രക്ത രക്ഷസ്സ് 4
അച്ചന്റെവരേക്കും ചോരകുടിക്കാൻ പോന്ന അവൻ അതി ഭീകര രക്ഷസ്സു തന്നെയായിരിക്കുമെന്ന് നാട്ടുകാർ അടക്കം പറഞ്ഞു
പിന്നെ എന്റെ ചോര അവൻ തേങ്ങാ കുടിക്കും അവനെ ഞാൻ തളക്കുമെന്നും പറഞ്ഞ പീലിപ്പോസച്ചൻ വീണ്ടും ബോധം കെട്ടു വീണു .
അച്ചന്റെ ജീവ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നുവത് തലയില്ലാത്ത ആ രൂപത്തെ ഓർക്കുമ്പോഴൊക്കെ അച്ചന് ബോധം കേടാൻ തോന്നും
താനാണ് രക്ഷസ്സിനെ ആദ്യം കണ്ടതെങ്കിലും നാട്ടുകാരുടെ മുഴുവൻ ശ്രദ്ധയും അച്ചനിലേക്ക് മാത്രം ഒതുങ്ങുന്നതിൽ ഈനാശു ചേട്ടന് നല്ല അമർഷമുണ്ടായിരുന്നുവെങ്കിലും പ്രകടിപ്പിച്ചില്ല താനാണ് പ്രേതത്തെ കണ്ട് ആദ്യം ബോധം കെട്ടു വീണതെന്ന ഖ്യാതി അച്ചനിലേക്ക് പങ്കുവെക്കപ്പെട്ടതും ഈനാശു ചേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല .
അത് അച്ചനോട് സൂചിപ്പിക്കയും ചെയ്തു എന്റെ അച്ചാ ഞാനല്ലേ ആദ്യം രക്ഷസ്സിനെ കണ്ടത്
എന്റെ ഈനാശോ രക്ഷസ്സിനെയല്ലേ കണ്ടത് അല്ലാതെ കർത്താവിനെയല്ലല്ലോ എന്നുള്ള ആശ്വാസവചനം ഈനാശു ചേട്ടന് അത്രകണ്ട് ബോധ്യപ്പെട്ടില്ല
ഇവനെന്ത് മരങ്ങോടനാണപ്പായെന്ന് അതോടൊപ്പം അച്ചൻ മനസ്സിൽ ചോദിക്കേം ചെയ്തു
രക്ഷസ്സിനെ കണ്ടതോടെ പനി പിടിച്ച പീലിപ്പോസച്ചൻ ബിഷപ്പിനോട് പറഞ്ഞ് ഒരാളാഴ്ചത്തെ ലീവെടുത്ത് വീട്ടീപ്പോയി
പാവം ബിഷപ്പിനോട് പറഞ്ഞ് നെറ്റി പിടിപ്പിച്ചിട്ട് കൂടിയാ പോയത് കർത്താവിനോട് പറഞ്ഞു കൂടിയില്ല താൻ രക്ഷസ്സിനെ കണ്ട് പേടിച്ച് കർത്താവേ ..കർത്താവേയെന്ന് പലയാവർത്തി വിളിച്ചിട്ടും കർത്താവൊന്ന് തിരിഞ്ഞു പോലും നോക്കാത്തതിലായിരുന്നു അച്ചന് കൂടുതൽ വിഷമമായത് .
ഏതായാലും ബിഷപ്പ് നെറ്റി പിടിച്ചതിനു ശേഷം കുറച്ചൊരു ആശ്വാസം പീലിപ്പോസച്ചനു തോന്നുകയും ചെയ്തു
ഇവനൊക്കെയാണ് കത്തനാരെന്നും പറഞ്ഞു നടക്കുന്നതെന്ന് ബിഷപ്പ് മനസ്സിൽ പറയേം ചെയ്തുവെങ്കിലും കൂടുതൽ വിഷമിപ്പിക്കേണ്ടെന്നും കരുതി പീലിപ്പോസച്ചനോട് ഒന്നും പറഞ്ഞില്ല . അല്ലെങ്കിലേ പേടിച്ചു മുള്ളി നിക്കാ
നാട്ടുകാർ മുഴുവൻ വീണ്ടും സങ്കടവുമായി ഭാർഗ്ഗവന്റെ മുന്നിലേക്ക് വന്നു നാട്ടുകാരുടെ ഈ അടിക്കടിയുള്ള ശല്യം ചെയ്യലിൽ ഭാർഗ്ഗവനും നല്ല അമർഷമുണ്ട്
ഇതെന്താ യക്ഷിയെ മരത്തിൽ തൂക്കിയിട്ടിരിക്കയാണോ പോയി പിടിക്കാനെന്നാണ് ഭാർഗ്ഗവൻ ചോദിച്ചത്
അല്ല ചിലർ അവളെന്നു പറയുന്നു ചിലർ അവനെന്നും ഈ രക്ഷസ്സ് ആണാണോ അതോ പെണ്ണാണോ ഷാപ്പുകാരൻ വറീതിനായിരുന്നു ആ സംശയം
അന്നു രാത്രി ഷാപ്പിൽ നിന്നും വരുന്ന വഴി ബണ്ടു കേറിയതും ആകാശം മുട്ടെ ഒരു രൂപം കണ്ട് വറീത് മുള്ളി താൻ കുടിച്ച കള്ളിന്റെ തോന്നലാണോ എന്നുള്ള സംശയത്തിൽ വറീത് ഒന്ന് തല കുലുക്കി അടുത്ത നിമിഷം അതിന് തലയില്ല കർത്താവേ ...ന്നൊരു മുഴുനീള നിലവിളി വറീതിന്റെ തൊണ്ടയിൽ തടഞ്ഞു അടുത്ത നിമിഷം ആ രൂപത്തിൽ മുഴുവൻ തലകൾ പ്രത്യക്ഷപ്പെട്ടു കർത്താവ് വിളിച്ചിട്ട് വരാതായപ്പോ വറീത് അന്തോണീസ് പുണ്യാളനെ വിളിക്കാൻ നോക്കി പക്ഷെ പേടികൊണ്ട് പേരൊന്നും ഓർമ്മയിൽ വരാത്ത കാരണം മമ്മദേ ന്നു വിളിച്ചു കട അടക്കാൻ നേരം മമ്മദുമായി വഴക്കുണ്ടായിരുന്നു ആ സമയത്ത് മമ്മദിന്റെ പേരാ ഓർമ്മയിൽ വന്നത്
നിനക്ക് ഞാൻ ആണാണോ പെണ്ണാണോ എന്നറിയണോ ?
ആ രൂപം വറീതിനോട് ചോദിച്ചു
വേണ്ടായേ എന്നും പറഞ്ഞ വറീത് എങ്ങോട്ടെന്നില്ലാതെ പാഞ്ഞു കുളി കഴിഞ്ഞ് ഏമ്പക്കവും വിട്ടിരിക്കുന്ന മമ്മദിന്റെ വീട്ടിലേക്കായിരുന്നു വറീത് പാഞ്ഞു ചെന്നത് അത് കണ്ടു മമ്മദ് ഓടി ഷാപ്പിൽ വെച്ച് വഴക്ക് തീർന്നതാണല്ലോ അള്ളാ പിന്നേം ഈ ഹമുക്കെന്തിനാ നമ്മളെ തല്ലാൻ പാഞ്ഞു വരുന്നത് തന്നെ തല്ലാൻ ഇത്രേം സ്പീഡില് വരേണ്ട കാര്യമുണ്ടോ ആ വരണ വരവ് കണ്ടാ തന്നെ കൊല്ലാനുള്ള പോലെയാണല്ലോ അതോടെ തിണ്ണയിലിരുന്ന മമ്മദ് ആ ബോധമില്ലാതെ ഓടി പാവം മൂക്കും കുത്തി താഴെവീണു പിന്നാലെ എന്നെ രക്ഷിക്കടാ മമ്മദേയെന്നും അലറി വിളിച്ചോണ്ട് വറീതും
അവസാനം ഭാർഗ്ഗവൻ ആ കടുത്ത പ്രയോഗത്തിനു മുതിർന്നു . പാലമരത്തിനു മുകളിൽ യക്ഷിയില്ലെന്നു മനസ്സിലായതോടെ ചുടലക്കാടിൽ പോയി ഒരു പൂജ നടത്തുവാനായിരുന്നു ഭാർഗ്ഗവൻ തീരുമാനിച്ചത് ആരുടെയെങ്കിലും സഹായം വേണമെന്ന് ഭാർഗ്ഗവൻ ആവശ്യപ്പെട്ടു .
സത്യത്തിൽ ഭാർഗ്ഗവന് ഒറ്റക്ക് പോകുവാൻ പേടിയായിട്ടായിരുന്നു സഹായം ചോദിച്ചതെങ്കിലും അത് നാട്ടുകാർക്ക് മനസ്സിലാവാതിരിക്കാനായി യക്ഷിയെ പിടിച്ചു കെട്ടുമ്പോൾ കുതറാതിരിക്കാൻ ഒരു സഹായത്തിന് രണ്ടുമൂന്നു പേർ വേണമെന്നാണ് ഭാർഗ്ഗവൻ പറഞ്ഞത്
ധൈര്യമുള്ളവർ എന്നെടുത്തു പറയുകേം ചെയ്തു
പക്ഷെ യക്ഷിയെ പിടിച്ചു കെട്ടാൻ മാത്രം അത്രേം ധൈര്യമുള്ള ആരും ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം
ഇതെന്താ പൂച്ചയെ പിടിക്കുന്ന കാര്യമാണോ പറയുന്നെതെന്നായിരുന്നു പലചരക്കു കടക്കാരൻ സുപ്രു ചോദിച്ചത് ആ സംശയം മറ്റുപലർക്കും ഉണ്ടായിരുന്നുവെങ്കിലും ആരും ചോദിച്ചില്ല
വല്ല പുലിയോ കള്ളനോ ആയിരുന്നുവെങ്കിൽ ഞാനൊരു കൈ നോക്കിയേനെയെന്നായിരുന്നു ജിമ്മൻ കുമാർ പറഞ്ഞത് കഴിഞ്ഞ രാത്രി വീട്ടിൽ കള്ളൻ കേറിയെന്നും പറഞ്ഞ് ട്രൗസറിൽ മുള്ളിയ ആളായിരുന്നു കുമാറെന്ന് പിന്ന്യാ മനസ്സിലായത് . കുമാറിന്റെ അമ്മായപ്പൻ വെള്ളം കുടിക്കാൻ രാത്രി എണീറ്റു വന്നതായിരുന്നു കള്ളനല്ല അമ്മായി അപ്പനാണെന്ന് മനസ്സിലായുടനെ കള്ളൻ കള്ളൻ എന്നലറിക്കൊണ്ട് അമ്മായപ്പനിട്ട് രണ്ടു താങ്ങും അവസരം പാഴാക്കാതെ കുമാറ് കൊടുത്തു
തനിക്ക് സ്വത്ത് തരുമെന്നും പറഞ്ഞ് പറ്റിച്ച അമ്മായപ്പനിട്ട് രണ്ടു കൊടുക്കണമെന്ന് കുറെ നാളായുള്ള ആഗ്രഹ നിവർത്തി അതിലൂടെ കുമാറ് സാധിച്ചെടുത്തുവെന്നുള്ളതായിരുന്നു സത്യം
ആ പാവം വെള്ളം പോലും കുടിക്കാതെ അന്നു രായ്‌ക്കു രാമാനം സ്ഥലം വിട്ടു
ഞങ്ങളുടെ ഗ്രാമത്തിലെ ശക്തന്മാരും ധൈര്യൻമാരുമെന്ന് ഞങ്ങൾ കരുതിയിരുന്നവരും സ്വയം അങ്ങനെ പറഞ്ഞു നടക്കുന്നവരും പല കാരണങ്ങൾ പറഞ്ഞ് ഒഴിവായി റൗഡികളിൽ മുറ്റനായ ഓന്തു വർക്കിയുടെ അടുത്തേക്കായിരുന്നു നാട്ടുകാർ സഹായത്തിനായി ആദ്യം പോയത് .
ഓന്തു വർക്കിയെന്നാൽ മുറ്റൻ റൗഡിയാണ് നാട്ടുകാർ പേടിച്ചു വിറക്കും
റൗഡിയാണെങ്കിലും കർത്താവിനോട് വല്യ പ്രതിപത്തിയും ബഹുമാനവും ഉളള വ്യക്തിയാണ് വർക്കി കർത്താവ് കുരിശിൽ കിടന്ന് വെള്ളം ചോദിച്ചപ്പോൾ ഓന്ത് കൊടുത്തില്ലെന്നും പറഞ്ഞ് കാണുന്ന ഓന്തുകളെ മുഴുവൻ വർക്കി തട്ടും അതോടെ വർക്കി വരുന്നുവെന്ന് കേട്ടാൽ നാട്ടുകാർ മാത്രമല്ല ഓന്തുകളും ഓടും
ഓന്തു വർക്കി വരുന്നുവെന്ന് കേട്ടാൽ ഗ്രാമം നിശ്ചലമാവും വീഥികൾ വിജനമാവും തല്ലാൻ ഒരു ദാക്ഷ്യണ്യവുമില്ലാത്തവൻ ഇടിയൻ തൊമ്മിയെക്കാൾ ഭീകരൻ ആ ഓന്ത് വർക്കിയോടാണ് എല്ലാവരും പോയി സഹായം അഭ്യർത്ഥിച്ചത് അത് കേട്ടോടാനേ ഓന്ത് വർക്കി ബോധം കെട്ടു വീണു പാവം തട്ടിപ്പോവാഞ്ഞതു ഭാഗ്യം നാട്ടുകാർ തന്നോടുള്ള പ്രതികാരം തീർക്കാനാണെന്നാ ഓന്ത് വർക്കിക്ക് തോന്നിയത് ഇടിയൻ തൊമ്മിയുടെ അവസ്ഥ താൻ കാണുന്നതല്ലേ എങ്ങനെ നാട്ടുകാരെ വിറപ്പിച്ചു നടന്ന മനുഷ്യനാ ഇപ്പൊ കരച്ചില് തീർന്ന സമയമില്ല താനും അതുപോലെ കരഞ്ഞു നടക്കുന്ന രംഗം മനസ്സിലോർത്ത് ബോധം കെട്ട് കിടക്കുന്നതിനിടയിലും വർക്കി ഞെട്ടിക്കൊണ്ടിരുന്നു .
പിന്നെയുള്ള ശക്തിമാൻ ജിമ്മൻ കുമാർ നാട്ടുകാർ വരുന്നെന്നറിഞ്ഞ് പനി പിടിച്ചതു പോലെ മൂടിപ്പുതച്ചു കിടന്നു . എടീ എനിക്ക് പനിയാണെന്ന് പറയെടിയെന്ന് ഭാര്യ കുസമത്തിനോട് ശട്ടം കെട്ടുകയും ചെയ്തു
എന്റെ മനുഷ്യാ ഒരു പത്ത് രക്ഷസ്സിന് കുടിക്കാനുള്ളത് ഉണ്ടല്ലോ പേടിത്തൊണ്ടൻ ഭാര്യ പറഞ്ഞത് കുമാറ് കേട്ടില്ലെന്ന് നടിച്ചു പിന്നെ കണ്ട രക്ഷസ്സുകൾക്ക് കുടിക്കാനല്ലേ താനീ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ ചോര ഭാര്യ പറഞ്ഞതിലും കാര്യമുണ്ട് തന്നെ കിട്ടിയാ രക്ഷസ്സിന് പിന്നെ ഒരാഴ്‌ചത്തേക്ക് പുറത്തേക്ക് പോകേണ്ടി വരില്ല അതോടെ കുമാറ് ഒന്ന് കൂടി മൂടിപ്പുതച്ചു കിടന്നു
കരാട്ടെ വാസു തന്റെ ധൈര്യത്തിൽ പിടിച്ച് നാട്ടുകാർ തന്നെ യക്ഷിക്ക് ബലിയാടാക്കുമെന്ന് മനസ്സിലായതോടെ അകലെയുള്ള ഏതോ ബന്ധു വീട്ടിലേക്ക് മുങ്ങി
ആരും മുന്നോട്ട് വരാതായതോടെ പോലീസ് സ്റ്റേഷനിൽ പോയി സഹായം അഭ്യർത്ഥിച്ചെങ്കിലും ഇടിയൻ കണ്ണുരുട്ടി അത് രക്ത രക്ഷസ്സിനേക്കാളും വലിയ കണ്ണുരുട്ടലായിട്ടാണ് നാട്ടുകാർക്ക് തോന്നിയത്
അവസാനം നറുക്കെടുപ്പിലൂടെ ആ സഹായികളെ തീരുമാനിക്കാമെന്ന് തീരുമാനിക്കുകയും നറുക്കെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു ഇരുപത് വയസ്സു കഴിഞ്ഞ നാട്ടുകാരുടെ മുഴുവൻ പേരും ഒരു ഭരണിക്കുള്ളിലാക്കി മുതിർന്നവനായ സുധാകരൻ കൈ അകത്തേക്കിട്ടു
നാട്ടുകാർ ആകാംഷാഭരിതരായി. അതാ കൈ മുകളിലേക്കുയരുന്നു അതിൽ യക്ഷിക്ക് തീറ്റക്ക് വേണ്ട ആളുണ്ടാവും അത് തുറക്കുന്നു സുധാകരേട്ടൻ ഒന്നും മിണ്ടുന്നില്ല നാട്ടുകാരുടെ ആകാംഷ ഉയർന്നു
പേര് പറയു സുധാകരാ
സുധാകരേട്ടൻ വിക്കി
പേര് പറയൂ
ഭാർഗ്ഗൻ അലറി
കുഞ്ഞുണ്ണി
സുധാകരേട്ടൻ വിറച്ചുകൊണ്ട് പറഞ്ഞു
ട്ടോ.. ന്നൊരു ശബ്ദം കേട്ട് നാട്ടുകാർ ഞെട്ടി
ആരുടെ പേരെന്നറിയാൻ കാതുകൂർപ്പിച്ചിരുന്ന കുഞ്ഞുണ്ണി കസേരയിൽ നിന്ന് വീണു തന്റെ പേരോ തന്റെ പേരോ എന്ന് എല്ലാവരോടും ചോദിക്കുന്നതു കേൾക്കാമായിരുന്നു
ആരും അതിന് ഉത്തരം പറഞ്ഞില്ല
ഞാൻ നോക്കട്ടെ എന്നു പറഞ്ഞ ഓടി വന്ന കുഞ്ഞുണ്ണിയെ സുധാരകരേട്ടൻ തടഞ്ഞു
കാണാൻ പറ്റില്ല
അതെന്തു ന്യായം ? കുഞ്ഞുണ്ണി അലറി
കാണാൻ പറ്റില്ല സുധാകരേട്ടൻ അതിനേക്കാൾ ഉച്ചത്തിൽ അലറി
ഞാൻ നോക്കട്ടെ ഭാർഗ്ഗവൻ മധ്യസ്ഥനായി
ഭാർഗ്ഗൻ ആ പേര് ഉറക്കെ വായിച്ചു
സുധാകരൻ
അത് കേട്ട് സുധാകരേട്ടൻ തല ചുറ്റി വീണു
സുധാകരേട്ടന്റെ പേരായിരുന്നു അതിലുണ്ടായിരുന്നത്
അമ്പടാ കള്ളാ വയസ്സനായിപ്പോയി ഇല്ലെങ്കി ഞാൻ ചവിട്ടി കൊന്നേനെ
കുഞ്ഞുണ്ണി അലറി
ഇതിലും ഭേദം അതായിരുന്നു വേറെ ആരുടെയെങ്കിലും പേര് വായിച്ചാ മതിയായിരുന്നു ഈ കാണാപ്പൻ ചുരുട്ട് നോക്കണമെന്നും പറഞ്ഞ് വരുമെന്ന് കരുതിയിരുന്നതല്ല
ഏതായാലും അടുത്ത ചുരുട്ട് ഭാർഗ്ഗവൻ എടുക്കാമെന്നേറ്റു അത് നാട്ടുകാർക്ക് സ്വീകാര്യവുമായിരുന്നു
ഭാർഗ്ഗവൻ കൈ അകത്തേക്കിട്ടു അൽപ സമയം കണ്ണടച്ചു
ഇയാളിതെന്താണ് കാണിക്കുന്നത് അവാർഡ് കൊടുക്കാനൊന്നുമല്ലല്ലോ പോകുന്നത് സുകു പിറുപിറുത്തു
ഇത് മാനത്തു കണ്ട ഭാർഗ്ഗൻ മനസ്സിൽ പറഞ്ഞു ഇവനിട്ട് ഒരു പണി കൊടുക്കണം
നാട്ടുകാരുടെ ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു ആരാണാ ഹതഭാഗ്യൻ എന്നറിയാതെ എല്ലാവരും വിറച്ചു ഭാർഗ്ഗന്റെ കൈ ഉയർന്നു അതിലൊരു ചുരുൾ അതു നിവർത്തി ഭാർഗ്ഗവൻ വായിച്ചു
പാക്കരൻ
അത് കേട്ട് പാക്കരൻ ചേട്ടൻ നെഞ്ചിൽ കൈവെച്ചു കരഞ്ഞു കർത്താവേ.. ഈ വലിച്ചു വലിച്ചു നടക്കാൻ പോലും പറ്റാത്ത ഞാനോ യക്ഷിയെ പിടിക്കാൻ പോകുന്നത്
അതോടെ പാക്കരൻ ചേട്ടനും തലചുറ്റി വീണു
ഈ നരിന്തു പോലെ ഇരിക്കുന്ന ഇയാളാണോ യക്ഷിയെ പിടിക്കാൻ പോകുന്നത് തമിഴൻ മുരുകനായിരുന്നു ആ സംശയം സുകേശനോട് ചോദിച്ചത്
അത് യക്ഷിയെ പിടിക്കാൻ കൊളുത്തിൽ കോർത്തിട്ട് കൊടുക്കാനാണെന്നാ സുകേശൻ പറഞ്ഞത് ഈ മീനെ പിടിക്കാൻ ഇരയെ കൊളുത്തിട്ട് കൊടുക്കാറില്ലേ അതുപോലെ യക്ഷിയെ പിടിക്കാൻ പാക്കരൻ ചേട്ടനെ ഒരു കൊളുത്തിൽ കോർത്ത് ഇട്ടു കൊടുക്കും
അങ്ങനെ നാലുപേർ ഉയർന്നു വന്നു അവറാൻ ചേട്ടൻ, മെമ്പർ സുകേശൻ, മീൻകാരൻ മമ്മദ്, പ്രേക്ഷിതൻ സുകു ഇതിൽ പ്രേക്ഷിതൻ സുകുവിനിട്ട് ഭാർഗ്ഗൻ താങ്ങിയതും സുകേശൻ പഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ സ്വയം മുന്നോട്ട് വന്നതുമായിരുന്നു .
പാക്കരൻ ചേട്ടനെ വലിവിന്റെ ആനൂകൂല്യത്തിൽ അവസാന നിമിഷം ഒഴിവാക്കി അതു വരേക്കും പാക്കരൻ ചേട്ടൻ കണ്ണടച്ചു ബോധം കെട്ടതുപോലെ കിടക്കുകയായിരുന്നു തന്നെ ഒഴിവാക്കി എന്നു കേട്ടതും പാക്കരൻ ചേട്ടൻ ഉറക്കത്തിൽ നിന്നെന്നെ പോലെ എണീറ്റ് വീട്ടിലേക്ക് പാഞ്ഞതും ഒരുമിച്ചായിരുന്നു
രാത്രി പന്ത്രണ്ടുമണിക്കാണ് പൂജ ചെയ്യേണ്ടത് അതിനിടയിൽ എനിക്കും വലിവുണ്ടെന്ന് അവറാൻ ചേട്ടൻ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല
രക്ഷസ്സിനെ പിടിച്ചു കെട്ടുന്നത് കാണാൻ നാട്ടുകാരിൽ ചിലർ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ഭാർഗ്ഗൻ മറ്റൊരു രക്ത രക്ഷസ്സായി അലറി
ഞങ്ങൾ അവിടെ നാടകം കളിക്കാൻ പോവുന്നതല്ലാ
അങ്ങനെ ആ ദിവസം സമാഗതമായി അതിനിടയിൽ അവറാൻ ചേട്ടൻ രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും നാട്ടുകാർ വിട്ടില്ല
ഒറോത ചേടത്തിയെ കെട്ടിപ്പിടിച്ച് അവറാൻ ചേട്ടൻ വാവിട്ട് കരഞ്ഞു
നിങ്ങള് ധൈര്യമായിട്ട് പോയി വാ ഞാനില്ലേ
അതോർത്തപ്പോ അവറാൻ ചേട്ടന് വലിയൊരു ആശ്വാസവും ധൈര്യവും തോന്നി തനിക്കിത് കഴിയുമെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ
എന്റെ അവറാനെ എന്തിനാണ് പേടിക്കുന്നത് ? ഒറോതയുടെ കൂടെയല്ലേ ഇത്രയും കാലം കഴിഞ്ഞത് അതോർത്തതോടെ അവറാൻ ചേട്ടന്റെ ഉള്ളിലേക്ക് ഒരു രക്ഷസ്സിനെയല്ലാ പത്തു രക്ഷസ്സിനെ പിടിച്ചു കെട്ടാനുള്ള ധൈര്യം തികട്ടി വന്നു ഇവളുടെ കൂടെയല്ലേ താനിത്രയും കാലം ജീവിച്ചത് പിന്നെ എന്തിനെണ് ഒരു പാവം രക്ഷസ്സിനെ പേടിക്കുന്നത് ?
അവറാൻ ചേട്ടൻ ഉത്തരത്തിൽ നിന്ന് ചേറ്റു കത്തി വലിച്ചെടുത്തു അത് കണ്ട് ഒറോത ചേടത്തി ഞെട്ടി
എന്തിനാ മനുഷ്യാ ചേറ്റു കത്തി അടക്കാ വെട്ടാനാണോ പോകുന്നത് ? അപ്പോഴാണ് അവറാൻ ചേട്ടന് അതോർമ്മ വന്നത് യക്ഷിയെ പിടിക്കാൻ എന്തിനാണ് കത്തി ഏതോ ഒരു ആവേശത്തിന്റെ പുറത്ത് വലിച്ചെടുത്തതാ ഏതായാലും എടുത്തതല്ലേ ഇരിക്കട്ടെയെന്നും പറഞ്ഞ് അവറാൻ ചേട്ടനത് അരയിൽ തിരുകി
ഒറോത ചേടത്തി ഒരു കൊന്ത അവറാൻ ചേട്ടന്റെ കഴുത്തിൽ ഇട്ട് കൊടുത്തു പൊട്ടിയ കൊന്തയാ ചേട്ടത്തി ഇട്ടു കൊടുത്തത് വെറുതേ എന്തിനാ നല്ല കൊന്ത കൊണ്ട് കളയുന്നതെന്നാ ചേട്ടത്തി ചിന്തിച്ചത് ഇങ്ങേരുടെ കാര്യം ഏതാണ്ട് തീരുമാനമായി കാശ് കൊടുത്തു വാങ്ങിയ കൊന്ത കളയേണ്ട ഇത് പള്ളിയിൽ കൊണ്ട് പോയി കളയാൻ വെച്ചതാ
മമ്മദ് എല്ലാവരോടും യാത്ര പറഞ്ഞിട്ടാണ് ഇറങ്ങിയത് മീൻ കുട്ട നോക്കി അതിൽ വിൽക്കാതെ കിടക്കുന്ന അയലയോട് പോലും മമ്മദ് യാത്ര പറഞ്ഞു മമ്മദിന്റെ നായ രുക്കു കുറച്ചു ദൂരം പിന്നാലെ വന്നിട്ട് അപകടം മണത്ത് തിരിഞ്ഞോടി
മമ്മദിന്റെ ഭാര്യ സുഹരേടത്തി വിളിച്ചു പറയുകേം ചെയ്തു മോനെ രുക്കു ഇങ്ങോട്ട് പോര് അങ്ങേര് മീൻ വാങ്ങാൻ പോണതല്ല
ഹിമാറിന് നായയോടുള്ള സ്നേഹം പോലും തന്നോടില്ലല്ലോ അള്ളാന്നാ മമ്മദ് മനസ്സിലോർത്തത്
പ്രേക്ഷിതൻ സുകു കർത്താവിന്റെ രൂപം കെട്ടിപ്പിടിച്ചു കരഞ്ഞു എന്നോട് സ്നേഹമില്ലാത്തതുകൊണ്ടല്ലേ നറുക്കെടുപ്പിന്റെ രൂപത്തിൽ വന്നത് ആ കുടത്തിൽ എത്രയോ പേരുകളുണ്ടായിരുന്നു കർത്താവേ അതിൽ നിന്ന് എന്നെ മാത്രം എന്തിനാണ് പൊക്കിക്കൊണ്ടു വന്നത് ഞാനെത്രയോ പ്രാവശ്യം ലോട്ടറി എടുക്കുന്നതാ അപ്പോഴൊന്നും കർത്താവിന് തോന്നിയില്ലല്ലോ അതോടോപ്പം ദേഷ്യം വന്നെങ്കിലും സുകു ഒന്നും പറഞ്ഞില്ല വെറുതേ കർത്താവിനെ വല്ലാതെ പ്രകോപിപ്പിച്ച് കൂടുതൽ ദേഷ്യം വരുത്തി വെക്കേണ്ട യക്ഷിയെ പിടിക്കാനാണ് പോകുന്നത് അല്ലാതെ തവളയെ പിടിക്കാനല്ല
മെമ്പറു സുകേശൻ മന്ത്രി വിളിക്കുന്നുവെന്നും പറഞ്ഞ് ഒരു അടവെടുത്തെങ്കിലും അതേറ്റില്ല യക്ഷിയെ പിടിച്ചു കഴിഞ്ഞിട്ട് മന്ത്രിയെ പോയി കണ്ടാ മതിയെന്ന് നാട്ടുകാർ ഒന്നടങ്കം പറഞ്ഞു
എങ്കിൽ പിന്നെ അടുത്ത ജന്മത്തിലായിരിക്കും മന്ത്രിയെ കാണാൻ പറ്റുക
ഇത് കഴിഞ്ഞാൽ പിന്നെ മന്ത്രിയെ കാണേണ്ടി വരില്ലായെന്ന് നാട്ടുകാർക്കും അതുപോലെ സുകേശനും വ്യക്തമായിരുന്നു
അങ്ങനെ രാത്രിയായി പീലിപ്പോസച്ചനെ കൂട്ട് വിളിച്ചാലോയെന്ന് ആരോ ചോദിച്ചെങ്കിലും അത് കേട്ടതോടെ പീലിപ്പോസച്ചൻ വീണ്ടും തല ചുറ്റി വീണു
ആ സംഭവത്തിനു ശേഷം പാവത്തിന് ഇടക്കിടക്ക് തലചുറ്റൽ വന്നുകൊണ്ടിരിക്കും
ഒരു ദിവസം രാത്രി മൂത്രമൊഴിക്കാൻ എണീറ്റ പീലിപ്പോസച്ചൻ തൊട്ടടുത്ത് ഉറങ്ങിക്കിടക്കുന്ന ഈനാശു ചേട്ടനെ കണ്ട് തലചുറ്റി വീഴുകയും ചെയ്തു
തല മാത്രം മൂടിപ്പുതച്ചു കിടക്കുന്ന ഈനാശു ചേട്ടനെ കണ്ട് തലയില്ലാത്ത രക്ഷസ്സായാണ് അച്ചന് തോന്നിയത്
എങ്ങും ശ്‌മശാന മൂകത, പൂജ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു ഒരു സുരക്ഷിത്വത്ത്വത്തിന്റെ ഭാഗമെന്ന നിലക്ക് ശ്‌മശാനത്തിന്റെ അടുത്തു തന്നെയുള്ള അന്തോണിയും കുടുംബവും ബന്ധു വീട്ടിലേക്ക് മാറി
തന്നെ പിടിക്കാൻ വന്ന ദേഷ്യത്തിൽ അടുത്ത് കിടക്കുന്ന തന്റെ ചോര രക്ഷസ്സ് കുടിക്കുമോയെന്നുള്ള പേടിയിലാണ് അന്തോണി കുടുംബ സമേതം മാറിയത്
എല്ലാവരും പോയാ എങ്ങിന്യാ മനുഷ്യ വീട്ടിൽ ആരെങ്കിലും വേണ്ടേ എന്ന് അന്തോണിയുടെ ഭാര്യ ത്രേസ്യാമ്മ ചോദിച്ചെങ്കിലും അത് മാനത്തുകണ്ട അന്തോണി ഒരു പൊടിക്ക് സമ്മതിച്ചില്ല ഇവള് തന്നെ രക്ഷസ്സിന് തീറ്റയാക്കാനുള്ള പുറപ്പാടാണെന്ന് മനസ്സിലായതോടെ അന്തോണി ചീറി എടുത്തിട്ട് വാടി
പൂജക്കുള്ള കളങ്ങൾ ഒരുക്കിയതിനു ശേഷം ചുവന്ന പട്ടുടുത്ത ഭാർഗ്ഗവൻ കണ്ണടച്ചു നിന്നുകൊണ്ട് മന്ത്രോച്ചാരണങ്ങൾ നടത്തി
എന്താണ് പറയുന്നതെന്ന് സുകു കാതോർത്തെങ്കിലും ഒന്നും മനസ്സിലായില്ല
ഭാർഗ്ഗവന്റെ സമ്മതമില്ലാതെ തന്നെ പലരും യക്ഷിയെ പിടിക്കുന്നത് കാണാൻ ഒളിച്ചിരുന്നു അക്കൂട്ടത്തിൽ വേഷ പ്രച്ഛന്നനായി ഇടിയനും ഉണ്ടായിരുന്നു റൗഡികളെയും കള്ളന്മാരേയും കുറെയേറെ പിടിച്ചിട്ടുണ്ടെങ്കിലും യക്ഷിയെ പിടിക്കുന്നത് ഇടിയന് അജ്ഞാതമായിരുന്നു അതൊന്ന് കാണാൻ കൂടിയാണ് ഇടിയൻ വേഷ പ്രച്ഛന്നനായി വന്നത്
ചില മന്ത്രവാദികളൊക്കെ യക്ഷികളെ പിടിച്ച് വീട്ടിൽ അടിമകളാക്കി വെക്കുന്ന വിവരം ഏതോ പുസ്തകത്തിൽ ഇടിയൻ വായിച്ചിരുന്നു അവറ്റകളാണ് വീട്ടിലെ എല്ലാ പണികളും ചെയ്യുക . ഈ തന്ത്രം മനസ്സിലാക്കിയാൽ ഏതെങ്കിലും അപ്പാവി യക്ഷിയെ പിടിച്ച് വീട്ടിലെ അടിമയാക്കുകയും എല്ലാ ജോലികളും ശമ്പളമില്ലാതെ ചെയ്യിക്കുകയും ചെയ്യാം രമണി കുറേക്കാലമായി ഒരു വേലക്കാരിയെ വേണമെന്ന് പറഞ്ഞ് ശല്യം ചെയ്യുന്നത് ആ ഒരു മനക്കോട്ട കൊണ്ടുകൂടിയാണ് ഇടിയനും അവിടെ സന്നിഹിതനായിരുന്നത് .
ഭാർഗ്ഗവൻ തന്റെ മന്ത്രോച്ചാരണങ്ങൾ അന്യുസ്യൂതം തുടർന്നുകൊണ്ടിരുന്നു മറ്റുള്ളവർ ഏതുനിമിഷവും കടന്നു വരുന്ന രക്ഷസ്സിനെ ഓർത്തുകൊണ്ട് വിറച്ചു നിന്നു
അടുത്ത നിമിഷം ഒരു ശക്തിയായ കാറ്റു വീശി സുകു അലറി രക്ഷസ്സ് വന്നു അത് കേട്ട് ഭാർഗ്ഗവൻ ഉള്ളിൽ ഞെട്ടി
പക്ഷെ അത് വെറും കാറ്റു മാത്രമായിരുന്നു ഭാർഗ്ഗവൻ രൂക്ഷമായി സുകുവിനെ നോക്കി മനുഷ്യനെ പേടിപ്പിച്ചു കൊന്നേനെലോ ശവം
ശ്മാശാനത്തിൽ പതിവില്ലാത്ത സംഭവവികാസങ്ങൾ കണ്ട് അന്ധാളിച്ച് ചത്തു പോയ അന്തപ്പൻ വേഗം തന്നെ തിരിച്ചു പോയി രാത്രി സമയങ്ങളിൽ ആ പാവം അല്പം കാറ്റുകൊള്ളാൻ വന്നിരിക്കാറുള്ളതായിരുന്നു
കാറ്റു കൊള്ളാൻ വന്ന തന്നെ പിടിച്ചു രക്ഷസ്സാക്കി പിടിച്ചു കെട്ടി കൊണ്ട് പോകുമോ എന്നുള്ള പേടിയിലാണ് അന്നത്തെ കാറ്റുകൊള്ളൽ പരിപാടി അവസാനിപ്പിച്ച് അന്തപ്പൻ മുങ്ങിയത്
നേരം കടന്നുപോയിക്കൊണ്ടിരുന്നു കണ്ണടച്ചു നിൽക്കുന്ന ഭാർഗ്ഗവൻ ഉറങ്ങിയോ എന്നുപോലും എല്ലാവർക്കും സംശയം തോന്നി പൊടുന്നനെ കണ്ണുതുറന്ന് ഭാർഗ്ഗവൻ അലറി
വന്നു
അത് കേട്ട് എല്ലാവരും ഞെട്ടി അവൻ വന്നു ആ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നു അത് കേട്ട് സുകു ഗന്ധം പിടിക്കാനായി മൂക്ക് വികസിപ്പിച്ചു
ഒരു നാറ്റം സുകുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി അതിന്റെ ഉറവിടം തേടിപ്പോയ സുകു ഞെട്ടി മമ്മദ്
മമ്മദ് മീൻ കച്ചോടം കഴിഞ്ഞ് കുളിക്ക പോലും ചെയ്യാതെയാണ് വന്നിരിക്കുന്നത്
ഏതായാലും യക്ഷിയെ പിടിക്കാൻ പോവല്ലേ നിങ്ങൾക്കൊന്ന് കുളിച്ചിട്ട് പൊയ്ക്കൂടേ മനുഷ്യായെന്ന് സുഹറേടത്തി ചോദിക്കുക കൂടി ചെയ്തതാ
പിന്നെ കുളിച്ച് കുറി തൊട്ട് കല്യാണത്തിനല്ലേ പോകുന്നതെന്നാ മമ്മദ് ചോദിച്ചത്
അടുത്ത നിമിഷം ഒരു ഹുങ്കാര ശബ്ദം കേട്ട് എല്ലാവരും ഞെട്ടി ഭാർഗ്ഗവനും ഞെട്ടിയെങ്കിലും അത് മറ്റാർക്കും മനസ്സിലാവാതിരിക്കാനായി മന്ത്രവാദത്തിന്റെ ഭാഗം പോലെ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു അടുത്ത നിമിഷം ശ്മാശാനത്തിലുള്ള പൊടിപടലങ്ങൾ ഒന്ന് ചേർന്ന് ഒരു സ്തൂഭം പോലെ നിന്നു ചുറ്റി അതിനുള്ളിൽ നിന്നും രക്തം വെള്ളച്ചാട്ടം പോലെ പുറത്തേക്ക് ഒഴുകി അതുകണ്ട് ഞെട്ടി വിറച്ച ഇടിയൻ എണീറ്റോടാൻ തിരിഞ്ഞപ്പോൾ പിന്നിലൊരു രൂപത്തെ കണ്ട് വീണ്ടും ഞെട്ടി
ഒരു അലറിക്കരച്ചിൽ ഇടിയന്റെ കണ്ഠത്തിൽ നിന്നും പുറത്തേക്ക് തള്ളി വന്നു പിന്നെയാണ് ആ രൂപത്തെ എവിടെയോ കണ്ടതു പോലെ ഇടിയന് തോന്നിയത്
തോമാസ് , ഇയാളെന്തിനാ മനുഷ്യനെ പേടിപ്പിക്കാൻ പിന്നിൽ വന്ന് ഒളിച്ചിരിക്കുന്നത് വേഷപ്രച്ഛന്നനായി വന്ന ഇടിയനെ കണ്ട് തോമാസേട്ടന് മനസ്സിലായില്ല
പേടിപ്പിക്കുന്നോ റാസ്‌ക്കൽ എന്ന് ചോദിച്ചുകൊണ്ട് തോമാസേട്ടൻ ഒരു തനി പൊലീസുകാരനായി മാറി റാസ്‌ക്കൽ എന്ന് വിളിച്ചു കൊണ്ട് ഒരു കുത്തും വെച്ചു കൊടുത്തു
തോമാസേ ഇത് ഞാനാ
ചിരപരിചിതമായ ആ സ്വരം കേട്ട് തോമാസേട്ടൻ ഒന്ന് ഞെട്ടി
പാറു ..അല്ല സാറ് .., സാറെന്താ ഇവിടെ ?
താനെന്താ ഇവിടെ ?
ഞാൻ യക്ഷിയെ പിടിക്കുന്നത് കാണാൻ വന്നതാണ് , സാറോ
ഞാൻ കീഴാർ നെല്ലി പറിക്കാൻ വന്നതാണ്
തന്നെ ഇടിയൻ ആക്കിയതാണെന്ന് മനസ്സിലായതോടെ ആ കുത്ത് ഒന്നുകൂടി സ്‌ട്രോങിൽ കൊടുക്കേണ്ടതായിരുന്നുവെന്ന് തോമാസേട്ടന് കുറ്റബോധം തോന്നി ഏതായാലും ഒന്ന് കൊടുത്തൂലോയെന്ന് അതോടൊപ്പം ആശ്വാസം കൊള്ളുകയും ചെയ്തു
അടുത്ത നിമിഷം ദിഗന്തങ്ങൾ നടുങ്ങുമാറ് ഒരു അലർച്ച കേട്ട് എല്ലാവരും ഞെട്ടി യക്ഷിയാണോ ഭാർഗ്ഗവനാണോ അതെന്ന് ആർക്കും മനസ്സിലായില്ല
ആരാണ് നീ
കൈക്കുമ്പിളിൽ ഒരു പിടി ഭസ്മമെടുത്ത് ആ സ്തൂഭത്തിലേക്ക് വീശിയെറിഞ്ഞു കൊണ്ട് ഭാർഗ്ഗവൻ അലറി
ഞാൻ പാലിയം രാജ്യത്തെ രാസാത്തി ആയിരം വര്ഷങ്ങളായി ഞാൻ രക്ഷസ്സാണ് എന്നെ തളക്കാൻ നിനക്കെന്നല്ല ഒരു ശക്തിക്കും കഴിയുകയില്ല ഈ ശ്രമങ്ങളെല്ലാം വൃഥാവിലാണ് നിങ്ങളുടെ പോലെ ഞങ്ങൾക്കും ഒരു ലോകമുണ്ട്
നിന്നെ തളക്കാൻ പറ്റില്ലായെങ്കിൽ പിന്നെ പേടിച്ചിട്ടാണോ നീ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ?
പേടിച്ചിട്ടോ ? ഞാനോ ? എടോ മരമണ്ടാ ഞാൻ നിന്നെ പറഞ്ഞു മനസ്സിലാക്കാൻ വന്നതാണ് അടുത്ത നിമിഷം ഒരു വലിയ കൊടുങ്കാറ്റ് അവിടെ വലയം ചെയ്തു അതാ സ്തൂഭത്തിനുള്ളിൽ മാത്രം ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു അതിനുള്ളിൽ രക്തം ഒലിക്കുന്ന നാക്കുകളോടെ പാലിയം കോട്ടെ രാസാത്തി പ്രത്യക്ഷപ്പെട്ടു
പേടിക്കിടയിലും ഏതോ സുന്ദരിയായിരിക്കുമെന്ന പ്രതീക്ഷയിൽ കണ്ണു തുറന്ന സുകു ഞെട്ടി അത്രക്കും ഭീകര രൂപിണിയെ സുകു ജീവിതത്തിൽ കണ്ടിട്ടുണ്ടായിരുന്നില്ല
രാസാത്തിയെന്നൊക്കെ കേട്ടപ്പോൾ മനസ്സിൽ തെളിഞ്ഞ രൂപം പഴയ കാല സിനിമാ നടിയുടേതായിരുന്നു
ദൃംഷ്ടങ്ങൾ നീണ്ട കണ്ണുകൾ തീപ്പന്തങ്ങൾ പോലെ ജ്വലിക്കുന്നു , നാക്കിൽ നിന്നും രക്തം ഇറ്റു വീഴുന്ന വലിയൊരു രൂപം അടുത്ത നിമിഷം ആ രൂപം ആകാശത്തോളം വളർന്നു പിന്നെ കടുകുമണിയോളം ചെറുതായി അടുത്ത നിമിഷം അതിനു പത്തു തലകൾ പ്രത്യക്ഷപ്പെട്ടു അടുത്ത നിമിഷം തലയില്ലാത്ത രൂപമായതു മാറി
പരിഭ്രാന്തിയോടെ ഭാർഗ്ഗവൻ ചുറ്റും നോക്കി പ്രതീക്ഷിച്ചതിലും വലിയ പാമ്പിന്റെ പൊത്തിനുള്ളിലേക്കാണ് കൈയ്യിട്ടത് യക്ഷിയെ കുപ്പിയിലാക്കിക്കൊണ്ട് പോകാമെന്നു പ്രതീക്ഷിച്ചു വന്ന തന്നെ യക്ഷി കുപ്പിയിലാക്കുമെന്ന് ഭാർഗ്ഗവനു തോന്നി
യക്ഷികളിൽ തന്നെ ഏറ്റവും ഭീകര രൂപിണിയായ വർഗ്ഗത്തിൽ പെട്ടവളാണിവൾ മനസാക്ഷി ലവലേശം പോലുമില്ലാത്ത ഭീതി തൊട്ടു തീണ്ടിയിട്ടില്ലാത്ത വർഗ്ഗം
അനുനിമിഷം ശക്തി കൂട്ടിക്കൊണ്ടായിരുന്നു ദിഗന്തങ്ങളെ നടുക്കുമാറ് അലറിക്കൊണ്ട യക്ഷി ഗർജ്ജിച്ചത് അതോടെ ഭാർഗ്ഗവൻ മന്ത്രോച്ചാരണങ്ങൾ മറന്നു ഓടിയാലോ എന്നു പോലും ഭാർഗ്ഗവൻ ചിന്തിച്ചു പക്ഷെ നാട്ടുകാർ കണ്ടാൽ എന്തു വിചാരിക്കും
നാട്ടുകാർ മണ്ണാങ്കട്ട സ്വന്തം ജീവനാണ് വലുത് മന്ത്രം പോയിട്ട് അമ്മായെന്ന വിളിക്കുപോലും ഭാർഗ്ഗവൻ മറന്നു പോയി
ഭാർഗ്ഗവന്റെ ധൈര്യത്തിലാണ് മറ്റു നാലുപേരും നിൽക്കുന്നത് സുകു കണ്ണുകൾ അടച്ചു പിടിച്ചിരിക്കുകയാണ് തുറന്നാൽ മാത്രമല്ലേ യക്ഷിയെ മുഖാമുഖം കാണേണ്ടതുള്ളൂ എന്നുള്ളതിലാണ് സുകു കണ്ണുകൾ തുറക്കാത്തത്
മമ്മദിന്റെ കണ്ണുകൾ തുറന്നു തന്നെയാണിരിക്കുന്നത് യക്ഷിയെ കണ്ട മാത്രയിൽ ആ കണ്ണുകൾ പേടിച്ചു തുറന്നതാണ് പിന്നെയത് അടക്കാൻ മമ്മദ് മറന്നു അതോടൊപ്പം മമ്മദ് വിറക്കുന്നുമുണ്ടായിരുന്നു
അടുത്ത നിമിഷം യക്ഷി വീണ്ടും അലറി ആ അലർച്ചയിൽ എല്ലാവരും ഒരുമിച്ച് മുള്ളി ഭാർഗ്ഗവനായിരുന്നു അധികം മുള്ളിയത് . ഒളിച്ചിരുന്നിരുന്ന ഇടിയൻ ഞെട്ടി മുള്ളി തോമാസേട്ടനും കൂടെ മുള്ളി
ഏതു കഷ്ടകാലം നേരത്തെണാവോ വേഷ പ്രച്ഛന്നനായി വരാൻ തോന്നിയെന്നതോർത്ത് ഇടിയൻ സ്വയം ചീത്ത പറഞ്ഞു അതോടൊപ്പം ഭാര്യയേയും കൂടി ചീത്ത വിളിച്ചു രമണിയുടെ ഐഡിയ ആയിരുന്നു യക്ഷിയെ പിടിച്ച് വേലക്കാരിയാക്കാമെന്നുള്ളത്
ഇവളെ വേലക്കാരിയാക്കി ഡി ജി പിയുടെ വീട്ടിലാണ് ഇടേണ്ടത്
എന്നെ തളക്കാൻ വന്ന നിന്നെ ഞാൻ ഭസ്മമാക്കൻ പോവുകയാണ് അതിനുമുന്ന് നിന്റെ രക്തം കുടിച്ച് പിച്ചിച്ചീന്തി എല്ലുകൾ വലിച്ചെടുക്കും
രക്തരക്ഷസ്സ് അലറിക്കൊണ്ട് ഭാർഗ്ഗവനു നേരെ പാഞ്ഞടുത്തതോടെ എന്നോട് ക്ഷമിക്കണമേയെന്ന് കരഞ്ഞു കൊണ്ട് ഭാർഗ്ഗൻ പാഞ്ഞു മേലേ ചുറ്റിയ ചുവന്ന പട്ട് ഭാർഗ്ഗവൻ വലിച്ചെറിഞ്ഞു നാശം മനുഷ്യൻ കാലു ചുറ്റി വീഴാൻ?
ഭാർഗ്ഗവൻ ജീവനും കൊണ്ട് പാഞ്ഞതോടെ യക്ഷി പിന്നാലെ പോകുമെന്ന് കരുതിയെങ്കിലും ആകെ നാറ്റിച്ചു കൊണ്ടാണ് ഭാർഗ്ഗവൻ പാഞ്ഞുകൊണ്ടിരുന്നത് ആ മരണ പാച്ചിലിൽ ഭാർഗ്ഗവൻ ഞങ്ങളുടെ ഗ്രാമവും കടന്ന് ഓടി
ഭാർഗ്ഗവൻ മുങ്ങിയതോടെ ബാക്കി എല്ലാവരും നാനാവഴിക്ക് പാഞ്ഞു
ഒരാഴ്ചയോളം മമ്മദിനും , സുകുവിനും , സുകേശനും . അവറാൻ ചേട്ടനും എന്തിന് ഇടിയനും തോമാസേട്ടനും എല്ലാം കടുത്ത പനിയായിരുന്നു
യക്ഷിയെ കണ്ട് പേടിച്ചു പനി പിടിച്ചതാണെന്ന് പറയാതിരിക്കാൻ ഇടിയനും തോമാസേട്ടനും പരസ്പരം സമരസത്തിൽ എത്തിച്ചേരുകയും ചെയ്തു
എന്താണ് സംഭവമെന്നറിയാൻ തെണ്ടിത്തിരിഞ്ഞു നടക്കുന്ന രാജൻ നായയും അവിടെ സന്നിഹിതനായിരുന്നു ആ പാവത്തിന് യക്ഷിയെ കണ്ട മാത്രയിൽ തന്നെ ഹാർട്ട് അറ്റാക്ക് വന്നു
ശ്‌മശാനത്തിൽ എന്തു നടക്കുന്നുവെന്ന് ഒളിച്ചു നിന്നു നോക്കിയ പീലിപ്പോസച്ചൻ രാത്രിക്ക് രാത്രി ഓടി ഈ പള്ളിയിലേക്ക് ചത്താലും ഇനി താനില്ല എന്നും പറഞ്ഞാ അച്ചൻ ഓടിയത്
ആദ്യം കർത്താവിന്റെ രൂപത്തിന്റെ അടുത്തേക്ക് ഓടാമെന്നാ അച്ചൻ കരുതിയതെങ്കിലും എന്തോ കർത്താവിലും അച്ചന് വിശ്വാസം പോരായിരുന്നു ഈനാശു ചേട്ടന് ഓടേണ്ടി തന്നെ വന്നില്ല നിന്ന നില്പിലേ ആ പാവത്തിന്റെ ഫ്യുസ് അടിച്ചു പോയിരുന്നു
പേടിച്ചു മുള്ളി ഓടി വന്ന ഇടിയനോട് രമണി കാത്തു നിന്നാ ചോദിച്ചത്
എവിടെ ?
എന്ത് ?
യക്ഷി യെന്ന് പറയലും കേറിപ്പോടി മൂധേവിയെന്ന് ഇടിയൻ അലറിയതും ഒരുമിച്ചായിരുന്നു .ഈ മൂധേവി കാരണാ താൻ പേടിച്ച് ട്രൗസറും പാന്റും എല്ലാം നാശമാക്കിയത്
യക്ഷി വരുമ്പോൾ കഴുകിക്കാമെന്നു കരുതി അന്നു പാത്രങ്ങളൊന്നും തന്നെ രമണി കഴുകിയിരുന്നില്ല അതുകൂടാതെ യക്ഷിയെക്കൊണ്ട് ചെയ്യിപ്പിക്കാൻ വേറേ കുറേ പണികളും മനസ്സിലുണ്ടായിരുന്നു അതെല്ലാം മറന്നുപോവാതിരിക്കാൻ എഴുതിവെക്കുകയും ചെയ്തു
ഏതായാലും ആ ജോലികളെല്ലാം ചെയ്യാൻ ഇടിയനു ഭാഗ്യമുണ്ടായി
അന്ന് യക്ഷയെ കണ്ട് ഓടിയതിനു ശേഷം ഭാർഗ്ഗവനെക്കുറിച്ച് ആർക്കും യാതൊരു വിവരവുമില്ലായിരുന്നു ജീവനോടെയുണ്ടോ അതോ ചത്തോ എന്നുപോലും ആർക്കും അറിയത്തില്ല
എവിടെയോ രണ്ടുമൂന്നു അജ്ഞാത ശവങ്ങൾ കണ്ടുവെന്ന് കേട്ട് സുകു പോയി നോക്കിയതായിരുന്നു പക്ഷേ അതൊന്നും ഭാർഗ്ഗവനായിരുന്നില്ല
പിന്നെയാ ആരോ പറഞ്ഞ് അറിഞ്ഞത് ഭാർഗ്ഗവൻ ഗൾഫിലുള്ള ഏതോ ഒരു അനന്തരവന്റെ കാലുപിടിച്ച് കരഞ്ഞു പറഞ്ഞ് അവിടെ ജോലിക്ക് പോയിരിക്കുന്നുവെന്ന്
ഭാർഗ്ഗവന്റെ സ്റ്റാസ്റ്റസിന് എന്ത് ജോലിയാണെന്ന് ആ പാവം ചോദിച്ചെങ്കിലും സ്റ്റാറ്റസോന്നും നോക്കേണ്ടാ തൂപ്പു ജോലിയാണെങ്കിലും കുഴപ്പമില്ലായെന്നും പറഞ്ഞ് ഭാർഗ്ഗവൻ കതറി കതറി കരഞ്ഞൂത്രേ . കൊച്ചു കുട്ടികൾ പേടിച്ചു കരയുന്നത് പോലെയുള്ള ആ കരച്ചില് കേട്ടിട്ടാ തൂപ്പുകാരനായി ഭാർഗ്ഗവനെ അങ്ങോട്ട് കെട്ടിയെടുത്തത്
യക്ഷിയെ പേടിച്ച് നാട്ടുകാരുടെ ഉറക്കം നഷ്ട്ടപ്പെട്ട യക്ഷിയെ പിടിക്കണമെന്നും പറഞ്ഞ് പരാതി കൊടുക്കാൻ ചെന്ന പലചരക്കു കടക്കാരൻ സുപ്രുവിനെ ഇടിയൻ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇടിച്ചു ഞാൻ ഡ്രാക്കുളയാണെന്നും പറഞ്ഞായിരുന്നു ഇടിച്ചത്
പരാതി കൊടുക്കാൻ പോയി ഇടി വാങ്ങിയ ആദ്യ സംഭവമായിരിന്നൂവത് ഡി ജി പി വിളിച്ച് എന്തായി യക്ഷിയുടെ കാര്യമെന്ന് ചോദിച്ചു
യക്ഷിക്ക് സുഖമായിരിക്കുന്നുവെന്നുള്ള ഇടിയന്റെ മറുപടി കേട്ട് ഡി ജി പി ഞെട്ടി
ഇടിയൻ ഫോൺ വലിച്ചെറിഞ്ഞു അവന്റെ കെട്ടിയോളല്ലേ സുഖവിവരം അന്വേഷിക്കാൻ വിളിച്ചേക്കണത്
എന്തായിടോ യക്ഷിയെ പിടിച്ചോന്ന് ഡി ജി പി വീണ്ടും അലറി
ഇടിയൻ ചെകുത്താനും കടലിനും നടുക്ക് പെട്ടവനെപ്പോലെ വിയർത്തു
തലയിൽ കൈവെച്ചിരിക്കുന്ന ഇടിയന്റെ പരിതാപകരമായ അവസ്ഥകണ്ട് തോമാസേട്ടന് സങ്കടം തോന്നി
പാവത്തിനെ ഒന്നുകിൽ യക്ഷി കൊല്ലും അല്ലെങ്കിൽ ഡി ജി പി കൊല്ലും ഇതു രണ്ടുമല്ലെങ്കിൽ പേടിച്ചു ചാവും . ദിവസവും ഒരു നേരം ഡി ജി പി വിളിച്ചു കൊണ്ടിരുന്നത് ഇപ്പോൾ രണ്ടു നേരമാക്കി മാറ്റി സുകേശൻ മന്ത്രി തലത്തിൽ പ്രഷറ് കൂട്ടിയതു കൊണ്ടാണ് ഇടിയന് ഇരിക്കപ്പൊറുതിയില്ലാതായത്
അവസാനം കള്ളൻ ദാവുമാ പറഞ്ഞത് എന്റെ സാറേ ഒരു മന്ത്രവാദിയെ കൊണ്ടു വന്നാ തീരുന്ന പ്രശ്നമേയുള്ളൂ അതു പറഞ്ഞ ദാമുവിന്റെ പുറത്ത് ഇടിയൻ ലാത്തി വെച്ചു കുത്തി
ഒരു മന്ത്രവാദി വന്നുപോയതിന്റെ പ്രശ്‌നം ഇതുവരെ മാറിയിട്ടില്ല അതാ കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായത് മര്യാദക്ക് വല്ലപ്പോഴും വല്ലവരേയും പേടിപ്പിച്ചു നടന്നിരുന്ന യക്ഷിയെ പ്രകോപിപ്പിച്ച് കൂടുതൽ കോപാകുലയാക്കിയിരിക്കുന്നു .
വെറുതേ അഭിപ്രായം പറയാൻ പോയതിന് കുത്തുകിട്ടിയ ദാമു മൂലക്ക് പോയിരുന്ന് കരഞ്ഞു ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടരുത് എന്നുപറഞ്ഞ് സ്വന്തം തലയിൽ ഒരു കിഴുക്കു കൂടി കൊടുത്തു
എന്റെ ദാമോ എന്തിനാ നീ ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോയത്
ദാമുവിൻറെ അവസ്ഥ കണ്ട റൈറ്റർ തോമാസേട്ടനാ അത് ചോദിച്ചത്
എന്റെ സാറേ എനിക്ക് അനുഭവമുള്ളതാ അവര് വല്യ മന്ത്രവാദി , ഭാർഗ്ഗവന്റെ പോലെയൊന്നുമല്ല അവരെ കാണണമെങ്കിൽ അങ്ങ് കാശിയിലേക്ക് പോകണം തോമാസേട്ടൻ മുഖാന്തരം ഈ വിവരം അറിഞ്ഞ ഇടിയന് താല്പര്യമില്ലെങ്കിലും തോമാസേട്ടനാ നിർബന്ധിച്ചത്
എന്റെ സാറേ നമ്മളെക്കൊണ്ട് യക്ഷിയെ പിടിക്കാൻ പറ്റത്തില്ല ദാമു പറഞ്ഞയാളെ ഒന്ന് പോയി കണ്ടു നോക്ക്
എടോ ഈ കള്ളന്റെ വാക്ക് കേട്ട് മന്ത്രവാദിയെ നോക്കണോ
എന്റെ സാറേ അവൻ കള്ളനാണെങ്കിലും സത്യമുള്ളവനാ കള്ളം പറയില്ല
തോമാസേട്ടൻ ആ പറഞ്ഞതിന്റെ അർത്ഥം ഇടിയന് മനസ്സിലായില്ല കള്ളനാണെങ്കിലും തന്നെ ഒരു സത്യസന്ധനാക്കി അവതരിപ്പിച്ചതിൽ ദാമുവിനും അതിയായ സന്തോഷം തോന്നി കുത്തു കൊണ്ട വേദന അതോടെ ദാമു മറന്നു
കാര്യം നടക്കുമെങ്കിൽ കാശിക്കല്ല വൈകുണ്ഠത്തിലേക്ക് വരെ പോകാൻ ഇടിയൻ ഒരുക്കമായിരുന്നു
ആ സന്തോഷത്തിന് ദാമുവിനെ വിളിച്ച് ചായയും രണ്ടു പരിപ്പുവടയും ഇടിയൻ വാങ്ങിക്കൊടുത്തു അപ്പോഴും ദാമു കരയുന്നുണ്ടായിരുന്നു കരഞ്ഞു കരഞ്ഞു ദാമുവിന്റെ ശിരസ്സിലേക്ക് പരിപ്പുവട കയറിപ്പോയി അതോടെ ദാമു അലമുറയിട്ട് ചുമച്ചു
ഈ മഹാപാപി പരിപ്പുവട തിന്ന് ചത്ത് അവസാനം ലോക്കപ്പ് കൊലപാതകത്തിനു താൻ സാക്ഷ്യം പറയേണ്ടി വരുമെന്ന് പേടിച്ച് തോമാസേട്ടൻ ദാമുവിന്റെ തലയിൽ ഒരു ഇടി കൊടുത്തു അതോടെ വഴി തെറ്റിയ പരിപ്പുവട ശരിയായ ദിശയിലേക്ക് കേറിപ്പോയി
അങ്ങനെ ആ സന്യാസി വര്യനായ മന്ത്രവാദിയെ തേടി ഇടിയൻ കാശിക്കു പോയി പ്രതീക്ഷയോടെ നാടു മുഴുവനും ആ വരവിനായി കാത്തിരുന്നു ആഴ്ചകൾക്കൊടുവിൽ അതു സംഭവിച്ചു ആ ആഗമനം
കാലുകുത്തിയ നിമിഷം പ്രകൃതിയുടെ ഭാവം മാറി ഒരു കൊടുങ്കാറ്റ് പെട്ടെന്ന് അവിടമെങ്ങും വീശി അന്തരീക്ഷത്തെ നടുക്കിക്കൊണ്ട് മിന്നല്പിണരുകൾ പാഞ്ഞു പാക്കരൻ ചേട്ടൻ പുറത്തേക്ക് നോക്കിപ്പറഞ്ഞു അവൻ വന്നു കുറുനരികൾ അവിടെയെങ്ങും ഇല്ലാത്തതുകൊണ്ട് ആ ജോലി നായ്ക്കൾ ഏറ്റെടുത്തു, അവ കൂകി
മര്യാദക്ക് കൂകാൻ അറിയില്ലെങ്കിലും റോമു കൂവി അതുകേട്ട് മണികണ്ഠൻ പൂച്ച എണീറ്റോടി നാടുമുഴുവൻ ആ വാർത്ത പരന്നു മന്ത്രവാദി എത്തിയിരിക്കുന്നു . യക്ഷിയെ പിടിക്കാൻ.
ഇടിയൻ , മന്ത്രവാദിയെ അങ്ങ് കാശിയിൽ നിന്നും കൊണ്ടുവന്നിരിക്കുന്നു
വയസ്സായ ഒരു പാവം പിടിച്ച ആ മന്ത്രവാദിയെ കണ്ട് പാക്കരൻ ചേട്ടൻ മനസ്സിൽ പറഞ്ഞു യക്ഷിക്ക് ഒരു നേരത്തിനു പോലുമില്ലല്ലോയെന്ന്
പാക്കരൻ ചേട്ടനത് മനസ്സിലാണ് പറഞ്ഞതെങ്കിലും അടുത്ത നിമിഷം പാക്കരൻ ചേട്ടനു മുന്നിൽ മന്ത്രവാദി ഭീമസേനനെപ്പോലെ ആകാശം മുട്ടെ വളർന്നു
ഇത്രയും മതിയോ യക്ഷിക്ക് ഒരു നേരം കഴിക്കാനുണ്ടാകുമോ ?
അതുകേട്ട് പാക്കരൻ ചേട്ടൻ വിക്കിക്കൊണ്ട് പറഞ്ഞു ഞാൻ വെറുതേ പറഞ്ഞതാ സ്വാമിജിയെന്നും പറഞ്ഞ് ഓടിവന്ന് മന്ത്രവാദിയുടെ കാൽക്കൽ വീണു . മന്ത്രവാദി ആകാശം മുട്ടെ വളർന്നത് പാക്കരൻ ചേട്ടൻ മാത്രമേ കണ്ടിരുന്നുള്ളൂ അല്ലെങ്കിൽ പാക്കരൻ ചേട്ടനു മാത്രമേ അത് ദൃഷ്ടി ഗോചരങ്ങൾ ആയിരുന്നുള്ളൂ
പാക്കരൻ ചേട്ടൻ ഓടിവരുന്നത് കണ്ടതോടെ മന്ത്രവാദിയെ കൊണ്ടുവന്നതിലുള്ള സന്തോഷത്തിൽ തന്റെ കാൽക്കൽ വീഴുമെന്ന് പ്രതീക്ഷിച്ച ഇടിയനു തെറ്റി
മന്ത്രവാദി അറിയാതെ പറഞ്ഞതാണെന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ വീണതു കണ്ട് ഇടിയൻ ചമ്മി മന്ത്രവാദിക്കും ആ മന്ത്രവാദിയെ കൊണ്ടു വന്ന ഇടിയനും പാക്കരൻ ചേട്ടൻ ചാപ്പി കൊടുത്തു
നല്ല രസികൻ
മന്ത്രവാദിയുടെ പറച്ചിൽ കേട്ട് താനും ഒട്ടും കുറക്കേണ്ടെന്നു കരുതി ഇടിയൻ പറഞ്ഞു
ഞാനാ അങ്ങേക്കുവേണ്ടി സ്പെഷലായി പറഞ്ഞ് ഉണ്ടാക്കിച്ചതാ അതുകേട്ട് പാക്കരൻ ചേട്ടൻ ഞെട്ടിയെങ്കിലും ഒന്നും മിണ്ടിയില്ല
മന്ത്രവാദിക്ക് സത്യം മനസ്സിലായെങ്കിലും പാക്കരൻ ചേട്ടനെ പേടിപ്പിച്ചതു പോലെ ഇടിയനേയും ഒന്ന് പേടിപ്പിക്കാമെന്ന് ആദ്യം ചിന്തിച്ചെങ്കിലും ശാരീരികമായ അവസ്ഥയോർത്ത് അത് വേണ്ടെന്നു വെച്ചു
വെറുതെയെന്തിനാണ് ഒരു പോലീസുകാരനെ പ്രകോപിപ്പിക്കുന്നത്
മന്ത്രവാദി വന്നതറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടി
ആരും പേടിക്കണ്ട ഞാൻ നോക്കട്ടെ രക്ഷസ്സിനെ തളക്കാമോയെന്ന്
എന്റെ മന്ത്രവാദി അത് സാധാരണ രാക്ഷസ്സല്ല പാക്കരൻ ചേട്ടൻ വിറച്ചു കൊണ്ടാണത് പറഞ്ഞത്
അത് കേട്ട് മന്ത്രവാദി ചിരിച്ചു അതൊരു വല്ലാത്ത ചിരിയായാണ് പാക്കരൻ ചേട്ടന് തോന്നിയത്
0 അഭിപ്രായങ്ങള്‍