ചെറുപ്പകാലത്തെ വലിയൊരു ആംബിഷനെന്താന്ന് വെച്ചാ  എങ്ങിനെയെങ്കിലും  സൈക്കിൾ ചവിട്ട് പഠിക്കണന്നായിരുന്നു . വലിയ ചേട്ടന്മാരൊക്കെ അങ്ങിനെ സൈക്കിളിൽ സർക്കസ്സ് കാണിച്ച് പോവുമ്പോ   വായും  പൊളിച്ച് നോക്കി നിന്നിട്ടുണ്ട്.  

  ഞങ്ങളുടെ വീടിന്റെയടുത്തൊരു മത്തായിണ്ട്   ഭയങ്കര സൈക്കിൾ അഭ്യാസിയാണെന്നാണ് ആളുടെ സ്വയമായിട്ടുള്ള അഹങ്കാരം  . ഞങ്ങളീ  കുട്ടികളുടെ  അടുത്ത്  മാത്രേ ആള്  കൂടുതല് അഭ്യാസങ്ങള് കാണിക്കത്തുള്ളൂ.

എന്താ അതിന്റെ കാരണന്ന് ചോദിച്ചാ ഇതൊക്കെ മത്തായിക്ക് ഒരു രസം കൂടെ ഞങ്ങൾക്കും 

  ഒറ്റക്കൈക്കൊണ്ട് ഹാൻഡിൽ പിടിച്ച്  സൈക്കിൾ ചവിട്ടാ , രണ്ടു കൈയ്യും വിട്ട് ചവിട്ടാ  , കാരിയറിൽ ഇരുന്ന് ചവിട്ടാ, സീറ്റിൽ നിന്ന് ചവിട്ടാ അങ്ങിനെ കുറെ തക്കട തരികിട പരിപാടികൾ.

ഞങ്ങളിതൊക്കെ കണ്ട് വായും പൊളിച്ചു നിക്കാറാണ് പതിവ് 

മത്തായിയുടെ ഏറ്റവും ഹൈലൈറ്റായിട്ടുള്ളത് മറ്റൊന്നാ , അതെന്താന്നെച്ചാ സൈക്കിൾ നല്ല സ്പീഡിൽ ഉന്തിക്കൊണ്ട് വന്ന് ഒറ്റ ചാട്ടത്തിന് സൈക്കിളിലോട്ടാ കേറും .

 ശാരദേടത്തിയുടെ ടൈലറിങ് ക്ലാസ്സ് കഴിഞ്ഞ് പെൺകുട്ടികൾ വരുന്ന നേരത്തുകൂടിയാണ് മത്തായിയുടെ  ഈ അഭ്യാസപ്രകടനങ്ങൾ കൂടുതലും നടക്കാറ്.  അതിലൊളിഞ്ഞിരിക്കുന്ന അല്ലെങ്കിൽ ഈ സമയത്ത് മത്തായിയെ പ്രലോഭിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്  അതൊരു സാധാരണ നാട്ടിൻ പുറത്തുകാരന്റെ  പെണ്‍കുട്ടികളുടെ മുന്നിൽ ഒരു ഹീറോ ആയി കാണിക്കാനുള്ള തത്രപ്പാടു കൂടിയാണ്  ഈ നമ്പരുകൾ .

അതിലെ ഏറ്റവും പ്രധാനപ്പെട്ട  അല്ലെങ്കിൽ മാസ്റ്റർ പീസ് ഐറ്റമാണ്  ഈ ചാടിക്കേറൽ

മത്തായി  ഞങ്ങളുടെ നാട്ടിലെ  അറിയപ്പെടുന്ന ഒരു  പൂവാലനും കൂടിയാണ്. ആ പട്ടവും മത്തായിക്ക് അവകാശപ്പെട്ടതായതുകൊണ്ട് ആരും ഇതിന് അത്ര പ്രാധാന്യമൊന്നും കൊടുക്കാറുമില്ല എന്തെങ്കിലും ആയിക്കോട്ടേന്നൊരു ലൈൻ അതോണ്ട് മത്തായീനെ കാണുമ്പോ എല്ലാവർക്കും ഒരു  തമാശയാണ്. 

 മത്തായിയുടെ ഈ ചാടിക്കയറ്റം കണ്ട്  എന്റെ ക്ലാസ്സ് മേറ്റ് ശിവനും ആശ കേറി  ഇങ്ങനെ ചാടിക്കേറണന്ന്

അറിയാത്ത  പണിക്ക് പോണ്ടാട്ടാ ശിവാന്ന് ഞാനും ശങ്കുവുമൊക്കെ പറഞ്ഞു നോക്കീതാ .

 പക്ഷെ ശിവനാണെങ്കീ ഞാനിനി സൈക്കിളില് കെറുവാണെങ്കി ചാടി തന്നെ കേറുന്ന് ഒറ്റ വാശീലാ  പോരാത്തേന്  ഒർജിനൽ ഭഗവാൻ ശിവനേം പിടിച്ച്  ആണയിട്ടു 

അങ്ങനെ ഓടി വന്ന് ..,  ഓടി വന്ന് ശിവൻ ഒറ്റ ചാട്ടാ... ഞങ്ങള് നോക്കുമ്പോ ശിവനെ മാത്രം കാണാനില്ല അമ്മേ ...അയ്യോ ..ന്നൊരു  കരച്ചില് മാത്രം കേക്കണുണ്ട്

 ഞങ്ങള് നോക്കുമ്പോ ശിവൻ അപ്പുറത്തെ  സർവ്വേരി കല്ലുമ്മേ മൂടും പൊത്തിപ്പിടിച്ചിരിപ്പുണ്ട്. പഞ്ചായത്തു കാര് വെച്ച സർവ്വേരിക്കല്ല് പാതി തകർന്നു കിടപ്പുണ്ട് ശിവനാണെങ്കി മൂടും പൊത്തിപ്പിടിച്ചോണ്ട് കരയില് പിടിച്ചിട്ട പരൽമീൻ പോലെ കിടന്ന് പുളക്കുന്നുണ്ട് 

സൈക്കിളാണെങ്കി അപ്പുറത്ത് എവിടെ ശിവൻന്നും ചോദിച്ചോണ്ട് .., തലയും കുത്തി കിടപ്പുണ്ട്

സൈക്കിളില് ചാടിക്കേറിയ ഇവനെന്തിനാ സർവ്വേരിക്കല്ല് തല്ലിപ്പൊട്ടിച്ചെന്നാ ഞങ്ങള് വിചാരിച്ചത് 

സത്യത്തില് ശിവൻ ചാടിക്കേറീതാ പക്ഷേ സ്പീഡല്പം കൂടിപ്പോയതോടെ അതൊരു ഒടുക്കത്തെ ചാട്ടമായിപ്പോയി  സൈക്കിളിന്റെ സീറ്റും കടന്ന് ശിവൻ പോയി ലാൻഡ് ചെയ്‍തത് അപ്പുറത്തെ സർവ്വേരിക്കല്ലുമ്മെയാ

 ഠോ...  ന്ന് കേട്ട  സൗണ്ട്  സർവ്വേരിക്കല്ല് പൊട്ടിയതാണോ ശിവന്റെ മൂഡ് പൊട്ടിയതാണോന്നറിയില്ല നോക്കുമ്പോ ശിവന്റെ ട്രൗസറില് അപ്പടി ചോര 

  അയ്യോ ചോരാന്നും പറഞ്ഞ്  ഞങ്ങളുടെ കൂടെയുള്ള ശങ്കു  ബോധം കേട്ടുവീണു. അവന് ചോര കണ്ടാ അപ്പൊ തലചുറ്റണതാ. ഇന്നാള് അവന്റെ 'അമ്മ കളറു മുക്കാൻ ചുവന്ന ചായം കലക്കി വെച്ചത് കണ്ട് തല ചുറ്റി വീണവനാ ആള് .

ശിവൻ അമ്മേ ന്ന് നിലവിളിച്ചോണ്ട് കുറെ മുന്നോട്ടോടും പിന്നോട്ടോടും ആകാശത്തേക്ക് കൈചൂണ്ടി എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട് തന്നെയെങ്ങാനും ചീത്തപറയാണോയെന്നും പേടിച്ച് ശിവൻ ഭഗവാൻ വേഗം മുങ്ങി ഒരു ആവശ്യമില്ലാത്ത കാര്യത്തിന് പോയി മൂടും തകർത്തു വന്ന് തന്നെയെന്തിനാ ചീത്ത പറയണെന്നാലോചിച്ചിട്ട് ഭഗവാന് ഒരു പിടുത്തവും കിട്ടിയില്ല.  

 ഏതായാലും ഒരാഴ്ചയോളം  ശിവൻ ട്രൗസറും പാന്റും ഒന്നും ഇടാണ്ട്‌, എന്തിന് മുണ്ടുപോലും ഉടുക്കാൻ പറ്റാണ്ട് കിടക്കാനും നിക്കാനും, ഇരിക്കാനും പറ്റാണ്ട് കരച്ചിലോട് കരച്ചിലായിരുന്നു.

അവന്റെ അച്ഛൻ സുധാകരേട്ടൻ വന്ന് ഒരു ചവിട്ടും കൂടി അവനു കൊടുത്തു

  സർവ്വേരിക്കല്ലു അടിച്ചു പൊട്ടിക്കാൻ അവന്റെ മുടെന്താ ചുറ്റികയാണോന്നാ പഞ്ചായത്തു പ്രസിഡണ്ട് സുകേശൻ ചോദിച്ചത് സർവ്വേരിക്കല്ലിന്റെ കാശ് സുധാകരേട്ടന്റെ കൈയ്യീന്ന് പഞ്ചായത്ത് വാങ്ങി ആ ദേഷ്യാ അങ്ങേര് ഒരു ചവിട്ടിലൂടെ തീർത്തത്    

 മത്തായിലേക്ക് തന്നെ തിരിച്ചു വരികയാണെങ്കില്  സ്വന്തമായി സൈക്കിളില്ലാത്തതൊണ്ട് സൈക്കിള് കടക്കാരൻ  രാജേട്ടന്റെ കടേന്നാ വാടകക്കെടുത്ത് ഈ അഭ്യാസങ്ങളൊക്കെ കാണിക്കാറ് .  

  അതുമായി  പെണ്‍കുട്ടികൾ  വരുന്നതും നോക്കി റോഡിന്റെ ഇങ്ങേ അറ്റത്തു നിൽക്കും അവര് അടുത്തെത്തിയുടനെ  ആളുടെ മാസ്റ്റെർ പീസായിട്ടുള്ള ചാടിക്കേറല് കാണിക്കും .

  ഇത് കണ്ട് പെൺകുട്ടികളങ്ങട്  ചിരി തുടങ്ങും അത് മാത്രം കണ്ടാ മതി മത്തായിക്ക് സായൂജ്യമടയുവാനായിട്ട് അല്ലെങ്കിൽ അതുമാത്രമായിരുന്നു മത്തായിയുടെ സാഫല്യം  .

 എന്നാലന്നൊരു കരിദിനമായിരുന്നു മത്തായിയുടേതു മാത്രമായൊരു കരിദിനം . പക്ഷേ പാവം മത്തായിക്ക് അതിന്റെയൊരു സൂചനപോലും കിട്ടിയില്ലെന്നുള്ളതായിരിന്നു സത്യം. 

 പതിവ് പോലെ സൈക്കിളും  വാടകക്കെടുത്ത്  മത്തായി റെഡിയായി പക്ഷേ സീറ്റിളകിയിരിക്കുന്ന ഒന്നായിരുന്നു അന്ന് മത്തായിക്കു കിട്ടിയത് .  കടക്കാരൻ രാജേട്ടൻ  അത് ശരിയാക്കിത്തരാമെന്ന്  മത്തായിയോട്  പറഞ്ഞതാ.

പക്ഷേ റെഡിയാക്കാൻ നിന്നാല് പെണ്‍കുട്ടികൾ പോകും

 എന്നാ നീ നോക്കീം  കണ്ടൊക്കെ  ഇരുന്നോളോട്ടോ മത്തായേന്നൊരു   വാണിംഗും രാജേട്ടൻ കൊടുത്തിരുന്നതാ .

 നീയൊന്ന് പോ രാജാ .., ഞാനിതൊക്കെ എത്ര കണ്ടതാന്നും പറഞ്ഞ്   മത്തായി  കൂളായിട്ടാ നിക്കണത് .

 വഴിയുടെ അങ്ങേത്തലക്കല് പെണ്‍കുട്ടികളുടെ വെട്ടം കണ്ടതും മത്തായി   ഉഷാറായി അതാ പെണ്‍കുട്ടികൾ അടുത്തെത്തി  എല്ലാവരേം ഒന്നു നോക്കിക്കൊണ്ട്  മത്തായി തന്റെ മാസ്റ്റർ പീസ്‌ പുറത്തെടുത്തു . അതിനും മുന്നേ പള്ളിപ്പെരുന്നാളിന് വാങ്ങിയ കൂളിംഗ് ഗ്ലാസ്സും മത്തായി മുഖത്തു   വെച്ചു മത്തായിയുടെ  ഒരു ട്രേഡ് മാർക്കാണ് ആ കൂളിംഗ് ഗ്ലാസ്സ്.  

 സ്പീഡിൽ  സൈക്കിൾ ഉന്തിക്കൊണ്ട് വന്ന് മത്തായി ഒറ്റ ചാട്ടം .

എല്ലാം പ്രതീക്ഷിച്ച പോലെ എന്ന് ഞങ്ങൾ കരുതിയത്‌ തെറ്റ് .

 മത്തായിയുടെ ആ  ചാട്ടം അല്പമൊന്ന്  പിഴച്ചു  മത്തായി ഉടുത്തിരുന്ന  നിലയിൽ വെള്ള വരകളുള്ള ആ കള്ളി  മുണ്ട് മത്തായിയെ  ചതിച്ചു .   മടക്കിക്കുത്തിയ മുണ്ടുടക്കി  ഇളകിയിരിക്കുന്ന സീറ്റ്  പറിഞ്ഞങ്ങ്  താഴെപ്പോയി .

 എന്റെ അമ്മേ..... ന്നൊരു   മുഴുനീള നിലവിളി മാത്രം ഞങ്ങളെല്ലാം  കേട്ടു   സീറ്റ് തെറിച്ചു പോയി ഉയർന്നു നിൽക്കുന്ന കമ്പിയിൽ ഇടിച്ചു മത്തായി ചേട്ടന്റെ പിൻഭാഗം മൊത്തം തകർന്നു തരിപ്പണമായി .

 കണ്ണും മിഴിച്ച് , ജീവിതം  തകർന്ന വേദനയില് വേദനകൊണ്ട്  മത്തായി ചേട്ടന്റെ കാലുകള്  രണ്ടും  വടി പോലെ നീണ്ടു നിൽക്കുന്നു  . ആകെ ബാലൻസ് തെറ്റി റോട്ടിലും  അവിടന്ന് തൊട്ടപ്പറത്തെ  വയലിലേക്ക് തലേം കുത്തി ദേ  കിടക്കണ്  സൈക്കിളും മത്തായിയും .

 പെണ്‍കുട്ടികളാണെങ്കിൽ  ആദ്യമൊന്ന്  പകച്ചെങ്കിലും  പിന്നെ ഇതും  മത്തയിയുടെ പുതിയ അഭ്യാസമായിരിക്കും എന്നു കരുതി ചിരിച്ചു കൊണ്ട് കടന്നുപോയി.

  ഞങ്ങളും അങ്ങനെത്തന്ന്യാ വിചാരിച്ചത് , 

  ശിവനത് പറയുകയേം ചെയ്തു  ഇത് പുതിയ അടവാടാ.. ഈ മത്തായി സൂപ്പറാട്ടാ       

 കുറേ നേരം കഴിഞ്ഞിട്ടും ആള് എണീറ്റു വരാണ്ടായപ്പോഴാ എല്ലാവർക്കും എന്തോയൊരു  പന്തികേട് തോന്നിയത് ഓടിച്ചെന്ന് നോക്കുമ്പോ  പാടത്ത് കണ്ണ്  പറ്റാതിരക്കുവാൻ നാട്ടി നിർത്തുന്ന കോലം പോലെ    മത്തായി സ്റ്റെഡിയായി സൈക്കിളിനേം കെട്ടിപ്പിടിച്ചോണ്ട്  ഒരു വശം ചെരിഞ്ഞു കിടപ്പുണ്ട് .

കൂളിംഗ് ഗ്ലാസ്സ് ഒരു ദുരന്ത സ്മാരകം പോലെ അപ്പോഴും മത്തായിയുടെ മുഖത്തുണ്ടായിരുന്നു.

 ആ ചാട്ടത്തിൽ മത്തായിയുടെ മൂടിനോട് ചേർന്നുള്ള സകലതും തകർന്നു പോയെന്നാ അറിഞ്ഞത്  അത്രേം ഭയങ്കര ചാട്ടമായിരുന്നു  മത്തായി അന്ന് നടത്തീത് .

 അതീപ്പിന്നെ സൈക്കിള് സ്വപ്‍നത്തില് കണ്ടാപോലും പാവം  പേടിച്ച് നിലവിളിക്കൂത്രേ .

 ഈ കാലഘട്ടത്തിൽ തന്നെയായിരുന്നു  എങ്ങിനെയെങ്കിലും സൈക്കിൾ ചവിട്ട് പഠിക്കണമെന്ന വലിയ ആശ ഒരു ജീവിതാഭിലാഷം പോലെ ഉയർന്നുവന്നത്. 

ആശയാണല്ലോ വിജയത്തിലേക്കുള്ള ആദ്യ പടി  അങ്ങിനെ ഞാനും സൈക്കിള്  വാടകക്കെടുത്ത് പഠിക്കാനാരംഭിച്ചു  .

 ആദ്യം പതുക്കെ തള്ളിക്കൊണ്ട്  ബാലൻസ് ശരിയാക്കും പിന്നെ ഒരു കാല് പെഡലില് വെച്ചുകൊണ്ട്  പതുക്കെ  കുത്തി കുത്തി കേറാൻ ശ്രമിക്കും 

 ആദ്യമൊന്നും സൈക്കിളിന്റെ മുകളിൽ കേറാൻ നോക്കാറില്ല ചിലപ്പോ തലയും കുത്തി വീഴും അതുകൊണ്ട്  എടക്കാലിട്ടാണ് ചവിട്ടാ  അതാവുമ്പോ ബാലൻസ് തെറ്റി വീഴാൻ പോയാലും പെട്ടെന്ന് കാലു കുത്താലോ.

 അങ്ങിനെ ഏതാണ്ട്  ഒരാഴ്ച്ച കൊണ്ട് ഞാൻ  തട്ടി മുട്ടി എടക്കാലിട്ട് സൈക്കിൾ  ചവിട്ടിത്തുടങ്ങി.

 അതോടെ എന്റെ ഭാവം മാറി 

ആദ്യായിട്ട് കരാട്ടെ പഠിക്കാൻ പോണവന്  ഒരാഴ്ച കൊണ്ട്  ബ്രൂസിലി ആയ പോലെ തോന്നാറുള്ളത് സ്വാഭാവികമെന്നേ ഞാൻ പറയൂ 

 അതോണ്ട് സൈക്കിള് ചവിട്ട് പഠിച്ചു തുടങ്ങി ഒരാഴ്ച കഴിഞ്ഞതോടെ മറ്റൊരു മത്തായി ആയപോലെ  എനിക്കുമൊരു സ്വയം തോന്നല് . 

 എടക്കലിട്ട് ഹാൻഡിൽ ബാറിൽ  തൂങ്ങി ക്കിടന്ന് , ബോഡിയൊക്കെ നന്നായി പിന്നിലേക്ക് വളച്ച് പിടിച്ച് നല്ല സ്പീഡിലാ ഞാൻ ചവിട്ടാറ് . കാണുന്നോർക്ക്   മാവിൻ കൊമ്പത്ത് വാവല് തല കീഴായി തൂങ്ങിക്കിടക്കണ  പോലെ തോന്നും എന്നെ കണ്ടാ.
             
 അങ്ങിനെ എടക്കാലിട്ട് സൈക്കിൾ ചവിട്ടി, ചവിട്ടി  ഞാനൊരു അഭ്യാസിയായെന്ന് എനിക്കുതന്നെയൊരു  തോന്നല് . ആ .., തോന്നലിൽ നിന്നാണ് ആ അതിമോഹം  ഉടലെടുത്തത്  എന്റെ ഈ സൈക്കിൾ യത്നം നാട്ടുകാരെ മൊത്തമൊന്ന്  കാണിക്കണമെന്ന്  .

വെറുതെയൊരു  തോന്നല് മറ്റൊരു അർത്ഥത്തിൽ അതിനെ കണ്ടാൽ വിനാശ കാലേ വിപരീത ബുദ്ധിയെന്നും പറയാം 

അങ്ങിനെ കാത്തു കാത്തിരുന്നാ ദിവസം വന്നെത്തി.

അന്ന് ഞങ്ങടെ പള്ളിപ്പെരുന്നാളായിരുന്നു . എല്ലാവരും പള്ളിയിലേക്ക് പോകാനായി വന്നു കൊണ്ടിരിക്കുകയാണ്  ആ കൂട്ടത്തിൽ  എന്റെ ക്ലാസ്സ് മേറ്റ്സായ ബിന്ദുവും രജനിയുമുണ്ട്  ഭയങ്കര സുന്ദരികളാന്നാ രണ്ടിന്റേം  വിചാരോം .

  അതിന്റെ നല്ല തലക്കനോം  അവർക്കുണ്ട്  എന്റെ സ്കൂളിലെ മൊത്തം ആൺ കുട്ടികളുടേയും  സ്വപ്ന കിനാക്കളാണ്  ഈ രണ്ടു സുന്ദരികളും  .

 എന്തിന് ഞങ്ങളെ മാത്രം പറയണൂ ഇവര് സ്‌കൂള് വിട്ട് വരുമ്പോ അടുത്ത ഗ്രാമത്തിലെ ചുള്ളൻമാരുടെ ഒരു തള്ളിക്കയറ്റം തന്നെ ഇവരെ പ്രതി ഞങ്ങടെ അതിർത്തിയിലോട്ടുണ്ടാവും .

  എന്നാൽ ഞങ്ങളാണെങ്കീ  സ്വജീവൻ ബലികൊടുത്തും  ഇവരെ സംരക്ഷിക്കാൻ തയ്യാറായി നിക്കും .  അതിനാൽ അതിർത്തി ഭേദിക്കാൻ കെൽപ്പില്ലാത്ത നായ്ക്കളെപ്പോലെ  ഞങ്ങളുടെ ഗ്രാമത്തിന്റെ അതിർത്തി വരേക്കും മാത്രമേ അവര്  വരത്തുള്ളൂ .

 അതിനിപ്പുറത്തോട്ട് കടക്കാനുള്ള ആത്മധൈര്യം അവർക്കൂല്ല്യ അങ്ങോട്ട്‌ കടന്നാക്രമിക്കാനുള്ളത് ഞങ്ങൾക്കൂല്ല്യ .

 എന്റെ അഭ്യാസം ഇവരുടെ മുന്നിലാവട്ടെ അങ്ങനെയെങ്കിലും ഒരു ഹീറോ പരിവേഷം എനിക്കു കിട്ടാൻ വേണ്ടീട്ടാണ് ഞാനീ  കിടന്നു  തല കുത്തി മറയണത് . 

 അന്ന്  അവര് പള്ളീ പോകാൻ നിക്കണ കണ്ടപ്പോഴാണ് എന്റെ ഉള്ളിലെ ഹീറോ എന്നെ വെറുതേ ഒരു മത്തായി ചേട്ടൻ ആക്കാൻ നോക്കീത് .

 അവര് വരുന്നതും  നോക്കി ഞാൻ റോഡിന്റെ ഇപ്പുറത്ത് എന്റെ സൈക്കിളുമായി റെഡിയാണ് . 

  അങ്ങേത്തലക്കൽ  അവരുടെ തലവട്ടം കണ്ടതോടെ ഞാനെന്റെ പര്യടനം ആരംഭിച്ചു .

 സൈക്കിളാണെങ്കി  മാക്സിമം സ്പീഡും കഴിഞ്ഞ്
ഓളിയിടാൻ തുടങ്ങി  എനിക്കാണെങ്കി അവരടുത്തെത്തും തോറും ആവേശം മാനം മുട്ടേയും 

ഒരുമാതിരി നല്ല സ്പീഡിൽ തന്നെ ഞാനങ്ങനെ ഇടക്കാലിട്ട് ചവിട്ടിക്കേറുകയാണ് .

  അന്നത്തെ ട്രൗസറിനൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു   കുടുക്കുണ്ടായിരുന്നില്ല  ഒരു മാതിരി എല്ലാ ട്രൗസറുകളുടേയും  അവസ്ഥയിതൊക്കെത്തന്നെയാണ്  .

അമ്മയുടെ ബ്ലൌസ് സൂചി കൊണ്ടാണ് അവനെ ടെമ്പറവറിയായി പിടിച്ചു നിറുത്തിയിരിക്കുന്നത്‌ .

 എന്റെ ആഞ്ഞു ചവിട്ടലിൽ  വയറിന്റെ മുറുക്കം  കാരണം സൂചിയവന്റെ  തനി കൊണം കാണിച്ചു .

അവനങ്ങു പൊട്ടി അതോടൊപ്പം എന്റെ ചങ്കിലൊരു വെള്ളിടിയും വെട്ടി.

പള്ളിയിൽ പോകാൻ നിൽക്കുന്ന ഒരുമാതിരി നാട്ടുകാരെല്ലാം അവിടെയുണ്ട് 

ബിന്ദുവും രജനിയും  ഒന്നു കൂടി സൂക്ഷിച്ച്  നോക്കുന്നതു  പോലെ

ട്രൌസറാണെങ്കിൽ ഞാനുമായുള്ള ബന്ധമെല്ലാം അവസാനിപ്പിച്ച്  ഇപ്പോ ഊർന്നു വീഴുന്ന അവസ്ഥ .

എന്നെ ഡൈവോഴ്സ് ചെയ്യാൻ നിക്കുന്നപോലെയാണ് അവന്റെ ഭാവം 

 സൈക്കിളാണെങ്കി പെട്ടെന്ന് നിറുത്താനും പറ്റില്ല . 

എനിക്ക്  ഒരു കൈ കൊണ്ട് ട്രൌസറെങ്ങിനെയെങ്കിലും വലിച്ചു കേറ്റണമെന്നുണ്ട് .

 പക്ഷേ ഒരു  കൈ വിട്ടാൽ  ഞാൻ തല്യേം കുത്തി വീഴും, എടക്കാലിട്ട് ചവിട്ടുമ്പോ  ഒരു കൈകൊണ്ടൊരിക്കലൂം  ബാലൻസ് കിട്ടത്തില്ല .

 അമ്മേടേ കൂടെ പള്ളീ പോയാ മതിയായിരുന്നു 

 പുണ്യാളാ ..,ഞാൻ പള്ളീ വരാവേ .. ട്രൗസറ് ഊരിപ്പോവല്ലേ   ഞാൻ മനസ്സിൽ ഓളിയിട്ട് പ്രാർഥിക്കാൻ തുടങ്ങി .

 പേരെടുക്കാൻ പോയി അകെ  നാണം കെടുന്ന  അവസ്ഥയായി എന്റേത്

നിക്കറെങ്ങാനും  ഊരിപ്പോയാല് ?  ആലോചിക്കാൻ കൂടി വയ്യ
ഈശ്വരാ ..,  ഇടി വെട്ടി ഒരു മഴ പെയ്തെങ്കിലെന്ന് ആത്മാർത്ഥമായി ഞാനാഗ്രഹിച്ച നിമിഷം 

പക്ഷേ .., എന്റെ പ്രാർത്ഥനകൾ വൈകിപ്പോയിരുന്നു .

ഒടുവിലത്  സംഭവിച്ചു  എന്റെ നിക്കറെന്നെ ചതിച്ചു .

അത്രയും ആളുകളുടെ മുന്നിൽ വെച്ച്  എന്നോട് ഒരു കരുണ പോലും കാണിക്കാതെ  അവൻ സ്വയം വസ്ത്രാക്ഷേപം നടത്തി .

 എന്റെ സീക്രട്ടുകൾ  മുഴുവനും  നാട്ടുകാരുടെ മുന്നിൽ അനാവരണം ചെയ്യപ്പെട്ടു .

സാറായും ,മറിയയും കൈകൾ കൊണ്ട് കണ്ണുകൾ പൊത്തി അവർ മാത്രമല്ല ഒരു മാതിരി എല്ലാവരും  ആ വസ്ത്രാക്ഷേപം കാണാൻ കരുത്തില്ലാതെ മുഖം പൊത്തി ചിരിച്ചു .

സ്ത്രീകൾ മുഴുവനും  എന്റെ നേരെ കൈ ചൂണ്ടി ചിരിക്കാൻ തുടങ്ങി

 സഹതാപം  ..തോന്നാത്ത കൂട്ടുകാര്  നിനക്കിങ്ങനെ  തന്നെ വേണം എന്ന് കൈ കൊണ്ട് ആഗ്യം കാണിക്കുന്നു . സൈക്കളും കൊണ്ട് പാടത്തേക്ക് ചാടിയാലോന്ന്  വരെ ഞാൻ ആലോചിച്ചതാ .

   ഒരു വിധത്തിലാ ഞാൻ സൈക്കിള് നിറുത്തിയത് , ട്രൗസറ് ദുഷ്ട്ടൻ ..,,ഇത്രേം നാള് എന്റെ കൂടെ നടന്നവനാന്നുള്ള ഒരു പരിചയം പോലും ഇല്ലാണ്ട് എന്റെ മുട്ടിനു മുകളിൽ ചുരുണ്ട് കിടപ്പുണ്ട് .

  എന്റെ മുഖമാണെങ്കിൽ .., വെട്ടിയാൽ  ഒരു തുള്ളി ചോര പോലും പൊടിയാത്ത  അവസ്ഥയിൽ വിളറി വെളുത്തു . ഒരു വിധത്തിലാ ഞാൻ സൈക്കിള് അവിടെയിട്ട് വീട്ടിലേക്ക് ഓടിയത് ആ പെരുന്നാളിന് ഞാൻ പുറത്തേക്കേ ഇറങ്ങിയില്ല .

  അനാവശ്യമായിട്ട്  എന്റെ വീര ശൂരത്വം നാട്ടുകാരുടെ മുന്നിൽ കാണിക്കാൻ പോയിട്ട്  അവസാനം  നാണം കെട്ടതു മാത്രം മിച്ചം . അതോടെ എനിക്കൊരു വിളിപ്പേരു കൂടിയായി ..പാണ്ടൻന്ന് .., ഇത്ര നാളും ഞാൻ ഒളിച്ചു വെച്ച എന്റെ ചന്തിയുടെ പാണ്ട് നാട്ടുകാർക്ക് മുഴുവൻ അതോടെ പരിചിതമായി.


0 അഭിപ്രായങ്ങള്‍