ഇന്നും ചമ്മന്തിന്ന്യാവോ ? 

                  ആവും .

               ഛെയ്  ആവില്ല

     ആകാംഷേല് ഞാനാകെ വീർപ്പുമുട്ടി നിക്കാ . കാരണം  ഉച്ചക്കിലത്തെ എന്റെ ചോറിലെ അവിഭാജ്യഘടകമാണ് ചമ്മന്തികള് .

      പലതരം ചമ്മന്തികളാ  മുളക് ചമ്മന്തി, തേങ്ങാ ചമ്മന്തി , പുളിചമ്മന്തി , കാ‍ന്താരി മുളക് ചമ്മന്തി  അങ്ങിനെ .., അങ്ങിനെ  വിവിധതരം ചമ്മന്തികളുടെ ഒരു ഘോഷയാത്ര. എന്റെ അമ്മക്ക് വേറെ കറികളൊന്നും ഉണ്ടാക്കാനൊന്നും  അറിയാഞ്ഞിട്ടല്ല പക്ഷേ ..., അതിനുള്ള വകുപ്പ് വേണ്ടേ ?, ചമ്മന്തിക്ക് അധികം പൈസചിലവില്ലല്ലോ.

   എനിക്കാണെങ്കീ ഈ ചമ്മന്തികൾ കാണുന്നത് തന്നെ കലിപ്പാ  പക്ഷേ .., ഈ കലിപ്പ് കൊണ്ട് അമ്മയോട് തീർത്താല്  ആ പാവത്തിന് എന്ത് ചെയ്യാൻ പറ്റും ?

    എന്നും ഉച്ചക്ക് എല്ലാവരുടേയും ചോറുപാത്രം തുറക്കുമ്പോൾ  നല്ല മീൻ കറിയുടെയും , മീൻ വറുത്തതിന്റേയും , സാമ്പാറിന്റേയുമെല്ലാം കൊതിയൂറുന്ന കാഴ്ച്ചകൾ . നമ്മടെ ചോറുപാത്രം തുറക്കുമ്പോൾ മാത്രം  ചോറിനോട് ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു സ്പൂണ്‍ ചമ്മന്തി, അതങ്ങനെ ആ മൂടിയോട് ചേർന്നിരിക്കുന്നുണ്ടായിരിക്കും .

   അതുകൊണ്ട് ഞാനെപ്പോഴും ഒറ്റക്കിരുന്നായിരിക്കും ഊണ് കഴിക്കാറ്  നമ്മുടെ ദാരിദ്രം മറ്റുള്ളവരെ കാണിക്കേണ്ടല്ലോ.?

     കൂട്ടുകാരെല്ലാവരും  വട്ടം കൂടിയിരുന്ന്  സന്തോഷത്തോടെ കറികൾ പങ്കു വെച്ചു കഴിക്കുമ്പോൾ  ഞാൻ മാത്രം ഏകനായി കാരണം എന്റെ കൈയ്യിൽ  പങ്കു വെക്കാനായി എന്നും ചമ്മന്തി മാത്രമേ ഉണ്ടാകാറുള്ളൂ .

               ഇന്നലെ ഗതി കെട്ടാണ് അമ്മയോട് വഴക്കുണ്ടാക്കിയത്‌ .

  കടം വാങ്ങിയാണെങ്കിലും  നാളെ നിനക്ക് അമ്മ എന്തെങ്കിലും കൂട്ടാനുണ്ടാക്കിത്തരാടാ .

    അമ്മ അത്രയും വാക്ക് പറഞ്ഞതല്ലേ , അപ്പോ ഇന്ന് എന്തെങ്കിലും കൂട്ടാനുണ്ടാവും .

               എന്താണാവോ.. ഇറച്ചി ?

        അയ്യോ .. അത് അതിമോഹാവും 

     ഞായറാഴ്ച്ചേകളിൽ തന്നെ  ഇറച്ചിക്കറി ഒരു ആഡംബരമാണ് 
 പിന്ന്യാണോ ഇന്ന്.?

      വെള്ളിയാഴ്ച്ച ആകുമ്പോഴേ  ഭയങ്കര സന്തോഷമാണ്  ഞായറാഴ്ച്ച പോത്തിറച്ചി വാങ്ങൂല്ലോന്നോർത്ത് . ശനിയാഴ്ച്ച പെരുത്തു സന്തോഷം  ഇനി ഒരു ദിവസം കൂടിയല്ലേ കാത്തിരിക്കേണ്ടാതുള്ളൂ എന്നോർത്ത് .

      എന്നാൽ പല ഞായറാഴ്ച്ചകളിലും ഉച്ചയോടുകൂടി ആ സന്തോഷം ആവിയാവുകയാണ് പതിവ് .

     സണ്‍‌ഡേ സ്കൂൾ കഴിഞ്ഞ് വരുമ്പോ എല്ലാ വീടുകളീന്നും , ചിക്കനും , മട്ടനും .., നല്ല മസാല ചേർത്ത് തിളക്കുന്ന മണം ഇങ്ങനെ മൂക്കിലേക്കങ്ങ് അടിച്ചു കേറുമ്പോ .

            ''ഹോ ..'' വായേല് കപ്പലോടിക്കാനുള്ള വെള്ളം നിറയും 

   പക്ഷേ...., ഊണിനു മുമ്പിൽ ഇരിക്കുമ്പോഴാവും പരിപ്പും പറമ്പിന്ന് പറിച്ച താളീം ചേർത്ത് ഒരു വെള്ളം പോലത്തെ കറി .

    ദേഷ്യം .., സങ്കടം ഒക്കെ വരും  ആരോട് പ്രകടിപ്പിക്കാൻ, പ്രകടിപ്പിച്ചിട്ട് എന്ത് കാര്യം ?,

                വീട്ടില് അതിനുള്ള വക വേണ്ടേ ?

     ചില ആഴ്ചകളില്  ഇറച്ചി വാങ്ങാനുള്ള അത്രയും കാശ് ഉണ്ടാവില്ല  അപ്പൊ 
ഇറച്ചിക്കടലേ തിരക്ക് ഒഴിയുന്നത് വരെ കാത്തു നിൽക്കും . എന്നിട്ട് അതിന്റെ  ഈ പൊങ്ങ്ന്ന് പറഞ്ഞ ഒരു ഭാഗം ഉണ്ട്  അതിങ്ങനെ സ്പോഞ്ച് പോലെ ഇരിക്കും  ലിവറിന്റെ അത്ര കട്ടിയും ഉണ്ടാകത്തില്ല .

   സാധാരണ  ആരും അത് വാങ്ങാറില്ല  ഞങ്ങളെപ്പോലത്തെ ആൾക്കാരായിരിക്കും  അതിനു വേണ്ടി ക്യു നിൽക്കുക  വില കുറവും  ഇറച്ചിയുടെ പേരും ...,  എന്നാലും അത് ഒരു സന്തോഷം തന്നെയായിരുന്നു .

                    അപ്പൊ ഇന്ന് ഇറച്ചി ആവില്ല , അതുറപ്പ്‌.

   അപ്പൊപ്പിന്നെ ..,  മുട്ട ?  ചിലപ്പോ ആവാം .., കാരണം വീട്ടില് കോഴിനെ വളർത്തുന്നുണ്ട് . പക്ഷേ .., അതിന്റെ മുട്ട  കൂട്ടാൻ വെക്കണ്ട കാര്യം കഷ്ട്ടമാണ് . കാരണം കോഴി ഞങ്ങടെ വീട്ടിലെ ഒരു അന്ന ദാതാവാണ് മുട്ട വിറ്റു കിട്ടുന്ന കാശു കൂടി കൂട്ടിയിട്ടാണ്‌ റേഷൻ  അരി വാങ്ങാറ് .

      അതെന്നെ കോഴീടെ മൂട്ടില് വിരല് ഇട്ട് നോക്കി അഡ്വാൻസ് മുപ്പാടെ വാങ്ങിയിരിക്കും. കോഴിക്കന്ന്യേ അരോചകമാണ്  സമാധാനമായിട്ട് ഒന്ന് മുട്ടയിടാനും പറ്റുന്നില്ലല്ലോ എന്നോർത്ത് .

     ദരിദ്ര്യന്റെ വീട്ടില് .., ഇനി കോഴി ആയിട്ട് പോലും പിറക്കരുതെന്ന്  പ്രതിജ്ഞയെടുത്തു കാണും .

         പിന്നെ ..,പരിപ്പ് .?, ആവാം, ആവാതിരിക്കാം .

     ആകാംഷ അടക്കാനാകുന്നില്ല , എന്ത് കറിയായിരിക്കും അമ്മ ഉണ്ടാക്കി വെച്ചിരിക്കുന്നത് .? ഇന്നെങ്കിലും കൂട്ടുകാരുടെ കണ്‍മുന്നിൽ വെച്ചു തന്നെ ചോറുപാത്രം തുറക്കണം .

     ജിഞ്നാസ ഒരിടത്തും ഇരിപ്പുറക്കുന്നില്ല  അങ്ങിനെ ഞാനാ അതിസാഹസം കാണിച്ചു ...

      ഇന്റെർവെല്ലിന് മണിയടിച്ചതേ  ഞാൻ ഡെസ്ക്കിൽ വെച്ച്  ചോറു പാത്രം തുറന്നു നോക്കി . കൂട്ടാൻ തിരഞ്ഞ  എന്റെ കണ്ണുകൾക്കു മുന്നിൽ  അതാ ചമ്മന്തിയുടെ മറ്റൊരു രൂപം .

    എന്നിൽ കോപം ഇരച്ചു കയറിയ അതേ നിമിഷത്തിൽ തന്നെയായിരുന്നു  ആ അത്യാഹിതം നടന്നത് .

      തുറന്നു വെച്ചിരിക്കുന്ന എന്റെ ചോറ്റു പാത്രത്തിനു മുകളിലേക്ക്  മുന്നിലെ ബെഞ്ചിൽ നിന്നിരുന്ന എന്റെ ഒരു സുഹൃത്ത് ഒറ്റ ഇരുപ്പായിരുന്നു സത്യത്തിൽ  .., അവനേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

            ഇന്റർവെൽ സമയത്ത് ആരെങ്കിലും ചോറുപാത്രം തുറക്കുമോ ?

          എന്റെ ചമ്മന്തി മുഴുവൻ അവന്റെ മൂട്ടിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു.

            ഞാനാകെ പരവേശനായിപ്പോയി .

   എന്റെ ദൈവമേ ..., ഉച്ചക്ക് ചോറുണ്ണാനുള്ള ആകെയുള്ള മൊതലാണ് അവന്റെ മൂട്ടിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത് .

   കൂട്ടാനോടുള്ള എന്റെ ആശയെല്ലാം പറ പറന്നു  എങ്ങിനെയെങ്കിലും ആ ചമ്മന്തിയെങ്കിലും തിരിച്ചു കിട്ടിയാൽ മതിയെന്നായി എനിക്ക് .

    അതാണെങ്കിൽ അവന്റെ  മൂട്ടിൽ ഒരു .., ഒരു രൂപാ കോയിൻ കണക്കെ അങ്ങിനെ വട്ടത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു .

          ജസ്റ്റ്‌ മിസ്സ്‌ന്ന് പറയണപോലെ..

   അല്പം മാറി  കീറിയ ട്രൌസറിന്റെ വിടവിലൂടെ അവന്റെ നഗ്നമായ കുണ്ടിയുടെ ഒരു ഭാഗം കാണാം .
             
   കിറു കൃത്യമായി അവൻ ഇരുന്നത് അവന്റെ ഭാഗ്യം ഇല്ലെങ്കിൽ എന്റെ കാ‍ന്താരി മുളക് ചമ്മന്തി അവനെ സ്വർല്ലോഗം കാണിച്ചേനെ ?

                ചമ്മന്തിയില്ലെങ്കിൽ എന്റെ ഉച്ചയൂണ് ?

   ഒടുവിൽ  ഞാനാ അതിസാഹസം കാണിച്ചു  അവന്റെ  മൂട്ടീന്ന്  പതുക്കെ ഞാനാ  ചമ്മന്തി വടിച്ചെടുത്തു .

       എന്തോ , അന്നത്തെ ആ ചമ്മന്തിക്ക്  ഒരു പ്രത്യേക രുചി ഉള്ളതു പോലെ എനിക്ക് തോന്നി . അതോട് കൂടി  അമ്മയോടുള്ള , എന്റെ ചമ്മന്തി പരാതിയും തീർന്നു കിട്ടി .


               

               

0 അഭിപ്രായങ്ങള്‍