മദ്യം വിഷമാണ് 

                            കുടിക്കാൻ അതിലേറേ വിഷമവുമാണ് . 

   പണ്ടെങ്ങോ വായിച്ച  ഏതോ രസികന്റെ വാക്കുകൾ ഓർമ്മിക്കുന്നു .

    കേരളം കൊടുമ്പിരിക്കൊള്ളുന്നു, ഏതാണ്ട് രണ്ടു ചേരികളിലായി നിന്ന് യുദ്ധം ചെയ്യുകയാണ് എന്ന് തോന്നിപ്പോകും.

    അമിത മദ്യപാനം കുടുംബങ്ങളെ ശിഥിലമാക്കുന്നു സാമ്പത്തീകമായി തകർക്കുന്നു  ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു സാമുദായീകമായും , സാമൂഹികമായും ഒറ്റപ്പെടുത്തുന്നു . വിവേകവും, വിവേചനവും നഷ്ടപ്പെടുത്തുന്നു  മദ്യത്തിന്റെ എല്ലാ അയോഗ്യതകളിലേക്കും അത് വിരൽ ചൂണ്ടി കാണിക്കുന്നു .

            അമിതമായാൽ മാത്രം 

           അമിതമായാൽ  അമൃതും വിഷം എന്നാണല്ലോ ചൊല്ല് .

  സാമൂഹികമായും , സാമ്പത്തീകമായും , സാംസ്കാരികമായും ഒരു ജനതയെ ഉയർത്തിക്കൊണ്ടു വരേണ്ടത് ഒരു സർക്കാരിന്റെ കടമയും ദൌത്യവുമാണ്.

    ഒരു മദ്യ നിരോധന പ്രഖ്യാപനത്തിലൂടെ ഗവണ്‍മെന്റ് ആ കടമയുടെ ആദ്യ പടി ചവുട്ടിയിരിക്കുന്നു . എന്നാൽ ഇതിനെ സമ്പൂർണ്ണം എന്ന് പറയുവാൻ കഴിയുമോ ?, കഴിയില്ല  ഭാഗീകം എന്നേ വിളിക്കാൻ കഴിയൂ ഈ ഭാഗീഗതയിലൂടെ സർക്കാരിന് വിജയത്തിന്റെ പൂർണ്ണത അവകാശപ്പെടുവാൻ കഴിയുകയില്ല .

     ഒരു നിരോധനമാകുമ്പോൾ അത് പൂർണ്ണമാകേണ്ടാതാണ്  ഒരു കൂട്ടർക്ക് ആകാമെന്നും മറ്റൊരു കൂട്ടർക്ക് ആകില്ലെന്നും പറയുന്നതിലെ അനൗപചാരികത  ഒരു സാധാരണക്കാരന്റെ ബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയുന്നതിലും അപ്പുറത്തായിരിക്കും .

      കാരണം ഇപ്പോഴത്തെ മദ്യ നിരോധനം രണ്ട് തട്ടുകളിലായാണ് നിൽക്കുന്നത്  ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വിളംബാമെന്നും അതിന് താഴേക്കിടയിലുള്ളവയിൽ പാടില്ലായെന്നും  അത് പോലെത്തന്നെ കള്ളു ഷാപ്പുകളെക്കുറിച്ചും  മൌനം പാലിക്കുന്നു അതെന്താ മദ്യമല്ലേ ?

  കുടിക്കേണ്ടവർ എവിടെപ്പോയെങ്കിലും കുടിക്കും  അമിത മദ്യപാനം എന്നുള്ളത് ഒരു മാനസീക വൈകല്യമാണ് . അതൊരു രോഗമാണ് എന്നുള്ള തിരിച്ചറിവിലൂടെയുള്ള ഒരു ബോധവൽക്കരണമാണ് നടത്തേണ്ടത്  അവർക്ക് ചികിത്സയാണ് ആവശ്യം  ഇല്ലെങ്കിൽ അവർ ലഹരി കിട്ടുന്ന  മറ്റു മാർഗ്ഗങ്ങൾ തേടിപ്പോകും  കള്ളവാറ്റുകൾ പെരുകും  മദ്യം കള്ളക്കടത്ത് സുലഭമാകും .

     എന്ജോയ്‌ക്കുവേണ്ടി മദ്യപിക്കുന്ന ധാരാളം ആളുകൾ ഇല്ലേ നമ്മുടെ നാട്ടിൽ ? മിതമായ അളവിൽ മദ്യപിക്കുന്നവർ വല്ലപ്പോഴും മദ്യപിക്കുന്നവർ അവരെന്തുകൊണ്ട് അത് മനസ്സിലാക്കുന്നു ? അതിന്റെ ദോഷവശങ്ങളെക്കുറിച്ച് അവർക്കറിയാം  അതിനാൽ ഒരു മിതൊത്വം പാലിക്കപ്പെടുന്നു   ഈ ഒരു തിരിച്ചറിവാണ് എല്ലാവരിലും എത്തിക്കേണ്ടത്‌ ..

   ആഹാരം പോലും അധികമായാൽ അതും ശരീരത്തിന് ദോഷകരമല്ലേ ? ഈ ഒരു ബോധവൽക്കരണം ആണ് നടത്തേണ്ടത് . 

  മദ്യം മാത്രമാണോ നമ്മൾ നേരിടുന്ന സാമൂഹിക വിപത്ത് .? വേറെ എന്തെല്ലാം കാര്യങ്ങൾ  ഒരു പക്ഷേ മദ്യത്തെക്കാളും ഭീകരമായ വിപത്തുകൾ  അതെല്ലാം നമ്മളെ തുറിച്ചു നോക്കുമ്പോൾ മദ്യത്തെ മാത്രം ഫ്രയിം ചെയ്യുന്നത്  അടിസ്ഥാനരഹിതമാണ്.

     മറ്റൊരു കാര്യം ...വൻ സാമ്പത്തീക കമ്മി എപ്പോഴും നിലനിൽക്കുന്നതും  വ്യാവസായികമായി  പിന്നോക്കം നിൽക്കുന്നതുമായ കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് വർഷം തോറും ലഭിച്ചുകൊണ്ടിരിക്കുന്ന  ഇത്രയും വലിയൊരു തുകയുടെ അഭാവം ആത്മഹത്യാപരമായിരിക്കും . അതിനെ മറികടക്കാൻ ഗവന്മേന്റ്റ് പല മാർഗ്ഗങ്ങളും  അവലംബിക്കേണ്ടതായിവരും  തൽഫലമായി വിലക്കയറ്റവും  അനുബന്ധസൌകര്യങ്ങളുടെ അഭാവവും  എന്തിന് വികസന മുരടിപ്പും അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആയിരിക്കും .

      ജോലി നഷ്ട്ടപ്പെടുന്ന ഇത്രയും അധികം തൊഴിലാളികളെ വേറെ എവിടെ പുനരധിവസിപ്പിക്കുവാൻ സാധിക്കും ?അവരുടെ കുടുംബങ്ങളുടെ സാമ്പത്തീകസ്രോതസ്സിന്റെ അഭാവം  അവരെ ആത്മഹത്യാ പോലുള്ള കടും തീരുമാനങ്ങളിലേക്ക് എത്തിച്ചേർക്കില്ലെയെന്ന് ആര് കണ്ടു  ?  ഇത് മറ്റൊരു തരത്തിലുള്ള ആരാജാകത്വത്തിന് വഴി തെളിയുക്കുകയില്ലേ .?

    കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളിൽ വളരെ ചെറിയൊരു വിഭാഗം മാത്രമേ ഫൈവ് സ്റ്റാർ സൌകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുള്ളൂ  മറ്റുള്ളവരെല്ലാം അതിനു താഴെക്കിടയിലുല്ലതാണ് ആശ്രയിക്കാറ് . അത് പോലെ ഹോം സ്റ്റേ  ഇങ്ങനെ മറ്റു പലതിലെല്ലാം ഉള്ള  മദ്യത്തിന്റെ അഭാവം ടൂറിസ്റ്റുകൾക്ക് കേരളത്തോടുള്ള  പ്രതിപത്തി കുറയുന്നതിന് കാരണമായിത്തീരുകയില്ലേ .?  

            (മദ്യം കഴിക്കാൻ വേണ്ടിയാണോ ടൂറിസ്റ്റുകൾ ഇങ്ങോട്ട് വരുന്നതെന്ന് ചോദിക്കരുത്  എന്നിരുന്നാലും അത്  അതിന്റെ ഒരു ഭാഗം തന്നെയാണ് ) ടൂറിസം മേഖലയിൽ  അതൊരു ചെറിയ തോതിലുള്ള തിരിച്ചടിയെങ്കിലും ഉണ്ടാക്കുകയില്ലേ ?

      ആത്യന്തികമായി എന്തും അധികമായാൽ അത് വിഷമയം തന്നെയാണെന്നുള്ള പ്രാഥമിക തത്വം തന്നെയാണ് ഇവിടെ സാധൂകരിക്കപ്പെടെണ്ടത് .

     ഏത് സാധനവും പൂർണ്ണമായും നിറുത്തുന്നത് കൊണ്ടോ, നിരോധിക്കുന്നത് കൊണ്ടോ  അതിന്റെ ഉപഭോഗം കുറക്കാൻ കഴിയുകയില്ല . അതൊരു പക്ഷേ ഗ്രേ മാർക്കറ്റ് പോലേയുള്ള അനധികൃതമായ  നിയമത്തെ വെല്ലുവിളിക്കുന്ന സമാന്തരമായ സംവിധാനങ്ങളിലേക്ക് എത്തിച്ചേർക്കുകയേ ഉള്ളൂ .

  ആദ്യകാലത്ത് 100 രൂപ ദിവസക്കൂലിയുള്ളവൻ 25 രൂപക്ക് കിട്ടുന്ന ചാരായം കുടിച്ച് ബാക്കി  75 രൂപ വീട്ടു ചിലവിന് നൽകിയിരുന്നു . ചാരായത്തിന്റെ നിരോധാനത്തോടെ 100 രൂപാ കിട്ടുന്നവൻ 75 രൂപക്ക് കുടിച്ച് ബാക്കി 25 രൂപ  വീട്ടിൽ കൊടുക്കുന്ന അവസ്ഥാവിശേഷം സംജാതമായി  .

   ഇനി സംഭവിക്കാൻ പോകുന്നത് കാത്തിരുന്നു കാണേണ്ടതാണ് 

       സുഭിക്ഷമായി കുടിക്കുവാൻ കടൽ പോലെ വെള്ളമുള്ളപ്പോൾ ദാഹം തോന്നുകില്ല . എന്നാൽ നടുക്കടലിൽ ഒരു കുപ്പി വള്ളം മാത്രം കൈവശമുള്ളവന് എപ്പോഴും ദാഹം തോന്നും .

    കാരണം ചിന്തിക്കാനുള്ളതാണ്  ബോധവൽക്കരിക്കപ്പെടെണ്ടതാണ് ബാക്കിയെല്ലാം കാത്തിരുന്നു കാണാം  .

    മറ്റു പല സംസ്ഥാനങ്ങളിലും കേരളം പോലെ മദ്യം സുലഭമായിരിക്കേ , കേരളം മാത്രം എങ്ങിനെ മദ്യ  ഉപഭോഗത്തിൽ ഒന്നാമതെത്തുന്നു ?, ശക്തമായ ബോധവൽക്കരണത്തിന്റെ അഭാവം  ഇനി ബോധവൽക്കരണത്തിലൂടെയും ശരിയാക്കപ്പെടുന്നില്ലെങ്കിൽ കർശനമായ  നിയമവ്യവസ്ഥകൾ നടപ്പിലാക്കുക 

      മദ്യത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തുക  അതനുസരിച്ച് മാസത്തിൽ ഇത്ര ക്വോട്ട എന്ന് നിജപ്പെടുത്തുക .

    കുടിച്ച് പൂസായി വഴിയിൽ കിടക്കുന്നവൻ രണ്ടു ദിവസം ലോക്കപ്പിലും കിടക്കട്ടെ , അപ്പോൾ അതിന്റെ അമിത ഉപയോഗത്തിന്റെ ഒരു ദോഷഫലം മനസ്സിലാക്കാം.

   ബാറുകളിൽ ഒരാൾക്ക് വിളമ്പുന്ന മദ്യത്തിന് അളവു നിജപ്പെടുത്തുക .

  മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും പരസ്യങ്ങളും എല്ലാ ഔട്ട്‌ ലെറ്റുകളിലും , ബാറുകളിലും  പ്രദർശിപ്പിക്കുക .

     മുഴുക്കുടിയൻമാരെ അത് അവരുടെ മാനസീക രോഗമാണെന്ന ബോധവല്ക്കരണം നടത്തി ചിക്ത്സ തേടാൻ അവസരമൊരുക്കുക ..

  ലഹരിക്ക്‌ അടിമപ്പെട്ടു നടക്കുന്നവരെ  അതിനെക്കുറിച്ച് ബോധാവല്ക്കരിക്കാതെ ബലമായി അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്  ആത്മഹത്യാപരമായിരിക്കും  ഒരു പക്ഷേ അത് വിഷമദ്യം പോലെയുള്ള പല തരത്തിലുള്ള  ദുരന്തങ്ങൾക്കും കാരണമായിത്തീരാം .
     

0 അഭിപ്രായങ്ങള്‍