ഞങ്ങടെ നാട്ടിലൊരു  അവറാൻ ചേട്ടനുണ്ട്  ആളൊരു തല്ലിപ്പൊളിയാണ് .

            തല്ലിപ്പൊളിന്ന് പറഞ്ഞാ അത്ര വലിയ തല്ലിപ്പൊളിയൊന്നുമല്ല  ഒരു പാവം  തല്ലിപ്പൊളി . കുറച്ചു കൂടി വ്യക്തമാക്കിയാൽ  നിഷ്ക്കളങ്കനായൊരു  തല്ലിപ്പൊളി.

     കുടിച്ചു കഴിഞ്ഞാ മാത്രേ ഉള്ളൂ  അല്ലെങ്കി ആളൊരു നിഷ്ക്കളങ്കനാണ് , പച്ച മനുഷ്യൻ

     നിഷ്ക്കളങ്കൻ  ചിലപ്പോ ദുഷ്ട്ടന്റെ ഫലം ചെയ്യുന്ന് ആരോ പറഞ്ഞ പോലെ .

      ആളുടെ ഒരു വീക്ക്‌ പോയിന്റ്‌ന്ന് വെച്ചാ  കള്ള് കുടിച്ചു കഴിഞ്ഞാ പിന്നെ ആരെങ്കിലുമായിട്ടൊക്കെയൊന്ന്  വഴക്കുണ്ടാക്കണം. അത് ആരാണെന്നൊന്നും നോക്കത്തില്ല . ചിലപ്പോ കള്ള് കുടിക്കാൻ വിളിച്ചോണ്ട് പോണവരുമായിട്ടായിരിക്കും വഴക്ക് .

    വഴക്കുണ്ടാക്കി അവസാനം   അവരുടെ കൈയ്യീന്ന് രണ്ടു  തല്ലും വാങ്ങിക്കും.

                കുടിക്കണ കള്ള് അവറാൻ ചേട്ടനെ തല്ല് കൊള്ളിച്ചേ അടങ്ങൂ .

    വെറുതെ ഏതെങ്കിലും  വഴീക്കുടെ പോണ അടിയായിരിക്കും, പക്ഷേ അവറാൻചേട്ടനത്  ചോദിച്ചു വാങ്ങും .

      ആരെങ്കിലും വഴക്ക് കൂടണ കണ്ടാ  വെറുതെ അതില് പോയി തലയിട്ട്  ഒന്നുല്ലെങ്കി അതൊരു വല്യ വഴക്കാക്കും ,  ഇല്ലെങ്കി അവരുടെ കൈയ്യീന്ന് രണ്ടെണ്ണം മേടിച്ചോണ്ട് വരും .

   ഈ ഒരു കൊത്രം കൊള്ളി സ്വഭാവമൊഴിച്ചാൽ  ആളൊരു പരമ സാധുവാണ് .

    രാവിലെ ഷാപ്പ്‌ തുറന്നാൽ  ഒരു കുപ്പി.   ഉച്ചക്കൊന്ന്, വൈകീട്ട് ഒന്നോ , രണ്ടോ  ഇതാണ് അവറാൻ ചേട്ടന്റെ മെയിൻ ദിനചര്യ .

    ഇതിന് മാത്രം കാശെവെടുന്നാന്നൊന്നും  ചോദിക്കരുത് ? അതൊക്കെയാള്  എങ്ങിനെങ്കിലും സംഘടിപ്പിക്കും .

    അവറാൻ ചേട്ടന്റെ മെയിൻ ജോലി കള്ള് ചെത്തലാണ്. പിന്നെ  ഇടനേരങ്ങളിൽ ആള് അല്ലറ ചില്ലറ മറ്റു പണികൾക്കൊക്കെ  പോവും  അടക്കാ പറിക്കൽ ,  തേങ്ങയിടൽ ,  തെങ്ങിനും , വാഴക്കും , തടം കോരുക . അങ്ങിനെയങ്ങനെ .

   ഞങ്ങടെ വീട്ടിലെ ഈ വക പണികൾക്കെല്ലാം അവറാൻ ചേട്ടൻ തന്നെയാണ്  വരുക .

  പണി ചെയ്തുകൊണ്ടിരിക്കെ തന്നെ  നിന്ന നിൽപ്പിൽ ആളങ്ങട് അപ്രത്യക്ഷ്യനാകും , സംഗതി കള്ള് ഷാപ്പിലേക്കാണ് .

            ഒറ്റ വായിൽ ഒരു കുപ്പി  തീർത്തിട്ട്  പുള്ളി ടക്കേന്ന് വരും ചെയ്യും .

ആളെ കാണാണ്ട് നമ്മള് ചോദിച്ചാ പുള്ളി പറയും ''ഞാനാ തെങ്ങിന്റെ മോളിലുണ്ടായിരുന്നു  ചെക്കാ ''

                    ഒരു ജോലി ഏറ്റെടുത്താ എന്തായാലും പുള്ളിയത്  തീർക്കും

   അന്ന് പറമ്പില് അടക്കാ പറിക്കണ ദിവസാ , അമ്മ പറഞ്ഞിട്ട് ഞാൻ അവറാൻ ചേട്ടനെ  തപ്പിയിറങ്ങി .

    ആശാൻ ഒന്നുല്ലെങ്കി ഷാപ്പിലുണ്ടാകും  അല്ലെങ്കിൽ വല്ലോടുത്തം പണിക്ക് പോയിട്ടുണ്ടാകും . അങ്ങിനെ പോയിട്ടുണ്ടെങ്കിൽ അത് ഷാപ്പിൽ പറഞ്ഞേല്പിച്ചിട്ടാണ് അവറാൻ ചേട്ടൻ  പോകാറ്

             ഷാപ്പാണ്‌, അവറാൻ ചേട്ടന്റെ ഇൻഫർമേഷൻ സെന്റെർ .

    എന്റെ ഭാഗ്യം അവറാൻ ചേട്ടൻ ഷാപ്പീത്തന്നെയുണ്ട് പക്ഷേ  ആള് അപ്പത്തന്നെ  നല്ല ഫോമിലാണ് .

             അവറാൻ ചേട്ടാ അടക്കാ പറിക്കാൻ  അമ്മ വരാൻ പറഞ്ഞു .

                       ടാ ..,മോനേ നാളെ വരാടാ.

       അതൊന്നും പറ്റില്ല  അവറാൻ ചേട്ടൻ ഇപ്പൊത്തന്നെ വരണം .

                    ടാ .., ഞാൻ കുറച്ച് ഫിറ്റാടാ .

            ഇനി നിർബന്ധിക്കണത്  ശരിയല്ല  കാരണം അവറാൻ ചേട്ടൻ ഫിറ്റാണ്

               എന്നാ ശരി  ഞാൻ അമ്മയോട് പറയാം

    പെട്ടെന്ന് എന്തോ ബോധോദയം ഉണ്ടായപോലെ  അവറാൻചേട്ടൻ    ചാടിയെഴുന്നേറ്റു പറഞ്ഞൂ  .

                 അല്ലെങ്കി  ഇന്നെന്നെ പറിക്കാടാ

  ഒരു അഞ്ചു കുപ്പിക്കുള്ള വക അതിലൂടെ വരൂന്ന് അവറാൻ ചേട്ടനറിയാം ആള് കുറേശ്ശെ ആടുന്നുണ്ട്  സംഗതി പന്തിയല്ലെന്ന് എനിക്കും  തോന്നി.

         ഇങ്ങേര്  ഈ കണ്ടീഷനിൽ കവുങ്ങുമ്മെ  കയറിയാ  ഞാൻ തന്നെ ഏതെങ്കിലും  ആശുപത്രിയിലേക്ക് കൊണ്ടോടേണ്ടിവരും .

                അവറാൻ ചേട്ടൻ ഫിറ്റാണെങ്കീ  വേണ്ട  നാളെ വന്നാലും മതി .

   ഞാനത് നിഷ്ക്കളങ്കമായാണ്  പറഞ്ഞതെങ്കിലും അവറാൻ ചേട്ടന്റെ  ആത്മാഭിമാനത്തിന്റെ മേലാണ് അത്  ചെന്ന് തറച്ചത് .

             ''ഫിറ്റോ ?, ഞാനോ ?, ഒരു പത്തു കുപ്പി അടിച്ചാലും  ഞാൻ ദേ  ഇങ്ങനെ നിക്കും ന്ന് പറഞ്ഞ്  ശരീര മത്സരത്തിൽ  ബോഡി ബിൽഡറ്  നിക്കണ പോലെ  ഒറ്റ നിപ്പ് .

     ശ്വാസം  ഒക്കെ പിടിച്ച്  കണ്ണൊക്കെ തള്ളി  ഏതാണ്ട് മഞ്ഞത്തവള  മസം പിടിച്ച് നിക്കണ പോലെ തോന്നി  എനിക്കത് കണ്ടപ്പോൾ .

              ആളുടെ  ആ നിപ്പും ,  ഭാവവുമൊക്കെ  കണ്ടപ്പോ എനിക്കും ചെറിയ പേടിയായി . എന്നെ കാണിക്കാൻ വേണ്ടി  എയറും പിടിച്ച് നിന്നിട്ട് . ആളെങ്ങാനും നിന്ന നിൽപ്പില്  വടിയായാലോ ?

   ഷാപ്പ്കാരൻ വറീതേട്ടൻ അത് പറയേം ചെയ്തു ''എന്റെ അവറാനെ നീ ശ്വാസം വിട് ചത്തുപോവും ''

      നീ ഒന്ന് പോടാ വറീതേ ഈ അവറാനെ പഴേ കളരിയാ പത്ത് പേര് വന്നാ നിന്ന നില്പില് ഞാൻ പൂശും .

    പത്ത് പേര് വന്നാ നിന്ന് പൂശില്ല പത്ത് റൌണ്ട് വട്ടം ചുറ്റി തലേം കുത്തി വീഴും ഞങ്ങള് കണ്ടതല്ലേ

       ഇന്നാളു മിലിട്ടറിക്കാരൻ രാജപ്പേട്ടൻ ലീവിന് വന്നപ്പോ കള്ള് കുടിക്കാൻ വന്നതാ അവറാൻ ചേട്ടനുമായിട്ടൊന്ന് ഒടക്കി. ഒറ്റ അടിയാത്രെ അവറാൻ ചേട്ടൻ പത്ത് റൗണ്ട് വട്ടം ചുറ്റിട്ടാ വീണത് അതോടെ ആളുടെ ബോധോം പോയി .

                           ഇതാ ഷാപ്പ്കാരൻ വറീത് പറഞ്ഞത്

           ''എന്താ നിനക്ക് കാണണോ ..? നിനക്ക് കാണണോ ഞാൻ പത്തു പേരെ അടിക്കണത് ''? അവറാൻ ചേട്ടൻ ചൂടായിട്ടാ വറീതിനോട് ചോദിച്ചേ  അവറാൻ ചേട്ടന് ആകെ ഷെയിമായി .

      എന്നാ നമുക്ക് പോവാം അവറാൻ ചേട്ടാ, ഒരു വിധത്തിലാ ഞാൻ പുള്ളീനേം സൈക്കിളിന്റെ പിന്നിലിരുത്തി ചവിട്ടിയത്

       അവറാൻ ചേട്ടാ, സൂക്ഷിച്ചൊക്കെ കേറിക്കോളോട്ടോ ?  എന്റെ വാണിംഗ്  കേട്ടപ്പോ  അവറാൻ ചേട്ടന് പരമ പുച്ഛം .

    നീ ഒന്ന് പോടാ  ചെക്കാന്നും പറഞ്ഞ്  ആള് കവുങ്ങും തോട്ടത്തിലേക്ക് കേറിപ്പോയി .

            ഞാൻ വീട്ടിലേക്കും

   ഒരു പത്തിരുപത് നിമിഷം കഴിഞ്ഞു കാണും  പറമ്പിന്ന് ഉച്ചത്തിലുള്ള  ഒരു ഓളി കേട്ട് ഞാൻ ഞെട്ടി.

            കർത്താവേ  അവറാൻ ചേട്ടൻ  അടക്കാ മരത്തീന്ന്  വീണോ ?

           ഞാനോടിച്ചെന്ന് നോക്കുമ്പോ  കവുങ്ങിന്റെ  കീഴെ കുറെ അടക്കാ വീണു കിടപ്പുണ്ട് . പറമ്പില് പണിക്കു വന്ന പെണ്ണുങ്ങള്  മുഴുവനും കവുങ്ങിന്റെ  ചോട്ടിലുണ്ട്  .

                   ഞാൻ അവറാൻ ചേട്ടനെ നോക്കി .

                ഭാഗ്യം , ഏതായാലും  ആള് താഴത്തില്ല .

                 എന്തൂട്ടാ പ്രശ്നം ? ആരാ ഓളിയിട്ടത് ?

             ഞാൻ പെണ്ണുങ്ങളോട് ചോദിച്ചേ  പക്ഷേ  ആരുമൊന്നും  മിണ്ടുന്നില്ല

                അപ്പോഴാണ്‌ മോളീന്ന് ഒരു ഞെരക്കം കേട്ടത്  .

              മുകളിലേക്ക്   നോക്കിയ  ഞാൻ ഞെട്ടിപ്പോയി

                രണ്ടു കവുങ്ങിന്റെയും തല ഭാഗം ''റ '' മാതിരി വളഞ്ഞു നിൽപ്പുണ്ട് . അതിന്റെ നടുവിൽ  രണ്ടു മരങ്ങളേയും  രണ്ടു കൈകൊണ്ടും , കാലുകൊണ്ടും   വലിച്ചു പിടിച്ച് അവറാൻ ചേട്ടൻ  ഒരു ചിമ്പാൻസി കണക്കെ തൂങ്ങികിടപ്പുണ്ട് .

            മുണ്ടാണെങ്കീ ,  അരക്കു ചുറ്റും ഒരു തളപ്പു  പോലെ ചുറ്റി കിടക്കുന്നൂ

             അടുത്ത കാഴ്ച്ച കണ്ട് ഞാൻ ശരിക്കും ഞെട്ടി..അയ്യോ  അവറാൻ ചേട്ടൻ വിത്തൌട്ട് ആണ് . കൈയ്യും, കാലും വിടാനും പറ്റില്ല, നാണം മറക്കാനും പറ്റാത്ത അവസ്ഥയിൽ  അവറാൻ ചേട്ടൻ കവുങ്ങിന്റെ മോളിലിരുന്നു വിയർക്കുന്നു.

              താഴെയാണെങ്കീ  പണിക്കാരി പെണ്ണുങ്ങൾ മുഴുവനും,   ആരും മേലോട്ട് നോക്കുന്നില്ല

             ''മരം കേറുമ്പോ  ഇയാൾക്ക് ഒരു കോണകമെങ്കിലും ഉടുത്തു കൂടേ ?''

    ശാരദേടത്തീടെ ആ വർത്താനം  കൂടി കേട്ടതോടെ  അവറാൻ ചേട്ടനെ വെട്ടിയാൽ പോലും ഒരു തുള്ളി  ചോര പോലും പൊടിയാത്ത അവസ്ഥ.

             കുടിച്ചതെല്ലാം  ആവിയായിപ്പോയി .

            അവറാൻ ചേട്ടൻ ദയനീയമായി എന്നെ നോക്കി  എങ്ങിനെയെങ്കിലും എന്നെ ഒന്ന് രക്ഷിക്കെടാ  എന്ന ഭാവം മുഖത്ത് .

             പണിക്കാരി പെണ്ണുങ്ങൾ ആണെങ്കിൽ ചിരിച്ച് , ചിരിച്ച് ബോധം കെട്ടു വീഴുന്ന  അവസ്ഥ .

               അവറാൻ ചേട്ടനാണെങ്കിൽ മുകളിലിരുന്ന് ഉരുകുന്നു .

     കൈവിട്ട് നാണം മറക്കാൻ ശ്രമിച്ചാ , തലേം കുത്തി താഴെപ്പോകും . ഇനി നാണം മറക്കാൻ  അവറാൻ ചേട്ടൻ താഴേക്ക് ചാടുമോയെന്നെനിക്ക് പേടിയായി .

               കാലുകൾ കൊണ്ട് രണ്ടു കവുങ്ങുകളേയും ചവുട്ടിത്തള്ളി  അതേസമയം  രണ്ടു കൈകൾ കൊണ്ട് കവുങ്ങുകളെ വലിച്ചു പിടിച്ചുമാണ്. അവറാൻ ചേട്ടൻ ബാലൻസ് നില നിറുത്തുന്നത് .

    പഴയ ബ്ലഡ്‌ സ്പോട്ട് സിനിമയിൽ  ''വാൻ ഡാമി ..''കാലകത്തി നിക്കണ പോസ്റ്ററിന്റെ ഓർമ്മയാ  എനിക്കത് കണ്ടപ്പോ തോന്നിയത് .

                  ഒന്ന് വിട്ട് ഒന്നിലേക്ക് മാറാനുള്ള ഗ്രിപ്പുമില്ല .

   ചെറിയ കവുങ്ങുകളായത്‌  അവറാൻ ചേട്ടന്റെ ഭാഗ്യം , ടെമ്പറ് കുറവാണ് ഇല്ലെങ്കി  അവറാൻ ചേട്ടൻ  നടു കീറിപ്പോയേനെ .

           ഈ അവസ്ഥയിലും ഭേദം  അതായിരുന്നു നല്ലതെന്ന്  അവറാൻ ചേട്ടൻ ചിന്തിക്കുന്നുണ്ടായിരിക്കും .
           
       സംഗതി ഇത് അവറാൻ ചേട്ടൻ . നാട്ടു കാരെ കാണിക്കാൻ വേണ്ടി ചെയ്തതൊന്നുമല്ല . സാധാരണ  കവുങ്ങുകൾ കേറുമ്പോ ,ഒന്ന് പറിച്ചു കഴിഞ്ഞാ അതിന്റെ തലപ്പിലിരുന്നു പതുക്കെ ആട്ടിക്കൊണ്ട് മറ്റേ കവുങ്ങിലേക്ക് കേറിപ്പിടിക്കും  അതിൽ നിന്നും  മറ്റൊന്നിലേക്ക്  ഇതാണ് പതിവ് ..

             ഇങ്ങിനെയാവുമ്പോ  പെട്ടെന്ന് പണി കഴിയും എല്ലാവരും സാധാരണ ഇങ്ങനെയൊക്കെത്തന്നെയാണ്   ചെയ്യാറും. എന്നാൽ   അന്ന് കുറച്ച് ഓവറായ കാരണം അവറാൻ ചേട്ടന്റെ  കണക്കു കൂട്ടല് ചെറുതായോന്ന് പിഴച്ചു .

          ഒരു കവുങ്ങീന്ന്  മറ്റേ കവുങ്ങിലേക്ക് ട്രിപ്പിസ് കാണിച്ച് ആഞ്ഞ് പിടിച്ചതും  എന്നാൽ വിചാരിച്ച പോലെ അതിലേക്ക് കയറാനും പറ്റിയില്ല. ഒന്നീന്ന് പിടി വിടാനും പറ്റിയില്ല മറ്റേതിലേക്ക് കേറാനും പറ്റാത്ത അവസ്ഥയിൽ  രണ്ടിന്റെയും നടുക്കായിപ്പോയി .

     ആകെ പരിഭ്രമിച്ച  പരാക്രമത്തിൽ   രണ്ടു കൈയ്യും , കാലും  രണ്ടു കവുങ്ങിലും  നടുവില് കാല്  പൊളിച്ചു വെച്ച്  അവറാൻ ചേട്ടനും .

        നിങ്ങളൊക്കെ ഒന്ന്പോയേ  ഞാൻ പെണ്ണുങ്ങളെയെല്ലാം ഓടിച്ചു വിട്ടു

              എങ്ങിനെയെങ്കിലും , ഈ മൊതലിനെയൊന്ന്  താഴെയിറക്കേണ്ടേ ?

    അവസാനം അവിടെയുള്ള പണിക്കാരനെ കൂട്ടി  ഒരു കവുങ്ങിനെ . കയറുകൊണ്ട് മറ്റേ കവുങ്ങ്മേലേക്ക് വലിച്ചു കെട്ടി  ഒരു വിധത്തിലാ  അവറാൻ ചേട്ടനെ താഴെയിറക്കിത്

          ആളന്ന്  കാശു പോലും വാങ്ങാൻ നിന്നില്ല . സ്വന്തം ചാരിത്ര്യം നഷ്ട്പ്പെട്ട് തല കുനിച്ചു നടന്നു പോകുന്ന അവറാൻ ചേട്ടന്റെ ദയനീയ ചിത്രം  ഇന്നും കണ്‍ മുന്നിൽ നിന്ന് മാറുന്നില്ല .

              സാധാരണ  നല്ല ട്രൌസറൊക്കെ ഇട്ടിട്ടാണ്  ആള് പണിക്കൊക്കെ ഇറങ്ങാറ്,  എന്നാൽ  എന്തോ അന്ന്

            ജസ്റ്റ്‌ മിസ്സ്‌  മറന്നു പോയിക്കാണണം .

           

                 

0 അഭിപ്രായങ്ങള്‍