മഴ .., അത് കാലം തെറ്റിയതോ?, അതോ  കാലത്തിനോട് ചേർന്ന് നിൽക്കുന്നതോ ?

           അറിയില്ല 

           അത് എന്ത് തന്നെയായാലും  മഴത്തുള്ളികൾ  വെള്ളത്തിൽ പതിക്കുന്ന കാഴ്ച്ച ഒരു രസം തന്നെയാണ് .

    തണുപ്പിന്റെ  സുഖാലസ്യത്തിൽ കിടന്നു കൊണ്ട്  പാതി തുറന്നിട്ട ജാലകത്തിലൂടെ  കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന ആ കായലോളങ്ങൾക്ക് പുളകച്ചാർത്തായി വെള്ളിക്കൊലുസുകൾ കണക്കെ മഴത്തുള്ളികൾ പതിക്കുന്നത് കാണാമായിരുന്നു .

  ആ ഇക്കിളിപ്പെടത്തലുകൾ നെഞ്ചിലേറ്റി  നവവധുവിനേപ്പോലെ അവൾ അലയറിഞ്ഞു ചിരിക്കുന്നു . പളുങ്കു മണികൾ പൊട്ടിച്ചിതറും പോലെയുള്ള ആ ചിരി കേൾക്കാൻ  ഒരു ഹരമായിരുന്നു .

   മുമ്പൊക്കെ  മഴക്കാലത്ത്  വീടിന്റെ പടിക്കെട്ടോളം വെള്ളം കേറുമായിരുന്നു . പക്ഷേ ..,ഒരിക്കലും അവൾ ഞങ്ങളെ വേദനിപ്പിച്ചില്ല .വിരുന്നു വന്ന നാണം കുണുങ്ങിയായ  മണവാട്ടിയെപ്പോലെ  അവൾ ഞങ്ങളുടെ പടിക്കെട്ടിനെ ചുംബിച്ചു നിന്നു .

  പടിക്കെട്ടിലിരുന്നുകൊണ്ട്  വേദനിപ്പിക്കാതെ  അവളുടെ മാറിലേക്ക് കാലുകൾ നീട്ടി ഇരിക്കുമ്പോൾ , തഴുകുന്ന  ആ ഇളം തലോടുകൾക്ക്  മാതൃവാത്സല്യത്തിന്റെ  ഞാൻ അനുഭവിക്കാതെ പോയിരുന്ന സ്നേഹമായിരുന്നുവോ ?

    ഇടവപ്പാതിക്കാലത്ത്  നിറഞ്ഞൊഴുകിയിരുന്ന അവൾ ഒരിക്കലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല . അതിൽ മുഴുവൻ ആർത്തൊലിച്ചു വരുന്ന സ്നേഹത്തിന്റെ കൈയ്യോപ്പുകൾ ഞാൻ കണ്ടു .

  എന്നാൽ ഇന്ന് , കാലമെന്ന യാഗാശ്വത്തിന്റെ കുതിപ്പിൽ പ്രായത്തിന്റെ കൈയ്യൊപ്പുകൾ  എന്നിൽ മുദ്ര പതിപ്പിച്ചതു പോലെ  അവളും ആ പരിവർത്തനങ്ങളിലൂടെ നിശബ്ദതയോടെ കടന്നു പോകുന്നു .

   മുമ്പൊക്കെ  ഞങ്ങളുടെ വീട് മാത്രമായിരുന്നു  എന്നാൽ ഇന്ന് ചുറ്റിനും ചുറ്റിനും  വീടുകൾ  പാടശേഖരങ്ങളെ മണ്ണിട്ട്‌ നികത്തി  മനുഷ്യർ അവനവന്റെ അന്നം  മുട്ടിച്ചു കൊണ്ട് മണി മന്ദിരങ്ങൾ പണിതുയർത്തുന്നു .

 പ്രകൃതിയുടെ സന്തുലിതമായ നൈസർഗ്ഗീകതയിലേക്കുള്ള .., കൈകടത്തൽ

     അതിന്റെ പ്രത്യാഘാതങ്ങൾ ഡെമോക്ലോസിന്റെ വാൾ പോലെ തലക്കു മുകളിൽ നിന്ന് തൂങ്ങിയാടുന്നത്  വിവേകത്തിന്റെ അഹങ്കാരം പേറുന്ന വിഡ്ഢികളായ നമ്മൾ  കാണുന്നില്ല .

   ഓളങ്ങൾക്ക് ശക്തിയില്ലാതെ , വയോ വൃദ്ധയേപ്പോലെ  അവൾക്കിന്ന് ക്ഷീണം സംഭവിച്ചിരിക്കുന്നു . തോലിയെല്ലാം ചുക്കിച്ചുളിഞ്ഞ്  ഞരമ്പുകളെല്ലാം വീർത്ത്  എല്ലും തോലുമായി  മരണത്തിന്റെ കാലൊച്ചക്കായി നിശബ്ദം  കാതോർത്ത് കിടക്കുന്ന വയോവൃദ്ധ .

   ബാല്യത്തിലെ ആ കളിക്കൂട്ടുകാരി  എന്റെ ഉള്ളിലെങ്കിലും മരിക്കാതിരിക്കട്ടെ .

   എന്റെ ബാല്യം അവളുടെതും കൂടിയാണ്  അന്നവൾ ഒരു സുന്ദരിയായിരുന്നു  പാദസര മണികൾ പോലെ പൊട്ടി പൊട്ടിച്ചിരിക്കുന്ന അവളുടെ  കള  കളാരവം  കാതുകൾക്ക് വിരുന്നായിരുന്നു .

  എന്നും പൊട്ടിചിരിച്ചുകൊണ്ട് പരിലസിച്ചിരുന്ന അവൾ ഇന്ന് ശോക മൂകയായിരിക്കുന്നു .

   എന്റെ അടുത്ത വരവിനു മുന്നേ  ഒരു പക്ഷേ .., അവൾ കാലയവനികകൾക്കുള്ളിലേക്ക് മടങ്ങിപ്പോയേക്കാം . ആ മാറിനെ കുത്തിനോവിച്ചു കൊണ്ട്   വീണ്ടും , വീണ്ടും  പുതിയ .., പുതിയ മണിമന്ദിരങ്ങൾ ഉയർന്നു വന്നേക്കാം .

 പ്രവാസത്തിന്റെ ചുട്ടു പഴുത്ത മരുഭൂമികളിൽ നിന്ന് കുളിറൂരുന്ന നീർച്ചോലകളിലേക്കുള്ള വരവുകളിൽ എന്നും ഹൃദയത്തിന് ആവേശം കൊടുക്കുന്ന സ്നേഹസ്പർശങ്ങളിൽ ഒന്നാണ് കാലത്തിന്റെ വിസ്മ്രിതിയിലേക്ക് മായാൻ തുടങ്ങുന്നത് .

  ബാല്യത്തിന്റെ നിഷ്കളങ്കതയിൽ  താലോലിച്ചിരുന്ന  ആഹ്ലാദക്കൂട്ടുകളുടെ നഷ്ട്ടപ്പെടത്തലുകൾ . താമരയും , പായലുകളും  നിറഞ്ഞു നിന്നിരുന്ന  യൌവ്വന യുക്തയായി  അലയറിഞ്ഞു  പൊട്ടിച്ചിരിച്ചിരുന്ന എന്റെ ആ പഴയ സുന്ദരിയെവിടെ ?

  ഒജസ്സില്ലാതെ വെള്ളവും , നീരും വറ്റി ശോഷിച്ചുണങ്ങിയിരിക്കുന്ന  നിന്റെ ഈ  രൂപം എന്റെ കണ്ണുകളിൽ പെടാതിരിക്കട്ടെ . കാരണം എനിക്കതൊരു ഹൃദയ നീറ്റലാണ്  എന്നേപ്പോലെത്തന്നെ ബാല്യങ്ങൾ  നിന്റെ മാറിൽ ആർത്തുല്ലസിച്ച  ഏവർക്കും  .

   ഇനിയും ഋതു ഭേദങ്ങൾ മാറട്ടെ  കാലയവനികക്കുള്ളിൽ വർഷങ്ങൾ പൊഴിഞ്ഞു വീഴട്ടെ  ജന്മാന്തരങ്ങളുടെ തേരോട്ടത്തിൽ കാലം വീണ്ടും  നിനക്ക് നല്ലൊരു  ബാല്യം  പകർന്നു തരട്ടെ എന്നാശംസിച്ചു കൊണ്ട് .

             നിനക്കായി  ഞാനും കണ്ണീർ പൊഴിക്കുന്നു .

           

0 അഭിപ്രായങ്ങള്‍