അല്ല ..ഇതെന്താപ്പ സ്ഥിതി.?, ഇനി എന്നെക്കൊണ്ടെന്നും  പറ്റത്തില്ല സഹിക്കാവുന്നതിന്റെ മാക്സിമം ഞാൻ സഹിച്ചേ .

       ഞാൻ പണിമുടക്കിയാലുള്ള അവസ്ഥ അറിയാല്ലോ ...; ല്ലേ ?

    മഞ്ഞപ്പിത്തം, ലിവർ സീറോസിസ് , അങ്ങിനെ ഒരുപാട് കാര്യങ്ങള്, എന്റെ പ്രോബ്ലെംസോണ്ട്  നടക്കുന്നറിയാലോ ?

  എന്താ സുഹ്രത്തേ നിങ്ങളീ പറയണേ ?, അപ്പോ ഞാനനുഭവിക്കണ കഷ്ടപ്പാട് നീ കാണണില്ലേ  ഈ വരണ സാധങ്ങളൊക്കെ ശരിയായി  ദഹിപ്പിച്ച് ഓരോ കാര്യങ്ങളും തരം തിരിക്കണത് ഞാനല്ലേ?

    എന്നിട്ട് ഇയാൾക്ക് അതിന്റെ വല്ല നന്ദീണ്ടോ?, വലിച്ചു വാര്യല്ലേ തീറ്റ, ഒരു കണ്ട്രോളുല്ലാതെ . ഞാനയാളുടെ  സ്വന്തം ആമാശയാണെന്നുള്ള വിചാരെങ്കിലും വേണ്ടേ ?, ഏതാണ്ട് ശത്രുക്കളോട് പെരുമാറണ പോലല്ലേ നമ്മടടത്ത് കാണിക്കണേ.?

   ഈ വറുത്തതും, പൊരിച്ചതും എല്ലാം  ഒരു അളവിനു മേലേ ആണെന്നതോ പോട്ടെ  അതിന്റെ കൂടെ  ഈ മദ്യം കൂടി
 അയാൾ ഇങ്ങനെ വാരി വലിച്ച് തിന്നൂം ,കുടിച്ചാ  എന്തായിരിക്കും എന്റെ    സ്ഥിതി ?

     കണ്ടോ ?, നീ ഒന്ന് നോക്ക്യേ ഇപ്പൊത്തന്നെ, എന്റെ മേലാകെ വൃണങ്ങളും  പഴുപ്പാ  , എന്നിട്ടും ഞാനെന്റെ ജോലി ചെയ്യിണില്ലേ ?, ഞാനൊന്ന് പണി മുടക്കട്ടെ  പച്ചവെള്ളം കുടിക്കാൻ പറ്റില്ല അയാൾക്ക് .

 എന്തൂട്ടാ നീ ഈ പറയണേ ചങ്ങായീ ?, അപ്പൊ എന്റെ കാര്യൊന്ന് നോക്ക്യേ, അയാൾക്ക് ജീവവായു നൽകണത്  ഞാനാ  എന്റെ ശരീരാണെങ്കീ ഏറ്റം സെൻസെറ്റീവും, ഈ സ്പോഞ്ചിനേക്കാളും മൃദുലാടോ. ഈ .., പൊർത്തൂന്ന് വരണ പൊടി ഒക്കെ പോട്ടേ ഈ വായൂനൊക്കെ നന്നായി ശുദ്ധീകരിച്ച്  അതീ ന്ന് ഒക്സിജൻ എടുത്ത് എല്ലാ ജീവകോശങ്ങൾക്കും കൊടുത്ത് സംരക്ഷിക്കുന്നത് ഞാനാ അതിന്റെ വല്ല ബോധോണ്ടാ ഈ ...; കിഴങ്ങന് ?

   ദേ ...നീ നോക്ക്യെന്റെ ഉള്ള് ?  ഇയാള് ഈ സിഗരെറ്റെല്ലാം വലിച്ച് കേറ്റീട്ട് നോക്ക്യേ എന്റെ ശരീരം ? സ്പോഞ്ച് പോലെ നല്ല പെർഫെക്റ്റ് ആയിരിന്നിടത്ത് ഇപ്പൊ കണ്ടാ  ഹാർഡായിട്ട്  നല്ല കരിക്കട്ട പോലെ  തൊട്ടാ പോടിഞ്ഞാ പൂവ്വും .

എന്റെ ചെറുപ്പത്തില് എന്നെ ഒന്ന് പിഴിഞ്ഞാലേ  നല്ല പച്ച വെള്ളം  പോല്യാ  വരാ  ഇപ്പോ, പിഴിഞ്ഞ്യാലെ  ഈ പരസ്യത്തിലൊക്കെ കാണ് ണില്ലേ  ടാറ് പോലെ എന്തോ ഒരു സാധനം വരണത് , ഭയങ്കര കഷ്ടാടോ.?

           എന്നീട്ടും ഈ കിഴങ്ങന് വല്ല ബോധോണ്ടാ, അതിന്റെ ?

  ദിവസം പത്തും, ഇരുപതും സിഗരറ്റൊക്കല്ലേ  ഈ വലിച്ച് കേറ്റണേ ? ശ്വാസം മുട്ടീട്ട് നിക്കാൻ വയ്യെന്റെ ചങ്ങായീ .

 സഹിക്കാൻ പറ്റാണ്ടാമ്പോ ഞാനൊന്നാ പണി മുടക്കും. കുരച്ച്, കുരച്ച് പറ്റാണ്ട്  രണ്ടീസം ഈ കന്നാലി നന്നായി നടക്കും. അത് കഴിഞ്ഞ്  എതൊക്കൊ  മരുന്ന് വാങ്ങിക്കഴിക്കും . ഈ മരുന്ന് നമ്മടെ ഉള്ള്യെ വരുമ്പോ അതിനേക്കാ വല്യ പൊല്ലാപ്പാ അപ്പൊ .., അത് സഹിക്കാൻ പറ്റാണ്ട് മ്മള് വീണ്ടും ആക്ടീവാകും .

    അല്ലാണ്ട് ഇപ്പൊ എന്താ ഞാൻ ചെയ്യാ ?, ഈ പണി മുടക്കുമ്പോഴെങ്കിലും  അതവന്റെ നല്ലതിനാണെന്ന് ഈ കന്നാലി മനസ്സിലാക്കിണില്ലാട്ടാ .

  ഇപ്പഴൊന്നും  അവന്  പഴേ പോലെ വായു അങ്ങട് വലിക്കാൻ പറ്റിണില്ലാട്ടാ .
 ഈ പുക കേറി, കേറി , എന്റെ ഉള്ളൊക്കെ  ചുരുങ്ങീന്നേ . അപ്പൊ പഴേ പോലെ ഈ വായൂ അങ്ങട് കേറേണ്ടേ ?, എന്നീട്ടും ഈ കന്നാലി വലിച്ച് , വലിച്ച്  കൊറെ അങ്ട് കേറ്റാൻ നോക്കും . ഇയാള് ഇപ്പഴെങ്കിലും , ഈ .., പരിപാടി വിട്ടില്ലെങ്കി പിന്നെ അധികകാലം എനിക്ക് ഈ ജോലി ചെയ്യേണ്ടി വരില്ല .

  എന്റെ പണി മുടങ്ങിയാല്  ശ്വാസം കിട്ടാണ്ട്‌ ആ നായ കിടന്ന്  ചക്രശ്വാസം വലിക്കും .

 കഴിഞ്ഞൊ? ഇങ്ങള്  എല്ലാരുടേം  പുരാണം പറച്ചില്  നിങ്ങള് ഇത്രൊക്കെ  പറഞ്ഞു  അപ്പൊ എന്റെ കാര്യൊന്ന്  ആലോചിച്ച് നോക്ക്യെന്റെ ഇഷ്ട്ടാ .

   ഈ ശരീരം  മുഴുവനും കൂടാതെ  നിങ്ങൾക്കും, ശരീരം മുഴുവനും എന്ന് പറഞ്ഞപ്പോ  അതില് നിങ്ങളും പെട്ടുലോ , രക്തം പമ്പ് ചെയ്യണത്  ഞാനാ.
എനിക്കിപ്പോ പഴേപോലെന്നും പമ്പ് ചെയ്യാൻ പറ്റിണില്ലാ ന്റെ ചങ്ങായീ ഒക്കെ ബ്ലോക്കാടോ .

      ഈ .., യൂസ് ലെസ്സ്  കുടീം , തീറ്റീം  പിന്നെ .., വലീം .

  എല്ലാടത്തും ഈ കൊഴുപ്പ് അടിഞ്ഞൂടി കിടക്കാടോ  മുമ്പൊക്കെ വെറുതെ ഒന്നടിച്ചാ  മതി  രക്തം അങ്കട് ചീറ്റും  ഇപ്പോ, പഴേതിന്റെ പത്തിരട്ടി അദ്ധ്വാനം വേണെന്റിസ്റ്റാ .

          എന്നിട്ടും കാര്യങ്ങള് കറക്ടായി നടക്കണിണ്ടാ  എവിടെ .?

  ഈ കന്നാലി നടക്കുമ്പോഴോക്കെ നല്ല കിതപ്പാ  എന്നിട്ടും ഇത് വല്ലതും അവൻ നിർത്തണ് ണ്ടോന്ന് നോക്ക്യേ ?

ഏയ്‌ .., ദാരാ  ഈ വെടിച്ചില്ല് പോലെ പറന്ന് വരണേ? മ്മടെ  കിഡ്നില്ലേ ?

  ആ .., വേഗം ചെല്ല് മ്മളക്കൊ  ദേ .., പരാതീം പറഞ്ഞീട്ട്   വരണ വഴിയാണേ  ഇനീപ്പോ  ഇന്റെ ഒരു കുറവേള്ളൂ .

  അല്ല.., ആര് എന്ത് പറഞ്ഞീട്ട്  എന്താ  കാര്യന്നേ?, ഇവനൊന്നും നേര്യാവാൻ  പോണില്ല .

      നേര്യാവനോനാണെങ്കീ  അതെന്നേ  ആയേനേ  ?

 അല്ലെങ്കിലും, ഇവൻമാരെ  ഒന്നും പറഞ്ഞീട്ട്  ഒരു കാര്യൂല്ല്യ എന്റെ  ഇസ്റ്റാ, സ്വന്തം ശരീരത്തോട് ഒരു ഉത്തരവാധിത്വക്കെ വേണ്ടേ ?

നമ്മളോട് കുറച്ചൊക്കെ സ്നെഹൊണ്ടെങ്കില്  ഇങ്ങനൊക്കെ കാണിക്കോ .?

  ഇമ്മള്  നല്ല ആരോഗ്യത്തോടെ ഇരുന്നാലല്ലേ ..ഓന്  ഗുണള്ളൂ .

   നമ്മളൊന്നും  മാക്സിമം അങ്ങിനെ ബുദ്ധിമുട്ടിക്കുന്നവരല്ല  ഇനിപ്പോ ലാസ്റ്റ്  സഹിച്ച്, സഹിച്ച്  മ്മള് .., അങ്കട് ചത്ത് പോയാല്  ഈ കന്നാലി എന്തൂട്ടാ ചെയ്യാ?

അതിപ്പോ .., എന്തൂട്ടാന്നേ ? ഇപ്പോഴൊക്കെ നടക്കണില്ലേ  ഈ ട്രാൻസ്പ്ലാന്റെഷൻ , അതങ്കട്‌  ചെയ്യും .

 അതൊക്കെ .., വല്യേ ചെലവല്ലേ ?, പിന്നെ നമ്മളെപ്പോലെത്തന്നെ യോജിച്ചത്  അങ്കട് കിട്ടോ .?

 ചിലവോ ...?, അവന്റെ കുടുംബം കുട്ടിച്ചോറാകും , പിന്നെ നമ്മളേപ്പോലൊന്നും  ഒരിക്കലും കിട്ടത്തില്ലടോ . ഈ ശരീരത്തിന്റെ ഘടനക്കും  ശാസ്ത്രത്തിനും  അനുസരിച്ചല്ലേ  പടച്ചോൻ  നമ്മളെ ഉണ്ടാക്കീട്ടിള്ളത് . ഇതങ്ങട് .., മാറ്റി ആ സ്ഥാനത്ത് വേറൊന്ന് വെച്ചാ  അതേ പോലെ തന്നെ ആവോ.?

  നടക്കണ കേസല്ലാ കുട്ടാ ഏച്ചു കെട്ടീതൊക്കെ  മുഴച്ചേ നിൽക്കൂ.

  നമ്മള് ഉണ്ടെങ്കിലെന്ന്യാ അവന് നില നിൽപ്പുള്ളൂ  ഉള്ളപ്പോ നമ്മടെ വില  ഈ കന്നാലിക്കറിയില്ല .പിന്നെ .., മാറ്റി വെച്ചാലും ആ സാധനത്തിനൊന്നും  മെയ്ന്റൈൻ ചെയ്യാൻ  അത്ര എളുപ്പല്ല ചങ്ങായീ നമ്മള് , സഹിച്ചിരിക്കണപോലൊന്നും അവര്  സഹിച്ച് ജോലി ചെയ്യില്ല  പറ്റീലങ്ക്യീ അവൻ പണ്യാ മുടക്കും.

  പിന്നെ ഇവനൊക്കെ സന്തോഷിപ്പിച്ച്  കൂടെ കൊണ്ട് നടക്കാൻ  നല്ല ചിലവ് വരും എന്റിഷ്ടാ . മരുന്നുകളുടെ ഒരു മെഡിക്കൽ ഷോപ്പായിട്ട്  നടക്കേണ്ടി വരൂന്നേ , പിന്നെ .., അത് പറ്റില്ല  ഇത് പറ്റില്ല  അത് പഥ്യം , ഇത് പഥ്യം  ഇങ്ങനെ ഒരു ആയിരത്തെട്ട് നൂലാമാലകള് .

  ഇതിന്റെയൊക്കെ  വല്ല ആവശ്യണ്ടോ ? നമ്മളെ പോന്നു പോലെ നോക്ക്യാ  നമ്മളും അയാളെ പൊന്നു പോലെ നോക്കത്തില്ലേ .? ഞാൻ കൂടുതലൊന്നും പറഞ്ഞ്  ഇങ്ങളെ ബേജാറടിപ്പിക്കണില്ല  എന്റെ കിഡ്നി ചങ്ങായി  ഇങ്ങള് പോയി പരാതി പറഞ്ഞീട്ട് ബരിൻ .

   അല്ല എന്താപ്പ  ഇന്റെ പ്രശ്നം ?, കുറച്ചു പേര്  ദേ  പരാതി പറഞ്ഞ്  ഇപ്പൊങ്ങട് പോയേള്ളൂ .

ഓ .., ഞാൻ കണ്ട്., ഞങ്ങളൊന്ന്  സംസാരിക്ക്യേം   ചെയ്തിരിക്കണ്.

  അല്ല .., ഇങ്ങളീ  വല്യേ തലച്ചോറാന്ന് പറഞ്ഞ്  ഞെളിഞ്ഞ്  മോളിൽക്കേറി ഇരുന്നോണ്ട് വല്ല കാര്യോണ്ടോ  ഇയാളെ ഒന്ന് നിലക്ക് നിർത്താൻ നിങ്ങളെക്കൊണ്ടാവില്ലേ .

  ഇതിപ്പോ .., വല്യേ  കഷ്ടാണേ നമ്മടെ ഇരട്ട പെറ്റ സഹോദരൻ  കിടപ്പിലായിട്ട്  കാലം കുറേയായേ  ഞമ്മളെക്കൊണ്ട് ഒറ്റക്ക് ആവൂല്ലാട്ടോ.

   ഏയ്‌ .., എന്തൂട്ടാ ഈ പറയണേ  ഇങ്ങള് ഒരാള് മതീല്ലടോ  കാര്യങ്ങള് ഒക്കെ നോക്കാന് .

സംഗതി .., ഇല്ലാന്ന് നമ്മൾ പറയണില്ലല്ലോ  പക്ഷേ .., അതൊക്കെ കുറച്ചു ഡീസന്റ് ആയിട്ടിള്ള ആൾക്കാരടെ അടുത്താണെ  ഈ കള്ളും കുടിച്ച് വറുത്തതും , പൊരിച്ചതും  തിന്ന് നടക്കണ കിഴങ്ങനെ നോക്കാൻ ഞമ്മക്ക് പറ്റില്ലാട്ടാ .

  പിന്നെ .., ദേ  ആ രക്തം അപ്പറത്ത് കരഞ്ഞോണ്ട് നിൽപ്പിണ്ട്ട്ടാ  പോകാനുള്ള വഴി ഒക്കെ  ബ്ലോക്കാണെന്നും പറഞ്ഞികിട്ട് . ഒരാളും അവനെ കേറ്റിണില്ലാത്രെ  ഭയങ്കര മധുരാണെന്നും  പറഞ്ഞീട്ട് . ഞാൻ കൊറേ ആശ്വസിപ്പിച്ചു  പാവം നിറുത്താതെ കരച്ചിലാണെട്ടാ  നിങ്ങള് ഒന്ന് പോയി പറിഞ്ഞേക്കിൻ .

   അല്ല .., ഈ മനുഷ്യൻ ഇങ്ങിനെയായാ   എന്താപ്പാ ചെയ്യാ ?, ലോകത്തുള്ള എല്ലാ ദു:ശ്ശീലങ്ങളുണ്ട്  ഇതെല്ലാം സ്വന്തം ശരീരത്തോട്ടല്ലേ  ഈ വലിച്ചു കേറ്റണത് . എന്നിട്ട് അതിന്റെ വല്ല അഹങ്കാരം ഉണ്ടോന്ന് നോക്ക്യേ.?
അത് പോട്ടെ  മേലനങ്ങി വല്ല പണി ചെയ്യുന്നുണ്ടോന്ന് നോക്ക്യേ  അസത്ത്?

              രക്തം പറേണത്  ഈ കുഴലുകളിൽ കൂടി ഒന്നും പോകാനേ പറ്റിണില്ലാത്രെ  ആകെ തിങ്ങി ഞെരുങ്ങി  എന്നാണാവോത്രെ  ഈ പൈപ്പൊക്കെ പൊട്ടിപ്പോകുന്നത് ?

    HDL , LDL  എന്നൊക്കെ ഏതോ കൊളസ്ട്രോലിന്റെ പേരോക്ക്യാ അവൻ പറയണേ അതില് ഈ HDL കൂടുതലായ  നല്ലതാന്നാ അവൻ പറയണേ പക്ഷേങ്കില് .., ,ഭാഗ്യം കൊണ്ട് അത് ഭയങ്കര കുറവാത്രെ .

   എന്നൂട്ടാപ്പോ .., ഈ കന്നാലീക്കൊണ്ട് ചെയ്യാ ? ഒരു വശത്തോട്ടും അവനെ തിരിച്ചു വെക്കാൻ പറ്റില്ലാട്ട . പിന്നെ വേറെ ആരാണ്ടൊക്കോ  അവിടെ വട്ടം കൂടി നിക്കണിണ്ട്ട്ടാ ,
പാങ്ക്രാസാ .., പാൻക്രിയാസാ.?, ഞമ്മക്കൊന്നും പേരേ പറയാൻ പറ്റിണില്ലാട്ടാ. അല്ല താരപ്പാ .., ഇമ്മാതിരി പേരുകളൊക്കെ ഇടണാവോ?

   എല്ലാവരുടേയും  പരാതി ഞാൻ കേട്ടു  സ്വയം നന്നായി നടക്കണന്ന്  ഈ കിഴങ്ങൻ വിചാരിക്കാത്തതിന്  എനിക്കെന്താ ചെയ്യാൻ കഴിയാ ?,

   അനുഭവത്തില് വന്നാലേ അവൻ പഠിക്കൂ  എന്തൂട്ടായാലും ഞാനൊരു പത്തു ദിവസം അങ്ങട് മയങ്ങി ക്കിടക്കാൻ പോവ്വാ  അവനെ തിരുത്താനായിട്ടുള്ള അവസാന ശ്രമം  ഈ കന്നാലി നന്നാവണെങ്കീ  നന്നാവട്ടെ .

  എന്നെക്കൊണ്ട് ഇത്രയൊക്കെ ചെയ്യാനേ പറ്റുള്ളൂ  സ്വയം നന്നാവണന്ന് അവനവന് തന്നേ തോന്നേണ്ടേ .?, തല്ലി പഴുപ്പിക്കാൻ പറ്റില്ലല്ലോ 

ഏച്ചു കെട്ടിയാൽ  അത് മുഴച്ചെന്നെ നിക്കൂന്ന്  ഈ കന്നാലി മനസ്സിലാക്ക്യാ അവനെന്നെ നല്ലത് .


    

0 അഭിപ്രായങ്ങള്‍