അന്ന് യക്ഷിയുടെ ബർത്ത് ഡേ ആയിരുന്നു . അത് ആഘോഷിക്കാൻ എല്ലാ യക്ഷികളും ഒത്തുചേർന്നു  കേക്കിൽ മെഴുകുതിരി കത്തിച്ചു വെച്ചു .

         യക്ഷിയുടെ വയസ്സിന് അനുസരിച്ച് മെഴുകുതിരികൾ  കത്തിക്കാൻ സ്ഥലമില്ലാതിരുന്നത് കൊണ്ട് അത് ഒന്നായി  ചുരുക്കി . അതിനെ ആയിരം വർഷമെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം

         മെഴുകുതിരി ഊതിക്കെടുത്തിക്കൊണ്ട്  യക്ഷികൾ ഒന്ന്  ചേർന്ന് ഉറക്കെ പാടി .

       ''ഹാപ്പി ബർത്ത് ഡേ .., റ്റൂ .., യൂ ....''

   അതിൽ നിന്നും ആരോ  ഒരു കഷ്ണം കേക്ക് മുറിച്ച്  ബർത്ത് ഡേ യക്ഷിയുടെ വായിലേക്ക് വെച്ചുകൊടുത്തു

       അന്നവിടെ യക്ഷികളുടെ ആഘോഷ രാവായിരുന്നു അതിനുവേണ്ടി മൂന്നു മനുഷ്യരെ മുട്ടാടുകൾ കണക്കെ നിറുത്തിയിരുന്നു .

        ഭയം അവരുടെ കണ്ണുകളിൽ പൂത്തിരി പോലെ കത്തുന്നു  അവരുടെ മുട്ടുകൾ കൂട്ടിയിടിക്കുന്നു  അവർ നിലവിളിച്ചു കൊണ്ട് ദൈവങ്ങളെ വിളിച്ചു .

        എന്നാൽ ദൈവങ്ങൾക്ക് വേറെ പണിയുണ്ടായിരുന്നു .

                 തങ്ങൾക്ക് പറ്റിയ  വലിയൊരു തെറ്റ് , മനുഷ്യരെന്ന് ദൈവങ്ങൾ തിരിച്ചറിയുകയായിരുന്നു .

                       വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോൾ തന്നെ അത് തിരിച്ചറിയപ്പെടേണ്ടതായിരുന്നു .

                    അത് രണ്ടാമത്തെ തെറ്റ് .

             ലോകത്തിലെ ഓരോ ജീവജാലങ്ങളേയും  വീണ്ടും ഉരുവാക്കുന്നതിനു വേണ്ടി ദൈവം നോഹക്ക് ഒരു പെട്ടകം കൊടുത്തു .

               മനുഷ്യർ ഇനിയെങ്കിലും പഠിക്കട്ടെയെന്ന് കരുതി

           അത് ദൈവങ്ങൾക്ക് പറ്റിയ മൂന്നാമത്തെ തെറ്റായിരുന്നു .

              ഒരിക്കലും തിരുത്തപ്പെടാത്ത ജന്മങ്ങളാണ് മനുഷ്യരെന്ന് അവർ തിരിച്ചറിയപ്പെടാൻ വൈകി .

               ദൈവം പോലും ആശ്ചര്യപ്പെടുന്നു  .

                        ഈ  പ്രപഞ്ചം പോലും  സൃഷ്ടിക്കാൻ കഴിഞ്ഞ  എനിക്ക് എന്ത്കൊണ്ട്  മനുഷ്യനെന്ന ഈ  കൃമിയുടെ മനസ്സ്  മാത്രം  വായിക്കുവാൻ  കഴിഞ്ഞില്ല എന്നതോർത്ത്  ?

          അതാണ്‌ മനുഷ്യൻ

                         ദൈവത്തിനേയും കടത്തി വെട്ടിക്കൊണ്ട്‌  അവൻ അലറുന്നു

                  ഞാനാണ് എല്ലാം

                           ദൈവങ്ങളെ സൃഷ്ട്ടിക്കുന്നത്  ഞാനാണ് ,  ദൈവങ്ങൾക്ക് രൂപം കൊടുത്തത് ഞാനാണ്  ,  ദൈവങ്ങളെ വഴി നടത്തുന്നതും ഞാനാണ് , ഞാനില്ലെങ്കിൽ ദൈവങ്ങൾ ഇല്ലേയില്ല  

         തല മറന്ന് എണ്ണ തേക്കുന്ന നൈമിഷികനായവന്റെ  ഭോഷത്തം

           ഭോഷൻമാരെ  തിരുത്തരുത്,   അവർ തിരുത്തുന്നവന്റെ കഴുത്തിലേക്ക് ഇരുതലവാൾ കുത്തിയിറക്കും .

           ഇപ്പോൾ  മനുഷ്യരുടെ വിലാപങ്ങൾക്കു  നേരെ ദൈവങ്ങൾ  തിരിഞ്ഞു നോക്കാറില്ല .

           യക്ഷികൾ അവർക്കു ചുറ്റും നൃത്തം ചവിട്ടിക്കൊണ്ട് വലം വെച്ചു . അവരുടെ കൈയ്യിൽ  വലിയൊരു ഭരണിയുണ്ടായിരുന്നു .നീണ്ട കൊടുവാളുകളും അതവർ  മനുഷ്യ ശരീരത്തിലേക്ക് കുത്തിയിറക്കി  അവസാനതുള്ളി രക്തം വരെ ഊറ്റിയെടുത്ത്  ആ ഭരണികളിൽ നിറക്കും .

         അതാണ്‌ അവരുടെ  ആഘോഷങ്ങൾക്കുള്ള  ലഹരി നിറഞ്ഞ വീഞ്ഞ് .

        യക്ഷി ആദ്യം മുട്ടനായ ഒരു മനുഷ്യന്റെ അടുത്തേക്ക് ചെന്നു  അയാൾ പേടിച്ചു  വിറച്ചു കൊണ്ട്  തന്റെ കൈയ്യിലുള്ള ഭഗവത് ഗീതയെടുത്ത്  ആ യക്ഷിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു .

       ''എന്നെ തൊടരുത് ഇത് വിശുദ്ധമായ ഗീതയാണ് ഭഗവാന്റെ സാരോപദേശങ്ങൾ   ഇതിൽ  തൊട്ടാൽ  നീ ചാമ്പലായിപ്പോകും .

            പക്ഷേ   അയാൾ പ്രതീക്ഷിച്ച പോലെ അതിൽ നിന്നും  തീജ്വാലകൾ വമിച്ചില്ല  യക്ഷി ചാമ്പലായതുമില്ല .

           യക്ഷി  അടുത്തവന്റെ അടുത്തേക്ക് ചെന്നു  അയാൾ വിറച്ചു കൊണ്ട് ഖുറാൻ എടുത്തു നീട്ടി .

           പക്ഷേ  അവിടേയും  ഒന്നും തന്നെ സംഭവിച്ചില്ല .

        മൂന്നാമത്തവൻ ബൈബിൾ എടുത്തു നീട്ടിയെങ്കിലും  അവിടേയും ഫലം തഥൈവ .

           യക്ഷി  തന്റെ മേലാളയോട്  ചോദിച്ചു .

       ഞാൻ ചോര എടുക്കാൻ പോയപ്പോൾ  എന്താണ് അവർ എനിക്കു  നേരേ നീട്ടിയത് .?

     അതോ അത് അവരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ ആണ്   അതിൽ ദൈവീക ചേതനയുണ്ട് , തീജ്വാലകൾ ഉണ്ട്, അത് നമ്മുടെ മേൽ തൊട്ടാൽ നമ്മൾ ചാമ്പലായിപ്പോകും .

     എന്നിട്ട് എനിക്കൊന്നും സംഭവിച്ചില്ലല്ലോ .?

    അതോ ?  അതെടുത്ത്  പ്രയോഗിക്കുന്നവൻ  അതിന് അർഹനല്ല  അത് കൊണ്ടാണ് അതിൽ നിന്നും ദൈവീക ശക്തി പ്രവഹിക്കാതിരുന്നത് .

      അപ്പോൾ  .., അങ്ങ് അറിഞ്ഞു കൊണ്ട് എന്നെ കൊലക്ക് കൊടുക്കുകയായിരുന്നുവല്ലേ  ? ഒരു പക്ഷേ അതെടുത്ത്  നീട്ടിയവൻ അതിനർഹതയുള്ള  ആളായിരുന്നുവെങ്കിലോ ?  ഞാൻ ചാമ്പലായി പോയേനേ അല്ലേ ?

    അങ്ങിനെയൊന്നും സംഭവിക്കുകയില്ലെന്ന്  എനിക്കറിയാമായിരുന്നു  അവർ ദൈവീക ചേതനയുള്ളവർ   ആയിരുന്നു വെങ്കിൽ ? നമുക്കവരെ പിടിക്കാൻ പോലും പറ്റുമായിരുന്നില്ല . ദൈവമവരെ കൈക്കുമ്പിളിൽ താങ്ങിയേനേ 

  ഒരു പ്രാവശ്യം ഞാൻ ദൈവത്തെ കണ്ടപ്പോൾ  അദ്ദേഹം എന്നോട് ചോദിച്ചു , സുഖമാണോയെന്ന് ?.

             എനിക്ക് അത്ഭുതമായി  അദേഹത്തിന് തെറ്റു പറ്റിയതാണോ ?

    എടോ .., സത്യത്തിൽ എനിക്ക് തെറ്റു പറ്റി ഞാൻ മനുഷ്യരെന്നു കരുതി  സൃഷ്ടിച്ചത്  പിശാചുക്കളെയായിരുന്നു .  പിശാചുക്കൾ എന്ന് കരുതി സൃഷ്ട്ടിച്ചത് മനുഷ്യരേയും .

       അത് കൊണ്ടാണ് ഞാൻ നിനക്ക് ധൈര്യപൂർവ്വം അനുമതി നൽകിയത് .

  പക്ഷേ .., അവർ മൂന്നു പേരും നീട്ടിയത് വ്യത്യസ്ഥ ഗ്രന്ഥങ്ങൾ ആയിരുന്നല്ലോ? എന്നാൽ  അവരുടെ ശരീരത്തിനെല്ലാം ഒരേ രൂപവും നമ്മൾ കുടിച്ച രക്തത്തിനെല്ലാം ഒരേ ചുവപ്പും   അതെന്തുകൊണ്ടാണ് ?

  അതോ അതാണ്‌ നമ്മളും അവരും തമ്മിലുള്ള വ്യത്യാസം . അവരുടെ  ഉള്ളിലുള്ളതും  ശരീരവും എല്ലാം ഒന്നു തന്നെ  പക്ഷേ  ചിന്തകൾ സ്വാർത്ഥവും കുടിലവും , വെറുപ്പു  നിറഞ്ഞതും വ്യത്യസ്ഥങ്ങളും ആകുന്നു.

    അവർ പരസ്പരം വെട്ടിക്കൊല്ലുന്നു , ചെളിവാരിയെറിയുന്നു , എല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാതെ അടുത്തവന്റെ രക്തത്തിനായി ദാഹിക്കുന്നു .

 കാണാമറയത്തുള്ള ദൈവങ്ങൾക്ക് വേണ്ടി , അവർ കാണുന്ന ദൈവങ്ങളെ തല്ലിക്കൊല്ലുന്നു . എന്നിട്ട് വിശുദ്ധഗ്രന്ഥങ്ങളെ ഉയർത്തിപ്പിടിക്കുന്നു .

     ആ .., വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം ഉൾക്കൊള്ളാതേയും , തിരിച്ചറിയാതേയും   അവർ കലാപക്കൊടികൾ നാട്ടുന്നു . ഒരു പ്രാവശ്യമെങ്കിലും ആ ഗ്രന്ഥങ്ങൾ വായിച്ചു നോക്കാതെ അവർ കണ്ണുകളിൽ നിഴൽ നിറച്ചുകൊണ്ട് അടുത്തവന്റെ തെറ്റുകൾക്കെതിരെ ആക്രോശിക്കുന്നു.

                അവരാ ഗ്രന്ഥങ്ങൾ വായിച്ചിരുന്നുവെങ്കിൽ ?

      എങ്കിൽ ..അവരുടെ കലാപങ്ങളെല്ലാം  മനുഷ്യനന്മകൾക്ക്  വേണ്ടിയുള്ള ജീവത്യാഗങ്ങൾ ആയി മാറിയേനേ , സ്വന്തം കണ്ണുകളിലെ ഇരുട്ട് പൊഴിഞ്ഞു പോയേനേ , എങ്കിൽ അവരാ   വിശുദ്ധ ഗ്രന്ഥങ്ങൾ  ചൂണ്ടെണ്ടാ മനസ്സിൽ  ചൊല്ലിയാൽ മാത്രം മതി ..  നമ്മൾ ഭസ്മമായി മാറാൻ

          അതവർ  ചെയ്യാത്തിടത്തോളം കാലം  നമ്മുടെ ആഘോഷങ്ങൾക്കായി   നമുക്കിതുപോലെയുള്ള  മനുഷ്യമുട്ടൻമാരെ കിട്ടും .

        അവർ എന്തെടുത്ത് നീട്ടിയാലും  ഒന്നും തന്നെ നമുക്ക്  സംഭവിക്കുകയില്ല , കാരണം ദൈവങ്ങൾ പോലും അവരെ കൈവിട്ടിരിക്കുന്നു .


                

0 അഭിപ്രായങ്ങള്‍