ഇതെന്റെ അറുപതാമത്തെ പെണ്ണു കാണലാണ് .
   
എന്താ .., വിശ്വാസം വരുന്നില്ലാലേ ? വേണ്ട  എനിക്ക് യാതൊരു നിർബന്ധവുമില്ല  .

അല്ല ഇനീപ്പോ വിശ്വസിപ്പിച്ചിട്ടെന്താ കാര്യം ?

 പ്രത്യേകിച്ച് യാതൊരു കാര്യവുമില്ല  ഇത് വായിച്ചിട്ട് ആരെങ്കിലും ഒരു പെണ്ണിനെ കാട്ടിത്തരുമോ ?

ഏയ്‌ , എനിക്കങ്ങനെ യാതൊരു മുൻവിധിയുമില്ല 

ലോകത്തുള്ള ഒരുമാതിരിയെല്ലാ മാട്രിമോണിയൽ സൈറ്റുകളിലും പേര് രെജിസ്റ്റർ  ചെയ്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായേ .

ദിനംതോറും നൂറു കണക്കിന്  തരുണീ മണികളുടെ ഫോട്ടോകൾ  ഇൻബോക്സിൽ നിർല്ലോഭമായി വന്ന് വീഴുന്നുണ്ട്‌ . അത് നോക്കി വെറുതെ വെള്ളമിറക്കാമെന്നല്ലാതെ  യാതൊരു ഗുണവും  അതോണ്ട്  എനിക്കുണ്ടായിട്ടില്ല  .

ഒക്കെ വല്യ വല്യ സിംഹക്കുട്ടികൾ ആണെന്നേ  കൊക്കിലോതുങ്ങാവുന്നതേ  കൊത്താൻ പാടുള്ളൂന്നില്ലേ ? അല്ലെങ്കീ വായ കീറും .

നാട്ടിലുള്ള ഇട്ടാവട്ടത്ത്‌ അലഞ്ഞു മടുത്തിട്ടാണേ  ഇനി കേരളത്തിനു പുറത്തോ  അതിനുമപ്പുറത്തേക്കോ കടക്കാമെന്നുള്ളൊരു  അതിമോഹം തലയിലുദിച്ചത്. സത്യത്തിൽ അതിനെ ഒരു  അതിമോഹമായിട്ട് ആരും കാണരുത്  പെണ്ണു കിട്ടാത്തവന്റെ ഗദ്ഗദം മാത്രം .

 എന്റെയൊരു  കൂട്ടുകാരൻ  ഇതേപോലെ പെണ്ണ് അന്വേഷിച്ച് അന്വേഷിച്ച് പഞ്ചാബ് വരെ എത്തി അതിന്റെ അപ്പുറത്ത് പാക്കിസ്ഥാനായ കാരണം അവൻ പേടിച്ച് തിരിച്ചു വന്നതാ ഇല്ലെങ്കി അങ്ങോട്ടും കടന്നേനേ .

 അവസാനം അവൻ കെട്ടീത് ഒരു ഹിന്ദിക്കാരീന്യാ അതീപ്പിന്നെ അവന്റെ വീട്ടിലെ സമാധാനം പോയി . അമ്മയമ്മേം മരുമോളും എന്നും വഴക്കാ പക്ഷേ രണ്ടു പേർക്കും അങ്ങാടും ഇങ്ങാടും പറയണത് മനസ്സിലാവില്ല .

മരുമോള് ഹിന്ദീല് ചീത്ത പറയുമ്പോ അമ്മായമ്മ മലയാളത്തില് ചീത്തപറയും  ഇത് രണ്ടും കേട്ട് പാവം കൂട്ടുകാരൻ മാനം നോക്കി നിക്കും .

പാവം ഗൾഫിലായിരുന്നു കല്യാണത്തിന് കുറേ നാളത്തെ ലീവൊക്കെയെടുത്ത് വന്നതായിരുന്നു പാവം അതൊക്കെ വേഗം ക്യാൻസല് ചെയ്ത് തിരിച്ച് പോയീന്നാ കേട്ടത് .

എങ്ങിനെ തലകുത്തി കരണം മറിഞ്ഞിട്ടും  എന്റെ വാരിയെല്ലിനെ മാത്രം കണ്ടുകിട്ടാനില്ല  .

തൃശ്ശൂർ ജില്ലയിലെ ഒരുമാതിരി ബ്രോക്കർമാരൊക്കെ ഇപ്പൊ  എന്നെക്കണ്ടാ തലയില്  മുണ്ടിട്ടോടുന്ന സ്ഥിതിവരെയായി.

നീയൊന്ന് പോയെടാപ്പാ സമയം മെനക്കെടുത്താണ്ട് ....ന്നൊക്കെയാ ബ്രോക്കെർമാരു എന്നെക്കാണുമ്പോ പറയണത്. ചായക്കാശ് പോയിട്ട് ബ്രാണ്ടിക്കാശ് പോലും വേണ്ടന്നും പറഞ്ഞാ ബ്രോക്കെർമാര് എന്നെക്കാണുമ്പോ ഓടണത്. 

നിരങ്ങാൻ തുടങ്ങിയിട്ട് വർഷം മൂന്നായേ  എന്നിട്ടും എനിക്ക് മാത്രം പെണ്ണില്ല .

പെണ്ണു വീടുകളിലീന്ന്  ചായ കുടിച്ച്  കുടിച്ച്  ഞാനെന്റെ സ്വന്തം വീട്ടിന്ന്  ചായ കുടിച്ച കാലമേ  മറന്നു .

ഇനീപ്പോ .., ദൈവം തമ്പുരാൻ  നമ്മുടെ വാരിയെല്ല് സൃഷ്ടിക്കാൻ മറന്നു പോയി  കാണുമോ .?

 ഛായ് , അങ്ങിനെയൊന്നും  വരാൻ വഴിയില്ല  ആളൊരു പുലിയല്ലേ. തേടുവിൻ  കണ്ടെത്തും  മുട്ടുവിൻ., തുറക്കപ്പെടും എന്നല്ലേ പറഞ്ഞേക്കണത് 

ഇത് തേടാത്തോർക്കാണെങ്ങീ കൊഴപ്പില്ല്യേ  പക്ഷേ ...മ്മള് തേടി തേടി മ്മടെ കാലിലെ ചെരുപ്പുകൾ തേയണത് മാത്രം മിച്ചം .

അല്ലെങ്കീ ആൾക്കിനി  നമ്മളെ പള്ളീലെ അച്ഛനാക്കാനെങ്ങാനും  വല്ല പ്ലാനും ഉണ്ടാവാവോ ?  നമ്മള് ജനിച്ചപ്പോ ഇവനെ ഒരു അച്ഛനാക്കാന്ന് നമ്മടെ അപ്പാപ്പൻ ഒരു ടോണിലങ്ങാട് പറഞ്ഞൂത്രേ . അങ്ങേർക്ക്  വെറുതേ പറഞ്ഞാപ്പോരേ അത്രേം ആശ ഇണ്ടെങ്കീ അപ്പാപ്പന് അച്ഛനാവാരുന്നില്ലേ പക്ഷേ   കൈക്കുഞ്ഞായ കാരണം എനിക്കന്നത്  ചോദിക്കാൻ പറ്റില്യാ. ഇപ്പൊളോട്ട്  ചോദിക്കാനും പറ്റത്തില്ല ഫോട്ടോലെ അപ്പാപ്പനെ  നോക്കി ചോദിച്ചിട്ട് വല്ല കാര്യണ്ടോ ? 

 അല്ലെങ്കീ ഈ അപ്പാപ്പൻമാരുടേം അമ്മാമ്മമാരുടേം ഒരു സ്ഥിരം പരിപാട്യ ഇത് വെറുതേ അങ്ങട് ഓരോന്ന് പറയും  ഇവനെ ഞാൻ അച്ഛനാക്കും  കന്യാസ്ത്രീ ആക്കുംന്നൊക്കെ . 

 പെണ്ണ്  കണ്ട്,കണ്ട് .., ആദ്യം പെണ്ണു കണ്ട കൊച്ചിന്റെ വീട്ടിലേക്ക്  ആ കുട്ടിയുടെ  അനിയത്തിയെ കൂടി പെണ്ണുകാണാൻ പോയ  ദുഷ്:ചരിത്രവും എനിക്ക് സ്വന്താ .

ചായ കൊണ്ടു വന്ന പെൺകുട്ടിയുടെ  പുറകിലായി  ഒക്കത്തൊരു കുഞ്ഞുമായി  ചേച്ചി .

എവിടെയോ കണ്ടൊരു  പരിചയം പോലെ,  സംശയിച്ചാ ഞാൻ ചോദിച്ചേ

ഏത് സ്‌കൂളിലാ പഠിച്ചേ ?' എന്റെ വിചാരം എന്റെ ക്ലാസ് മേറ്റ് അങ്ങാനും ആണോന്നാ .

സ്കൂളിലൊന്നുമല്ല... ചേട്ടായിക്ക്  എന്നെ പെണ്ണുകാണാൻ വന്നത് ഓർമ്മയില്ലേ? 

കുടിച്ച ചായ തൊണ്ടയില് ഒരു ബോളായിട്ട് ഇരുന്നൂന്ന് പറഞ്ഞാ മതിയല്ലോ  

സംഗതിയത് എല്ലാവർക്കും  വലിയൊരു തമാശയായിപ്പോയി .  കൂടി നിന്നവരെല്ലാം ചിരിയോട് ചിരി പെൺകുട്ടിയുടെ  ചേച്ചിയാണെങ്കിൽ  ചിരിച്ചു, ചിരിച്ചു ഇപ്പോ ബോധം കെട്ട്  വീഴുമെന്ന അവസ്ഥ 

കാര്യമറിഞ്ഞ ബ്രോക്കർക്കും ചിരി.  

ഞാൻ മാത്രം ചിരിക്കണോ  കരയണോന്നാലോചിച്ച്  ഇഞ്ചി തിന്ന കുരങ്ങന്റെ പോലെ  

എന്തൊരു കഷ്ട്ടാന്ന് നോക്കണേ  .

ഒരു ബ്രോക്കർ  ഈ വീട്ടിലെ കുട്ടിയെ എന്നെ കൊണ്ട്  കാണിച്ചതാണ്  നാളുകൾക്ക് ശേഷം കറങ്ങിത്തിരിഞ്ഞ്  വേറൊരു ബ്രോക്കർ എന്നേയും കൊണ്ടിതു വഴിയേ വീണ്ടും  .

ദിവസവും പെണ്ണു കാണൽ മുറക്ക് നടക്കുന്നതോണ്ട്  വീടേതാന്ന് വലിയ നിശ്ചയമില്ലാതെ പോയി ഇല്ലെങ്കിലിങ്ങനെ ചമ്മേണ്ടി വരത്തില്ലായിരുന്നു .

ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം ? പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരത്തില്ലല്ലോ  ? ചേച്ചിയുടെ ഒക്കത്തിരുന്ന  കുഞ്ഞിനെ  ഞാനൊന്ന് സൂക്ഷിച്ചു നോക്കി.

അന്നാ  കല്യാണം നടന്നിരുന്നെങ്കിൽ  എന്നെ അപ്പാന്ന് വിളിക്കേണ്ട കൊച്ചാണത്  എനിക്കവന്റെ മുഖത്തോട്ട് നോക്കാൻ ആകെയൊരു നാണം

അതവന്  മനസ്സിലായിട്ടെന്തോ ?, എന്നെ നോക്കി ഭയങ്കര ചിരി ഞാനും ചിരിച്ചു  പക്ഷേ അതൊരു തരം  കരച്ചിലായിരുന്നു .

 ചെറുക്കന് ഏതാണ്ട്  മൂന്ന് വയസ്സോളമായിക്കാണും എന്റെ  ദൈവമേ അവൻ പത്തിലെത്തുമ്പോഴേക്കും എന്റെ കല്യാണം നടന്നാ മതിയായിരിന്നു

 അതിന്റെടേല്  അവന്റെ അമ്മേടെ  വക എനിക്കിട്ടൊരു കൊട്ടും .

മോനെ ദേ  അങ്കിളിനെ നോക്കിയേടാ വല്ല പരിചയമുണ്ടോന്ന് 

എന്റെ മുഖം പേപ്പറിനെക്കാളും  വെളുത്തു ഈശ്വരാ പെണ്ണ് കാണാൻ പോയി കരഞ്ഞൂന്നുള്ള ദുഷ്പ്പേരും കൂടി ഞാൻ നേടോ  ?

 സംഗതി  പെണ്ണുകാണൽ ചടങ്ങിന്റെ ശൈലിയെല്ലാം മാറി  ഒരു സൌഹ്രദ സദസ്സായതു  മാറിയത്  അവരുടെ വിശാല മനസ്കതാന്ന് മാത്രം പറഞ്ഞാ മതി .

പാവം മോനിതുവരെ പെണ്ണൊന്നും ശരിയായില്ല്യാല്ലേ.. പെൺകുട്ടിയുടെ  മുത്തശ്ശീയുടെ  ഒരു പരിദേവനം കൂടി കേട്ടതോടെ  എന്റെ തൊലിയുരിഞ്ഞു പോയി .

അന്നത്തെ ആ  അനുഭവത്തോടെ  ബ്രോക്കർമാരോട് കൂടിയുള്ള പെണ്ണു കാണലുകൾ  വളരെ ശ്രദ്ധാപൂർവ്വമാക്കി  ഇനിയൊരബദ്ധം പറ്റരുതല്ലോ  പിന്നെ എല്ലാവരും ഫലിതപ്രിയരായിരിക്കണമെന്നില്ലല്ലോ .?

 ഇനി ദൈവങ്ങൾ സംപ്രീതരാകാത്തതുകൊണ്ടാണോ  എന്നുള്ള സന്ദേഹത്താൽ എല്ലാവർക്കും വാരിക്കോരി നേർച്ചകളോടു നേർച്ചകള് .

ഓരോ പെണ്ണു കാണലിനിറങ്ങുമ്പോഴും....

എന്റെ പുണ്യാളാ ഇതെങ്കിലും നടന്നാ ഞാൻ എന്ത് വേണമെങ്കിലും  ചെയ്തോളാവേ എന്റെ നേർച്ചകൾ പോരാഞ്ഞ് അമ്മയുടേയും അമ്മൂമ്മയുടേയും വക വേറേ.

വീടിന്റെ അടുത്തുള്ള മറിയാമ്മ ചേടത്തീടെ വരെ എനിക്കുവേണ്ടി നേർച്ച നേർന്നു ഇനിയിപ്പോ നാട്ടുകാര്  മൊത്തം നേർച്ച നേരണെങ്കിൽ അതിനും റെഡി .

നേർച്ചകള് കേട്ട് പുണ്യാളൻമാർക്ക് വരെ വീർപ്പ്‌മുട്ടലായി

എന്നിട്ടും  എന്തേ ഇങ്ങനേന്ന് ചോദിച്ചാ ആ.....ന്ന്   കൈമലർത്തിക്കാണിക്കാനേ എനിക്കാവൂ .

 എന്നെ കാണാൻ അത്രക്ക് മോശൊന്നല്ലാട്ടാ ..  .

 മ്മടെ  ഭാഷേല് അങ്ങട് കാച്യാല് .

 ചുള്ളൻ , ഒരു ചെത്ത്‌ ഡാവ് .

 ഒരു  ബ്രോക്കറ്  എന്നെക്കുറിച്ച്  പെണ്ണു വീട്ടില് പറഞ്ഞത്   ഞാനൊരു മൈക്കിൾ ജാക്സനാന്നാ .

അങ്ങിനെ മൈക്കിൾ ജാക്സനെ പ്രതീക്ഷിച്ചിരുന്ന അവർ എന്നെ കണ്ടപ്പോ ശരിക്കും ഞെട്ടി .

എന്തിനാ അവരെ പറയണേ  സത്യത്തില് ഞാനും ഞെട്ടി  എന്നെക്കുറിച്ചുള്ള ആ അഭിസംബോധന കേട്ടപ്പോ .

 പെണ്ണ് കാണാൻ കേറി ചെന്നപ്പോ അവരുടെ അപ്പൻ വായും പൊളിച്ച് പൊറത്തോട്ടും നോക്കി നിപ്പുണ്ട് .

എന്താ ഡേവീസേട്ടാ പൊറത്തോട്ട് നോക്കി നിക്കണേന്ന് ബ്രോക്കർ ചോദിച്ചപ്പോ അങ്ങേര് പറയാ മൈക്കിൾ ജാക്സണെ നോക്കി നിക്കാന്ന്

ആയ് ഇതെന്ന്യാ നമ്മടെ മൈക്കിൾ ജാക്സ്ൻന്നും പറഞ്ഞ് ബ്രോക്കർ എന്നെ ചൂണ്ടി കാണിച്ചതോടെ  അങ്ങേര് ശരിക്കും ഞെട്ടി .

എന്നെ മുന്നിലിരുത്തി  ബ്രോക്കറോട്  അവരത്  തുറന്ന് ചോദിക്കേം ചെയ്തു .

അല്ല,  എന്ത് കണ്ടിട്ടാ  ചെക്കൻ മൈക്കിൾ ജാക്സന്റെ ഛായീണ്ടെന്ന് ചേട്ടായി  വെച്ച് കാച്ചീത് ?

അല്ല  അതിപ്പോ  ഒരു കാര്യം പറയുമ്പോ  ഒരൽപം പൊക്കിയൊക്കെ അടിക്കണ്ടേ എന്റെ ചേട്ടത്തി ?''

എന്നാലും ഇത്രക്കും പോക്കണായിരുന്നോ  ചേട്ടാ.?

ഇതിപ്പോ ബ്രോക്കറെയും കുറ്റം പറയാൻ പറ്റത്തില്ല  ഈ പാവത്തിന് അങ്ങിനെയെങ്കിലും ഒരു പെണ്ണ് കിട്ടട്ടേയെന്ന് അയാളും വിചാരിച്ചു കാണും .

സാക്ഷാൽ മൈക്കിൾ ജാക്സനെക്കാളും ഗമയിൽ കാറ്റു പിടിച്ചിരുന്ന എനിക്ക്  സൂചി കൊണ്ട് ഒരു കുത്ത് കിട്ടിയ പോലെയായി .

മൈക്കിൾ ജാക്സനെ  ആദ്യമായി കാണാൻ പോണ ആഹ്‌ളാദത്തോടെ   കണ്ണിൽ പൂത്തിരിയുമായി  ചായ കൊണ്ടുവന്ന പെണ്ണിന്റെ മുഖം  എന്നെക്കണ്ടപ്പോ ഏറു പടക്കം വീണ് പൊട്ടിയ പന്നിയുടെ അവസ്ഥ പോലെയായി .

എനിക്കത് വിവരിക്കാനേ പറ്റില്ലാന്നെ .

ആ ഏരിയായിലുള്ള മുഴുവൻ കൊത്രം കൊള്ളി പിള്ളേരും  ഈ തൃശ്ശൂക്കാരൻ മൈക്കിൾ ജാക്സനെ  കാണാൻ എത്തീട്ടുണ്ടായിരുന്നു .

അത്രയധികാ എന്റെ പെണ്ണു കാണലിനോട് അനുബന്ധിച്ച് കിട്ടിയ   പബ്ലിസിറ്റി .

മൂക്കൊലിപ്പിച്ചു കൊണ്ട് കുറേ  പിള്ളേര്  എന്റെ മുന്നില്  വന്ന് വായും പൊളിച്ച് മുഖത്തോട്ട് നോക്കിംക്കൊണ്ടിരിക്കുന്നു .

ഇതാണോ  മൈക്കിൾ ജാക്സണ്‍ന്നു  പറയണ  സാധനം ?

അടുത്ത വീടുകളിലെ പെണ്ണുങ്ങളാണെങ്കിൽ  എന്നെ ഒളിഞ്ഞു നോക്കി  വായപൊത്തി ചിരിച്ചോണ്ട്  അകത്തേക്കോടുന്നു .

ഓട്ടത്തിനിടയിൽ  ഏതോ ഒന്നിന്റെ വായെന്ന്  ഒരു തീക്കൊള്ളി

 ടീ .., മൈക്കിൾ ജാക്സനാടീ .., മൈക്കിൾ ജാക്സണ്‍ 

 എന്റെ അവസാന കാറ്റും അതോടെ തീർന്നു .

 എന്തൊരു കഷ്ടമാണപ്പാ..,  ഈ ബ്രോക്കറ്മാരേക്കൊണ്ട്  ഞാൻ തോറ്റൂ

അല്ല .., മൈക്കിൾ ജാക്സനിരുന്ന്  സ്വപ്നം കാണാ,  എണീറ്റ് കുളിക്കുന്നില്ലേ ?

കല്യാണം കഴിഞ്ഞ അന്നുതൊട്ടേ  അവളെന്നെ വിളിക്കുന്നത്‌ മൈക്കിൾ ജാക്സനെന്നാ 




0 അഭിപ്രായങ്ങള്‍