അത് രജനിയുടേത് തന്നെ 

കേട്ടവർ കേട്ടവർ അവറാൻ ചേട്ടന്റെ പറമ്പിലേക്കോടി പേടിച്ചു പോയ അവറാൻ ചേട്ടൻ പുറത്തേക്കും.

സൈറണിട്ട് പാഞ്ഞു വന്ന മിന്നലിന്റെ ജീപ്പ് കണ്ടയുടനെ അവറാൻ ചേട്ടന്റെ ഭാര്യ  ഒറോത ചേട്ടത്തി ബോധം കെട്ട്  വീണു  

തേങ്ങയിടീക്കാനായി അവറാൻ ചേട്ടനെ  വിളിക്കാൻ ചെന്ന ഞാൻ വീട് മാറിക്കേറിയതു പോലെ നിന്നു 

ബോധം കെടുന്നതിനു മുന്നേ  ഒറോത ചേടത്തി ഒരു ആശ്രയത്തിനായി എന്നെ നോക്കി മോനേ ന്ന്  വിളിച്ചെങ്കിലും ഞാനാ വിളി കേട്ടില്ല . 

കിഴവി എന്നെക്കൂടി കൊലക്ക് കൊടുക്കുവാനാ വിളിക്കുന്നത് 

എവിടെ അവൻ ? 

മിന്നലിന്റെയാ ഇടിമിന്നൽ കേട്ട്  പിന്നാമ്പുറത്ത് ഒളിച്ചിരിക്കായിരുന്ന അവറാൻ ചേട്ടൻ ഞെട്ടി , അവറാൻ ചേട്ടന്റെ വീട് ഞെട്ടി,  ബോധം കെട്ട് കിടക്കായിരുന്ന ഒറോത ചേടത്തി ഞെട്ടി ,കൂട്ടിൽ കിടന്ന ചിഞ്ചു പൂവൻ ഞെട്ടി , അവറാൻ ചേട്ടനെ വിളിക്കാൻ വന്ന ഞാൻ ഞെട്ടി 

അതോടെ ചേടത്തിക്ക്  ബോധം വന്നെങ്കിലും  കണ്ണടച്ച് ബോധമില്ലാത്തതു  പോലെ തന്നെ കിടന്നു .

എങ്കിലും ചേടത്തിയുടെ കണ്ണുകൾക്ക് മിന്നലിനെ  കാണാൻ  ആശ തോന്നിയത് കൊണ്ട്  അവ ചേടത്തിയുടെ അനുവാദമില്ലാതെ  പാതി തുറന്ന് മിന്നലിന്റെ മിന്നൽ നേരിട്ടു കണ്ടു 

ചേടത്തി ഒളികണ്ണിട്ട് നോക്കുന്നത് കണ്ട  മിന്നലിന്റെ  കൈയ്യിൽ  ഒരു മിന്നൽ  ഉരുണ്ടു കേറി വന്നെങ്കിലും പെണ്ണായതു കൊണ്ട് മാത്രം  മിന്നലത് മുഷ്ടിക്കുള്ളിൽ തന്നെയിട്ടു പൊട്ടിച്ചു  കളഞ്ഞു  .

മിന്നലിന്റെ ആ അലർച്ച കേട്ടതോടെ ഒളിച്ചിരുന്ന അവറാൻ ചേട്ടൻ ഞാനിവിടെയില്ലായെന്നും ഓളിയിട്ടു കൊണ്ട് പാഞ്ഞു   

കുളത്തിലുള്ള  അസ്ഥികൂടം കാണാൻ ആകാംഷ കൊണ്ട് ഓടി വരുകയായിരുന്ന  ഭാസ്‍കരേട്ടന്റെ ഭാര്യ  ശാരദേടത്തി മിന്നലിന്റെ അലർച്ചയോടെ അയ്യോ.. ന്നും.. നിലവിളിച്ചോണ്ട്   ഒറ്റ ചാട്ടം ചാടി , 

മിന്നലിന്റ ആ അലർച്ച തനിക്കു നേരെയല്ലെന്ന്  മനസ്സിലായതോടെ, താൻ  ചാടിയ ചാട്ടത്തെ  ഓർത്ത് ശാരദേടത്തിക്ക്  നാണം വന്നു ആ നാണത്തിന്റെ തുടർച്ചയായി ചിരിയും പിന്നെയത് പൊട്ടിച്ചിരിയാവുകയും അവസാനം  ഓടാൻ പറ്റാതെയാവുകയും ചെയ്തു ,

അസ്ഥാനത്തുള്ള  ഈ ചിരി കേട്ട് മിന്നൽ തിരിഞ്ഞു നോക്കിയതോടെ  ശാരദേടത്തി പറമ്പിലിരുന്നു പുല്ലു പറിച്ചു 

അപ്പോഴും ശാരദേടത്തിക്ക് ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല 

കൂട്ടിൽ  ഉറക്കത്തിലായിരുന്ന റോമു ഞെട്ടിക്കൊണ്ട്  രണ്ട് കുര കുരച്ചെങ്കിലും അതെന്തിനാണെന്ന് അവനു തന്നെ മനസ്സിലായില്ല 

അവൻ ചുറ്റും നോക്കി ഭാഗ്യം ആരും കണ്ടില്ല . 

ചായക്കടക്കാരൻ  പാക്കരൻ ചേട്ടൻ അയ്യോ ദേ ഭൂമികുലുക്കമെന്നലറലും അന്നമ്മ ചേടത്തി വെടിച്ചില്ലു പോലെ പുറത്തേക്കു പാഞ്ഞതും  ഒരുമിച്ചു കഴിഞ്ഞു.

എടീ എന്നെക്കൂടി കൊണ്ടു പോടീ

ജീവൻ വേണെങ്കീ ഓടി വാ മനുഷ്യാ 

ഓടാൻ എനിക്ക്  വയ്യേ  ന്ന് പാക്കരൻ ചേട്ടൻ കരഞ്ഞു പറഞ്ഞിട്ടും  അന്നമ്മ ചേടത്തി നിന്നില്ല .

അന്നമ്മ ചേടത്തിയുടെ ആ ഓട്ടം അവസാനിച്ചതും  മിന്നലിന്റെ മുന്നിലായിരുന്നു 

എങ്ങോട്ടാ  തള്ളേ കിടന്ന് പരക്കം പായുന്നേ  ?

റിലേക്ക് ബാറ്റൺ കൊടുക്കാൻ മറന്ന പോലെ  അന്നമ്മ ചേടത്തി തിരിഞ്ഞോടി

എന്റെ പുണ്യാളാ ഈ വയസ്സുകാലത്ത് എന്നെയെന്തിനാണ് ഇങ്ങനെ ഇട്ടോടിക്കണേന്നും കരഞ്ഞു കൊണ്ടായിരുന്നു ആ പാവം ഓടിക്കൊണ്ടിരുന്നത്   

പറ്റുമെങ്കിൽ പുണ്യാളൻ അന്നമ്മ ചേടത്തീയെ ഈ  ലോകം മുഴുവനുമിട്ട്  ഒരു വട്ടം  ഓടിച്ചേനേ . കുനുട്ടും കുശുമ്പും ആയി നടക്കുന്ന സാധനം  പള്ളീല് വന്നാലും പ്രാർത്ഥിക്കാതെ  കുശുമ്പു പറഞ്ഞു നിൽക്കും കുർബ്ബാന കഴിയുന്ന  നേരത്ത് നെഞ്ചത്തടിച്ച് രണ്ടു മൂന്ന് അലർച്ചയും, പിന്നെയൊരു  കരച്ചിലും  

അത്  കേട്ട്  അച്ചനല്ല  പുണ്യാളൻമാര് വരെ ഞെട്ടും, ഞെട്ടിയിട്ടുമുണ്ട്  

ഈ സാധനം എന്തൂട്ട് സാധനമാണെന്റപ്പോന്നാ പുണ്യാളൻമാര്  മനസ്സിൽ പറയുന്നത്    

ഒരു പ്രാവശ്യം കുർബാന ചൊല്ലിക്കൊണ്ടിരിക്കായിരുന്ന പീലിപ്പോസ് അച്ചൻ കുരിശും പിടിച്ചു നിൽക്കുന്ന നേരത്താ ചേടത്തി എന്റെ കർത്താവേന്നും പറഞ്ഞ്  ഓളിയിട്ടത്  പെട്ടെന്നുള്ള ആ ഓളി കേട്ട് അച്ഛന് നെഞ്ചുവേദന വന്നു പീലിപ്പോസച്ചന്റെ കാറ്റ് അതോടെ  പോയികിട്ടി  ഹാർട്ട് അറ്റാക്കാണെന്നാ ഡോക്ടറ് പറഞ്ഞത് സ്ഥലം മാറി ഞങ്ങളുടെ ഇടവകയിലോട്ട് വന്ന് ഒരു ആഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ   

ഇപ്പൊ  സ്വപ്നത്തിൽ ഇടക്കിടെ വന്ന് എന്തിനാ ചേടത്തി എന്നെ പേടിപ്പിച്ച് കൊന്നേയെന്ന് പീലിപ്പോസച്ചൻ ചോദിക്കാറുണ്ടത്രെ .

ഓടിയോടി  അന്നമ്മ ചേടത്തി ചായക്കടയും കടന്നോടി 

പാക്കരൻ ചേട്ടന് ഓടാൻ വയ്യാത്തതു  കാരണം ഒരു ധൈര്യത്തിനായി  റോമുവിന്റെ കൂടിനരുകിൽ ചെന്നു നിന്നു.  ഇത് കണ്ടതോടെ  റോമുവിന്റെ കൈയ്യും കാലും വിറച്ചു തുടങ്ങി അവൻ  മിന്നല് കാണാതെ ശ്വാസം പോലും വിടാതെ ഒളിച്ചിരിക്കുകയായിരുന്നു .  

ഈ കിഴവൻ ഇവിടെ വന്നു നിന്ന് തന്നേം കൂടി കൊലക്ക് കൊടുക്കുന്ന് അവനു തോന്നി .

അസ്ഥികൂടത്തിനു ചുറ്റും ജനങ്ങൾ കൂടി മിന്നൽ ലാത്തിയും തിരുമ്മി അങ്ങോട്ടും ഇങ്ങോട്ടും  നടക്കുന്നുണ്ട് . ഒരു ഷെർലക്ക് ഹോംസ്  ആകുവാനായി മിന്നൽ  മാക്സിമം ശ്രമിക്കുന്നുണ്ടെങ്കിലും ബുദ്ധിക്ക്  ആ വഴി വരാനാകുന്നില്ല . 

എടാ മിന്നലേ എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ  നിനക്ക് പാരമ്പര്യമായിട്ട് കിട്ടിയതല്ലേ ഇത് 

എന്നാലും ഒന്ന് ശ്രമിച്ചൂടെ?  

മിന്നലിന്റെ ബുദ്ധിയും മിന്നലും തമ്മിലുള്ള ആ വാഗ്വാദത്തിൽ  രണ്ടുപേരും തോറ്റു.  

എഫ് ഐ ആർ എഴുതുവാൻ   റൈറ്ററ്  തോമാസേട്ടനാണ്  വന്നത്  . പാവം പോലീസ് പരീക്ഷ പാസ്സായിക്കഴിഞ്ഞതിനു ശേഷം ആദ്യായിട്ടാണ്  ഒരു എഫ് ഐ ആർ എഴുതുവാൻ പോകുന്നത് അതിന്റെ എല്ലാ അങ്കലാപ്പും തോമാസേട്ടന്റെ മുഖത്ത് ദൃശ്യമായിരുന്നു  

എഫ് ഐ ആർ എങ്ങിനെയാ എഴുതാ സാറേ ഞാനതു  മറന്നു .

റൈറ്റർ തോമാസേട്ടൻ നിഷ്ക്കളങ്കമായാണ്  മിന്നലിനോട് ആ പരിഭവം പറഞ്ഞത്  

താനേത്  കോത്താഴത്തെ പോലീസുകാരനാണെടോ?  പുച്ഛത്തോടെയാണ് മിന്നലത് പറഞ്ഞതെങ്കിലും സത്യത്തിൽ മിന്നലിനും അജ്ഞാതമായിരുന്നു എ ഫ് ഐ ആർ എങ്ങിനെ എഴുതുമെന്നുള്ളതിനെക്കുറിച്ച്  . മിന്നലിന്റെ ആ  കണ്ണുരുട്ടൽ കണ്ടതോടെ തോമാസേട്ടൻ പേടിച്ചു   ഇനി ഇതിന്റെ പേരിൽ ഇയാള് തന്നേം പിടിച്ചിടിക്കോന്നൊരു  സംശയവും അതോടൊപ്പം ഉള്ളിൽ കേറി .

അങ്ങനെ  തന്റെ നീണ്ട കാല സർവീസ് ജീവിതത്തിനിടയിൽ തോമാസേട്ടൻ ആദ്യമായിട്ടൊരു  എഫ് ഐ ആർ എഴുതി . അത് വായിച്ചു കഴിഞ്ഞാൽ ആരും ബോധം കെട്ടുവീഴും അസ്സലൊരു  പ്രേത കഥയായിരുന്നു തോമാസേട്ടൻ എഴുതി വെച്ചത്   അത്രക്കും ഭീകരം വായിച്ചു കഴിഞ്ഞാൽ  പേടിച്ചിട്ട് പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റത്തില്ല . 

താനെഴുതിയ എഫ് ഐ ആർ വായിച്ച് ആദ്യം ഞെട്ടിയത് തോമാസേട്ടൻ തന്നെയായിരുന്നു പിന്നെ മിന്നലും അതോടെ  മിന്നലിന്  പേടികൊണ്ട്  ഉറങ്ങുവാൻ പോലും പറ്റാതെയായി  . 

ബ്രോം സ്റ്റോക്കറുടെ,  ഡ്രാക്കുളയെക്കാളും വല്യ പ്രേതമായിട്ട് തോമാസേട്ടനാ  അസ്ഥികൂടെത്തെ മാറ്റിയെടുത്തു .

മിന്നല് ഒരാഴ്ച്ചയോളം ലൈറ്റിട്ടായിരുന്നു  കിടന്നുറങ്ങിയത്   ഇടക്കിടക്ക് കട്ടിലിന് അടിയിലും അലമാരയുടെ പുറകിലും  പോയി നോക്കും  പ്രേതങ്ങളെങ്ങാനും ഒളിച്ചിരിപ്പുണ്ടോന്ന്. അസ്ഥികൂടങ്ങളുടെ രൂപത്തിലുള്ള പ്രേതങ്ങൾ രക്ഷസ്സുകളായി തനിക്കു ചുറ്റും നിൽക്കുന്നത് പോലെ മിന്നലിന് തോന്നി  അവസാനം പ്രേത പേടി മാറുന്നവരേക്കും  സ്റ്റേഷനിലെ ഒരു  ബെഞ്ചിൽ  കിടന്നായി മിന്നലിന്റെ  ഉറക്കം.

വീട്ടിൽ വെച്ചിരുന്ന എഫ് ഐ ആർ എടുത്ത്  വായിച്ച തോമാസേട്ടന്റെ പത്തിൽ പഠിക്കുന്ന മോൻ തൊമ്മിക്ക് പനിവന്നു . തോമാസേട്ടന്റെ ഭാര്യ മറിയാമ്മ ചേടത്തി  അവസാനം  അതെടുത്ത് അടുപ്പിലാടാൻ നോക്കിയതാ .

പോസ്റ്റുമാർട്ടം ചെയ്യാൻ വന്ന ഡോക്ടറാ പറഞ്ഞത് ഇത് ഒറിജിനൽ അല്ല ഡ്യൂപ്ലിക്കേറ്റാണെന്ന് പിള്ളേര് പഠിക്കാൻ വേണ്ടി ഉണ്ടാക്കുന്ന ഡമ്മി   അസ്ഥികൂടമാണെത്രെ അത് എങ്കിലും എഫ് ഐ ആറിലൂടെ തോമാസേട്ടൻ അതിന് ഒരു രക്ത രക്ഷസ്സിന്റെ പരിവേഷം നൽകിക്കഴിഞ്ഞിരുന്നു ആ പേടി മാറാൻ മിന്നൽ എടുത്തത് ഒരു ആഴ്ചയും    

ഇതറിഞ്ഞ  ഡി ജി പി  മിന്നലിനെ വിളിച്ച്  കുറേ ചീത്ത പറഞ്ഞു ഒരു അസ്ഥികൂടത്തെ പോലും മനസ്സിലാക്കാൻ പറ്റാത്ത താൻ എവിടത്തെ  മിന്നലാടോ ?

ഈവനിങ് പത്രമായ  താമരയുടെ  എഡിറ്ററും റിപ്പോർട്ടറും അച്ചടിക്കാരനും ഒക്കെയായ പത്രോസേട്ടൻ എഴുതിയത് അസ്ഥികൂടത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഭൂതം എന്ന രഹസ്യാന്വേഷണ  പരമ്പര ഇതാ  തുടങ്ങുന്നു എന്നതായിരുന്നു  അസ്ഥികൂടത്തെ ഒരു ഡമ്മി ആക്കിയതോടെ പത്രോസേട്ടനത് അങ്ങനെതന്നെ മടക്കി വെച്ചു .

ആ  എഫ് ഐ ആർ തോമാസേട്ടൻ ഏതോ ഒരു വാരികയ്ക്ക് അയച്ചു കൊടുക്കുകയും  അവരത് പ്രസിദ്ധീകരിക്കുകയും ചെയ്തു 

വെള്ളം കുടിച്ച് ചത്ത പ്രേതമെന്നായിരുന്നു തോമാസേട്ടൻ അതിനു നൽകിയ പേര്  .

സംഗതി ഡ്യൂപ്ലിക്കേറ്റാന്ന് മനസ്സിലായതോടെയാ  അവറാൻ ചേട്ടൻ തിരികെ വന്നത് അന്നോടിയാ ഓട്ടം അവറാൻ ചേട്ടൻ മൈസൂര് വരേക്കും ഓടിയത്രേ . അവിടെ ഒരു ബന്ധുവീട്ടില് ഒളിച്ചു താമസിക്കായിരുന്നു . ഓടിയത് നന്നായി ഇല്ലെങ്കീ മിന്നലിന്റെ ഇടി കൊണ്ട് അവറാൻ ചേട്ടൻ മറ്റൊരു അസ്ഥികൂടമായേനെ . 

രജനിയുടെ അന്വേഷണം ചൂട് പിടിച്ചു  . 

കുളത്തിൽ നിന്നും  കിട്ടിയ  പ്ലാസ്റ്റിക് അസ്ഥികൂടം മിന്നൽ  സ്റ്റേഷനിൽ കൊണ്ടുപോയി  കെട്ടിത്തൂക്കി ഇടിച്ചു  , പ്ലാസ്റ്റിക്ക് ആണെങ്കിലും അസ്ഥികൂടം വരെ കരഞ്ഞു പോയി 

മനുഷ്യനെ കുറേ പേടിപ്പിച്ച  ശവം എന്നും പറഞ്ഞായിരുന്നു മിന്നൽ  ഇടിച്ചത് .

റൈറ്റർ തോമാസേട്ടനോട് മിന്നലിന്  അതിലേറേ ദേഷ്യമായിരുന്നു  അസ്ഥികൂടം നോക്കി പ്രേതകഥ എഴുതി മനുഷ്യന്റെ ഉറക്കം നഷ്ടപ്പെടുത്തിയ വിഢ്ഢി .

മിന്നല് പറഞ്ഞത് മനസ്സിലാണെങ്കിലും തോമാസേട്ടനതു  കേട്ട് തലയും കുമ്പിട്ടിരുന്നു .

തോമാസേട്ടന്റെ ആദ്യ കഥയായ,  വെള്ളം കുടിച്ച് ചത്ത പ്രേതം ഭയങ്കര ഹിറ്റായി അതോടെ  വാരികക്കാരൊക്കെ ഇനിയും പ്രേത കഥ വേണമെന്നും പറഞ്ഞ്  തോമാസേട്ടന്റെ വീടിനു  മുന്നിൽ  ക്യു നിന്നു  .

ആയിടക്ക് അവറാൻ ചേട്ടനൊരു  ദിവസം രജനിയെ സ്വപ്നത്തിൽ കണ്ടു  .

ഇതറിഞ്ഞ, ഒറോത ചേടത്തി അവറാൻ ചേട്ടനിട്ട്  നാലു ചവിട്ട് കൊടുത്തു  

നാണമില്ലേടോ കിഴവാ അവളുമായി രമിക്കാനെന്നും പറഞ്ഞായിരുന്നു ചേടത്തി താങ്ങിയത് . 

അടി കിട്ടിയെങ്കിലും  ആരോടും പറയരുത് എന്നുള്ള അവറാൻ ചേട്ടന്റെ അഭ്യർത്ഥന ഒറോത ചേടത്തി നിഷ്ക്കരുണം തള്ളി . 

അവറാൻ ചേട്ടൻ   പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ  അത് ഞങ്ങളുടെ ഗ്രാമം മുഴുവനും പാട്ടായി പലരും പറഞ്ഞും , പലരിലൂടെ കൈമറിഞ്ഞും ഒടുവിലത് മിന്നലിന്റെ കാതുകളിലും എത്തി  

കാതുകളും നാവുകളും കൈമറിഞ്ഞ് ആ സ്വപ്നത്തിന്റെ ഉള്ളടക്കത്തിൽ  പലതും ഇല്ലാതാവുകയും  മറ്റു  പലതും കൂടിച്ചേരുകയും ചെയ്തു 

അവിടെ എത്തുമ്പോഴേക്കും,  അവറാൻ ചേട്ടൻ  സ്വപ്നത്തിൽ രജനിയെ  കണ്ടുവെന്നുള്ളത്  നേരിട്ട് കണ്ടുവെന്നതിലേക്കെത്തി കഴിഞ്ഞിരുന്നു  ആ സ്വപ്നത്തിന്റെ പരിസമാപ്‌തി  . രാവിലെ വീടിന്റെ ഉമ്മറത്തിരുന്ന്  ചായ കുടിച്ചിരിക്കുമ്പോഴായിരുന്നു  പോലീസ് ജീപ്പ് അലമുറയിട്ടു കൊണ്ട്  അവറാൻ ചേട്ടന്റെ വീടിനു മുന്നിൽ പാഞ്ഞു വന്നു നിന്നത് .

എവിടെ അവറാനെന്ന്  പോലീസ് ജീപ്പ് ചോദിക്കും പോലെയായിരുന്നു ആ  അലർച്ച .

അതോടെ കുടിച്ച ചായ  അവറാൻ ചേട്ടന്റെ തൊണ്ടയിൽ സ്റ്റക്കാവുകയും  പേടികൊണ്ട് അതൊരു ഗുളികയായി മാറി ഗുളികയായി താഴോട്ട് പോവുകയും ചെയ്തു  . 

കുളത്തിൽ അസ്ഥികൂടം പൊന്തിയപ്പോൾ ഓടിയ ഓട്ടത്തിന്റെ കിതപ്പ് മാറി വരുന്നേ ഉണ്ടായിരുന്നുള്ളൂ ഈ ലോകത്തുള്ള മുഴുവൻ മാരണങ്ങളും തന്റെ മുറ്റത്തേക്കാണല്ലോ വരുന്നത് എന്റെ കർത്താവേ എന്ന് കർത്താവിനെ നോക്കി പരിഭവം പറയാൻ നിന്നെങ്കിലും നീയിപ്പോ പരിഭവം പറഞ്ഞ് സമയം കളയാതെ ഓടിക്കോയെന്നുള്ള കർത്താവിന്റെ അശരീരി കിട്ടിയതുകൊണ്ടോ അതോ  മിന്നലിനെ കണ്ടതുകൊണ്ടോ പുറകു വശത്തേക്ക് ഓടി  

അവറാൻ ചേട്ടൻ പിന്നാമ്പുറത്തൂടെ  ഓടും എന്ന് മുൻകൂട്ടി അറിയാവുന്നത് കൊണ്ട്  പിന്നിൽ കൂടി വന്ന മിന്നലിന്റെ മുന്നിലേക്കായിരുന്നു  അവറാൻ ചേട്ടനേക്കാൾ മുന്നേ പുറത്തേക്കോടിയ  ഒറോത ചേടത്തി ചെന്നുപെട്ടത്

അപ്രതീക്ഷതമായി മിന്നലിനെ മുന്നിൽ കണ്ടതോടെ കാട്ടുപോത്തിന്റെ മുന്നിൽ അകപ്പെട്ട പോലെ   അയ്യോന്ന് നിലവിളിച്ചോണ്ട് ചേടത്തി അകത്തേക്ക് തിരിച്ചോടി  . 

ഒറോത  ചേടത്തിക്ക് പിന്നാലെ  പുറത്തേക്ക് പാഞ്ഞ അവറാൻ ചേട്ടൻ ചെന്നിടിച്ചത് മിന്നലിന്റെ നെഞ്ചത്തായിരുന്നു ആ ഇടിയുടെ ശക്തിയിൽ  മിന്നലിന്റെ അടിവയറ്റിന്ന്  മിന്നൽ പോലും അറിയാതെ  അമ്മേ യെ ന്നൊരു നിലവിളി പുറത്തേക്ക് വന്നു  .

എങ്ങോട്ടാടാ നായിന്റെ മോനെ ഓടുന്നത് ?  

അവറാൻ ചേട്ടന്റെ പരമ്പരാഗത വേഷമായ തോർത്തുമുണ്ടിൽ  പിടിച്ച് മിന്നൽ രണ്ടു കുലുക്ക് കുലുക്കി കൂടെ അവറാൻ ചേട്ടനുമുണ്ടായിരുന്നു ആ  കുലുക്കലിന്റെ ശക്തിയിൽ  അവറാൻ ചേട്ടന്റെ ഉള്ളിൽ കിടക്കുന്ന എല്ലാം   കുലുങ്ങീ, ചിലങ്ക കുലുങ്ങുന്ന പോലെ

ഞാൻ മൂത്രമൊഴിക്കാൻ വന്നതാ സാറേ , കുലുക്കലിന്റെ ശക്തിയിൽ വിക്കിക്കൊണ്ടാ അവറാൻ ചേട്ടൻ പറഞ്ഞത് 

ഇങ്ങനെ ഓടിയാണോടോ മൂത്രമൊഴിക്കാൻ വരുന്നത്

അത്രക്കും മുട്ടിയിട്ടാ സാറേ

എന്നാ ഒഴിച്ചോയെന്ന് പറയലും മിന്നലിന്റെ മുട്ടുകാൽ ഒരു മിന്നൽപ്പിണർ പോലെ  അവറാൻ ചേട്ടന്റെ അടിവയറ്റിലേക്ക് കേറിയതും ഒരുമിച്ചായിരുന്നു  ആ ഇടിയോട് കൂടി എന്റമ്മേ ന്നൊരു നിലവിളിയോടെ  അവറാൻ ചേട്ടൻ ശര പറ മൂത്രമൊഴിച്ചു, അതൊരു നിലക്കാത്ത പ്രവാഹമായിരുന്നു   

ആ  നിലവിളി  കേട്ട് ഒളിച്ചു നിന്ന ഒറോത ചേട്ടത്തി തലചുറ്റി വീണു . 

സത്യത്തിൽ  അവറാൻ ചേട്ടന്റെ അലർച്ച കേട്ട് മിന്നല് വരെ ഞെട്ടിപ്പോയിരുന്നു  .

എന്തൊരു അലർച്ചയാടാ നായിന്റെ മോനേയിത്  ? 

അപ്പോഴും അവറാൻ ചേട്ടന്റെ മൂത്രമൊഴിപ്പ് പരിപാടി നിന്നിരുന്നില്ല പേടികൊണ്ട് അവസാന തുള്ളി വെള്ളം വരേയ്ക്കും അവറാൻ ചേട്ടൻ മൂത്രമായി ഒഴിച്ചു കളഞ്ഞു  മിന്നല് പറഞ്ഞാ ഇനിയും  മൂത്രമൊഴിക്കാൻ അവറാൻ ചേട്ടൻ റെഡിയായിരുന്നു .

നിന്നോട് ഞാൻ പലപ്രാവശ്യം ചോദിച്ചതല്ലെടാ മാക്രി  രജനി എവിടേന്ന്,  ഇപ്പൊ നീ രജനിയുമായിട്ട് സംസാരിച്ചൂലേ കെട്ടിത്തൂക്കി ഇടിച്ചാലേ നീയൊക്കെ സത്യം പറയൂ.

അത് കേട്ട് അവറാൻ ചേട്ടന്റെ കണ്ണു മിഴിഞ്ഞു ഒരു  സ്വപ്നത്തിന്റെ പേരിലാണോ  താൻ അനാവശ്യമായി തൊഴി കൊണ്ട് ചറ പറ മൂത്രമൊഴിച്ചത് ?

എടീ മൂധേവി , അവറാൻ ചേട്ടൻ ഭാര്യയെ നോക്കിയെങ്കിലും ചേടത്തി അവിടെയെങ്ങും ഉണ്ടായിരുന്നില്ല  

പ്രേക്ഷിതൻ സുകുവാ,   ഓടിക്കിതച്ച് എല്ലാവരിലേക്കും ആ വിവരം എത്തിച്ചത്  

നമ്മുടെ അവറാൻ ചേട്ടനെ മിന്നൽ പൊക്കിയിരിക്കുന്നു 

എന്തിനാടാ  സുകു

പാക്കരൻ ചേട്ടന്റെയാ ചോദ്യത്തിന് വിറച്ചുകൊണ്ടാ സുകു മറുപടി പറഞ്ഞത് 

അവറാൻ ചേട്ടൻ ഇന്നലെ രഹസ്യമായി  രജനിയുമായി  സംസാരിച്ചുവത്രേ അത് ചോദിക്കുവാനാണ് മിന്നൽ പൊക്കിയിരിക്കുന്നത് 

ഉവ്വോ ?

മീൻകാരൻ മമ്മദിന്റെ ആ ഉവ്വോ ക്ക് ആരും മറുപടി പറഞ്ഞില്ല മമ്മദ് വീണ്ടും ഉവ്വോ എന്ന് ചോദിച്ചെങ്കിലും ആ ഉവ്വോ ക്കും മറുപടി ഉണ്ടായില്ല 

ഇനി ഉവ്വോ എന്നുള്ളതിന്റെ അർത്ഥം ആർക്കും അറിയാത്തതുകൊണ്ടാണോ അല്ലെങ്കിൽ ആ ഉവ്വോ ക്ക് ഉത്തരം വേണ്ടന്നുള്ളതുകൊണ്ടാണോ എന്നും ആർക്കും അറിയത്തിലായിരുന്നു 

വെറുതേ കുറച്ച് ഉവ്വോ കൾ കളഞ്ഞു കുളിച്ചതിന്റെ നിരാശ മമ്മദിന്റെ മുഖത്തുണ്ടായിരുന്നു  

നമുക്ക് ഒറോതയോടൊന്ന് ചോദിക്കാം എന്നുള്ള പാക്കരൻ ചേട്ടന്റെ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമായിരുന്നു  

അവറാൻ ചേട്ടനെ മിന്നൽ കൊണ്ട് പോയതോടെ  ചേടത്തീയുടെ ബോധം തിരിയെ  വന്നിരുന്നു സത്യത്തിൽ ബോധം പോയതൊന്നുമായിരുന്നില്ല   ഇനി മിന്നൽ  തന്നെക്കൂടി പിടിച്ച് ഇടിച്ചാലോയെന്നു കരുതി ബോധം പോയതു  പോലെ ചേടത്തി അഭിനയിച്ചതായിരുന്നു 

ഞങ്ങളെ കണ്ടതോടെ  ചേടത്തി നെഞ്ചത്ത് രണ്ടിടി ഇടിച്ചു  ആ ഇടിയുടെ ശബ്ദം കേട്ട് ഞങ്ങളുടെ  നെഞ്ചിനു പോലും പേടിയായി അമ്മാതിരി ഇടിയായിരുന്നു,  

ഒറോത ചേടത്തീടെ  പാവം നെഞ്ച് അടുത്ത ജന്മത്തില് ചെണ്ടയായിട്ട് പിറന്നാലും ഒറോത ചേടത്തീടെ നെഞ്ചായി പിറക്കില്ലാന്ന് ശപഥം ചെയ്തു 

സുകുവിന്റെയും പാക്കരൻ ചേട്ടന്റെയും  പേടി ഒറോത ചേടത്തി ഇടിച്ചിടിച്ച് അവസാനം നെഞ്ച് മാറി ഇടിക്കുമോയെന്നായിരുന്നു  എനിക്കും ആ പേടിയുണ്ട് അത് കാരണം ഞാൻ കുറച്ച് മാറിയാ നിന്നത്  .

മക്കളേ ആ പാവത്തിനെ പോലീസാര് കൊണ്ട് പോയെടാ ഒന്ന് പോയി ഇറക്കിക്കൊണ്ട് വാടാ .

അവറാൻ ചേട്ടൻ എപ്പോഴാ ചേടത്തി രജനിയെ കണ്ടത്

ആ നശൂലത്തിനെ സ്വപ്നത്തിലാ കണ്ടത് മോനെ അതിനാ പോലീസ് പിടിച്ചോണ്ട് പോയത് അവര് അങ്ങേരെ കൊല്ലും

അതേതാ സ്ഥലം? സുകുവിന്റെ  ആ ചോദ്യം കേട്ട് ഞങ്ങളും ചേട്ടത്തിയും ഒരുമിച്ച് ഞെട്ടി

ഇവനൊരു കിഴങ്ങനാട്ടാ  

സുകൂന്റെ നേർക്ക് കൈചൂണ്ടി  എന്നോടാ ചേടത്തിയത് പറഞ്ഞത്

കിഴവി എന്റെ വായേലിരിക്കണത് കേക്കണ്ടാട്ടാ 

കിഴങ്ങനെന്ന് വിളിച്ചത് സുകുവിന് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് മുഖം കണ്ടാൽ തന്നെ അറിയാം  .

കിഴവി നിന്റെ ഒറോത ചേടത്തീയുടെ വായിൽ നിന്ന്  പുറത്തേക്ക് തെറിച്ച ആ കൂറ്റൻ തെറി കേട്ട് സുകുവിന്റെ കാത് കൊട്ടിയടച്ച പോലെ ആയി

നമുക്ക് പോകാം ഈ കിഴവിക്ക് വട്ടാണെന്നും  പറഞ്ഞ് സുകു ഞങ്ങളെ  വലിച്ചോണ്ട് പോയി

അല്ല,  സ്വപ്നത്തിൽ  രജനിയെ കണ്ടതിനെന്തിനാ  അവറാൻ ചേട്ടനെ  പോലീസ് പിടിച്ചോണ്ട് പോയതെന്നോർത്ത് ഞങ്ങൾക്ക് ഒരു എത്തും പിടിയും കിട്ടയില്ല  .

നമുക്ക് മെമ്പറു സുകേശനെ പോയി കാണാം എങ്ങിനെയെങ്കിലും ആ പാവത്തിനെ ഇറക്കേണ്ടേ ?

എടാ സുകേശൻ പഞ്ചായത്ത് ഇലക്ഷൻ കാരണം ഭയങ്കര തിരക്കിലായിരിക്കും 

എന്നാലും സാരല്ല്യാ അവറാൻ ചേട്ടന്റെ കാര്യല്ലേ അറിഞ്ഞാ വരാതിരിക്കില്ല 

പഞ്ചായത്ത് ഇലക്ഷന് സുകേശൻ കൊണ്ട് പിടിച്ച് നടക്കാ

അതിനിടയിലാ ഒരു കിഴവി കൈക്കുഞ്ഞുമായി വന്ന്  സുകേശനോട് പേരിടാൻ പറഞ്ഞത് അത് കേട്ട് സുകേശൻ ഞെട്ടി  

ജീവിതത്തിൽ സുകേശനിത് ആദ്യത്തെ അനുഭവാ  

അമ്പരന്നു നിൽക്കുന്ന സുകേശന്റെ അടുത്ത്  ഞാനാ പറഞ്ഞത്  എന്റെ സുകേശാ ഈ തമിഴ് നാട്ടിലൊക്കെ ഇതുപോലെ വല്യ ആൾക്കാരുടെ അടുത്തേക്ക്  പേരിടാൻ കൊണ്ട് വരും എന്തെങ്കിലും ഒരു പേര് വിളിക്ക് . 

താൻ ആകാശം മുട്ടെ വളർന്നതു പോലെ സുകേശന് തോന്നി 
അതോടെ സുകേശൻ ഒരു വല്യ പേരു വിളിച്ചു  

മറിയാമ്മ

അത് കേട്ട് ഞെട്ടിയ കിഴവി പറഞ്ഞു മോനേ ഇത് ആൺകുട്ടിയാ .

ആണോ ? എന്നാ മറിയാമ്മൻ എന്നിട്ടോ  

ആ കിഴവി സുകേശനെ തല്ലിയില്ല എന്നേയുള്ളു  ആ കുഞ്ഞ് വരെ സുകേശനെ നോക്കി ചീത്ത വിളിച്ചേനേ  

ഇപ്പൊ വിളിക്കാൻ പറ്റാത്തോണ്ട് ഞാൻ വലുതാവട്ടെ കോമാളി നിനക്ക് തരാട്ടാ

ആ  ചമ്മല് മറക്ക്യാനായി  സുകേശൻ സുകേശന് തന്നെ രണ്ട് ജയ് വിളിച്ചു

ജയ് ജയ് നമ്മുടെ സുകേശൻ 

എന്റെ പൊന്നു  സുകേശാ നിങ്ങളൊന്ന് വാ, പാവം അവറാൻ ചേട്ടനെ സ്റ്റേഷനീന്ന്  ഇറക്കണം

എടാ എനിക്ക് പറ്റത്തില്ല ഞാനിവിടെ ഭയങ്കര തിരക്കിലാണ് 

അവസാനം ഒരുപാട് നിർബന്ധിച്ചിട്ടാ  സുകേശൻ മനസ്സില്ലാ മനസ്സോടെ വന്നത് അല്ലെങ്കിത്തന്നെ പോലീസ് സ്റ്റേഷൻന്ന് കേട്ടാലേ സുകേശന്റെ പാതി ജീവൻ പോവും  . ഇടിയൻ ജോണിയെന്ന് കേട്ടാ  മുഴുവനും . 

ഇതിപ്പോ ഇടിയൻ ജോണിക്ക് പകരം മിന്നലായത് കൊണ്ട് പാതി ജീവനോടൊപ്പമാണ് സുകേശൻ സ്റ്റേഷനിലേക്ക് വന്നത് എന്നാലും ആ പാതി ജീവനും പേടിയുണ്ട് . ഞങ്ങള് ചെല്ലുമ്പോ അവറാൻ ചേട്ടൻ ഒരു മൂലക്ക് നിൽപ്പുണ്ട്  ട്രൗസർ മാത്രമേയുള്ളൂ വേഷമായിട്ട് അതിനുമുകളിലുള്ള തോർത്തുമുണ്ട് മിന്നൽ ഊരിക്കളഞ്ഞു  . 

ഞങ്ങളെ കണ്ടതോടെ പ്ലാവില കണ്ട ആട് കണക്കെ അവറാൻ ചേട്ടൻ  ഒറ്റക്കരച്ചില് .

ആ കരച്ചില് കേട്ടാ ആരെങ്കിലും തല്ലിയിട്ട് ഒളിയിടാണെന്നേ കരുതൂ   

ഫലയിൽ എന്തോ എഴുതായിരുന്ന മിന്നല് പെട്ടെന്നുള്ള ഈ കരച്ചില് കേട്ട് ഞെട്ടി മിന്നൽ മാത്രമല്ല ഞങ്ങളും ഞെട്ടി

ആരാ എന്താ ?

സുകേശനെ നോക്കിയാ മിന്നല് ചോദിച്ചത് പെട്ടെന്ന് എന്താ പറയേണ്ടതെന്ന് അറിയാതെ ഉണ്ടയില്ലാത്ത പട്ടാളക്കാരൻ കണക്കെ സുകേശൻ വിറങ്ങലിച്ചു നിന്നു 

 വീണ്ടും മിന്നലിന്റെ ഇടിമിന്നൽ ചോദ്യം 

എന്താ വേണ്ടേ ?

ഞാനിവിടത്ത മെമ്പറാ സാറേ 

ഒരു വിധത്തിലാ സുകേശനത് പറഞ്ഞൊപ്പിച്ചത് 

അതുശരി  മെമ്പറായിരുന്നോ എന്താ മെമ്പർക്ക് വേണ്ടത് ?

അല്ല  ഞാൻ ഇലക്ഷന് നിക്കാണെ അപ്പൊ ഒന്ന് വന്ന് കണ്ടിട്ട് പോവാന്ന് കരുതി

പരിഭ്രമത്തിൽ  സുകേശൻ വന്ന കാര്യം മറന്നു  

അവറാൻ ചേട്ടൻ മിന്നലിന്റെ മിന്നൽ മാത്രമല്ല ഇടിയും കൊണ്ടതു പോലെ ആകെ കരിവാളിച്ച് നിൽപ്പുണ്ട് .

അന്നാ ശരീ സാറെയെന്നും പറഞ്ഞോണ്ട് സുകേശൻ ഇറങ്ങാൻ നിന്നതായിരുന്നു 

എന്റെ സുകേശാ മ്മടെ അവറാൻ ചേട്ടൻ

അപ്പോഴാ സുകേശന് സ്ഥലകാലബോധം ഉണ്ടായത് തന്നെ

സാറേ ഇത് നമ്മുടെ ആളാ

ഇവനെ സുകേശന് അറിയോ?  പഠിച്ച കള്ളനാട്ടാ , കള്ളനാന്ന് പറഞ്ഞൊടനെ എവിടെന്നാന്ന് അറിയില്ല അവറാൻ ചേട്ടന്റെ മുഖത്ത്  ഒരു കള്ളലക്ഷണം പ്രത്യക്ഷപ്പെട്ടു  സാധാരണ നിൽക്കുന്ന പോലെ നിന്നാ മതി.  കള്ളലക്ഷണമാണെന്ന്  പറഞ്ഞതോടെ  അത് മാറ്റാൻ വേണ്ടി  മുഖത്ത് ഒരു നിഷ്ക്കളങ്കന്റെ എക്സ്പ്രെഷൻ ആർട്ടിഫിഷ്യൽ ആയി വരുത്താൻ നോക്കിയതായിരുന്നു ആ കള്ള ലക്ഷണം കൂട്ടിയത്  . 

ഇപ്പൊ അവറാൻ ചേട്ടനെ നോക്കിയപ്പോൾ  ഞങ്ങൾക്കും ഒരു കള്ളലക്ഷണം തോന്നി അവറാൻ ചേട്ടൻ ഒരു കള്ളനായി രൂപാന്തരം പ്രാപിച്ചതു പോലെ .

ഇവൻ ആ രജനിയുമായിട്ട് സംസാരിച്ചൂത്രേ അതറിയാൻ വേണ്ടീട്ടാ പൊക്കിക്കൊണ്ട് വന്നത്,  ഉരുട്ടിയിട്ട് ഞങ്ങള് കെട്ടിത്തൂക്കുവാൻ പോവാ

മിന്നൽ അതു പറഞ്ഞു തീർന്നില്ല അതിനുമുന്നേ  പൊത്തോന്നൊരു സ്വരം  അവറാൻ ചേട്ടൻ ബോധം കെട്ട് വീണതായിരുന്നു 

എന്റെ സാറേ ഈ  അവറാൻ ചേട്ടൻ ആളൊരു പാവാ ഞങ്ങൾക്കെല്ലാം അറിയാവുന്ന ആളാ രജനിയെ സ്വപ്നത്തില് കണ്ടൂന്നാ ഭാര്യയോട് പറഞ്ഞത് 

അതാ ഞാൻ ചോദിച്ചത്  സ്വപ്നത്തില് ഏതാ സ്ഥലന്ന് ?, ചില സംഭവങ്ങൾ ചില നിമിത്തങ്ങളാണ് അതിൽ പിടിച്ച് ഞങ്ങളങ്ങു   കയറും അതൊരു സൂചനയാണ്  മിന്നൽ തനിക്കു പറ്റിയ അമളി മറക്ക്യാൻ  വെറുതേ ഒരു തത്വചിന്തകൻ  ആവാൻ നോക്കി .

ശരി എടുത്തോണ്ട് പോ  

അവറാൻ ചേട്ടന്റെ കിടപ്പ് കണ്ട് സഹതാപം  തോന്നീട്ടാ മിന്നലത്  പറഞ്ഞേ

ഒരു വിധത്തിലാ ബോധം കെട്ട് കിടക്കുന്ന അവറാൻ ചേട്ടനേം തൂക്കിയെടുത്തോണ്ട് ഒരു  ഓട്ടോയിൽ വീട്ടിൽ  കൊണ്ടുചെന്നാക്കിയത് .

താങ്ങിക്കൊണ്ട് വരുന്ന  അവറാൻ ചേട്ടനെ കണ്ടതോടെ  ഒറോതച്ചേടത്തി നെഞ്ചത്തടിച്ചു നിലവിളിച്ചോണ്ടാ പാഞ്ഞു വന്നത്   

അയ്യോ എന്റെ കെട്ടിയോനെ ദേ പോലീസ് കൊണ്ട്പോയി കൊന്നേന്നും പറഞ്ഞ്

ചേടത്തിയുടെ വിചാരം അവറാൻ ചേട്ടനെ പോലീസാര് കൊണ്ട് പോയി തല്ലി കൊന്നൂന്നാ

ഫാ ചൂലേ..  നീയൊറ്റയൊരുത്തികാരണാടി പോലീസെന്നെ  പൊക്കിയത് നിന്നെ ഇന്ന് ഞാൻ കൊല്ലും മൂധേവിന്നും പറഞ്ഞ് അവറാൻ ചേട്ടന്റെ ബോധം തിരികെ വന്നു .

അവറാൻ ചേട്ടന്റെ ഭാവം മാറിയ കണ്ടതോടെ ഞങ്ങളെല്ലാവരും  എസ്കേപ്പായി  

അതിനിടയിൽ  ഒരു മിന്നൽ  പോലെ ഒറോത ചേടത്തി പിന്നാമ്പുറത്തൂടെ പായുന്ന  കണ്ടു .

ഇലക്ഷന്റെ റിസൾട്ട് വന്നപ്പോൾ  സുകേശൻ ജയിച്ചു ഗൾഫുകാരൻ ഭാസ്‌ക്കരേട്ടൻ  തോറ്റു  ഭാസ്‍കരേട്ടന്  ആകെകൂടി കിട്ടിയത് മൂന്നേ  മൂന്നു  വോട്ട് എങ്ങനെ ആലോചിച്ചിട്ടും ആ മൂന്നു വോട്ടിന്റെ കണക്ക്  ഭാസ്‍കരേട്ടന്  മനസ്സിലായില്ല . 

വീട്ടിൽ  മൊത്തം നാലുപേരുണ്ട്  എന്റീശ്വരാ സ്വന്തം വീട്ടിൽ  പോലും റിബലോ ? അതോടെ  ഭാസ്ക്കരേട്ടൻ  ആകെ കലിപ്പിലായി വന്നൊടനെ അടച്ചിട്ട വാതിലിൽ  ഒറ്റ ചവിട്ടായിരുന്നു  

ഭാസ്ക്കരേട്ടൻ വരുന്ന കണ്ടപ്പോൾ തന്നെ  ഡോബർ മാൻ  ഡിങ്കു  അങ്ങോട്ട് തിരിഞ്ഞു കിടന്നു . കാക്കാശിന് കൊള്ളാത്ത കിഴവൻ തോറ്റോണ്ട് വന്നിരിക്കാ  അങ്ങനെ തന്നെ വേണം കിഴവന് .

വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് കുതിക്കലും കീ ..ന്നും പറഞ്ഞ് ഒരു കരച്ചിൽ  മാത്രം ഭാസ്ക്കരേട്ടന്റെ  ഉള്ളീന്ന് വന്നു . സത്യത്തില് വാതിൽ  ലോക്ക് ചെയ്തീട്ടുണ്ടായിരുന്നില്ല ഒരു മാസ്സ് എൻട്രി കാണിക്കാൻ ശ്രമിച്ച  ഭാസ്ക്കരേട്ടൻ  ചവിട്ടിയ വാതിൽ  ചുവരിൽ പോയിടിച്ച് അതേ ശക്തിയോടെ തിരിച്ചു വന്നു ഇതേ സമയത്തായിരുന്നു അകത്തേക്ക് കടക്കാനായുള്ള ഭാസ്കരേട്ടന്റെ എൻട്രിയും . 

ജീവനില്ലാത്ത വാതിലിന് അറിയില്ലല്ലോ ജീവനുള്ള ഭാസ്ക്കരേട്ടൻ  വീടിന്റെ ഓണറാണെന്ന്  ലവലേശം ദയയില്ലാതെയായിരുന്നു വാതിലിന്റെ റിട്ടേൺ  മൂക്ക് ചതഞ്ഞതു മാത്രം ഭാസ്ക്കരേട്ടന്  ഓർമ്മയുണ്ട് .

വന്ന കോപം നീരാവിയായി എങ്ങോട്ടോ പോയി എന്റമ്മേ ന്നും പറഞ്ഞ് ഭാസ്ക്കരേട്ടൻ  ദേ കിടക്കണു താഴെ , ശാരദേടത്തിയും  ചേട്ടത്തിയും മോള് കുസുമവും വന്ന് നോക്കുമ്പോ ഭാസ്ക്കരേട്ടന്റെ  മുഖത്ത് അപ്പടി ചോര.  അവര് വിചാരിച്ചത് എതിരാളികൾ   ഭാസ്ക്കരേട്ടനെ പൂശി  വീട്ടിൽ കൊണ്ട് വന്നിട്ടിരിക്കുന്നതാണെന്നാ.

തോറ്റ ഇങ്ങേരെ അവരെന്തിനാ തല്ലിയതെന്നോർത്ത് ചേട്ടത്തിക്ക് ഒരു പിടിത്തവും കിട്ടിയില്ല . ശാരദേടത്തീയുടെ അയ്യോന്നലർച്ച കേട്ട ഡിങ്കു  ഞെട്ടിപ്പോയി ഇലക്ഷനിൽ  തോറ്റ കാരണം അറ്റാക്ക് വന്ന് തട്ടിപ്പോയോന്നായിരുന്നു അവൻ കരുതിയത്  ഭാഗ്യത്തിന് കൂട് അടച്ചിട്ടില്ലായിരുന്നു  അകത്തേക്ക് ഓടിച്ചെന്ന ഡിങ്കൂന്  ചോര കണ്ടതോടെ  തലചുറ്റൽ  വന്നു . തോറ്റ കാരണം ശാരദ ചേടത്തി  ചിരവയെടുത്ത് ഭാസ്‌ക്കരൻ ചേട്ടന്റെ  മൂക്കിനിട്ട് പൂശിയതാണോന്നാ  അവന്  സംശയമായത് .

ചോര കണ്ടതോടെ ഡിങ്കുവിന്റെ കൈയ്യും കാലും വിറച്ചു തുടങ്ങി  ചെറുപ്പം തൊട്ടേയുള്ളതാ  ചോര കണ്ടാ കൈയ്യും കാലും വിറക്കും ഡോബർമാനാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല  തല ചുറ്റി വീഴുന്നതിനേക്കാളും മുന്നേ ഡിങ്കു  വിറച്ച് വിറച്ച് പുറത്തേക്ക് പോന്നു  ഭാസ്ക്കരേട്ടന്റെ  കാര്യം ഒരു തീരുമാനമായെന്ന് അവനു തോന്നി .

ഡീ മോളെ കുറച്ച് വെള്ളമെടുത്തോണ്ടി വാടി . 

തുണി വെച്ച് ശാരദേടത്തി  ചതഞ്ഞ മൂക്കുമ്മേ ഒറ്റ അമർത്തലാ  വേദനകൊണ്ട്  ഭാസ്ക്കരേട്ടന്റെ  ബാക്കിയുണ്ടായിരുന്ന പാതിജീവൻ  കൂടി അതോടെ പോയി കിടന്ന കിടപ്പിൽ  കരഞ്ഞിട്ടാ ഭാസ്ക്കരേട്ടൻ  ചോദിച്ചത് ആരാടി എനിക്കെതിരേ വോട്ട് ചെയ്തത് ?

ഭാര്യയും പിള്ളേരും അമ്മയും നെഞ്ചത്തടിച്ചു  ഭാസ്ക്കരേട്ടനോട് പറഞ്ഞു  ഞങ്ങള് നിങ്ങൾക്കെന്ന്യാ  ചെയ്തത്.  

ആലോചിച്ച് ആലോചിച്ച് ഭാസ്ക്കരേട്ടന്റെ  തല മെഴുകുതിരി പോലെ ഉരുകി അവസാനാ അത് കത്തിയത്  ആ കത്തലിൽ ഭാസ്ക്കരേട്ടൻ  ഞെട്ടി അയ്യോ തന്റെ വോട്ടാ  അസാധുവായത് താൻ കുത്തിയത് സുകേശനിട്ടായിരുന്നു.

സത്യത്തിൽ  സ്ഥാനാർഥി താനാണെന്ന കാര്യം മറന്നിട്ടാ സുകേശനിട്ട് കുത്തിയത് . ഭാസ്ക്കരേട്ടൻ  ചുവരിൽ ഇരിക്കുന്ന അപ്പന്റെ ഫോട്ടോയിലേക്ക് നോക്കി ഒരു വളിച്ച ചിരി ചിരിച്ചു . ഫോട്ടോയിലിരുന്ന ഭാസ്ക്കരേട്ടന്റെ  അപ്പൻ അന്തോണി ചേട്ടൻ മുഖം തിരിച്ചു

വിഡ്ഢി  

ഭാഗ്യത്തിന് ഭാസ്ക്കരേട്ടനത്  കേട്ടില്ല .

രജനിയുടെ തിരോധാനം വലിയൊരു ക്വസ്റ്റിൻ മാർക്കായി മിന്നലിന്റെ മുന്നിൽ  വളഞ്ഞു നിന്നു . ഡി ജി പി  വിളിച്ച്  മിന്നലല്ല താനൊരു കിഴങ്ങനാണെന്നും പറഞ്ഞ്  ശകാരിച്ചു . 

പ്രഷർക്കു മേലെ പ്രെഷർ ആ സമയത്തായിരുന്നു  ആക്രി പെറുക്കാൻ വന്ന തമിഴൻ മരുത് പേർഷ്യക്കാരൻ ഭാസ്‌ക്കരൻ ചേട്ടന്റെ  വീട്ടിൽ  കേറി പഴയ കുപ്പിയെല്ലാം എടുത്തത് .

നാല്പത് പൈസാ കുപ്പിക്ക് ശാരദ  ചേടത്തി വർത്തമാനം പറഞ്ഞ് പറഞ്ഞ് അമ്പതു പൈസയാക്കി . വലിയ കുപ്പിക്ക് കാശ് കുറവും ചെറിയ കുപ്പിക്ക് കാശ് കൂടുതലും ആണെന്നുള്ള മരുതിന്റെ തത്വം ശാരദേടത്തിക്ക്  തലകുത്തി നിന്നിട്ടും മനസ്സിലായില്ല . കടേന്ന് വാങ്ങുമ്പോ വലുതിനല്ലേ കാശു കൂടുതല് അപ്പൊ വിക്കുമ്പോ എങ്ങനെ കാശ് കുറവാവും ശാരദേടത്തി മുന്നോട്ട് വെച്ച ആ തത്വം മരുതിനും മനസ്സിലായില്ല  

പറഞ്ഞു പറഞ്ഞു മരുത് തോറ്റു  ചേച്ചി എന്നെ ചുമ്മാ വിടുങ്കോ ഞാൻ പോകട്ടും 

പക്ഷേ ശാരദേടത്തിയുണ്ടോ  വിടുന്നൂ 

 മരുത് അവസാനം ശാരദേടത്തി  പറഞ്ഞ കാശും കൊടുത്താണ് ഒരു വിധത്തിൽ അവിടന്നു രക്ഷപ്പെട്ടത് .




0 അഭിപ്രായങ്ങള്‍