വറീതിന്റെ കള്ള് ഷാപ്പീന്ന് നല്ല ഓളി കേൾക്കുന്നുണ്ട്  

ആരപ്പാ ഇത്ര നല്ല ഫോമിലായിരിക്കുന്നത്  ?  

സംഗതി അത് അവറാൻ ചേട്ടനാണ് 

മറ്റു കുടിയൻമാരൊക്കെ അവിടെ വാ പൊളിച്ചിരിപ്പുണ്ട് അവരുടെ  മുന്നില് അവറാൻ ചേട്ടൻ ഒരു രജനീകാന്തായി മാറിരിക്കുന്നു  .

നെരുപ്പുടാ ,  അവറാൻ നെരിപ്പു  ടാ 

ഈശ്വരാ അവറാൻ ചേട്ടൻ എന്നുമുതലാ രജനീകാന്തിന്റെ ഫാനായത്

നമ്മടെ അണ്ണനല്ലേടാ ? 

അണ്ണന്റെ പടം വന്നാ നമ്മള്  ആഘോഷിക്കേണ്ടേ ? 

ഞാനിവിടെ ഒരു അണ്ണൻ ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കാൻ തീരുമാനിച്ചു 

നമ്മുടെ  സുകു പ്രസിഡന്റ്  നീ സെക്രട്ടറി ആയിക്കോ ?

നെരുപ്പ് ടാ , ഈ അവറാൻ നെരുപ്പ് ടാ 

കബാലി ഇറങ്ങിയതിനു ശേഷം അവറാൻ ചേട്ടൻ എല്ലാവരോടും ഈ ഡയലോഗ് മാത്രേ പറയൂ .

അതിന് ഫാൻസ്‌ അസോസിയേഷൻ തുടങ്ങാൻ രജനീകാന്തിന്റെ അനുവാദം വേണ്ടേ ?

എടാ ഞാൻ മദ്രാസിൽ പോവും  അണ്ണന്റെ കൂടെ ഒരു ഫോട്ടോ എടുത്ത് അനുവാദം വാങ്ങി വരും .

എന്റെ അവറാൻ ചേട്ടാ അതൊന്നും അത്ര എളുപ്പമല്ലാ പുള്ളീയെ  കാണാൻ തന്നെ കിട്ടത്തില്ല  ഇനി ഇപ്പൊ ഉണ്ടെങ്കിൽ തന്നെ നിങ്ങളെ അതിന്റെ ഏഴയലത്ത് പോലും കടത്തി വിടത്തില്ല .

നീയൊന്ന്  പോടാ ചെക്കാ  ഞാൻ അവറാനാന്ന് പറയും .

അതിന് ഇങ്ങടെ പേര് പറഞ്ഞാ പുള്ളി അറിയോ ?

പിന്നില്ലേ?  ഞങ്ങള് പഴേ പരിചയക്കാരാ .

അവറാൻ ചേട്ടാ പുളുവടിക്കുന്നതിന് ഒരു ലിമിറ്റൊക്കെ വേണം  നിങ്ങള് ഈ പറയണ വിഡ്ഢിത്തം കൊണ്ട് മദ്രാസിൽ പോയാലുണ്ടല്ലോ ? മ്മടെ പോലത്തെ ഗ്രാമൊന്നല്ല അത് വെറുതെ ആവശില്ല്യാത്ത പരിപാടിക്ക് പോവല്ലേ  നിങ്ങളെ അവര് കൊട്ടേലാക്കി പാർസല് അയക്കും .

അതിന് ഞാൻ മദ്രാസിൽ പോണത് അവരായിട്ട് തല്ലുണ്ടാക്കാനൊന്നുമല്ലല്ലോ  മ്മടെ അണ്ണനെ കാണാനല്ലേ ?

എന്റെ  അവറാൻ ചേട്ടാ അതൊന്നും അത്ര എളുപ്പല്ല .

ഒന്ന് പോടാ,  അവറാൻ നെരുപ്പ് ടാ  ന്നും പറഞ്ഞോണ്ട്  അവറാൻ ചേട്ടൻ ഒരു കുപ്പിക്കള്ളു ഒറ്റ വലിക്കാ മോന്തി .

അത് കണ്ട് സുകുന്റെയും, എന്റേം വായേല് വെള്ളം നെറഞ്ഞു .

ടാ  സുകോ  എന്തൂട്ടണ്ടാ ഇരുന്ന് ആലോചിക്കണേ ? അവറാൻ ചേട്ടന്റെ ചോദ്യം കേട്ടപ്പഴാ സുകു ഞെട്ടിയത് അതുവരേക്കും  അവറാൻ ചേട്ടൻ കള്ള് കുടിക്കുന്നതു കണ്ട സ്വപ്‍നലോകത്തിലായിരുന്നു സുകു .

ങേ  എന്നാ ,  എന്താ ?

എടാ നിനക്ക് കള്ള് വേണോ ?

കിട്ട്യാ കുടിക്കും  

സുകു ഓൺ ദി സ്‌പോട്ടില് തന്റെ നിലപാട് വ്യക്താക്കി .

അല്ലെങ്കിലും ഓസിന് കിട്ട്യാ നീ എന്തും കുടിക്കൂലോ ?

അങ്ങനെ പറയരുത്  ചേട്ടാ .

ടാ വറീതേ  എന്റെ പറ്റില് സുകൂന് ഒരു കുപ്പി കള്ള് കൊട്  മ്മടെ ചെക്കന് മീനും കൊള്ളിം .

അവറാൻ ചേട്ടാ എനിക്ക് മീൻ വേണ്ടാ  ഞണ്ട് മതി 

അവറാൻ ചേട്ടന് രജനീകാന്തിനെ അറിയൂട്ടാ  

അതുവരേക്കും  അറിയില്ലാ, അറിയില്ലാന്ന് പറഞ്ഞോണ്ടിരുന്ന സുകു ഒരു കുപ്പി കള്ള് കിട്ടിയതോടെ പ്ളേറ്റ് മാറ്റി കൂടെ ഞാനും .

ടാ കിട്ടീത് കുടിച്ചിട്ട് പോടാ  വെറുതെ അവനെ പൊക്കാതെ .

വറീതാ അതിന് മറുപടി പറഞ്ഞത് ,

എങ്ങിന്യാ അവറാൻ ചേട്ടാ നിങ്ങളു  തമ്മിൽ  പരിചയം ?

എടാ  രജനീകാന്ത് കണ്ടക്‌ടർ ആയിട്ടുള്ളപ്പോ  ഞാനായിരുന്നു ആ ബസ്സിലെ കിളി.

ഇങ്ങനെ എമണ്ടൻ നൊണ വല്യ വായേല് പറയല്ലേ  അവറാൻ ചേട്ടാ.

എടാ ഇതാ നിങ്ങളോട് ഞാൻ ഒരു കാര്യം പറയാത്തെ അവറാൻ ചേട്ടന്റെ മുഖത്ത് ആകെ ഗൗരവം 

ഇത് കണ്ടതോടെ ഞങ്ങൾക്കും സംശയമായി കാരണം ഇത്ര വല്യ വിടലൊന്നും സാധാരണ അവറാൻ ചേട്ടൻ വിടാത്തതാണ് .

എടാ ഞാൻ സിനിമേല് അഭിനയിക്കാൻ മദ്രാസ്സിനു  പോയപ്പോ  കുറച്ചു നാള്  രജനീകാന്തിന്റെ ബസ്സില്  കിളിയായിട്ട് ജോലി ചെയ്തിട്ടുണ്ട്  ഞാൻ കിളി  ആണെങ്കിലും  എന്നെ വല്യ പേടിയാ ഞാൻ അനങ്ങരുതെന്ന് പറഞ്ഞാ പുള്ളി പിന്നെ ശിലയാ .

അവറാൻ ചേട്ടൻ പണ്ട് വല്യ സിനിമാ പ്രാന്തനായിരുന്നു അത് മൂത്ത് സിനിമേല് അഭിനയിക്കാൻ  പണ്ട് മദിരാശിയിൽ പോയ കഥയൊക്കെ ഞങ്ങൾക്ക് അറിയാം . 

പക്ഷേ രജനീകാന്ത് ബാംഗ്ലൂരല്ലേ  കണ്ടക്ടർ ആയി ജോലി ചെയ്തിട്ടുള്ളത് ?

അവറാൻ ചേട്ടാ  രജനീകാന്ത് ബാംഗ്ലൂർ  ട്രാൻസ്‌പോർട്ടിൽ ആണല്ലോ ജോലി ചെയ്തിരിക്കുന്നത്  അപ്പൊപ്പിന്നെ അവറാൻ ചേട്ടൻ മദ്രാസിൽ അണ്ണന്റെ കൂടെ ജോലി ചെയ്തൂന്ന്  പറഞ്ഞത് പുളുവല്ലേ
  
അതോടെ അവറാൻ ചേട്ടൻ നിന്ന നിൽപ്പിൽ ഒറ്റ ചാട്ടം  

നിന്നോട് ആരാടാ  ഈ നുണ പറഞ്ഞത്  വല്യ വല്യ കാര്യങ്ങളില് കേറി  അഭിപ്രായം പറയല്ലേ  നീ സെക്രട്ടറിയും ആവണ്ടാ ഒരു കോപ്പും ആവണ്ടാ ന്ന് പറയലും എന്റെ ഞണ്ടിനെ  എടുത്ത്  കറുമുറാന്ന് കടിച്ചു തിന്നതും ഒരുമിച്ചായിരുന്നു  

ചത്ത  ഞണ്ടുപോലും  അവറാൻ ചേട്ടന്റെ ആ കടീല് കണ്ണ് തുറന്ന് കരഞ്ഞുപോയി  അമ്മാതിരി കടിയാ ദേഷ്യം കൊണ്ട് അവറാൻ ചേട്ടൻ കടിച്ചത് .

ഈശ്വരാ,  എന്റെ ഞണ്ട് പോയി ഞാനത് രസം നോക്കി കുറേശ്ശേ കുറേശ്ശേ  തിന്നുവരികയായിരുന്നു  അവറാൻ ചേട്ടൻ ഇങ്ങനെത്തെ കടുംകൈ കാണിക്കുമെന്ന്  അറിഞ്ഞിരുന്നെങ്കീ  മുൻപേ തട്ടാമായിരുന്നു  . 

ഞണ്ടില്ലാത്ത കൊള്ളി എന്നെനോക്കി  പുച്ഛിച്ചു  നിനക്ക് അങ്ങനെ തന്നെ വേണമെടാ  .

ഇത് കണ്ടതോടെ സുകു ഉഷാറായി  അവറാൻ ചേട്ടൻ കുപ്പി എടുക്കുന്നതിനു മുന്നേ തന്നെ സുകുവത് കാലിയാക്കി .

ഞാൻ അണ്ടി പോയ അണ്ണാന്റെ പോലെയായി ഒരു ഞണ്ട് കിട്ടിയതായിരുന്നു കൈയ്യിലിരുപ്പ് കാരണം അത് പോയിക്കിട്ടി  ഞാൻ വേഗം കൊള്ളി ചാറ് മുക്കി തട്ടി  ഇല്ലെങ്കി അവറാൻ ചേട്ടൻ അതും ചിലപ്പോ എടുത്ത് തിന്നും .

അങ്ങനെ അവറാൻ ചേട്ടൻ മദ്രാസിന് പോയി  

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ആ  അത്ഭുതവുമായി അവറാൻ ചേട്ടൻ  തിരിച്ചു വന്നിരിക്കുന്നു  ഞങ്ങടെ ഗ്രാമത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിക്കൊണ്ട്   അവറാൻ ചേട്ടൻ അത് പബ്ലിഷ് പെടുത്തി  

ഒരു ഫോട്ടോ സൂപ്പർ സ്റ്റാർ രജനീകാന്ത് അവറാൻ ചേട്ടനെ കെട്ടിപ്പിടിച്ചു നിൽക്കുന്നു .

അവറാൻ ചേട്ടൻ എലിയല്ല പുലിയാണെന്ന് നാട്ടുകാർ പറഞ്ഞൂ  ചിലർ പുൽപ്പുലിയാണെന്ന് പറഞ്ഞു  

ചിലർ  പറഞ്ഞൂ  അവറാൻ ചേട്ടൻ ഒരു ശിങ്കമാണെന്ന് .

ഏതായാലും അതോടെ അവറാൻ ചേട്ടൻ ഞങ്ങളുടെ ഗ്രാമത്തിൽ മാത്രമല്ല അടുത്ത ഗ്രാമത്തിലും താരമായി 

വ്യത്യസ്ഥനാമൊരു അവറാൻ ചേട്ടനെ ആരും തിരിച്ചറിഞ്ഞില്ല 

അവറാൻ ചേട്ടൻ തലയുയർത്തിപ്പറഞ്ഞു ,  

നെരുപ്പ്ടാ  അവറാൻ നെരുപ്പ്ടാ .

അവറാൻ ചേട്ടൻ ഞങ്ങടെ നാട്ടിൽ  മറ്റൊരു സൂപ്പർ സ്റ്റാറായി

അവറാൻ ചേട്ടന്റെ ഒരു കൈയ്യില് പ്ലാസ്റ്റർ ഇട്ടിട്ടുണ്ടായിരുന്നു  മദ്രാസ്സില് ഹോട്ടലില് താമസിക്കുമ്പോ കുളിമുറീല് കാലു വഴുതി വീണതാണെന്നാ എല്ലാവരോടും പറഞ്ഞത് 

ഒരാഴ്ച്ച കഴിഞ്ഞു ഒരു ദിവസം  സുകുവാണ്  ഞെട്ടിക്കുന്ന ആ സത്യം ഞങ്ങളോട് പറഞ്ഞത്.

അവറാൻ ചേട്ടൻ സൂപ്പർ സ്റ്റാറിനെ കണ്ടിട്ടുകൂടിയില്ല രജനീകാന്തിനെ കാണാൻ  ഇടിച്ചു കേറിയപ്പോ സെക്യൂരിറ്റിക്കാര് അവറാൻ ചേട്ടനെ ഇടിച്ചു പഞ്ഞിക്കിട്ടൂത്രേ അങ്ങനെയാണ്  കൈ ഒടിഞ്ഞത് പിന്നെ പ്രായത്തെ  കരുതിയാ അവര് തല്ലിക്കൊല്ലാതെ വിട്ടത് .

സെക്യൂരിറ്റിക്കാര് മര്യാദക്ക് പോകാൻ പറഞ്ഞപ്പോ അവറാൻ ചേട്ടൻ  നെരിപ്പ്ടാ ,  അവറാൻ  നെരിപ്പ് ടാ  ന്ന് അവരോട് പറഞ്ഞു

അപ്പൊത്തന്നെ  അവരാ നെരിപ്പാ  ഊതിക്കെടുത്തി ഭാഗ്യത്തിനാ ജീവൻ ഊതിക്കെടുത്താഞ്ഞത്.

അവിടെയുള്ള  ഒരു മലയാളിയാ  അവറാൻ ചേട്ടന്റെ ഈ പരിതാപം കണ്ടപ്പോ പറഞ്ഞുകൊടുത്ത ഫോട്ടോ ഷോപ്പ് പരിപാടിയാ ആ ഫോട്ടോ ഒരു മാതിരി  എല്ലാവരും ഇതൊക്ക്യാ ചെയ്യണതത്രേ .

ഏതായാലും  കുറച്ചു നാള് അവറാൻ ചേട്ടന്റെ വക ഞങ്ങൾക്ക് കള്ളും ഞണ്ടും ഫ്രീ  

ഇല്ലെങ്കി ഞങ്ങളാ സത്യം വെളിപ്പെടുത്തും  അതോടെ നാട്ടാര്  അവറാൻ ചേട്ടന്റെ നെരിപ്പ്  എന്നന്നേക്കുമായി  ഊതിക്കെടുത്തൂന്ന് അവറാൻ ചേട്ടന് നന്നായി അറിയാം.


              

0 അഭിപ്രായങ്ങള്‍