എന്താണ് ആത്മീയത ? ആത്മീയമായ തലത്തിലേക്ക് മനസ്സ് ഉയർത്തപ്പെടുന്ന അവസ്ഥ  അതിന് രണ്ട് തലങ്ങൾ ഉണ്ട്. ഒന്ന് ദൈവീകമായ തലത്തിലേക്ക് മനസ്സിനെ ഉയർത്തുന്നതും  മാനസീകമായ തലത്തിലേക്ക് ഉയർത്തുന്നതും രണ്ടിന്റേയും സാരാംശം ഒന്നുതന്നെ .

     ദൈവീകമായ ആത്മീയ ചൈതന്യത്തിലേക്ക്‌ എത്തിച്ചേരുക . എങ്ങിനെയാണത്‌ സാദ്ധ്യമാകുന്നത് ?, ആത്മീയ ചൈതന്യത്തിലേക്ക്‌ എങ്ങിനെയാണ് നമുക്ക് എത്തിച്ചേരാൻ സാധിക്കുക?

   ഒന്ന് തിരിഞ്ഞു നോക്കുക  കടന്നു പോന്ന വഴികളിലേക്കും സ്വന്തം മനസ്സിനുള്ളിലേക്കും ഉള്ള ഒരു തിരിഞ്ഞു നോട്ടത്തിൽ  നമുക്ക് ഓരോരുത്തർക്കും ഒരു സ്വയം വിശകലനത്തിനുള്ള സാദ്ധ്യതകൾ ഉയർന്നു വരുന്നു . അതിൽ നിന്നും ചികഞ്ഞെടുക്കുന്ന സാരാംശങ്ങളെ ഇഴ കീറി പരിശോധിക്കുമ്പോൾ  നമ്മൾ നമ്മളെത്തന്നെ തിരിച്ചറിയുന്നു 

      ആ തിരിച്ചറിവിലൂടെ രണ്ട് കാര്യങ്ങൾ നമ്മൾ സംഗ്രഹിക്കുന്നു മനുഷ്യന്റെ രണ്ടു തലങ്ങളെ മനസ്സിലാക്കിയെടുക്കുന്നു ഭൌതീകതയുടെയും, ആധ്യാതമീകയുടേയും .

   നശ്വരമായ സുഖഭോഗങ്ങളിലൂടെ ചരിക്കുന്ന ഏതൊരു മനുഷ്യനും ആധ്യാത്മീകതയുടെ തലങ്ങളിലേക്ക് ഒരിക്കലും എത്തിച്ചേരപ്പെടുന്നില്ല . കാരണം അത് രണ്ട് ദ്രുവങ്ങൾ ആണ്  ഒരിക്കലും കൂടിച്ചേരാനാകാത്ത റെയിൽ പാളങ്ങൾ പോലെ അത് സമാന്തരമായി അങ്ങിനെ നീണ്ടു കിടക്കുന്നു  ഈ നശ്വര ആസക്തികളിൽ  കോപം , താപം ,തിന്മ , ഹിംസ , ആർത്തി , എല്ലാം ഒന്നിനോടെന്നപോലെ ഒരേ ചങ്ങലക്കണ്ണികൾ പോലെ പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നു  അവിടെ ഭൌതീകത മാത്രമേയുള്ളൂ  ആസക്തി മാത്രമേയുള്ളൂ , ഞാനെന്ന വികാരം മാത്രമേയുള്ളൂ , തനിക്കെന്നത് മാത്രമേയുള്ളൂ .

    ഈ വഴിയിലൂടെ ചരിക്കപ്പെടുമ്പോൾ  നാം കൈവിട്ടു കളയുന്നത്  നമ്മുടെ ഉള്ളിലുള്ള ആത്മീയചൈതന്യത്തെയാണ് ആ ചൈതന്യം മൂലം നമുക്കുണ്ടാകുന്ന അനന്തമായ സന്തോഷത്തിന്റെ വാതിലുകളാണ് നാം കൊട്ടിയടക്കുന്നത്‌ . പൊടിപിടിച്ചു കിടക്കുന്ന ആ നിധിയുടെ നിലവറകൾ നാം തുറക്കുന്നില്ല . ഉള്ളിലുള്ള വൈഡൂര്യത്തിന്റെ മഹത്വം മനസ്സിലാക്കാതെ  പുറമേ സ്വർണ്ണം പൂശിയതിൽ നാം ആത്മസംതൃപ്തി കൊള്ളുന്നു .

       എന്നാൽ അതിനെ ആത്മസംതൃപ്തി എന്ന് വിളിക്കാനാകുമോ?, ആത്മാവ് തരുന്ന സംതൃപ്തിയാണ് ആത്മീയസംതൃപ്തി . ഭൌതീക സുഖഭോഗാസക്തികൾക്ക് ആ സംതൃപ്തി ഒരിക്കലും നൽകാനാവില്ല .

        ആത്മീയമായ തലത്തിലേക്ക് മനസ്സ് കൂടുമാറുമ്പോൾ  അവിടെ ഞാനെന്ന വ്യക്തിയില്ല  എല്ലാവരിലേക്കും  അലിഞ്ഞു ചേരുന്ന ഒരു അവസ്ഥ. അതുപോലെത്തന്നെ എല്ലാവരും എന്നിലേക്കും  അവിടെ ദൈവീകമായൊരു പ്രഭാവം നമ്മളെ തൊട്ടുണർത്തുന്നു  ആത്മീയ ചൈതന്യം  നമ്മൾക്ക് പ്രധാനം ചെയ്യുന്നു . ആ .., ആത്മീയ ചൈതന്യത്തിലൂടെ നമ്മൾ ചരിക്കുമ്പോൾ  ആനന്ദത്തിന്റെ അതിവിശാലമായ ലോകത്തേക്ക് നാം എത്തിച്ചേർക്കപ്പെടുന്നു .

    ഇതെല്ലാം ഏതൊരു വ്യക്തിക്കും സാദ്ധ്യമാണ്  അതിനായി ആത്മാർത്ഥമായി അവൻ പരിശ്രമിക്കണം  ആ ഒരു തീജ്ജ്വാല അവന്റെ ഉള്ളിൽ എരിയണം  അവൻ തന്നെത്തന്നെ തിരുത്തണം  അതിന് അവൻ തന്നെ മനസ്സ് വെക്കണം . ഓരോരുത്തരിലും ഒരു ദൈവീകപ്രഭാവം കുടികൊള്ളുന്നുണ്ട്  ആ തിരി അവനവൻ തന്നെയാണ് തെളിയിക്കേണ്ടത്  മറ്റൊരാൾക്ക് ഒരിക്കലും അത് സാദ്ധ്യമല്ല .

        എന്നാൽ വർത്തമാനകാലത്തിലെ  ആധ്യാത്മീകതയുടെ പരിവേഷം അണിഞ്ഞെത്തുന്ന കള്ളനാണയങ്ങളെ എന്തുകൊണ്ട് നമുക്ക് തിരിച്ചറിയാനാകുന്നില്ല .? ആത്മീയ പരിവേഷം നടിച്ചെത്തുന്ന അവർ  ജനങ്ങളെ ആത്മീയചൈതന്യത്തിലേക്ക്‌ ഉയർത്താമെന്ന് പൊള്ളയായ വാഗ്ദാനങ്ങൾ നല്കി കബളിപ്പിക്കുന്നു .

    പ്രതിഫലങ്ങളെ , സംഭാവനകളുടെ രൂപത്തിലേക്ക് കൂടുമാറ്റുന്നു  ആ പരിവേഷങ്ങളെ പിന്തുടരുന്ന വിഡ്ഢികളുടെ ഒരു ലോകവും  നല്ല രീതിയിൽ ആത്മീയമായ പ്രഭാക്ഷണങ്ങൾ ഉത്ഘോഷിക്കുന്നവർ ഇല്ലാതില്ല . കള്ളനാണയങ്ങളെയാണ് തിരിച്ചറിയേണ്ടത്  പ്രതിഫലം ഇഛിച്ചുകൊണ്ടാണോ ആത്മീയത പ്രസംഗിക്കേണ്ടത്? സംഭാവനകൾ സ്വീകരിച്ചു കൊണ്ടാണോ അത് ചെയ്യേണ്ടത് ?, ഈ ആധ്യാത്മീകത പ്രഘോഷിക്കുന്നവരും നമ്മളേപ്പോലെയുള്ളവർത്തന്നെയാണെന്ന തത്വത്തെ നാം എന്തേ വിസ്മരിക്കുന്നു ?

     നമ്മുടെ ദൈവത്തോട് പ്രാർഥിക്കുന്നതിന്  നമുക്ക് മൂന്നാമതൊരാളുടെ ആവശ്യമുണ്ടോ?, സ്വന്തം പിതാവിനോട് സംസാരിക്കുവാൻ അയൽക്കാരന്റെ സഹായം ആവശ്യമുണ്ടോ ? എന്തേ ജനങ്ങൾ അത് മനസ്സിലാക്കുന്നില്ല  ഈ ബുദ്ധി ശൂന്യതയാണ് ചൂക്ഷണം ചെയ്യപ്പെടുന്നത് . ആദ്ധ്യാത്മതയുടെ മറവിൽ അവർ കോടികൾ സമ്പാദിക്കുന്നു , മണി മാളികകൾ കെട്ടിപൊക്കുന്നു .

    ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന യേശുവുക്രിസ്തുവും , നബിയും , ബുദ്ധനുമെല്ലാം  സൌഭാഗ്യങ്ങളെ സ്വീകരിക്കുകയല്ല  ചെയ്തീട്ടുള്ളത് , വലിച്ചെറിയുകയാണ് ചെയ്തീട്ടുള്ളത്.  ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആത്മീയചൈതന്യം അവരിലേക്ക് കുത്തിവെക്കുകയാണ് ചെയ്തീട്ടുള്ളത് . അല്ലാതെ അവർ ജനങ്ങളിൽ നിന്നെല്ലാം സംഭാവനകൾ സ്വീകരിച്ചല്ല പ്രഭാക്ഷണങ്ങൾ നടത്തിയിരുന്നത്  മലയാടിവാരങ്ങളിലും തെരുവോരങ്ങളിലും ചെന്ന് അവർ ഉത്ഘോഷിച്ചു .

    ആത്യന്തീകമായി അവർ നമ്മെ പഠിപ്പിക്കുന്നത്  അവശരെ സഹായിക്കുക  രോഗികളെ ആശ്വസിപ്പിക്കുക , ഇല്ലാത്തവന് കൊടുക്കുക  തകർന്നു കിടക്കുന്നവനെ കൈപിടിച്ച് ഉയർത്തുക , ഇതെല്ലാം ഈ വർത്തമാനകാലത്തിലെ ആത്മീയ പ്രഭാഷകർ ചെയ്യുന്നുണ്ടോ ?, ആത്മീയത എന്ന് പറഞ്ഞാൽ ഇപ്പോൾ അതൊരു വലിയ ബിസിനെസ്സ് ആയി മാറിയിരിക്കുന്നു അതിന്റെ പരസ്യപ്രചാരണങ്ങളും നാം ആവോളം കാണുന്നതല്ലേ .


                         എന്നിട്ടും എന്തേ  നാം ഇങ്ങനെ ?

         തിരിച്ചറിയുന്നവർ .. തിരിച്ചറിയട്ടെ..

         തിരിച്ചറിയാത്തവർ ..., തിരിച്ചറിയുന്നവരെക്കും .., തിരിച്ചറിയപ്പെടാതെ നടക്കട്ടെ ..

         തിരിച്ചറിഞ്ഞിട്ടും ..., തിരുത്താത്തവരെ .., കാലം തിരുത്തട്ടെ ......
                                                                                

0 അഭിപ്രായങ്ങള്‍