ദാ .., നമ്മടെ അവറാൻ ചേട്ടനല്ലേ വരണത്  കുറെ നാളായി ആളെ പുറത്തേട്ടൊന്നും  കാണാനില്ലായിരുന്നു .

         പട്ടി കടിച്ചതാ .., അവറാൻ ചേട്ടനെ ഓടിച്ചിട്ട്  കടിക്കായിരുന്നുത്രേ  ശത്രുക്കള് പോലും ഇങ്ങനെ കടിക്കില്ല. അത്രക്കും വൈര്യാഗ്യ ബുദ്ധിയോടെയാ ആ  ശുനകൻ കടിച്ചു പറിച്ചത് .

      കാരണം വേറൊന്നുമല്ല  തെരുവു നായ ശല്യത്തിനെതിരെ മെമ്പറ് സുകേശന്റെ നേത്ര്വത്വത്തിൽ റോഡ്‌ ഉപരോധ സമരം . ആ വഴി സൈക്കിളിൽ പോയപ്പോ  അവറാൻ ചേട്ടനും ഒരു ആഗ്രഹം  സമരത്തിൽ പങ്കെടുക്കണന്ന് .

        ഇത് ഒരു സാമൂഹ്യ പ്രശനമല്ലേ ?,പിന്നെ അവറാൻ ചേട്ടനാണെങ്കി നല്ല ഫിറ്റിലും .

       കള്ള് കുടിച്ചു കഴിഞ്ഞാ സാമൂഹ്യ ബോധം കൂടൂത്രേ .

   അങ്ങിനെ സാമൂഹ്യ ബോധം കൂടി അവറാൻ ചേട്ടനും  ആ മഹത്തായ സമരത്തിൽ പങ്കാളിയായി .

 സംഗതി ഇതൊന്നുമല്ല പ്രശ്നം സമരം കഴിഞ്ഞിട്ടും  അവറാൻ ചേട്ടന്റെ ഉള്ളീന്ന്  ആ സമരത്തിന്റെ കിക്ക് മാറിയിട്ടുണ്ടായിരുന്നില്ല. അതീപ്പിന്നെ  വഴീക്കൂടെ പോണ നായക്കളെയെല്ലാം അവറാൻ ചേട്ടൻ കല്ലെടുത്തെറിയും.

    അതിൽ റൌഡികളും, പോക്കിരികളും പിന്നെ പഞ്ച പാവങ്ങളും ഉണ്ടായിരുന്നു.

        പക്ഷേ .., അവറാൻ ചേട്ടൻ ആരേയും വെറുതെ വിട്ടില്ല.

  നീ എല്ലാവരേം കടിക്കൂല്ലെടാ .., നായിന്റെ മോനേ,  പട്ടീ..ന്നൊക്കെ പറഞ്ഞാണ് അവറാൻ ചേട്ടൻ കല്ലെടുത്ത് എറിയുന്നത് .

    സംഗതി,  കല്ലെടുത്ത് എറിയുമ്പോ  ഇയാൾക്കെന്താ വട്ടായോ  ന്ന് ചിന്തിച്ച് പാവം പിടിച്ച മര്യാദക്കാരൊക്കെ ഓടും .  പക്ഷേ .. ചില പോക്കിരികള്   തിരിഞ്ഞു നിന്ന് ഒന്ന് മുരളും

    അപ്പൊ .., അവറാൻ ചേട്ടൻ ഓടും 

  അങ്ങനെ ഇന്ത്യയും , പാക്കിസ്ഥാനും പോലെയായി  അവറാൻ ചേട്ടനും നായക്കളും .

   ചേട്ടന്റെ കല്ലേറിൽ പൊറുതി മുട്ടി  നായ്ക്കളെല്ലാം ചേർന്ന് അവറാൻ ചേട്ടനെ സ്കെച്ചിട്ടു .

    ഒരു ദിവസം തെങ്ങ് ചെത്തി  അതിന്റെ കടക്കിരുന്നു രണ്ടെണ്ണം മോന്തണ  സമയത്താണ്  കഷ്ടകാലം  ശുനകന്റെ രൂപത്തിൽ  അവറാൻ ചേട്ടന്റെ അടുത്തേക്ക് വന്നത് .

             അവനാണെങ്കീ  ആ എരിയേലെ റൌഡികളുടെ  മൂത്താപ്പയും.

     അവറാൻ ചേട്ടൻ തന്റെ പതിവു കലാ പരിപാടി തെറ്റിച്ചില്ല .

        ''  ടാ ...പട്ടീ ''ന്നും അലറി  കിട്ടിയ കല്ലെടുത്ത് ഒരു വീക്ക് .

      ശുനകനെ നോക്കി  അവറാൻ ചേട്ടൻ എടുത്ത് വീക്കിയത്  തെങ്ങിന്റെ ചോട്ടിൽ എപ്പോഴോ  കെട്ടിയിട്ട ഒരു പശുവിട്ട  ചാണകത്തിന്റെ ഉണങ്ങിയ  കഷ്ണം .

         ചതി  മനസ്സിലായപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു .

   ശുനകൻ  അവറാൻ ചേട്ടന്റെ നേർക്ക്  ഗർജ്ജിച്ചുകൊണ്ട് ഒറ്റ ചാട്ടം .

അതോടു കൂടി അവറാൻ ചേട്ടന്റെ നല്ല ജീവൻ ഓടി തെങ്ങുമ്മേ കയറി .

    കുറേനേരമായി കുന്തിച്ചിരിക്കണ കാരണം  അവറാൻ ചേട്ടന്റെ കാല് തരിച്ചിരിക്കുകയായിരുന്നു .

    ഓടാനും, ചാടാനും പറ്റാണ്ട് അവറാൻ ചേട്ടൻ നിന്ന് ബ്രേക്ക് ഡാൻസ് കളിച്ചു .

        സൈക്കിളെടുത്ത്  ശുനകന്റെ വായേന്ന് ഓടി രക്ഷപ്പെണമെന്നുണ്ട് .

  പക്ഷേ .., തരിച്ചിരിക്കണ കാല് ഒരടി നീങ്ങണമെങ്കിൽ  അവറാൻ ചേട്ടൻ മൊത്തം  ഭാരതനാട്യം കളിക്കണം .

           അവറാൻ ചേട്ടൻ പ്ലേറ്റ് ഒന്ന് മാറ്റി നോക്കി .

      ടാ .., മോനേ.., ഇന്നാടാ  ..,ശൂ .., ശൂ .., കപ്പലണ്ടി തിന്നോ

  കപ്പലണ്ടിയല്ലാ പോത്തിറച്ചി കിട്ടിയാലും അവറാൻ ചേട്ടനിട്ട് പണി കൊടുത്തേ  അടങ്ങൂ എന്ന കലിപ്പിലാ അവൻ .

     ആദ്യത്തെ കടി കിട്ടിയതോട് കൂടി  അവറാൻ ചേട്ടൻ കരഞ്ഞു പറഞ്ഞൂ .

            ടാ ..., മോനേ.., ഞാൻ അവറാൻ ചേട്ടനാടാ 

    പിന്നെ അവൻ തലങ്ങും, വിലങ്ങും കടിച്ചു 

         എന്നെ ..,കൊല്ലെല്ലെടാ പട്ടീന്റെ മോനേ ..

 അവസാനം കടിച്ച് ,കടിച്ച്  മതിയായിട്ടാ  ശുനകൻ അവറാൻ ചേട്ടനെ വിട്ടിട്ട് പോയത് .

അതീപ്പിന്നെ  തെരുവ് നായക്കള്ന്ന്  കേട്ടാലേ അവറാൻ ചേട്ടൻ ആ ഏരിയെന്നേ ഓടും .


0 അഭിപ്രായങ്ങള്‍