മുതലയും മുതിരയും
പാക്കരൻ ചേട്ടന്റെ കടയില് ചായ കുടിച്ചിരിക്കുമ്പോഴായിരുന്നു കപ്യാര് ഈനാശു ചേട്ടനാ വലിയ വെടി പൊട്ടിച്ചത്
നമ്മുടെ മീൻകാരൻ മമ്മദിനെ മുതല പിടിച്ചു
അയ്യോ .. എപ്പോ ?
ഗൾഫ്‌കാരൻ ഭാസ്‌ക്കരേട്ടൻ ആകെ വിറച്ചോണ്ടായിരുന്നു അതു ചോദിച്ചത്
കഷ്ടകാലത്തിന് പകുതി ബോണ്ട വായിലിരിക്കുമ്പോഴായിരുന്നു ഭാസ്‌ക്കരേട്ടനാ അതിസാഹസം കാണിച്ചത് അതോടെ തനിക്കു പോകണ്ട വഴിയറിയാതെ ബോണ്ട ഭാസ്ക്കരേട്ടന്റെ തൊണ്ടയിൽ തടഞ്ഞു
എന്റെ മുരുകാ .., ശ്വാസം കിട്ടാതെ ഭാസ്ക്കരേട്ടന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു
എന്റെ ഭാസ്‌ക്കരാ തനിക്കൊന്ന് പതുക്കെ തിന്നൂടേ ബോണ്ട ഇനിയും ഉണ്ടല്ലോ?
ചായക്കടക്കാരൻ പാക്കരൻ ചേട്ടന്റെ വിചാരം ബോണ്ട കഴിയുമെന്നോർത്ത് ഭാസ്ക്കരേട്ടൻ ആർത്തി പിടിച്ച് തിന്നുന്നതാന്നാ കാരണം ഭാസ്‌ക്കരൻ ചേട്ടന് ബോണ്ടായെന്നുവെച്ചാൽ ജീവനാണ് അതുപോലെ ബോണ്ടക്കും . ആ ബോണ്ടായാണ് ഇപ്പോൾ ഭാസ്ക്കരേട്ടനേം കൊണ്ട് പോകുമെന്നും പറഞ്ഞ് തൊണ്ടയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത്.
താനെന്തിനാ ഭാസ്ക്കരാ അതിനിങ്ങനെ കിടന്ന് കണ്ണു തുറിപ്പിക്കുന്നത് ? മമ്മദിനെയല്ലേ മുതല പിടിക്കാൻ വന്നത് ? തന്നെയല്ലല്ലോ
വാറ്റുകാരൻ റപ്പായിയുടെ സംശയവും അതുതന്നെയായിരുന്നു
തൊണ്ടയിൽ കുടുങ്ങി കിടക്കുന്ന ബോണ്ട കാരണം മിണ്ടാൻ പറ്റാതെ ഭാസ്ക്കരേട്ടൻ കരഞ്ഞു
ഒരു വിധത്തിലാ ആ ബോണ്ട ഭാസ്ക്കരേട്ടന്റെ തൊണ്ടേന്ന് താഴോട്ട് പോയത് ഒരു രണ്ടുമിനിറ്റു കൂടി കഴിഞ്ഞിരുന്നെങ്കി ബോണ്ടക്കു പകരം ഭാസ്ക്കരേട്ടനായിരുന്നു പോവേണ്ടിയിരുന്നത് ആരുടെയോ ഭാഗ്യം ജീവൻ പോയില്ല.
അതോടെ ബാക്കിയുള്ള ആ പകുതി ബോണ്ട ഭാസ്ക്കരേട്ടൻ വലിച്ചെറിഞ്ഞു അന്നത്തോടെ ഭാസ്ക്കരേട്ടനും ബോണ്ടയും ആജന്മ ശത്രുക്കളായി മാറിയെന്നുള്ളതാണ് സത്യം
എടാ പാക്കരാ ഇത് ബോണ്ടയോ അതോ ആളെ കൊല്ലാനുണ്ടാക്കിയ പാറക്കല്ലോ ?
ബോണ്ട തൊണ്ടയിൽ തടഞ്ഞ ദേഷ്യം ഭാസ്ക്കരേട്ടൻ , പാക്കരൻ ചേട്ടനോട് തീർത്തു
ഏതായാലും അന്നത്തോടെ ഭാസ്ക്കരേട്ടൻ ബോണ്ട തീറ്റ നിറുത്തി ആ സംഭവത്തിനു ശേഷം ബോണ്ട കാണുമ്പോൾ തന്നെ ഭാസ്ക്കരേട്ടന് .., ശ്വാസം മുട്ടുലാണ്
എന്റെ കപ്യാരെ താനിങ്ങനെ നുണ പറഞ്ഞു കൂട്ടല്ലേ ? ചത്തു പോവുമ്പോ കർത്താവ് തന്നെ സ്വർഗ്ഗത്തിൽ കേറ്റത്തില്ല ഇന്നെല വൈകീട്ട് കൂടി ഞാൻ മമ്മദിനെ കണ്ടതാണല്ലോ ?
പാക്കരൻ ചേട്ടൻ ആ പറഞ്ഞതിലും വലിയൊരു സത്യമുണ്ട് എന്തു കാര്യം കണ്ടാലും തന്റേതായ രീതിയിൽ വളച്ചൊടിച്ചേ കപ്യാര് ഈനാശു ചേട്ടൻ പറയാറുള്ളു . ഞങ്ങളുടെ നാട്ടിലെ വലിയൊരു നുണക്കമ്പിയാണ് ഈനാശു ചേട്ടൻ ഒരു പ്രാവശ്യം രാത്രി ഈനാശുച്ചേട്ടൻ മൂത്രമൊഴിക്കാൻ ഏറ്റപ്പോ സെമിത്തേരിയിൽ പ്രേതത്തിനെ കണ്ടുവെന്നും കുരിശ് കാണിച്ച് പ്രേതത്തെ ഓടിക്കാൻ നോക്കിയപ്പോ ഒറ്റ കുരിശും കിട്ടാത്തതുകൊണ്ട് ഈനാശു ചേട്ടൻ രണ്ടു കൈകളും കുരിശു പോലെ പിടിച്ചെന്നും അത് കണ്ട് പ്രേതം ഓടിപ്പോയിന്നും ഞങ്ങളോട് പറഞ്ഞിട്ടുള്ളതാ.
ഈനാശു ചേട്ടന്റെ ഈ വലിയ നുണപറച്ചിലുകള് കാരണം അച്ചൻ പലപ്പോഴും വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്
താനൊരു കപ്യാരല്ലേ എന്റെ ഈനാശോ ..,ഇങ്ങനെ കർത്താവിന് നിരക്കാത്ത നുണകളൊക്കെ നാട്ടുകാരോട് പറയാൻ പാടുണ്ടോ ?
വേറെയൊരു കപ്യാരെ കിട്ടാത്ത ഒറ്റ കാരണം കൊണ്ടാ അച്ചൻ സഹിച്ചു പിടിച്ചു നിക്കുന്നത്
പാക്കരൻ ചേട്ടന്റെ ആ ചോദ്യം കേട്ടതോടെ മമ്മദിനെ മുതല പിടിച്ചു എന്നുള്ളത് പിടിക്കാൻ വന്നു എന്നാക്കി ഈനാശു ചേട്ടൻ തിരുത്തി പറയുമ്പോ ഒരു ഗുമ്മ് കിട്ടാൻ വേണ്ടിയായിരുന്നു പിടിച്ചു എന്നാക്കിയത് പക്ഷേ വിചാരിച്ച പോലെ അതേറ്റില്ല
എവിടെ വെച്ചാ മമ്മദിനെ മുതല പിടിക്കാൻ വന്നത്
അമേരിക്കേല് വെച്ച് , എന്റെ പാക്കരാ എന്ത് വിഡ്ഢിത്താ താനീ ചോദിക്കണേ ?
പാക്കരൻ ചേട്ടന് എത്ര ആലോചിച്ചിട്ടും അതില് എവിടെയാ വിഡ്ഢിത്തമെന്നു മാത്രം മാനസ്സിലായില്ല, ഏതായാലും എന്നെ പിടിച്ചോളൂന്നും പറഞ്ഞോണ്ട് മമ്മദ് , മുതലയുടെ മുന്നിൽ പോയി നിൽക്കത്തില്ലല്ലോ അല്ലെങ്കിൽ എവിടെ മമ്മദെന്നും ചോദിച്ചോണ്ട് മുതലയും വരത്തില്ല അങ്ങനെവരുമ്പോൾ താനീ ചോദിച്ചതിലെന്താണ് തെറ്റ് ?
അതിനു മറുപടിയായിട്ട് പാക്കരൻ ചേട്ടന്റെ വായേലൊരു മുട്ടൻ തെറി ഉരുണ്ടു കേറി വന്നതായിരുന്നു പിന്നെ കപ്യാര് ആയതുകൊണ്ട് മാത്രം പാക്കരൻ ചേട്ടനത് വിഴുങ്ങി ഈനാശുചേട്ടൻ ചിലപ്പോ അച്ചനോട് ചെന്നു പറയും, അച്ചനത് ഒരു പാപമായിട്ട് കണക്കു കൂട്ടി തന്റെ അക്കൗണ്ടിലിടും .
പാക്കരൻ ചേട്ടാ .. ഇന്ത ഊത്തപ്പം പുതുസാ ?
ഇഡ്ഡലിയെ നോക്കിയായിരുന്നു മുരുകനത് ചോദിച്ചത്
അതുകേട്ട് പാക്കരൻ ചേട്ടനും അതിനു മുന്നേ ഇഡ്ഡലിയും ഞെട്ടി
തന്നെയാണോ ഈ വിവരദോഷി ഊത്തപ്പംന്ന് വിളിച്ചത് ? ഇഡിലിക്ക് തന്നെ വളരെ ചെറുതാക്കിയതു പോലെ തോന്നി
എടാ തമിഴാ ഇഡ്ഡലി കണ്ടാ നിനക്ക് തിരിച്ചറിഞ്ഞുകൂടേ? പാക്കരൻ ചേട്ടൻ ചൂടായിട്ടാ മുരുകനോട് ചോദിച്ചത്
ഇഡ്ഡലിയെ , ഊത്തപ്പന്ന് വിളിച്ചത് പാക്കരൻ ചേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല , പാക്കരൻ ചേട്ടന് മാത്രമല്ല ഇഡ്ഡ്ലിക്കും തന്നെ കേറി ഊത്തപ്പന്ന് വിളിച്ചത് തീരെ ഇഷ്ടപ്പെട്ടില്ല .
ഇപ്രാവശ്യം ഞെട്ടിയത് മുരുകനായിരുന്നു ഇത്തരത്തിലുള്ള ഇഡ്ഡ്ലി ജീവിതത്തില് ആദ്യമായിട്ട് കാണുകയായിരുന്നു മുരുകൻ സംഗതി ആ ഇഡ്ഡലി ഉണ്ടാക്കിയത് പാക്കരൻ ചേട്ടന്റെ കടയിൽ പുതിയതായി പണിക്കു വന്ന ബംഗാളി മാഹ്തോ ആയിരുന്നു. പാവത്തിനൊരു കൈപ്പിഴ പറ്റിപ്പോയതാ മാവിലൽപ്പം വെള്ളം കൂടിയപ്പോയി അതെടുത്താ മാഹ്തോ ഇഡിലിയുണ്ടാക്കിയത് .
അതുകൊണ്ട് വീർത്തിരിക്കണ്ട ഇഡ്‌ഡലി പരന്നുപോയി എന്നുള്ളത് സത്യമാണ് എന്നുകരുതി ഇഡ്ഡ്ലിയെ കേറി ഊത്തപ്പമെന്നൊക്കെ വിളിക്കാൻ പാടുണ്ടോ ? മുരുകനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല സത്യത്തിൽ എല്ലാവർക്കും ആ സംശയം ഉണ്ടായിരുന്നതാ എന്തിന് ഇഡിലിക്ക് പോലും ആ സംശയം ഉണ്ടായിരുന്നു
താൻ ഇഡ്ഡലി തന്നെയാണോന്ന് ?
ഏതായാലൂം അത് ചോദിച്ചത് മുരുകനാണെന്നു മാത്രം
അന്ന് ആരും തിന്നാതെ പോയ ആ ഇഡ്‌ഡലികൾ മുഴുവൻ പാക്കരൻ ചേട്ടൻ മാഹ്തോയെക്കൊണ്ട് തീറ്റിച്ചു. പാക്കരൻ ചേട്ടന്റെ സ്നേഹം കണ്ട് മാഹ്തോ കരഞ്ഞു അത്രേം സ്നേഹം ബംഗാളിലുള്ള അമ്മ പോലും കാണിച്ചിട്ടില്ലാന്നാ മാഹ്തോ കരഞ്ഞോണ്ട് പാക്കരൻ ചേട്ടനോട് പറഞ്ഞത്.
പക്ഷെ അന്നത്തെ ശമ്പളത്തിലേക്കുള്ള വകയായിരുന്നു അതെന്ന് പിന്നീടാ ആ പാവത്തിനു മനസ്സിലായത് അതോടെ മാഹ്തോ ബംഗാളില് പാക്കരൻ ചേട്ടനെ ചീത്ത വിളിച്ചു
മമ്മദിനെ മുതല പിടിക്കാൻ വന്ന വിവരം നാട്ടിലാകെ ആകെ പരന്നു പക്ഷേ ആർക്കും വിശ്വസിക്കാനാവുന്നില്ല .
സംഗതി സത്യം തന്നെയാണ് മീൻകാരൻ മമ്മദിനെ മുതല പിടിക്കാൻ വന്നു .
മമ്മദിനെ എന്തിനാ മുതല പിടിക്കണെന്നാ വാറ്റുകാരൻ റപ്പായി ചോദിച്ചത്?
റപ്പായിയുടെ ആ വലിയ ചോദ്യം കേട്ട് ആരും ഒന്നും പറഞ്ഞില്ല കാരണം അതിന്റെ ഉത്തരം ആർക്കും അറിയത്തില്ലായിരുന്നു
ചിലപ്പോ എന്തെങ്കിലും കാരണം ഉണ്ടായിരിക്കാം എന്നും പറഞ്ഞ് ആരും ഉത്തരം പറയാത്ത ആ ചോദ്യത്തിന് റപ്പായി തന്നെ ഉത്തരം കണ്ടെത്തി.
എല്ലാവരുടേം ചോദ്യം കേട്ടാ മുതല ഏതാണ്ട് മമ്മദിനെ അന്വേഷിച്ച് വന്ന പോലെയാണല്ലോ
ഇനിയിത് ആരെങ്കിലും നുണ പറഞ്ഞു പരത്തുന്നതാണോയെന്നാണ് പാക്കരൻ ചേട്ടൻ ചോദിച്ചത്
ചിലപ്പോൾ മമ്മദ് മീൻ കച്ചോടം നിറുത്തി മുതല കച്ചോടം തുടങ്ങിയിരിക്കും.., അതും പറഞ്ഞോണ്ട് പലചരക്കു കടക്കാരൻ സുപ്രു ചിരിയോട് ചിരി.
സുപ്രുന്റെ അസ്ഥാനത്തുള്ള ആ തമാശ കേട്ട് ചായ കുടിക്കാൻ വന്ന വാസുവൊഴിച്ച് വേറെ ആരും ചിരിച്ചില്ല .., എന്നതിനേക്കാൾ ആർക്കും ചിരി വന്നില്ല എന്നുള്ളതാണ് സത്യം . എന്നിട്ടും വാസു എന്തുകൊണ്ട് ചിരിച്ചു എന്നതിനു പുറകിൽ സുപ്രുവിന്റെ പലചരക്കു കടയിൽ വാസുവാണ് പൊതിയാൻ നിൽക്കുന്നത് .
അങ്ങനെ വരുമ്പോൾ ഓണർ പറഞ്ഞ തമാശ കേട്ട് ചിരിച്ചില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് വാസൂന്റെ കുഞ്ഞു ബുദ്ധി വാസൂന് പറഞ്ഞുകൊടുത്തു. പോരാത്തേന് വാസു ഒരു നൂറു രൂപാ സുപ്രുവിനോട് കടം ചോദിച്ചിട്ടു കൂടിയുണ്ടായിരുന്നു ഇനി ചിരിക്കാത്തതിന്റെ പേരിൽ അത് കിട്ടിയില്ലെങ്കിലോ എന്നുകൂടി പേടിച്ചാണ് വാസു വാവിട്ട് ചിരിച്ചത്.
വാസു ചിരിച്ചതോടെ താൻ പറഞ്ഞത് വലിയ തമാശയായി മാറിയെന്ന് സുപ്രു കരുതി
എന്റെ സുപ്രോ നീ വിവരക്കേടൊന്നും പറയാണ്ട് ആ ചായ കുടിച്ചിട്ട് എണീറ്റ് പോയേ
പാക്കരൻ ചേട്ടനത് പറഞ്ഞിട്ടും സുപ്രു ചിരി നിറുത്തിയില്ല, വാസുവും .
സുപ്രു തന്റെയാ തമാശയോർത്തോർത്ത് ചിരിക്കായിരുന്നു
സത്യത്തിൽ ചിരി വരാതിരുന്നിട്ടും വാസു വാ തുറന്നു പിടിച്ച് ചിരിക്കുന്നതുപോലെ അഭിനയിക്കുകയായിരുന്നു അതിനിടയിൽ മറ്റൊരു അത്യാഹിതം കൂടി സംഭവിച്ചു . മൂളിപ്പാട്ടും പാടി വന്നൊരു മണിയനീച്ച വാസുവിന്റെ അനുവാദമില്ലാതെ വാസുവിന്റെ വായ്ക്കകത്തേക്ക് കേറിപ്പോയി ആ ഈച്ചയെ വാസു വിഴുങ്ങിയെങ്കിലും സുപ്രുവിനെ പേടിച്ച് ചിരി നിറുത്തിയില്ല.
പക്ഷേ വാസുവിന്റെ കണ്ണുകൾ കരഞ്ഞു എല്ലാവരും വിചാരിച്ചത് വാസു ചിരിച്ച് ചിരിച്ച് കരഞ്ഞതാന്നാ. വാസുവിന്റെ ആ അവസ്ഥ കണ്ടപ്പോ സുപ്രുന് തന്റെ തമാശയോട് ഒന്നുകൂടി ആദരം തോന്നി . താൻ ഒരു സംഭവം തന്നെയെന്ന് സുപ്രു മനസ്സില് പറഞ്ഞ് സ്വയം അനുമോദിച്ചു .
ഏതായാലും ആ തമാശക്ക് കൂടുതൽ അനുഭാവികളെ കിട്ടാത്തതു കൊണ്ടും സ്വയം ചിരിച്ചു ചിരിച്ചു മതിയായതുകൊണ്ടും സുപ്രു ചിരി നിറുത്തി കൂടെ വാസുവും. അതോടെ വാസു പിന്നാമ്പുറത്ത് പോയി വായില് വിരലിട്ട് ശർദ്ധിച്ചു . പാവം മണിയൻ ഈച്ച ഏതോ പാതാളത്തിൽ അകപ്പെട്ട പോലെയായിരുന്നു അതോടെ അന്നത്തെ മൂളിപ്പാട്ട് അവസാനിപ്പിച്ച് മൂപ്പര് വേഗം എസ്ക്കേപ്പായി .
ആ വാർത്ത അതിവേഗമാണ് പരന്നത്, മമ്മദിനെ മുതല പിടിക്കാൻ വന്നു..,ഗ്രാമത്തിൽ അതുതന്നെയായി മാറി സംസാരവിഷയം.
പക്ഷേ കേൾക്കുന്നവർക്കാർക്കും വിശ്വസിക്കാൻ പറ്റുന്നില്ല പക്ഷേ വിശ്വസിച്ചേ തീരൂ . സത്യാവസ്ഥയറിയാൻ മമ്മദിനെയൊട്ട് കാണുന്നുമില്ല മുതലയെ കണ്ടു പേടിച്ച് പനി വന്ന് മമ്മദ് കിടപ്പായിരുന്നു .
അങ്ങനെ നാട്ടുകാര് മൊത്തം മമ്മദിനെ തേടി വീട്ടിലെത്തി പനി പിടിച്ച മമ്മദ് നന്നായി വിറക്കുന്നുണ്ട് , പക്ഷേ പനിയെക്കാളധികം മുതലയെ കണ്ട പേടിയിലാ മമ്മദ് വിറക്കുന്നത്, ആ വിറയലോടെ മമ്മദാ സത്യം വിളിച്ചു കൂവി...
നമ്മുടെ ആറ്റിൽ മുതലയിറങ്ങിയിരിക്കുന്നു ..
അതു പറഞ്ഞു തീരലും ടപ്പോ ..ന്നൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടി , നോക്കുമ്പോ പ്രേക്ഷിതൻ സുകു തലയും കുത്തി താഴെ വീണു കിടപ്പുണ്ട്. പാവം പേടിച്ച് ബോധം കെട്ടു വീണതായിരുന്നു ഇന്നലേം കൂടി സുകു ആറ്റില് പോയി കുളിച്ചതാ. മുതലപ്പേടി സ്വപ്നത്തിൽ പോലുമില്ലാണ്ട് ഒരു പരൽ മീൻ കണക്കെയായിരുന്നു സുകു ആറ്റില് നീന്തിത്തുടിച്ചു കുളിച്ചത് .
ആരുടെയോ ഭാഗ്യം ..., മുതലയുടെ വായിക്കകത്ത് കിടക്കേണ്ട സുകുവാ ഇവിടെ ബോധം കെട്ട് കിടക്കുന്നത് അത് ഓർമ്മയിൽ വന്നതോടെയാ അതിന്റെ ഭീകരാവസ്ഥ സുകുവിന്റെ ബോധത്തിന് മനസ്സിലായതും അതിന്റെ ശക്തി താങ്ങാനാകാതെ ഫ്യുസ് അടിച്ചു പോയതും.
ആരെങ്കിലും കുറച്ച് വെള്ളം കൊണ്ട് വായോ
മൂന്ന് കുപ്പി വെള്ളം സുകു നിന്ന നില്പില് കുടിച്ചു തീർത്തു , തീർത്താലും തീരാത്ത ദാഹം പോലെ സുകുവിന് തോന്നി. നാലാമത്തെ കുപ്പി വെള്ളം ചോദിച്ചപ്പോ പോയി കോരി കുടിക്കാനാ മമ്മദിന്റെ ഭാര്യ റഹ്മത്തേടത്തി പറഞ്ഞത് അതോടെ സുകുവിന്റെ ദാഹം മാറി .
ദാഹം മാറിയ സുകു ആകാശത്തോട്ട് നോക്കി കർത്താവിനു നന്ദി പറഞ്ഞു
എന്നെ മുതലയുടെ വായിൽ നിന്നും രക്ഷിച്ചതിന് ഞാൻ നന്ദി പറയുന്നു കർത്താവേ .., ന്നും നിലവിളിച്ചോണ്ട് സുകു ശരിക്കും പ്രേക്ഷിതനായി
ഇത് കേട്ട് കർത്താവ് ഞെട്ടി
രക്ഷിക്കേ .., ഞാനോ ?
കർത്താവ് അല്ലെങ്കി തന്നെ സുകുവിനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കായിരുന്നു തന്റെ പേരും പറഞ്ഞ് നാട്ടുകാരെ മുഴുവൻ പറ്റിച്ചോണ്ട് നടക്കണോനാ സുകു .., അതിന്റെ പേരില് കർത്താവിന് ശരിക്കും സുകുവിനോട് നീരസോണ്ട് , പക്ഷെ പ്രകടിപ്പിക്കുന്നില്ലാന്നു മാത്രം .
നല്ലൊരു അവസരായിരുന്നു , ഇത് മുപ്പാട് അറിഞ്ഞിരുന്നെങ്കീ ആ പഹയനെ മുതലക്ക് തിന്നാൻ കൊടുക്കായിരുന്നൂന്നാ കർത്താവ് മനസ്സില് പറഞ്ഞത്
കർത്താവ് അത്രക്കും പൊറുതി മുട്ടിയിരിക്കണൂ സുകുവിനെക്കൊണ്ട് .
പ്രേഷിത പ്രവർത്താനോം ന്നും പറഞ്ഞ് എന്തൊക്കെയോ വിഡ്ഢിത്തരങ്ങളാണ് സുകു വിളിച്ചു കൂവുന്നത് താൻ പറയാത്ത കാര്യങ്ങൾ കൂടി സുകു വിളിച്ചു പറയുന്നത് കേട്ട് കർത്താവ് തലേല് കൈവെക്കും
ഒരു പ്രാവശ്യം സുകു പള്ളീലെ അച്ചനെ ചെന്ന് കണ്ടു
അച്ചോ എന്തോരം നാളായി ഞാൻ പ്രേക്ഷിതനായി നടക്കുന്നു ഇനി ഞാൻ കുർബ്ബാന ചെല്ലിക്കോട്ടെന്നാ സുകു ചോദിച്ചത്.
ഇറങ്ങിപ്പോടാ സാത്താനേന്നും പറഞ്ഞ് അച്ചനന്ന് സുകുനെ കുറേ ചീത്ത വിളിച്ചു. എന്തിനാ അച്ചൻ തന്നെ ചീത്ത വിളിച്ചെന്ന് സുകുവിന് ഇതു വരേയ്ക്കും മനസ്സിലായിട്ടില്ല. കുർബ്ബാന ചൊല്ലട്ടെന്ന് മാത്രല്ലേ താൻ ചോദിച്ചുള്ളൂ
സുകൂന്റെ വളർച്ചയില് അച്ഛന് അസൂയ തോന്നിയട്ടാ ചീത്ത വിളിച്ചേന്നാ അവറാൻ ചേട്ടൻ പറഞ്ഞത്. അവറാൻ ചേട്ടനും അച്ചനോട് ദേഷ്യമുണ്ട് എപ്പോ കണ്ടാലും എന്താ നീ പള്ളിയിൽ വരാത്തേ ന്നും ചോദിച്ച് ചീത്ത വിളിക്കാറുള്ളതാ
അങ്ങനെ മമ്മദ് മുതലായുമായുള്ള ആ ഏറ്റുമുട്ടലിന്റെ കഥ പറയുവാൻ തുടങ്ങി . പതിവുപോലെ വലയിടാൻ വേണ്ടി ആറ്റു തീരത്തേക്ക് പോയതായിരുന്നു മമ്മദ് . പടവിനോട് ചേർന്ന് കുറെ മുട്ടകൾ ആ മുട്ടകൾ കണ്ട് മമ്മദിന് ഒന്നും മനസ്സിലായില്ല .
മീൻ മുട്ടയായിരിക്കോ ?
ഇത്രയും വലുതോ ?
കോഴിമുട്ട ? കോഴിയെന്തിനാ ആറ്റിന്റെ വക്കത്തിരുന്ന് മുട്ടയിടുന്നത് അതിന് കൂട്ടില് സ്ഥലമില്ലേ ? ഇനി കാറ്റും കൊണ്ട് മുട്ടയിടാൻ വന്നതാണോ ?
ആ മുട്ടകൾ ആരുടെതെന്ന് തിരിച്ചറിയാതെ മമ്മദിന്റെ തല പുകഞ്ഞു എന്റെ മുട്ടയാണോ എന്റെ മുട്ടയാണോയെന്നും ചോദിച്ചോണ്ട് എല്ലാ ജീവികളും ഒരു പരേഡ് പോലെ മമ്മദിന്റെ ഉള്ളിൽ വന്നു നിരന്നു നിന്നു.
കൂടെ മനുഷ്യനും, അതോടെ മമ്മദിന് നാണം വന്നു ആ മനുഷ്യ മുട്ടയെ മമ്മദ് മനസ്സിനുള്ളിലിട്ടു തന്നെ കുത്തിപ്പൊട്ടിച്ചു കളഞ്ഞു .
ഇനി ആനമുട്ടയായിരിക്കോ ? പാപ്പാൻ രമേശൻ ദിവസോം ആനയെ കുളിപ്പിക്കാനായി കൊണ്ടു വരുന്നതാ . പക്ഷേ ആന മുട്ടയിടോ ? അതൊരു വലിയ സംശയമായി മമ്മദിന്റെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടി . ആന മുട്ടയിടില്ലാന്ന് ഒരു വശവും മുട്ടയിടും ന്ന് മറുവശവും മമ്മദിന്റെ ഉള്ളിൽ കിടന്ന് വാദിച്ചു.
ഈ സമയത്തായിരുന്നു അവറാൻ ചേട്ടൻ കള്ളു ചെത്താൻ ആ വഴി വന്നത് . അവറാൻ ചേട്ടനോടാണ് ഉള്ളിൽ കിടന്ന് വീർപ്പു മുട്ടിയ ആ സംശയം മമ്മദ് ചോദിച്ചത് . കള്ള് ചെത്തിക്കഴിഞ്ഞിട്ടു വേണം രണ്ടെണ്ണം പൂശാനെന്നുള്ള പരാക്രമത്തില് പാഞ്ഞു പോണ അവറാൻ ചേട്ടൻ സൈക്കിളിലിരുന്നോണ്ട് ആ സത്യം വിളിച്ചു പറഞ്ഞു
എടാ അത് വാത്തയുടെ മുട്ടയാ എടുത്തോണ്ട് പോയി ഓംലെറ്റുണ്ടാക്ക് ഞാൻ കള്ള് ചെത്തിയിട്ട് വരാം . അതുവരേക്കും മമ്മദിന്റെ കനവിൽ വരാത്ത ജീവിയായിരുന്നു വാത്ത . ഓ ..,വാത്തയുടെ മുട്ടയാണല്ലേന്നും പറഞ്ഞ് ഓംലെറ്റുണ്ടാക്കാനായി മുട്ടയെടുത്ത മമ്മദ് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്നെത്തന്നെ തുറിച്ചു നോക്കുന്ന വലിയൊരു ജീവിയെയാണ്.
ഓന്തല്ലേ...ഇത് ... മമ്മദിന്റെ മനസ്സ് മമ്മദിനോടെന്ന്യാ സംശയം ചോദിച്ചത്..,
ഇത്രേം വലിയ ഒന്തോ ? ഇനി ഉടുമ്പാവോ ..?
മുതലയായ താനിവിടെ വാ പൊളിച്ച് നോക്കിക്കൊണ്ടിരിക്കുമ്പോ ഈ മരമാക്രി ഒരു പേടിയുമില്ലാണ്ട് മിഴിച്ചു നിക്കണ കണ്ടിട്ട് മുതലക്ക് അതിലേറെ ആശ്ച്യരം. ഇനി ഈ കിഴങ്ങന് തന്നെ മനസ്സിലാവാണ്ടായിരിക്കോ ?
മുതലയുടെ ആ സംശയം തന്നെയായിരുന്നു മമ്മദിനും ഉണ്ടായിരുന്നത് . മമ്മദിന്റെ സ്വപ്നത്തിൽ പോലും തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ജീവി മുതലയാണെന്നുണ്ടായിരുന്നില്ല .
വാ പിളർന്ന മുതലയെ കണ്ട് മമ്മദിന് ബൾബ് കത്തി
അള്ളാ ... മുതിര ... അതോടെ മമ്മദ് ജീവനും കൊണ്ടൊരു പാച്ചിലായിരുന്നു.
മുതിരാ .. മുതിരാ ..യെന്നും വിളിച്ചു കൂവിക്കൊണ്ട് പാഞ്ഞു വരുന്ന മമ്മദിനെ കണ്ട് മമ്മദ് മീൻ കച്ചോടം നിറുത്തി മുതിര കച്ചോടം തുടങ്ങിയോയെന്നായിരുന്നു നാട്ടുകാര് ആദ്യം വിചാരിച്ചത്.
ഓംലെറ്റ് തിന്നാൻ മമ്മദിന്റെ വീട്ടിലേക്ക് പാതിദൂരം വന്നപ്പോഴായിരുന്നു അവറാൻ ചേട്ടൻ സംഭവം അറിഞ്ഞത് . ഈശ്വരാ ...,മുതല മുട്ടയെയാണോ താൻ വാത്തമുട്ടയെന്നും പറഞ്ഞ് മമ്മദിനോട് ഓംലെറ്റുണ്ടാക്കാൻ പറഞ്ഞത്. പാവത്തിനെ മുതല കടിച്ചു കൊല്ലാഞ്ഞത് ഭാഗ്യം അതോടെ അവറാൻ ചേട്ടൻ ആ ട്രിപ്പ് ക്യാൻസൽ ചെയ്തു .., വെറുതേ പോയി മമ്മദിന്റെ കൈയ്യീന്ന് തല്ലു വാങ്ങണ്ടല്ലോ ?
മുതല ഒരു പേടി സ്വപ്നമായി ഞങ്ങളുടെ ഗ്രാമത്തിൽ അലയടിച്ചു നിന്നു. മുതലയെന്ന് ഒരു കൂട്ടരും ചീങ്കണ്ണിയെന്ന് മറുകൂട്ടരും വാദിച്ചു . ഇതിന്റെ രണ്ടിന്റേം വ്യത്യാസം അറിയാത്തൊരു രണ്ടിനും തലയാട്ടി . പല ചരക്ക് കടക്കാരൻ സുപ്രുന്റെ ചെക്കൻ എനിക്ക് മുതലയെ കാണണം ന്നും പറഞ്ഞ് വാശിപിടിച്ചു കരഞ്ഞു
നിങ്ങൾക്ക് ആ ചെക്കനെ ഒന്ന് കൊണ്ട് പോയി കാണിച്ചു കൊടുത്തൂടെന്നാ സുപ്രുന്റെ ഭാര്യ കുസുമേടത്തി ചോദിച്ചത്
അത് കേട്ട് സുപ്രു ഞെട്ടി ഇവൾക്ക് തന്നെ മുതലപിടിച്ചു തിന്നിട്ട് വേറെ കല്യാണം കഴിക്കാനല്ലേ എന്നും പറഞ്ഞ് സുപ്രു കുസുമേടത്തിക്കിട്ട് രണ്ടു പൊട്ടിച്ചു. അതും വാങ്ങി ആ പാവം അകത്തേക്കു പോയി . എനിക്ക് മുതലയെ കാണണം ന്നും പറഞ്ഞ് വീണ്ടും വാശിപിടിച്ചു ചെക്കനെ മുതലക്ക് തിന്നാനിട്ടു കൊടുക്കുന്നും പറഞ്ഞതോടെ ചെക്കൻ ക്ലിപ്പിട്ട പോലെ വായ അടച്ചു.
മുതലയെ പേടിച്ച് ആരും ആറ്റു തീരത്തേക്ക് പോവാതായി .
പാട വരമ്പത്തൂടെ പോലും ഞാൻ പേടിച്ച് വിറച്ചാ നടക്കാറ് ഇനി മുതല പാടത്തൂക്കൂടെയെങ്ങാനും വരോന്നാ എന്റെ പേടി ?
എന്റെ ക്ലാസ്സ്മേറ്റ് ശിവൻ ഒരു പ്രാവശ്യം ഉടുമ്പിനെ കണ്ട് മുതലാ .., ന്നും അലറിക്കൊണ്ട് വീട്ടിലേക്കോടി . അവൻ ആടിന് പുല്ലു തീറ്റിക്കാൻ പോയതായിരുന്നു . വീട്ടിലെത്തിയിട്ടും പാവത്തിന്റെ അണപ്പ് മാറിയിട്ടുണ്ടായിരുന്നില്ല . മുതലയുണ്ടെന്നും വിചാരിച്ച് ആടിനെ അഴിച്ചു കൊണ്ടുവരാൻ എല്ലാവർക്കും പേടി . അവസാനം അവന്റെ അച്ഛൻ ജോലി കഴിഞ്ഞു വന്നിട്ടാ ആടിനെ അഴിച്ചോണ്ട് വന്നത് . ആ പാവത്തിന്റെ അടുത്ത് ആരും മുതലയുടെ കാര്യം പറഞ്ഞിരുന്നില്ല.
നിങ്ങള് പറമ്പില് മുതലയെ കണ്ടോന്നാ ആടിനെ അഴിച്ചു കൊണ്ട് വന്നപ്പോ സുകുമാരേട്ടന്റെ ഭാര്യ ചോദിച്ചത്.
എന്താ നീ അങ്ങനെ ചോദിച്ചേ ? പറമ്പിൽ ഏതാണ്ട് ഓന്തിനെ കണ്ടോന്നുള്ള പോലത്തെ നിസ്സാരമായ ആ ചോദ്യം സുകുമാരേട്ടന് മനസ്സിലായില്ല
അല്ല ചെക്കൻ പറമ്പില് ഏതോ മുതലയെ കണ്ടൂന്നും പറഞ്ഞ് അലറിയിട്ടാ വന്നത് എന്നോട് പോയി അഴിക്കാൻ പറഞ്ഞതാ ഞാനാ പറഞ്ഞേ അച്ഛൻ വന്നിട്ട് പോയി അഴിച്ചോളൂന്ന്
അത് കേട്ട് സുകുമാരേട്ടനെ ഉള്ളീലൊരു വെള്ളിടി വെട്ടി, മുതലയുള്ള പറമ്പിലേക്കാണോ ഈ മൂധേവി തന്നെ വിട്ടത്? പാമ്പുകൾക്കാണല്ലോ താൻ തീറ്റ കൊടുത്ത് വളർത്തണത്.
ഞങ്ങളുടെ ഗ്രാമത്തില് ജിമ്മ് നടത്തണ കുമാറ് വല്യ ധൈര്യം കാണിക്കാൻ വേണ്ടി ഒരു വാളുമായിട്ടാ ആറ്റു തീരത്തേക്ക് പോയത് ആ മുതലയെ ഞാനിന്ന് കൊല്ലും ന്നും പറഞ്ഞ്
എന്റെ കുമാറേ ആളോളെ ഇടിക്കണ പോലെയല്ല മുതലയോടുള്ള കളിന്ന് ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ വാണിങ് കൊടുത്തതാ .
ഒന്ന് പോ ചേട്ടാ അവനെ വെട്ടി നുറുക്കി ഞാനിന്ന് കൊണ്ടു വരും ചേട്ടൻ അടപ്പത്ത് വെള്ളം വെക്ക് നമുക്കവനെ സൂപ്പാക്കാ ന്നും പറഞ്ഞു പോയ കുമാറിനെ നേരത്തോട് നേരം കഴിഞ്ഞിട്ടും കാണാണ്ടായപ്പോഴാ കുമാറിന്റെ ഭാര്യ നെഞ്ചന്തടിച്ച് നിലവിളിച്ചോണ്ട് വന്നത്
പേടിച്ച് വിറച്ചാ ഞങ്ങള് പോയി നോക്കീത് കുമാറ് ആറ്റു തീരത്ത് ആകാശം നോക്കി കിടപ്പുണ്ട് രണ്ടു ദിവസം കഴിഞ്ഞാ പാവത്തിന് ബോധം വീണതെന്നെ ബോധം വന്നതോടെ മുതലാ ..ന്നും പറഞ്ഞ് ഒറ്റ കരച്ചിലാ അതീപ്പിന്നെ എന്ത് ശബ്ദം കേട്ടാലും അയ്യോ മുതലാ ..,ന്നും പറഞ്ഞ് വാവിട്ട് കരയും. എങ്ങിനെ മസിലും പെരുപ്പിച്ച് നടന്ന കുമാറാ മുതൽപ്പേടേല് ആ മസിലുകളൊക്കെ ചുങ്ങി കുമാറ് കരയുമ്പോ ഇപ്പൊ അവറ്റകളും കൂടെക്കരയും .
പാക്കരൻ ചേട്ടൻ മുതല സൂപ്പ് കുടിക്കാൻ അടപ്പത്തു വെച്ച വെള്ളം വറ്റി
സത്യത്തിൽ അന്ന് നാട്ടുകാരോട് വല്യ വീമ്പു പറഞ്ഞെങ്കിലും പേടിച്ച് വിറച്ചാ കുമാറ് ആറ്റു തീരത്തേക്ക് പോയത്.
കഷ്ട്ടകാലം ആരുടേതാന്ന് അറിയത്തില്ല ആറ്റില് മുതല ഇറങ്ങീത് അറിയാതെ തമിഴൻ മുരുകന്റെ തഞ്ചാവൂരിന്ന് വന്ന അമ്മാവൻ മുത്തുപ്പാണ്ടി കുളിച്ചോണ്ടിരിപ്പുണ്ടായിരുന്നു ഈ വിവരം അറിയാണ്ടാ വാളുമായി കുമാറ് ആറ്റുതീരത്ത് വിറച്ചോണ്ട് നിപ്പുണ്ടായിരുന്നത് . നാട്ടുകാരോട് വല്യ വീരവാദം മുഴക്കിയെങ്കിലും മുതല വരല്ലേ വരല്ലേ...ന്നായിരുന്നു കുമാറിന്റെ പ്രാർത്ഥന . കുമാറിന്റെ ആ പ്രാർത്ഥന ദൈവം കേട്ടെങ്കിലും അങ്ങേര് പോലും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റ് ആയിരുന്നു നടന്നത്.
വെള്ളത്തീന്ന് പെട്ടെന്നു പൊങ്ങിയ മുത്തുപ്പാണ്ടിയെ ഒരു മുതലയായിട്ടാ കുമാറിന് തോന്നിയത് . ഒരു തിരിച്ചറിവിനുള്ള സമയം പോലും കുമാറിന്റെ ബോധത്തിന് കിട്ടിയില്ല അതിനുമുന്നെ അതിന്റെ ഫ്യൂസ് പോയി ആരുടേയോ ഭാഗ്യത്തിന് ബോധത്തിന്റെ ഫ്യൂസ് മാത്രേ പോയുള്ളൂ കുമാറിന്റെ ഫ്യൂസ് പോയില്ല .
തന്നെക്കണ്ടവശം ആറ്റു തീരത്ത് ഒരുത്തൻ വെട്ടിയിട്ട് പോലെ വീഴുന്ന കണ്ടതോടെ മുത്തുപ്പാണ്ടി കുളി മതിയാക്കി വേഗം എസ്കേപ്പായി ആ പാവം അന്നുതന്നെ തഞ്ചാവൂരിലേക്ക് പോയി ഇനി കൊലപാതകത്തിന് ജയില് പോകേണ്ടി വരുമെന്നോർത്ത് പേടിച്ചിട്ടു കൂടിയാ മുത്തുപ്പാണ്ടി അന്നു തന്നെ ഓടിയത് അനന്തരവൻ മുരുകനോട് കൂടി പറയാൻ നിന്നില്ല.
ഇതോട് കൂടി ആറ്റു വക്കത്തേക്ക് ആരും പോകാതായി ..
പോലീസ് സ്റ്റേഷനില് പോയി കംപ്ലൈന്റ് കൊടുത്താലോന്നാ അവറാൻ ചേട്ടൻ ചോദിച്ചത് അവസാനം നാട്ടുകാര് എല്ലാവരും ഒപ്പിട്ട ഒരു നിവേദനം ഇടിയൻ ജോണിക്ക് കൊടുത്തു അതു കണ്ട ഇടിയൻ ജോണി എല്ലാവരേയും നോക്കി കണ്ണുരുട്ടി. തന്നെ മുതലയെക്കൊണ്ട് കൊല്ലിക്കാനാണോ നാട്ടുകാര് പ്ലാൻ?
ഇടിയൻ ജോണിയുടെ കണ്ണുരുട്ടൽ മുതലയേക്കാളും വലിയ കണ്ണുരുട്ടലായിട്ടാ നാട്ടുകാർക്ക് തോന്നിയത് വനം വകുപ്പ് കാരോട് പോയി പറയാനാ ഇടയൻ പറഞ്ഞത് അതും പറഞ്ഞോണ്ട് ഇടിയൻ ആ നിവേദനം കീറിക്കളഞ്ഞു.
വനം വകുപ്പ് കാര് വന്നു നോക്കിയെങ്കിലും ഇവിടെ മുതലയും ചീങ്കണ്ണിയുമൊന്നുമില്ലെന്നും പറഞ്ഞ് അവരും പോയി എന്നിട്ടും നാട്ടുകാരുടെ മുതലപ്പേടി മാറിയില്ല.
എന്തോ, വനം വകുപ്പുകാര് പറഞ്ഞത് ശരിയാണോ എന്നറിയില്ല പിന്നീട് മുതലയെ ആരും കണ്ടീട്ടില്ല എങ്കിലും പലരും പലപ്പോഴും മുതൽപ്പേടേല് മറ്റു പല ജീവികളേയും കണ്ട് മുതലായെണെന്നും അലറിവിളിച്ചോണ്ട് ഓടിയിരുന്നു പാവം ഓന്തിനെ കണ്ടുപോലും ചിലരോടി
സത്യത്തില് മമ്മദ് കരഞ്ഞോണ്ട് ഓടിയ അന്നു തന്നെ മുതല അതിന്റെ മുട്ടയും എടുത്തോണ്ട് തീരം വിട്ടിരുന്നു തന്നെ മുതിര.., മുതിര എന്നു വിളിച്ച് ആക്ഷേപിച്ചതിൽ മുതലക്ക് നല്ല നീരസമുണ്ടായിരുന്നു. മുതിരയും മുതലയും തിരിച്ചറിയാത്ത ഈ കിഴങ്ങന്മാരുടെ നാട്ടിൽ താനിനി നിൽക്കുന്നില്ലെന്നും പറഞ്ഞാ മുതല സ്ഥലം വിട്ടത്.
അതോടെ ഞങ്ങളുടെ നാട്ടിൽ രണ്ടുപേർക്ക് ഇരട്ടപ്പേരായി മുതിര മമ്മദെന്നും, മുതല കുമാറെന്നും . ഇപ്പൊ കുമാറ് സൈക്കിളിൽ പോകുമ്പോ കൊച്ചു കുട്ടികള് വരെ ദേ മുതലാ ..,മുതലാ ന്നും പറഞ്ഞ് കളിയാക്കും അതുകേട്ട് കുമാറ് ഉള്ളില് ഞെട്ടും
എങ്ങിനെ മസിലും വീർപ്പിച്ചു നടന്ന കുമാറാ ഈ മസിലിലൊന്നും വല്യ കാര്യമില്ലാന്ന് അന്നത്തോടെ ഞങ്ങൾക്ക് മനസ്സിലായി രാക്ഷസന്റെ ശരീരത്തില് ഒരു പേടിത്തൊണ്ടന്റെ മനസ്സാ ദൈവം കുമാറിന് വെച്ചു കൊടുത്തത്.
ദൈവത്തിന്റെ ഓരോ തമാശകളേ
0 അഭിപ്രായങ്ങള്‍