ഏതായാലും രണ്ടു ദിവസത്തിനുള്ളിൽ ജാൻസി തിരിച്ചു വന്നു. മീൻകാരൻ  മമ്മദിന്റെ കാള, രാമുവുമായി കുറേ ദൂരം വെറുതേ നടന്നു  പോയത് ജാൻസി അറിഞ്ഞില്ല.  തിരിച്ചു നടന്നപ്പോഴാ  വഴിതെറ്റിയത്,   വഴിതെറ്റിയെന്ന് മനസ്സിലായതോടെ രാമു എങ്ങടോ മുങ്ങി . 

ബ്ലെ .. ബ്ലെ ..  ന്നുള്ള  കരച്ചില് കേട്ടതോടെ ഒറോത ചേടത്തിയും, അവറാൻ ചേട്ടനും പറമ്പിലോട്ട് പാഞ്ഞാ ചെന്നത്. 

അവറാൻ ചേട്ടൻ ഓടിവരണ കണ്ടതോടെ, എങ്ങോട്ടാ മനുഷ്യാന്നും  ചോദിച്ച് ചേടത്തി ഒരു തള്ള് വെച്ചുകൊടുത്തു. പാവം നേരെ പോയി തടമെടുത്ത  തെങ്ങും കുഴിയിലേക്കായിരുന്നു വീണത്.  പശൂനെ കണ്ട സന്തോഷത്തില് നല്ല സ്പീഡിൽ ഓടി വരായിരുന്നു.  അതേ സ്പീഡിൽ തന്ന്യാ പോയി തെങ്ങും കുഴീലോട്ടും വീണത്. എന്താ സംഭവിച്ചതെന്ന്  അവറാൻ ചേട്ടന് ആദ്യമൊന്നും  മനസ്സിലായില്ല. പിന്ന്യാ  താൻ തെങ്ങും കുഴിലാന്നുള്ള തിരിച്ചറിവുണ്ടായത് . ഏതായാലും അവിടെ കിടന്നും അവറാൻ ചേട്ടൻ , എന്റെ പൊന്നുമോളേ ജാൻസിയെന്നും  വിളിച്ചോണ്ട് വാവിട്ട് കരഞ്ഞു . 

ഒറോത ചേടത്തി, ജാൻസിയെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു. അത് കണ്ട്  ജാൻസിടെ കണ്ണീന്നും വെള്ളം വന്നു . 

ഈ സമയത്തായിരുന്നു  മീൻകാരൻ മമ്മദ് മീനും കൊണ്ട് ആ വഴി വന്നത്.  എല്ലാവരുടെ കണ്ണീന്നും വെള്ളം വരുന്ന കണ്ടതോടെ മമ്മദിന്റെ കണ്ണീന്നും വെള്ളം വന്നു .  

എന്താന്നറിയില്ല ,ആരെങ്കിലും കരയുന്ന കണ്ടാ അപ്പൊ മമ്മദിന്റെ കണ്ണിനും കരയാൻ തോന്നും .

ഈ കൂട്ടക്കരച്ചിൽ കണ്ടതോടെ റോമൂനും കരച്ചില് വന്നു. 
ഇതേ സമയം,  മൂത്രമൊഴിക്കാനായി അതുവഴി വന്ന റൗഡി രാജു നായക്കും കരച്ചില് വന്നു സാധാരണ അവൻ അങ്ങിനെയൊന്നും കരയാത്തോനാ.

രാജുവിന്റെ സ്ഥിരം റൂട്ടാണ് അവറാൻ ചേട്ടന്റെ വീടിന്റെ മുന്നീക്കൂടെ പോലീസ് സ്റ്റേഷൻ വഴി കവല വരെ. ഓരോ സ്ഥലത്തും ഓരോ തെങ്ങുകളുണ്ട്  അതാണ് മൂത്രമൊഴിക്കുന്ന സ്ഥിരം കുറ്റി.  അവയുടെ കടക്ക് മൂത്രം ഒഴിച്ചിട്ട് പോയാലേ രാജൂനൊരു സമാധാനം കിട്ടുകയുള്ളൂ.   ഒഴിക്കാൻ ആവശ്യത്തിനു  മൂത്രം ഇല്ലെങ്കിൽ കൂടി, അത് വരുന്നതു വരെ വെയിറ്റ് ചെയ്ത് ഒഴിച്ചിട്ടേ അവൻ  പോകത്തുള്ളൂ .

അതുകൊണ്ടു തന്നെ സർക്കീട്ടിനു പോവുന്നതിനു മുന്നേ ധാരാളം വെള്ളം കുടിച്ചിട്ടാ രാജു ഇറങ്ങാറ്. അല്ലെങ്കിലും രാജൂന് വീട്ടില് മൂന്നുനേരോം കഞ്ഞിവെള്ളമാ കൊടുക്കാറ്. അതുമാത്രം മതി  ഈ ഗ്രാമം മുഴുവനും മൂത്രമൊഴിച്ചു നടക്കാനുള്ള വെള്ളമുണ്ടാവും  എന്നാലും ഒരു ധൈര്യത്തിന് കുറച്ചു കൂടി വെള്ളം  കുടിച്ചിട്ടേ രാജു ഇറങ്ങാറുള്ളൂ .

റൗഡി രാജൂനെ കണ്ടതോടെ  റോമു പതുക്കെ മുങ്ങി  ദിവസോം കഞ്ഞിയാണ്  കുടിക്കുന്നതെങ്കിലും  നല്ല ബോഡിയാണ് പഹയന്റെ  മുട്ടാൻ നിന്നാല് പണി പാളുന്ന് റോമൂന് നന്നായറിയാം .

ആ യാത്രയില് വഴിയിൽ  കാണുന്ന നായക്കളേം, പൂച്ചകളേം, കോഴികളേം  ഒന്നും  രാജു വെറുതേ വിടത്തില്ല  അത് കാരണാ രാജൂന്,  റൗഡിന്ന പേര് വീണതു തന്നെ. 

ഈ ഗ്രാമം മുഴുവൻ തന്റെ അധീനതയിലാണെന്നാ രാജുവിന്റെ വിചാരം. 

ഗൾഫുകാരൻ ഭാസ്ക്കരേട്ടന്റെ വീട്ടിലെ  നായ ഡിങ്കൂന് വരെ രാജുവിനെ  പേടിയാ. സത്യത്തില് ഡിങ്കു ഡോബർമാനാ പക്ഷേ രാജൂനെ കാണുമ്പോഴേക്കും അവനതങ്ങു  മറക്കും .

അതിനൊരു കാരണമുണ്ട് , ഡോബർമാനല്ലേ .. തന്നെ കണ്ടാ  രാജു പേടിച്ചോളൂന്നും  വിചാരിച്ച്  ഒരു പ്രാവശ്യം അവൻ ഗമ കാണിച്ചു  നിന്നതാ. പക്ഷേ  പണി പാളി അന്നത്തെ സംഭവത്തിനു ശേഷം  രാജു വരുന്ന  കാണുമ്പോ കണ്ണടച്ചിരിക്കാറാ പതിവ് അപ്പോൾപ്പിന്നെ രാജൂനെ കാണണ്ടല്ലോ?  അത്രക്കും പേടിയാ . 

ഡിങ്കു വന്ന സമയത്ത് ഒരു പ്രാവശ്യം രാജുവുമായിട്ടൊന്ന്  മുട്ടിയതായിരുന്നു.  ഭാസ്കരേട്ടന്റെ വീടിന്റെ മുന്നേകൂടെ രാജു പോവുമ്പോഴെക്കെ ഡിങ്കു  നിന്ന് കുരക്കാറാ പതിവ്  . ഞാനിവിടെയുള്ളപ്പോ വേറെ ആരേം ആ ഏരിയായിൽ പോലും കണ്ടുപോകരുത് എന്നൊരു ലൈൻ കൂടി ആ കുരക്കു പിന്നിൽ  ഡിങ്കൂനുണ്ടായിരുന്നു.  പിന്നെ താൻ  ഡോബർമാനല്ലേ എന്നൊരു അഹങ്കാരവും അത് കാരണം ലോക്കൽ  പട്ടികളെ കാണുമ്പോഴൊക്കെ അവനൊരു തരം പുച്ഛമാണ്  .

ഒരു ദിവസം  രാജു വരുന്നത് കണ്ടതോടെ  വേട്ടക്കാരനെപ്പോലെ ഡിങ്കു പാഞ്ഞു ചെന്നു,  ഗേറ്റ് പാതി തുറന്നു കിടക്കയായിരുന്നു. 

സാധാരണ ഇതുപോലെ ഡിങ്കു  പാഞ്ഞുവരുന്നത്  കാണുമ്പോ തന്നെ ആ ഏരിയായിലുള്ള ഒരു മാതിരി നായ്ക്കളും , പൂച്ചകളും , കോഴികളുമൊക്കെ  ജീവനും കൊണ്ട് പറ പറക്കുകയാണ് പതിവ്.  ആ പ്രതീക്ഷയോടെ പാഞ്ഞ ഡിങ്കുന് തെറ്റി  രാജു അനങ്ങാപ്പാറ പോലെ ഒറ്റ നിപ്പ്. അതോടെ സംഗതി പാളീന്ന് ഡിങ്കുന് മനസ്സിലായി തിരിഞ്ഞോടിയാ നാറ്റക്കേസാവും . ഭാസ്ക്കരേട്ടനാണെങ്കീ  പേപ്പറും വായിച്ചോണ്ട് ഉമ്മറത്തിരിപ്പുണ്ട് .

ഇവിടെ, ഈ കൊടിച്ചിപ്പട്ടിയുടെ മുന്നിൽ തോറ്റാ തന്റെ രാജകീയ വാസം അതോടെ തീരും.  വെറുതേ വല്ല പൂച്ചേനേം , കോഴീനേം അപ്പുറത്തെ റോമൂനേം ഒക്കെ പേടിപ്പിച്ച് വിട്ടാ മതിയായിരുന്നു, ഇതിപ്പോ കൈവിട്ട കളിയായിപ്പോയി.  ഗേറ്റ് അടഞ്ഞു കിടക്കായിരുന്നെങ്കീ അതിന്റെ പേരില്  ഇപ്പറത്തു നിന്നും കുരച്ചാ മതിയായിരുന്നു. കഷ്ടകാലത്തിന്  പേപ്പറുകാരൻ ദ്രോഹി പേപ്പറും കൊടുത്ത് ഗേറ്റ് തുറന്നിട്ടാ പോയത് .

എന്റെ ഈശ്വരാ,  ഡിങ്കു ഒളികണ്ണിട്ട് ഉമ്മറത്തോട്ട്  നോക്കി. ഭാസ്ക്കരേട്ടനാണെങ്കി പേപ്പറുവായന അവസാനിപ്പിച്ച്  തന്റെ പ്രകടനം കാണാൻ തന്നെ.,  തന്നെ നോക്കിയിരിക്കുന്നു.  ഭാസ്ക്കരേട്ടന്റെ  വിചാരം താൻ  ഇവനെയിപ്പോ കടിച്ചു കീറി ആ  രക്തത്തില് നീന്തിത്തുടിക്കുമെന്നാ  പക്ഷേ ഇവന്റെ നിപ്പു കണ്ടാ, അവൻ തന്നെ കടിച്ചു കീറി തന്റെ രക്തത്തില് നീന്തി തുടിക്കൂന്നാ തോന്നണേ.

ഭാസ്കരേട്ടന് പേഴ്സണലായിട്ടും രാജൂവിനോട്  ഒരു കലിപ്പുണ്ട്.  ഭാസ്ക്കരേട്ടന്റെ വീടിന്റെ മുന്നിലാ രാജൂന്റെ ഒരു സ്ഥിരം കുറ്റി തെങ്ങുള്ളത്. എപ്പോ അതുവഴി പോയാലും അവിടെയൊന്ന്  മൂത്രമൊഴിച്ചാലേ രാജൂന് സമാധാനമാവുകയുള്ളൂ.  ഗൾഫീന്ന് ലീവില് വന്നാ ഭാസ്ക്കരേട്ടനും അതിന്റെ കടക്ക് തന്ന്യാ മൂത്രമൊഴിക്കാ . നായേടീം മനുഷ്യൻറേം മൂത്രപ്പുരയായി മാറി ആ  തെങ്ങിന്റെ തടം.  പാവത്തിന്  മിണ്ടാൻ പറ്റാത്തോണ്ട് സഹിക്കണൂന്ന് മാത്രം . 

ഒരു ദിവസം ഭാസ്ക്കരേട്ടൻ  മൂത്രമൊഴിക്കാൻ ചെന്നപ്പോഴായിരുന്നു   തെങ്ങിൻ ചുവട്ടിലുള്ള രാജൂന്റെ പരാക്രമം കണ്ടത്.  താൻ സ്ഥിരം മൂത്രമൊഴിക്കുന്നിടത്ത്  ഒരു നായ  മൂത്രമൊഴിക്കേ ?. ഭാസ്ക്കരേട്ടൻ ഒരു കല്ലെടുത്ത് ഒറ്റ വീക്ക് തിരിഞ്ഞു നിന്ന് മൂത്രമൊഴിക്കായിരുന്ന രാജൂന്റെ തലേലാ അത് ചെന്ന് കൊണ്ടത്  .എന്താ സംഭവിച്ചേന്ന് രാജൂന് മനസ്സിലായില്ല കണ്ണീക്കൂടെ കുറെ പൊന്നീച്ചകള് പറന്നു പോയതു പോലെ മാത്രം അവനു തോന്നി  .

അതോടെ രാജൂന്റെ പകുതി മൂത്രം സഡൻ ബ്രേക്കിട്ടുകൊണ്ട്  മുകളിലോട്ട്   കേറിപ്പോയി.  ഭാഗ്യം കൊണ്ടാ അവൻ തല ചുറ്റി വീഴാതിരുന്നത്  . സാധാരണ നായ്ക്കള് കല്ലെടുത്താ ഓടും , ഏറുകൊണ്ടാ മോങ്ങും ആ തിയറി വെച്ചായിരുന്നു  ഭാസ്ക്കരേട്ടൻ കാച്ചിയത്.  പക്ഷേ ഭാസ്ക്കരേട്ടന്റെ ആ തിയറി ഇവിടെ തെറ്റിപ്പോയി. രാജു ഓടിവന്ന് ഒറ്റ കടി, ഭാസ്ക്കരേട്ടൻ ഇനിയൊരിക്കലും മൂത്രമൊഴിക്കരുത് എന്നുള്ള കോൺസെപിറ്റിലായിരുന്നു  അവൻ വന്നു കാച്ചിയത് .

ഭാസ്ക്കരേട്ടന്റെ ഭാഗ്യം , ശാരദേടത്തീടെ ഭാഗ്യം ജസ്റ്റ് മിസ്സ്,  തലക്ക് ഉന്നം വെച്ചത് ഷോൾഡറില് കൊണ്ടൂന്ന് പറഞ്ഞതുപോലെ ആയി .  

അഞ്ചു തുന്നിക്കെട്ട് വേണ്ടി വന്നു ഭാസ്കരേട്ടന് .  ആറ്റ് നോറ്റ് ആറുമാസം കഴിഞ്ഞ് പതിനഞ്ചു ദിവസത്തെ ലീവിന്  വന്നതായിരുന്നു ഭാസ്ക്കരേട്ടൻ. അതും വന്ന അന്ന് രാവിലെ തന്നെയാ  ഭാസ്ക്കരേട്ടന് ഈ  വിവരദോഷം കാണിക്കാൻ തോന്നിയത്  . ഒരു ദിവസമെങ്കിലും കഴിഞ്ഞിട്ട് ഈ നായക്ക് കടിച്ചാ പോരായിരുന്നോ എന്നാലോചിച്ച് ഭാസ്ക്കരേട്ടനും , ശാരദേടത്തീം നെടുവീർപ്പിട്ടു . ഒരു നിമിഷത്തെ  ആവേശം കൊണ്ട് സ്വപ്നം കണ്ട  കിനാക്കളെല്ലാം തകർന്നു പോയതു പോലെയായിരുന്നു  ഭാസ്ക്കരേട്ടന് .

ദുബായിലുള്ള ഷേക്കിനോട് ഒരു  പതിനഞ്ചു ദിവസത്തെ ലീവു കൂടി ഭാസ്ക്കരേട്ടൻ കരഞ്ഞു  ചോദിച്ചു . പക്ഷേ.. ഹൃദയശൂന്യനായ ആ അറബി കൊടുത്തില്ല . 

വന്ന കാര്യം നടന്നില്ലാന്ന്  പറഞ്ഞു നോക്കിയെങ്കിലും  അറബി ഒരു പൊടിക്ക് പോലും സമ്മതിച്ചില്ല.  അടുത്ത ലീവിന് പോയിട്ട്  ആ കാര്യം നടത്തിയാൽ മതിയെന്നായിരുന്നു  അറബി കണ്ണീച്ചോരയില്ലാണ്ട് പറഞ്ഞുകളഞ്ഞത് . അടുത്ത ലീവിന്  ആറുമാസം കാത്തിരിക്കണം. ഭാസ്‍കരേട്ടൻ വാവിട്ട് കരഞ്ഞുകൊണ്ടായിരുന്നു അപ്രാവശ്യം  തിരിച്ചു പോയത്.  ശാരദേടത്തിയും വാവിട്ട് കരഞ്ഞു ഈ സമയത്താ മീൻകാരൻ മമ്മദ് അതുവഴി  വന്നത് ഈ കൂട്ടക്കരച്ചിൽ കണ്ടതോടെ മമ്മദും നിന്ന് കരഞ്ഞു  . 

താനെന്തിനാടോ നിന്ന് മോങ്ങണെന്ന് ശാരദേടത്തി ചോദിച്ചപ്പോഴാ  മമ്മദ് കണ്ണു മിഴിച്ചത് . 

അല്ല താനിപ്പന്തിനാ  കരയണേന്ന് എത്ര ആലോചിച്ചിട്ടും മമ്മദിനും മനസ്സിലായില്ല .

അപ്രാവശ്യത്തെ  ലീവ് ഒരു വൃതമാക്കിമാറ്റിയ രാജൂനോട് അന്നു തുടങ്ങിയ  അടങ്ങാത്ത പകയാണ് ഭാസ്ക്കരേട്ടന് .

ഒരു പ്രാവശ്യം രാജൂനെ കൊല്ലാൻ വേണ്ടി, ഭാസ്ക്കരേട്ടൻ കോഴിക്കാലില് വിഷം പുരട്ടീ വെച്ചതാ .പക്ഷേ ഡിങ്കു അത് ഡിങ്കൂനാണെന്നും വിചാരിച്ചു  ഓടിപ്പോയി എടുത്തു  തിന്നു.  എടാ..മരങ്ങോടാ അത്  തിന്നല്ലേ .. വിഷമുണ്ടെടാന്ന് ഭാസ്ക്കരേട്ടൻ വിളിച്ചു പറയുമ്പോഴേക്കും ഡിങ്കു പകുതി തിന്നുകഴിഞ്ഞിരുന്നു. വിഷംന്ന് കേട്ടതോടെ ഡിങ്കുഞെട്ടി ബോധം കെട്ടു വീണു. അവസാനം മൃഗാശുപത്ത്രീലോട്ട്  എടുത്തോണ്ട്  പോയി ഡിങ്കുന്റെ വയറിളക്കിയിട്ടാ  ഒരു വിധത്തില്  ജീവൻ തിരിച്ചു  കിട്ടിയത് .  ആശുപത്രിക്കാര്  വയറിളക്കുന്നതിനു മുന്നേ  പത്തുപതിനഞ്ചു പ്രാവശ്യത്തോളം പേടികൊണ്ട്   ഡിങ്കൂന് സ്വയം  വയറിളകി പോയിരുന്നു, ആ  കാരണം കൊണ്ടു കൂടിയാ അവനന്ന്  രക്ഷപ്പെട്ടത്.  അതൊരു വല്ലാത്ത ഇളക്കമായിരുന്നു  പേടികൊണ്ട്  ആമാശയം വരെ അവൻ ഇളക്കിക്കളഞ്ഞു  . ആ സംഭവത്തിനു  ശേഷം കുറേനാളത്തേക്ക്  കോഴിക്കറിയെന്നു കേൾക്കുന്നത് പോലും  അവനു പേടിയായിരുന്നു, എന്തിന് ജീവനുള്ള  കോഴിയെ കണ്ടാൽ പോലും പേടികൊണ്ട് ഡിങ്കൂന് വയറിളക്കം വരും   .  

ആ പ്രതികാരം തീർക്കാനുള്ള അവസരമാണ് ഇന്നു വന്നു ചേർന്നിരിക്കുന്നത്.  തന്റെ ഡിങ്കു അവനെ കടിച്ചു കീറും, ഡോബർമാനാണവൻ,  ഡോബർമാൻ . ആ കാഴ്ച കാണാൻ ഭാസ്ക്കരേട്ടൻ, ശാരദേടത്തിയെ കൂടി  വിളിച്ചു . പക്ഷേ  ഡോബർമാനായ ഡിങ്കു  പകുതി ജീവൻ  പോയ അവസ്ഥയിലാണ് നിൽക്കുന്നത് . ഏതായാലും ഒന്ന് കുരച്ചു നോക്കാം, തന്റെ കുര കേട്ടെങ്കിലും ഇവൻ പേടിച്ച് ഓടിയാലോ?. , ആ ഒരു പ്രതീക്ഷയിലായിരുന്നു ഡിങ്കു . പക്ഷേ അതിനും  ആശക്ക് വകയില്ല.  ദിവസോം താൻ ഇവനെ നോക്കി കുരക്കാറുള്ളതാ അന്നൊന്നും ഇവൻ പേടിക്ക പോയിട്ട്, കേട്ട ഭാവം പോലും കാണിക്കാറില്ല. ഏതായാലും  ഒന്ന് കുരച്ചു നോക്ക തന്നെ, തന്റെ ഭാഗ്യം കൊണ്ടെങ്ങാനും അവൻ തിരിച്ചു പോയാലോ?. 

ഒന്നല്ല, പത്തു കുര കുരച്ചിട്ടും ഡിങ്കു തന്നെത്താൻ  പേടിച്ചൂന്നല്ലാതെ രാജൂന് ഒരു കുലക്കോം ഉണ്ടായില്ല . ഡിങ്കുന്റെ നിറുത്താതെയുള്ള കാറല്  കേട്ട റോമു വേഗം കൂട്ടീക്കേറി.  ഇവനെങ്ങാനും ഭ്രാന്തു പിടിച്ചോന്നായിരുന്നു  അവന്റെ സംശയം, ഇങ്ങനെ നിറുത്താണ്ട് കുരച്ചോണ്ടിരിക്കാൻ ?.

ഡിങ്കൂന്റെ ആ കുരക്ക് എന്തോ ഒരു പ്രത്യേകതയുള്ളതു പോലെയാ റോമുവിന് തോന്നിയത്. 

ദയവു ചെയ്ത്...നീ   പോകൂ പോകൂ ന്ന് കരയുന്ന പോലെ.
 
കുരച്ച്, കുരച്ച് അവസാനം ഡിങ്കൂന്റെ ശബ്ദം അടഞ്ഞു. ഇപ്പൊ കുര കേട്ടാൽ വാവിട്ട് കരയുന്ന  പോലെയായി   . 

ദേ.. നിങ്ങടെ ഡോബർമാൻ, പേടിച്ച് മുള്ളി നിന്ന്  കരയുന്നുണ്ട് . ആ പേടിത്തൂറിയെ  വേഗം വിളിച്ചോണ്ട് പോര്, അല്ലെങ്കി അവിടെയെല്ലാം മുള്ളി നാറ്റിക്കും .  

ശാരദേടത്തിയുടെയാ വാക്കുകൾ,  അഭിമാനത്തിനേറ്റ ക്ഷതം പോലെയാണ് ഡിങ്കുവിന് നോക്കിയത് . അഭിമാനം നോക്കി കടിക്കാൻ പോയാ ചിലപ്പോ തന്റെ കാറ്റാവും പോവാ . 
 
അവസാന കൈക്ക് ഡിങ്കു, രാജുവിനു  നേർക്ക് തന്റെ മൂട് കാണിച്ചു നിന്ന്   കുരച്ചു നോക്കി.

ഇനി തന്റെ മുറി വാല്  കണ്ട്  ഡോബർ മാനാണെന്ന് മനസ്സിലായി രാജു പേടിച്ചോടിയാലോന്നായിരുന്നു ഡിങ്കു ആശിച്ചത് . പക്ഷേ ഡിങ്കൂന്റെ ആ പ്രതീക്ഷയും അസ്ഥാനത്തായി .  

ഡിങ്കൂന്റെ മുറിവാല് കണ്ടതോടെ രാജൂന് ചിരിയാണ് വന്നത്. വാലു പോലും ശരിക്കില്ലാത്തോനാ  തന്നെ പേടിപ്പിക്കാൻ നോക്കുന്നതെന്നും ആലോചിച്ച് .




ഇവനെന്തൂട്ടാ ഈ  കുണ്ടി കാണിച്ച് കരഞ്ഞോണ്ട് നിൽക്കുന്നത്?  കടിച്ചു പറിക്കെടാ ..... ആ ....നായിന്റെ മോനെ  ഭാസ്ക്കരേട്ടൻ ഉമ്മറത്തിരുന്ന് പച്ചത്തെറിയിലാ  അതു വിളിച്ചു പറഞ്ഞേ. മോനേക്കു  മുന്നേയുള്ള  ആ കടുത്ത പ്രയോഗം തന്റെ നേർക്കാണെന്നാ ഡിങ്കൂന് തോന്നിയത്. 

ഇനിയൊന്നും  ആലോചിക്കാനില്ല ഇവിടെ  ജയിച്ചാൽ താൻ രാജാവ് അല്ലെങ്കിൽ ? അതേക്കുറിച്ച് ഓർക്കുവാൻ പോലും കഴയാതെ ഡിങ്കു ഉള്ളിൽ കരഞ്ഞു  

ഇന്നിതാ താൻ  പിച്ചക്കാരനായി മാറിയിരിക്കുന്നു  ആ ഓർമ്മയിൽ ഡിങ്കു ഞെട്ടി  അന്നത്തെ ആ സംഘട്ടനത്തിനു ശേഷം ഡിങ്കൂന്റെ എല്ലാ ഫെസിലിറ്റികളും ഭാസ്ക്കരേട്ടൻ പിൻവലിച്ചു കടിപിടി  കഴിഞ്ഞു വന്ന ഡിങ്കൂനെ ഒറ്റ ചവിട്ടും അതായിരുന്നു അവനെ  ഏറെ വേദനിപ്പിച്ചത് . 

ഡോബർമാനാണത്രേ .., ഡോബർമാൻ ആ കൊടിച്ചിയുടെ കടിയും കൊണ്ട്  മോങ്ങിക്കൊണ്ട് വന്ന് നിൽക്കുന്നൂ . അവന് ഹോർലിക്സ്  കലക്കി കൊടുക്ക് ശാരദേടത്തീടെ കളിയാക്കൽ വേറെ  സത്യത്തിൽ ഡിങ്കു വിചാരിച്ചത് തനിക്ക് ശരിക്കും ഹോർലിക്സ്  കലക്കി തരൂന്നായിരുന്നു .  അത് കിട്ടൂന്നും വിചാരിച്ച് ശാരദേടത്തീടെ കാലുമ്മേ പോയി വെറുതേ രണ്ടു നക്ക് നക്കി  .   ഹോർലിക്സിന് പകരം ഒറ്റ ചവിട്ടാ ചേട്ടത്തി കൊടുത്തത് , ഡിങ്കൂന്റെ ജീവൻ പോയി  ഈ പേടിത്തൊണ്ടനെ കൊണ്ട് പോയി കളയാ നല്ലത്  അത് കൂടി കേട്ടതോടെ കൈയ്യും കാലും വിറച്ചിട്ടാണെങ്കിലും ഡിങ്കു ഓടിപ്പോയി കൂട്ടിൽക്കേറി.

തന്നെ കൊന്നാലും ഈ കൂട്ടീന്ന് ഇറങ്ങത്തില്ലാന്നാ അവൻ മനസ്സില് പ്രതിജ്ഞയെടുത്തത് 

കടി കൊണ്ടു വന്ന തന്നെ ഒന്ന് ആശ്വസിപ്പിക്കപോലും ചെയ്യാതെ   ചവിട്ടിയതാണ്  ഡിങ്കുവിനെ ഏറെ വേദനിപ്പിച്ചത്

അതോടെ ഡിങ്കൂന്  സ്ഥിരം നൽകാറുള്ള ഹോർലിക്സ് നിന്നു നല്ല കുറുകുറാ പാലില് ഹോർലിക്‌സും പഞ്ചസാരയും ഇട്ട് ഇളക്കി ദിവസോം മോണിംഗിന്  കിട്ടിക്കൊണ്ടിരുന്നതാ . ഒരു പ്രാവശ്യം മധുരം  കുറഞ്ഞ കാരണം കൊണ്ട് ഡിങ്കു  ഹോർലിക്സ് കുടിച്ചില്ല , അവസാനം ഭാസ്ക്കരേട്ടൻ വേറെ ഹോർലിക്സില് നിറയെ  പഞ്ചസാര ഇട്ട് കൊണ്ട് വന്നു കൊടുത്തു .

അന്നത്തെ കടിപിടിക്കു  ശേഷം എല്ലാം നിന്നു കുപ്പിയില്  ബാക്കിയുള്ള ഹോർലിക്സ് ശാരദേടത്തി കുടിച്ചു തീർത്തു ആ മരങ്ങോടൻ നായക്ക് എന്തിനാ കൊടുക്കണേന്നും ചോദിച്ചാ ശാരദേടത്തി കുടിച്ചത് വേറെ വല്ല കൊടിച്ചി പട്ടികൾക്കും കൊടുക്കാ നല്ലതെന്നും അതിനോട് അനുബന്ധമായി പറഞ്ഞു  ഇത് കേട്ട് ഭാസ്ക്കരേട്ടൻ തനിക്കും ഹോർലിക്സ് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചേട്ടത്തി കൊടുത്തില്ല .

അതിനു ശേഷം ഡിങ്കുന് പാൽ ചായ കൊടുക്കാറുണ്ടായിരുന്നു   ഒരു പ്രാവശ്യം ചായയിൽ  പാല് കുറവായതു  കാരണം ഡിങ്കു കുടിച്ചില്ല അന്നത്തെ പോലെ വേറെ പാൽചായ കിട്ടുന്നും വിചാരിച്ചാ കുടിക്കാണ്ടിരുന്നത് പക്ഷേ ശാരദേടത്തി ഓടിവന്ന്  ആ ചായ എടുത്ത് ഡിങ്കൂന്റെ മുഖത്തോട്ട് ഒറ്റ ഒഴി ഭാഗ്യം ചായയുടെ ചൂടാറിയത് അതീപ്പിന്നെ കട്ടൻ കാപ്പി പോലും ഡിങ്കൂന് കൊടുക്കാതായി .

എന്തായാലും വീട്ടീന്ന് ചവിട്ടി പുറത്താക്കിയില്ലല്ലോ .. അതെന്നെ വലിയ ഭാഗ്യം 

ഈ ഡോബർമാനാണെന്ന്  പറഞ്ഞിട്ടൊന്നും  യാതൊരു കാര്യവും ഇല്ലാന്ന് ഡിങ്കൂന്  ഇപ്പൊ മനസ്സിലായി മനസ്സില് ധൈര്യമാണ് വേണ്ടത് എന്തിനാണാവോ ഈ വാല് വെട്ടിക്കളയണെന്നാലോചിച്ചിട്ട് അവനൊരു എത്തും പിടിയും കിട്ടിയില്ല  അതുണ്ടായിരുന്നെങ്കീ മർമ്മത്ത്  കടികൊള്ളണതെങ്കിലും ഒഴിവാക്കാമായിരുന്നു . അന്ന്  രാജു ചന്തിയുടെ ഭാഗാമായിരുന്നു  കടിച്ചു പൊളിച്ചത്  ഈ മനുഷ്യൻമാർക്ക് ഒരു വിവരോം ഇല്ലാണ്ടായോ   വാല്  വെട്ടിക്കളഞ്ഞാ ബുദ്ധികൂടോ ? ബുദ്ധി തലേല് അല്ലേ ഇരിക്കണത് ? അതോ ഇനി വാലിലാണോ? ഡിങ്കൂന് ആകെ ഒരു കൺഫ്യൂഷൻ അവസാനം അത്  തനിക്കറിയില്ലാന്നും പറഞ്ഞ് ഡിങ്കു മേപ്പോട്ട് നോക്കി .

എന്തൊരു ആരോഗ്യാ ആ പഹയന് ഭാഗ്യം കൊണ്ടാ അന്ന് ജീവൻ തിരിച്ചു കിട്ടിയതു തന്നെ   അവൻ കടിച്ചു പൊളിച്ച പാട് ഇപ്പഴും തന്റെ പിന്നാമ്പുറത്തുണ്ട്  ഇനി രാജൂനെ  കണ്ടാ  കൊരക്കത്തേ  ഇല്ലാന്നാ ഡിങ്കു അന്ന് മനസ്സിൽ  പ്രതിജ്ഞയെടുത്തത്  അതീപ്പിന്നെയാ രാജൂനെ കാണുമ്പോ ഡിങ്കു കണ്ണടച്ചിരിക്കാൻ തുടങ്ങിയത്.

ഒരു പ്രാവശ്യം മാത്രാമായിരുന്നു രാജൂന് വലിയൊരു അമളി പറ്റിയത് ഭാസ്ക്കരേട്ടന്റെ വീട്ടിലേക്ക്  ഒരു വല്യ കണ്ണാടി കൊണ്ട് വന്നു വെച്ചിട്ടുണ്ടായിരുന്നു  വണ്ടിക്കാര്  അത് വഴീലിറക്കി  വെച്ചിട്ടാ പോയത്  ഈ കാണ്ണാടിയിൽ തന്റെ മുഖം  കണ്ടതോടെ രാജു കരുതിയത്  ഭാസ്ക്കരേട്ടൻ  കിഴങ്ങൻ ഡിങ്കൂനെ മാറ്റി വേറെ ആരെയെങ്കിലും കൊണ്ട് വന്നിരിക്കുന്നതെന്നാ  

ഈ പാവത്തിന്  തന്നെ അറിയാത്തോണ്ടായിരിക്കും ഇവിടെ വന്ന് നിൽക്കുന്നത്  പേടിച്ച് ഓടണമെങ്കിൽ  ഓടിക്കോട്ടെന്നും കരുതിയാ  ആ പ്രതിബിംബം നോക്കി രാജു രണ്ടു കുര കുരച്ചത്  പക്ഷേ അവനതാ തന്നെ നോക്കി തിരിച്ചു കൊരക്കുന്നു ഇത്രേം ധൈര്യമോ ?  

കടുവയെ കിടുവ പിടിക്കയോ  ? ബൗ  ന്നും  അലറിക്കൊണ്ട്  രാജു  ഒറ്റ ചാട്ടമായിരുന്നു  

രാജുവിന്റെ ആ കുര  കേട്ട് കണ്ണടച്ചിരിക്കായിരുന്ന ഡിങ്കു ഞെട്ടി ഒറ്റ ഓട്ടമായിരുന്നു  അവന്റെ വിചാരം രാജു തന്നെ കടിക്കാൻ  വരുന്നതാന്നാ  ഈശ്വരാ മിണ്ടാതിരുന്നാലും കടിക്കാൻ വരാന്നുവെച്ചാ എന്താ ചെയ്യാ  ?

ആ ചാട്ടം  ചാടിയത് മാത്രേ രാജൂന് ഓർമ്മയുണ്ടായുള്ളൂ ഏകദേശം ഒരു മണിക്കൂറ് കഴിഞ്ഞാ അവന്  ബോധം തിരിച്ചു വന്നത്  .

നെറ്റിയിൽ  ആപ്പിളുപോലെ  വലിയൊരു  മുഴ  ഭാഗ്യം ഏതായാലും  തന്റെ ചാട്ടം ആരും കണ്ടില്ല . 

അതോടെ ഒരാഴ്ചത്തേക്ക്  രാജൂന് സർക്കീട്ട് കുറവായിരുന്നു ആരെങ്കിലും കണ്ടിരുന്നെങ്കീ കണ്ണാടീയിൽ  തന്നെത്തന്നെ കടിക്കാൻ പോയി ബോധം കെട്ടൂ വീണൂന്നുള്ള ചീത്തപ്പേര് കൂടി ആയേനേ .

അന്നായിരുന്നു ഞെട്ടിക്കുന്ന ആ സത്യം ഞങ്ങളുടെ ഗ്രാമം മുഴുവനും പരന്നത് സ്റ്റേഷനിലെ റൈറ്ററ് തോമാസേട്ടനാണ്  ആ രഹസ്യം വെടി പൊട്ടിക്കുന്ന കണക്കെ പരസ്യമാക്കിയത് . 

എസ് ഐ മിന്നൽ രാജൻ വന്നിരിക്കുന്നത്  രജനി തിരോധാനത്തിന്റെ തുമ്പ് തേടിയാണെത്രെ .

ഞങ്ങടെ ഗ്രാമത്തിൽ  വല്യ കോളിളക്കമുണ്ടാക്കിയ 
കേസായിരുന്നു രജനിയുടെ തിരോധാനം  .

അതീവ സുന്ദരിയായിരുന്നു  രജനി അവളെ നോക്കാത്തവർ പുരുഷൻമാരല്ലെന്നാണ്  മരക്കമ്പനീയിൽ പണിക്കു പോകുന്ന രമേശേട്ടൻ  എപ്പോഴും പറയാറ്. ഇത് രമേശേട്ടന്റെ ഭാര്യ സീതാമണിയോട് ആരോ പറഞ്ഞു കൊടുത്തു  ആ ദിവസം രമേശേട്ടൻ ജീവിതത്തില് മറക്കില്ല അന്ന് തൊട്ട് രമേശേട്ടൻ പുരുഷനല്ലാണ്ടായി മാറിയെന്നാ കേൾവി  . 

ഒറ്റക്കായിരുന്നു രജനിയുടെ താമസം അമ്മ നേരെത്തെ മരിച്ചു പോയി  കുറച്ചു നാളുകൾക്ക് ശേഷം അച്ഛൻ വാസുവിനെ കാണാതായി കുറെ അന്വേഷിച്ചെങ്കിലും  വാസുവിനെ കണ്ടെത്താനായില്ല അങ്ങിനെയിരിക്കെ ഒരു ദിവസം രജനിയേയും കാണാതാകുന്നു.  

രജനിയുടെ ഒരു നോട്ടത്തിനായി പൂവാലന്മാരുടെ  നീണ്ട നിര  രാവിലെ മുതൽ രജനിയുടെ വീടിന്റെ മുന്നിലെ ഇട വഴിയിൽ  കാണാനാകുമായിരുന്നു  .

ഞങ്ങളുടെ  ഗ്രാമത്തിലുള്ളവരെ  കൂടാതെ അടുത്ത ഗ്രാമത്തിൽ നിന്നുപോലും പൂവാലൻമാരുടെ തള്ളിക്കയറ്റമായിരുന്നു രജനിയെ കാണാൻ. 

രജനിക്കു മുന്നിൽ ചിലർ നസീറാവുന്നു , ജയനാകുന്നു ,  

മറ്റു ചിലർ അമിതാബച്ചനാകുന്നു, ധർമ്മേന്ദ്രയാകുന്നു ..  ഇവരൊന്നും ആകാൻ  പറ്റാത്തവർ  പൌഡർ നല്ല കനത്തിൽ പൂശിക്കൊണ്ട്  സ്വയം അഴകിയ രാവണൻമാരായി മാറി രജനിയുടെ കടാക്ഷത്തിനായി ചുറ്റും പറന്നുനടക്കുന്നു 

ഞങ്ങളുടെ ഗ്രാമത്തിൽ ജിമ്മ് നടത്തുന്ന  ജിമ്മൻ കുമാർ മാത്രമാണ് രജനിക്കായി ഇന്ത്യ വിട്ട് പറന്നത് അങ്ങേര്  അർണോൾഡായാണ്  മാറിയത് . രജനിയെ കാണിക്കാൻ വേണ്ടിയാ കുമാറ് ജിമ്മില് ചേർന്നതു തന്നെ  അങ്ങനെ ജിമ്മ് ചെയ്ത് ചെയ്ത് കുമാറിന്റെ മസില് വളർന്നു  കുമാറ് അർണോൾഡായി രൂപാന്തരം പ്രാപിച്ചു  പക്ഷേ .. എന്തുകൊണ്ടോ ആ മസിലു കണ്ട് രജനി വീണില്ല രജനിക്ക് മസിലുള്ളവരെയും അർണോൾഡിനെ ഇഷ്ട്ടമല്ലായിരുന്നു.

രജനിക്ക് വേണ്ടാത്ത മസിൽ തനിക്കും വേണ്ടാന്നും പറഞ്ഞ് കുമാറ് ജിമ്മില് പോവാതായി  കുമാർ  ജിമ്മിൽ പോവാതായതോടെ  കുമാറിന്റെ മേത്തൂന്ന് യാതൊരു പരിഭവവും കൂടാതെ അർണോൾഡും ഇറങ്ങിപ്പോയി .  ഈ സമയത്തായിരുന്നു  അന്ന് കുമാർ പോയിരുന്ന ജിമ്മിന്റെ ഉടമസ്ഥനായ   വേലായുധേട്ടന്റെ മകൾ  രാഗിണി കുമാരേട്ടന് എന്തോരം മസിലാണെന്നും   പറഞ്ഞു കൊണ്ട് കുമാറിന്റെ മനസ്സിലേക്ക് ഒരു ഡംബലുമായി നടന്നുകയറിത്   അതോടെ രജനിക്ക് വേണ്ടാത്ത  മസില്  കുമാറ് രാഗിണിക്ക് പണയം വെച്ചു . 

രജനിയല്ലെങ്കിൽ രാഗിണി അതായിരുന്നു കുമാറിന്റെ ലൈൻ വളരെ ലിബറൽ അതോടെ കുമാർ വീണ്ടും മസിലു  പെരുപ്പിക്കാൻ തുടങ്ങി ഇറങ്ങിപ്പോയ അർണോൾഡ് പരിഭവം ഏതുമില്ലാതെ വീണ്ടും തിരിച്ചു വന്നു . 

അവസാനം കുമാർ രാഗിണിയെ കെട്ടി അതോടെ  വേലായുധേട്ടന്റെ ജിമ്മ് കുമാർ ജിമ്മായി മാറി  .

അതീവ സുന്ദരിയായ പാൽക്കാരി രജനിയെ കാണാൻ വേണ്ടി മാത്രം  പാക്കരൻ ചേട്ടന്റെ ചായക്കടേലെ തിക്കും  തിരക്കും  കൂടിക്കൊണ്ടേയിരുന്നു  . അതിനൊരു കാരണമുണ്ടായിരുന്നു  രജനി പാല് കൊടുക്കുന്നത് പാക്കരൻ ചേട്ടന്റെ കടയിലാണ്  ആ ഒറ്റക്കാരണം കൊണ്ട് തന്നെ ചായകുടിക്കാൻ മാത്രം പൂവാലന്മാരുടെ തള്ളിക്കയറ്റമാണ് പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് . 

രജനിയുടെ വീടിന്റെ മുന്നിലൂടെ പത്തു ചാലു നടന്നിട്ടും ദർശനം കിട്ടാത്തോര് , രജനി പാക്കരൻ ചേട്ടന്റെ കടയിലേക്ക്  പാല് കൊണ്ടു വരുന്ന സമയം നോക്കി  ചായ കുടിക്കാൻ വരും . രജനി പാല് കൊടുക്കാൻ വരുമ്പോഴേക്കും പാക്കരൻ ചേട്ടന്റെ കടയിൽ നിന്നു  തിരിയുവാൻ പോലും സ്ഥലമുണ്ടാവാത്തത്രക്കും  തിരക്കായിരിക്കും കുടിച്ചർ തന്നെ വീണ്ടും രണ്ടും മൂന്നും ചായ കുടിച്ചോണ്ട് രജനി വരുന്നതുവരെ അവിടെയിരിക്കും രണ്ടും മൂന്നും ചായക്ക് കാശില്ലാത്തവർ ഒരു ചായ തന്നെ മൊത്തി മൊത്തി കുടിച്ചോണ്ടിരിക്കും .

ഒരു ചായ വാങ്ങീട്ട് മണിക്കൂറ് ഒന്നായല്ലോടെ ഇത് വരെ കുടിച്ചു തീർന്നില്ലേ ?

ഒരു ചായ മാത്രം കുടിച്ചിരിക്കുന്നോരെ പാക്കരൻ ചേട്ടൻ ഇതും പറഞ്ഞു വിരട്ടും. 

പാക്കരൻ ചേട്ടാ ഇന്നത്തെ ചായക്ക് ഭയങ്കര ചൂടാണല്ലോ ? പൂവാലന്മാരുടെ ആ പരിഭവം കേട്ട്   തണുത്ത് വിറങ്ങലിച്ചിരിക്കുന്ന ചായ പോലും ഞെട്ടിത്തെറിക്കും 

ഒരു മണിക്കൂറായിട്ടോ ? ചായ കുടിച്ചു കഴിഞ്ഞാ എണീറ്റു  പൊക്കോണം ചായക്കട ചായ കുടിക്കാൻ വരുന്നവർക്കുള്ളതാ  പാക്കരൻ ചേട്ടന്റെ ആ ഭീക്ഷിണിയിൽ പാവം പൂവാലവൃന്ദം  ബസ്സിനു  വെച്ച കാശെടുത്തും ചായ കുടിക്കും അതല്ലാതെ വേറെ വഴിയില്ല .

രജനിയെ കാണുമ്പോഴേക്കും റോമു വരെ എണീറ്റു നിന്നു വാലാട്ടും അതെന്തിനാണെന്നു പോലും അവനറിയത്തില്ല റോമു വാലാട്ടിയില്ലെങ്കിൽ കൂടി അവന്റെ വാല് തനിയെ നിന്ന് ആടും അന്നമ്മ ചേടത്തിക്കാണെങ്കീ  ഇത് കാണുമ്പോഴേക്കും ആകെ  ചൊറിഞ്ഞു വരും .

പരട്ടു നായക്ക് തീറ്റ ഇവിടേം കൂറു അവിടേം  അല്ലെങ്കിലും അന്നമ്മ ചേടത്തിക്ക് രജനിയെ തീരെ ഇഷ്ട്ടമല്ല  പിന്നെ പാല് കിട്ടാൻ വേറെ വഴി ഇല്ലാത്തതുകൊണ്ട്  സഹിക്കണൂന്ന് മാത്രം .  രജനിയെ കാണുമ്പോഴേക്കും  പാക്കരൻ ചേട്ടനും ഒരു ഇളക്കം കൂടുന്നില്ലേയെന്ന്  ചേട്ടത്തിക്കൊരു സംശയം ഉള്ളതായിരുന്നു  .

ഇതേച്ചൊല്ലി  ചേട്ടത്തി ദിവസോം പാക്കരൻ ചേട്ടനുമായി വഴക്കുണ്ടാക്കും.

ചേടത്തിയുടെ ഈ സംശയത്തിനു കാരണമുണ്ട്  വർഷങ്ങൾക്കു മുമ്പ്  പാക്കരൻ ചേട്ടന്റെ അപ്പൻ വറീതിന്റെ ചായക്കടേലിക്ക് ഇതുപോലെ പാലും കൊണ്ട് വന്നതാ ചേട്ടത്തി അവസാനം പാക്കരൻ ചേട്ടന്റെ സ്വന്തായി .

എടീ ഈ കാസരോഗവും വെച്ച് ഞാനെന്തു ചെയ്യാനാ? 

സത്യത്തില് പാക്കരൻ ചേട്ടന് രജനിയെ കാണുമ്പോ തന്നെ ആകെയൊരു  വെപ്രാളമാ  എന്തോ ഇലക്ട്രിക്ക് ഷോക്ക് അടിക്കുന്ന  മാതിരി ഒരു ഫീൽ  .പിന്നെ  ആകെമൊത്തം ഒരു കൺഫ്യൂഷനും  എന്താ ചെയ്യേണ്ടന്ന് ഒരു പിടുത്തവും  ഇല്ലാത്ത പോലെ അതോടെ  ചായ ചോദിച്ചവർക്ക് കാപ്പി കൊടുക്കും , കാപ്പി ചോദിച്ചവർക്ക് പാല് കൊടുക്കും,  പുട്ടും കടലയും ചോദിച്ചവർക്ക് അപ്പോം മുട്ടയും കൊടുക്കും അപ്പോം മുട്ടയും ചോദിച്ചവർക്ക് പുട്ടും കടലയും കൊടുക്കും.

പിന്നെ അത് കഴിക്കുന്നവരും,   പുട്ടും കടലയെക്കാൾ  ഉപരി രജനിയെ കാണുക എന്നുള്ള ആശയിൽ നിൽക്കുന്നതുകൊണ്ട്  ഇതൊന്നും കാര്യമാക്കാറില്ല  അല്ലെങ്കിൽ  അറിയാറുപോലുമില്ല  .  ഒരു പ്രാവശ്യം രജനിയെ കാണാൻ വന്ന ആശാരി നീലാംബരന് കൊടുക്കേണ്ട  അപ്പവും മുട്ടക്കറിയും  നീലാംബരന്റെ അപ്പുറത്തിരുന്ന സത്യപാലനാണ്  പാക്കരൻ ചേട്ടൻ കൊണ്ടുപോയി കൊടുത്തത് .  സത്യപാലൻ അത് തിന്നിട്ട് സത്യം കാണിക്കാതെ പോയി . നീലാംബരൻ അപ്പവും മുട്ടക്കറിയും തിന്നാണ്ടെന്നേ കാശും കൊടുത്തും  പോയി  . സത്യത്തില് നീലാംബരനും, സത്യപാലനും  രജനി മാജിക്കിൽ  ഇതു മറന്നു പോയതാണ്   നീലാംബരന്റെ  വിചാരം താൻ തന്നെയാ അപ്പവും മുട്ടക്കറിയും തിന്നതെന്നാ.

ഇങ്ങനെ രജനിയെ കാണുമ്പോൾ എല്ലാവരും ഒരു തരം  വെപ്രാള  കൺഫ്യൂഷനിൽ ആകുന്നത് കൊണ്ടു തന്നെ ഇതൊന്നും ആരും  തിരിച്ചറിയുന്നുമുണ്ടായിരുന്നില്ല  .

പാക്കരൻ ചേട്ടന്റെ ഈ വെപ്രാളം അന്നമ്മ ചേടത്തി ഒളിച്ചു നിന്നു നോക്കാറുണ്ട് ഈ  വയസ്സു കാലത്ത് കിളവന്റെയൊരു  ഇളക്കം കണ്ടാ ?
   
പക്ഷേ ഇത്രയും നസീർമാരും , ജയൻമാരുമെല്ലാം രജനിയുടെ പുറകേ നടന്നിട്ടും  രജനിയുടെ മനം കവർന്നത് നമ്മുടെ പ്രേഷിതൻ  സുകുമാത്രമാണ്  സുകു പ്രേക്ഷിതൻ ആകുന്നതിനു മുന്നേ  വല്യ ഒരു  റൗഡിയായിരുന്നു ആ സമയത്താണ്  സുകു  രജനിയെ വളക്കാൻ നോക്കിത്തുടങ്ങിയതും  .

മീൻ വിൽക്കാൻ  സൈക്കിളിൽ പോയ അന്ത്രൂനെ പിടിച്ച് ഇടിച്ചുകൊണ്ടായിരുന്നു  സുകു, രജനിയുടെ മനസ്സിലേക്ക് കയറിപ്പറ്റാൻ നോക്കിയത്. പാവം  അന്ത്രൂന് ഒന്നും മനസ്സിലായില്ല ഇടി കിട്ടിയത് മാത്രം ഓർമ്മയുണ്ട്  സുകു നിൽക്കുന്ന കണ്ടപ്പോൾ  മീൻ വാങ്ങാനായിരിക്കുമെന്നാ  അന്ത്രു കരുതിയത് പക്ഷെ ഇടി തരാനായിരുന്നൂവെന്ന്  കിട്ടിക്കഴിഞ്ഞപ്പോഴാ മനസ്സിലായത്.

മീനെല്ലാം എന്താ ചത്തുകിടക്കുന്നതെന്നും  ചോദിച്ചാണ്ടായിരുന്നു  സുകു,  അന്ത്രൂനെ ഇട്ട്  ഇടിച്ചത് 

ഇടിക്കാൻ  വേറെ കാരണമൊന്നും കിട്ടാത്തതു കൊണ്ടായിരുന്നു സുകു അങ്ങനെ ചോദിച്ചത് 

 മീൻ ചത്തുപോയതിന്  ഞാനെന്തു ചെയ്യാനാ സുകുവേട്ടാന്നാ അന്ത്രു കരഞ്ഞു പറഞ്ഞായിരുന്നു  

ചത്ത മീനിനെ വിൽക്കാൻ പാടുണ്ടോന്നും ചോദിച്ച്  സുകു വീണ്ടും ഇടിച്ചു 

അതു കേട്ട്  അന്ത്രു കരഞ്ഞോണ്ട് മാനത്തോട്ട്  നോക്കി

അന്ത്രൂനെ ഇടിക്കുന്ന ശബ്ദം  കേട്ട് കുട്ടയിലുണ്ടായിരുന്ന ചത്ത മീനുകളെല്ലാം  ഒന്നുകൂടി ചത്ത പോലെ കണ്ണടച്ചു കിടന്നു.

അന്ത്രൂനെ കുനിച്ചു നിറുത്തി പുറത്തായിരുന്നു സുകു താങ്ങിക്കൊണ്ടിരുന്നത് 
ആ ശബ്ദം കേട്ട് അന്ത്രു ഞെട്ടി അന്ത്രൂന്റെ സൈക്കിള് ഞെട്ടി,  കൂടയിലുണ്ടായിരുന്നു മീനുകൾ ഞെട്ടി  എന്തിന് അന്ത്രൂന്റെ പുറത്ത് താങ്ങിക്കൊണ്ടിരുന്ന സുകു പോലും  ഞെട്ടിപ്പോയി  

പുറത്തിടിക്കുമ്പോൾ ഇത്രയൂം വലിയ ശബ്ദമോ  ? 

നിന്റെ പുറമെന്താ  ചെണ്ടയാണോന്നും  ചോദിച്ച് സുകു വീണ്ടും അന്ത്രൂനെ ഇടിച്ചു .

അറിയില്ല സുകുവേട്ടായെന്ന്  അന്ത്രു കരഞ്ഞോണ്ട് പറഞ്ഞത്  

അത് ഞാനിപ്പോ  ശരിയാക്കിത്തരാമെന്നും പറഞ്ഞ് സുകു വീണ്ടും പിടിച്ചിടിച്ചു.  ഇപ്പ്രാവശ്യം അന്ത്രൂന് പകരം സുകുവാണ് കരഞ്ഞത് മുതുകത്തിടിച്ച്   ശബ്ദം വരണ്ടാന്നു കരുതി ഇപ്പ്രാവശ്യം അന്ത്രൂന്റെ വയറിനിട്ടാ സുകു താങ്ങിയത്  . കാശു വാങ്ങി വെക്കാൻ നല്ല വീതിയുള്ള  തുകൽ ബെൽറ്റ് അന്ത്രു അരയിൽ കെട്ടിയിരുന്നു . അതിന്റെ ബക്കിൾ കേടായതു  കാരണം  ഒരു വേലിക്കമ്പി വളച്ചു വെച്ചാ അന്ത്രു അതിനു പകരക്കാരനെ കണ്ടെത്തിയിരുന്നത്, ആ  മുന അല്പം പുറത്തേക്ക് തള്ളി നിൽപ്പുണ്ടായിരുന്നു  അതിന്മേലിട്ടാ സുകു  കാച്ചിയത്  . സുകൂന്റെ കണ്ണീന്ന് വെള്ളം വന്നു സുകു ഒരു റൗഡി ആണെന്ന് വേലിക്കമ്പിക്കറിയില്ലല്ലോ? വേദനകൊണ്ട്  സുകു രണ്ടടി മുകളിലോട്ട് ചാടിപ്പോയി നോക്കുമ്പോൾ  കൈയ്യിലപ്പിടി ചോര .

ആ ചോര കണ്ട് പേടിച്ച് അന്ത്രു  ബോധം കെട്ടു വീണു  സുകൂന്റെ ഇടിയിൽ തന്റെ വയറു പിളർന്നു ചോര വന്നതാണെന്നാ  അന്ത്രൂന്റെ വിചാരിച്ചത്  .   അയ്യോ എന്റെ വയറെന്നും പറഞ്ഞ് ഒരു നിലവിളി   

പൂവിക്കാൻ അതുവഴി  വന്ന നാണിത്തള്ള  സുകൂന്റെ കൈയ്യിലെ ചോര കണ്ട് അയ്യോ സുകു അന്ത്രൂനെ കൊന്നേന്നും അലമുറയിട്ടുകൊണ്ട് ഓടി  മൂത്രമൊഴിക്കാൻ കാല് പൊക്കിയ റൗഡി രാജു അങ്ങനെ തന്നെ അനങ്ങാതെ നിന്നു മൂത്രം ഒഴിക്കുന്ന  ശബ്ദം  കേട്ട് സുകു നോക്കിയാലോ എന്നായിരുന്നു അവന്റെ  പേടി കുറേ നേരം കാത്തു നിന്നിട്ടും രാജുവിന്റെ സമ്മതം ഇല്ലാത്തതിനാൽ  മൂത്രം അതിന്റെ പാട്ടിനു പോയി  രാജു പോലും അറിയാതെയായിരുന്നു  അതു സംഭവിച്ചത്.

രജനിയെ കാണിക്കാൻ വേണ്ടിയാണ് സുകു ആ ഷോ കാണിച്ചതെങ്കിലും  എന്തോ രജനിയതു വഴി  വന്നില്ല അങ്ങനെ ആ  ഇടി വെറുതേ വേസ്റ്റായി അതു കൊള്ളാൻ ഭാഗ്യമുണ്ടായത് അന്ത്രുവിനായിരുന്നു    .അന്നത്തോടെ അന്ത്രു ഞങ്ങളുടെ  ഗ്രാമത്തിലെ മീൻകച്ചോടം നിറുത്തി പോയി  മറ്റുള്ളവരുടെ പ്രേമ സാക്ഷാല്ക്കാരത്തിനു  വേണ്ടി തന്റെ ജീവൻ എന്തിനാണ്  ബലിയാടാക്കുന്നതെന്ന് അന്ത്രു ചിന്തിച്ചു  കാണും .

ബോധം കെട്ടു വീണ അന്ത്രു തട്ടിപ്പോയെന്നായിരുന്നു സുകു ആദ്യം കരുതിയത്  രണ്ടു ദിവസം കഴിഞ്ഞ് അന്ത്രു ജീവനോടെയുണ്ടെന്ന് അറിഞ്ഞതിനു  ശേഷമായിരുന്നു  വീണ്ടുമൊരു  റൗഡിയായി സുകു രംഗപ്രവേശം ചെയ്തത്  അതു വരേക്കും വീടിനുള്ളിൽ ഒളിച്ചിരിപ്പായിരുന്നു .

കള്ള് ചെത്താൻ പോകുന്ന  അവറാൻ ചേട്ടനും രജനിയുടെ മുന്നിൽ വല്യ ആളാകുവാൻ  ഒരു ശ്രമം നടത്തി നോക്കിയതാ   ഒരു ദിവസം രജനി പാലും കൊണ്ട് വരുന്നത്  കണ്ടപ്പോഴേ  അവറാൻ ചേട്ടൻ  ഒരു ജയനായി സ്വയം മാറി ഓടിവന്ന് അടുത്തുള്ള  തെങ്ങുമ്മേ ഒറ്റ കേറ്റം.  കേറി കേറി ..അവസാനം അയ്യോ..., ന്നൊരലർച്ച നാട്ടുകാര്  മൊത്തം കേട്ടു . എല്ലാവരും ഓടിച്ചെന്ന്  നോക്കുമ്പോ അവറാൻ ചേട്ടൻ  പാടത്ത് തവള മലർന്നു കിടക്കുന്നതു  പോലെ  കണ്ണും തുറിപ്പിച്ചോണ്ട്   കിടപ്പുണ്ട്  ആർക്കും ഒന്നും മനസ്സിലായില്ല അവറാൻ ചേട്ടൻ തെങ്ങുമ്മേ കേറിപ്പോകുന്നത് എല്ലാവരും  കണ്ടതാ. 

രജനിയെ കണ്ട  ആവേശത്തിൽ  കേറി കേറി  തെങ്ങിന്റെ മണ്ടയും കഴിഞ്ഞ്   അവറാൻ ചേട്ടൻ മുകളിലോട്ട്   കേറിപ്പോയി അടുത്ത പിടിയും കാലുവെക്കലും വായുവിലായിപ്പോയി  പിന്നെ ഗുരുത്വാകർഷണ ബലം  ഉള്ളതുകൊണ്ട്  നേരെ താഴോട്ട് പൊന്നൂന്ന് മാത്രം പാവത്തിന്റെ കഷ്ടകാലത്തിന് മണ്ട പോയ തെങ്ങുമ്മേലായിരുന്നു ഓടിപ്പോയി കയറിയത് .

ഭാഗ്യത്തിന് ഒന്നും പറ്റിയില്ല ഇത് കണ്ടതോടെ രജനിക്ക്  ചിരിയോട് ചിരി  രജനിയുടെ  ചിരി കണ്ട് ആ വേദനക്കിടയിലും   അവറാൻ ചേട്ടൻ  ചിരിച്ചു  പക്ഷേ അതോടൊപ്പം മറ്റൊരു അവറാൻ ചേട്ടൻ ഉള്ളിൽ വാവിട്ടു കരയുന്നുണ്ടായിരുന്നു .

നിനക്കന്നാ ആ ഇലക്ട്രിക് പോസ്റ്റുമ്മേ പോയി കേറാമായിരുന്നില്ലെന്നാ  ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ ചോദിച്ചത്  അത് കേട്ട് അവറാൻ ചേട്ടൻ ഒരു വളിച്ച ചിരി ചിരിച്ചു .

സുകുവാണ്  തന്റെ പ്രേമ സാഫല്യത്തിനു വേണ്ടി  കൂടുതൽ സമയവും  രജനിയുടെ പുറകെ  നടന്നുകൊണ്ടിരുന്നത്  രജനിയുടെ പ്രേമത്തിനു വേണ്ടി സുകുവിന്റെ ഇടി കൊള്ളാത്തവർ ആരുമില്ലാണ്ടായി  രജനിയെ കണ്ടാ സുകു ആരെയെങ്കിലും പിടിച്ച് ഇടിക്കും ഇനി ഇപ്പൊ ആരെ കിട്ടിയില്ലെങ്കിലും  ഏതെങ്കിലും  മരത്തിനെ വരെ പിടിച്ചിടിക്കുന്ന അവസ്ഥവരെയെത്തി കാരണം  ഇടിക്കാൻ മാത്രമേ സുകുവിന് അറിയാവൂ തൻറെ ആ കഴിവ് രജനിയെ കാണിച്ച് ആ മനസ്സിലേക്ക് ഇടിച്ച് കയറാമെന്നായിരുന്നു സുകുവിന്റെ കണക്കുകൂട്ടൽ .

ഒരു പ്രാവശ്യം സുകുവിന്റെ ഇടി കിട്ടാൻ ഭാഗ്യമുണ്ടായത്  ആക്രി പെറുക്കാൻ വന്ന  ഒരു തമിഴനായിരുന്നു   പാവം തമിഴന് സുകുവിനെ അറിയില്ല സുകുവിന് തമിഴനേയും  ആ പാവം തമിഴൻ സുകുവിന്റെ അടുത്ത് വഴി ചോദിച്ചതായിരുന്നു .

അണ്ണാ ഇന്ത പക്കം പോണാ നിറയേ വീടിറക്കുമാ ?

തമിഴന്റെ കഷ്ടകാലം ഈ  സമയത്തായിരുന്നു  രജനിയുടെ വരവ് അതുവരെ ശാന്തനായിരുന്നു സുകു പെട്ടെന്ന് റൗഡിയായി രൂപാന്തരം മാറി  തമിഴനെ പിടിച്ച് രണ്ടിടി  

ഇന്ത ആൾക്ക് പൈത്യന്നലറിക്കൊണ്ട് തമിഴനോടി

ജീവിതത്തിൽ ഇനി ആരോടും തമിഴൻ വഴി ചോദിക്കത്തില്ല.

സുകുവിന്റെ ഇടി പേടിച്ച് രാജു തന്റെ  റോന്ത് ചുറ്റൽ  നിറുത്തി  സുകു ചിലപ്പോൾ  നായ ആണൊന്നൊന്നും നോക്കത്തില്ല ഇടിച്ചു കളയും ഒരു ബോധോം ഇല്ലാത്തോനാ  വെറുതേ ഇടി കൊണ്ട് കൂമ്പ് വാട്ടണോ ?

അങ്ങനെ ഇരിക്കുമ്പോഴായിരുന്നു  രജനിയുടെ തിരോധാനം  എല്ലാവർക്കും സംശയം സുകുവിനെ  ആയിരുന്നു  ഇടിയൻ ജോണി ആയിരുന്നു അന്ന് ഇൻസ്പെകർ  ഇടിയൻ ജോണിക്ക് മുന്നില് നിവർന്നു നിന്ന് സുകു പറഞ്ഞു

എനിക്കൊന്നുമറിയില്ല സാറേ

പിന്നെ എവിടെടാ രജനി?

ആദ്യമായിട്ടായിരുന്നു സുകുവും  ഇടിയൻ ജോണിയും നേർക്കു നേർ വരുന്നത്  

തന്റെ റൗഡിത്തരം കൊണ്ട് ഇടിയനെ വിറപ്പിക്കാമെന്നാ സുകു കരുതിയത്  അതുകൊണ്ട് തന്നെ  അല്പം ഗൗരവം പിടിച്ചാ  സുകു മറുപടി  പറഞ്ഞത്

രജനി എവിടെയാണെന്ന്  എന്നോടാണോ ചോദിക്കുന്നേ  ?

ഇത് കേട്ടതോടെ ഇടിയന്റെ തലേന്ന് ഒരു ഇടി ഉരുണ്ട് കൈയ്യിലേക്കിറങ്ങി  അപ്പോഴാ റൈറ്റർ തോമാസേട്ടൻ പറഞ്ഞത്

ഇവൻ വല്യ റൗഡിയാ സാറേ

ഏറ്റവും വലിയ റൗഡിക്കുള്ള അവാർഡ് തനിക്കു കിട്ടിയപോലെ സുകു ഒന്ന് പൊങ്ങി,  മീശ പിരിച്ചു .

പക്ഷേ  പിരിക്കാനായിട്ട്  സുകുവിന് അവിടെ ഒന്നുമില്ല സുകുവിന്റെ ഏറ്റവും വല്യ വീക്ക് പോയിന്റായിരുന്നുവത്   സുകു എത്ര ശ്രമിച്ചിട്ടും മീശ മാത്രം വളരുന്നില്ല  ചുണ്ടിനു മുകളിൽ  പെൻസിലോണ്ട് ഒരു വര വരച്ചതു  പോലെ,   അത്രെയേ ഉള്ളൂ സുകുവിന്റെ മീശ . മീശ വടിച്ചാൽ കൂടുതൽ വലിയ മീശ വരും എന്ന് ആരോ പറഞ്ഞ് കേട്ട് സുകു തനിക്കുള്ള ആ ഉള്ള കുഞ്ഞൻ  മീശ വടിച്ചു അതോടെ അതിനേക്കാൾ  മോശമായി വര പോയിട്ട് പിന്നെ ഏതാനും രോമങ്ങൾ മാത്രം അതു പറഞ്ഞുതന്നവനെ  സുകു പോയി കുറേ  ഇടിച്ചു  അയാളുടെ മീശ  തീപ്പെട്ടികൊള്ളി വെച്ച് കത്തിച്ചു പാവം മൊത്തം കത്തിപ്പോയേനേ. 

ഒരു ഉപകാരം ചെയ്യാൻ പോയ ആ പാവം അതീപ്പിന്നെ ആർക്കും ഉപകാരം ചെയ്യാതായി .

റൗഡിന്ന് പറയാൻ ഒരു വെയ്റ്റൊക്കെ വേണ്ടേ അതോണ്ട് ആ മീശ  രോമങ്ങളെ  സുകു ഐ ലൈനർ എടുത്ത് കറുപ്പിക്കും.

ഇത് കാരണം, വല്യ റൗഡിയാണെങ്കിലും  സുകുവിനെ കണ്ടാ ആർക്കും പേടി തോന്നത്തില്ല  .

മീശ വളരാനായി  സുകു ചെയ്യാത്ത പണികളില്ല നേരാത്ത നേർച്ചകളില്ല പക്ഷേ ഒരാളും സുകൂന്റെ നേരെ കണ്ണ് തുറന്നില്ല കരടി എണ്ണ പുരട്ടിയാ മുടി തഴച്ചു വളരൂന്ന്  കേട്ട് കുറേ നാള് സുകു ചുണ്ടിന്റെ മുകളില് കരടി എണ്ണ തേച്ചു  നടന്നു. എണ്ണ തേച്ച കാരണം ഉള്ള  മീശ രോമങ്ങൾ ഒന്നുകൂടി തിളങ്ങി നിന്നൂവെന്നല്ലാതെ  വേറേ യാതൊരു ഗുണവും അതുകൊണ്ട്  ഉണ്ടായില്ല . കരടി എണ്ണ വാങ്ങാൻ വേണ്ടി മാത്രം  സുകു വയനാട്ടേക്ക് പോയിക്കൊണ്ടിരുന്നു.  

കരടിയെണ്ണ  മുഖത്ത് മുഴുവൻ തേച്ചു നടന്നതുകൊണ്ട് താടി  നന്നായി വളർന്നു പക്ഷേ സുകുവിന് ആവശ്യം മീശയായിരുന്നു പക്ഷേ  ഒരു മുടി  കൂടി ചുണ്ടിനു മുകളിൽ  എക്സ്ട്രാ മുളച്ചില്ല .

പിന്നെ കുറേനാള് വഴിപാടുകളുമായി എല്ലാ പുണ്യാളൻ മാരേയും ചെന്നു കണ്ടു പക്ഷേ സുകൂനെ കാണുമ്പോഴേക്കും പുണ്യാളൻമാര് ഓടും .സുകു പ്രാർത്ഥിക്കുന്നതു  കേട്ടാ പുണ്യാളൻ മാരെ പേടിപ്പിക്കാണെന്നാ തോന്നാ   

അവസാനം മീശവിഷയത്തിൽ  മാത്രം സുകു തോറ്റു തുന്നം പാടി .

സുകുവിന്റെ  ഈ ധാർഷ്ട്യമായ  ഉത്തരം കേട്ടതോടെ  ഇടിയന്റെ കൈ  തരിച്ചു ആ തരിപ്പ് ഒരു ഇടിയായി ഇടിയന്റെ കൈയ്യിലേക്ക്‌ വീണ്ടും ഉരുണ്ടു കയറി .

ചോദിച്ചതിന് ഉത്തരം പറയെടാ നായിന്റെ മോനേന്ന് ഒരു അലർച്ച  എല്ലാവരും കേട്ടു   വെറും അഞ്ചേ അഞ്ചു  മിനിറ്റു മാത്രം സുകു പച്ച മനുഷ്യനായി പച്ചക്ക്  നിന്നു ചിരിച്ചു .  അതോടെ സുകു നന്നായി,  കിട്ടേണ്ടത് കിട്ടിയപ്പോ സുകുവിന്  ബോധോദയം ഉണ്ടായി എന്നിട്ടും ഇടിയൻ വിട്ടില്ല മൂന്നു ദിവസം തുടർച്ചയായി ലോക്കപ്പിലിട്ട് ഇടിയൻ സുകുവിനെ ഇടിച്ചു  

സുകുവിന്റെ നെടുനീളെ കരച്ചിൽ  ഞങ്ങളുടെ ഗ്രാമം മുഴുവനും കേട്ടു  അതിനു ശേഷം  സുകു പ്രേക്ഷിതനായി മാറി  .

അങ്ങനെ സുകുവിനെ  ഇടിച്ച് പിഴിഞ്ഞിട്ടും ഒരു തുമ്പും  കിട്ടാതെ വന്നപ്പോഴാണ്  ഇടിയൻ ജീപ്പുമെടുത്ത് പുറത്തേക്കിറങ്ങിയത്  അതോടെ കുറേപ്പേർ ഇടിയന്റെ ഇടിയുടെ ചൂടറിഞ്ഞു എന്നിട്ടും രജനി തിരോധാനത്തിൽ ഒരു തുമ്പും  കിട്ടിയില്ല .

അവസാനം പോലീസ് നായ വാണി രംഗപ്രവേശം ചെയ്തു 


                                                                     Click here Part 3

   



0 അഭിപ്രായങ്ങള്‍