എനിക്കീ ഭൂത പ്രേതങ്ങളിൽ ഒന്നും ഒരു വിശ്വാസവുമില്ലെന്ന് അവരുടെ അസാന്നിദ്ധ്യത്തിൽ ആണയിടാമെങ്കിലും സത്യം അതല്ല എനിക്കീ പ്രേതത്തിന്റെ പ്രേ ...കേട്ടാത്തന്നെ  പേടിയാ .

   സ്വപ്നങ്ങളിൽ ഒരു പാട് പ്രേതങ്ങളെ കണ്ട് ഞാൻ ഓടിയിട്ടുണ്ടെങ്കിലും , ജീവിതത്തിൽ നേരിട്ട് ഒരു അനുഭവം ആദ്യായിരുന്നു.

 അന്ന് ഞാൻ ഓടി ,  ഒന്നല്ല , അതൊരു  ഒന്നൊന്നര ഓട്ടം തന്നെയായിരുന്നു  .

 എന്റെ അമ്മ വീടിനടുത്ത്  വലിയൊരു  കശുമാവും തോപ്പുണ്ട് . അതിന്റെ നടുവിലൂടെ നീണ്ടു കിടക്കുന്ന ഒരു ചെമ്മണ്‍ പാതയും  ഈ പാതയുടെ അങ്ങേ അറ്റത്ത്‌  കോൾ പാടങ്ങളാണ് .

  വർഷങ്ങൾക്ക് മുൻപ്  ഈ വശത്തൊന്നും യാതൊരു ആൾ താമസവുമില്ല. മാത്രമല്ല ആൾക്കാര് പോണതും  വളരെ അപൂർവ്വം. രാവിലെയും , വൈകീട്ടും  പാടത്ത് പണിയെടുക്കുന്ന പണിക്കാർ മാത്രം .

   പിന്നെ യക്ഷീനെ പിടിക്കാൻ പോയി അവസാനം യക്ഷി പിടിച്ചു കൊണ്ട് പോയ കൊറേ വിഡ്ഢികളും ,  അപൂർവ്വമായി പോകുന്ന ചില വഴിയാത്രക്കാരും  ഒഴിച്ചാൽ  മിക്കവാറും ആ ചെമ്മണ്‍ പാത ശൂന്യമായിരിക്കും .

  അതങ്ങനെ  ഡ്രാക്കുള കോട്ടയിലേക്കുള്ള വഴി കണക്കെ  ആ കശുമാവിൻ തോപ്പിനു  നടുവിലൂടെ നീണ്ടു പുളഞ്ഞങ്ങു കിടക്കും   .

  അമ്മേടെ  വീട്ടുകാര്  കൃഷിക്കാരാ   കോൾ പാടത്ത് ഏക്കറു കണക്കിന് ഭൂമിയിൽ അവർ കൃഷിയിറക്കുന്നുണ്ട് .

  സ്കൂൾ വെക്കേഷൻ കാലത്തെ  ഏറ്റം വല്യാ സന്തോഷാ ഇവിടേക്ക് വരണത്   എന്റെ സമപ്രായക്കാരായ ധാരാളം കുട്ടികളും ഇവിടെയുണ്ട്   .

   അവരുടെ കൂടെ പാടത്തും തൊടിയിലുമൊക്കെ  മദിച്ചും , മീൻപിടിച്ചും  നടക്കാൻ പറ്റിയ സമയാ  അവധിക്കാലം,

  അതിന്റെകൂടെ  തലവേദന പിടിക്കണ ചില  ജോലികളും നമുക്ക് കിട്ടും  ആടിനെ നോക്കാ  അവറ്റക്കുള്ള പുല്ല് പറിക്കാ  ,  നെല്ല് കോഴി കൊത്താണ്ട് നോക്കാ .

  ഇന്നാള് ഇതേപോലെ നെല്ല് നോക്കിക്കൊണ്ടിരിക്കുമ്പോഴാ അപ്പറത്തെ ശാരാധേടത്തീടെ പൂവൻ ചിഞ്ചു നെല്ല് കൊത്തിത്തിന്നണത് , ഞാൻ അവിടിരിക്കണ വിചാരം പോലും അവനില്ല ഏതാണ്ട് ശാരദേടത്തീ ഒണക്കാൻ ഇട്ട നെല്ല് പോല്യാ അവന്റെ തീറ്റ .., അഹങ്കാരം

   വെറുതേ കല്ലെടുത്ത് ഒരേറ് എറിഞ്ഞതാ , കൃത്യം ചിഞ്ചുന്റെ തലേല് , അല്ലെങ്കീ ഒരു മാങ്ങ എറിയാൻ നോക്ക്യാ ഒരു ദിവസം മുഴുവൻ നിന്ന് എറിഞ്ഞാലും കൊള്ളാത്ത എന്റെ ഉന്നാ

   ചിഞ്ചു എന്നെ ഒന്ന് നോക്കി എന്നിട്ട് ശാരദേടത്തീടെ വീട്ടിലേക്ക് നോക്കി എന്നേ കൊന്നേ ന്നും പറഞ്ഞ് ഒരു കൂവല് , എന്നിട്ട്  ദേ കിടക്കണൂ വെട്ടിയിട്ട പോലെ താഴെ , ചിഞ്ചുന്റെ ബോധം പോയതാ

   ശാരദേടത്തി കണ്ടാ അതേ പോലെ എന്റെ ബോധോം കളയും.

    ''മോനേ ചിഞ്ചുന്റെ കരച്ചിലല്ലേ കേട്ടത് , മോൻ കണ്ടാ ''?

  എന്റെ കൈയ്യും കാലും കിടന്ന് വിറക്കാ .., ശാരദേടത്തീടെ ഭർത്താവ് അസ്സല് ഒരു റൗഡിയാ , പേര് സുഗുണൻ   , പേരില് മാത്രേ ഉള്ളൂ ആള് അസ്സല് ഒരു ദുർഗുണനാ . എന്തോ കാര്യത്തിന്  ഒരു പോലീസുകാരനെ ഒറ്റ ഇടിയാത്രെ ആ ഇടിയോട് കൂടി പോലീസുകാരന്റെ നടു വളഞ്ഞു പോയി ഇപ്പൊ അയാള്ക്ക് അസ്സല്  കൂനാ.

  ഇന്നാള് കണ്ടപ്പോ പോലീസുകാരൻ ചോദിച്ചതാ എന്തിനാ എന്റെ സുഗുണാ എന്നെ ഇങ്ങനെയാക്കിയത് , അന്നാ ഞാൻ ശരിയാക്കിത്തരാന്നും പറഞ്ഞ് സുഗുണൻ കൈയും ചുരുട്ടി ചെന്നതാ പാവം പോലീസുകാരൻ ആ കൂനും വെച്ച് ഓടി രക്ഷപ്പെട്ടു ഇല്ലെങ്കീ ചിലപ്പോ സുഗുണൻ ബാക്കിലാവും ഇടിക്കാ അപ്പോപ്പിന്നെ ആകാശോം നോക്കിയാവും നടക്കേണ്ടി വരാ.

  സുഗുണൻ ഇടിച്ചാ എനിക്ക് കൂനാവില്ല എന്റെ കാറ്റാവും പോവാ   അല്ലെങ്കി തന്നെ സുഗുണൻ അവിടെ ഉണ്ടെന്ന് കേട്ടാത്തന്നെ ആ ഭാഗത്തേക്ക് നോക്കത്തോനാ  ഞാൻ , കുട്ടികളൊക്കെ വാശിപിടിച്ച് കരയുമ്പോ സുഗുണൻ അങ്കിള് വരൂന്ന് പറഞ്ഞാ പേടിപ്പിക്കാ .

    ''ഞാൻ കണ്ടില്ല ശാരദേടത്തി'' എന്റെ വെപ്രാളം കണ്ടപ്പോ ചേടത്തിക്ക് എന്തോ സംശയം പോലെ . ചേടത്തി പോയ വശം ഞാൻ ചിഞ്ചുന്റെ തലേല് കുറച്ച് വെള്ളം തെളിച്ചു നോക്കി ഒരു രക്ഷീല്ല , അപ്പളാ നമ്മുടെ തെങ്ങു കാരൻ വറീതേട്ടൻ വന്നത്.

  ഇത് നമ്മടെ ശാരദേടത്തീടെ ചിഞ്ചു അല്ലേ എന്താ പറ്റീത് ?.

''അറിയില്ല ചേട്ടാ ഇവിടെ  വന്നപ്പോ പെട്ടെന്ന് തല ചുറ്റി വീണതാ ''.

   ''നീ അതിനെ ഇങ്ങട് എടുത്തേ ഞാൻ കൊണ്ടോയി കറി വെച്ച് തിന്നോളും ''.

  അത് കേട്ടതും ചിഞ്ചു ഒറ്റ ഞെട്ട് , ഇനീം ബോധം കെട്ട് കിടന്നാ കൂട്ടാൻ കലത്തില് ആവൂന്ന് മനസ്സിലായതോടെ ചിഞ്ചു കൂകി വിളിച്ച് ശാരദേടത്തീടെ വീട്ടിലേക്ക് ഓടി .
       
  അപ്പളാ എന്റെ ശ്വാസം നേരേ വീണത്.  

  ഈ വക ജോലി  ചെയ്യാൻ എനിക്കത്ര  സന്തോഷമൊന്നുമില്ലെങ്കിലും  അമ്പതു പൈസയും , ഒരു രൂപയും ഒക്കെ വാഗ്ദാനം ചെയ്ത് അവരെന്റെ വീക്ക്‌പോയിന്റ്   കണ്ടമാനം  ചൂഷണം ചെയ്തിരുന്നു .

  വേറൊരു രീതിയിൽ പറഞ്ഞാൽ    അന്നേ ഞാൻ  ജോലി ചെയ്ത് സ്വയം  സമ്പാദിച്ചിരുന്നു എന്നും  വേണമെങ്കിൽ അതിനെ പുന:നിർവ്വചനം ചെയ്യാം അതായത് സ്വയം പര്യാപ്തൻ .

 അങ്ങനെയിരിക്കേ ഒരു ദിവസാ ഇടിത്തീ പോലെ ആ ഉത്തരവാദിത്തം  എന്റെ തലേല് വന്ന് വീണത് .

 സാധാരണ കോൾ പാടത്ത് പണിയെടുക്കുന്നവർക്കുള്ള ഉച്ച കഞ്ഞി വീട്ടിൽ  നിന്നും കൊടുത്തയക്കുകയാണ് പതിവ് . എന്നാൽ അന്ന് സാധാരണ കഞ്ഞി കൊണ്ട്  പോകാറുള്ള പണിക്കാരൻ വരാത്തകാരണം  അത് നമ്മടെ   തോളിലായി.

  പാടത്തേക്ക് പോകണമെങ്കില്   വിശാലമായ ഈ കാശുമാവിൻ തോപ്പിലൂടെ   കടന്നു പോണം .

  അക്കാലത്ത് പല കഥകളും  ഈ കശുമാവിൻ തോട്ടത്തെപ്പറ്റി  ഞങ്ങൾ കുട്ടികളുടെ  ഇടയിൽ നില നിന്നിരുന്നു .

  കശുമാവിൻ തോട്ടത്തിന്റെ നടുവിൽ  ഒരു വലിയ ഏഴിലം പാലയുണ്ടെന്നും ,  അതിൽ ഒരു യക്ഷിയുണ്ടെന്നും  നട്ടുച്ച നേരത്ത് ആ വഴി വരുന്നവരെ യക്ഷി ചുണ്ണാമ്പു  ചോദിച്ചു നിറുത്തുമെന്നും  തിരിഞ്ഞു നോക്കിയാൽ രക്തം കുടിച്ചു  കൊല്ലുമെന്നുമെല്ലാം .

  നട്ടുച്ച നേരത്തു മാത്രമേ യക്ഷി ആക്രമണകാരി ആവുകയുള്ളൂത്രെ  ഒരു പക്ഷേ .., ആ സമയത്തായിരിക്കും യക്ഷിക്ക് ദാഹിക്കണത്  ,  പിന്നെ യക്ഷി നന്നായി പാടൂത്രേ .

  ഒരു പ്രാവശ്യം നമ്മുടെ കറവക്കാരൻ ഗോപാലേട്ടൻ യക്ഷീടെ പാട്ട് കേട്ടിട്ട് കൂടെ പാടാൻ പോയീത്രേ , പാടി പാടി യക്ഷി നാഗവല്ലി ആയി മാറീത് ഗോപാലേട്ടൻ അറിഞ്ഞില്ല  . ആള്  പാട്ടില് ലയിച്ച്  കണ്ണടച്ചിരുന്ന് യേശുദാസായി  പാടായിരുന്നു കണ്ണ് തുറന്ന ഗോപാലേട്ടൻ യക്ഷീനെ കണ്ടവശം   നിന്ന  നിൽപ്പിൽ മൈക്കൽ ജാക്സനായി മാറി എന്നിട്ട് ദാ കിടക്കണൂ വെട്ടിയിട്ട പോലെ താഴെ  .  പാവം പേടിച്ച് വടിയായിപ്പോയി.

  ഗോപാലേട്ടന്റെ രക്തം കുടിച്ചിട്ടും  മതി വരാണ്ട് യക്ഷി ഗോപാലേട്ടൻ വിക്കാൻ കൊണ്ട് പോയ പാലും എടുത്ത് കുടിച്ചൂത്രേ. എന്താ  രക്തം കുറവെന്നും ചോദിച്ചിട്ട്  ഗോപാലേട്ടനെ യക്ഷി കുറെ ഉപദ്രവിച്ചൂ.   ഞാൻ പോയിട്ട് കുറെ രക്തം കുടിച്ചിട്ട് വരാന്നും പറഞ്ഞ് ഗോപാലേട്ടൻ ഒരു നമ്പറിട്ടു നോക്കീതാ  പക്ഷേ ഏറ്റില്ല.

  അതുപോലെ അനുരാഗ പരവശരായി ആ പാട്ടിന്റെ ഉറവിടം തേടിപ്പോയ പലർക്കും   എട്ടിന്റെയല്ല  പത്തിന്റെ പണിയാ യക്ഷി കൊടുത്തിട്ടുള്ളത്  അവരെയൊന്നും പിന്നെ ആരും കണ്ടിട്ടില്ലത്രേ.

  അതുപോലെ തന്നെ യക്ഷിയെ കൊണ്ടേ വരൂ  എന്ന് വീര വാദം മുഴക്കി വീര ചരമം പ്രാപിച്ച മണ്ടന്മാരും നിരവധി .

    ചില വിഡ്ഢികള്   ചുണ്ണാമ്പു ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ  അതി സുന്ദരിയായ യുവതിയെക്കണ്ട് പ്രേമ വിവശരായെന്നും  , ചുണ്ണാമ്പു കൊടുത്ത ശേഷം, വെറ്റിലയും വേണോന്ന് ചോദിച്ചൂത്രേ , ചുണ്ണാമ്പു മാത്രം മതീന്നും പറഞ്ഞ് യക്ഷി ഒറിജിനൽ രൂപം കാണിച്ച വശം നിന്ന നില്പിൽ വാദിയായിപ്പോയവരും ധാരാളം . 

 ഒരു പ്രാവശ്യം യക്ഷീനെ കൊണ്ടേ വരൂന്നും പറഞ്ഞ് വീരവാദം മുഴക്കി പോയതാ ജിമ്മൻ വാസു , പിന്നെ ജിമ്മൻ വാസൂനെ കൊണ്ട് വരാൻ ആള് പോവേണ്ടി വന്നു

  മസിലൊക്കെ കാട്ടി യക്ഷീനെ കൊണ്ടേ വരത്തുള്ളൂന്നും പറഞ്ഞ് വീമ്പിളിക്കി പോയതാ പാവം രണ്ട് ദിവസം ഒളിച്ചിരിക്കായിരുന്നു. അന്ന് യക്ഷീനെ കണ്ട്   പേടിച്ച പേടിയാ അത്  ഇത് വരേക്കും മാറീട്ടില്ല വാസൂന്റെ മസിലു വരെ പേടിച്ചു വാസൂനെ വിട്ട് പോയി  ഇപ്പൊ മസിലില്ലാത്ത വെറും വാസു ആയി.

 അന്ന് വാസൂനെ എടുത്തോണ്ട് വരുമ്പോ വാസൂന് ബോധോം ഉണ്ടായിരുന്നില്ല , ബോധം ഉണ്ടായിരുന്നില്ലെങ്കിലും വാസു മുണ്ടീക്കൂടെ  മൂത്രം ഒഴിച്ചുകൊണ്ടേ ഇരിക്കായിരുന്നു  പേടിച്ചിട്ട്.

  വാസു നാട്ടുകാരോട് പറഞ്ഞത് യക്ഷീനെ പിടിക്കാൻ പാലമരത്തില് കയറിയപ്പോ കാല് തെറ്റി വീണകാരണം ബോധം പോയതാന്നാ , സത്യത്തില് യക്ഷീനെ കണ്ടവശം തന്നെ വാസൂന്റെ ബോധം പോയീത്രെ . യക്ഷി കൊറേ ചോര കുടിക്കാൻ നോക്കീതാ പക്ഷേ വാസു ജിമ്മില് പോയി മസില് ഒക്കെ ഉറച്ചിരിക്കണ കാരണം ചോര കിട്ടിയില്ല അങ്ങനെ യക്ഷി ഉപേക്ഷിച്ച കാരണാ വാസു രക്ഷപ്പെട്ടത്.

 അതോടെ വാസു നാട് വിട്ട് പോയി പാലമരം ഇല്ലാത്ത സ്ഥലം അന്വേഷിച്ച് അവസാനം പാലായിലാ എത്തീത് , പേര് കേട്ടോടനെ വാസൂന് ഹാർട്ട് അറ്റാക്ക് വന്നൂന്നാ കേട്ടത്.

 പട പേടിച്ച് പന്തളത്ത് പോയപ്പോ പന്തളത്ത് പന്തം കൊളുത്തിപ്പടാന്ന് പറഞ്ഞ പോലെ ആയി , പാലയില്ലാത്ത സ്ഥലം അന്വേഷിച്ച് അവസാനം ഗൾഫിലേക്ക് പോയീന്നാ കേട്ടത് .
                   
 ഈ വക കാര്യങ്ങളൊക്കെ   ഞാൻ  കരഞ്ഞു പറഞ്ഞെങ്കിലും  ഒരു ദാക്ഷിണ്യവും ഇല്ലാണ്ടാ അവരെന്നോട്  കഞ്ഞി കൊണ്ട് കൊടുക്കാൻ പറഞ്ഞത് .

 എന്നെ യക്ഷിക്ക് ബലി കൊടുത്തേ അടങ്ങൂ എന്ന വാശിയിലാ.

  പിന്നെ  ഇതൊക്കെ വെറും  കെട്ടു കഥകളല്ലേ  നീ ഉശിരുള്ള  ആണ്‍കുട്ടിയല്ലേ   എന്നൊക്കെപ്പറഞ്ഞ്  അവരെന്റെ  ആണത്തത്തിന്റെ തായ്‌വേരിലും കത്തിവെച്ചു  .

  ഇതൊക്കെ കേട്ടപ്പോ എനിക്കും ഒരു ധൈര്യം യക്ഷിയല്ല മറുത വന്നാലും ഒരു കൈ നോക്കാന്നുള്ള ലൈൻ , ഞാൻ  കടമറ്റത്ത് കത്തനാരായപോലെ എനിക്കെന്നെ ഒരു തോന്നല്.

 അത് മാത്രമല്ല .., ഈ കഞ്ഞി പണിക്കാർക്ക് കൊണ്ട് കൊടുത്താൽ  ഇരുപത്തിയഞ്ച്  ഉറുപ്പിക തരാം എന്നുള്ള മോഹന വാഗ്‌ദാനത്തില് ഞാൻ തലേം കുത്തി വീണു.   പാതി മനസ്സോടെയാണെങ്കിലും  ജീവൻ പണയം വെച്ചുള്ള ഈ കളിക്ക് ഞാൻ തയ്യാറായി  .

   പണം മനുഷ്യനെ പ്രലോഭിപ്പിക്കുന്നു എന്ന് പറയുന്നത് എത്ര ശരിയാ  വെറും ഇരുപത്തിയഞ്ച്  ഉറുപ്പികക്ക്  ഞാൻ എന്റെ ചോര  യക്ഷിക്ക് വിറ്റു .

  ഒറ്റക്ക് പോകുന്നവരെയാണ് യക്ഷിക്ക് കൂടുതൽ ഇഷ്ടാത്രെ . അതെന്താണെന്ന് . യക്ഷിയോട് തന്നെ ചോദിക്കേണ്ടി വരും .

 അത്  ഇതു വരെ ചോദിക്കാൻ ആർക്കും ധൈര്യമില്ലാത്തതു കൊണ്ടും  ചോദിക്കാൻ പോയവർ അതിന്റെ ഉത്തരം കൊണ്ട് തിരച്ചു വരാത്തതു കൊണ്ടും  അതൊരു ഉത്തരമില്ലാത്ത സംശയമായിത്തന്നെ അവശേഷിക്കുന്നു .

 ആദ്യമൊക്കെ കുറച്ച് ധൈര്യം തോന്നിയെങ്കിലും കശുമാവും തോപ്പ് എത്തിയതോടെ ചെറുതായിട്ട് വിറ തുടങ്ങ്യ പോലെ.

  കള്ള് ചെത്താൻ സൈക്കിളില് പോണ പാക്കരൻ ചേട്ടനാ ചോദിച്ചേ.

   ''എങ്ങടാ ഡാ ഈ സമയത്ത് ''.

     ''കഞ്ഞി കൊണ്ട് പോവാ''.

   ''ഒറ്റക്കാ .., കശുമാവും തോപ്പികൂടിയാ''

  അതേന്ന് പറയലും   അങ്ങേര് ഏതാണ്ട് ഡ്രാക്കുളെനെ കണ്ട നായേരെ കൂട്ട്  ഒറ്റ ഓളി.

  എന്റെ അടിവയറ്റിന്ന് ഒരു കിളി പറന്ന് പോയ പോലെ , വഴീല് നിക്കായിരുന്ന മമ്മദിന്റെ പട്ടി ചിങ്കു വേറേതോ നായ കടിക്കാൻ വരാന്നും വിചാരിച്ച് ഓടി .., പിന്ന്യാ ചിങ്കുന് മനസ്സിലായത് അത് പാക്കരൻ ഓളിയിട്ടതാന്ന് .

 ഒറ്റക്ക് പോകാനുള്ള പേടികൊണ്ട്  കുറെപ്പേരുടെ കാലു ഞാൻ പിടിച്ചു . പക്ഷേ ജീവനിൽ കൊതിയുള്ള ഒറ്റ ഒരുത്തനും എന്റെ കൂടെ വന്നില്ല .  അവസാനം പത്തുരൂപാ  വരേയ്ക്കും ഞാൻ ഓഫർ ചെയ്തതാ  എന്നിട്ടും ഒരാൾ പോലും വരുന്നില്ല .

 പത്തുരൂപയേക്കാൾ  വില അവരുടെ ജീവനുണ്ടെന്ന് അവർക്ക് തോന്നിക്കാണണം . എന്റെ പോലെ , ചോര   യക്ഷിക്ക് വിൽക്കാനുള്ള വിവരദോഷ മൊന്നും  അവര് കാണിച്ചില്ല .

 അന്ന്  ആകെ ഒരു കരിദിനം പോലെ  . ഒരാളും തന്നെ എന്റെ വിലാപം കേൾക്കണില്ല.  നേരമാണെങ്കിൽ പോകുന്നു  സമയത്തിന് ഉച്ച ഭക്ഷണം കൊടുത്തില്ലെങ്കി അത് .., അതിലും വലിയ പൊല്ലാപ്പാകും  ഒന്നിനു പകരം ഒരു പാട് യക്ഷികൾ എന്റെ ചോര കുടിക്കാനായി വരും .

 ഏതായാലും എന്റെ ജീവിതം യക്ഷിക്ക് ഉഴിഞ്ഞു വെച്ചൂന്ന്  എനിക്കുറപ്പായി .

 അവസാനം രണ്ടും കൽപിച്ച്‌  ഞാനാ അതിസാഹസം നടത്തി . വഴിയിലെങ്ങും ഒരു ഈച്ച കുഞ്ഞു പോലുമില്ല . ഇരു വശത്തും കശുമാവ് മരങ്ങൾ   വരാൻ പോകുന്ന ഭീകര ദൃശ്യങ്ങൾ  കാണാൻ കരുത്തില്ലാതെ കണ്ണുകളടച്ച്‌ നിൽക്കുന്ന പോലെ

 സകല ഈശ്വരൻമാരേയും വിളിച്ചു കൊണ്ട്  ഞാൻ വേഗത്തിൽ നടന്നു  , എന്നാൽ വിചാരിച്ച അത്രെ വേഗത നടത്തത്തിനു കിട്ടുന്നില്ല  കാലുകൾക്ക് ഭാരം ഏറുന്നു ,ശരീരമാണെങ്കിൽ മുന്നോട്ട് നീങ്ങാത്തത് പോലെ .

 അടുത്ത ഏതു നിമിഷവും ''ചുണ്ണാമ്പുണ്ടോ ....'' എന്നുള്ള യക്ഷിയുടെ ചോദ്യം  എന്റെ കാതുകളിൽ വന്നലക്കും .

 എന്റെ കൈയ്യിൽ ചുണ്ണാമ്പ് ഇല്ലെങ്കിലും യക്ഷി എന്നെ വിടത്തില്ല  യക്ഷിക്ക് ചുണ്ണാമ്പ് അല്ലല്ലോ  ആവശ്യം .

 അല്ലെങ്കീ കുറച്ച് ചുണ്ണാമ്പ് തോമാസേട്ടന്റെ പലചരക്ക് കടേന്ന് വാങ്ങി വെക്കായിരുന്നു . ഒന്നും ഇല്ലെന്ന് പറഞ്ഞാ  യക്ഷിക്ക് ദേഷ്യം വന്ന് ചിലപ്പോ വല്ലാണ്ട് ഉപദ്രവിക്കും , ചുണ്ണാമ്പ് കൊടുത്താ ചിലപ്പോ വേദനിപ്പിക്കാണ്ട് രക്തം കുടിച്ചോളും .

എന്തിനാണാവോ   യക്ഷിക്ക് ചുണ്ണാമ്പ് മാത്രം ..,ഇനി ഇപ്പൊ ചുണ്ണാമ്പ് മേലൊക്കെ തേച്ച്  വേവിച്ചിട്ട് ചോര സൂപ്പാക്കി കുടിക്കാനാവോ?.

 യക്ഷി   എന്റെ രക്തം  കൂടുതൽ പഞ്ചസാരയിട്ട് ജൂസ് കുടിക്കണ പോലെ കുടിക്കും  ഇളം ബ്ലഡല്ലേ   നല്ല രുചി കാണും .

ആലോചിച്ചിട്ട്  എനിക്കെന്നെ കൊതിയാവണ പോലെ .

 ഈശ്വരാ  രക്തം വലിച്ചു കുടിക്കുമ്പോ നന്നായി വേദനയിടുക്കാവോ  ..? ആവോ ..?, നീണ്ട കോമ്പല്ലു  കഴുത്തിൽ കുത്തിയിറക്കിയാ രക്തം വലിച്ചു കുടിക്കാ  അപ്പൊ തീർച്ചയായും വേദനിക്കും  . ഇന്നാള് മലേറിയ പനി  ടെസ്റ്റ് ചെയ്യാൻ  സൂചി കൊണ്ട് കുത്തിയപ്പോ  ബോധം കെട്ട് വീണോനാ ഞാൻ .

 ഏതു കഷ്ട്ടകാലം നേരത്താണോ ഇറങ്ങാൻ തോന്നിയത് ?എന്തെങ്കിലും നുണ  പറഞ്ഞ് മുങ്ങിയാ  മതിയായിരുന്നു .വെറുതേ ഈ അതിസാഹസം കാണിക്കേണ്ടിയിരുന്നില്ല.

 തിരിച്ചു പോയാലോ ..?, അയ്യോ .., വയ്യ...., തിരിയാൻ പറ്റുന്നില്ല .., തിരിഞ്ഞാൽ  .. ഒരു പക്ഷേ,.യക്ഷി പിന്നിലുണ്ടെങ്കിലോ ?, ചുണ്ണാമ്പ് ചോദിക്കേണ്ട ആവശ്യമേ  യക്ഷിക്ക് വരത്തില്ല . അതിനുമുന്നേ പേടിച്ച് എന്റെ കാറ്റ് പോവും .

  ഏതായാലും എന്റെ കഥ കഴിഞ്ഞു രക്തമെല്ലാം ഊറ്റിക്കുടിച്ച് കൊറ്റനായ എന്നെ  ഹാംഗറിൽ ഷർട്ട് തൂക്കുന്ന മാതിരി യക്ഷി പാലമരത്തിൽ തൂക്കിയിടും .

 എനിക്ക് മൂത്രമൊഴിക്കാൻ വരണ   പോലെ , പക്ഷേ .., നിൽക്കാൻ പേടി , അവസാനം സഹിക്കാൻ പറ്റാണ്ട് ഞാൻ നിന്നു പക്ഷേ എന്തു വന്നാലും മൂത്രം പോകുന്നില്ല , മൂത്രത്തിനും പേടി ഇനി യക്ഷിപിടിച്ചാലോന്ന്.

 എങ്ങിനെയെങ്കിലും കശുമാവും തോട്ടം കടന്നു കിട്ടണം .

 ഇനി നൂറു രൂപാ തരാമെന്നു പറഞ്ഞാലും  ഞാനീ പണിക്കില്ല . എങ്ങിനെയെങ്കിലും ജീവനോടെ തിരിച്ചെത്തിയാൽ മതി വീട്ടിലേക്ക് വണ്ടി പിടിക്കണം  അമ്മ വീട്ടിലെ പൊറുതിയെല്ലാം ഇന്നത്തോടെ മതി . അല്ലെങ്കിലും ഒരു മനസ്സാക്ഷിയും ഇല്ലാതല്ലേ  അവരെന്നെ  യക്ഷിയുടെ വായിലേക്ക് പറഞ്ഞയച്ചത് .

  പേടി മാറാൻ സ്വർഗ്ഗസ്ഥനായ പിതാവും  നന്മ നിറഞ്ഞ മറിയവും  ഉറക്കെ ചെല്ലുന്നുണ്ടെങ്കിലും  ഒന്നും പുറത്തേക്ക് വരുന്നില്ല . സ്വർഗ്ഗസ്ഥനായ പിതാവ് പകുതിയാകുമ്പോഴേക്കും , നന്മ നിറഞ്ഞ മറിയമേ കടന്നു വരും  പിന്നെ രണ്ടും കൂടി ചേർന്നുള്ള പുതിയൊരു  പ്രാർത്ഥന .

 കശുമാവും തോപ്പ്  ഏതാണ്ട് പകുതിയോളം കഴിഞ്ഞിരിക്കുന്നു  ഇതു വരെ യക്ഷി  ചുണ്ണാമ്പ് ചോദിച്ച്  വന്നില്ല . ഇനീപ്പോ യക്ഷി ഒറങ്ങാവോ ? അതോ  ഞാൻ ചെറിയ കുട്ടിയായതു കൊണ്ട്  പാവം തോന്നി വെറുതെ വിട്ടതാവോ  ..?.

 അതോ ഇനി എന്നെപ്പിടിച്ച് ഞെക്കിപ്പിഴിഞ്ഞാലും യക്ഷിക്ക് ദാഹം തീർക്കാൻ പോയിട്ട്  ചുണ്ട് നനക്കാനുള്ളതു കൂടി കിട്ടില്ലെന്ന് കണ്ടിട്ട്  മിണ്ടാതിരിക്കുന്നതാണാവോ  ?.

 ഏതായാലും യക്ഷിയെപ്പേടിച്ച്  മാറി നിന്ന ധൈര്യം  ഇപ്പോ കുറേശ്ശെ , കുറേശ്ശെ  വരുന്നുണ്ട് .

 അകലെ കോൾപ്പാടം കാണുന്നുണ്ട്  രക്ഷപ്പെട്ടു  എന്ന് മനസ്സിൽ പറഞ്ഞ അതേ നിമിഷത്തിലാ  പിന്നിൽ നിന്ന്   ചിലങ്കയുടെ സ്വരം .

 എന്റെ കാലുകളിൽ ആരോ കൂച്ചു വിലങ്ങിട്ടിരിക്കുന്നു  അനങ്ങാനാകുന്നില്ല  പതുക്കെ അടുത്തു കൂടിയ ധൈര്യം നൂറു കിലോ മീറ്റർ സ്പീഡിൽ  എന്നെ വിട്ട് ഓടിപ്പോയി .

 ചിലങ്കയുടെ ശബ്ദം അടുത്തടുത്തു വരുന്നു  , യക്ഷി ഇതാ തൊട്ടടുത്ത് എത്തി ക്കഴിഞ്ഞിരിക്കുന്നു  അടുത്ത ഏതു നിമിഷവും ചുണ്ണാമ്പു ചോദിക്കാം   ഏതു നിമിഷവും .., ആ കോമ്പല്ലുകൾ എന്റെ കഴുത്തിൽ ആഴ്ന്നിറങ്ങാം .

 ഞാൻ കരയാൻ  വാ തുറന്നു .., പക്ഷേ  ശബ്ദം പുറത്തേക്ക് വരുന്നില്ല  കോമരം തുള്ളുന്ന മാതിരി ഞാൻ പേടികൊണ്ടു വിറക്കുകയാണ് .

 സ്വർഗ്ഗസ്ഥനായ പിതാവേയിൽ ..., ഇപ്പോ .., സ്വ .., സ്വ .., എന്നു മാത്രമേ വായിൽ നിന്നും  പുറത്തേക്ക് വരുന്നുള്ളൂ  ഞാൻ വിക്കനായി.

  തൊട്ടു പിന്നിൽ  ആ തണുത്ത സ്വരം "ചുണ്ണാമ്പുണ്ടോ ..."?

   ''ചുണ്ണാമ്പില്ല ..,പണിക്കാർക്കുള്ള കഞ്ഞിയുണ്ട് '' , ഒരു വിധത്തിലാ ഞാൻ വിക്കി വിക്കി പറഞ്ഞത് .

 അത് കേട്ട് മണി കിലുങ്ങുന്ന പോലെ ഒരു ചിരി , യക്ഷി എന്നെ കളിയാക്കിയതാണ് , അങ്ങിനെ ചിരിച്ച് ചിരിച്ച് യക്ഷിയെന്റെ ചോര കുടിക്കും .

 കുരിശു കാട്ടിയാൽ പ്രേതങ്ങൾ ഓടുമെന്ന് കേട്ടിട്ടുണ്ട് , ഈശ്വരാ അതിന് കുരിശ് ഇല്ലല്ലോ , ഇത് പൊറപ്പെടുന്നതിനു മുൻപ് തോന്നിയിരുന്നെങ്കി ഒരു കുരിശ് എടുത്ത് പോക്കറ്റിലിടാമായിരുന്നു ., അല്ലെങ്കിലും എല്ലാ ബോധവും നമുക്ക് വൈകിയല്ലേ വരാറ് .

 കഴുത്തിൽ വെന്തിങ്ങയുണ്ട് ,അത് കാണിച്ചാ മതിയാവോ ? എല്ലാം ദൈവങ്ങൾ ആല്ലേ അത് കാണിച്ചാലും മതിയാവും .

പക്ഷേ വെന്തിങ്ങ എടുക്കാനായിട്ട് കൈ പൊങ്ങുന്നില്ല , ഒരു നൂറു കിലോ ഭാരം കൈകളിൽ കെട്ടിയിട്ട മാതിരി ,

 വീണ്ടും  ചിരി , പാദസരത്തിന്റെ മണികിലുക്കം അടുത്തടുത്ത് വരുന്നു , യക്ഷി ഇപ്പോ എന്റെ ചോര കുടിക്കും , വെന്തിങ്ങ എന്റെ അടുത്ത് ഉണ്ടെന്ന് അറിഞ്ഞാലല്ലേ യക്ഷി പേടിക്കുള്ളൂ.

  ഇനി തിരിഞ്ഞു നോക്കി പറഞ്ഞാലോ ..? അയ്യോ വയ്യ യക്ഷി യുടെ മുഖം കണ്ടാ യക്ഷി ചോര കുടിക്കുന്നതിനു മുമ്പു തന്നെ  എന്റെ കാറ്റു പൂവും. അത് താങ്ങാനുള്ള ഭാരം എന്റെ കുഞ്ഞു ഹൃദയത്തിനില്ല . അവനാണെങ്കീ എന്നെക്കാൾ സ്പീഡിൽ ഓടിക്കൊണ്ടിരിക്കാ , ഇനി എന്റെ ശരീരത്തീന്നും ഇറങ്ങി ഓടാൻ റെഡിയായി നിക്കാ .

വേണ്ട തിരിഞ്ഞു നോക്കണ്ടാ ., അതാ യക്ഷിയെന്റെ തൊട്ടു പിന്നിൽ എത്തിയിരിക്കുന്നു , യക്ഷിയുടെ തണുത്ത കൈത്തലങ്ങൾ എന്റെ കഴുത്തിൽ സ്പർശിക്കുന്നു ..,ഞരമ്പ് തപ്പാവും ., ഇന്നലെ വീട്ടില് കുറച്ച് തേൻനിലാവ്  മുട്ടായി വാങ്ങി ഒളിച്ചു വെച്ചിട്ടുണ്ടായിരുന്നു ..കഞ്ഞി കൊടുത്ത് വന്നിട്ട് കൂട്ടുകാരുടെ മുന്നിൽ വെച്ച് കൊതിപ്പിച്ച് തിന്നാമെന്നു കരുതി ഒളിപ്പിച്ചു വെച്ചതാ , അത് തിന്നിട്ടെങ്കിലും വരായിരുന്നു .

ഇനി ആ തേൻ നിലാവൊക്കെ ഉറുമ്പ് തിന്നും , അവർ  ജാഥയായി വന്ന് എല്ലാം ജാഥയായി തന്നെ ചുമന്നോണ്ട് പോവും .

 യക്ഷിയുടെ തണുത്ത നിശ്വാസം കഴുത്തിൽ.

 ഒരു നിമിഷം കിട്ടിയ ഊർജ്ജം .

 അയ്യോ .., യക്ഷി എന്നെ പിടിച്ചേ  എന്നലറിക്കൊണ്ട്, ഒറ്റ ഓട്ടമായിരുന്നു  ഞാൻ.

 അന്നത്തെ ആ ഓട്ടത്തിന്റെ സമയം ആരെങ്കിലും കുറിച്ചു വെച്ചിരുന്നെങ്കിൽ   സാക്ഷാൽ ഉസൈൻ ബോൾട്ടിനു പോലും ആ സമയത്തിന്റെ ഏഴ് അയലത്ത് പോലും വരാൻ പറ്റത്തില്ല  .

ആ ഓട്ട പരാക്രമത്തിൽ  എന്റെ മുന്നിൽ നനവ് പടർന്നത് ഞാൻ പോലുമറിഞ്ഞില്ല ,കഞ്ഞിപ്പാത്രമെല്ലാം കശുമാവിൻ തോട്ടത്തിലേക്ക് പറ പറന്നു .

 ഊർദ്ധശ്വാസം വലിച്ചു കൊണ്ടാ  കശുമാവും തോപ്പ് കഴിഞ്ഞ് ഞാൻ നിന്നത് . പട്ടിയെക്കണ്ട പൂച്ച കണക്കെയായിരുന്നു  എന്റെ ശരീരത്തിൽ രോമകൂപങ്ങൾ എല്ലാം .

  എന്റെ പിന്നാലെ യക്ഷിയും പാഞ്ഞു വരുന്നുണ്ടോ എന്ന് നോക്കിയ ഞാൻ കണ്ടത്  അടുത്ത വീട്ടിലെ ശാന്തേച്ചിയെയാണ്.
സത്യത്തിൽ കുറേ നേരമായി ശാന്തേച്ചി എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു .

 പക്ഷേ  യക്ഷിയുടെ ഭീകര സ്വപ്നങ്ങളിൽ മുഴുകി നടന്ന ഞാൻ  ശാന്തേച്ചിയുടെ വിളി ചുണ്ണാമ്പുണ്ടോ .., എന്ന രീതിയിലാണ് കേട്ടത് ..

 ''ന്താ ..കുട്ട്യേ നിനക്ക് പറ്റ്യേ ..., എന്തിനാ ഞാൻ വിളിച്ചേപ്പോ .., നീ ഓടിയത് ...?

ശാന്തേച്ചിയുടെ ആ നിഷ്ക്കളങ്ക ചോദ്യത്തിന്  ഉത്തരം നൽകാനാകാതെ   കൈകൾക്കൊണ്ട് ഞാനെന്റെ ധൈര്യം  നനവ്‌ പടർത്തിയത് മറക്കാനായി  ഒരു പാഴ് ശ്രമം നടത്തുകയായിരുന്നു അപ്പോൾ .


0 അഭിപ്രായങ്ങള്‍