അല്ലാ . അവറാൻ ചേട്ടനും ചേട്ടത്തിയും കൂടിയിതെങ്ങോട്ടാ ?

                    അപ്പോ .., നീയിതൊന്നും അറിഞ്ഞില്ലേ ?

                        ഇല്ലാ .., എന്താ സംഭവം ?

               ഇതിനാടാ പേപ്പറ് വായിക്കാൻ പറയണേ ..

    ഇശ്വരാ .., അവറാൻ ചേട്ടൻ പേപ്പറൊക്കെ  വായിച്ചു തുടങ്ങിയോ ?

                 അതെനിക്കൊരു പുതിയ അറിവായിരുന്നു 

  അവറാൻ ചേട്ടൻ കുറച്ചു കാലം മുമ്പ് സാക്ഷരതാ ക്ലാസ്സിൽ പങ്കെടുക്കാൻ പോയതൊക്കെ എനിക്കറിയാം. അന്ന് പാക്കരന്റെ  അടുത്തുന്ന് കോപ്പി അടിച്ചിട്ട്  കുറച്ചു നേരം പുറത്തു നിറുത്തിയതും എനിക്കോർമ്മ വന്നു.

                       എന്താ കാര്യന്ന് തെളിച്ചു പറയ് അവറാൻ ചേട്ടാ 

    എടാ ലോകം അവസാനിക്കാൻ പോവാണെന്ന്.  ഏതോ  പ്രത്യേക മൂൺ  അങ്ങിനെ എന്താണ്ട് സാധനം വരുന്നുണ്ടെന്ന്  അത് വന്നാ ലോകം അവസാനിക്കൂത്രേ .

         ഓ .., അത് ഞാനും കേട്ടു,  അതിന് അവറാൻ ചേട്ടൻ ഈ കെട്ടും വടിയുമൊക്കെയായി എങ്ങോട്ടാ ?

     ഞാൻ ഭാര്യ വീട് വരെ പോവാ,  ഏതായാലും ലോകം അവസാനിക്കാൻ പോവല്ലേ ? രണ്ടു ദിവസം ഭാര്യ വീട്ടിൽ പോയി സുഖിച്ചു താമസിച്ചിട്ടു വരാം, ചിലപ്പോ , ഇനി  അവരെയൊന്നും  കാണാൻ  പറ്റിയില്ലെങ്കിലോ ?

      അവറാൻ ചേട്ടാ ഇന്ന്  കവലേല്  പ്രേക്ഷിതൻ സുകു നടത്തുന്ന കൂട്ട പ്രാർത്ഥനയുണ്ട്,  ലോകം അവസാനിക്കാതിരിക്കാൻ  അത് കഴിഞ്ഞിട്ട് പോയാ പോരേ ?

       എന്നാ ശരി അന്നമ്മോ നീ അങ്ങട് പോയിക്കോ ഞാനങ്ങ് എത്തിക്കോളാം .

        ''ദേ ..,  മനുഷ്യാ .., കള്ളും കുടിച്ച് അങ്ങ് എത്തിയേക്കരുത് എന്നാ നിങ്ങടെ അവസാനം എന്റെ കൈകൊണ്ടായിരിക്കും .

             ചേടത്തി വക  ഒരു ഉഗ്രൻ വാണിംഗ് .

      ഞങ്ങള് ചെല്ലുമ്പോൾ സുകു അങ്ങ്  കത്തിക്കയറുകയാണ്  കേൾക്കാൻ ഒരു  പത്തിരുപതു പേരും  പിന്നെ കുറെ ചിടുങ്ങു പിള്ളേരും .

          ഈ സമയത്താണ് ഇടിയൻ ജോണിയുടെ  ജീപ്പ്  കവലയിലേക്ക് വരുന്നത് .

     ഇടിയൻ ജോണിയെ  കണ്ടതോടെ  ലോകാവസാനം ഇപ്പൊത്തന്നെ നടക്കുന്ന് മനസ്സിലായി അവറാൻ ചേട്ടൻ പതുക്കെ മുങ്ങി . അന്നത്തെ ആ സംഭവത്തോടെ ഇടിയൻ ജോണീന്ന് കേട്ടാലേ അവറാൻ ചേട്ടന്റെ നല്ല  ജീവൻ പോവും .

        ഞാനും മെമ്പറ് സുകേശനും  പതുക്കെ പാക്കരന്റെ ചായക്കടേലിക്ക് വലിഞ്ഞു .

     പാക്കരൻ ചേട്ടന്റെ ചായക്കടക്ക്  മുന്നില് വാലാട്ടി  സുകുന്റെ പ്രസംഗം കേട്ടോണ്ട്  കോരിത്തരിച്ച് നിന്നിരുന്ന  റോമു  ഇടിയൻ ജോണിയെ കണ്ടതോടെ, ഇടിയൻ ജോണിയെ നോക്കി  വാലാട്ടി നിന്നു .

     സത്യത്തിൽ അവൻ സ്നേഹം കൊണ്ട് വാലാട്ടുന്നതൊന്നുമല്ല പേടിച്ചിട്ട്‌ അവന്റെ വാല് തനിയെ കിടന്ന് ആടുന്നതായിരുന്നു .

    ഇടിയൻ ജോണിയെ  കണ്ടതോടെ  ഒരു സെക്കന്റ് കൊണ്ട് കവല , ഞായറാഴ്ച പോലെ ശൂന്യമായി 

       ലോകാവസാനത്തിനെക്കാളും  പേടിയായിരുന്നു  ആൾക്കാർക്ക് , ഇടിയൻ ജോണിയുടെ  ഇടിയേ .

          അതുകൊണ്ട് ലോകാവസാനത്തിനെക്കാളും മുൻപു തന്നെ  വെറുതെ ഇടിയൻ ജോണിയുടെ  ഇടി കൊണ്ട് കാറ്റു കളയാൻ ആർക്കും താല്പര്യമുണ്ടായിരുന്നില്ല.

    സുകു മാത്രം മൈക്കും  പിടിച്ച് സ്തംഭിച്ചു നിൽപ്പുണ്ട്  തന്റെ ലോകവസാനം ഇപ്പോത്തന്നെ  നടക്കൂന്ന് സുകൂന് ഉറപ്പായി ആ ഓർമ്മയിൽ അവൻ നന്നായി വിറക്കുന്നുണ്ട്‌,  ആ വിറയലിൽ കൈയ്യിലിരുന്ന മൈക്കും വിറക്കുന്നുണ്ട് .

    ഇടിയൻ ജോണിയുടെ  ഇടിയുടെ ഓർമ്മ  സുകുന്റെ ചുറ്റും നിന്ന് ഇടിക്കുന്നു.

        സുകൂന്  എങ്ങോട്ടെങ്കിലും ഓടി ഒളിക്കണമെന്നുണ്ട്   പക്ഷേ .., കാലുകൾ രണ്ടും കുറ്റിയടിച്ച പോലെ ഭൂമിയിൽ ഉറച്ചു നിൽക്കുന്നു . സത്യത്തിൽ  ലോകാവസാനം ഇപ്പോ  നടന്നെങ്കിൽ എന്ന് സുകു ആത്മാർത്ഥമായി ആഗ്രഹിച്ചു.

          ഇടിയൻ ജോണി ജീപ്പിൽ നിന്ന് ഇറങ്ങി സുകൂന്റെ നേർക്ക് നടന്നു വന്നു

    സുകു ആലില പോലെയാ നിന്ന് വിറക്കണത് .., 

ആ വിറയലോട് കൂടി  സുകൂന്റെ ജീവൻ  ലോകം അവസാനിക്കാത്ത ലോകത്തേക്ക് ഇപ്പോത്തന്നെ പറന്നു പോകുമെന്ന് എനിക്ക് തോന്നി 

      റോമു പേടിച്ചിട്ട്‌  വേഗം പാക്കരൻ ചേട്ടന്റെ  കടേലിക്ക് ഓടിക്കയറി പാക്കരൻ ചേട്ടനെ ഒരു നക്ക്.  സുകൂന് ഇപ്പോ ഇടി കിട്ടുന്ന് പേടിച്ച്   നിക്കണ പാക്കരൻ ഒറ്റ ഞെട്ടും, അലർച്ചയും .

    ആ ഞെട്ടലോടു കൂടി  പാക്കരൻ ചേട്ടന്റെ കാസരോഗം  സർവ്വശക്തിയുമെടുത്ത്  പാക്കരന്റെ ഉള്ളിൽ നിന്ന് പുറത്തേക്കു  ചാടി . അതോടെ  ദാ .., കിടക്കണൂ പാക്കരൻ വെട്ടിയിട്ട വാഴ പോലെ താഴത്ത് .

     നക്കിയതോടെ  മുതലാളിയുടെ കാറ്റ് പോയോന്ന് പേടിച്ച റോമൂ  വാലും ചുരുട്ടി  ഞങ്ങളെയെല്ലാം ദയനീയമായി നോക്കി.

         ഞാനൊന്നും ചെയ്തില്ല എന്നായിരുന്നു അതിന്റെ അർഥം.

     കൊലപാതകത്തിന് ഇടിയൻ ജോണിയുടെ ഇടി കൊള്ളാൻ റോമൂനു വയ്യായിരുന്നു .

            അവറാൻ ചേട്ടൻ ഒരു മൂലക്ക്  വിയർത്തു കുളിച്ചിരിക്കുന്നുണ്ട് 

   എന്നെ അവറാൻ ചേട്ടൻ രൂക്ഷമായോന്ന് നോക്കി മര്യാദക്ക് ഭാര്യവീട്ടിൽ  പോയിരുന്ന എന്നെ പിടിച്ച്  സിംഹത്തിന്റെ മുന്നിലിട്ട് കൊടുത്തില്ലെടാ സാമ്യദ്രോഹി എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥമെന്ന് എനിക്ക് വ്യക്തമായും മനസ്സിലായി.

       മെമ്പറ് സുകേശൻ  ചായക്കടയുടെ പനമ്പിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നു .

     സുകുവെങ്ങാനും  സഹായത്തിന് തന്നെ വിളിക്കുമോയെന്ന്  സുകേശന് നല്ല പേടിയുണ്ട്.  വിളിച്ചു കഴിഞ്ഞാ പൂവാതിരിക്കാനാവില്ല മെമ്പറായിപ്പോയില്ലേ?

  പോയാ,  ഇടിയൻ ജോണിയുടെ മുന്നില്  മുട്ടും കൂട്ടിയിടിച്ച് നിൽക്കേണ്ടി വരും . അതെന്താണെന്ന് അറിയില്ല  ഇടിയൻ ജോണിയെ കാണുമ്പോ സുകേശന്റെ മാത്രമല്ല  ഈ പഞ്ചായത്തിന്റെ മൊത്തം കാല് കൂട്ടിയിടിക്കും. 

          ''എന്താടാ .., ഇവിടെ ഒരു മീറ്റിംഗ്.?

           ഇടിയൻ ജോണി .., ഇടി വെട്ടുന്ന പോലെയാ  സുകൂനോട് ചോദിച്ചത് ?

    ആ ഇടിവെട്ട്  കേട്ട് സുകു ഞെട്ടി , മൈക്ക് ഞെട്ടി , ഞങ്ങൾ  ഞെട്ടി , റോമു ഞെട്ടി എന്തിന് കവല മുഴുവൻ ഞെട്ടി.

       ആ ഞെട്ടലോടെ റോമു ബോധം കെട്ട് പാക്കരന്റെ മേത്തേക്ക് കുഴഞ്ഞു വീണു .

         ''എന്താടാ .., ചോദിച്ചത് കേട്ടില്ലേ ?

            ഇടിയൻ ജോണിയുടെ  ഇടിവെട്ട് ശബ്ദം വീണ്ടും

     സുകൂന് മറുപടി പറയണമെന്നുണ്ട് പക്ഷേ .., നാക്കിനെ ആരോ വടം കൊണ്ട് കെട്ടിയിട്ട പോലെ തൊണ്ട വരളുന്നു , തല ചുറ്റുന്നു  എന്തെങ്കിലും മറുപടി പറഞ്ഞില്ലെങ്കിൽ ഇടിയൻ ജോണി  ഇപ്പൊ ഇടി തുടങ്ങും .

       ഒരു വിധത്തിൽ സുകു വിക്കി ക്കൊണ്ട് പറഞ്ഞു .

            ''ലോകം അവസാനിക്കാൻ  പോണൂ .

                    ''ആരു പറഞ്ഞൂ .?

    സുകുന് പറയാൻ വാക്കുകൾ കിട്ടുന്നില്ല സുകു ആകാശത്തേക്ക് പതുക്കെ കൈചൂണ്ടി .

    ഇടിയൻ ജോണി ആകാശത്തേക്ക് നോക്കി , കൂടെ ഞങ്ങളും അവിടെ ആരേം കാണാനില്ല .

         ''എന്താടാ .., വിളച്ചിലെടുക്കാ ?'' ഇടിയൻ ജോണി കൈചുരുട്ടി രണ്ടടി മുന്നിലോട്ട് നീങ്ങി സുകു നാലടി പിന്നിലോട്ടും .

        ഇപ്പോ .., സുകൂനെ ഇടിയൻ ജോണി എടുത്തിട്ടു പെരുമാറും 

        ഒരു വിധത്തിൽ  സുകു ധൈര്യം സംഭരിച്ചു  പറഞ്ഞു 

        ''പേപ്പറിൽ കണ്ടതാ .., ഏതോ മൂണ്‍ വരുന്നെന്ന്  അത് വന്നാൽ ലോകം അവസാനിക്കും, അത് വരാണ്ടിരിക്കാൻ പ്രാർഥിക്കാ "

          ഇടിയൻ ജോണിന്റെ കൊമ്പൻ മീശ നൂറേ നൂറിൽ വിറച്ചു തുടങ്ങി  അതിന്റെ അർഥം ഇടിയൻ ജോണി ഇപ്പോ  ഇടി തുടങ്ങും  എന്നാണ് .

          അത് കാണാൻ കരുത്തില്ലാതെ ഞങ്ങൾ എല്ലാവരും കണ്ണുകൾ പൊത്തി

         നീ പ്രാർഥിച്ചാൽ ലോകാവസാനം നടക്കാണ്ടിരിക്കോ ?

               ''ച്ചും ..., ഇല്ല "  , സുകു പെട്ടെന്നു തന്നെ മറുപടി പറഞ്ഞു.

               ''ഛീ ..,കോപ്രായം കാണിക്കാണ്ട് മറുപടി പറയെടാ ''  ഇടിയൻ ജോണി ബൂട്ട്സ്  ഇട്ട കാല് നിലത്ത് ആഞ്ഞു ചവിട്ടി .

         ആ ചവിട്ടിൽ പഞ്ചായത്ത് മൊത്തം  കുലുങ്ങി

         ഞെട്ടിയുണർന്ന റോമു അറിയാതെ  രണ്ട് കുര  

      പെട്ടെന്ന് അബദ്ധം മനസ്സിലായ ഉടനെ അവൻ ബെഞ്ചിന്റെ അടിയിലേക്ക് നൂണ്ടു കിടന്ന് കണ്ണടച്ചു .

       ഞാൻ പ്രാർഥിച്ചാലും ലോകം അവസാനിക്കാണ്ടിരിക്കില്ല  സുകു നിലവിളിച്ചു കൊണ്ടാണ് പറഞ്ഞത് .

        ഈ വക ഉടായിപ്പും കൊണ്ട് ഇനി നിന്നെ കണ്ടാലുണ്ടല്ലോ ? എന്റെ തനി കൊണം നീയറിയും  പോടാ വേഗം.

        ഒരു ലോകാവസാനത്തീന്ന് രക്ഷപ്പെട്ട പോലെ സുകു ഓടി .

     ആ ആശ്വാസം ഞങ്ങൾക്കും .



  

0 അഭിപ്രായങ്ങള്‍