ഡാ .., ഉവ്വേ  ഇന്ന് ഡ്രൈ ഡേ ആണല്ലേ ?

    അതെന്താ  ഈ ഡ്രൈ ഡേ.?,  മഴയില്ലെങ്കിലും ഇപ്പെന്താ പ്രശ്നം .?

           മഴക്കല്ലാ  ഡ്രൈ ഡേന്ന് പറയണത്  മറ്റവൻ കിട്ടാത്ത ദിവസത്തിനാണ്.

 ഓ ..,  അപ്പൊ ഒന്നാന്തീകളും മറ്റവൻ കിട്ടത്തില്ലല്ലോ ?

        അത് ..,  വേറേ  നമ്മടെ ഗവണ്‍മെന്റ്  ഘട്ടം , ഘട്ടായിട്ട്  ആൾക്കാരെ നന്നാക്കാനുള്ള പരിപാടീടെ ഭാഗാണ് ,ഈ സിസ്റ്റത്രെ.

             ഫസ്റ്റ് .., ഒന്നാന്തീ  പിന്നെ സണ്‍‌ഡേകള് , അത് കഴിഞ്ഞ്  വിശേഷ ദിവസങ്ങള് .

       അതായത് .., ഓണം , ക്രിസ്തുമസ്സ് , ഈസ്റ്റർ  അങ്ങിനെ നിറുത്തി നിറുത്തി  ആഴ്ച്ചേല്  ഒരു ദിവസം മാത്രം മദ്യം കൊടുക്കും . അന്ന് കേരളത്തിന് മൊത്തം പൊതു അവധീം പ്രഖ്യാപിക്കും കാരണം എല്ലാവർക്കും ഈ സാധനം വാങ്ങി ഒരാഴ്ച്ചത്തേക്ക് സ്റ്റോക്ക് വെക്കേണ്ടേ .?

        അല്ല .., ഈ ഗവണ്‍മെന്റ് ജീവനക്കാർക്കൊക്കെ  ഒന്നാന്തീ ആണോ ശമ്പളം കിട്ടുന്നത് ?, സാധാരണ 28- ആം തീയ്യതി ഒക്കെ കിട്ടത്തില്ലയോ ? അല്ല എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാണേ .?

        പിന്നെ ഒരുമാതിരിപ്പെട്ട സ്ഥാപനങ്ങളൊക്കെ  28, 29., തീയ്യതികളിലൊക്കെയായി  ശമ്പളം കൊടുക്കാറുണ്ട് . ഇനീപ്പോ ചെറുകിട കമ്പനികളൊക്കെ ആണെങ്കീ ഒന്നാന്തീ,  ഒരിക്കലും ശമ്പളം കൊടുക്കാറൂല്ല്യാ അവരുടെ ശമ്പള ദിവസമെല്ലാം അഞ്ചാം തീയ്യതിക്ക് മേലെയായിരിക്കും .
 ദിവസക്കൂലിക്കാരാണെങ്കിൽ  വൈകുന്നേരത്തോട് കൂടി അവരുടെ കൂലിയും കിട്ടുന്നു .

    അപ്പോ .., ഈ ഒന്നാം തീതി മദ്യം  വിൽക്കാൻ  പാടില്ലാന്ന് പറേണേന്റെ ലോജിക്കെന്താ എന്റെ ചങ്ങായീ ?

    ആ ..., ഞമ്മക്ക് കൈ മലർത്താനെ പറ്റത്തുള്ളൂ 

     സംഗതി, ആ പോയിന്റ്  ഞാനിപ്പളാ ആലോചിച്ച് നോക്കീത്  പിന്നെ മാസത്തിലെ  ആദ്യ ദിനം എന്നതിൽ കവിഞ്ഞ്  എനിക്ക് ഒന്നാന്തിയോട് പ്രത്യേകിച്ച് ഒരു മമതയുമില്ല . പിന്നെ ചുഴിഞ്ഞ് നോക്ക്യാ കുറച്ചൊരു ഇഷ്ട്ടക്കേട്‌ ഉണ്ടുതാനും .

     കാരണം .., ഇരുപത്തിയെട്ടാം തീയ്യതിയോടുകൂടി ശമ്പളം കൈയ്യില് വരും  പിന്നെ അടുത്ത ശമ്പളത്തിനുള്ള ദിവസങ്ങൾ എണ്ണിത്തുടങ്ങലായി  അതിലെ ആദ്യത്തെ  നമ്പറ്കാരനല്ലേ ഓൻ  അതുകൊണ്ട് എനിക്ക് അത്ര വല്യ ഇഷ്ട്ടൊന്നും  ഇപ്പറയണ ഒന്നാം കാരനോടില്ല .

   അല്ലെങ്കിലും നമുക്കാ ചാർത്തിക്കിട്ടിയ പേരു മാത്രല്ലേ  ഉള്ളൂ ...
   അഭ്യസ്ഥവിദ്യരുടെ നാടെന്ന് ?  സത്യത്തില്  നമുക്കാ നെറ്റിപട്ടംച്ചുമക്കാനുള്ള  വല്ല യോഗ്യതയുണ്ടോ ? വെറുതങ്ങട് പഠിച്ചു കൂട്ടീട്ട് ഒരു കാര്യൂല്ലാന്ന്  പ്രാക്റ്റിക്കലായിട്ട്  എന്തെങ്കിലും ചിന്തിക്കാനുള്ള ബോധം വേണം .

             സംഗതി അതില് കുറച്ച് കഴമ്പുണ്ടിട്ടാ 

  അതേപോലെ സണ്‍‌ഡേ കിട്ടില്ലാത്രേ,  എന്തൊരു ഗതികേടാണപ്പാ മനുഷ്യൻ ആറ്  ദിവസം ജോലി ചെയ്തീട്ട്  സണ്‍‌ഡേ, ഫാമലീടൊപ്പം  ഒന്ന് ജോളിയായിട്ട് ഇരിക്കുമ്പോ  ഒരു രണ്ടെണ്ണം വീശീല്ലെങ്കി , അതിലെന്താണെടോ  ഒരു രസം .?

         ഇതിപ്പോ  ശനിയാഴ്ച  ജോലി കഴിഞ്ഞ് വന്നിട്ട് പോയി  ക്യു നിൽക്കണം ഞായറാഴ്ച്ച , അടിക്കാനായിട്ട് . അത് പെട്ടെന്ന് കിട്ടോ?  ഒടുക്കത്തെ ക്യു അല്ലേ  ഏതാണ്ട് പുതിയ  പടം റിലീസാവണ തിരക്കല്ലേ ?

       അപ്പൊ ശനിയാഴ്ച കുറച്ച് നേരത്തേ എറങ്ങാൻ നോക്കും  സംഗതി , പെർമിഷൻ ചോദിക്കുമ്പോ തന്നെ  നമ്മടെ ബോസ്സിന് കാര്യം മനസ്സിലാവും  പിന്നെ പുള്ളിക്ക് വന്ന് ക്യു നിക്കണ്ടല്ലോ ?

   ആ ..,ഒറ്റ  കാര്യത്തില് നമുക്ക് എല്ലാ ശനിയാഴ്ച്ചയും പെർമിഷൻ ..ഒക്കെ..

     ഈ .., ശനിയാഴ്ച്ച വാങ്ങി വീട്ട്യെ വെച്ചാല് വേറൊരു ദോഷണ്ട് 
 ചക്കരക്കുടം കിട്ട്യാല് ആരെങ്കിലും കൈയ്യിട്ട് നക്കാണ്ടിരിക്കോ ?

        അപ്പൊ എന്താവും .?

                   എന്താവാൻ ?, ശനിയാഴ്ച്ച  രാത്രി തൊട്ടെന്നെ അടി തൊടങ്ങും 

        ഇതിപ്പോ ഞായറാഴ്ച്ച  മാത്രം രണ്ടെണ്ണം വീശണ , എന്നേപ്പോലുള്ള ധാരാളം പേരെ  ബാധിക്കണ പ്രശ്നാണേ.

     ഞായറാഴ്ച്ച ,  ഒരു പതിനൊന്ന് മണിക്ക് നല്ല  പോത്തെറച്ചി  ഇങ്ങട് അടപ്പത്ത്  കറി  മസാലേല് കിടന്ന് .., ഗുളു ..ഗുളൂന്ന് വേവണ .., മണം ആസ്വദിച്ചീട്ട് ഒരു രണ്ടെണ്ണം .

                   ഒരു പ്രീ  ആപ്പിറ്റൈസറേ

              അപ്പൊ വിശപ്പങ്ങട് തള്ള്യാ വരും ...,വാടാ പോത്തേ .., നമുക്കൊരു കൈ നോക്കാടാന്നും പറഞ്ഞ് .  എന്നിട്ടാ  പാടത്തും , പറമ്പിലും , പിള്ളേര്യേം  കൊണ്ട് ഒരു വാക്കൌട്ട്,  ഒരാഴ്ചത്തെ മുഴുവൻ കാര്യങ്ങളും അവർക്ക്  പറയാനുണ്ടാവേ .

       വെച്ച ചെടികളൊക്കെ  നന്നായി വളർന്നോ.?, പൂവ് പൂത്തോ  ?, മാവ് കായ്ച്ചോ ?നെല്ല് കൊയ്തോ .?, കിളി വന്നോ ? അടക്കാ പക്ഷി കരഞ്ഞോ?, കഴിഞ്ഞാഴ്ച്ച കണ്ട പാടത്തത്ത  ഈയ്യാഴ്ച്ച  വീണ്ടും വന്നോ ?

     ഇതൊക്കെ അന്വേഷിക്കണ ഒരു നടത്തം പിള്ളേരാണെങ്ക്യെ , നമ്മടെ വാലേ തൂങ്ങി .

      എല്ലാ കാര്യങ്ങളും  അവര് നമുക്ക് നല്ല വള്ളി പുള്ളി വിടാണ്ട്   വിശദീകരിച്ചു തരും .

      അപ്പാ .., ദേ .., കഴിഞ്ഞാഴ്ച്ച  വന്ന നമ്മടെ ആ കിളീല്ല്യേ  അതിനെ കാണാല്ല്യാട്ടാ . പിന്നെ നമ്മടെ ആ  ചെന്തെങ്ങ്മ്മേ  കണ്ട കിളിക്കൂടില്ലേ.?, അതില് കിളി മുട്ടേ ട്ടു ....അപ്പാ ...

    മൂത്തോൻ .., പറഞ്ഞുകൊണ്ടിരിക്കുമ്പോ  താഴേള്ളോനും  വാശി കേറും അവൻ മാത്രം ഇങ്ങനെ ചറപറാ  സംസാരിച്ച് കൊണ്ടിരിക്കല്ലേ ?, ഇതൊക്കെ കേക്കുമ്പോ അവനും മൂച്ച് കേറും .

  സംഗതി ഒന്നും പറയാൻ അറിയില്ലെങ്കിലും എന്തേങ്കിലും പറയണല്ലോ.?

      അപ്പാ .., മ്മടെ കൊളത്തില്  ഞാൻ കുളിക്കാൻ ഇറങ്യപ്പോ  ആ മീൻ എന്നെ കടിക്കാൻ വന്നപ്പാ  പക്ഷേ .., ഞാനോടി ... നമുക്ക് അവനെ തല്ലണപ്പാ...

     നീ പേടിക്കേണ്ടടാ... , നമുക്ക്  അവനെ  പിടിച്ച്  നല്ല ഇരുമ്പൻ പുളിയും  തേങ്ങാപ്പാലും ചേർത്ത് കൂട്ടാൻ വെക്കാം .

  പിന്നെ .., മാവിന്റെ മറെല് വെച്ച്   മക്കള് കാണാണ്ട് ഭാര്യക്കൊരെണ്ണം.

          ''യേത് ''?

           ''ഒരു സ്മോളേ .

    ഇതെല്ലാം കഴിഞ്ഞ്  കുളത്തിലൊന്ന്  വിശാലമായി നീന്തിക്കുളിച്ച് വീട്ടിലോട്ട് കേറി ചെല്ലുമ്പോഴേക്കും  ബീഫെല്ലാം നന്നായി വെന്ത് ചാറെല്ലാം   കുറുകി  നല്ല കുമു കുമാ മണത്തോടെ റെഡി ആയിട്ടിണ്ടാവും.

   അതും .., നല്ല ആറ്റുമീൻ കുടംമ്പുളിയിട്ടു വറ്റിച്ചതും പിന്നെ , നാടൻ  കപ്പ  പച്ചമുളക് അരച്ചു ചേർത്തതും കൂട്ടി ഒരു പിടി പിടിച്ചാ  പിന്നെ വയറ് രണ്ടെണ്ണം ആയിട്ടേ നിറുത്തുള്ളൂ .

              അത് കഴിഞ്ഞ് വിശാലായൊരു ശയനം .

     ഇതൊക്കെല്ല്യെടോ നമ്മടെ ഒരു സണ്‍‌ഡേ സന്തോഷം ?, എന്നാ ഇതിപ്പോ ശനിയാഴ്ച്ച തന്നെ ഇനി  ഒരു ദിവസം കൂടി ലീവല്ലേ എന്ന് കരുതി അങ്ങട് വീശി തൊടങ്ങും  പിന്നെ ഈ സാധനം ശനിയാഴ്ച്ച തന്നെ വാങ്ങി വെക്കാണല്ലോ .?

      എന്നിട്ടെന്താ .., ഞായറാഴ്ച്ച ഒരു മൂഡും ഉണ്ടാവില്ല  ഹാങ്ങ്‌ ഓവർ , തലവേദന  അങ്ങിനെ എല്ലായി ആ ദിവസങ്ങട് വെറുതേ പൂവും .

             ഒന്നൂല്ലെങ്കെ  ഇതങ്ങ്ട് നിർത്താ .., ഒരു ദിവസം പോലും വേണ്ടാന്ന് .

    നമ്മളും കൂടി തിരഞ്ഞെടുത്തോര്  അവരുടെ ഇഷ്ട്ടത്തിനാ  ഇനി നമ്മള് കുടിക്കാൻ പാടുള്ളൂന്ന് പറഞ്ഞാല് .?

     ഇനീപ്പോ നമ്മടെ വോട്ടൊന്നും വേണ്ടാത്രേ  കുടിക്കണോരുടെ വോട്ടൊന്നും  വേണ്ടാന്നാ പറയണെ .

          ഈ .., കുടിക്കണോര്ന്ന് പറയുമ്പോ  വല്ലപ്പോഴും കുടിക്കണോരും പെടൂല്ല്യെ .?

     പിന്നെന്താ .., സംശയം?, കുടിക്കണോര്ന്ന്  പറയുമ്പോ  അതില് എല്ലാവരും പെടുന്നേ  അതില് ദിവസക്കണക്കും , മാസക്കണക്കും ഒന്നൂല്ല്യാന്നെ .

          അപ്പൊ പ്പിന്നെ ഇലക്ഷൻ ഇല്ലാണ്ടെന്നെ ഒരു പാർട്ടിക്ക് ജയിക്കാലോ ?

                 വിനാശകാലേ.., വിപരീത ബുദ്ധി .

   നമ്മടെ ആൾക്കാർക്കൊക്കെ ഒരു വല്യേ നിനപ്പുണ്ട്  അതായത്  നമ്മളൊക്കെ  ഭയങ്കര ബുദ്ധിക്കാരും  മറ്റുള്ളവരൊക്കെ  വെറും കിഴങ്ങൻമാരാണെന്നും 

    മറ്റുള്ളവരുടെ ബുദ്ധിയോ, കഴിവുകളോ, നമ്മളൊട്ട്  അംഗീകരിച്ചു  കൊടുക്കാറുമില്ല .

            അതെന്താന്ന് ചോദിച്ചാ  അത് മലയാളീടെ  മാത്രം ഒരു പ്രത്യേകതയാ.

                തിന്നൂല്ലാ ..., തീറ്റിക്കൂല്ല്യാ .

            അല്ലെങ്കി  ലോകത്ത് എവിടെയെങ്കിലും  ഇത്തരമൊരു  നാട്ടു നടപ്പ് കേട്ടു കേൾവി പോലുമുണ്ടോ .?

             ഒന്നാന്തീം , ഞായറാഴ്ച്ചകളും  മദ്യം കൊടുക്കകേലാന്ന് 

             ഇതിനൊക്ക്യാ  ഈ ബല്യേ .., ബല്യേ.., ആൾക്കാര്  പറേണത്..

               ഏത് കാര്യത്തിനും ഒരു ലോജിക്ക് വെണന്ന് .,

              യേത് ...?

               ലോജിക്കേ ....!


0 അഭിപ്രായങ്ങള്‍