''കുഞ്ഞുങ്ങളെപ്പോലെയാകൂ .., മഞ്ഞിന്റെ നൈർമല്യമണിയൂ .''

    എത്ര സുന്ദരമായ ആപ്തവാക്യം . കുഞ്ഞുങ്ങളുടെ മനസ്സിനൊപ്പമാകൂ മഞ്ഞിന്റെ നൈർമല്യത്തെ മനസ്സിൽ എടുത്തണിയൂ .

        കുഞ്ഞുങ്ങൾ നൈർമല്യത്തിന്റെ പ്രതീകങ്ങൾ  എന്നാൽ വർത്തമാന കാലഘട്ടത്തിൽ  ആ കുഞ്ഞുങ്ങളുടെ നൈർമല്യങ്ങളെയും നിഷ്കളംങ്കതയേയും മുറിവേല്പിച്ചു കൊണ്ടുള്ള പീഡനങ്ങളും  ബാലവേലകളു, കൊലപാതങ്ങളും സത്യത്തിന്റെ രക്തം ചിന്തുന്ന നേർ സാക്ഷ്യങ്ങൾ ആകുന്നു .

       തുമ്പിയെ പിടിച്ചും , പട്ടം പറത്തിയും , പൂ പറിച്ചും  കളിച്ചു ചിരിച്ചു നടക്കേണ്ട നിഷ്ക്കളങ്ക പ്രായത്തിൽ നേരിടേണ്ടി വരുന്ന പ്രതി ബന്ധങ്ങൾ  ആ കുഞ്ഞു മനസ്സുകളെ വല്ലാതെ തളർത്തിക്കളയുന്നു .

    ദൈവീക വരദാനമായ  കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കിയാൽ അവിടെ ദൈവീക ചേതന കാണാം  ദൈവീക മഹത്വം കാണാം .

    ആ കുഞ്ഞു മുഖങ്ങളിലേക്ക് നോക്കി ക്രൂരതയോടെ ആക്രോശിക്കുന്നവർ  മനുഷ്യനുമല്ല , മൃഗവുമല്ല  അതിനും എത്രയോ താഴെ  വൃത്തികെട്ട  അറപ്പുളവാക്കുന്ന  എന്തോ ഒന്ന് .

     കാലഘട്ടത്തിന്റെ അനിവാര്യതയായ  കലിയുഗം തുള്ളുന്ന  ഈ വർത്തമാനകാലത്തിൽ  കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യത്തിനും  നിഷ്ക്കളങ്കതക്കും  മേൽ റാഞ്ചാൻ അടുക്കുന്ന കഴുകൻ പോലെ  വലിയൊരു കറുത്ത മൂടുപടം നിഴൽ വിരിച്ചു നിൽക്കുന്നു .

     ജാരാൻമാരുടെ ഒപ്പം ജീവിക്കാൻ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കുഞ്ഞുങ്ങളെ നിലത്തടിച്ചു കൊല്ലുന്ന  അച്ഛനമ്മമാർ, വിൽക്കുന്നവർ, ക്രൂരമായി മർദ്ദിക്കുന്നവർ  കാട്ടാളന്റെ പേക്കൂത്ത് പോലെ കുഞ്ഞുങ്ങളെ ലൈംഗീകമായി പീഡിപ്പിക്കുന്നവർ .

   ബാല്യത്തിന്റെ സ്വാതന്ത്ര്യത്തെ കടിഞ്ഞാണിട്ടുകൊണ്ട്  കുഞ്ഞുകൈകളിലും, മനസ്സുകളിലും  ജോലിഭാരത്തിന്റെ താങ്ങാനാകാത്ത കാഠിന്യം പേറാൻ വേണ്ടി വിധിക്കപ്പെടുന്ന  ശൈശവങ്ങൾ .

    സുരക്ഷിതത്വവും , പരിലാളനകളും നഷ്ട്ടപ്പെടുന്ന ഭയാനകമായ ചിത്രം വരച്ചു കാട്ടുന്ന ബാല്യങ്ങൾ.

   മറ്റുള്ളവരുടെ ദയാദാക്ഷിണ്യം പിടിച്ചു പറ്റുന്നതിനായി പിഞ്ചു കുഞ്ഞുങ്ങളെ  പൊരിവെയിലത്തു നിറുത്തി പിച്ചയെടുക്കുന്ന മാതാപിതാക്കൾ  നിത്യ കാഴ്ച്ചകൾ ആകുന്നു . സ്വന്തം രക്തത്തിൽ നിന്നും  മാംസത്തിൽ നിന്നും രൂപംകൊണ്ട  ഒരു കുഞ്ഞിനോട് എങ്ങിനെ ഇത് ചെയ്യുവാൻ ആ മാതാപിതാക്കൾക്ക് കഴിയുന്നു.?

    ഒരു പക്ഷേ .., അതവരുടെ കുഞ്ഞുങ്ങൾ അല്ലായിരിക്കാം , എങ്കിലും അവർ കുഞ്ഞുങ്ങൾ തന്നെയല്ലേ ?

  നിഷ്ക്കളങ്കത വിഴിയുന്ന  ആ കണ്ണുകളിലേക്ക് നോക്കി ക്രൂരതയുടെ ചാട്ടവാർ എടുത്തു വീശുവാൻ  ഒരു മനുഷ്യനു കഴിയുന്നുവെങ്കിൽ, അവൻ ഒരു നരാധമൻ തന്നെ ..

   കുഞ്ഞു സ്ലേറ്റും, അണ്ണാറക്കണ്ണന്റേയും , പൂമ്പാറ്റയുടേയും പുസ്തകങ്ങളുമായി  വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങളുമണിഞ്ഞ്‌ ആർത്തുല്ലസിച്ച് സ്കൂളിൽ പോകേണ്ട  സമയത്ത്  നെഞ്ചിൽ ഒരു നെരിപ്പോടുമായി  എരിഞ്ഞു തീരാൻ വിധിക്കപ്പെടുന്ന ബാല്യങ്ങൾ.

    ആ ബാല്യങ്ങളിൽ നിന്നും ഉതിരുന്ന കണ്ണുനീർ തുള്ളികൾ  വെറും ജല കണികകൾ അല്ല  മറിച്ച് എരിച്ചു കളയാൻ ശക്തിയുള്ള ദൈവീക തീജ്വാലകൾ ആണത് .

   അതിനു കാരണക്കരായവരെ  ആ തീജ്വാലകൾ  പിന്തുടർന്നു ദഹിപ്പിച്ചു കളയും എന്നതിൽ സംശയമില്ല  അത് ഇന്നല്ലെങ്കിൽ നാളെ .

      ഒരു കുഞ്ഞു ജന്മമെടുക്കുന്നത്  വെറും ശാരീരിക സംത്രിപിതിക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന മാർഗ്ഗത്തിൽ കൂടി  മാത്രമല്ല അതിനും മേലേ ദൈവീക ചേതനയുടെ ഒരു കണിക  കൂടി അതിൽ ചേരപ്പെടണം.

         മൃഗങ്ങൾ പോലും തങ്ങളുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന പരിപാലനം  മനുഷ്യകുലത്തിലെ ചില വർഗ്ഗങ്ങൾ എന്ത് കൊണ്ട് കാണിക്കുന്നില്ല എന്നത്  ഉത്തരം കിട്ടാത്ത ഒരു ചോദ്യമല്ല .

            മറിച്ച് വ്യക്തമായ ഉത്തരം തരുന്ന ഒന്ന് തന്നെയാണ് .

             മാനുഷീക മൂല്യങ്ങളുടെ അധ :പതനം തന്നെ.

  ഇന്ന് നവംബർ 14 , ശിശുദിനം   ഈ ശിശുദിനത്തിൽ എല്ലാ കൂട്ടുകാർക്കും  ആശംസകൾ നേരുന്നതിനോടൊപ്പം

  കരിനിഴൽ വീണുകിടക്കുന്ന ബാല്യത്തിന്റെ കരാളഹസ്തങ്ങളിൽപ്പെട്ട് കണ്ണു നീർ പൊഴിക്കുന്ന അനേകായിരം കൂട്ടുകാർക്ക് വേണ്ടിയും പ്രാർഥിക്കാൻ  കൂടി ഈ ദിവസം വിനിയോഗിക്കണമെന്ന് ഓർമ്മിപ്പിച്ചു കൊള്ളുന്നു . 


       
             

0 അഭിപ്രായങ്ങള്‍