ഇതെന്റെ മൂന്നാമത്തെയോ നാലാമത്തെയോ പെഗ്ഗാണ് 

    വല്ലപ്പോഴുമേയുള്ളൂ അതുകൊണ്ട് ഒരു പെഗ്ഗ് കഴിച്ചാൽ കൂടി നാലിന്റെ എഫെക്റ്റ് ആണ് കാരണം അറിയില്ല .  ചിലപ്പോൾ വല്ലപ്പോഴും കഴിക്കുന്നത്‌ കൊണ്ടായിരിക്കണം അല്ലെങ്കിൽ പ്രായം ആകും തോറുമുള്ള ശാരീരിക വ്യതിയാനങ്ങളുടെ അവസ്ഥാവിശേഷവും ആകാം .

   എന്താണ് ഈ മദ്യം ?, ക്രിസ്തുവിന് (BC) മുന്പുള്ള കാലഘട്ടത്തിൽ പോലും മദ്യത്തിന്റെ ഉപയോഗം നടന്നിരുന്നതായി  പല ചരിത്ര ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നു ബൈബിളിൽ കൂടി മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് .

     ഹിന്ദു പുരാണങ്ങളിലും മദ്യത്തെക്കുറിച്ച് ധാരാളം പരാമർശങ്ങൾ ഉണ്ട്  സോമരസം കഴിച്ചിരുന്ന അസുരന്മാരെയും രാജാക്കൻമാരേയും മിത്തുകളിലും , ചരിത്രങ്ങളിലും ദർശിക്കുവാൻ സാധിക്കും .

     നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന അല്ലെങ്കിൽ അത്രത്തോളം തന്നെ മനുഷ്യകുലം ഉപയോഗിച്ചു പോരുന്ന ഒരു വസ്തു  എങ്ങിനെ ഈ വർത്തമാനകാലത്തിൽ ഒരു സംസ്ഥാനത്തിനെ ഇത്രയധികം മുൾമുനയിൽ നിറുത്തുന്നു ? അത്രയധികം ഒരു വില്ലൻ പരിവേഷം  ഈ മദ്യത്തിന് നാം കൊടുക്കേണ്ടതുണ്ടോ ?

    കേരളത്തിലെ ജനങ്ങൾ മുഴുവനും മദ്യം മാത്രം കുടിക്കാൻ വേണ്ടി ജീവിക്കുന്നവരാണോ? ഇപ്പോഴത്തെ സംഭവവികാസങ്ങൾ കേട്ടാൽ അതാണ്‌ സത്യം എന്ന് തോന്നും  കുടിക്കാനായി മാത്രമാണ് കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നതെന്ന് .

          ഒരു നിസ്സാര കാര്യത്തെ വല്ലാതെ ഊതിവീർപ്പിക്കുകയല്ലേ നാം ചെയ്തു കൊണ്ടിരിക്കുന്നത് .?

    മദ്യം ശരീരത്തിലെ ശാരീരികമായ പ്രവർത്തനങ്ങളെ  വിശദീകരിക്കാനാകാത്ത ഒരു മാനസീക തലത്തിലേക്ക് ഉയർത്തുന്നു . അത് ന്യായമായ തോതിലുള്ള ഒരു റിലാക്സ്സേഷൻ ആണ്, എന്ന് വെച്ച് ഈ ലേഖനം വായിച്ച് റിലാക്സ്സേഷന് വേണ്ടി മദ്യം കഴിക്കണമെന്നല്ല അർത്ഥമാക്കേണ്ടത്.

  മനുഷ്യന്റെ ശാരീരിക പ്രവർത്തനങ്ങളെയും, മാനസീക പ്രവർത്തനങ്ങളേയും എല്ലാം നിയന്ത്രിച്ചുകൊണ്ട് ഇടതടവില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്ന ബ്രയിനിന് കുറച്ചു നേരത്തേക്ക് നൽകുന്ന ഒരു വിശ്രമം  അത്രയേ അതിനെ കണക്കാക്കെണ്ടൂ .

   മദ്യം കഴിക്കുമ്പോൾ അത് നമ്മുടെ ബ്രെയിനിലേക്കെത്തി ഞെരമ്പുകളെ ഉത്തേജിപ്പിച്ച് തളർത്തുന്നു  അതായത് ഇടതടവില്ലാതെ ജോലി ജോലി ചെയ്യുന്ന ബ്രെയിനിനെ  യുക്തി പൂർവ്വമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത ഒരു നിർജ്ജീവാവസ്ഥയിലേക്ക് തള്ളി മാറ്റുന്നു  അങ്ങിനെ ശരീരത്തെ മുഴുവനായും  ഒരു വിശ്രമാവസ്ഥയിലേക്ക് എത്തിക്കുന്നു .

    ഇത് മദ്യത്തിന്റെ ഒരു തലം  അതായത് റിലാക്സ്സേഷന് വേണ്ടി അല്പസ്വല്പം കഴിക്കുന്നവരിൽ  സംഭവിക്കുന്നത്‌ .

    മറ്റൊരു വശം എന്ന് പറയുന്നത്  ചിലരിൽ അതിന്റെ നേരെ വിപരീത അവസ്ഥയാണ് . അതായത് മദ്യം  അവരിൽ ക്രിമിനൽ വാസന വളർത്തുന്നു  അക്രമാസക്തർ ആക്കുന്നു., എങ്ങിനെയാണിത് സംഭവിക്കുന്നത്‌ ? അത് മദ്യത്തിന്റെ കുഴപ്പമല്ല  അവരിൽ ഉറങ്ങിക്കിടക്കുന്ന  ക്രിമിനൽ വാസനയുടെ പ്രതിഫലനങ്ങൾ ആണത്  ഒരു പക്ഷേ .., മദ്യത്തിന്റെ അഭാവത്തിലും  അനുകൂല സാഹചര്യം ഒത്തുവന്നാൽ  അവർ അവരുടെ ക്രിമിനൽ വാസന പുറത്തെടുക്കുക തന്നെ ചെയ്യും .

    ഇനി മൂന്നാമതൊരു കൂട്ടരുണ്ട്  അഡിക്ഷൻ ആയവർ റിലാക്സ്സിനും  ക്രിമിനൽ സ്വഭാവം കാണിക്കുന്നതിനും  വേണ്ടിയല്ലാതെ കുടിക്കുന്നവർ  അവർ മദ്യത്തിന് അടിമയായി മാറുന്നു  എന്തായാലും കുടിക്കുക, എങ്ങിനെയെങ്കിലും കുടിക്കുക . ഏതു സമയവും കുടിക്കണം .., കുടിക്കണം എന്നുള്ള ഒരേ ഒരു വികാരമായിരിക്കും അവരെ മുന്നോട്ട് നയിക്കുന്നത്.

          അവിടെ സാമൂഹ്യ ബന്ധങ്ങൾ ഇല്ല  കുടുംബ ബന്ധങ്ങൾ ഇല്ല  സമൂഹം തന്നെക്കുറിച്ച് എന്തു കരുതും  എന്നുള്ള മുൻ വിളികളില്ല ചിന്തയില്ല , അഭിമാനമില്ല  കുടിക്കാനായി  മാത്രം ജീവിക്കുക  അതിനുള്ള പണം കിട്ടിയില്ലെങ്കിൽ ആരുടെയെങ്കിലും കൈയ്യും കാലും പിടിച്ച് ഇരന്ന് കുടിക്കുക കുടുംബാങ്ങളിൽ നിന്ന് ബലമായി പണം പിടിച്ചു വാങ്ങുക അക്രമാസക്തരാകുക .

     ഇത് കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു  സാമ്പത്തീകമായി അവരെ തകർക്കുന്നു  എന്നാൽ ഇതൊന്നും  അവരെ ബാധിക്കുന്നില്ല അല്ലെങ്കിൽ ബോധവാൻമാർ ആക്കുന്നില്ല . അവർ സമൂഹത്തിൽ ജീവിക്കുന്നുവെങ്കിലും  തനിക്ക് ചുറ്റുമുള്ള സമൂഹത്തെ അവർ കാണുന്നില്ല തന്റെ ബന്ധങ്ങളെ അവർ തിരിച്ചറിയുന്നില്ല  തന്റെ ലോകത്ത് മാത്രമായി അവർ ചുരുങ്ങുന്നു കുടിക്കാനായി മാത്രം ജീവിക്കപ്പെടുന്ന  ഒരു മാനസീകവിഭ്രാന്തിയിലേക്ക് അവർ കൂപ്പു കുത്തുന്നു അവർക്ക് വേണ്ടത്  ചിക്ത്സയാണ് , തലോടലാണ് അല്ലാതെ തല്ലലല്ല .

   ഏതൊരു വസ്തുവിനും അതിന്റെതായ ഗുണ ഫലങ്ങളും , ദോഷ ഫലങ്ങളും ഉണ്ട്  . അത് തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നിടത്താണ് ഒരു മനുഷ്യന്റെ വിജയം .

   കഞ്ചാവ് ആയൂർവേദത്തിൽ ഒരു മരുന്നാണ്  രക്ത ശുദ്ധീകരണത്തിനും  മറ്റു പലതിനും അത്  നല്ല ഗുണഫലങ്ങൾ പ്രധാനം ചെയ്യുന്നു എന്നാൽ അതിനെ മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്തിയാൽ അത് ഏറ്റവും വിനാശകാരിയായ ഒരു വിപത്തായി മാറുന്നു .

   ഓരോ വ്യക്തിക്കും സ്വയം ചിന്തിക്കുവാനും  പ്രവർത്തിക്കുവാനും ഉള്ള സ്വാതന്ത്ര്യമുണ്ട്. അതനുസരിച്ച് മുന്നോട്ട് നീങ്ങുക  നമ്മൾ ഒരു സാമൂഹ്യ ജീവിയാണ്  നമ്മൾക്കൊരു കുടുംബമുണ്ട്  അവർ നമ്മളെ ആശ്രയിക്കുന്നുണ്ട്  അവർക്ക് നമ്മളെ ആവശ്യമുണ്ട് , ഈ സമൂഹത്തിന് നമ്മളെ ആവശ്യമുണ്ട്  എന്നുള്ള തിരിച്ചറിവോട്  കൂടി ജീവിക്കുമ്പോൾ  എല്ലാം ആവശ്യത്തിനു മാത്രം മതി എന്നുള്ള തലത്തിലേക്ക് ഓരോ മനുഷ്യനും എത്തിച്ചേരുന്നു . അപ്പോൾ അവിടെ നല്ലൊരു കുടുംബമുണ്ടാകുന്നു , കുടുംബ ഭദ്രതയുണ്ടാകുന്നു  നല്ലൊരു സമൂഹമുണ്ടാകുന്നു നല്ലൊരു സംസ്കാരം രൂപപ്പെടുന്നു.

    അതിൽ നിന്നും വിട്ടു നിൽക്കുന്നവരെ സമൂഹം ഒന്ന് ചേർന്ന് കൈപിടിച്ച് ഉയർത്തുക അവർ നമ്മുടെ സഹോദരർ  ആണ് എന്നുള്ള തിരിച്ചറിവോടുകൂടി അവരെ കാണുക . അവരുടെ കുടുംബങ്ങളെ നമ്മുടെ കുടുംബങ്ങളോട് ചേർത്തു നിറുത്തുക  ഇതെല്ലാമാണ് ഒരു നല്ല സമൂഹം ചെയ്യേണ്ടത് . കാരണം ആത്യന്തികമായി നമ്മൾ എല്ലാം മനുഷ്യരല്ലേ സ്നേഹിക്കാനും സഹായിക്കാനും  കഴിയുന്നവർ .?  ദൈവീകമായ സ്നേഹം നമ്മളിൽ ഓരോരുത്തരിലും കുടിയിരിക്കുന്നത് കൊണ്ടല്ലേ  നമ്മൾ മനുഷ്യരായി പിറവിയെടുത്തിരിക്കുന്നത് തന്നെ .


0 അഭിപ്രായങ്ങള്‍