നല്ലത് ചെയ്തുകൊണ്ട് നല്ലതു പ്രതീക്ഷിക്കുക 

                      
                  എന്താണ് അതിനർത്ഥം    

       എന്നാൽ നമ്മൾ പലപ്പോഴും ചെയ്യാത്ത കാര്യമാണത്. എന്നാൽ  എപ്പോഴും നല്ലത് പ്രതീക്ഷിച്ചു കൊണ്ടിരിക്കും .

     നല്ലത് ചെയ്യാതെ  നല്ലത് പ്രതീക്ഷിക്കുന്നതിൽ എന്താണ് അർഥം ? നമ്മൾ എല്ലാവരോടും നല്ലതാണോ ചെയ്യുന്നത് ?  കുടുംബാങ്ങങ്ങളോട് , അയൽക്കാരോട് , കൂട്ടുകാരോട് , സഹപ്രവർത്തകരോട് , കീഴ്ജീവനക്കാരോട് ., സമൂഹത്തോട് ? 

   പ്രതിഫലയേഛയില്ലാതെ അവർക്കെല്ലാം നല്ലത് ചെയ്യുവാൻ നമുക്ക് കഴിയാറുണ്ടോ അതോ നമ്മൾ നല്ലത് ചെയ്യുന്നത്  പ്രതിഫലം ലഭിക്കുമെന്നുറപ്പുള്ളവരോട് മാത്രമാണോ 

   പ്രാർഥിക്കുമ്പോഴും നമ്മൾ അങ്ങിനെതന്നെയല്ലേ ചെയ്യാറ്  

   ദൈവമേ , എനിക്ക് നല്ലത് മാത്രം വരത്തേണമേ  അവിടെ നമ്മൾ ദൈവത്തിൽ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നു . സ്വന്തം സഹജീവികൾക്കും  സമൂഹത്തിനും  നല്ലതു ചെയ്യാതെ നമ്മൾ നല്ലത് മാത്രം പ്രതീക്ഷിക്കുന്നു .  ദൈവത്തോട് നല്ലത് മാത്രം തരണമേയെന്ന് അപേക്ഷിക്കുന്നു എന്ത് ലോജിക്കാണ്  ഇതിനു പിന്നിൽ ഉള്ളത് .?

                  ബൈബിളിൽ പ്രശസ്ഥമായൊരു വാചകമുണ്ട് . 

    നിന്റെ സഹോദരരിൽ ഒരുവന്  നീ ചെയ്ത സഹായം എനിക്ക് തന്നെയാണ് ചെയ്തതെന്ന്  എന്നുവെച്ചാൽ മറ്റൊരുവനെ സഹായിക്കുമ്പോൾ  അവനുവേണ്ടി നല്ലത് ചെയ്യുമ്പോൾ അവിടെ  ദൈവീക ചേതന വന്നു നിറയുന്നു  അതുവഴി ആത്മീയമായ തലത്തിലേക്ക് അവൻ ഉയർത്തപ്പെടുന്നു മനസന്തോഷം അവനിൽ വന്നു നിറയുന്നു .

    ഇവിടെ മനുഷ്യൻ തന്റെ സഹജീവികളേയും  മറ്റുള്ളവരേയും മനസ്സിലാക്കുന്നു .  തന്റെ പോലെ തന്നെയാണ് മറ്റുള്ളവരും എന്നുള്ള ചിന്ത അവനുള്ളിൽ അങ്കുരിക്കുന്നു . താൻ മറ്റുള്ളവരിൽ നിന്ന് നല്ലത് പ്രതീക്ഷിക്കുന്നത് പോലെത്തന്നെ അവരും തന്നിൽ നിന്ന് നല്ലത് പ്രതീക്ഷിക്കപ്പെടുന്നു എന്നത് മനസ്സിലാക്കപ്പെടുന്നു .

      ഈ ചിന്ത ഏതൊരുവന്റെയും ഉള്ളിൽ രൂപീകൃതമാകുമ്പോൾ  അവന്റെ ചിന്തകൾക്കും , പ്രവർത്തികൾക്കും ദൈവീകമായ ചേതന കൈവരുന്നതോടൊപ്പം തന്നെ . ദൈവം അവന് നല്ലത് മാത്രം നൽകുന്നു ഇവിടെ ഒരു സഹവർത്തിത്വം രൂപം കൊള്ളുന്നു . ഈ പ്രപഞ്ചത്തിലെ  കണ്ണികളായ നാം ഓരോരുത്തരും  പരസ്പരാശ്രയത്തോടെ ജീവിച്ചില്ലെങ്കിൽ  നിലനില്പ്പില്ല എന്ന സത്യം സാധൂകരിക്കപ്പെടുന്നു .

    എന്താണ് നമുക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സിലാതെ പോകുന്നത്? എല്ലാവരും അവനവനിലേക്ക്‌  തന്നെ ചുരുങ്ങുന്നു  സ്വന്തം സുഖം , സ്വന്ത താല്പര്യങ്ങൾ, സ്വന്തം  നിലനിൽപ്പ്‌ മാത്രം എന്നുള്ള സ്വാർത്ഥതയിലേക്ക്  അവൻ കൂടുമാറുന്നു . അവിടെ മറ്റുള്ളവരുടെ വികാരങ്ങൾക്കും വിചാരങ്ങൾക്കും , ഇഷ്ട്ടങ്ങൾക്കും , അവകാശങ്ങൾക്കും സ്ഥാനമില്ലാതാകുന്നു . മറ്റുള്ളവരുടെ വേദനകൾ ഇവിടെ അപ്രസക്തമാകുന്നു  കണ്ണ് തുറന്നു ജീവിക്കുന്ന  കുരുടന്മാരാകുന്നു  നമ്മൾ .

    അവൻ അല്ലെങ്കിൽ അവൾ,  അതുമല്ലെങ്കിൽ അവർ നമുക്ക് അത് ചെയ്തു തന്നില്ല ഇതു ചെയ്തു തന്നില്ല  എന്നെല്ലാം പരിതപിക്കുന്നതിനു മുൻപ്  നമ്മൾ ഒരു നിമിഷം  ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  അങ്ങിനെ ചിന്തിച്ചാൽ നമ്മുടെ മുന്നിൽ എത്രയോ മുഖങ്ങൾ തെളിഞ്ഞു വരും  ആ മുഖങ്ങളിൽ എല്ലാം ഒരേ ചോദ്യങ്ങളുമുണ്ടായിരിക്കും .

             എന്തേ .., നിങ്ങൾ എനിക്കത് ചെയ്തു തന്നില്ല?

    സത്യമല്ലേ ? പലപ്പോഴും നമ്മൾക്ക് ഈസിയായി ചെയ്യാനാവുമായിരുന്ന പല കാര്യങ്ങൾ പോലും നമ്മൾ ചെയ്യാതിരുന്നിട്ടില്ലേ ?എന്താണതിന് കാരണം .? ഈഗോ ? സ്വാർത്ഥത  അല്ലെങ്കിൽ  അവനിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല  അതുകൊണ്ട് ഞാൻ എന്തിന് അവനു നല്ലത് ചെയ്യണം  എന്നുള്ള ഇടുങ്ങിയ ചിന്താഗതിയോ ? അപ്പോൾ ഈ ചിന്ത ദൈവത്തിനുണ്ടായാലോ  മറ്റുളവർക്ക് സമാനമായ ചിന്ത നമ്മളെക്കുറിച്ച് ഉണ്ടായാലോ?, അപ്പോൾ നമ്മൾ നല്ലത് ചെയ്യാതെ നല്ലത് പ്രതീക്ഷിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല .
     
    സഹജീവികളെ സ്നേഹിക്കുക അവരോട് സഹവർത്തിത്വം കാണിക്കുക  ഒരേ കുടുംബത്തിലെ  അംഗങ്ങൾ ആണ് എല്ലാവരും എന്നുള്ള മനോവിചാരത്തോടുകൂടി പെരുമാറുക . ഒരു പക്ഷേ മറ്റുള്ളവർ നമ്മോട് ദോഷം ചെയ്താലും  അവരോട് നല്ലത് മാത്രം ചെയ്യുക  ഒരു പക്ഷേ ..., എന്നല്ല തീർച്ചയായും  അതിന്  വിശാലമായ മനസ്സ് തന്നെ വേണ്ടിവരും.  എന്നാൽ അത്  അത്ര എളുപ്പമല്ല  എന്നാൽ എളുപ്പവുമാണ്  അതിനായി നമ്മൾ ഒരു നിമിഷം  ചിന്തിക്കുക നമ്മൾ ദൈവത്തോട് എന്തു മാത്രം അനിഷ്ട്ടങ്ങൾ ചെയ്തിട്ടുണ്ട്  എന്നിട്ടും ദൈവം, നമ്മളെ പരിപാലിക്കുന്നില്ലേ ?

       ഈ ഒരു ചിന്ത ഉള്ളിൽ വെച്ച് കൊണ്ട് എല്ലാ സഹജീവികളോടും നല്ലത് മാത്രം ചെയ്യുക . അതിൽ ശത്രുക്കൾ എന്നോ സുഹൃത്തുക്കൾ എന്നോ വേർതിരിവ് ഇല്ലാതിരിക്കട്ടെ  എല്ലാവരും എന്റെ സ്നേഹിതർ , എന്റെ കുടുംബക്കാർ  എല്ലാവരും എന്നെപ്പോലെ തന്നെ  എല്ലാത്തിനും അർഹരാണ് . അങ്ങിനെ ചിന്തിക്കുമ്പോൾ  നമുക്ക് ,  എല്ലാവർക്കും നല്ലത് മാത്രം വരണമേ  , നമ്മളെക്കൊണ്ട് അവർക്ക് നല്ലത് മാത്രം ചെയ്യാൻ കഴിയേണമേ.., എന്നുള്ള ഒരു ത്വര രൂപം കൊള്ളുന്നു  അത് നമ്മളെത്തന്നെ ശുദ്ധീകരിക്കുന്നു . അങ്ങിനെ ശുദ്ധീകരിക്കപ്പെട്ട നമ്മൾക്ക്  എവിടെ നിന്നും നല്ലത് മാത്രമേ വരുകയുള്ളൂ . അതിനു പ്രകൃതി  പോലും  കൂട്ടു നിൽക്കും  ആത്യന്തികമായി നമ്മുടെ ദൈവവും ആ ഒരു വിശ്വാസത്തോടുകൂടി  നമുക്ക് ഉറപ്പിച്ചു പറയാം .

       
                                         
               നല്ലത് ചെയ്തുകൊണ്ട് നല്ലതു പ്രതീക്ഷിക്കുക 

                      

0 അഭിപ്രായങ്ങള്‍