പോലീസ് നായ വാണീയെ  കണ്ടതോടെ ഗൾഫു കാരൻ ഭാസ്ക്കരേട്ടന്റെ നായ  ഡിങ്കു വെള്ളമിറക്കിക്കൊണ്ട്  ചെന്നതായിരുന്നു  താനും  ഡോബർമാനാണെന്നു  കാണിക്കാൻ വേണ്ടി മൂട് ഒന്നുകൂടി മുകളിലേക്ക് പൊക്കിപ്പിടിച്ചോണ്ടാ  ഡിങ്കു  ചെന്നത് പക്ഷേ റാണി മൈൻഡ് ചെയ്‌തേയില്ല കുറേനേരം അവിടെ  ചുറ്റിപ്പറ്റി നിന്നിട്ട് ഡിങ്കു പതിയെ  തിരിച്ചു പോന്നു വെറുതേ മൂട് പൊക്കിപ്പിടിച്ച് വേദനയെടുത്തത് മാത്രം മിച്ചം  . 
പോണ പോക്കില് പാക്കരൻ ചേട്ടന്റെ വീടിന്റെ ചായ്പ്പില് ഉറങ്ങിക്കിടക്കായിരുന്ന മണികണ്ഠൻ പൂച്ചയെ നോക്കി രണ്ട് കുര കുരച്ചിട്ടാ അവനാ  ദേഷ്യം തീർത്തത്  . പാവം മണികണ്ഠന് ഒന്നും മനസ്സിലായില്ല എങ്കിലും  മണികണ്ഠൻ ജീവനും കൊണ്ട് ഓടി  സ്വന്തം വീട്ടിൽ  പോലും മനസ്സമാധാനത്തോടെ കിടന്ന് ഉറങ്ങാൻ പറ്റാണ്ടായോന്നും വിചാരിച്ചാ മണികണ്ഠൻ പാഞ്ഞത് .

ഗ്രാമത്തിലെ  കുറേപ്പേർ  വാണിയുടെ  പുറകെ ഒരു കടാക്ഷത്തിനായി  വട്ടം ചുറ്റി നടന്നു തുടങ്ങി  അതിൽ ഏറ്റവും പ്രധാനിയായ  റൗഡി രാജു പോലീസ് സ്റ്റേഷന്റെ മുന്നിലൂടെയുള്ള  സർക്കീട്ട് ഒരു നേരമുണ്ടായിരുന്നത്  മൂന്നുനേരമാക്കി മാറ്റി അതോടൊപ്പം  പോലീസ് സ്റ്റേഷന്റെ മുന്നിലെ  തെങ്ങിൻ ചുവട്ടിലുള്ള മൂത്രമൊഴിക്കൽ പരിപാടി അവൻ പാടേ  നിറുത്തി വാണി കണ്ടാ മോശമല്ലേന്ന് കരുതിക്കാണും .

റോമുവിനും ,  വാണിയുടെ പുറകെ  ചുറ്റാൻ ആശയുണ്ടെങ്കിലും  തന്നെക്കൊണ്ട് ഇതൊന്നും പറ്റത്തില്ലാന്ന്  പൂർണ്ണ ബോധ്യമുള്ളതുകൊണ്ടും  പോലീസ് നയയുടെ പുറകേ  ചുറ്റിത്തിരിഞ്ഞ് അവസാനം ഇടിയന്റെ കൈയ്യീന്ന് ഇടി കൊണ്ട് ചവാൻ വയ്യാത്തതുകൊണ്ടും റോമുവതിനു മുതിർന്നില്ല   . 
എങ്കിലും  റോമു ഇടക്കിടക്ക് ഒളികണ്ണിട്ട് വാണിയെ നോക്കിക്കൊണ്ട് തന്റെ ആശ തീർത്തു  പിന്നെ രാജു , ഡിങ്കു ഇവരോടൊന്നും മുട്ടാൻ തനിക്കാവില്ലെന്നും അവന് വ്യക്തമായി അറിയാമായിരുന്നു  .   ദിവസോം കഞ്ഞി മാത്രം കുടിച്ച്  തന്റെ ശരീരം ഒരു കഞ്ഞി ശരീരമായി മാറിയിട്ടുണ്ട്  അതിനിനി ഇവരോടൊന്നും ഏറ്റുമുട്ടാനുള്ള കെല്പു കൂടിയില്ല  

ഇതിനുപുറമെ  വാറ്റുകാരൻ റപ്പായിയുടെ നായ സുഗുണനും മണം പിടിച്ചോണ്ട്  ചെന്നതായിരുന്നു  അല്ലെങ്കിത്തന്നെ നേരെ ചൊവ്വേ നടക്കാൻ വയ്യാത്തോനാ സുഗുണൻ,  പുറകിലെ കാലിന്   ചെറിയ വളവുണ്ട് അതുകൊണ്ട്  സുഗുണൻ മുന്നോട്ട് നടക്കുമ്പോ കാലുകൾ  അവനെ വശങ്ങളിലോട്ട്  വലിച്ചോണ്ട് പോകാറാ പതിവ്   . 
ഗുണന ചിഹ്നമുള്ള ആ കാലുകളും വെച്ചോണ്ടായിരുന്നു സുഗുണൻ  വാണിയെ കാണാനായി  പോയത് സുഗുണനെ  കണ്ടവശം വാണി ഒറ്റ കുരയായിരുന്നു  
ഇതേത് ജന്തുവെന്നും  വിചാരിച്ചാ വാണി കുരച്ചത് . 
വാണിയുടെ ആ ഘനഗംഭീര കുര കേട്ടതോടെ സുഗുണൻ ഗുണന ചിഹ്നമുള്ള  കാലുകളും വലിച്ചോണ്ട്   ജീവനും കൊണ്ടോടി,  കാലുകൾ സുഗുണനേയും വലിച്ചു കൊണ്ടോടിയെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി   മുന്നോട്ടാണ്  അവൻ ഓടിയതെങ്കിലും എത്തിയത് വാണിയുടെ കുര കേട്ട് പുറത്തേക്ക് വന്ന ഇടിയന്റെ മുന്നിലും . 
ഇടിയൻ കാലോങ്ങിയെങ്കിലും  അതിനും മുന്നേ സുഗുണൻ  ബോധം കെട്ടു വീണു .

 ഈ സാധനത്തിനെ  എടുത്തു കൊണ്ട് പോയി കളയെടോ

ഇടിയന്റെ അലർച്ച കേട്ട് വാണിക്ക് ചിരിവന്നു

വാണിയുടെ വരവറിഞ്ഞ് അടുത്ത ഗ്രാമത്തീന്നും രണ്ടു മൂന്നു ശുനകൻമാർ  വന്ന് എത്തിനോക്കിയെങ്കിലും വെറുതേ വഴി നടന്നതു മാത്രം മിച്ചം .

ഒരു ദിവസം മണം പിടിച്ച് വാണി ഓടിക്കേറീത് അവറാൻ ചേട്ടന്റെ വീട്ടിലേക്കായിരുന്നു  ഒരു നായയും  കുറെ പോലീസുകാരും  വീട്ടിലേക്ക് പാഞ്ഞു വരുന്ന  കണ്ടതോടെ അവറാൻ ചേട്ടൻ ഇറങ്ങിയോടി.
തലേന്ന് കള്ളു ഷാപ്പില് വെച്ച് ഒരു തല്ലുണ്ടായി അവറാൻ ചേട്ടനും മീൻകാരൻ മമ്മദും തമ്മില്  അവറാൻ ചേട്ടൻ മമ്മദിന് തൊട്ടു നക്കാൻ വെച്ച മീൻ ചാറില് കൈയ്യിട്ടൂന്നും പറഞ്ഞായിരുന്നുവത്  . 
സത്യത്തിൽ അവറാൻ ചേട്ടനുള്ള  മീൻചാറ് അപ്പുറത്തിരിപ്പുണ്ടായിരുന്നു  പക്ഷേ ആളത്  കണ്ടില്ല, ചിലപ്പോ ശ്രദ്ധിച്ചില്ലായിരിക്കാം  രണ്ടു കുപ്പികള്ളുകളുടെ നടുവിലായിരുന്നു ഷാപ്പുകാരൻ വറീത് അതുകൊണ്ടു വന്നുവെച്ചത്.
കാശ് കൊടുത്ത് വാങ്ങി നക്കിക്കൂടേ മാപ്ലളേ തനിക്കെന്ന്  മമ്മദ് വെറുതേയൊന്ന്  ചോദിച്ചതായിരുന്നു 

അവറാൻ ചേട്ടന്റെ മീൻചാർ കള്ളു കുപ്പിയുടെ നടുവിൽ ഇരിക്കുന്നത് മമ്മദിന് കാണാമെങ്കിലും അവറാൻ ചേട്ടനത് അദ്രശ്യമായിരുന്നു  . 
 മമ്മദ് കരുതിയത്  അവറാൻ ചേട്ടൻ കളിയാക്കാൻ വേണ്ടിയാണ്  തന്റെ മീൻ ചാറിൽ കൈയ്യിടുന്നതെന്നായിരുന്നു അത് മമ്മദിനെ പ്രകോപിപ്പിച്ചു.
 എന്നാൽ സത്യത്തിൽ അവറാൻ ചേട്ടൻ കരുതിയത് ഇതാണ് തന്റെ മീൻ ചാറെന്നാണ് .

കാശ് കൊടുത്തെന്ന്യാ നക്കണേന്നും പറഞ്ഞു തീരലും അവറാൻ ചേട്ടൻ  ആ മീൻ പാത്രം എടുത്ത് ഒറ്റ വലിക്കാ കുടിച്ചു തീർത്തു  എന്നിട്ടും  ദേഷ്യം തീരാഞ്ഞ്   മമ്മദിനെ പിടിച്ച് ഒറ്റ തള്ളും . 
അപ്രതീക്ഷിതമായ ആ തള്ളലിൽ  അയ്യോ ന്നും അലറിക്കൊണ്ട്   മമ്മദ് ഓല മറ തകർത്ത് പാടത്തേക്കു തലേം കുത്തി വീണു  . 
കള്ള് കടക്കാരൻ വറീത് ഓടി വന്നപ്പോഴാ ഒരു മിസ് അണ്ടർസ്റ്റാൻഡിന്റെ പുറത്തുള്ള മീൻചാർ തർക്കമാണെന്ന് മനസ്സിലായത് .

എന്റെ അവറാനെ നിങ്ങടെ മീൻ ചാറല്ലേ ഇത് ?

അപ്പോഴാണ് അവറാൻ ചേട്ടൻ ആ കാഴ്ച കണ്ട്  ഞെട്ടിയത്  തന്റെ മീൻ ചാറ് ഇതാ കള്ളു കുപ്പികളുടെ നാടുവിലിരിക്കുന്നു
പാവം മമ്മദ് കാശു കൊടുത്തു വാങ്ങിയ മീൻ ചാറാണ് താൻ നക്കിയതും അതിന്റെ പേരിൽ മമ്മദിനിട്ട് താങ്ങിയതും 

കാണാത്തോടത്താണോടോ മീൻചാർ കൊണ്ടുവന്ന് വെക്കുന്നതെന്ന്   ചോദിക്കലും  ആ മീൻ ചാറെടുത്ത്  വറീതിന്റെ മുഖത്തേക്ക്  ഒഴിച്ചതും ഒരുമിച്ചായിരുന്നു  
വറീത് നിന്ന നില്പില്  മുള്ളിപ്പോയി  അസ്സല് കാന്താരി മുളക് അരച്ച മീൻ ചാറെടുത്താ അവറാൻ ചേട്ടൻ കണ്ണിലേക്കൊഴിച്ചത്  

നായിന്റെ മോനേ  ഇന്ന് നിന്നെ കൊല്ലുടായെന്നും  പറഞ്ഞ് വറീത് അലറി.
ആ അലർച്ചയോടെ  അവറാൻ ചേട്ടൻ ഇറങ്ങിയോടി പരാക്രമത്തിൽ   സൈക്കിളെടുക്കാൻ പോലും മറന്നു കൊണ്ടായിരുന്നു ആ പാച്ചിൽ  . 
വീടെത്തി കുറച്ചു കഴിഞ്ഞപ്പോഴായിരുന്നു സൈക്കിൾ എടുക്കാതെയായായിരുന്നു താൻ പാഞ്ഞു വന്നതെന്ന ഓർമ്മ അവറാൻ ചേട്ടന് തിരികെ വന്നത് ഇനി  സൈക്കിളെടുക്കുവാൻ അങ്ങോട്ട് പോയാ പിന്നെ സൈക്കിൾ മാത്രമായിരിക്കും തിരികെ വരുക എന്നുള്ളതുകൊണ്ട് അവറാൻ ചേട്ടനാ അതിസാഹസത്തിന് മുതിർന്നില്ല  
സൈക്കിളിനെക്കാളും വലുതല്ലേ ജീവൻ .

 കള്ള് കുടിക്കാൻ വന്ന അവറാൻ ചേട്ടൻ തന്നെ കൊണ്ടവാതെ ഒരു വെടിച്ചില്ലു പോലെ പുറത്തോട്ട്  പായുന്ന കണ്ടെങ്കിലും സൈക്കിളിനൊന്നും മനസ്സിലായില്ല . 
വറീത് ഒരു വെട്ടുകത്തിയുമായി വന്ന് സൈക്കിളുമ്മെ തലങ്ങും വിലങ്ങും നാലഞ്ചു വെട്ട്  അവറാൻ ചേട്ടനെ കിട്ടാത്ത കലി വറീത് സൈക്കിളിനോട് തീർത്തു പോരാത്തേന് അതു തൂക്കി പാടത്തേക്ക് ഒരു ഏറും വെച്ചു കൊടുത്തു  
പാവം സൈക്കിളിന് പിന്നെ  ജീവനില്ലാത്തതോണ്ട് അത് ചത്തില്ലാന്നു  മാത്രം അത്രക്കും വല്യ വെട്ടായിരുന്നു വറീതിന്റെ 

പോലീസുകാരും വാണിയും വീട്ടിലേക്ക് ഓടി വരുന്ന കണ്ടതോടെ  അവറാൻ ചേട്ടൻ കരുതിയത്  വറീതും , മമ്മദും പരാതി  കൊടുത്തിരിക്കുന്നതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാനായിരിക്കും ഈ പട പുറപ്പാടെന്നാ   .

അവറാൻ ചേട്ടൻ ഓടുന്ന കണ്ടതോടെ  ഇടിയനു സംശയം , വാണിക്കു സംശയം ഇതവൻ തന്നെ , രജനിയുടെ തിരോധാനത്തിനു പിന്നിൽ അവറാൻ ചേട്ടൻ തന്നെ  
പക്ഷേ വാണി അവറാൻ ചേട്ടന്റെ പിന്നാലെ ഓടിയില്ല മുറ്റത്തെല്ലാം മണത്തു മണത്തു  തെങ്ങിൻ ചുവട്ടിലിരുന്ന്  അപ്പിയിട്ടു . 
അത് കാണാൻ നിൽക്കാതെ പോലീസുകാർ മുഖം തിരിച്ചു  നായയാണെങ്കിലും ഒഫീഷ്യലി തങ്ങളേക്കാൾ ഉയർന്ന റാങ്കുള്ള ആളാണ് യാതൊരു നാണവുമില്ലാതെ പബ്ലിക്കായി കാര്യം നടത്തുന്നത്  . 
അതോടെ  ഇടിയൻ ജോണിയുടെ ആവേശമെല്ലാം പോയി ഈ പരട്ട നായ ഇതിനാണോ ഓടി വന്നത്  
വീണ്ടും ഒന്ന് മണത്തു നോക്കിയ ശേഷം വാണി തിരിഞ്ഞോടി .

വാണി ഓടിവന്ന് അപ്പിയിട്ടത് കണ്ടതോടെ  റോമുവിന്  ആകെ നാണമായി.

ഓടുന്ന ഓട്ടത്തിൽ വാണി ആ കാഴ്ച കണ്ടു രണ്ടു കണ്ണുകൾ തന്നെത്തന്നെ നോക്കിനിൽക്കുന്നു  . 
ആരാധനയോടെ അവളും ഒരു നിമിഷം ആ കണ്ണുകളുടെ ഉടമയെ നോക്കി 
രാജുവായിരിന്നു അത്   പരസ്പരം കോർത്ത ആ നോട്ടങ്ങളിൽ  രാജുവൊന്ന് പിടഞ്ഞു . 
ആ കണ്ണുകളിൽ  നിന്ന് ആയിരമായിരം അമ്പുകൾ തന്റെ ഹൃദയത്തിൽ വന്നു തറക്കുന്നത് അവൻ അറിഞ്ഞു  ഇത്രയും അമ്പുകൾ താങ്ങാനുള്ള വലുപ്പം അവന്റെ പാവം ഹൃദയത്തിനില്ലായിരുന്നു സംഗതി ഒരു റൗഡിയുടെ പരിവേഷം ഉണ്ടെങ്കിലും രാജു ഒരു പാവമായിരുന്നു അതിനേക്കാൾ പാവമായിരുന്നു അവന്റെ ഹൃദയം,  അതോടെ അവൻ ബോധം കെട്ടു വീണു .

വീഴുന്നതിനു മുൻപ് അവൻ ഒന്നുകൂടിയൊന്ന് തിരിഞ്ഞു നോക്കി തന്നെതന്നെയല്ലേ റാണി നോക്കിയത് ? തന്റെ പിന്നിൽ വേറേ ആരുമില്ലല്ലോയെന്ന് 
ഇല്ല താൻ മാത്രമേയുള്ളൂ തന്നെ തന്നെയാണ് റാണി നോക്കിയത് .

 ഡിങ്കുവിന്  ഇതുകണ്ട് ചൊറിച്ചിലടക്കാൻ കഴിഞ്ഞില്ല താനൊരു  ഡോബർ മാൻ ഇവിടെയുള്ളപ്പോൾ  ഈ ലോക്കലുമായിട്ട് അവൾക്ക് ലൗവ്വോ ? അല്ലെങ്കിലും പ്രേമത്തിന് കണ്ണില്ലാന്ന് പറയുന്നത് എത്ര ശരിയാണ്  ആ ദേഷ്യത്തില് അവൻ സ്ഥലകാലം നോക്കാതെ  ഒറ്റ കടി  
രാജുവിനെ മനസ്സിൽ ഓർത്താണ് കടിച്ചതെങ്കിലും പണി പാളി,  പോലീസ് നായയും കൂടെ കുറേ  പോലീസുകാരും അവറാൻ ചേട്ടന്റെ വീട്ടിലേക്ക് ഓടുന്ന  കണ്ടതോടെ  എന്താ സംഭവമെന്ന് അറിയാനായി  ഭാസ്ക്കരേട്ടൻ അടുത്ത് വന്നു നിൽപ്പുണ്ടായിരുന്നു . 
പോലീസുകാരെ കണ്ടതോടെ ഭാസ്ക്കരേട്ടൻ പാതി മനസ്സോടെയാ നിന്നിരുന്നത്  വർഷങ്ങൾക്ക് മുൻപ്,  ഭാസ്ക്കരേട്ടൻ ഗൾഫിൽ പോകുന്നതിനും മുന്ന്  ഒരു അടിപിടി കേസിൽ പ്രതിയായിരുന്നു  ഇനി അതിന്റെ പേരിലെങ്ങാനും  പോലീസ് തന്നെ അന്വേഷിച്ച് ഇങ്ങോട്ട് വരുമോയെന്നൊരു പേടി പുള്ളിക്കിപ്പോഴുമുണ്ട് .

ആ പേടീയിൽ  വിറച്ച് നിൽക്കുമ്പോഴായിരുന്നു ഡിങ്കൂന്റെ വക ആഞ്ഞൊരു കടി കിട്ടിയത് . 
നാശം,  തിന്നാൻ തന്നാ പോരാ വെറുതേ കടിക്കണോന്നും ചോദിച്ചോണ്ട്  ഡിങ്കൂന്റെ മൂട്ടിൽ ആഞ്ഞൊരു ചവിട്ടായിരുന്നു . 
കടിച്ചതോടെ  തന്നെ പണി പാളീന്ന് ഡിങ്കൂന്  മനസ്സിലായി അവൻ ഭാസ്ക്കരേട്ടനെ നോക്കി  ഒരു വളിച്ച ചിരി ചിരിച്ചു വാലാട്ടി നിന്നു പക്ഷേ വാല് ശരിക്കില്ലാത്ത കാരണം ആടുന്നില്ല അത് കാരണം അവൻ മൂടടക്കം  ചേർത്ത് ആട്ടി .

കാക്കാശിന് കൊള്ളാത്ത ശവം , ഡോബർ മാനാണത്രേ ഡോബർ മാൻ
ഭാഷകരേട്ടൻ അലറി 
അതോടെ അടുത്ത ചവിട്ട് മുന്നിൽ കണ്ട ഡിങ്കു  ഓടി കൂട്ടിക്കേറി . 
അവറാൻ ചേട്ടന്റെയാ  ഓട്ടം നിന്നത് വറീതിന്റെ കള്ള് ഷാപ്പിനു മുന്നിലായിരുന്നു  
ഷാപ്പിനു മുന്നിൽ നിൽക്കായിരുന്ന വറീത് അവറാൻ ചേട്ടന്റെ നൂറാനൂറിലുള്ള വരവ് കണ്ടതോടെ ഒന്നുകൂടി പേടിച്ചു

 ഇവനെന്തിനാ ഇങ്ങനെ ഓടി പാഞ്ഞു വരുന്നത് ? പന്തിയല്ലല്ലോയെന്നും കരുതി വറീത് വേഗം അകത്തേക്ക് പോയി ഒളിച്ചിരുന്നു .

അവറാൻ ചേട്ടൻ കിതച്ചു കൊണ്ട്  വറീതേന്ന് അലറി  
വറീതൊന്ന്  ഞെട്ടി ഷാപ്പിന്റെ പുറകിൽക്കൂടി ഇറങ്ങി ഓടിയാലോന്ന് വറീത് ചിന്തിച്ചതാ  . 
പക്ഷേ പുറകിലെ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടിരിക്കാ 
അവറാൻ കള്ള് ചെത്തണ കത്തികൊണ്ട് തന്നെ കൊല്ലും അതോർത്തതോടെ വറീതിന്റെ രോമമെല്ലാം എണീറ്റ് ഓടാൻ റെഡിയായി നിന്നു 
സാധാരണ കള്ള് ഷാപ്പിൽ  ഉള്ളവരെപ്പോലെ തന്നെ  വറീതിന്റെ മേത്തും ധാരാളം രോമം ഉണ്ടായിരുന്നു  അതെല്ലാം എണീറ്റ് നിന്നതോടെ  ഏതാണ്ടൊരു മുള്ളൻ പന്നിയുടെ പോലെയായി വറീത് മാറി   
വറീത് മുള്ളൻ പന്നി .

കത്തികൊണ്ട് വെട്ടു കിട്ടുന്നത് ആലോചിച്ചപ്പോൾ  തന്നെ വറീതിന്റെ എല്ലാ അവയവങ്ങളും കിടന്നു വിറച്ചു.  
വിറച്ചുകൊണ്ട് അവ ബ്രയിനിനോട് പറഞ്ഞു  അവറാൻ ദേ കത്തി കൊണ്ട് വെട്ടാൻ വരുന്നൂന്ന്  
ഉടൻ തന്നെ ബ്രയിനിൽ നിന്നും ഓടാനായി  നിർദ്ദേശം പോയി പക്ഷേ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടിരിക്കാന്ന് വറീത് പറഞ്ഞു  
മുന്നീൽക്കൂടെ ഓടിയാ നേരെ അവറാന്റെ മുന്നിലാവും ചെന്ന് പെടുക. എന്നാൽ  നീ എന്തെങ്കിലും ചെയ്യെന്നും  പറഞ്ഞു ബ്രെയിൻ കൈയ്യൊഴിഞ്ഞു  .
വറീതേ 
ആ വിളി കേട്ടതോടെ  വറീത് വീണ്ടും ഞെട്ടി

എന്നോട് ക്ഷമിക്കെടാന്നും പറഞ്ഞ് വറീത് ഓടിവന്നു  അതിനും മുന്നേ അവറാന്റെ കൈയ്യില് കത്തിയുണ്ടോന്നും  ഒളിഞ്ഞ് നോക്കിയായിരുന്നു
വറീതിനെ കണ്ടതോടെ എന്നോട് ക്ഷമിക്കെടായെന്നും പറഞ്ഞ് അവറാൻ ചേട്ടനും  ഓടിച്ചെന്നു . 
രണ്ടുപേരും ഒരുമിച്ചായിരുന്നു പരസ്പരം കാലുപിടിക്കാനായി  കുനിഞ്ഞത് സത്യത്തിൽ അത് അപ്രതീക്ഷിതമായിരുന്നു രണ്ടു പേരുടേയും നെറ്റിയിൽ ഓരോ മുഴ . 
പൊന്നീച്ച മാത്രമല്ല സാധാരണ ഈച്ച കൂടെ ഇരുവരുടേയും കണ്ണുകളിൽ നിന്ന് പുറത്തേക്ക്  പറന്നുപോയി .
എടാ  എന്തിനാടാ നീ എനിക്കെതിരെ പോലീസിൽ പരാതി  കൊടുത്തത് ?അവറാൻ ചേട്ടൻ കരഞ്ഞിട്ടായിരുന്നു അത്  ചോദിച്ചത്

ഞാനോ എന്തിന് ?

തല്ലുകൂടിയതിന് 

എന്റെ അവറാനെ  ഞാനൊരു പരാതിയും കൊടുത്തിട്ടില്ല ,ഞാനത് അപ്പോഴേ മറന്നില്ലേ 

 നീ എന്തിനാടാ എന്നെ കൊല്ലാൻ വന്നത് ?

കൊല്ലാനോ ഞാനോ ? നിഷ്കളങ്കനായ തന്നെ ഒരു കൊലപാതകിയാക്കിയതിൽ അവറാൻ ചേട്ടനൊന്ന്  ഞെട്ടി

എടാ ഞാൻ പോലീസ് പിടിക്കാൻ വന്നപ്പോ ഓടിവന്നതാ

  ഞാൻ പേടിച്ചു ..,

 ഞാനും

 എന്നാ നീ ഓരോ കുപ്പി കള്ളെടുത്തേ കാശ് എന്റെ വക പേടി മാറാൻ രണ്ടുപേരും നിന്ന നില്പില് അതങ്ങു കുടിച്ചു ഈ സമയത്ത് തന്നെയായിരുന്നു  മമ്മദും അങ്ങോട്ട് വന്നത്  മമ്മദിനും ഒരു കുപ്പി കള്ള് കിട്ടി  അവറാൻ ചേട്ടൻ  വക .

രജനിയെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തുയില്ല  
ആർക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല രജനി എങ്ങോട്ട് പോയി എന്നുള്ളതിനെക്കുറിച്ച്   
വാണി ഇടക്കിടക്ക്  മണം പിടിച്ചോണ്ട്  ഓടും കൂടെ ഇടിയനും പോലീസുകാരും  കുറേ മണത്തു മണത്തു എവിടെയെങ്കിലും പോയി അപ്പിയിട്ടിട്ടു തിരിച്ചു വരും . 
പോലീസുകാർക്ക് ഇതു കാണുമ്പോ നാണം ഇടിയന് പ്രാന്ത്  ഈ പിശാചിന് സ്റ്റേഷന്റെ പരിസരത്ത് എവിടെയെങ്കിലും പോയി കാര്യം സാധിച്ചു കൂടെ  പക്ഷേ ഇടിയന് റാണിയെ ചീത്ത വിളിക്കാൻ പേടി  സി ഐ റാങ്കിലുള്ളതാ  വന്ന് വന്ന് പോലീസ് നായക്ക് അപ്പിയിടാൻ വരെ എസ്‌കോർട്ട് പോവേണ്ട അവസ്ഥയായി .

റാണിക്കാണെങ്കിൽ അതിനേക്കാൾ ചമ്മലാണ് ഈ പോലീസുകാര് മര്യാദക്ക് അപ്പിയിടാനും സമ്മതിക്കത്തില്ലേ ? പോലീസ് സ്റ്റേഷന്റെ പരിസരത്ത് ഈ കൃത്യങ്ങൾ നിർവ്വഹിച്ചാൽ  എല്ലാവരും കാണുമെന്നും കരുതിയാണ് പുറത്തേക്ക് ഓടുന്നത്  അവിടെയും പിന്നാലെ വരുകാന്ന് വെച്ചാ ?

അന്ന് മലരമ്പുകൾ അമ്പുകൾ തറച്ച് ബോധം കെട്ടുവീണ രാജു കണ്ണു തുറന്നത് പുതിയൊരു രാജുവായിട്ടായിരുന്നു അതോടെ  അവൻ റൗഡിത്തരമെല്ലാം നിറുത്തി മുഴുവൻ സമയവും പോലീസ് സ്റ്റേഷന്റെ മുന്നിൽ  റാണിയേയും നോക്കിയിരുന്നു  രണ്ടുപേർക്കും  പരസ്പരം മിണ്ടണമെന്നുണ്ട് പക്ഷേ ചമ്മൽ,  അവരെ അതിൽനിന്നും വട്ടം വലിച്ചു
ആരാദ്യം  മിണ്ടും? റാണിക്ക് പോലീസുകാര് കാണോന്ന് പേടി  രാജൂന് ഇടിയൻ ഇടിക്കോന്ന് പേടി . 
ഇടിയന് തങ്ങളുടെ പ്രേമ കാര്യത്തിൽ ഇടപെടേണ്ട കാര്യമില്ല  എങ്കിലും ഇടി കിട്ടിക്കഴിഞ്ഞിട്ട് പറഞ്ഞിട്ട് വല്യ കാര്യമുണ്ടോ ?,  
എങ്കിലും  അവർ ഹൃദയം കൊണ്ട് മലരമ്പുകൾ എയ്തുകൊണ്ടിരുന്നു  പ്രേമം തലക്കുപിടിച്ചതോടെ  വാണി  വന്ന കാര്യം മറന്നു.

രജനി കേസിൽ തുമ്പില്ലാതെ വന്നതോടെ ഇടിയൻ ജോണിക്കുമേൽ പ്രെഷറ് കൂടി  സാധാരണ ഇടിയന്റെ  ശരീരത്തിൽ  ആവശ്യത്തിനും അതിൽ കൂടുതലും പ്രെഷറുണ്ട് അതു പോരാഞ്ഞ് മേലധികാരികളുടെ പ്രേഷറും , നാട്ടുകാരുടെ  പ്രെഷറും . 
അവസാനം ഇടിയൻ കാണുന്നവരെ  മുഴുവൻ എടുത്തിട്ടിടിക്കുവാൻ തുടങ്ങി രജനി എവിടെയെന്നും  ചോദിച്ച് .

 ഇടിയന് പ്രാന്തായെന്ന് വരെ നാട്ടുകാര് പറഞ്ഞു തുടങ്ങി .

വേറേ വഴിയില്ല കാണുന്നവരെയെല്ലാം പൊക്കിക്കൊണ്ട് വന്ന് ഇടിയോട് ഇടി  കൂലിപ്പണിയെടുക്കാൻ വന്ന തമിഴൻ സത്യരാജിനേയും  ഇടിയൻ പിടിച്ചു കൊണ്ടുവന്ന്  ഇടിച്ചു . സത്യത്തിൽ അന്ന് രാവിലെയാണ് സത്യരാജ്  തമിഴ് നാട്ടിൽ നിന്നും  ഒരു പിടി സ്വപ്നങ്ങളുമായി  ഞങ്ങളുടെ ഗ്രാമത്തിലേക്കെത്തിയത്  മൊട്ടിട്ട ആ സ്വപ്നങ്ങൾ വിടരും മുമ്പേ ഇടിയന്റെ ഇടിയിൽ കരഞ്ഞു വീണു  രജനി എവിടെയെന്ന് ചോദിച്ചപ്പോ പാവം സത്യരാജ്  കണ്ണുമിഴിച്ചു പറഞ്ഞു അണ്ണൻ അങ്ങ് ചെന്നൈയിൽ താൻ ഇറുക്കുത് സാർ   
സൂപ്പർ സ്റ്റാർ രജനിയെ ചോദിച്ച് തന്നെ എന്തിനാണ് ഇടിക്കുന്നതെന്ന് ആ പാവത്തിന് മനസ്സിലായിരുന്നില്ല  .

നീ രജനിയെ കണ്ടിട്ടില്ലെടാ ?

അയ്യോ ഞാൻ പാത്തിറുക്ക് സാർ 

അത് കേട്ടതോടെ  ഇടിയൻ  സത്യം തെളിയിച്ച മട്ടിൽ എല്ലാവരേയും നോക്കി ചിരിച്ചു

  പറയെടാ റാസ്‌ക്കൽ എങ്കെ ?

സാർ,  ഞാൻ അവരെ കടശ്ശി പാത്തത് മുത്തുവിലാണ്
അത് കേട്ട് ഇടിയൻ ഞെട്ടി
രജനിയെക്കുറിച്ച് ചോദിക്കുമ്പോ ഇവൻ മുത്തുവിനെ കുറിച്ച്  പറയുന്നതെന്തിനാണ്   

എന്നെ പറ്റിക്കാനാണോ  റാസ്‌ക്കൽ ?
ഇടിയൻ വീണ്ടും മുട്ടുകാൽ ഓങ്ങി  
അതോടെ സത്യരാജിന്റെ തമിഴ്  ജീവൻ സത്യരാജിനെ വിട്ട് ഇറങ്ങിയോടി
 ഇങ്കെ എല്ലാവർക്കും പൈത്യം, പൈത്യം 
അലമുറയിട്ടുകൊണ്ട്  സത്യരാജ് വാവിട്ടു കരഞ്ഞു .

റൈറ്ററ് തോമാസേട്ടനാ പറഞ്ഞത് സാറേ അവൻ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ  കാര്യമാ പറയുന്നത്   .

 നിന്നോട് ആരെടാ സൂപ്പർ സ്റ്റാറിന്റെ കാര്യം ചോദിച്ചെന്നും ചോദിച്ച് രണ്ടിടി കൂടി കൊടുത്ത്   ഓടെടാ ന്നും പറഞ്ഞു ഇടിയൻ അലറി.  
ആ പാവത്തിന്റെ ഓട്ടം അങ്ങ് തിരുനെൽ വേലിയിൽ പോയിട്ടാ നിന്നത്  
ആ സംഭവത്തോട്  കൂടി രജനീകാന്ത് പോയിട്ട്  ര..എന്നു  കേൾക്കുമ്പോഴേക്കും സത്യരാജിന്  പനി വരും 

അണ്ണന്റെ വലിയ ഫാനായിരുന്നു സത്യരാജ് ,  മുറിയിലെല്ലാം അണ്ണന്റെ പടങ്ങൾ അണ്ണനോടുള്ള സ്നേഹ സൂചകമായി നിറച്ചു വെച്ചിരുന്നു 
അണ്ണന്റെ പെരു  പറഞ്ഞു എന്നെ  ഇടിച്ചൂന്നും പറഞ്ഞ് കുറേ നാള്  ആ ഫോട്ടോകളും നോക്കി കരഞ്ഞോണ്ട് നടന്നു  പിന്നെ ഇതെല്ലാം കാണുമ്പോ  പേടി ആവണൂന്നും പറഞ്ഞു എല്ലാം ചുരുട്ടി കൂട്ടി വെച്ചു  .

 ഒരു പ്രാവശ്യം ചായക്കടക്കാരൻ പാക്കരൻ ചേട്ടനെ ഇടിക്കാനായി ഇടിയൻ ചെന്നതായിരുന്നു  
പാക്കരൻ ചേട്ടന്റെ ചായക്കടയിലാണ് രജനി പാലു കൊടുക്കാറുള്ളത് ആ പേരും പറഞ്ഞാണ് ഇടിയൻ,  ഇടിക്കാനായി ചെന്നത്  
ഇടിയന്റെ വരവ് കണ്ടതോടെ  പാക്കരൻ ചേട്ടന്റെ കാസരോഗം  പേടി കൊണ്ട് ഭാരതനാട്യം കളിച്ചു തുടങ്ങി  റോമു മിണ്ടാതെ കൂടിനുള്ളിൽ ഒളിച്ചിരുന്നു  രണ്ടു കണ്ണുകൾ  മാത്രം പുറത്തേക്കിട്ടുകൊണ്ട്  ശ്വാസം വിടാതെയാണവൻ നിന്നത്  . 
 രജനി എവിടെയെന്നും ചോദിച്ച് തന്നേയും പിടിച്ചിടിക്കുമോയെന്നായിരുന്നു റോമുവിന്റെ പേടി. 
എവിടെയെടാ രജനി ? 
ഇടിയന്റെ  അലർച്ച കേട്ടതോടെ ചായ കുടിക്കാൻ വന്ന മുരുകൻ പാതി ചായഗ്ലാസ്സും എടുത്തോണ്ട് പുറത്തേക്കോടി അതോടെ പാക്കരൻ ചേട്ടന്റെ വലിവു കൂടുകയും  പാക്കരൻ ചേട്ടനെ ആശുപത്രിയിലോട്ട് കൊണ്ടുപോവുകയും ചെയ്തു .

ആരേയും ഇടിക്കാൻ കിട്ടാത്ത ദേഷ്യത്തിന് ഇടിയൻ ചുറ്റും നോക്കി അപ്പോഴാണ് പാക്കരൻ ചേട്ടന്റെ ഭാര്യ അന്നമ്മ ചേടത്തിയെ അവിടെ  കണ്ടത്

 നിങ്ങളാരാ

ഞാൻ അടുത്തുള്ളതാണെന്നും പറഞ്ഞ് അന്നമ്മ ചേടത്തി വേഗം മുങ്ങി .

 ഇടിയൻ കൂട്ടിലേക്ക് നോക്കി റോമു കൂട്ടില് ശ്വാസം പോലും വിടാൻ പേടിച്ച് ഒളിച്ചു നിൽക്കായിരുന്നു. ഇടിയന്റെ നോട്ടം കണ്ടതോടെ  അവൻ കൂട്ടില് മുള്ളി സത്യത്തില് റോമു പോലും അതറിഞ്ഞില്ല ഇടിയൻ പോയിക്കഴിഞ്ഞതിനു ശേഷാ അവനും  മനസ്സിലായത് .

ഭാഗ്യം പാക്കരൻ ചേട്ടന്റെ ആശുപത്രിയിലോട്ട് കൊണ്ടുപോയത്  ഇടിയന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കി അതോടെ  പാക്കരൻ ചേട്ടന്റെ വലിവ്  നിന്നേനേ .

അങ്ങനെ രജനിയെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിൽ ഇടിയൻ തോറ്റു  അങ്ങിനെയാണ് ഇടിയൻ ജോണിക്കു പകരമായി മിന്നൽ രാജൻ വരുന്നത്   . 
മിന്നൽ രാജന്റെ വരവിന്റെ കഥയറിഞ്ഞ ഞങ്ങളെല്ലാം ഞെട്ടി  ഇടിയന്റെ ഇടിയിൽ നിന്ന് ഒരു മോചനം കിട്ടി എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എല്ലാവരും  ഇനി മിന്നലിന്റെ മിന്നൽ  എത്ര പേർക്ക് കൊള്ളേണ്ടി വരും ?.

പ്രേക്ഷിതൻ സുകു ഇടിയന്റെ ഇടി പേടിച്ച് അച്ഛനാവാൻ നോക്കിയെങ്കിലും പറ്റിയില്ല  
ഒരു ദിവസം സുകു പള്ളിയിൽ പോയി അച്ഛനെ കണ്ടാ സുകു ചോദിച്ചത് ഞാൻ പ്രേക്ഷിതനായിട്ട്  കുറേ  കൊല്ലമായില്ലേ ഇനി എന്നെ  അച്ഛനാക്കിക്കൂടെന്ന് . 
അച്ഛന്  ഇത് കേട്ടതോടെ ചിരിയോട് ചിരി പിന്നെ കുറെ നാള് അച്ഛൻ പ്രസംഗത്തില് ഈ തമാശ വെച്ച് കാച്ചിക്കൊണ്ടിരുന്നു  ആദ്യമൊക്കെ ഇടവകക്കാര് ചിരിച്ചു  പിന്നേം പിന്നേം അച്ഛൻ ഈ തമാശ തന്നെ പറഞ്ഞു കൊണ്ടിരുന്നപ്പോ ഇടവകക്കാര് അച്ഛനെ മുഖം കൊണ്ട് നോക്കി ഭീക്ഷിണിപ്പെടുത്താൻ തുടങ്ങി അതോടെ അച്ചൻ  സുകു തമാശ നിറുത്തി .

ആയിടക്ക് അവറാൻ ചേട്ടന്റെ വീടിനു  പുറകിലെ കുളത്തിൽ  ഒരു അസ്ഥികൂടം പൊങ്ങി .



please click here - part 4


0 അഭിപ്രായങ്ങള്‍