എന്താ അവറാൻ ചേട്ടാ  കൈയ്യിലൊരു പൊതി ?

        ശൂ .., ഒന്ന് പതുക്കെ പറയെടോ 

           അയ്യോ .., ഇതെന്താപ്പാ ഇത്ര വല്യ രഹസ്യം ?

            എടോ  ഇത് കുറച്ച് ഇറച്ചിയാണ് ,പോത്തിന്റെ 

        അതിനെന്തിനാ  ചേട്ടൻ ഇങ്ങനെ ഒളിച്ചു കൊണ്ടു പോണേ ?

   തനിക്ക് എന്നെ നാട്ടുകാര് തല്ലിക്കൊല്ലണത് കാണണം അല്ലേ ?  എടൊ  ഇത് പോത്താണെന്ന് എനിക്കും  ഇപ്പോ തനിക്കും  അറിയാം പക്ഷേ .. തല്ലിക്കൊല്ലാൻ വരുന്നവർക്ക്  അത് അറിയത്തില്ലല്ലോ ?

      പിന്നെ തല്ലിക്കൊന്ന് കഴിഞ്ഞിട്ട്  ഇത് പോത്താണ് , ആടാണ്  ന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുണ്ടോ ? അതുകൊണ്ട് സൂക്ഷിച്ചാൽ ദുഖി:ക്കേണ്ട.

     അതിന് അവറാൻ ചേട്ടാ  നമ്മുടെ നാട്ടില്  ഈ വക പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ . ഇവിടെ പശൂനെ അല്ല  പട്ടീനെ വരെ തിന്നാലോ.

      എന്നാലും ഒരു മുൻകരുതല് എടുക്കുന്നതിൽ തെറ്റില്ലല്ലോ? , പശൂനെ തിന്നൂന്നും പറഞ്ഞ്  വെറുതെ നമ്മുടെ ജീവൻ കളയാൻ പറ്റോ.?

    അവറാൻ ചേട്ടാ ..,ഇന്ന് നമ്മടെ  കവലേല് ബീഫ് ഫെസ്റ്റ് നടത്തന്നുണ്ട്   പഞ്ചായത്ത് മെമ്പറ്  സുകെശൻ.

          ഓ ..,ഞാനില്ലെടാ ഉവ്വേ ..,ഇപ്പോ പണ്ടെത്തെപ്പോലെ ഒടാനോന്നും വയ്യ .

  എന്റെ പ്രിയപ്പെട്ട ജനങ്ങളെ  ബീഫ് കഴിച്ചു എന്ന സംശയത്തിന്റെ പേരിൽ ഒരു പാവം മനുഷ്യനെ അങ്ങ് തല്ലിക്കൊന്നിരിക്കുന്നു, സത്യത്തിൽ അയാൾ കഴിച്ചത് ആട്ടിറച്ചി ആയിരുന്നു .

         ജനാധിപത്യമെന്ന സംസ്കാരത്തിന്റെ കടക്കൽ വീണ കോടാലി .

              എന്തിന് .., പശുവെന്നാൽ  ഗോമാതാവ് ആണത്രേ .

     ഭഗവാൻ മുരുകന്റെ വാഹനമാണ് മയിൽ , ഗണേശ ഭഗവാന്റെ വാഹനമാണ് എലി , അയ്യപ്പന്റെത് പുലിയും , യമന്റെതു പോത്തും .

       നമ്മുടെ വീട്ടിലും കൃഷിയിടങ്ങളിലും തുരങ്കം വെക്കുന്ന എലിയെ നമ്മൾ ചുട്ടു  കൊല്ലാറില്ലേ ?, വിഷം വെച്ചു കൊല്ലാറില്ലേ ? അപ്പോ അങ്ങിനെ ചെയ്യാൻ പാടുണ്ടോ .? നമ്മളതിന്  ഗണപതിയുടെ വാഹനം എന്ന പരിഗണന  കൊടുക്കേണ്ടതല്ലേ ?

     കാടിറങ്ങുന്ന പുലി  മനുഷ്യരെ കൊല്ലാൻ വരുമ്പോൾ  നമ്മൾ അതിനെ പൂജിക്കുകയാണോ ചെയ്യാറ് .? ആയതുകൊണ്ട് എന്റെ ജനങ്ങളെ  ഒരു കൂട്ടം വിഡ്ഢിത്തരങ്ങൾക്കെതിരെയാണ് നമ്മുടെ ഈ സമരം  അതിന് പ്രതീകാത്മകമായി ബീഫും , ബ്രെഡും ഇന്നിവിടെ വിളമ്പുന്നതാണ് എല്ലാവർക്കും ആവശ്യാനുസരണം കഴിക്കാം . കൂടുതൽ ഉഷാറാവേണ്ടവർക്ക്   നമ്മുടെ വറീതിന്റെ കള്ള് ഷാപ്പീന്ന് വയറു നിറയെ കള്ളും കുടിക്കാവുന്നതാണ്.  പക്ഷേ .., അതിന്റെ കാശ് പഞ്ചായത്തീന്ന് കൊടുക്കുന്നതായിരിക്കില്ല .

        അല്ല .., സുകേശൻ ആള് കൊള്ളാലോ  ഇത്രയൊക്കെ കഴിവുണ്ടോ ? ഇപ്പോഴാണ് സുകേശൻ ഒരു  പഞ്ചായത്ത് മെമ്പറായത് ...!

      എനിക്ക്  സുകേശനോട്  ബഹുമാനം തോന്നി . സുകേശൻ  ആകെയൊന്ന് വലുതായ പോലെ . വലുതായി .., വലുതായി ..,വല്യ ഒരു സുകേശൻ പഞ്ചായത്തിനെക്കാളും ഉയരത്തിൽ വളർന്നു നിൽക്കുന്നു .

   ബീഫെന്ന് കേട്ടതോടെ  റോമു, പാക്കരൻ ചേട്ടന്റെ  ചായക്കടക്ക് മുന്നിൽ നിന്ന് കുരയോട് കുര . ഈ സമരത്തിലൊന്നും  റോമൂനു ഒരു താൽപര്യവുമില്ല പക്ഷേ ബീഫ് അത് കിട്ടാൻ, റോമു   ഏതു സമരത്തിലും  പങ്കാളിയാവും .

         പാക്കരൻ ചേട്ടന്റെ  വീട്ടിൽ  ആഴ്ചയിൽ ഒരു ദിവസം മാത്രമേ  ബീഫ് വിരുന്നു വരാറുള്ളൂ .. .ഞായറാഴ്ച്ചകളിൽ  മാത്രം  . അതാണെങ്കിൽ അരക്കിലോ ബീഫിൽ എന്തെങ്കിലും ഒരു  കഷണം കായയോ., ചേനയോ ഇട്ട് .., ഒരു ചാർ പൂരം എട്ടൊമ്പത് പേർക്ക് വിളമ്പണേ .

      റോമൂനു എപ്പഴും കഷണം മാത്രമേ കിട്ടുള്ളൂ ,ഇറച്ചി കിട്ടാറില്ല . ബീഫ് വാങ്ങിക്കൊണ്ട് പോകുന്നതൊക്കെ  കാണാമെന്നല്ലാതെ അതിൽ നിന്ന് ഒരു കഷണം പോലും ഒറോതോ ചേട്ടത്തി റോമൂനു കൊടുക്കാറില്ല .

  സംഗതി ഇല്ലാഞ്ഞിട്ടാ , അല്ലാതെ റോമുനോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല 

 ആ അരക്കിലോ ബീഫിലെ ഒരു കഷണത്തിനു വേണ്ടി മനുഷ്യർ കടിപിടി കൂടുമ്പോ  പിന്നെ റോമുന്റെ കാര്യം പറയാനുണ്ടോ ?
           
      പതിനൊന്ന് മണിക്ക്   ബീഫ് നല്ല മസാല ഒക്കെ ഇട്ട് വെന്ത മണം കിട്ടുമ്പോ  തന്നെ റോമു കിടന്ന് തുടല് പൊട്ടിക്കാൻ തുടങ്ങും.  സന്തോഷം കൊണ്ട് അവന്റെതായ രീതിയില് ചില പാട്ടുകളും , സൌണ്ടും മറ്റും  അങ്ങിനെ ആകെ ഒരു ബഹളമയമായിരിക്കും .

          അന്ന് റോമൂനു  എല്ലാവരോടും ഭയങ്കര സ്നേഹമായിരിക്കും .

   അവസാനം ഒറോതചേട്ടത്തിടെ ചോറു കൊണ്ട് വരുമ്പോഴുള്ള ആ ..  വരവ് കാണുമ്പോ തന്നെ  റോമൂന്റെ  ഒരു സ്നേഹ പ്രകടനം കാണണം..

       നമ്മടെ കണ്ണ് നിറയും .

     സംഗതി ഇറച്ചി ആണെന്ന് കരുതി റോമു കടിക്കുന്നതൊക്കെ കായക്കഷ്ണങ്ങളൊ,  ചേന കഷ്ണങ്ങളോ ആയിരിക്കും  ഇറച്ചീടെ ഒരു കഷ്ണം പോലും  ആ ചോറിൽ ഉണ്ടാവില്ല..

     ചതി മനസ്സിലാവുമ്പോ ,  റോമു ആദ്യം ഒന്ന് പിണങ്ങി മാറിക്കിടക്കും  പിന്നെ വേറെ വഴി ഇല്ലാന്ന് മനസ്സിലായി വിശക്കുമ്പോ വന്ന് തിന്നും . ഈ അവഗണനയിൽ  റോമുന് കടുത്ത  നിരാശയുണ്ട്  പക്ഷേ .., വേറെ വഴി ഇല്ല .

      ഏതായാലും ഇന്നത്തെ ഈ സമരത്തിൽ  ആദ്യാവസാനം തന്നെ പങ്കെടുക്കുന്ന് റോമു പ്രഖ്യാപിച്ചു കഴിഞ്ഞു . ഇറച്ചി വെന്ത മണം അടിച്ച്  അവന്റെ വായിൽ നിന്നൂറിയ വെള്ളം കൊണ്ട് ആ  ഏരിയ മുഴുവൻ കുതിർന്നു .

          എന്താ സംഭവംന്ന്  അറിയാണ്ട്  പാക്കരൻ ചേട്ടൻ വാ പൊളിച്ച് നിപ്പുണ്ട്.

      എന്താടാ .., ഇന്ന് ആരുടെയെങ്കിലും ബെർത്ത് ഡേ ആണോ ?

             അപ്പോ .., ചേട്ടൻ ഇതൊന്നും അറിഞ്ഞില്ലേ?

                    എന്ത് ?

    എന്റെ ചേട്ടാ .., ഇപ്പോ,  ഈ പശൂനെ ഒന്നും തിന്നാൻ പാടില്ലാന്ന്  തിന്നവനെ ആദ്യം  തട്ടൂത്രേ.

                     എന്തിന് ?

                പശു എന്നാൽ ഗോമാതാവ് ആണെന്ന് .

                 എന്ന് വെച്ചാ എന്താ ?

എന്റെ ചേട്ടാ ഒരു ദൈവം പോലെ ആണെന്ന്  അതായത് ഗോമാതാവ്

                      അതിന് ?

  എന്റെ ചേട്ടാ പശു ഗോമാതാവ് ആയത് കൊണ്ട് അതിനെ കൊന്ന് തിന്നാൻ പാടില്ലത്രേ..

                       അപ്പോ .., നമ്മള് ഇത്ര കാലം തിന്നതോ ?

   ഇത്ര കാലം തിന്നത് പോട്ടേ , ഇനി തിന്നാ തിന്നവരെ തട്ടുംന്ന് പറഞ്ഞ് കുറേ  പേര് നടക്കണി ണ്ട് .

       നീ ഒന്ന് പോടാ ചെക്കാ ,  മനുഷ്യനാണ് ഏറ്റവും വലിയ ദൈവം  അത് കഴിഞ്ഞിട്ടേ ഉള്ളൂ  മറ്റെല്ലാ സാധനങ്ങളും .  ഈ മനുഷ്യൻ  എങ്ങിനെയാ ഉണ്ടായത് ?പശുവാണോ  മനുഷ്യനെ ഉണ്ടാക്കിയത്, ചിലര് പറയണൂ ദൈവം സൃഷ്ട്ടിച്ചതാണെന്ന്  വേറെ ചിലര് പറയണൂ കുരങ്ങൻ മാറി, മാറി മനുഷ്യനായതാണെന്ന് . അതെന്തുട്ടാണെങ്കിലും  അതിന്റെ ഇടേല് എവിടെയാടാ ഈ പശു വരുന്നത് ? നമ്മളെന്നെ ഓരോന്ന് ഉണ്ടാക്കി  നമ്മടെ തല തല്ലിപ്പൊട്ടിക്കുന്നു  ഇതൊന്നും അറിയാണ്ട്  ആ പാവം പശു പുല്ല് തിന്ന് ജീവിക്കുന്നു .

    നീ ആ പശൂനെ ഇവിടെക്കൊണ്ട് വന്ന് കേട്ട്യേ  എന്നിട്ട് അതിനോട് ഒരു നേരത്തെ ഭക്ഷണം തരോന്ന് ചോദിച്ചു നോക്ക്യേ ?

    അത് .., പാവം വാ  പൊളിച്ച് നിന്ന് അമറും  അതിന് അറിയില്ലല്ലോ ദൈവത്തിന്റെ പരിവേഷമാണെന്ന് .

  വിശ്വാസങ്ങൾ നല്ലതു തന്നെ ,  അതിനെ ആരും ചോദ്യം ചെയ്യുന്നുമില്ല  എന്നാൽ അവനവന്റെ വിശ്വാസങ്ങൾ  അവനവന്റെ കൂടാരങ്ങളിൽ ഒതുങ്ങി നിൽക്കട്ടെ . അല്ലാതെ അതുമായി അടുത്തവന്റെ കൂടാരത്തിനുള്ളിലേക്ക്  കടന്നു കയറുകയല്ല വേണ്ടത് .

    വിഡ്ഢികളായ ജനങ്ങളുടെ ഒരു ലോകം ,  സ്വന്തം രക്തത്തെ തിരിച്ചറിയാത്തവൻ  മറ്റൊരു ജീവിക്കുവേണ്ടി വാളെടുക്കുന്നത് കാണുമ്പോൾ  സഹതാപം തോന്നുന്നു .

     ഹേ ....., മനുഷ്യാ , തലയും , ബുദ്ധിയും ,കൈയ്യും , കാലും ഉള്ള  നാലു കാലിൽ  നടക്കാത്ത നീ  ഒരു നാൽക്കാലിയേക്കാൾ ബുദ്ധിശൂന്യനോ .?

    സ്വന്തം രക്തത്തെ തിരിച്ചറിയുന്നിടത്താണ്  ദൈവീക സ്നേഹമുണ്ടാകുന്നത് , ചേതനയുണ്ടാകുന്നത് . അതാണ്‌ ദൈവമായി ഉള്ളിൽ രൂപാന്തരം പ്രാപിക്കേണ്ടത്‌ .. അല്ലാതെ ഒരു മൃഗത്തിന്റെ  ഇറച്ചി തിന്നതിന്റെ പേരിൽ  ഒരു സഹജീവിയെ തല്ലിക്കൊന്നിട്ടല്ല  ദൈവത്തോടുള്ള വിധേയത്വം  പ്രകടമാക്കേണ്ടത് .

    ദൈവം ജീവിക്കുന്നത് കഠാരത്തുമ്പിലോ , മറ്റു മൃഗങ്ങളിലോ അല്ല  അത് നിന്റെ ഉള്ളിൽത്തന്നെയാണ്  അത് നീ തിരിച്ചറിയാത്തിടത്തോളം കാലം നീയൊരു മൃഗമായിത്തന്നെ തുടരും .  വെറും മൃഗമല്ല .., മനുഷ്യ മൃഗം ...

       എന്റെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടി  വലിയൊരു ലഡ്ഡു  ഒരു ചായക്കടക്കാരന്റെ  അറിവും മനുഷ്യത്വവും  ഇല്ലാത്തവരാണോ നമ്മളെ നയിക്കുന്നവരിൽ ചിലർ .?

          ഹാ ..,കഷ്ടം ..

     ക്രിസ്തുവും , നബിയും  ജീവിച്ച ലോകം  രാമനും സീതയും , ജീവിച്ച ലോകം  മഹാവിഷ്ണു അവതാരങ്ങൾ എടുത്ത ലോകം . ശ്രീ ബുദ്ധനും , ശ്രീ നാരായണ ഗുരുവും  ജീവിച്ചു മരിച്ച ലോകം  അവർക്ക് ആർക്കും കൊടുക്കാത്ത ''അതുക്കും മേലേ '' ഉള്ള  ഒരു മഹത്വമാണോ  നമ്മൾ ഇതിനു കൊടുക്കേണ്ടത് ?

      ചിന്തിക്കേണ്ടത് മനുഷ്യരായ നമ്മൾ തന്നെ .

     

0 അഭിപ്രായങ്ങള്‍