അങ്ങിനെ സുപ്രീം കോടതി വക അവസാന ആണിയും അടിച്ചു കയറ്റി  പക്ഷേ .., ആരും ഞെട്ടിയില്ല .

           ഞെട്ടിയവർ ബാറുടമകൾ മാത്രം.

      പിന്നെ  ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയുടെ അവസാന നാളവും  കെട്ടുപോയി .

    ഇത് കൊണ്ട് എന്താണ് അർത്ഥമാക്കപ്പെടുന്നത് ?, മദ്യ ഉപഭോഗം കുറക്കലോ . അതോ ചിറ്റമ്മ നയമോ .?

         ഒരു ദിവസകുടിയൻ ഞെട്ടാതെ പറഞ്ഞു .

     അല്ലെങ്കിലും നമ്മൾ  ഈ ഫോർ സ്റ്റാറിലും  ത്രീ സ്റ്റാറിലും ഒന്നും പോയി കുടിക്കാറില്ല . നമുക്ക് ബിവറെജസ് ഉണ്ടല്ലോ എല്ലാത്തിനേക്കാളും വിലകുറവിൽ  സാധനവും  കിട്ടും .

          പിന്നെ കുടിക്കാനായിട്ട് ഉള്ള സ്ഥലം നമ്മളീ നിപ്പൻ അടിക്കുന്നവർക്ക് എല്ലാം ഒരു പോലെ തന്നെ .

        അപ്പോഴും  ആർക്കും മനസ്സിലാകാത്തൊരു ലോജിക്ക്  ഈ ത്രീ സ്റ്റാറും , ഫോർ സ്റ്റാറും  എന്ത് പിഴച്ചു എന്നുള്ളതാണ് .?

       ഫൈവ് സ്റ്റാറിലും ആകാം  ബിവറേജസിലും ആകാം , കള്ള് ഷാപ്പിലും ആകാം  പക്ഷേ .., അതിന്റെ നടുക്കുള്ളവർക്ക് മാത്രം ആകാൻ പാടില്ല .

          ഇവിടെ മാത്രം നിരോധനം വന്നാൽ  കേരളത്തിലെ മദ്യപാന ആസക്തി കുറയുമോ ? ആയിരക്കണക്കിന് മറ്റു മാർഗ്ഗങ്ങൾ മുന്നിൽ തുറന്നു കിടക്കുമ്പോൾ  ഇത് ബാലിശമായി തോന്നുന്നു .

         ഇനി അമിതമായ മദ്യപാന ആസക്തി കുറക്കാനാണെങ്കിൽ  അതിന്റെ കാരണങ്ങൾ ആണ് കണ്ടെത്തേണ്ടത് . അത് മാനസീകാമോ ,ശാരീരികമോ , ആയ കാരണങ്ങൾ  ആണോയെന്ന് കണ്ടെത്തി  അതിന്റെ നിർമ്മാർജ്ജനം  ഒന്നിൽ നിന്നു  തന്നെ തുടങ്ങണം .

         അല്ലാതെ കുറച്ച് ബാറുകൾ അടച്ച്  മദ്യപാനത്തോടുള്ള ആസക്തി കുറയ്ക്കാമെന്ന്  കരുതുന്നത്  ഒരു അടിസ്ഥാനപരമായ ലോജിക്കായി തോന്നുന്നില്ല .

       അമിതമായ ലഹരിക്ക്‌ അടിപ്പെട്ടയാൾ  എവിടെ പോയി വേണമെങ്കിലും തന്റെ ആസക്തി തീർക്കാം . അതിനു കഴിയുന്നില്ലെങ്കിൽ അയാൾ ലഹരിയുള്ള  മറ്റെനേകം മാർഗ്ഗങ്ങൾ തേടിപ്പോയേക്കാം .

          അത് കൂടുതൽ പ്രത്യാഘാതങ്ങളിലേക്കാണ് വാതിൽ തുറക്കുന്നത് .

       ഒന്നില്ലെങ്കിൽ  പൂർണ്ണമായൊരു നിരോധനം  അല്ലെങ്കിൽ പിന്നെ ഈ നിരോധനത്തിന് എന്താണൊരു  പ്രസക്തി ?  മുട്ടിനു മുട്ടിനു  കള്ള് ഷോപ്പുകൾ , ബിവറേജസുകൾ  ഇതെല്ലാം ഉള്ളപ്പോൾ എങ്ങിനെയാണ്  മദ്യ ഉപഭോഗം കുറയുന്നത് ?

        ഈ നിരോധനത്തിലൂടെ  ഒരു പാട് കുടുബങ്ങളെ  പട്ടിണിയിലേക്കും, കഷ്ട്ടതയിലേക്കും തള്ളിയിടുന്നു  എന്നുള്ള ദുഖകരമായ അവസ്ഥാവിശേഷം ഒഴിച്ചാൽ   വേറെ യാതൊന്നും തന്നെയില്ല . ലഹരിക്ക്‌ അടിമപ്പെട്ടവൻ  പേ പിടിച്ച നായയുടെ മാനസീകാവസ്ഥക്ക് തുല്യനാണ് .

        അയാളുടെ ഉള്ളിൽ  ലഹരി .., ലഹരി എന്നുള്ള ഒരേ ഒരു വികാരം മാത്രം . അയാൾ ചുറ്റുമുള്ളതൊന്നും  കാണുന്നില്ല  താൻ ഉൾപ്പെടുന്ന സമൂഹത്തെക്കുറിച്ച് അയാൾ ബോധവാനല്ല . തന്റെ കുടുംബത്തെക്കുറിച്ചോ  എന്തിന് .., തന്നെത്തന്നെകുറിച്ചോ  അയാൾ ഉൽക്കണ്ടാകുലനല്ല.

       ലഹരി ..,,അയാളുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒരു ഭാഗമായി മാറിയിരിക്കുന്നു .

   അതിൽ നിന്നുമുള്ള ഒരു മോചനത്തിന്  മാനസീകവും  ശാരീരികവും  സ്നേഹപൂർണ്ണവും ആയ ഒത്തൊരുമയിലൂടെയുള്ള  ചിക്ത്സാരീതിയിലൂടെ മാത്രമേ മുക്തി നേടാൻ  കഴിയൂ എന്നിരിക്കെ .., ഈ തരത്തിലുള്ള ഒരു ബാഹീകമായ  നിരോധനത്തിന്റെ വിജയസാദ്ധ്യത  അതിന്റെ ഉദ്ദേശ്യശുദ്ധിക്ക് നൂറു ശതമാനവും  യോജിക്കുന്നതാണോ എന്നുള്ളത് ചിന്തിക്കേണ്ടതുണ്ട് .?

      കൂടാതെ ..,ഇത്രയും കഠിനമായ ലഹരിക്ക്‌ അടിമപ്പെട്ടവർ  വെറും തുച്ഛമായേ  കേരള സമൂഹത്തിൽ ഉള്ളൂ .

        അവർ ഒരിക്കലും  ലഹരിക്കു വേണ്ടി സ്റ്റാർ ഹോട്ടലുകളുടെ പടിവാതിൽക്കലുകളിൽ എത്താറുമില്ല . അപ്പോൾ പിന്നെ ഈ നിരോധനം കൊണ്ട് എന്താണൊരു പ്രസക്തി .?

       ആവശ്യമായ  ഗ്രഹപാഠങ്ങൾ  നടത്താതെയുള്ള ചില നയങ്ങൾ  ഗുണത്തെക്കാളേറെ  ദോഷങ്ങൾ ആണ് വരുത്തി വെക്കുക .

    

0 അഭിപ്രായങ്ങള്‍