കാല്പനികതയുടെ സൌന്ദര്യവും, നിറങ്ങൾക്ക് മണവുമില്ലാത്ത പുലർകാലം ആലങ്കാരിക വാക്കുകളിൽ എഴുതിയാൽ അതൊരു നല്ല കൃതിയാകുമോ ? അറിയില്ല  എങ്കിലും ആലങ്കാരികമായി തന്നെ എഴുതുവാൻ ശ്രമിക്കാം .

      കോച്ചിവലിക്കുന്ന തണുപ്പ് ശരീരത്തെ  മറച്ചിരിക്കുന്ന ആവരണത്തേയും  തുളച്ച് സൂചിമുനകൾ കണക്കെ കുത്തിയിറങ്ങുന്നു  എങ്കിലും വ്യായാമം മുടക്കുവാൻ പാടില്ലാത്തതാണ്  കാരണം ശരീരത്തിന്റെ ഓജ്ജസ്സാണത് ആരോഗ്യമുള്ള ശരീരമാണ് ആരോഗ്യമുള്ള മനസ്സിന്റെ അടിത്തറ  ആ തിരിച്ചറിവ്  മടിയെ മറികടന്ന്  ഓടുവാൻ പ്രേരിപ്പിച്ചു .

     നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്ന താഴ്‌വാരം നീണ്ടുയർന്നു നിൽക്കുന്ന അക്കേഷ്യമരങ്ങളുടെ നടുവിലൂടെ ഹൈറേഞ്ചിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന ടാർ റോഡ്‌ . വണ്ടികളുടെ യാതൊരു അലസോരവും ഇല്ലാതെ തന്നെ റോഡിനു നടുവിലൂടെ തന്നെ ജോഗ്ഗിംഗ് നടത്താം .

   ശുദ്ധമായ വായു അത് ശ്വാസകോശങ്ങൾക്കും , ശരീരത്തിനും നല്കുന്ന ഉത്തേജനം വളരെ വലുതാണ്‌ .

   നടന്നു .., നടന്നു ..., ശരീരം പതുക്കെ അതിന്റെ അലസതയെ മറികടന്നുകൊണ്ട്‌ ഓടാൻ തുടങ്ങി . നല്ല എനർജി  ആ ലഹരിയിൽ മുന്നേറുമ്പോഴാണ്  അപ്രതീക്ഷിതമായി ആ കാഴ്ച്ച കണ്ടത്  റോഡിന്റെ ഓരത്തിലുള്ള സിമന്റു ബെഞ്ചിൽ സാമാന്യം വലിയ ഒരു പൊതിക്കെട്ട്  സാരമുള്ളതല്ല എന്നു കരുതി മറികടക്കാനോരുങ്ങുമ്പോഴാണ് ., കുറുങ്ങൽ പോലെയുള്ളൊരു കരച്ചിൽ  അത് അലക്ഷ്യമാക്കിക്കളയാൻ തോന്നിയില്ല ആകാംഷപൂർവ്വം അടുത്തു ചെന്ന് നോക്കി.

  ഉള്ള് കിടുങ്ങിപ്പോയി ഒരു കൊച്ചു കുഞ്ഞ്, കമ്പിളിയിൽ പൊതിഞ്ഞ് ആരോ ഉപേക്ഷിച്ചിരിക്കുന്നു .ഹൃദയം നുറുങ്ങി  ആരാണ് ദൈവമേ ഇത്രയും ക്രൂരൻ പാൽ മണം മാറാത്ത ഈ കുഞ്ഞിനെ ഹൈറേഞ്ചിലെ ഈ താഴ്‌വാരത്തിൽ ഉപേക്ഷിച്ചവൾ  നായ്ക്കളും , കുറുക്കൻമാരും കടിച്ചു കീറാഞ്ഞത് ഭാഗ്യം  മനുഷ്യർ ഇത്രയും ഹൃദയശൂന്യരായി മാറുകയാണോ..?

    വാരി നെഞ്ചോട്‌ ചേർക്കുമ്പോൾ  വളർത്തച്ചന്റെ ഹൃദയത്തിന്റെ ചൂട് പെറ്റമ്മയുടെതിനേക്കാൾ സ്നേഹത്തോടെ അവൻ ഏറ്റുവാങ്ങി ആ കുഞ്ഞു മോണകൾ കാട്ടി ചിരിച്ചു .

   മൂന്നു മക്കളുടെ കൂടെ ദൈവം എനിക്കായി കാത്തുവെച്ച നാലാമതോരാൾ 

           ''എന്താ ജോണ്‍ സാറേ നിന്ന് സ്വപ്നം കാണാ?

 ഞെട്ടിത്തിരിഞ്ഞു നോക്കി ''റാവൂ '' വൃദ്ധസദനത്തിലെ മാനേജർ ആണ് 
 ജോണ്‍ സാർ ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ , എല്ലാം പാക്കു ചെയ്തു  കഴിഞ്ഞോ?

    അതേടോ .., എങ്ങിനെ സന്തോഷിക്കാതിരിക്കും? സ്വന്തം രക്തവും മാംസവും പണവും  നൽകി മക്കളെ വളർത്തി വലുതാക്കി  ഒരു നാൾ അവർ അവരുടെ ഇണയെ തേടി കൂടുവിട്ട്  പറന്നു പോകുമ്പോൾ  ഹൃദയം നുറുങ്ങുന്ന വേദനയോടെ ബാക്കിയാകുന്ന രണ്ടു പേരുണ്ടെടോ അവരുടെ അപ്പനും  അമ്മയും  നോക്കാനാളില്ലാതെ വിഷമിക്കപ്പെടുന്ന വെള്ളവും .., നീരും വറ്റിയ രണ്ട് പാഴ്ജന്മങ്ങൾ അവർക്കൊരു ഭാരമാകുമ്പോൾ  അവരുടെ സുഖങ്ങളിലെ  കട്ടുറുമ്പുകളാക്കാതെ മാറ്റി നിറുത്താൻ ഉള്ളൊരു കേന്ദ്രമല്ലെടോ  ഈ സദനങ്ങൾ ?

   വർഷങ്ങൾക്കു മുൻപ് കൈ വളരുന്നോ?, കാൽ വളരുന്നോ?എന്നെല്ലാം നോക്കി മക്കളെ ഒരു ഉറുബ് കടിച്ചാൽ പോലും  സ്വന്തം ഹൃദയത്തിൽ കത്തികൊണ്ട് കീറുന്ന വേദന അനുഭവിക്കുന്ന സ്വന്തം സുഖങ്ങളെ അവഗണിച്ച് മക്കളുടെ സുഖം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന  ഏതൊരു അച്ഛന്റേയും; അമ്മയുടേയും വേദനതന്നെയാണെടോ  ഈ വൃദ്ധസദനങ്ങൾ  ഇന്ന് ഞങ്ങൾ ശിശുക്കളായില്ലേ  ആരും നോക്കാനില്ലാത്ത ശിശുക്കൾ  നാളെ ആ മക്കളും ഈ വഴിയിലേക്ക് തിരിച്ചു വരപ്പെടാതിരിക്കട്ടെ .

     ഇന്ന് ഈ ശിശുക്കളെ കൊണ്ടുപോകാൻ  ദൈവം എനിക്കു നൽകിയ നാലാമതൊരു മകൻ വരുന്നുണ്ടെടോ  അവന്റെ കൂടെ അങ്ങ് അമേരിക്കയിലോട്ട് കൊണ്ടുപോകുവാൻ സ്വന്തം ശരീരത്തിൽ നിന്നും പിറന്ന മൂന്നു പേരുണ്ടായിട്ടും  വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ നാലാമത്തവൻ  വേണ്ടിവന്നു .

           ഉള്ളിൽ നിന്നും ഉരുണ്ടുകൂടിയ അശ്രുക്കൾ കണ്ണിലൂടെ പൊഴിയുമ്പോൾ ഞാൻ അറിയുന്നു ഇത് സന്തോഷത്തിന്റെതാണെന്ന് !

0 അഭിപ്രായങ്ങള്‍