ജീവിതത്തിൽ ആരെങ്കിലുമൊക്കെ ആകണം, ആയിത്തീരണ പക്ഷേ  എങ്ങിനെ .?

             അതാണ്‌ മനസ്സിലാകാത്തത്  ആരോടാണ് ചോദിക്കുക ?

             എങ്കിലും ഞാൻ ചോദിച്ചു  പലരോടും .

     ചിലർ പറഞ്ഞു .. നന്നായി കഷ്ട്പ്പെടണം .

    ശരി ...ഓക്കേ  കഷ്ട്പ്പെടാൻ ഞാൻ തയ്യാറാണ് പക്ഷേ .., എവിടെയാണ് കഷ്ടപ്പെടെണ്ടത് .? എങ്ങിനെയാണ് കഷ്ട്പ്പെടെണ്ടത് ?

            അത് പറഞ്ഞു തരാൻ അവർക്കായില്ല .

    എങ്കിൽ പിന്നെ ഞങ്ങൾക്കത് ചെയ്‌താൽ പോരേ  എന്നുള്ള അവരുടെ പിറുപിറുക്കലുകൾ ഞാൻ കേട്ടുവോ ആവോ .?

   വെറുതെ തലയിൽ  ഒരു കല്ലും വെച്ചു നിന്നാൽ , അതും ഒരു കഷ്ടപ്പാടാണ്  അപ്പൊ അതുകൊണ്ട് ജീവിതവിജയം നേടാനാകുമോ ?

              ഇല്ല .

   മറ്റു ചിലർ പറയുന്നു  നമ്മൾ ഐഡിയ പൂർവ്വം മുന്നോട്ട് നീങ്ങണമെന്ന് , എന്നാൽ എന്ത് ഐഡിയയെന്ന് അവർക്കും ഉത്തരമില്ല .

        ''please come to us ..., we give you success .  എന്ന വാചകത്തിന് പിന്നാലെ നടന്ന് കുറേ കാശും കൊടുത്ത് അവരുടെ ഗീർവാണങ്ങൾ കേട്ടു മടങ്ങിയതു മാത്രം മിച്ചം .

    നല്ല വാഗ്ചാതുരിയുള്ള പ്രസംഗം  നമ്മളെ പിടിച്ചിരുത്തും  ഓരോരോ അനുഭവങ്ങളിലൂടെ അവർ നമ്മളിലേക്ക് ഊർജ്ജം കുത്തിവെക്കുന്നു പക്ഷേ . നമ്മുടേതായ ഒരു വഴി കാണിച്ചുതരാൻ അവർക്കും കഴിയുന്നില്ല 

   അപ്പോൾ ഈ success എന്നു പറയുന്നത് നമ്മളിലേക്ക് വന്നു ചേരുന്നതോ ?, അതോ നമ്മൾ കണ്ടെത്തുന്നതോ .? നമ്മൾ കണ്ടെത്തുന്നതിനെ നമുക്ക് success എന്നു വിളിക്കാം  നമ്മളിലേക്ക് വരുന്നതിനെ  ഭാഗ്യമെന്നല്ലേ വിളിക്കാനാകൂ .

    ചിലർ  സൈക്കളിൽ ചായ വെച്ച് വിറ്റ് , ടീ  കട വെച്ച്  പിന്നെ ഹോട്ടലുകൾ വാങ്ങി  ജീവിത വിജയം നേടിയിട്ടുണ്ട് . എന്നുവെച്ച് അവരുടെ ജീവിത കഥ വായിച്ച്  എല്ലാവരും ചായ കെറ്റിലുമായി  സൈക്കിൾ ചവിട്ടാൻ തുടങ്ങിയാൽ . വെറുതെ കാലു കഴച്ച്, സൈക്കിളിന്  തേയ്മാനം വരുത്താമെന്നേയുള്ളൂ .

   ചിലർ അഭിനയത്തിലൂടെ പ്രശസ്തരാകുന്നു , മറ്റു ചിലർ എഴുതി പ്രശസ്തരാകുന്നു അങ്ങിനെ ഓരോ തുറയിലും ജീവിതവിജയം നേടുന്നവർ പക്ഷേ .., അതെല്ലാം വിരലിൽ എണ്ണാവുന്നവർ മാത്രം 

              ബാക്കിയുള്ളവർക്കെല്ലാം എന്തു സംഭവിക്കുന്നു .?

       അവർ പരിശ്രമിക്കാഞ്ഞിട്ടാണോ ? അല്ല .., അവരും പരിശ്രമിക്കുന്നുണ്ട്.. എന്നിട്ടും എന്തേ ...., ആ വിരലിൽ എണ്ണാവുന്നവരിൽ ഒരാളായിത്തീരാൻ കഴിയുന്നില്ല ?

     ഇവിടെയാണ്‌ ദൈവാനുഗ്രഹത്തിന്റെ പ്രസക്തി  മറ്റു ചിലർ അതിനെ ഭാഗ്യത്തിന്റെ പേരിട്ടു വിളിക്കുന്നു . ദൈവത്തിലൂടെയാണ് ഈ ഭാഗ്യം സംഭവിക്കുന്നതെന്ന്  അവർ മനസ്സിലാക്കുന്നില്ലെന്നു മാത്രം .

           ''രണ്ടു നാളു കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ ...
   മാളിക മുകളിലിരിക്കും മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ ''.

  അപ്പോൾ ഭാഗ്യമെന്നവാക്കിനേക്കാൾ ഉപരിയായി ദൈവീകതയിലൂടെയാണ് നാം  ചരിക്കേണ്ടത്. ദൈവീക ചേതന നമ്മിൽ വന്നു നിറയുമ്പോൾ  മാർഗ്ഗങ്ങൾ താനേ തെളിയപ്പെടുന്നു ആ മാർഗ്ഗത്തിൽ ചിലപ്പോൾ , കല്ലുകൾ ഉണ്ടാകാം  മുള്ളുകൾ ഉണ്ടാകാം  അത് നമ്മൾ താണ്ടിക്കടക്കുകതന്നെ വേണം . ഇവിടെയാണ്‌ കഷ്ടപ്പെടണം എന്നു പറയുന്നതിന്റെ പ്രസക്തി .

   ചുരുക്കിപ്പറഞ്ഞാൽ  ദൈവീകമായ പ്രകാശം പരത്തുന്ന  കഠിനമായ  വഴികളിലൂടെ നാം ചരിക്കുമ്പോൾ  പലപ്പോഴും വീണു പോകുമായിരിക്കും, എന്നുവെച്ച് നിരാശർ ആകേണ്ട കാര്യമില്ല  ചാടിയെഴുന്നെല്ക്കുക .

    ദൈവം കാണിച്ചു തന്നെ വഴിയാണത്  അവിടെ ദൈവീക കരങ്ങൾ നമ്മളെ താങ്ങുവാനുണ്ടാകും, അങ്ങിനെ അതിലൂടെ നമ്മൾ ലക്ഷ്യത്തിലെത്തിച്ചേരുമ്പോൾ അതിനെ success എന്നു വിളിക്കുന്നു .

           ആത്മീയമായും , മാനസീകമായും , ശാരീരികമായും  ആ ആത്മീയ ചൈതന്യത്തിലൂടെ നാം  നേടുന്ന  വിജയത്തിനേ  നിലനിൽപ്പുള്ളൂ .

    മറ്റുള്ളതെല്ലാം  വെറും നൈമിഷികമായ നീർക്കുമിളകളാണ്  ഒരു ചെറിയ  കാറ്റടിച്ചാൽ  എന്തിന് .., വെറുതെ ഒന്നൂതിയാൽ പോലും പൊട്ടിപ്പോകുന്ന വെറും നീർക്കുമിളകൾ .

0 അഭിപ്രായങ്ങള്‍