അതുകേട്ട് ഇടിയന് സംശയമായി വെറുതെ വന്ന് നോക്കാനാണോ ഇയാളെ കാശിയിൽ നിന്നും കെട്ടിയെടുത്തത് ? രണ്ടു പൊട്ടിച്ചാലോ എന്ന് മനസ്സിൽ തോന്നിയ  അതെ നിമിഷത്തിൽ തന്നെ ഇടിയന്റെ കാതിൽ മന്ത്രവാദി ഒരു രഹസ്യം പറഞ്ഞു 

എന്താ പൊട്ടിക്കണമെന്ന് തോന്നുന്നുണ്ടോ എങ്കിൽ അങ്ങോട്ട് നോക്കിക്കോ 

മന്ത്രവാദി കൈ ചൂണ്ടിയിടത്തേക്ക് ഇടിയൻ നോക്കി ഘടോൽക്കചനെപ്പോലെ മന്ത്രവാദിയുടെ രൂപം അവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതു കാണാൻ കരുത്തില്ലാതെ ഇടിയൻ കണ്ണുകളടച്ചു ഇത്രക്കും ഭീകരനായ മന്ത്രവാദിയെ പൊട്ടിക്കാൻ പോയാലുള്ള തന്റെ അവസ്ഥ പിന്നെ  എന്തായിരിക്കുമെന്ന് ഇടിയന് നല്ല ബോധ്യമുണ്ടായിരുന്നു 

മന്ത്രവാദി ശ്മശാനത്തിലേക്ക് നടന്നു 

ഭാർഗ്ഗവനും, രക്ത രക്ഷസ്സിനെ പിടിക്കാൻ കൂടെപ്പോയവരും അന്ന്  പേടിച്ചതിന്റെ അടയാളങ്ങൾ അപ്പോഴും അവിടെയുണ്ടായിരുന്നു 

കാറ്റു കൊള്ളാൻ വന്നിരുന്ന അന്തപ്പൻ മന്ത്രവാദിയും കൂട്ടരും വരുന്നതു കണ്ടതോടെ  വേഗം എണീറ്റുപോയി 

ഇതെന്തൊരു കഷ്ട്ടമാണപ്പാ ഒന്നിനുപുറകെ ഒന്നായി മാരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത് 

മന്ത്രവാദി ഒന്ന് മണം പിടിച്ചു തന്റെ കൈയ്യിലുള്ള ദണ്ഡ് പടിഞ്ഞാറോട്ട് ഉയർത്തി മന്ത്രങ്ങൾ ആ ചുണ്ടുകളിൽ  നിന്നും ഉതിർന്നു വീണു നാട്ടുകാർ ശ്വാസം അടക്കിപ്പിടിച്ച് നോക്കി നിന്നു 

ഇപ്പൊ വരും അവറാൻ ചേട്ടൻ പറഞ്ഞതു കേട്ടാ സുപ്രു ചോദിച്ചത് 

ആര് 

രക്ഷസ്സ്  

അത് കേട്ടതോടെ സുപ്രു അവറാൻ ചേട്ടനെ രൂക്ഷമായി നോക്കി അതോടെ  അവറാൻ ചേട്ടൻ അവിടന്നു മാറി നിന്നു 

ഇത് രാസാത്തിയാണല്ലോ 

മന്ത്രവാദി പതുക്കെപ്പറഞ്ഞു ആയിരം വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട തമിഴ് കന്യക അവളെ തളക്കാൻ ഭൂലോകത്തിലെന്നല്ല ഒരാൾക്കും കഴിയുകയില്ല  അതും പറഞ്ഞ് മന്ത്രവാദി തിരിഞ്ഞു നടന്നു 

ഇത് പറയാനാണോ ഇയാളെ  കാശിയിൽ നിന്നും ഇങ്ങോട്ട് കെട്ടിയെടുത്തത്  

ഇടിയനത് മനസ്സിൽ പറഞ്ഞ അതേ നിമിഷത്തിൽ മന്ത്രവാദി പറഞ്ഞു 

ഇവിടെ നിന്നും ഒരു ഫർലോങ് പടിഞ്ഞാറോട്ട് മാറി ഒരു  പാലമരമുണ്ട് നിറയെ പൂത്തു നിൽക്കുന്ന  മരം അവിടെയാണ് രാസാത്തിയുടെ വാസം അതിനെ പരിപാലിക്കുക അവൾ സന്തോഷവതിയായാൽ പിന്നെ ഉപദ്രവമുണ്ടാകില്ല നിങ്ങൾക്ക് ഗുണങ്ങളെ ഉണ്ടാകത്തുള്ളൂ അതും പറഞ്ഞ് മന്ത്രവാദി പോയി പാലമരത്തിന്റെ  അടുത്തേക്ക് പോലും അദ്ദേഹം വന്നില്ല 

നാട്ടുകാർ കാടുപിടിച്ചു കിടന്ന അവിടം വൃത്തിയാക്കി അതിനു ചുറ്റും തളമെടുത്തു പൂക്കൾ വിതറി  അപ്പോൾ പാലമരം ഒന്ന്  വിറകൊണ്ടതു പോലെ തോന്നി നമുക്കൊരു കുരിശ് കൊണ്ട് വന്നു വച്ചാലോയെന്ന് അവറാൻ ചേട്ടൻ ചോദിച്ചതാണ് ആയ് അത് പറ്റില്ല രക്ഷസ്സ് ഹിന്ദുവാണെന്നാ പലചരക്കു കടക്കാരൻ സുപ്രു പറഞ്ഞത് അത്കൊണ്ട് തിരി തെളിയിച്ചാൽ മതിയെന്നും പറഞ്ഞു ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് എല്ലാവർക്കും തോന്നുകേം ചെയ്തു.

 എന്നാലത് വരാനിരിക്കുന്ന സംഭവങ്ങളുടെ തുടർച്ചയാണെന്ന് ആരും കരുതിയില്ല 

അന്നുരാത്രി ആറ്റിലേക്ക് മീൻപിടിക്കാൻ പോയ വർക്കി അവിടെ സുന്ദരിയായൊരു സ്ത്രീരൂപത്തെ കണ്ടു  അതിലേക്ക് ലയിച്ചു പോയി പതിയെ പാലമരത്തിനു ചുവട്ടിലേക്ക് നടന്നു ചെന്ന വർക്കിയെ പിന്നെ ആരും കണ്ടില്ല.

കാലം കടന്നുപോയിക്കൊണ്ടിരുന്നു പാലമരം പരിപാലിച്ചതിനു ശേഷം രാസാത്തിയെന്ന   യക്ഷിയുടെ ശല്യം ആർക്കും ഉണ്ടായിട്ടില്ല. രാസാത്തി ആ പാലമരത്തിൽ ഉണ്ടോ  ഇല്ലയോ എന്നുള്ളത് പോലും നാട്ടുകാർക്ക് അജ്ഞാതമായിരുന്നു എന്നിരുന്നാലും അവർ ആ പാലമരത്തെ പരിപാലിച്ചു പോരുകയും ഒരു ആശ്രിത്വത്വം അതിൽ കാണുകയും ചെയ്തു 

ഇതിനിടയിൽ ഗ്രാമത്തിൽ പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരുന്നു  പുതിയ റൗഡികൾ പ്രത്യക്ഷപ്പെടുകയും അവരെയെല്ലാം ഇടിയൻ ഇടിച്ച് നല്ലവരാക്കുകയോ നാട്ടിൽ നിന്നും  ഓടിപ്പിക്കുകയോ ചെയ്തു  നല്ലവരാകാൻ മനസ്സില്ലാത്തവർ തങ്ങളുടെ റൗഡിത്തരവുമായി അടുത്ത   ഗ്രാമങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു 

ഇടിയൻ തൊമ്മിയുടെ കാര്യമാണ് കഷ്ടം അന്ന് രാസാത്തിയെ കണ്ടു പേടിച്ചതിൽ പിന്നെ പഴയ തലത്തിലേക്ക് എത്തിയിട്ടില്ല ഇപ്പോഴും ആരെക്കണ്ടാലും പേടിച്ച് കൈ കൂപ്പുകയും കരയുകയും ചെയ്യും 

നാട്ടുകാരെ മുഴുവൻ എങ്ങനെ ഇടിച്ചു നടന്ന മനുഷ്യനാ ഇപ്പോൾ  ഇടക്കിടക്ക് ആ പാലമരത്തിന്റെ ചുവട്ടിൽ പോയി പാലമരത്തെ കെട്ടിപ്പിടിച്ചു കരയും എന്തിനാണ് എന്നെ ഇങ്ങനെ പേടിത്തൊണ്ടനാക്കി വിട്ടതെന്നും ചോദിച്ച് എത്രയോ  റൗഡികൾ എത്രയോ രാജ്യങ്ങളിൽ എന്നെക്കാളും ഭീകരന്മാരായി വാഴുന്നുണ്ട് എന്നെ മാത്രം എന്തിനാണ് ഇങ്ങനെ തിരഞ്ഞു പിടിച്ചത് ? അതും ഈ ഓണം കേറാം മൂലയിൽ വന്ന് 

കുറേ നേരം ഇങ്ങനെ കരഞ്ഞു പരിഭവം പറഞ്ഞു കഴിയുമ്പോൾ ആശ്വാസം തോന്നും 

 പാലമരത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് അതിന്റെ ചാറ് കുടിച്ചാൽ  വീണ്ടും പഴയ ധൈര്യവാനായ ഇടിയൻ തൊമ്മിയായി മാറുമെന്ന് സ്വപ്നത്തിൽ ഒരു ദിവസം  ദർശനം കിട്ടിയ തൊമ്മി ഇലയും ഇടിച്ചു പിഴിഞ്ഞ് ചാറും കുടിച്ച് ധൈര്യത്തിനായി കാത്തു നിന്നു ഭാഗ്യത്തിനായിരുന്നു അന്ന് ചാകാതെ  രക്ഷപ്പെട്ടത് 

ധൈര്യം പ്രതീക്ഷിച്ചു നിന്ന തൊമ്മിയുടെ വയറ്റിന്നു പ്രളയമുണ്ടായി    തന്നെ നടക്കാൻ പോലും പറ്റാതായ  തൊമ്മിയെ നാട്ടുകാർ തോളിലേറ്റിയാണ് രഘുവേട്ടന്റെ കാളവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയത് ആ കാളവണ്ടിയും നാശമാക്കിയായിരുന്നു   തൊമ്മി കിടന്നത് ഇടക്കിടക്ക് പുറകിൽ നിന്നു വരുന്ന ശബ്ധ കോലാഹലങ്ങൾ കേട്ട് രഘുവേട്ടൻ ഞെട്ടിക്കൊണ്ടിരുന്നു  കാളകളും മൂക്കു പൊത്തിക്കൊണ്ടായിരുന്നു ഒരു വിധത്തിൽ ആശുപത്രിയിൽ എത്തിച്ചത് 

അയ്യോ ഞാൻ ചാകും ചാകുമെന്ന് തൊമ്മി വാ കീറി കരയുന്നുണ്ടായിരുന്നു തൊമ്മി കരയുന്നതിനോടപ്പം തൊമ്മിയുടെ മൂടും കരയുന്നുണ്ടായിരുന്നു അവസാനം മിണ്ടാതെ കിടന്നോ നായിന്റെ മോനെയെന്നും പറഞ്ഞ്  രഘുവേട്ടൻ ഒരു ചവിട്ട് വെച്ചുകൊടുത്തു 

തൊമ്മി റൗഡിയായി വിലസിയിരുന്ന കാലത്ത് രഘുവേട്ടനെ ഇടിച്ച് ഓടിച്ചിട്ടുള്ളതാ ആ പ്രതികാരം തീർക്കാനുള്ള അവസരം രഘുവേട്ടന് കിട്ടിയത് ഇപ്പോഴായിരുന്നു ആരു തല്ലിയാലും, നോക്കിയാലും  കരയുന്ന ഒരു തൊമ്മിയായി മാറിക്കഴിഞ്ഞതിനു ശേഷം 

വേറൊരു ജ്യൂസും കുടിക്കാൻ കിട്ടാത്തതുകൊണ്ടാണോ പാലമരത്തിന്റെ  ജ്യൂസ് കുടിച്ചതെന്നായിരുന്നു ഡോക്ടർ ചോദിച്ചത് 

സമയത്തിന് എത്തിച്ച കാരണമാ ജീവൻ പോകാതെ തൊമ്മി രക്ഷപ്പെട്ടത് അതിനുള്ളിൽ തന്നെ തൊമ്മി എല്ലാം നോൺസ്റ്റോപ്പായി കളഞ്ഞിരുന്നു 

ഏതായാലും ആത്മഹത്യാ കുറ്റത്തിന് ഒരു കേസും തലയിലായി 

 തൂറി തൂറി വിറച്ചോണ്ട് നിൽക്കുന്ന തൊമ്മിയെ അതോടെ ഒന്നും ചെയ്യാതെ ഇടിയൻ വിട്ടു എന്തെങ്കിലും പറഞ്ഞാ പാവം അവിടെ  ഇടിഞ്ഞു പൊളിഞ്ഞു വീണ് ചാവോന്നു വരെ ഇടിയനു തോന്നി 

പിന്നേം തൊമ്മി പാലമരത്തിനെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നെ എന്തിനാണ് കൊല്ലാൻ നോക്കിയതെന്നും ചോദിച്ച് അത് ഞാനല്ലായെന്നും പറഞ്ഞ് പാലമരം തലയാട്ടി 

തൊമ്മി ഇപ്പോഴും പാക്കരൻ ചേട്ടന്റെ ചായക്കടയിൽ തന്നെയാണ് തുടരുന്നത് പണമൊന്നും കൂലിയായി വേണ്ട എന്തെങ്കിലും തിന്നാൻ കൊടുത്താൽ മതി  ധൈര്യത്തിന് റോമുവിനെ കൂട്ടു വിളിക്കും അതിനു പാക്കരൻ ചേട്ടനും എതിർപ്പുണ്ടായിരുന്നില്ല രണ്ടു കാവൽക്കാരായല്ലോ എന്നായിരുന്നു പാക്കരൻ ചേട്ടൻ അന്നമ്മ ചേടത്തിയോട് പറഞ്ഞതും 

റോമുവിനും ഇടിയൻ തൊമ്മിയുടെ കൂടെക്കിടക്കുന്നത് ഒരു ധൈര്യമായിരുന്നു 

ഒരു നാൾ മീൻ കച്ചോടം കഴിഞ്ഞു വരുന്ന വഴി  മമ്മദ് ആ പാലമരത്തിൽ ചുവട്ടിൽ അല്പനേരം വിശ്രമിക്കുമ്പോൾ ഒരില പറന്നുവന്ന് മമ്മദിന്റെ മീൻകുട്ടയിലേക്ക് വീണു അന്നു രാത്രി മമ്മദൊരു സ്വപ്നം കണ്ടു തനിക്ക് ലോട്ടറി അടിച്ചെന്ന് പിറ്റേ ദിവസം നാടിനെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത പരന്നു 

മമ്മദിന് ലോട്ടറിയടിച്ചൂ തിണ്ണയിൽ ചായ കുടിച്ചോണ്ടിരിക്കുകയായിരുന്ന മമ്മദിനെ തേടി ലോട്ടറി കച്ചവടക്കാരൻ ലോപ്പോസിന്റെ നേതൃത്വത്തിൽ ഗ്രാമം മുഴുവനും പാഞ്ഞു വന്നു 

തന്റെ വീടിനു നേർക്ക് ഒരു ആൾക്കൂട്ടം പാഞ്ഞു വരുന്നതു കണ്ട് മമ്മദ് ഞെട്ടി സംഗതി പന്തിയല്ലെന്നു കണ്ടതോടെ മമ്മദിന്റെ നായ സുക്കു പതുക്കെ പിന്നാം പുറത്തേക്ക് പോയി 

ഒന്ന് ഓടാൻ പോലും പറ്റാത്ത തന്റെ മേത്ത് ഇത്രേം ആൾക്കാര് മേഞ്ഞാ പിന്നെ തന്റെ പൊടിപോലും കിട്ടത്തില്ലെന്ന് സുക്കുവിന് അറിയാമായിരുന്നു പാഞ്ഞു വരുന്ന ആൾക്കൂട്ടത്തെ കണ്ടതോടെ മമ്മദ് ഒരു ധൈര്യത്തിനായി സുക്കുവിനേയും സുഹറേടത്തിയേയും മാറിമാറി വിളിച്ചെങ്കിലും ആരും വന്നില്ല 

ഭാര്യയുടെ പേരായ സുഹറയോടുള്ള അതീവ സ്നേഹം കൊണ്ടാണ് നായക്കും സു വെച്ചൊരു പേരിട്ടത് സത്യത്തിൽ ഈ പേരിനോട് സുക്കുവിന് വല്ലാത്ത എതിർപ്പുണ്ടായിരുന്നുവെങ്കിലും അതുകൊണ്ട് കാര്യമുണ്ടായില്ല 

സുക്കൂവെന്ന് വിളിച്ചാൽ അങ്ങോട്ട് തിരിഞ്ഞു കിടന്ന് അവൻ തന്റെ പ്രതിഷേധം രേഖപ്പെടുത്തും 

മമ്മദേ തനിക്ക് ലോട്ടറിയടിച്ചു 

അത് കേട്ടതോടെ മമ്മദ് ഞെട്ടി, മമ്മദിന്റെ കൈയ്യിലുണ്ടായിരുന്ന കട്ടൻ കാപ്പി ഞെട്ടി  ഞെട്ടിയ കട്ടൻ കാപ്പി താഴെ വീണു  അടുക്കള വാതിലിലൂടെ ഒളിഞ്ഞു നോക്കുകയായിരുന്ന സുഹറേടത്തി ഞെട്ടി, എന്റെ റബ്ബേന്നലറി 

മമ്മദിന്റെ കരച്ചിൽ പ്രതീക്ഷിച്ച് ചെവിയോർത്ത് നിന്നിരുന്ന സുക്കു ഞെട്ടി 

ആകെയൊരു ഞെട്ടൽ 

ഞെട്ടിയ മമ്മദ് തിണ്ണയിലാണ് ഇരിക്കുന്നതെന്ന ഓർമ്മയില്ലാതെ നടന്നു 

അള്ളാ ന്നൊരലർച്ച നാട്ടുകാർ കേട്ടു തിണ്ണയിലിരുന്ന് നടന്ന മമ്മദ് മൂക്കും കുത്തി താഴെ വീണു

ഇതിപ്പോ രണ്ടാം തവണയായിരുന്നു മമ്മദ് തിണ്ണയിൽ നിന്നും മൂക്കും കുത്തി വീഴുന്നത്  

ഈ സമയത്തായിരുന്നു വിവരമറിഞ്ഞ് പ്രേക്ഷിതൻ സുകു പാഞ്ഞു വന്നത് മുഖത്തു  ചോരയുമായി നിൽക്കുന്ന മമ്മദിനെ കണ്ടതോടെ സുകു കരുതിയത് ആഘോഷം തുടങ്ങിയെന്നാ 

എനിക്കും ചായം വേണമെന്നും പറഞ്ഞ് സുകു മമ്മദിന്റെ മുഖത്തൂന്ന് ആ ചോരയെടുത്ത് തന്റെ മുഖത്തു തേച്ചു വേദന കൊണ്ട് പുളഞ്ഞു നിൽക്കയായിരുന്ന മമ്മദ് വീണ്ടും അലറി 

അള്ളാ 

മമ്മദേ തനിക്കു ലോട്ടറിയടിച്ചു 

അതു കേട്ട് മമ്മദ് കരഞ്ഞു, സുഹറേടത്തി കരഞ്ഞു , എന്താ സംഭവമെന്ന് അറിയാതെ നിന്ന സുക്കു  മമ്മദിന്റെ കരച്ചിൽ കേട്ട്  കൂടെ കരഞ്ഞു അവൻ കരുതിയത് മമ്മദ് നാട്ടുകാരുടെ അടി കൊണ്ട് കരഞ്ഞതാന്നാ  

ഇതൊന്നും മനസ്സിലാകാതെ ഓടിവന്ന അവറാൻ ചേട്ടൻ ചോദിച്ചു 

എന്താ സംഭവം 

മമ്മദിന് ലോട്ടറിയടിച്ചതാ 

എന്നിട്ട് മുഖത്തു മുഴുവൻ ചോരയാണല്ലോ അവറാൻ ചേട്ടന് വിശ്വസിക്കാൻ പറ്റിയില്ല 

പാവത്തിനെ ആരോ തല്ലിയതാണെന്നാ അവറാൻ ചേട്ടൻ കരുതിയത്

എന്റെ കർത്താവേ ലോട്ടറി മുഖത്താണോ അടിച്ചത് ? ആരെടാ മമ്മദിനെ  ?തല്ലിയത് ചേറ്റു കത്തി അരയിൽ നിന്നും വലിച്ചൂരി അവറാൻ ചേട്ടൻ അലറി മമ്മദിന് തന്നോട് സ്നേഹം തോന്നി അതിൽ നിന്നും കുറച്ച് തന്നെങ്കിലോ എന്നുള്ള മനക്കോട്ടയിൽ ആണ് അവറാൻ ചേട്ടൻ അലറിയത്  

എന്റെ ചേട്ടാ ലോട്ടറി അടിച്ചെന്നു കേട്ടപ്പോ തിണ്ണയിൽ ആണെന്ന ഓർമ്മയില്ലാതെ എഴുന്നേറ്റ് നടന്നതാ താഴെ വീണ് മൂക്കിന്റെ പാലം പോയി

തമിഴൻ മുരുകനാ  പറഞ്ഞത് അത് കേട്ടതും അവറാൻ ചേട്ടൻ ഒറ്റ കരച്ചിലാ 

എന്തിനാ അവറാനെ താൻ കിടന്ന് കരയുന്നത് പാക്കരൻ ചേട്ടന്റെ ആ ചോദ്യത്തിന് വിറച്ചുകൊണ്ട് അവറാൻ ചേട്ടൻ അര കാണിച്ചു കൊടുത്തു അവിടം മുഴുവൻ ചോര അത് കണ്ട പാക്കരൻ ചേട്ടൻ വിറച്ചു 

ആവേശത്തിൽ വലിച്ചൂരിയ കത്തി അവറാൻ ചേട്ടന്റെ തുടയും കീറിക്കൊണ്ടായിരുന്നു  പുറത്തേക്ക് വന്നത് അവറാൻ ചേട്ടന്റെ ഭാഗ്യം കത്തി അല്പം കൂടി നീങ്ങിയിരുന്നെങ്കിൽ അതോർത്ത് അവറാൻ ചേട്ടൻ ഞെട്ടി ചേറ്റു കത്തിയെ നോക്കി  

ലോട്ടറി എവിടെ ? എല്ലാവർക്കും അതായിരുന്നു അറിയേണ്ടിയിരുന്നത് 

വീണ ആഘാതത്തിൽ ലോട്ടറി എവിടെയാണ് വെച്ചിരിക്കുന്നതെന്ന് മമ്മദ് മറന്നു പോയിരുന്നു  മീൻ കുട്ട മുതൽ മീനിന്റെ വായ വരെ നാട്ടുകാർ  തുറന്നു പരിശോധിച്ചെങ്കിലും ലോട്ടറി കിട്ടിയില്ല 

സുഹറേടത്തി അലറിക്കൊണ്ട് പാഞ്ഞു വന്ന് മമ്മദിന്റെ പാലം തകർന്ന മൂക്കിനിട്ടു ഒന്ന് കൊടുത്തു  കാക്കാശിനു കൊള്ളാത്ത ശവമെന്നും വിളിച്ചാ ചേട്ടത്തി തങ്ങിയത് വേദന കൊണ്ട് മമ്മദ് മുള്ളിപ്പോയി 

അവറാൻ ചേട്ടൻ കുറച്ച് നീങ്ങി നിന്നു കിഴവി ആകെ എരിപിരി കൊണ്ട് നിൽക്കാ ചിലപ്പോ മമ്മദിന് ആണെന്നും കരുതി തനിക്കും  താങ്ങ് കിട്ടും അല്ലെങ്കി തന്നെ ചേറ്റു കത്തി ആകെ തകർത്താ പുറത്തോട്ട് വന്നിരിക്കുന്നത് വീട്ടീപ്പോയി ട്രൗസർ അഴിച്ചു നോക്കിയാലാ എന്താ യഥാർത്ഥ സംഭവമെന്ന് അറിയാൻ പറ്റൂ 

എന്റെ മമ്മദേ എവിടെയാ ലോട്ടറി വെച്ചിരിക്കുന്നത്?

നാട്ടുകാർ ഒന്നടങ്കം ചോദിച്ചു  

ട്രൗസറിന്റെ പോക്കറ്റിലൊന്ന് നോക്ക് മനുഷ്യാ 

സുഹറേടത്തിയുടെ  അലർച്ച തീരുന്നതിനു മുന്നേ ഒരുപാട് കൈകൾ മമ്മദിന്റെ ട്രൗസറിനുള്ളിലേക്ക് പാഞ്ഞു

മ്മദിനു മുന്നേ മമ്മദിന്റെ ട്രൗസറിനുള്ളിൽ കൈയ്യിട്ടത് ലോപ്പസു ചേട്ടനായിരുന്നു  റബ്ബറിൽ പിടിച്ചതു പോലെ ലോപ്പസു ചേട്ടൻ ഞെട്ടി 

ലോട്ടറി പേപ്പറു പോലെയല്ലേ ? ഇതിപ്പോ  സത്യം തിരിച്ചറിഞ്ഞ ലോപ്പസു ചേട്ടൻ പാമ്പിനെ പിടിച്ചതു പോലെ കൈവലിച്ചു അതിന്റെ പ്രകമ്പനത്തിൽ  മമ്മദ് ഞെട്ടി, മമ്മദിന്റെ ട്രൗസർ ഞെട്ടി അതിനുള്ളിലുള്ള പാമ്പ് ഞെട്ടി  

ലോപ്പസു ചേട്ടനെ നോക്കി മമ്മദ് നാണത്താൽ പറഞ്ഞു ട്രൗസറിന് ചെറിയൊരു ഓട്ടയുണ്ട് ലോപ്പസ്സേ 

 പിന്നെത്തെ ഊഴം  അവറാൻ ചേട്ടന്റേതായിരുന്നു  കൈയ്യിൽ തടഞ്ഞത് അവറാൻ ചേട്ടനൊന്ന് ഞെക്കി വിട്ടു എന്തോ പൊതിയാണെന്നായിരുന്നു അവറാൻ ചേട്ടൻ കരുതിയത് മമ്മദ്  ഒന്ന് പുളകം കൊണ്ടു 

മമ്മദിന്റെ ട്രൗസറിനുള്ളിലേക്ക് ലോട്ടറി തേടി പാഞ്ഞ കൈകളെല്ലാം ഞെട്ടിത്തരിച്ചു കൊണ്ടിരുന്നു  

രണ്ടു പോക്കറ്റിന്റെയും കീശക്ക് ഓട്ടയായിരുന്നു 

അകത്ത് ഊരിയിട്ടിരുന്ന ട്രൗസറിൽ നിന്നും സുഹറേടത്തി ലോട്ടറി എടുത്തോണ്ട് വന്നു 

അങ്ങനെ ഞങ്ങളുടെ ഗ്രാമത്തിൽ ആദ്യമായി ലോട്ടറിയടിച്ച് മമ്മദ് പണക്കാരനായി .

പണക്കാരനായെങ്കിലും തന്റെ മീൻ കച്ചോടം മമ്മദ് നിറുത്തിയില്ല പക്ഷെ കാലികമായ മാറ്റങ്ങൾ അതിൽ വരുത്തി ചാള ,മത്തി തുടങ്ങി പാവങ്ങളുടെ മീനുകളെല്ലാം നിറുത്തി ആവോലി വരാൽ അങ്ങനെ മുന്തിയ മീനുകൾ കുട്ടയിൽ സ്ഥാനം പിടിക്കുകയും സൈക്കിളിനു പകരം സ്കൂട്ടറിലേക്ക് മാറുകയും മീൻ മീനെന്ന് വിളിച്ചു പറയുന്നതിനു പകരം ടേപ്പ് റെക്കോഡിനെ കൊണ്ട് വിളിച്ചു പറയിപ്പിക്കുകയും ചെയ്തു 

സിൽക്ക് ജുബ്ബയും കണ്ണാടിയും ചെയിനും സ്വർണ്ണ വാച്ചുമൊക്കെ അണിഞ്ഞ് മമ്മദ് ഒരു പണക്കാരനാണ് താനെന്ന് പറയാതെതന്നെ നെറ്റിയിൽ ഒട്ടിച്ചു വെച്ചു 

അങ്ങനെയിരിക്കെ ഒരുനാൾ പാലമര ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പലചരക്കു കടക്കാരൻ അന്ത്രുവിന്റെ പോക്കറ്റിലേക്ക് ഒരു ഇല പറന്നു വീണു അന്നുരാത്രി അന്ത്രുവൊരു സ്വപ്നം കണ്ടു തന്നെ ആരോ തല്ലുന്നുവെന്ന് 

ഉറക്കത്തിൽ ഞെട്ടിയുണർന്നു പോയി അന്ത്രു. അത്രക്കും വലിയ തല്ലായിരുന്നു അത്,  അന്ന് പലചരക്കു കടയിലേക്ക് പോവുകയായിരുന്നു അന്ത്രുവിനെ ഓന്ത് വാസു റൗഡി പൊതിരെ തല്ലി 

എന്തിനാ തല്ലിയതെന്ന് കരഞ്ഞു ചോദിച്ച അന്ത്രുവിനോട് ഓന്ത്‌ വാസു പറഞ്ഞത് രാവിലെ എണീറ്റപ്പോ മുതല് കൈക്കൊരു തരിപ്പ് ഉണ്ടായിരുന്നത് തീർക്കാൻ വേണ്ടിയാണെന്നാ അത് കേട്ട് അന്ത്രു വാവിട്ടു കരഞ്ഞു  

കൈത്തരിപ്പ് തീർക്കാൻ വൈദ്യരെ കാണാണ്ട് തന്റെ പുറം ഇടിച്ചു പൊളിക്കയാണോയെന്നായിരുന്നു അന്ത്രു കരുതിയത് പക്ഷെ വീണ്ടും കൈത്തരിപ്പു മാറ്റെണ്ടായെന്നു കരുതി അന്ത്രു ഒന്നും മിണ്ടിയില്ല 

നിങ്ങളുടെ പുറം നാട്ടുകാരുടെ ചെണ്ടയാണെന്നാ   കരഞ്ഞുകൊണ്ടിരുന്ന അന്ത്രുവിനോട് ഭാര്യ ഓമന പറഞ്ഞത് അത് പറഞ്ഞ ഭാര്യ ഓമനക്കിട്ട് അന്ത്രു താങ്ങി ഓന്ത് വാസുവിന് കൊടുക്കാൻ പറ്റാത്തത് ഓമനക്ക് കൊടുത്ത് അന്ത്രു ആശ്വാസം കൊണ്ടു 

മൂധേവി തന്നെ ആവേശം കൊള്ളിച്ച് കൊലക്ക് കൊടുക്കാൻ നോക്കാ എന്നും പറഞ്ഞാ അന്ത്രു താങ്ങിയത്   

വർക്കിയെ കാണാതായത്   നാടു മുഴുവൻ  മറന്നു തുടങ്ങിയിരുന്നു ഇടിയൻ കുറെ അന്വേഷിച്ചുവെങ്കിലും വർക്കി എവിടെപ്പോയെന്ന് ആർക്കും അറിയില്ല  ഈ  പേരിൽ അടക്കാക്കാരൻ തോമാസേട്ടന് ഇടിയന്റെ കൈയ്യീന്ന്  ഇടക്കിടക്ക് കുറേ ഇടിയും കിട്ടുന്നുണ്ടായിരുന്നു

 തോമാസേട്ടനായിരുന്നു വർക്കിയെ അവസാനമായി കണ്ടത് 

 തനിക്ക് വല്യ അവാർഡ് ഇടിയനും പോലീസ് വകുപ്പും തരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഞാനാണ് വർക്കിയെ  അവസാനമായി കണ്ടതെന്ന് തോമാസേട്ടൻ ഓടിപ്പോയി ഇടിയനോട് പറഞ്ഞത്   അന്ന് തൊട്ട് ഓരോ പ്രാവശ്യവും സ്റ്റേഷനിലേക്ക് വിളിപ്പിക്കുമ്പോഴും  തോമാസേട്ടനെ കുനിച്ചു നിറുത്തി ഇടിയൻ ഇടിക്കാറാണ് പതിവ് 

പാവം അവാർഡ് പ്രതീക്ഷിച്ച തോമാസേട്ടൻ ഇടികൊണ്ട് വലഞ്ഞു 

എന്ത് അവാർഡാ മനുഷ്യാ നിങ്ങൾക്ക്  കിട്ടിയതെന്ന്  ചോദിച്ച ഭാര്യക്ക് പുറം കാണിച്ചു കൊടുത്ത് ആ പാവം കരഞ്ഞു 

ഇപ്പൊ സ്റ്റേഷനീന്ന് വിളി വരുമ്പോ ഓടിച്ചെന്ന് ഇടിയന് ഇടിക്കാൻ പാകത്തിൽ തോമാസേട്ടൻ കുനിഞ്ഞു നിൽക്കും അവസാനം വർക്കിയുടെ പേരിൽ താൻ രക്ത സാക്ഷിയാവുമെന്ന് തിരിച്ചറിഞ്ഞതോടെ  അടക്കാ മരങ്ങൾ ഇല്ലാത്ത  പേർഷ്യയിലേക്ക് ആരുടെയൊക്കെയോ കാലുപിടിച്ച് തോമാസേട്ടൻ  കേറിപ്പോയി 

അവിടെ ഈന്തപ്പഴം പറിക്കാമെന്നും പറഞ്ഞാ പോയത് 

ഈന്തപ്പഴം പറിക്കാൻ അത്ര എളുപ്പമല്ല തോമാസേന്ന് പലരും പറഞ്ഞെങ്കിലും ഇടിയന്റെ ഇടി കൊണ്ട് ചാവുന്നതിലും  ഈന്തപ്പഴത്തിന്റെ മുള്ള് കൊണ്ട് ചാവുന്നതാ നല്ലതെന്നാ  തോമാസേട്ടൻ പറഞ്ഞത് 

ഒരു രാത്രി അന്തിക്കള്ളും മോന്തി തിരികെ വരുകയായിരുന്ന തോമാസേട്ടൻ  പാലമരത്തിന്റെ അടുത്തേക്ക് വർക്കി നടന്നു പോകുന്നത് കണ്ടിരുന്നു ഇവനെന്തിനാണ് ഈ സമയത്ത് അങ്ങോട്ട് പോകുന്നതെന്ന് ചിന്തിച്ചെങ്കിലും പിന്നെ കാര്യമായി എടുത്തില്ല  

എന്റെ സാറേ അവൻ വല്ല ദുബായിയിലോട്ടും പോയി എന്നു പറഞ്ഞ് കേസ് അവസാനിപ്പിച്ചു കൂടെ ? റൈറ്റർ തോമാസേട്ടന്റെ ആ ഐഡിയയിൽ ഇടിയന് ചെറുതായൊരു ആശ്വാസം തോന്നിയെങ്കിലും ഒരു ആത്മവിശ്വാസക്കുറവ് പോലെ അനുഭവപ്പെട്ടു 

എടോ അങ്ങനെ ചെയ്താ ശരിയാവോ ?

തന്റെ സംശയം ഇടിയൻ തുറന്നു ചോദിക്കുക തന്നെ ചെയ്തു 

എന്റെ സാറേ അവൻ എവിടെയാണെന്നു കരുതിയാ നമ്മൾ അന്വേഷിക്കുന്നത് ? അവൻ വല്ലോടുത്തും പോയിക്കളഞ്ഞിട്ടുണ്ടായിരിക്കും 

ഏതായാലും ഇടിയനാ ഫയൽ ക്ളോസ് ചെയ്തു വർക്കി ദുബായിൽ ഉണ്ടാവും എന്നു പറഞ്ഞാണ് ക്ളോസ് ചെയ്തത് അതിന്റെ അടിയിൽ തോമാസേട്ടന്റെ പേരും എഴുതി വെച്ചു

നാളുകൾ അതിവേഗം കടന്നുപോയിക്കൊണ്ടിരുന്നു ഇതിനിടെ പാലമര ചുവട്ടിൽ ഇരുന്നു വിശ്രമിക്കുന്ന പലർക്കും അവരറിയാതെ തന്നെ പാലമരത്തിന്റെ ഇല എവിടെയൊക്കെയോ വന്നു വീഴുകയും അതുമായി വീട്ടിൽ പോയവർ സ്വപ്നം കാണുകയും അതുപ്രകാരം സംഭവിക്കുകയും ചെയ്തുകൊണ്ടിരുന്നു 

എങ്ങിനെയോ ഇത് നാട്ടിൽ പാട്ടാവുകയും പാലമരത്തിനു ചുവട്ടിലേക്ക് ഒരു തള്ളിക്കയറ്റം തന്നെ ഉണ്ടാവുകയും ചെയ്തു അവറാൻ ചേട്ടൻ പാലമരത്തിനു ചുവട്ടിൽ പോയിരുന്ന് പുറം കൊണ്ട് പാലമരം കുലുക്കി നോക്കിയെങ്കിലും ഒരില പോലും വീണില്ല 

ഒരു ദിവസം മുഴുവനുമിരുന്ന് ഒരു പാലയില പോലും വീഴാതെ അവറാൻ ചേട്ടൻ പാലമരത്തിനെ കെട്ടിപ്പിടിച്ചു കരഞ്ഞു ഇലയില്ലാതെ പോയാൽ ഒറോത ചേടത്തി തല്ലി കൊല്ലുമെന്നും പറഞ്ഞായിരുന്നു അവറാൻ ചേട്ടൻ കരഞ്ഞത് എന്നിട്ടും ഇല വീഴാതായതോടെ പാല മരത്തിൽ നിന്നും ഒരു കൊമ്പ് വെട്ടിയെടുത്ത് അവറാൻ ചേട്ടൻ വീട്ടിലേക്കു പോയി 

ഒരിലയും പ്രതീക്ഷിച്ചു നിന്നിരുന്ന ഒറോത ചേടത്തി ഒരു പാലമരവുമായി വരുന്ന അവറാൻ ചേട്ടനെ കണ്ട് ഞെട്ടി ആ സന്തോഷത്തിൽ അന്നു രാത്രി താറാവു കറി ഉരുളക്കിഴങ്ങിട്ടു വെച്ചു കൊടുത്തു 

അവറാൻ ചേട്ടന് വല്യ ഇഷ്ടമാണ് താറാവു കറിയിൽ ഉരുളക്കിഴങ്ങിട്ടു വെക്കുന്നതും തേങ്ങാപാൽ ചേർക്കുന്നതും 

ആ രാത്രി പന്ത്രണ്ടു മണിക്ക് ചേട്ടത്തി അവറാൻ ചേട്ടനെ കുലുക്കി വിളിച്ചു 

എന്തായി ?

എന്ത് ? അവറാൻ ചേട്ടൻ പാതിരാത്രിയിലെ  ആ ചോദ്യം കേട്ട് അന്തം വിട്ടു 

സ്വപ്നം കണ്ടോന്ന് ?

 താൻ വല്യ പണക്കാരനാവുന്നതും സ്വപ്നം കണ്ടുകിടന്ന അവറാൻ ചേട്ടന് ഉറക്കം വന്നില്ല 

എടീ എനിക്ക് ഉറക്കം വരുന്നില്ല ഉറക്കം വന്നാലല്ലേ സ്വപ്നം കാണാൻ പറ്റൂ 

മനുഷ്യാ മര്യാദക്ക് ഉറങ്ങിക്കോ ഇല്ലെങ്കി ..ആ ഭീക്ഷിണിക്ക് മുന്നിൽ അവറാൻ ചേട്ടൻ കണ്ണടച്ചു കിടന്നു താൻ  ഉറങ്ങിയില്ലെങ്കിൽ ഇവൾ തന്നെ തല്ലിക്കൊല്ലും . എന്നിട്ടും ഉറക്കം വരുന്നില്ല 

ഒരു മണിയായപ്പോൾ ചേടത്തി വീണ്ടും ചോദിച്ചു 

എന്തായി സ്വപ്നം കണ്ടോ ?

ഇല്ല 

അതോടെ ഒറോത ചേടത്തി അടുക്കളയിലോട്ട് പാഞ്ഞു ഉലക്കയെടുത്തോണ്ട് വന്നു ആ അവസാന ലാപ്പിൽ അവറാൻ ചേട്ടൻ ഒരു സ്വപ്നം കണ്ടു ഒരു യക്ഷി തന്റെ കഴുത്തിനു പിടിച്ചു ഞെരിക്കുന്നു ഞെട്ടിയുണർന്ന അവറാൻ ചേട്ടൻ കിതച്ചു ആ യക്ഷിക്ക് ഒറോതയുടെ ഛായയുണ്ടായിരുന്നു 

എന്തായി മനുഷ്യാ സ്വപ്നം കണ്ടോ .., അവറാൻ ചേട്ടാ സ്വപ്നം കാണുന്നതും കാത്ത് ഉറങ്ങാതെ ഇരുന്ന ചേടത്തി വീണ്ടും ചോദിച്ചു 

ഇവളാണ് തന്റെ കഴുത്തിന് പിടിച്ചു ഞെരിച്ചതെന്നു പറഞ്ഞാ പിന്നെ സ്വപ്നം കാണാൻ താനുണ്ടാവില്ലെന്ന് അവറാൻ ചേട്ടന് അറിയാമായിരുന്നു ഇല്ലെന്നു പറഞ്ഞാലും അതു തന്നെ സ്ഥിതി അതോടെ അവറാൻ ചേട്ടനൊരു നുണ പറഞ്ഞു 

നീ സുന്ദരിയായൊരു യുവതിയായി മാറിയെന്നാടി ഞാൻ സ്വപ്നം കണ്ടത് അത് കേട്ട് ചേടത്തിക്ക് നാണം വന്നു 

അന്നു രാത്രി ഷാപ്പിൽ നിന്നും വീട്ടിലേക്കു വരുന്ന വഴിയാണ് വെളിച്ചപ്പാട് രാമേട്ടൻ ആ കാഴ്ച കണ്ട് ഞെട്ടിയത് പാലമരത്തിനു ചുവട്ടിൽ കാണാതെ പോയ വർക്കി നിൽക്കുന്നു കൂടെ ഒരു യുവതിയും 

എടാ വർക്കിയെ എന്ന് വിളിച്ചതും ആ രൂപം അപ്രത്യക്ഷ്യമായതും ഒരുമിച്ചായിരുന്നു പാലമരത്തിനു ചുവട്ടിൽ പോയി നോക്കിയെങ്കിലും വർക്കിയുടെ പൊടിപോലും ഉണ്ടായിരുന്നില്ല 

സ്റ്റേഷനിലേക്ക് പാഞ്ഞു ചെന്ന രാമേട്ടൻ കിതച്ചു കൊണ്ടാണ് ഇടിയനോടതു പറഞ്ഞത് 

ഞാൻ കണ്ടു ഞാൻ കണ്ടു 

എന്ത് കണ്ടൂന്ന് 

ഇടിയനു മനസ്സിലായില്ല 

ഞാനാ കണ്ടു.. രാമേട്ടൻ വീണ്ടും കാറി  

കണ്ടതു പറയെടാ റാസ്‌ക്കൽ എന്നലറിക്കൊണ്ട് ഇടിയൻ ലാത്തി വെച്ച് ഒരു കുത്തു കൊടുത്തു അത് കിട്ടിയതോടെ രാമേട്ടൻ പറഞ്ഞു ഞാൻ വർക്കിയെ കണ്ടു 

ഇത് ആദ്യമേ പറഞ്ഞിരുന്നുവെങ്കി ഒരു കുത്ത് ഒഴിവാക്കാമായിരുന്നുവെന്ന്   രാമേട്ടൻ മനസ്സിലോർത്തു അല്ലെങ്കിലും തനിക്ക് ബുദ്ധി പിന്നാലെയെ വരൂ  

വർക്കിയെ കണ്ടു എന്നു പറഞ്ഞതിനോടൊപ്പം ഇടിയനും തോമാസേട്ടനും ജീപ്പെടുത്ത് പാഞ്ഞു പാലമര ചുവട്ടിൽ വർക്കിയുടെ പൊടിപോലും ഉണ്ടായിരുന്നില്ല 

അതോടെ  രാമേട്ടനെ ഇടിയൻ വിളിച്ചു തുടങ്ങി ഇടികിട്ടി രാമേട്ടൻ കരഞ്ഞു താനെന്തിനാണ് ഈ ഉപകാരം ചെയ്യാൻ പോയതെന്നാ ആ പാവം ചിന്തിച്ചത് അതോടൊപ്പം തനിക്ക് ഇടി വാങ്ങിത്തരുന്ന വർക്കിയോട് ദേഷ്യവും തോന്നി 

എടാ വർക്കിയേ നമ്മളോരുമിച്ച് എത്രയോ കള്ളു കുടിച്ചതാടാ എന്നിട്ടും എന്തിനാടാ നീയെന്നെ തല്ലു കൊള്ളിക്കുന്നത് ? 

വർക്കിയെ കണ്ടത് മിണ്ടാതിരുന്നാ മതിയായിരുന്നൂ 

അല്ലെങ്കിലും  തനിക്ക് ബുദ്ധി പിന്നാലെയെ വരൂ 

പാലമരത്തിന്റെ ഇലക്കു വേണ്ടി ആളുകൾ തിക്കി തിരക്കുവാൻ തുടങ്ങിയിരുന്നു  ഇതിന്റെ സത്യാവസ്ഥ അറിയുവാൻ ഇടിയൻ ആരുമറിയാതെ ഒരില പറിച്ച് പോക്കറ്റിലിട്ടു നോക്കി പക്ഷെ ഇടിയൻ അന്ന് ഒരു സ്വപ്നം പോലും കണ്ടില്ല ഇതെല്ലാം അന്ധ വിശ്വാസങ്ങളാണെന്നും  ആരും ഇല പറിച്ച് പാലമരത്തെ ദ്രോഹിക്കരുതെന്നും ഇടിയൻ അനൗൺസ് ചെയ്തു 

ഇടിയൻ പറഞ്ഞത് സത്യമായിരുന്നു അതീപ്പിന്നെ പാലമരത്തിന്റെ ഇല പറിച്ചവർക്കും അറിയാതെ കിട്ടിയവർക്കും ഒന്നും ഉണ്ടായില്ല ചിലർ സ്വപ്നം കണ്ടെങ്കിലും അതിനനുസരണമായി യാതൊന്നും സംഭവിച്ചില്ല 

മന്ത്രവാദി പറഞ്ഞു അവൾ പോയിരിക്കുന്നു കൂടെ അവനും അവനെ തേടിയാണ് അവൾ വന്നത് 

ആരാണ് അവൻ ? അവൾ ജന്മാന്തരങ്ങളോളം തേടി നടന്നത് അവനെയായിരുന്നു അവനെ കണ്ടെത്തിയതോടെ അവൾ മോക്ഷപ്രാപ്തി നേടിയിരിക്കുന്നു അന്ന് അല്പ നേരം വിശ്രമിക്കാനായി പാലമര ചുവട്ടിലേക്ക് പോയ വർക്കിയെ കൊന്ന് അവൾ രക്താഭിഷേകം നടത്തിയിരിക്കുന്നു 

ആയിരം വര്ഷങ്ങൾക്കു മുൻപുള്ള വർക്കിയുടെ ജന്മം   

മന്ത്രവാദത്തിലെ അഗ്രകണ്യനും എല്ലാവർക്കും പേടി സ്വപ്നവും  ആയിരുന്ന പേരുകേട്ട മന്ത്രവാദി ആയിരുന്നു വീര ഭദ്ര രാജാ അക്കാലത്തെ  നാടുവാഴി ആയിരുന്ന ചിത്തിര രാമന്റെ കൊട്ടാരത്തിൽ ചില ആഭിചാര കർമ്മങ്ങൾക്കായി എത്തിച്ചേരുകയും രാസാത്തിയെന്ന അതീവ സുന്ദരിയായ ചിത്തിര രാമന്റെ മകളിൽ ഭ്രമിതനാവുകയും അവളെ വേൾക്കാൻ ആശിക്കുകയും ചെയ്‌തെങ്കിലും എതിർപ്പുമൂലം ചിത്തിര രാമനേയും കുടുംബത്തേയും വക വരുത്തുകയും തന്റെ ഇങ്ങീതത്തിനു വഴങ്ങാതിരുന്ന രക്ഷപ്പെട്ടോടിയ  രാസാത്തിയെ പാലമരത്തിന് ചുവട്ടിൽ  വെച്ച് കൊല്ലുകയും ചെയ്തു പാലമര ചുവട്ടിൽ വെച്ച് ദുർ മരണം സംഭവിക്കകപ്പെട്ട രാസാത്തി യക്ഷിയായി മാറുകയും പ്രതികാരത്തിനായി ജന്മാന്തരങ്ങളോളം കാത്തിരിക്കുകയും ചെയ്തു  

 വീരന്റെ ജന്മ തുടർച്ചയായ  വർക്കി  ആ പാലമരച്ചുവട്ടിൽ എത്തിച്ചേരുകയും പ്രതികാര ദാഹിയായ  രാസാത്തി അവനെ കൊല്ലുകയും രക്തം പാലമരത്തിൽ അഭിഷേകം ചെയ്യുകയും ചെയ്തതോടെ അവൾ  മുക്തയായി 

മന്ത്രവാദിയുടെ വിവരണം കേട്ട ഞങ്ങൾ ഗ്രാമീണർ വിശ്വസിക്കാനാകാതെ നിന്നു ഇടിയൻ കരഞ്ഞു 

ഇങ്ങനെയും സംഭവിക്കുമോ ആത്മഗതം പോലെയാണ് അന്നമ്മ ചേടത്തി അത് ചോദിച്ചത് 

തീർച്ചയായും  ഈ പ്രപഞ്ചം അതാണ് അന്നമ്മേ.. നമുക്ക് മനസ്സിലാകാത്ത ഒത്തിരി കാര്യങ്ങൾ അതിലുണ്ട്  മന്ത്രവാദി തന്റെ ഭാണ്ഡക്കെട്ടു മെടുത്തുകൊണ്ട് നടന്നു 

ഞാൻ കൊടുന്നാക്കണോ ഇടിയൻ ചോദിച്ചെങ്കിലും മന്ത്രവാദി നിഷേധാർത്ഥത്തിൽ തലയാട്ടി 

ആ പാലമരം ഇപ്പോഴും തളിർത്തു നിൽക്കുന്നു അപൂർവ്വം ചിലർ അതിന്റെ ഇലകൾക്കായി ഇപ്പോഴും അങ്ങോട്ട് വരുകയും ചെയ്തുകൊണ്ടിരിക്കുന്നു.


 




















0 അഭിപ്രായങ്ങള്‍