മി ആലോചിച്ചത്. 

മുണ്ടം എന്നുള്ളത് ഒരു തമിഴ് തെറിയാണെന്ന് തമിഴിൽ കുറച്ച് അവഗാഹമുള്ള പ്രേക്ഷിതൻ സുകുവാ തൊമ്മിക്ക്  തർജ്ജമ ചെയ്തു കൊടുത്തത് . 

അതോടെ തൊമ്മി ദേഷ്യം കൊണ്ട് ചുവന്നു, പിന്നെ ജ്വലിച്ചു, പിന്നെ  വിറച്ചു. അത്  കണ്ട്  തൊമ്മി പേടിച്ചു  വിറക്കുന്നതാണെന്നാ മുത്തുപാണ്ടി ആദ്യം കരുതിയത്.

അവര് പെരിയ റൗഡി,  ഉങ്കളെ കൊല പണ്ണിടുവേ ..  മദം പൊട്ടിയ കാളയെ ഒരു ഒതക്ക്  കൊല പണ്ണിയിട്ടേ..,  പത്തു പേരെ ഒരാൾ മട്ടും... മട്ടും...   അത് മുഴുമിക്കുന്നതിനുള്ളിൽ പോത്ത് കരയുന്നത് പോലെയുള്ളൊരു  കരച്ചിൽ കേട്ട് നാട്ടുകാർ ഞെട്ടി . മല പോലെ നിന്ന മുത്തുപ്പാണ്ടി എലിപോലെ താഴെ വീണു  കിടപ്പുണ്ട്. അതോടെ ആ മട്ടും മുഴുമിക്കാതെ മുരുകൻ ഓടി എന്നെ കാപ്പാത്തുങ്കോടായെന്ന് മുത്തുപ്പാണ്ടി കരഞ്ഞു വിളിച്ചെങ്കിലും സ്വയം കാപ്പാത്തിക്കൊണ്ട് മുരുകൻ ഓടി .      

മുരുകന് കൊണ്ടുവന്ന  ഹൽവ മുഴുവൻ തൊമ്മി തിന്നു.  പക്ഷേ എന്തോ തഞ്ചാവൂര്  ഹൽവ തൊമ്മിയുടെ വയറിന് പിടിക്കാതാവുകയും രണ്ടു ദിവസത്തോളം തൊമ്മി ബാത്ത് റൂമിനു മുന്നിൽ ഒരു പായയുമിട്ട് കിടപ്പാവുകയും ചെയ്തു.

മുത്തുപ്പാണ്ടിയുടെ വീട്ടിൽ ഒരു മാസം മുന്നേ  ഉണ്ടാക്കിയ ഹൽവ ആയിരുന്നൂവത്. അത് കളയാൻ നിന്ന മുത്തുപ്പാണ്ടിയോട് ഭാര്യ സെൽവമ്മാവാ പറഞ്ഞത് നീങ്ക അത് അന്ത മുരുകന് കൊണ്ട്  കൊട് 

അത് കേട്ട് ഭഗവാൻ മുരുകൻ ഞെട്ടി ഒരു മാസം പഴക്കമുള്ള ഹൽവയാണോ ഭഗവാനെ തനിക്ക് തരണതെന്നും പറഞ്ഞ് ഭഗവാൻ ചുറ്റും നോക്കി. ആയ് താനല്ലേ ഭഗവാൻ പിന്നെ ഏത് ഭഗവാനെയാ താൻ വിളിച്ചത് ?  

 ഭഗവാനുക്ക് ഏതുക്കെടി  ഹൽവ ?

ഇപ്രാവശ്യം സെൽവമ്മാവുടെ കണ്ണാ മിഴിഞ്ഞത് , ഭഗവാനുക്കല്ല മാമ ഉങ്ക മരുമകൻ, മുരുകനുക്ക് അതോടെ ഭഗവാൻ മുരുകനും , മുത്തുപാണ്ടിക്കും ആശ്വാസമായി.   

ഹൽവ  ഒരു മാസം മുന്നേ ഉണ്ടാക്കിയതായിരുന്നുവെങ്കിലും  സത്യത്തിലത്  ഹൽവയുടെ കുഴപ്പമായിരുന്നില്ല ആർത്തി മൂത്ത തൊമ്മി അത് മുഴുവനും ഒറ്റ ഇരുപ്പിൽ തിന്നു  തീർക്കുകയും അത് വയറിന് ഇഷ്ടപ്പെടാതാവുകയും  ചെയ്തതോടെയായിരുന്നു സംഭവപരമ്പരകളുടെ തുടക്കം .  

 തൊമ്മി ഹൽവ എടുത്തോണ്ട് പോരുമ്പോൾ  മീൻകാരൻ മമ്മദ്  അവിടെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു . ഇനി മമ്മദിന്റെ കൊതിയാണോ ഇതിനുള്ള കാരണമെന്ന് തൊമ്മിക്ക് സംശയം തോന്നുകയും മമ്മദിനിട്ടും രണ്ടു പൊട്ടിക്കാൻ  വെമ്പുകയും ചെയ്തുവെങ്കിലും അതിനുള്ള അവസരമായിരുന്നില്ല അപ്പോൾ ഉണ്ടായിരുന്നത്.  

ബാത്ത്റൂമിൽ പോകും തോറും  ദേഷ്യം കൂടി  വന്ന് മമ്മദിനെ അടിക്കാനായി തൊമ്മി  ആക്കം കൂട്ടിയെങ്കിലും  കക്കൂസിൽ നിന്ന് പത്തടി  അകലത്തിൽ പോലും  പോകാൻ  നിർവ്വാഹമില്ലാത്തതുകൊണ്ട് ക്ഷമിച്ചിരിക്കുകയായിരുന്നു  തൊമ്മി. അതുമാത്രമല്ല കോപം വരുമ്പോൾ ശരീരം വലിഞ്ഞു മുറുകുകയും കക്കൂസ് എത്തുന്നതിനു മുന്നേ തന്നെ കൺട്രോൾ പോയി പല പല  മുണ്ടുകളും മാറേണ്ടി വരുകയും ചെയ്തതോടെ   കോപം തന്റെ മുണ്ടുകൾക്കും മൂടിനും നല്ലതല്ലെന്ന് തൊമ്മി തിരിച്ചറിയുകയും വീണ്ടും  കോപം അധികരിക്കുമ്പോൾ   കണ്ണടിച്ചിരിക്കുകയുമായിരുന്നു തൊമ്മി.   

മുരുകനിട്ടെങ്കിലും ഒന്ന്  പൊട്ടിക്കാനായി ആവേശത്തോടെ കൈ ചുരുട്ടിയ തൊമ്മിയുടെ പുറകിൽ നിന്ന് ഒരു സൈറൺ മുഴങ്ങുകയും കക്കൂസ് എത്തുന്നതിനു മുന്നേ പൈപ്പ് പൊട്ടിയതു പോലെ ഒരു പ്രകമ്പനവും പ്രളയവും നടക്കുകയും ചെയ്തു. 

അപ്രതീക്ഷിതമായ ആ ശബ്ധ കോലാഹലത്തിൽ തൊമ്മി വളർത്തുന്ന പൂച്ച പമ്മി ജീവനും കൊണ്ട് പായുകയും ചെയ്തു.

ആ പാവം തൊമ്മിയെ ചുറ്റിപ്പറ്റി കരഞ്ഞു കൊണ്ട് നിൽപ്പുണ്ടായിരുന്നതായിരുന്നു ഏതോ  അണക്കെട്ട് പൊട്ടിത്തെറിച്ചത്  പോലെയാണ് ആ ശബ്ദ കോലാഹലം കേട്ട പമ്മിക്ക്  തോന്നിയത്.  

അതോടെ  കോപം വരുമ്പോൾ തൊമ്മി  വെറുതേ ചിരിച്ചു.

തഞ്ചാവൂരിന്ന് വന്ന മുത്തുപ്പാണ്ടിയെ  ഇടിച്ച് വയറിളക്കത്തിനുള്ള മരുന്നാണോ താൻ  വാങ്ങിച്ചു കഴിച്ചതെന്നാ   തൊമ്മി ചിന്തിച്ചത്.

അതോടെ  ഹൽവ കാണുന്നതേ തൊമ്മിക്ക് പേടിയായി മാറി.

ഇതിനിടയിൽ തൊമ്മി തന്നെ ഇടിക്കാൻ നടക്കുന്നതറിഞ്ഞ് മമ്മദ് കുറെ നാൾ ഭാര്യ വീട്ടിൽ പോയി നിന്നു . മമ്മദിനോട് തൊമ്മിയുടെ അയൽക്കാരനായ വാസുവായിരുന്നു മമ്മദിന്റെ കൊതിയാ തൊമ്മിയുടെ വയറിളക്കത്തിന് കാരണമെന്ന് തൊമ്മി ധരിച്ചു വെച്ചിരിക്കുന്നതെന്ന് പറഞ്ഞത് .

അതോടെ ആധിപിടിച്ച മമ്മദ് മീൻ കച്ചോടം ഒരാഴ്ചത്തേക്ക് പൂട്ടിക്കെട്ടിയാണ് ഭാര്യവീട്ടിലേക്ക് താമസം മാറ്റിയത് .

എന്റെ മനുഷ്യ നിങ്ങൾക്ക് നാണമില്ലേ വല്ലോരും ഹൽവ തിന്നുന്നത് നോക്കി കുട്ടികളെപ്പോലെ വെള്ളമിറക്കി നടക്കാനെന്നാ ഭാര്യ സുഹറേടത്തി ചോദിച്ചത്

ഷുഗറുള്ള താൻ ഹൽവ തിന്ന് ചാവാണോടി മൂധേവിയെന്നും ചോദിച്ച് മമ്മദ് ചീറി . 

ഈ തന്റേടം  ആ തൊമ്മിയോട്‌ പോയി കാണിക്കെന്നും പറഞ്ഞ് സുഹറേടത്തി തിരിച്ചു ചീറി 

ഒന്നുകിൽ താൻ ഷുഗറു വന്നു ചാവും അല്ലെങ്കി തൊമ്മിയുടെ കൈയ്യോണ്ട് ചാവും എന്നുള്ള പേടിയിൽ മമ്മദ് പിന്നെ ഒന്നും പറഞ്ഞില്ല .  

ജീവിതത്തിൽ തൊമ്മിക്ക് ഇഷ്ട്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരുന്നു ഹൽവ അതോടെ ഹൽവ വിൽക്കാൻ നടക്കുന്നവരെക്കൂടി തൊമ്മി ഇടിച്ചു തുടങ്ങി 

ഉത്സവങ്ങൾക്ക് ഹൽവ വിക്കുന്ന  ബീരാൻ  തൊമ്മിയുടെ ശല്യം ഒഴിവാക്കാൻ ഒരോ  കിലോ ഹൽവ കൊണ്ടുവന്ന് തൊമ്മിക്ക്  കാഴ്ച വെക്കാറുള്ളതാ .  ആ പ്രാവശ്യം  ഹൽവയുമായി വന്ന ബീരാനെ തൊമ്മി ബസ്സ് കേറുന്നിടം വരെ ഓടിച്ചിട്ട് ഇടിച്ചു. 

എന്നെ കൊല്ലാനാടാ നായിന്റെ മോനെ ഹൽവ എന്നും ചോദിച്ചാ തൊമ്മി ഇടിച്ചത് ബീരാൻ കൊണ്ട് വന്ന ഹൽവയെ കൂടി തൊമ്മി ഇടിച്ചു 

ഈ പഹയന് ഹൽവ തിന്നിട്ട് വയറിളക്കം വന്നത് താനെങ്ങനെ അറിയാനാണെന്നാ ചായക്കടക്കാരൻ പാക്കരൻ ചേട്ടനോട് എന്തിനാ താൻ ഹൽവ കൊണ്ട് കൊടുത്തത് എന്നുള്ള ചോദ്യത്തിന്  ബീരാൻ കരഞ്ഞു  പറഞ്ഞത് . 

അതോടെ ആ പ്രാവശ്യം  ഉത്സവത്തിന് ബീരാൻ ഹൽവ ഒഴിവാക്കി മുറുക്ക് മാത്രം  കച്ചോടം ചെയ്തു . ഇടക്കിടക്ക് തൊമ്മി വന്നു നോക്കുക കൂടി ചെയ്തതോടെ ഈ ഉത്സവം കഴിഞ്ഞ് താൻ തിരിച്ചു പോകില്ലെന്ന് കൂടി ബീരാന് സംശയം തോന്നി.

അങ്ങനെ നാട്ടുകാരുടെ പേടിസ്വപ്നമായി തൊമ്മി വാഴുന്നതിന്റെ ഇടയിലാണ് ഇടിയൻ ജോണി ഞങ്ങളുടെ സ്റ്റേഷനിൽ ഇൻസ്‌പെക്ടർ ആയി ചാർജ്ജെടുക്കുന്നത് . ഇടിക്കുക എന്നുള്ളത് തന്നെയായിരുന്നു ഇടിയൻ ജോണിയുടെ ജീവിത വീക്ഷണവും, ജീവിത ലക്ഷ്യവും  

ഒരു അതിർത്തിയിൽ രണ്ടു ഇടിയൻമാർ വേണ്ട എന്നുള്ളതുകൊണ്ടും,  ഇടിയൻ എന്നുള്ളത് ഒരു സ്ഥാനപ്പേരായി കൊണ്ട് നടക്കുന്നതുകൊണ്ടും കൂടിയാണ്  ഇടിയൻ ജോണി, ഇടിയൻ  തൊമ്മിയെ ഒതുക്കിയത്. 

അതൊരു ഐതിഹാസീക സംഘട്ടനം തന്നെയായിരുന്നു  കള്ളു കുടിച്ചുകൊണ്ടിരുന്ന തൊമ്മിയുടെ മുന്നിലേക്ക് ഒരു ആക്രോശത്തോടെയാണ്  ജീപ്പ് പാഞ്ഞു വന്നത്. അതിലേറെ ആക്രോശത്തോടെ ഷാപ്പിലേക്ക്  ഓടിക്കയറിയ ഇടിയനെകണ്ട് കുടിയന്മാർ നാലുപാടും ചിതറിയോടി.  വഴി അടഞ്ഞു നിന്ന ഇടിയനെ ഒഴിവാക്കാൻ ഓലക്കീറിലൂടെ പുറത്തേക്ക് ചാടിയ മമ്മദ് കുളത്തിലേക്ക് വീഴുകയും വെള്ളം കുടിച്ച് ചാവാറാവുകയും ചെയ്തു. എന്നിട്ടും പേടി കൊണ്ട് മമ്മദ് മിണ്ടാതെ കിടന്ന്  കരഞ്ഞു. 

ചൂണ്ടയിടാൻ അതുവഴി വന്ന രാമേട്ടൻ കണ്ടതുകൊണ്ട് മാത്രമാണ് മമ്മദ് രക്ഷപ്പെട്ടത്. 

എന്റെ മമ്മദേ തനിക്കൊന്ന് ഒളിയിട്ടുകൂടെ എന്നുള്ള ചോദ്യത്തിന് പാവം മമ്മദ് ഏങ്ങലടിച്ച്  കരഞ്ഞു. 

വെള്ളം കുടിച്ച് ചാവുന്നതിലും പേടിയായിരുന്നു ഇടിയന്റെ കൈയ്യിൽ അകപ്പെടുന്നത് എന്നതായിരുന്നു മമ്മദിന്റെ ഭാഷ്യം .

നീ മീൻ കാരൻ ആയിട്ട് നീന്താൻ പോലും അറിഞ്ഞു കൂടെയെന്നുള്ള രാമേട്ടന്റെ ചോദ്യത്തിനും മമ്മദ് മിണ്ടാതെ കിടന്നു   

മീൻ വിൽക്കുന്നവർക്കൊക്കെ നീന്തൽ അറിയണമെന്ന് വല്ല നിയമവുമുണ്ടോ മൈ ..എന്നുള്ള മറുചോദ്യം  മമ്മദിന്റെ വായിൽ തിക്കി വന്നെങ്കിലും പുറത്തേക്ക് വീഴാതെ കടിച്ചു പിടിച്ചു ആകെ കൂടിയുള്ള പിടിവള്ളിയാണ് രാമൻ  എന്തെങ്കിലും പറഞ്ഞ് വെറുതെ  പ്രകോപിപ്പിച്ചാ താനിവിടെ കിടന്ന് വെള്ളം കുടിച്ച്  ചാവത്തേയുള്ളൂവെന്ന  പേടികൊണ്ട്  മാത്രാ  മമ്മദ് മിണ്ടാതിരുന്നത്.  

ജീപ്പിന്റെ അലർച്ച കേട്ട് ഏത് നായിന്റെ മോനാടാ സ്വസ്ഥമായിരുന്നു  കള്ളു കുടിക്കാൻ സമ്മതിക്കാത്തത് എന്നലറിക്കൊണ്ട് പുറത്തേക്ക് പാഞ്ഞു വന്ന അവറാൻ ചേട്ടൻ,  ഇടിയനെ കണ്ടതോടെ എങ്ങോട്ടെന്നില്ലാതെ ഓടി. 

 സൈക്കിൾ പോലും എടുക്കാതെയായിരുന്നു അവറാൻ ചേട്ടന്റെയാ പാച്ചിൽ  എന്ത്  വിഡ്ഢിത്തമാണ് താനീ  കാണിച്ചതെന്ന് ആ ഓട്ടത്തിനിടയിലും അവറാൻ ചേട്ടൻ സ്വയം ചോദിക്കുന്നുണ്ടായിരുന്നു. 

പാഞ്ഞു പോകുന്ന അവറാൻ ചേട്ടനെ കണ്ട ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ  ചോദിച്ചത് എങ്ങോട്ടാ അവറാനെ ഇത്ര ധൃതിയില്? അല്ല സൈക്കിളെവിടെ ?

അപ്പോഴാണ് അവറാൻ ചേട്ടനാ സത്യം തിരിച്ചറിയുകയും എന്റെ കർത്താവേ എന്റെ  സൈക്കിളെവിടെയെന്ന് മുകളിലോട്ട് നോക്കി ചോദിക്കുകയും ചെയ്തത്.

മറുപടി പറയാൻ  കർത്താവിനു മനസ്സില്ലാത്തതുകൊണ്ട്  അവറാൻ ചേട്ടൻ തന്നെയാണാ കർത്തവ്യം ഏറ്റെടുത്തതും     

 സൈക്കിളിലല്ലേ താൻ വന്നോണ്ടിരുന്നത്  ?

  സൈക്കിളെടുക്കാൻ തിരിച്ചു പോയാൽ ഇടിയന്റെ കണ്മുന്നിൽ പെടുമെന്നുള്ളതുകൊണ്ടും അത് തന്റെ ജീവഹാനിക്കു തന്നെ കാരണമാകുമെന്നുള്ളതുകൊണ്ടും, തനിക്കു പകരം സൈക്കിളിനെ ഇടിയൻ  ഇടിച്ചോട്ടെ എന്നുള്ളതിൽ അവറാൻ ചേട്ടൻ  എത്തിച്ചേരുകയും ചെയ്തു. 

ആ സംഭവത്തിനു ശേഷം കുറെ കാലത്തേക്ക് ജീപ്പിൻറെയല്ല ഏത് വാഹനത്തിന്റെ ഒച്ച  കേട്ടാലും അവറാൻ ചേട്ടൻ ഞെട്ടാറ് പതിവുണ്ടായിരുന്നു 

പാഞ്ഞു വന്ന തന്നെ കണ്ടിട്ടും അക്ഷോഭ്യനായി കള്ളു കുടിക്കുന്ന തൊമ്മിയെ നോക്കി ഇടിയൻ അലറി 

എഴുന്നേൽക്കേടാ നായിന്റെ മോനെ 

തൊമ്മി എഴുന്നേറ്റില്ലെങ്കിലും വറീതിന്റെ നായ ശങ്കരൻ അത് തന്നോടുള്ള ആജ്ഞയാണെന്നും  കരുതി എഴുന്നേറ്റ് നിന്ന് വാലാട്ടി ഇത് വറീതിന് തീരെ ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മിണ്ടിയില്ല കാരണം അലറിയത് ഇടിയനാണ്. 

 വാഗ്‌വാദത്തിനൊടുവിൽ ഇടിയൻ ലാത്തിയെടുക്കുകയും തൊമ്മി അരയിൽ നിന്ന് കത്തി വലിച്ചൂരുകയും ചെയ്തു.

 ഇന്നിവിടെ ഒരാളുടെ ശവം വീഴും. നാട്ടുകാർ വിറച്ചു  ഷാപ്പു കാരൻ വറീത് കടയിൽ നിന്നും ഇറങ്ങിയോടി കൂടെ ശങ്കരനും ഓടി ഇത് തനിക്കുള്ള അവസാന അവസരമാണെന്ന് അവന് മനസ്സിലായി.   

 യജമാൻ ഓടിയപ്പോൾ കൂടെ ഓടിയതാണെന്നുള്ളൊരു  ന്യായീകരണവും അതിനവൻ  കണ്ടെത്തി.

കത്തിയുമായി പാഞ്ഞു വന്ന തൊമ്മിയെ നോക്കി  ഇടിയൻ  തോക്കെടുത്തു അതോടെ  തൊമ്മി തന്റെ ഓട്ടത്തിന്  സഡൻ ബ്രെക്കിടുകയും പിന്നാമ്പുറത്തൂടെ പാടത്തേക്ക് ചാടി ഓടുകയും ചെയ്തു . ആ ഓട്ടത്തിനിടയിലും തൊമ്മി ഞെട്ടിക്കൊണ്ടിരുന്നു കർത്താവേ തോക്കിന്റെ മുന്നിലേക്കാണോ താൻ കത്തിയുമായി പാഞ്ഞുകയറിയത് , പക്ഷെ തനിക്കത് ലാത്തിപോലെയാണല്ലോ തോന്നിയത് . എന്ത് മണ്ടത്തരമാണ് താൻ കാണിച്ചത് ഇടിയൻ തന്നെ വെടി വെച്ച് കൊന്നേനേയെന്നും പറഞ്ഞ് തൊമ്മി കരഞ്ഞു  അതോടെ തൊമ്മിയുടെ ഓട്ടത്തിന്റെ സ്പീഡ് കൂടി .

വെള്ളം കുടിച്ച് അവശനായി പാട വരമ്പത്ത് വിശ്രമിച്ചോണ്ടിരുന്ന  മമ്മദ് തൊമ്മി പാഞ്ഞു വരുന്നത് കണ്ട് അള്ളാ എന്ന് വിളിച്ചോണ്ട് വീണ്ടും കുളത്തിലോട്ട്  ചാടി

ഇപ്രാവശ്യവും രാമേട്ടനാ പിടിച്ചു കയറ്റിയത്  

പകച്ചു നിന്ന രാമേട്ടനോടും, മമ്മദ് അലറി 

ഓടിക്കോ 

അതോടെ  എന്തിനാന്ന് പോലും ചോദിക്കാതെ ആ പാവം ജീവനും കൊണ്ടോടി , പിടിച്ച വരാല് എന്നെ എന്തെ കൊണ്ടവാത്തെന്നും കരുതി വരമ്പത്ത് കിടന്നു .  

 മമ്മദിനെ രക്ഷപ്പെടുത്തിയതിന് തന്നെ തട്ടുമോയെന്നുള്ള പേടിയിലായിരുന്നു രാമേട്ടൻ  അല്ലാതെ തന്നെ തല്ലിക്കൊല്ലാൻ മാത്രം  തൊമ്മിക്ക് യാതൊരു വിരോധവും തന്നോടില്ല  .

ഇനി മുതൽ ആര് വെള്ളം കുടിച്ച് ചത്താലും താൻ തിരിഞ്ഞു നോക്കില്ലെന്നും പറഞ്ഞാ രാമേട്ടൻ ഓടിയത്  

ഇടിയൻ തോക്കുമായി പിന്നാലെ പാഞ്ഞെങ്കിലും റൈറ്റർ തോമാസേട്ടനും ഡ്രൈവർ രഘുവും കൂടി  ഇടിയനെ വട്ടം പിടിക്കുകയും ഒരു വിധത്തിൽ  ശാന്തമാക്കുകയും ചെയ്തു.

നമുക്കവനെ പിന്നെ പൊക്കാം സാറേ 

അതാ നല്ലതെന്ന് ഇടിയനും തോന്നി

അവനെ ഞാൻ വെടി വെച്ച് കൊല്ലും 

ആ പ്രതിജ്ഞ കേട്ട് തൊമ്മി ഒന്ന് കൂടി ഉച്ചത്തിൽ കരഞ്ഞു ഏത് വിവരം കെട്ട നേരത്താണ് തനിക്ക് കത്തിയൂരാൻ തോന്നിയതെന്നോർത്ത് തൊമ്മി പരിതപിച്ചു. അത്  കള്ളിന്റെ പുറത്താണെന്ന് തോന്നുകയും ആ ദേഷ്യം കള്ളിനോട് തീർക്കാൻ പറ്റാത്തതുകൊണ്ട് വറീതിനു നേർക്ക് ആവുകയും ചെയ്തു ഷാപ്പിലോട്ട് ചെല്ലട്ടെ അവനിട്ട് രണ്ടു പൊട്ടിക്കണമെന്ന് മനസ്സിൽ തീരുമാനിക്കുകയും ചെയ്തു .

പാവം വറീതിന് അങ്ങനെ വെറുതെ രണ്ടിടിക്കുള്ള കോപ്പ് കിട്ടുകയും ചെയ്തു   

ആയിടക്കാണ് തെങ്ങ് കയറാൻ പോയ അവറാൻ ചേട്ടൻ യാദൃച്ഛികമായി ഇടിയൻ തൊമ്മിയുടെ മുന്നിലെത്തിപ്പെടുന്നത് കള്ളു ചെത്തി തെങ്ങിന്റെ  മുകളിൽ നിന്ന് പാതിവഴി ഇറങ്ങിവന്ന അവറാൻ ചേട്ടൻ തൊമ്മിയെ കണ്ടതോടെ താഴോട്ടുള്ള ആ യാത്ര ക്യാൻസൽ ചെയ്ത് മുകളിലോട്ട് തന്നെ കേറിപ്പോയി. 

പറമ്പിൽ അവറാൻ ചേട്ടന്റെ സൈക്കിൾ കണ്ട തൊമ്മി അതിലുള്ള ചെത്ത് കുടത്തിൽ നിന്ന് കള്ളെടുത്ത് കുടിച്ചു ഇതുകണ്ട് അവറാൻ ചേട്ടൻ അലറാനായി വാ തുറന്നെങ്കിലും ബുദ്ധി കേറി വട്ടം പിടിച്ചു കള്ള് പോയാലും കുഴപ്പമില്ല തെങ്ങിൽ നിന്നും ചെത്താം. വെറുതേ അലറിവിളിച്ച് തൊമ്മിയെ  പ്രകോപിപ്പിച്ച്  ഇടി വാങ്ങി പുറം പൊളിക്കണോയെന്നുള്ള  ബുദ്ധിയുടെ ചോദ്യത്തിനു മുന്നിൽ അവറാൻ ചേട്ടൻ നിശബ്ദനായി 

എന്നിട്ടും  തൊമ്മിയുടെ ആ തെണ്ടിത്തരം  കണ്ട് അവറാൻ ചേട്ടന്  ആകെ ചൊറിഞ്ഞു വന്നെങ്കിലും ആ ചൊറിച്ചിൽ തന്നെ തല്ലു കൊള്ളിക്കാനുള്ളതാണെന്ന തിരിച്ചറിവോടെ  അവറാൻ ചേട്ടനത് സ്വയം ചൊറിഞ്ഞു തീർത്തു.

  എന്ത് അക്രമാ ഇവൻ കാണിക്കണെ?  തന്റെ കള്ള്, തന്റെ കുടം തന്നോട് ചോദിക്കാണ്ട് എടുത്തു കുടിക്കണൂ തല്ലിക്കൊല്ലവനേ ?

 അവറാൻ ചേട്ടന്റെ മനസ്സ് അവറാൻ ചേട്ടനെ പ്രകോപിപ്പിക്കാൻ നോക്കിയെങ്കിലും ബുദ്ധി അതിനെ കേറി വട്ടം പിടിച്ചു  .

അവറാൻ ചേട്ടൻ അവിടെയെങ്ങും ഇല്ലെന്നു കരുതിയാണ് തൊമ്മി കള്ള് എടുത്ത് കുടിച്ചത് .വായിലോട്ട്  കുടം കമിഴ്ത്തിയ തൊമ്മി അപ്രതീക്ഷിതമായി  തെങ്ങിന്റെ മുകളിലൊരാളെ കണ്ട്  ഞെട്ടി എത്ര വലിയ റൗഡിയാണെങ്കിലും പ്രതീക്ഷിക്കാത്ത സമയത്ത് ആരെയെങ്കിലും കണ്ടാ ഞെട്ടുക പതിവാണല്ലോ , ശരീരത്തിന്റെ ആ  സാമാന്യ പ്രോസസ്സ് തന്നെയായിരുന്നു  അവിടേയും സംഭവിച്ചത് 

ഞെട്ടിയ തൊമ്മിയുടെ ആമാശത്തിലോട്ടുള്ള  വഴി അടയുകയും ശ്വാസകോശത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തതോടെ ഒരു കവിൾ കള്ള് നേരെ ശ്വാസകോശത്തിലോട്ട് കേറിപ്പോയി  അതോടെ തൊമ്മിയുടെ ശ്വാസം വിലങ്ങുകയും ചെയ്തു 

കള്ളുകുടം നിലത്തെറിഞ്ഞ തൊമ്മി അലറി 

ഇറങ്ങി വാടാ നായിന്റെ മോനേ മനുഷ്യനെ പേടിപ്പിക്കാൻ തെങ്ങിന്റെ മുകളിൽ കയറിയിരിക്കുന്നോ ?

അതുകേട്ട് അവറാൻ ചേട്ടൻ ഞെട്ടി കള്ള് എടുത്ത് കുടിച്ചാലും വേണ്ടില്ല ഈ മാരണം പോയിക്കോട്ടെയെന്നു കരുതിയാണ് തെങ്ങിന്റെ മുകളിൽ മിണ്ടാതിരുന്നത് തന്നെ കണ്ട് പേടിക്കുമോയെന്ന് ആരെങ്കിലും കരുതിയോ കള്ള് കുടിച്ചോളൂ തൊമ്മിയെന്നെങ്കിലും തനിക്ക് വിളിച്ചു പറയാമായിരുന്നു എങ്കിൽ തന്നെ കാണുമ്പോ ഞെട്ടുന്നത്  ഒഴിവാക്കാമായിരുന്നു. എങ്കിലും   തന്നെ കാണുമ്പോ ഞെട്ടാൻ മാത്രം താനത്രയും വലിയൊരു സംഭവമാണോയെന്നുളള സംശയം കൂടി അതോടൊപ്പം അവറാൻ ചേട്ടന്റെ മനസ്സിലൂടെ കടന്നുപോയി 

ഇതിപ്പോ താൻ പേടിപ്പിച്ചെന്നും പറഞ്ഞാണ് ആ ഇടിയൻ മുഷ്ടി ചുരുട്ടി അലറി വിളിക്കുന്നത് 

എന്റെ തൊമ്മിയേ ഞാൻ നിന്നെ പേടിപ്പിക്കാൻ കേറിയതൊന്നുമല്ല നിന്നെ കണ്ട് നല്ല ഫ്രഷ് കള്ള് ചെത്തിയിറക്കാൻ വേണ്ടി കേറിയതാടാ 

എന്തോ അവറാൻ ചേട്ടന്റെയാ നമ്പർ  ഏറ്റു ഏതായാലും ചെത്തിയിറക്കിയ ഒരു കുടം കള്ള് പോയതൊഴിച്ചാൽ തടി കേടാവാതെ അന്നവിടെ നിന്ന്  അവറാൻ ചേട്ടൻ രക്ഷപ്പെട്ടു. 

എന്റെ പഴേ കാലത്താണെങ്കിൽ അവനെ ഞാൻ കൊന്നേനെയെന്നും പറഞ്ഞ്  ഒറോത ചേടത്തിയുടെ മുന്നിൽ നിന്ന് അവറാൻ ചേട്ടൻ ചീറി  

നിങ്ങളെന്ത്  കാണിച്ചു കൊടുക്കാൻ മനുഷ്യാ ? 

ആവശ്യമില്ലാത്ത കാര്യത്തിന് പോയി തല്ല് കൊണ്ട് ചാവാൻ നിൽക്കേണ്ടെന്നാ ഒറോത ചേടത്തി പറഞ്ഞത് ഇനി  ആരെങ്കിലും എന്തെങ്കിലു ചോദിച്ചാ എടുത്തു കൊടുത്തേരെന്നുള്ള  ഒരു ഉപദേശം കൂടി  ചേടത്തി അതോടൊപ്പം കൊടുത്തു. 

തൊമ്മിയുടെ ശല്യം കൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയിരിക്കുന്ന സമയത്താണ് ഇടിയൻ ജോണി ഞങ്ങളുടെ ഗ്രാമത്തിലെ ഇൻസ്‌പെക്ടറായി ചാർജ്ജെടുക്കുന്നത്. ഇടിയനും ഇടിക്കാനായി ജനിച്ചവനായിരുന്നു രണ്ടു ഇടിയന്മാരും കൂടി എല്ലാവരേം ഇടിച്ച് കൊല്ലുമെന്ന് ഫലിതരൂപത്തിൽ പറഞ്ഞ് തിരിഞ്ഞു നോക്കിയ പാക്കരൻ ചേട്ടൻ കണ്ടത് തന്നെത്തന്നെ നോക്കി  നിൽക്കുന്ന ഇടിയൻ തൊമ്മിയെയായിരുന്നു.  

ഇതോടെ തന്റെ ഫലിത ബിന്ദുക്കളുടെ കാറ്റ്  തീർന്നുവെന്ന്  മനസ്സിലാക്കിയ പാക്കരൻ ചേട്ടന്റെ വലിവു കൂടി. പാക്കരൻ ചേട്ടന്റെ ഫലിതം കേട്ട് അത് വരെ ചിരിച്ചോണ്ടിരുന്ന  നാട്ടുകാർ നിശബ്ദരായി , അന്നമ്മ ചേടത്തി മാവ് കുഴക്കാനുണ്ടെന്നും  പറഞ്ഞ് പതുക്കെ അടുക്കളയിലോട്ട് മുങ്ങി. 

ഏത് മാവാണ് ഇവൾ കുഴക്കാൻ  പോകുന്നതെന്നോർത്ത് പാക്കരൻ ചേട്ടന്  മനസ്സിലായില്ലെങ്കിലും ഭാര്യ തന്നെ ഒറ്റക്കാക്കി മുങ്ങിയതാണെന്ന് മനസ്സിലായി 

അതുവരെ പാക്കരൻ ചേട്ടനെ നോക്കി വാലാട്ടിക്കൊണ്ടിരുന്ന റോമു തൊമ്മിയെ നോക്കി വാലാട്ടി. 

ചായ കുടിച്ചോണ്ടിരിക്കായിരുന്ന തമിഴൻ  മുരുകൻ ചായ പാതിക്കുവെച്ച് മുങ്ങി. മാമൻ മുത്തുപ്പാണ്ടിയെ തൊമ്മി ഇടിച്ചതിന് മുരുകൻ സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്തിരുന്നു. റൈറ്റർ തോമാസേട്ടന്റെ കൈയ്യിലാണ് കംപ്ലൈന്റ് കൊടുത്തതെങ്കിലും തോമാസേട്ടനത് ആരും  കാണാതെ  കീറിക്കളഞ്ഞ വിവരം മുരുകന് അജ്ഞാതമായിരുന്നു.

ഏതോ തമിഴൻ മാമനു വേണ്ടി ഇടികൊള്ളാൻ വയ്യാത്തതു കൊണ്ടാണ് തോമാസേട്ടനത്  കീറിക്കളഞ്ഞത് 

കീറിക്കളഞ്ഞില്ലെങ്കി ആ പരാതി തന്നെ നോക്കി എന്തായി തീർപ്പ് , എന്തായി  തീർപ്പെന്ന് ചോദിക്കുന്ന പോലെ തോന്നുമെന്നുള്ളതുകൊണ്ടാണ് തോമാസേട്ടനത് കീറിക്കളഞ്ഞത് അപ്പൊപ്പിന്നെ ആ മനസ്സാക്ഷിക്കുത്ത് ഒഴിവാക്കാമല്ലോ 

തൊമ്മിക്കെതിരെ പരാതി കൊടുത്തതുകൊണ്ട്, തന്നെകണ്ടാ തൊമ്മി തട്ടുമെന്നുള്ള പേടിയിലാണ് മുരുകൻ നടക്കുന്നത് സത്യത്തിൽ മാമന്റെ നിർബന്ധം കൊണ്ടാ മുരുകനാ പരാതി കൊടുത്തത് തന്നെ. 

ഏതായാലും സംഭവം കഴിഞ്ഞില്ലേ ഇനി ചുമ്മാ അതിനു പുറകെ പോണമോ മാമായെന്ന് മുരുകൻ ചോദിച്ചെങ്കിലും എടാ പൈത്യക്കാരായെന്ന് മാമാ അലറിവിളിച്ചതോടെ മുരുകൻ മനസ്സില്ലാ മനസ്സോടെ  പരാതി കൊടുക്കുകയായിരുന്നു. 

നീ അന്ത വെറി നായ്‌ക്കെതിരെ പരാതി കൊടുത്തില്ലേനാ ഉനക്ക് എന്നുടെ പൊണ്ണെ തിരുമണം പണ്ണിത്തരമാട്ടേന്നുള്ള ഭീഷിണിക്കു മുന്നിൽ മുരുകൻ തകർന്നു.  ശിവകാമിയെന്നാൽ മുരുകന് ഉയിരാണ് എല്ലാ മാസവും അമ്മാവെ പാക്കണന്നും ശൊല്ലി  മുരുകൻ തഞ്ചാവൂരിലേക്ക് പോകുന്നതു തന്നെ ശിവകാമിയെ പാക്കതർക്കാണ് .

എന്നുടെ അപ്പാവെ അടിച്ചവരെ  കൊല പണ്ണിവാങ്കോയെന്ന് ശിവകാമി അലറിയെങ്കിലും അത് തന്റെ കൊലപാതകത്തിലാ കലാശിക്കുകയുള്ളുവെന്ന് മനസ്സിലായതുകൊണ്ട് ഒരു പോംവഴിയെന്ന നിലയിലാണ് മുരുകൻ പരാതി കൊടുത്തത്. 

പോലീസ് അവരെ പിടിച്ചില്ലെങ്കി ഞാനന്ത മുട്ടാളെ കൊല പണ്ണുവേയെന്ന് ശിവകാമിക്കു മുന്നിൽ നെഞ്ചത്തടിച്ചു കൊണ്ട്  മുരുകൻ ഒരു പ്രഖ്യാപനവും നടത്തി 

ഇവൾ തന്നെ കൊലക്ക് കൊടുക്കാതർക്കാ ലൗ പണ്ണറുതെന്ന് അതോടൊപ്പം തന്നെ മുരുകന്  സംശയം തോന്നുകയും ചെയ്തു. 

ഇങ്ങനെ പല പല കോണുകളിൽ നിന്നും കടുത്ത സമ്മർദ്ധം നേരിട്ടത്  മൂലമാണ് മുരുകനാ കടുംകൈ ചെയ്തത്. 

പക്ഷെ തോമാസേട്ടൻ താനിറങ്ങിയ പുറകെത്തന്നെ തന്റെ പരാതി കീറിക്കളഞ്ഞ വിവരം മുരുകൻ അജ്ഞാതമായിരുന്നു  .

എന്തിനാ തോമാസേ ആ പാവത്തിന്റെ പരാതി കീറിക്കളഞ്ഞെതന്ന് രാമൻ പോലീസ് ചോദിക്കേം ചെയ്തു   

എടോ രാമാ തനിക്ക് ചാവാൻ ഇഷ്ട്ടമാണെങ്കി താൻ പോയി അന്വേഷിച്ചോയെന്നും പറഞ്ഞ് തോമാസേട്ടൻ ആ പരാതി രാമൻ പോലീസിനു നേരെ നീട്ടിയെങ്കിലും ചായ കുടിച്ചിട്ട് വരാമെന്നും പറഞ്ഞ് രാമൻ പോലീസ് മുങ്ങി. 

ആയിടക്കാണ് പലചരക്കു കടക്കാരൻ സുപ്രുവിന്റെ വീട്ടിൽ നിന്നും ചില അപശബ്ദങ്ങൾ രാത്രികാലങ്ങളിൽ കേൾക്കാൻ തുടങ്ങിയത്. രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ ഒരു സ്ത്രീയുടെ പാദസ്വര ശബ്‌ദങ്ങൾ കേട്ട് സ്വതവേ സംശയാലുവായിരുന്ന സുപ്രു ഒന്നുകൂടി സംശയാലുവായി മാറി . സ്വന്തം ഭാര്യ തൊട്ടടുത്ത് തന്നെ കിടന്നുറങ്ങുന്നത്  കണ്ടിട്ടും എന്തോ  സുപ്രുവിന്  വിശ്വസിക്കാൻ കഴിയുന്നില്ല.  

രാത്രി ചിലങ്ക ശബ്ദം കേട്ട് കണ്ണു തുറന്ന മണികണ്ഠൻ പൂച്ച ശാരദേടത്തിയായിരിക്കും അടുക്കളയിലോട്ട് പോകുന്നതെന്നു  കരുതി എന്തെങ്കിലും തിന്നാൻ കിട്ടുമെന്നുള്ള മോഹത്തിൽ  ചിലങ്കയിട്ട് കുലുങ്ങുന്ന ആ കാലുകൾക്ക് സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് മ്യാ ..വൂ.. മ്യാ വൂ  യെന്നും പറഞ്ഞ് മുകളിലോട്ട് നോക്കിയതും ആകാശം മുട്ടെ ഉയരത്തിലുള്ള ഒരു രൂപത്തെക്കണ്ട് മ്യാ ...വൂ ..വിന്റെ പകുതി തൊണ്ടയിൽ തടഞ്ഞ് ബോധം കെട്ട് വീഴുകയും അതോടൊപ്പം ഒന്നും രണ്ടും അടുക്കളയിൽ തന്നെ നിർമ്മാർജ്ജനം ചെയ്യുകയും ചെയ്തു. 

പിറ്റേദിവസം അടുക്കളയിലോട്ട് വന്ന ശാരദേടത്തി മണികണ്ഠന് ഒരു തോഴി കൊടുക്കുകയും അസത്തു കെട്ട പൂച്ച അടുക്കളയെല്ലാം വൃത്തികേടാക്കുകയും ചെയ്‌തെന്ന് അലറിക്കൊണ്ട് വീണ്ടുമൊരു തോഴി കൊടുക്കുവാനായി ആഞ്ഞെങ്കിലും അതിനു മുന്നേ പോയ ബോധം തിരികെ വന്ന മണികണ്ഠൻ ഓടി രക്ഷപ്പെടുകയും ചെയ്തു .

താൻ യക്ഷിയെക്കണ്ട് പേടിച്ചിട്ടാണ് ഈ വൃത്തികേട് കാണിച്ചതെന്ന് പറയാൻ  മണികണ്ഠൻ  ആഗ്രഹിച്ചെങ്കിലും അതിനു നിർവ്വാഹമില്ലാത്തതുകൊണ്ട് ജീവനും കൊണ്ടോടി രക്ഷപ്പെടുകയാണ് ചെയ്തത്  അതോടെ മണികണ്ഠന് പനി പിടിക്കുകയും പേടി കൊണ്ട്  ഞെട്ടിത്തെറിക്കുകയും ചെയ്തുകൊണ്ടിരുന്നു.  

ഏതു സമയത്തും എന്തെങ്കിലും തായോ തായോയെന്നു കാറിക്കൊണ്ട് നടക്കുന്ന  മണികണ്ഠൻ അതോടെ നിശബ്ദനായി. മണികണ്ഠന്റെ ഈ മാറ്റം റോമു ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഇവൻ നന്നായോയെന്നായിരുന്നു റോമു ആദ്യം  ചിന്തിച്ചത് .

ഉറക്കത്തിലും എന്തിന് വെറുതെ നിൽക്കുമ്പോൾ പോലും  മണികണ്ഠൻ തലയില്ലാത്ത ആ രൂപമോർത്ത്  ഞെട്ടിത്തെറിച്ചു കൊണ്ടിരുന്നു 

ഇവനെന്തിനാണ് നടക്കുമ്പോ കിടന്ന് വിറക്കുന്നതെന്നാണ് റോമു ചിന്തിച്ചത് ഇനി വല്ല ക്ഷയവും പിടിച്ചോ അല്ലെങ്കിലേ ആർത്തി കൂടുതലുള്ളവനാ  ഇനി മണികണ്ഠൻ  അടുത്തു വരുമ്പോൾ ഒന്നു  സൂക്ഷിക്കണമെന്ന് റോമു മനസ്സിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു. 

ഏത് മനുഷ്യരെ കണ്ടാലും മണികണ്ഠൻ  ഞെട്ടും ഒന്നിനും തലയില്ലാത്തതു പോലെയാണ് അവനു തോന്നുന്നത് .

 രണ്ടു ദിവസം കഴിഞ്ഞ് ചിലങ്ക ശബ്ദം കേട്ട് പതുങ്ങി വന്ന സുപ്രു ഒരു സ്ത്രീ രൂപം കണ്ട് അത് ശാരദയേടത്തി ആണെന്ന്  തെറ്റിദ്ധരിക്കുകയും  എടീ വഞ്ചകീയെന്ന് അലറുകയും ചെയ്തു 

അടുത്ത നിമിഷം തനിക്കു നേരെ തിരിഞ്ഞ ആ രൂപത്തിൽ ശാരദയുടെ മുഖം തേടി സുപ്രു അടിമുടി നോക്കിയെങ്കിലും കണ്ടില്ല ഇവൾ ആളെ മനസ്സിലാവാതിരിക്കാൻ മുഖം ഒളിപ്പിച്ചു നടക്കുകയാണല്ലേ?  

എടീ മൂധേവിയെന്ന് അലറിക്കൊണ്ട് പാഞ്ഞു വരുന്ന സുപ്രുവിനെക്കണ്ട് ആ പ്രേതാത്മാവും ഞെട്ടി . സാധാരണ പ്രേതങ്ങളെ കണ്ടാൽ ആളുകൾ തലചുറ്റി വീഴുകയാണ് പതിവ് . ഇവനേത് മരങ്ങോടനാണ് തലയില്ലാത്ത തന്നെക്കണ്ട് പാഞ്ഞുവരുന്നതെന്ന് ചിന്തിക്കുകയും ഇനി വല്ല ഡ്രാക്കുളയുമെങ്ങാനുമാണോയെന്ന് ആന്തലോടെ തിരിഞ്ഞു നോക്കുകയും ചെയ്തത് . 

ശാരദയെ പ്രതീക്ഷിച്ച് ഓടിച്ചെന്ന സുപ്രു തലയില്ലാത്ത ആ രൂപത്തെ കണ്ടതും നിന്റെ തലയെവിടെയെടിയെന്ന് ചീറുകയും  ചെയ്തത് 

അപ്പോഴും ഇതൊരു  പ്രേതമാണെന്നുള്ള വിദൂര ചിന്ത പോലും സുപ്രുവിനുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം . തല ചോദിച്ച സുപ്രുവിനു മുന്നിൽ  ഒരു തലക്കു പകരം പത്തു തലകൾ പ്രത്യക്ഷപ്പെട്ടതോടെ രാവണായെന്നുള്ള നിലവിളിയോടെ സുപ്രു ബോധം കെട്ടു വീണതും ഒരുമിച്ചായിരുന്നു. 

പിറ്റേ ദിവസം അടുക്കളയിലോട്ട് വന്ന ശാരദേടത്തിയാണ്  അടുക്കള മുഴുവൻ വൃത്തികേടാക്കി കിടക്കുന്ന സുപ്രുവിനെ കണ്ടതും തൊഴിക്കാനായി കാലുയർത്തിയതും പക്ഷേ മണികണ്ടന്റെ പോലെ തൊഴിക്കാൻ പറ്റാത്തതുകൊണ്ട് മാത്രം അടങ്ങി.

പല വീടുകളിലും ഇത്തരത്തിലുള്ള പാദസ്വര കിലുക്കങ്ങൾ ഉയരുകയും അത് തേടിച്ചെന്ന പലരും തലയില്ലാത്തതും പത്ത് തലയുള്ളതുമായ രൂപങ്ങൾ കണ്ട് അടുക്കളകളും അകത്തളങ്ങളും പുറത്തളങ്ങളും വൃത്തികേടാക്കുകയും ചെയ്തു. 

ഇതോടെ നാട്ടിലാകെ യക്ഷിയെക്കുറിച്ചുള്ള കഥകൾ പാട്ടായി.

 ഇടിയന് തൊമ്മിയെക്കൂടാതെ ഒരു  തലവേദനയായി യക്ഷിയും ഉയർന്നു വന്നു.

യക്ഷിയെ സുപ്രു കണ്ടതിന്റെ പിന്നാലെ മീൻകാരൻ മമ്മദും കണ്ടുവെന്നും പറഞ്ഞ് മമ്മദിനും പനി പിടിച്ചു. 

രാത്രി തന്റെ അന്തിക്കോട്ട റപ്പായിയുടെ അടുത്തു നിന്നും അടിച്ചു വരുന്ന വഴിയാ മമ്മദ് തലയില്ലാത്ത ആ രൂപത്തെ കണ്ടത് . ബണ്ടു കേറി കശുമാവും തോപ്പ് എത്തിയപ്പോഴാണ് മുന്നിലൂടെ ഒരു സ്ത്രീ രൂപം പതിയെ നടന്നു പോകുന്നത് മമ്മദ് കണ്ടത്. ഇത് നമ്മുടെ ജാനകിയല്ലേന്നു തിരിച്ചറിവിൽ മനസ്സിൽ  അരുതാത്ത ചിന്തകളുടെ ഒരു  വേലിയേറ്റം  വേലിയേറ്റമായിത്തന്നെ മമ്മദിനുള്ളിലേക്ക് അലയടിച്ചു വരുകയും മമ്മദ് വെറുതേ വിറക്കുകയും ചെയ്തു. 

താനെന്തിനാണ്  വിറക്കുന്നതെന്നോർത്തതോടെ  മമ്മദിന് നാണം വന്നു. 

എടീ ജാനകി നിനക്ക് മീൻ വേണോടി? നല്ല നെയ്‌മീനുണ്ടെടി ..എന്ന്  മമ്മദ് വികാര തരളിതനായി പറയുകയും  ഇത് കേട്ട് കുട്ടയിൽ ജീവച്ഛവമായിക്കിടന്ന കത്തിരി ചാള ഞെട്ടുകയും ചെയ്തു. 

ഈ മരങ്ങോടൻ തന്നെയാണോ  നെയ്മീനെന്നു വിളിച്ചതെന്നു ചാളക്ക് സംശയം തോന്നുകയും ചെയ്തു . ഇനി നെയ്മീൻ തന്നെക്കൂടാതെ ഈ കുട്ടയിൽ കിടപ്പുണ്ടോയെന്നും അതോടൊപ്പം ചാള ഒളികണ്ണിട്ട് ഒന്ന്  നോക്കുകയും ചെയ്തു 

  എടീ ജാനകി ഒന്ന് നിക്കെടീ , വിറക്കുന്ന മമ്മദിന്റെ വായ്ക്കുള്ളിൽ നിന്ന് വിറച്ചുകൊണ്ടാ ആ വാക്കുകൾ പുറത്തേക്ക് വന്നത് . 

എന്തിനാണ് താനിങ്ങനെ വിറക്കുന്നതെന്ന് മമ്മദ് അപ്പോഴും ആലോചിച്ചു കൊണ്ടിരുന്നു.  നാണം കൊണ്ടാണെന്ന് മനസ്സിലായതോടെ മമ്മദിന്റെ വിറ ഒന്നുകൂടി കൂടി. കാതരയായ മമ്മദ് ഒന്നുകൂടി കാതരനായി വിളിച്ചു 

എടീ ജാനകി ഒന്ന് നിക്കെടി ഞാൻ മീൻ തരാടീ  ?

എനിക്ക് മീൻ വേണ്ടാ മമ്മദേട്ടായെന്നും പറഞ്ഞു തിരിയുന്ന ജാനകിയെ പ്രതീക്ഷച്ച മമ്മദിനു മുന്നിലേക്ക്  ഒന്നും പറയാതെ ജാനകി തിരിഞ്ഞു  

ജാനകിയുടെ തലക്കു പകരം അവിടെ  ഒരു ശൂന്യത കണ്ട മമ്മദിന്റെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞുപോയി 

ആ ജാനകിക്ക് തലയുണ്ടായിരുന്നില്ല 

തലയില്ലാത്ത ജാനകി 

അള്ളാ ഇത് ജാനകിയല്ല, യക്ഷി അല്ല പ്രേതം 

പ്രേതത്തിനോടാണോ താൻ നെയ്മീൻ വേണോന്ന് ചോദിച്ചത് ? തലയില്ലാത്ത പ്രേതം മമ്മദ് വിക്കി 

അടുത്ത നിമിഷം ആ പ്രേതത്തിന് തല  പ്രത്യക്ഷപ്പെട്ടു 

തലയുള്ള പ്രേതം മമ്മദ് വീണ്ടും വിക്കി  

അടുത്ത നിമിഷം തലകൾ പത്തായി . അത്  എണ്ണി നോക്കുന്നതിനു മുന്നേ മമ്മദിന്റെ ബോധം പോയി അതോടൊപ്പം ചാളയുടെ ബോധവും പോയി. മമ്മദിനെ അനുഗമിച്ചിരുന്ന വളർത്തു നായ കുട്ടപ്പായി ജീവനും കൊണ്ട് എങ്ങോട്ടോ പാഞ്ഞു . പായുന്നതിനിടയിൽ അവൻ വഴി നീളെ ഒരു ചാലു പോലെ  അപ്പിയിട്ടുകൊണ്ടായിരുന്നു ആ പാച്ചിൽ നടത്തിയത്.  

ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു അവൻ പ്രേതത്തെ അവൻ മാത്രമല്ല മമ്മദും ആദ്യമായി കാണുകയായിരുന്നു . പിറ്റേദിവസം നാട്ടുകാരാണ്  കശുമാവും തോപ്പിൽ ബോധമറ്റു കിടക്കുന്ന മമ്മദിനെ കണ്ടതും താങ്ങിയെടുത്തോണ്ട് വന്നതും , അതിനു മുന്നേ കുട്ടപ്പായി എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ് ഓടി തിരിച്ചു  വന്നിരുന്നു. 

അതീപ്പിന്നെ കുട്ടപ്പായി കുരക്കാറില്ല ആരെക്കണ്ടാലും കുരക്കുന്ന കുരച്ചു കൊണ്ട് നടക്കുന്ന , കുരയാണ് തന്റെ ജന്മ ദൗത്യമെന്ന് ഉള്ളിലേറ്റി നടന്നിരുന്ന  കുട്ടപ്പായി അതീപ്പിന്നെ  കുരക്കാതെയായി . അവന്റെ ശബ്ദം അടഞ്ഞു പോയിരുന്നു പരിചയമുള്ളവരേപ്പോലും കണ്ടാ കുരച്ചിരുന്നവനായിരുന്നു കുട്ടപ്പായി എന്തിന് മമ്മദിനെ കണ്ടാപ്പോലും കുട്ടപ്പായി പലപ്പോഴും കുരക്കുകയും അതിന് മമ്മദിന്റെ തോഴി ഏറ്റുവാങ്ങുകയും ചെയ്തീട്ടുണ്ട്. 

എന്നാലും കുരക്കാനായാണ് താൻ ജനിച്ചത് എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് തന്നെ  എപ്പോഴും കുട്ടപ്പായി കുരച്ചു നടന്നിരുന്നു  ആ കുട്ടപ്പായിയാണ് ഇപ്പോൾ നിശബ്ധനായി മാറിയിരിക്കുന്നത് 

മമ്മദിന് അന്നു തൊട്ട് പനിയായിരുന്നു. താൻ ജാനകിയെ കണ്ടാണ് പുറകെ പോയെന്ന വിവരം മാത്രം മമ്മദ് എല്ലാവരിൽ നിന്നും മറച്ചു വെച്ചു അത് തന്റെ സുരക്ഷക്ക് തന്നെ ഭീക്ഷിണിയാകും എന്നുള്ളത് കൊണ്ട് കൂടിയായിരുന്നു ഭാര്യ സുൽഫത്ത് തിരിച്ചും മറച്ചും ചോദിച്ചിട്ടും യക്ഷി തന്നെ ആക്രമിക്കാനായി ചാടി വന്നു എന്ന് മാത്രമാണ് മമ്മദ് പറഞ്ഞത് . 

അങ്ങനെ  ഇടിയൻ തൊമ്മിയെപ്പോലെ  നാട്ടുകാരുടെ പേടി സ്വപ്നമായി മാറി  തലയില്ലാത്ത യക്ഷിയും  പത്തു തലയുള്ള യക്ഷിയും.

യക്ഷി വന്നതോടെ തന്നോടുള്ള പേടിയും ശ്രദ്ധയും യക്ഷിയിലേക്ക് വഴിമാറുന്നുവെന്ന് മനസ്സിലാക്കിയ തൊമ്മി  ആ യക്ഷിയെ താൻ  പിടിച്ചു കെട്ടുമെന്നുള്ള  ആഹ്വാനം  പാക്കരൻ ചേട്ടന്റെ ചായക്കടയിൽ  വെച്ച് നടത്തുകയും ചെയ്‌തു. 

എന്റെ തൊമ്മി നാട്ടുകാരെ ഇടിക്കുന്നത് പോലെയല്ല യക്ഷിയെ ഇടിക്കുന്നത് അത് രക്തം കുടിക്കും 

എന്നോട് കളിക്കാൻ വന്നാ യക്ഷിയുടെ രക്തം ഞാൻ കുടിക്കുമെന്നും പറഞ്ഞ് തൊമ്മി ഒരു മാതിരി ചിരിച്ചു പിന്നെ പൊട്ടിച്ചിരിച്ചു അതുകണ്ട് പാക്കരൻ ചേട്ടന് പേടിയായി ഒരു യക്ഷി പോലെയാണ് പാക്കരൻ ചേട്ടന്  തൊമ്മിയെ കണ്ടപ്പോൾ തോന്നിയത് 

യക്ഷയെ പിടിക്കാനെന്നും പറഞ്ഞ് രണ്ടു കുപ്പി കള്ളും കുടിച്ച് ഒരു കുപ്പി കള്ളുമായി പോയ തൊമ്മിയെ പിറ്റേ ദിവസം നേരത്തോട് നേരമായിട്ടും ആരും കണ്ടില്ല 

ഇനി യക്ഷി തൊമ്മിയെ തിന്നു കാണുമോയെന്നാ തമിഴൻ മുരുകൻ സംശയം ചോദിച്ചത് 

എനിക്ക് പേടി, തൊമ്മി ആ യക്ഷിയെ ഇടിച്ച് തവിടു പൊടിയാക്കിയിട്ടുണ്ടാവും എന്നാ 

പ്രേക്ഷിതൻ സുകുവാ മുരുകനുള്ള  മറുപടി തട്ടിവിട്ടത് എല്ലാവരും അത് ശരിവെക്കുകയും ചെയ്തു അത്രക്കും ആജാനുബാഹുവാണ് തൊമ്മി. യക്ഷി  തൊമ്മിയുടെ  ഒരു ചെറുവിരലിന് പോലും വരില്ല . 

ബോംബെയിൽ വെച്ച് തൊമ്മി ഡ്രാക്കുളയെ പിടിച്ച് വലിച്ചു കീറിക്കളഞ്ഞിട്ടുണ്ടെന്ന്  അവറാൻ ചേട്ടൻ ഇതിനോട് അനുബന്ധമായി പറഞ്ഞതു കേട്ട്  എല്ലാവരും ഞെട്ടുകയും ചെയ്തു . 

സത്യമാണോ ചേട്ടായെന്ന് മുരുകൻ സംശയം ചോദിക്കുകയും ചെയ്തു 

പിന്നേയെന്നുള്ള അവറാൻ ചേട്ടന്റെ ഉറപ്പിൽ എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു തൊമ്മിയല്ലേ ഇതും ഇതിനപ്പുറവും കാണിക്കുമെന്നാ പാക്കരൻ ചേട്ടനും പറഞ്ഞത്

ഡ്രാക്കുള ബോംബെയിൽ ആണോ ഉള്ളതെന്ന് അതോടൊപ്പം പലചരക്കു കടക്കാരൻ സുപ്രു ഒരു സംശയം ചോദിച്ചെങ്കിലും അതിനുള്ള ഉത്തരം ആർക്കും അറിയാത്തതുകൊണ്ട് സുപ്രുവിനൊരു മറുപടി കിട്ടിയില്ല തന്റെ ചോദ്യം അനാഥമാകേണ്ടെന്നു  കരുതി സുപ്രു തന്നെ അതിനൊരു ഉത്തരവും പറഞ്ഞു 

ബോംബെയല്ലേ ചിലപ്പോ ഉണ്ടാവും  

അത് കേട്ട് ഷാപ്പുകാരൻ വറീത് ഉള്ളി ഞെട്ടി 

ഷാപ്പിൽ വന്ന് രണ്ടു കുപ്പി കള്ള് നിന്ന നിൽപ്പിൽ കുടിച്ചിട്ട് യക്ഷിയെ പിടിക്കാനെന്നും പറഞ്ഞ് ഒരു  കുപ്പിയും കക്ഷത്തിൽ വെച്ച് പോയതാ തൊമ്മി. സാധാരണ കള്ള് കുടിക്കുന്നവർക്ക് കുപ്പി ഫ്രീ അല്ലെങ്കിലും തൊമ്മിയുടെ അടുത്ത് നിയമം പറയാൻ പോയാൽ ഇടി കൊള്ളണ്ടി വരുമെന്നുള്ളതുകൊണ്ടാണ് വറീത് മറുത്തു പറയാതിരുന്നത് എന്നിട്ടും ഇടി കൊള്ളിക്കാനെന്ന മട്ടിൽ വറീതിന്റെ മനസ്സ് തിക്കി തിക്കി വന്നതായിരുന്നു എന്നിട്ടും വറീതത്  അടക്കി 

അതിപ്പോൾ നന്നായിപ്പോയെന്ന് വറീതിന് തോന്നി ഡ്രാക്കുളയെ വരെ വലിച്ചു കീറിയവനാ തൊമ്മി തന്നെ ഒരു പേപ്പറ്  പോലെ കീറിക്കളഞ്ഞേനേ ഡ്രാക്കുള അത്രക്കും വല്യ ആളായിട്ടും തൊമ്മിയുടെ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ പറ്റിയില്ലേ?  

ഇതേ ചിന്ത തന്നെയായിരുന്നു വറീതിന്റെ നായ സുമനും ഉണ്ടായിരുന്നത്  തൊമ്മിയെ കണ്ട അവൻ കുരക്കാനായി ആഞ്ഞതാ, ആരുടെയോ  ഭാഗ്യം കൊണ്ടാ കുരക്കാഞ്ഞത്  അതോർത്ത് സുമനും  ഞെട്ടി 

സുമന്റെ  അടുത്ത് നിൽക്കായിരുന്നു മണികണ്ടൻ പൂച്ചയും ഞെട്ടി ഇവനെന്തിനാണ് തന്നെ ഞെട്ടുന്നതെന്നായിരുന്നു മണികണ്ഠൻ ചിന്തിച്ചത് ഏതായാലും, അതോടെ  അവൻ കുറച്ചങ്ങോട്ട് മാറി നിൽക്കുകയും ചെയ്തു. 





















0 അഭിപ്രായങ്ങള്‍