നമ്മൾ കാണുന്ന അല്ലെങ്കിൽ നമ്മൾ കൂടി ഉൾപ്പെടുന്ന ഏതൊരു മനുഷ്യന്റെ ഉള്ളിലും ആർത്തിയുണ്ട്, കുടിലതയുണ്ട് , നീചസ്ഥിതിയുണ്ട് , അസൂയയുണ്ട്  എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാനുള്ള മരുന്നും അവന്റെ കൈയ്യിൽ തന്നെയുണ്ട് .

      വഴിയിൽ നിന്നും കളഞ്ഞു കിട്ടുന്ന ഒരു പണപ്പൊതിയിൽ നമ്മൾ പെട്ടന്നതിൽ ആശ കാണുന്നു, സന്തോഷിക്കുന്നു എന്നാൽ അല്പസമയത്തിനുള്ളിൽ തന്നെ നമ്മൾ ആ തെറ്റിനെക്കുറിച്ച് ബോധാവാനാകുന്നു .

   അയ്യോ ...ഇത് ചിലപ്പോൾ ഏതോ പാവപ്പെട്ടവന്റെതായിരിക്കും തിരിച്ചു കൊടുക്കണം,  പണക്കാരന്റെത് ആണെങ്കിൽക്കൂടി നമുക്കിത് അവകാശപ്പെട്ടതല്ല . ഒരു പക്ഷേ .., അയാൾ  എത്ര കഷ്ട്ടപ്പെട്ടിട്ടായിരിക്കും ഇതുണ്ടാക്കിയത് ? നഷ്ട്ടപ്പെട്ടപ്പോൾ അയാൾ എന്തു മാത്രം മനോ വിഷമം അനുഭവിക്കുന്നുണ്ടായിരിക്കും .

     ഇവിടെ ആദ്യം സംഭവിക്കുന്നത്‌ എന്താണ്  കളഞ്ഞു കിട്ടിയ ആ പണത്തെയോർത്ത് നമ്മൾ സന്തോഷിക്കുന്നു . അപ്പോൾ ആദ്യം തെളിയുന്നത് നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആ കുടിലതയാണ് . എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ നമ്മൾ അതിനെ മറികടക്കുകയും ചെയ്യുന്നു ഇത് തെറ്റാണ് , ഇത് നമുക്ക് അർഹതപ്പെട്ടതല്ല മറ്റാരുടേതോ ആണ് അയാൾക്ക് തന്നെ തിരിച്ചു കൊടുക്കണം,  ഇവിടെ നമ്മിലെ നന്മ വെളിവാക്കപ്പെടുന്നു .

    അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ആദ്യം അങ്ങിനെ തോന്നിയതും പിന്നെ മറിച്ച് തോന്നുന്നതും?, ഇത് വിശകലനം ചെയ്യപ്പെടുമ്പോൾ  ഏതൊരു മനുഷ്യന്റേയും ഉള്ളിൽ നല്ലതും ചീത്തയും ഉണ്ട്  അതിൽ ഓരോരുത്തരും യുക്തി പൂർവ്വം വിശകലനം ചെയ്ത്  ശരിയിലേക്ക് മാത്രം ചരിക്കുമ്പോൾ അവിടെ ഉത്തമനായ ഒരു മനുഷ്യൻ  മനുഷ്യസ്‌നേഹി രൂപം കൊള്ളുന്നു . എങ്ങിനെയാണ് നമുക്ക് നമ്മുടെ തെറ്റിനെ ശരിയിലേക്ക് നയിക്കുവാൻ കഴിയുന്നത്‌ ..? ഇവിടെയാണ്‌ സ്പിരിച്യുൽ ശക്തിയുടെ  പ്രസക്തി  ഈ സ്പിരിച്യുൽ ശക്തി എന്ന് പറയുന്നത് നമ്മുടെ ഉള്ളിലുള്ള ദൈവീക ചേതനയാണ്‌.

   ഈ ദൈവീക ചേതന നമ്മുടെ ഉള്ളിൽ എപ്പോഴും ഒരു ദൈവീക ഭാവത്തെ നിലനിറുത്തുന്നു . ഇതിലൂടെ നമ്മൾ നല്ല കാര്യങ്ങൾ മാത്രം എന്ന ഒരു വികാരത്തിലേക്ക് എത്തിച്ചേരപ്പെടുന്നു ദൈവീക ഭാവം ഉള്ളിടത്ത് തിന്മ പുറം തിരിഞ്ഞു നിൽക്കപ്പെടുന്നു . നമ്മൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കും തോറും ഈ ശക്തി  നമ്മുടെ ഉള്ളിലും ശക്തമായിത്തീരുന്നു .

     വളർന്നു വരുന്ന ജീവിത സാഹചര്യങ്ങൾ ഓരോരുത്തരെ നല്ലവരും കെട്ടവരും ആക്കി മാറ്റുന്നതിൽ സുപ്രധാനമായൊരു പങ്ക് വഹിക്കുന്നുണ്ട് ക്രിമിനലുകളുടെ കൂടെ ജീവിച്ചു വളരുന്ന ഒരു വ്യക്തി ഒരു പക്ഷേ .., തനിക്ക് കളഞ്ഞു കിട്ടിയ ആ പണത്തെ തിരിച്ചു കൊടുക്കുന്നില്ല  അത് അവൻ .., തനിക്ക് ലഭിച്ച ഭാഗ്യമായിട്ട് ന്യായീകരിക്കുന്നു . മറ്റുള്ളവരുടെ അലക്ഷ്യതയായിട്ട് അതിനെ വ്യാഖാനിക്കുന്നു  ഇവിടെ അവൻ വളർന്നു വന്ന സാഹചര്യങ്ങളും  കണ്ടു വന്ന മൂല്യച്ചുതികളും  ആ രീതിയിൽ അവനെ ചിന്തിപ്പിക്കുന്നു , പ്രവർത്തിപ്പിക്കുന്നു .

   എന്നാൽ നല്ല സമൂഹത്തിൽ വളർന്നു വന്ന ഒരുവൻ  ഇത് തനിക്ക് അർഹതപ്പെട്ട പണമല്ലെന്നും , മറ്റൊരുവന്റെതാണ് ഇതെന്നും  അത് അവനു തന്നെ തിരിച്ചു കൊടുക്കണമെന്നും എന്നുള്ള നല്ല നിഗമനത്തിലാണ് എത്തിച്ചേരുന്നത് .

    ജീവിതത്തിൽ നമ്മൾ കടന്നു പോകുന്ന വഴികൾ പല വിധത്തിൽ ഉള്ളതാണ്  അതിൽ പ്രലോഭനങ്ങൾ ഉണ്ടാകാം , ചതിക്കുഴികൾ ഉണ്ടാകാം , നന്മകൾ ഉണ്ടാകാം , തിന്മകൾ ഉണ്ടാകാം . വിശാലമായ ഈ കടലിൽ കാറും കോളും നിറഞ്ഞ ഇടങ്ങൾ ഉണ്ടാകാം, ചുഴികൾ ഉണ്ടാകാം  ശക്തമായ കൊടുങ്കാറ്റിൽ അകപ്പെട്ടെക്കാം , തെളിഞ്ഞു കിടക്കുന്ന ശാന്തമായ ഇടങ്ങൾ ഉണ്ടാകാം അതെന്തൊക്കെത്തന്നെ ആയാലും നമ്മൾ .., നമ്മളാണ് എന്നുള്ള മൂല്യത്തെ മുറുകെപ്പിടിച്ച് ,  ആദർശങ്ങളെ മുറുകെപ്പിടിച്ച്  സമൂഹത്തിനും, രാജ്യത്തിനും വേണ്ടപ്പെട്ടവനായി ജീവിക്കുമ്പോൾ  അതൊരു നല്ല മാത്രകയായിത്തീരുന്നു . നല്ല പിതാവായി മക്കൾക്കും, നല്ല ഭർത്താവായി ഭാര്യക്കും, നല്ല മകനായി മാതാപിതാക്കൾക്കും  , നല്ല പൌരനായി സമൂഹത്തിനും മാത്രകയായി ജീവിക്കാൻ ശ്രമിക്കുമ്പോൾ അവിടെ ഉത്തമനായ ഒരാൾ രൂപമെടുക്കുകയാണ്.

  പ്രലോഭനങ്ങൾ ഉണ്ടാകാം, പ്രതിസന്ധികൾ ജീവിതത്തിൽ നേരിടാം  എന്നാൽ അതൊരിക്കലും ശാശ്വതമല്ലെന്ന് കരുതുക . അതിനെ അതിജീവിക്കുവാൻ ശ്രമിക്കുക  ഒരു പക്ഷേ തോറ്റുപോകാം  വീണ്ടും ശ്രമിക്കുക  ശ്രമിച്ചു കൊണ്ടേയിരിക്കുക .., അപ്പോൾ വിജയം കൈവരും  ഇതൊരു സത്യമാണ്  അതിനായി നമ്മുടെ ഉള്ളിൽ തെളിയുന്ന നല്ലതിനെ  മാത്രം മുറുകെപ്പിടിക്കുക  അവിടെ ചീത്ത വികാരങ്ങളും  വിചാരങ്ങളും  കുടിലതകളും ഉയർന്നു  വരാം .  പക്ഷേ .., അതിനെയെല്ലാം ബോധപൂർവ്വം അടിച്ചമർത്താൻ ശ്രമിക്കുക പല പ്രാവശ്യം ഇങ്ങനെ ആവർത്തിക്കപ്പെടുമ്പോൾ അവിടെ തെളിമയുള്ള ഒരു മനസ്സ് രൂപീകൃതമാകുന്നു  ആ മനസ്സിൽ എല്ലായിപ്പോഴും നല്ലത് മാത്രമേ തെളിഞ്ഞു വരികയുള്ളൂ. 

               

                     

0 അഭിപ്രായങ്ങള്‍