എങ്ങും എവിടേയും ആക്രോശങ്ങൾ , രോദനങ്ങൾ , മുറവിളികൾ  പാലായനം ചെയ്യുന്നവരുടെ തിരക്ക്  ഭക്ഷണത്തിനായി അലമുറയിടുന്നവർ  കുട്ടികളെ മാറോട് ചേർത്ത് രക്ഷാസ്ഥാനങ്ങളിലേക്ക് പരക്കം പായുന്നവർ !

            അതിനിടെ റ്യുമറുകൾ നിരവധി  സൈദാപേട്ട് ബ്രിഡ്ജ് തകർന്നു കോട്ടൂർപുരം ബ്രിഡ്ജ് ഇതാ തകരാൻ പോകുന്നു .

           എങ്ങും യുദ്ധ സമാനമായ അന്തരീക്ഷം 

         ചെന്നൈ എന്ന ലോകോത്തര നഗരങ്ങളിൽ ഒന്ന്  പരിതാപകരമായി തകർന്നടിയുന്ന കാഴ്ച്ച .

     പണക്കാരനെന്നോ , പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ  സ്വന്തം ജീവിതം മുറുകെപ്പിടിച്ച്  സുരക്ഷിത സ്ഥാനങ്ങളിലേക്കും  വെള്ളം കയറാത്ത മേൽപ്പാലങ്ങളിലേക്കും  പാലായനം ചെയ്യുന്നവർ .

     ഒരു ജീവിതകാലത്തെ സമ്പാദ്യങ്ങൾ  പിറകിലുപേക്ഷിച്ച് , ഒരു ചാക്ക് സഞ്ചി മാത്രം തലച്ചുമടു വെച്ച്  ഭയന്നു വിറക്കുന്ന കുഞ്ഞുങ്ങളെ കഴുത്തിലേറ്റി നെഞ്ചറ്റം വെള്ളത്തിലൂടെ ജീവനായി പരക്കം പായുന്ന ഒരു ജനത .

    അവരുടെ കണ്ണുകളിൽ ആർത്തലച്ചു വരുന്ന മഴയെ തോൽപ്പിക്കുന്ന കണ്ണുനീർ വെള്ളചാട്ടങ്ങൾ .

     മനുഷ്യനെന്നാൽ ഇത്രയേ ഉള്ളൂ, എന്നതിന്റെ നേർക്കാഴ്ച്ച 
കുടിക്കാൻ വെള്ളമില്ല , വൈദ്യുതിയില്ല ,കമ്മ്യുണിക്കെഷൻ സംവിധാനങ്ങൾ ഒന്നുമില്ല . മനുഷ്യനെന്ന അതിബുദ്ധിമാൻ  പ്രകൃതിക്കു മുന്നിൽ ഒന്നുമല്ല എന്ന് തെളിയിക്കുന്ന  പ്രകൃതിയുടെ താണ്ഡവം .

       എസിയും , ഇന്റർനെറ്റും ഇല്ലാതെ കഴിയാൻ വയ്യാത്തവർ വെറും വഴിയോരത്ത് അന്തിയുറങ്ങുന്ന ഡിസാസ്റ്റർ.

    സഹായങ്ങളുടെ പ്രവാഹം, എങ്ങു നിന്നും  സ്വന്തം ജീവനെപ്പോലും അവഗണിച്ച് വെള്ളക്കെട്ടിലൂടെ ഭക്ഷണവും , വെള്ളവും , വസ്ത്രങ്ങളും  അവശ്യമരുന്നുകളും  എത്തിക്കുന്ന കരുണ നിറഞ്ഞ ഒരു ലോകം നമുക്കു ചുറ്റും  ഉണ്ടെന്ന യാഥാർത്ഥ്യം  കണ്ണു നനയിക്കുന്നു .

           മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന നിമിഷങ്ങൾ, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന  സന്നദ്ധ സംഘടനകൾ, വ്യക്തികൾ , സ്ഥാപനങ്ങൾ , ഇന്ത്യൻ റെഡ്ക്രോസ് , മിലിട്ടറി, നേവി  , പോലിസ് , കമാൻഡോസ് എല്ലാ  ഗവണ്മെന്റ് സംവീധാനങ്ങൾക്കും നന്ദി .

   ലോകം മുഴുവനും സഹായവുമായി മുന്നിൽ നിൽക്കുമ്പോൾ സങ്കടം കൊണ്ട് കണ്ണുകൾ നിറയുന്നു . ചെന്നൈ ഒറ്റക്കല്ല , ഞങ്ങളെ സഹായിക്കാൻ ഒരു ലോകം ചുറ്റിനുമുണ്ട് എന്ന ചിന്ത, അത്  മനസ്സിന് കരുത്തും , ശരീരത്തിന് ഊർജ്ജവും പകർന്നു നൽകുന്നു .

  ലോകമെങ്ങും  നിന്ന് സഹായ ഹസ്തങ്ങൾ  പ്രവഹിക്കുമ്പോഴും  അതിനെ ദുരുപയോഗം ചെയ്യുന്ന സംസ്കാരശൂന്യരായ ഒരു കൂട്ടരുണ്ടെന്നുള്ളത് ജനതയുടെ വികൃത മുഖം വെളിവാക്കുന്ന ഒരു സത്യം കൂടിയായി മാറുന്നു. 

      പത്ത് കിട്ടിയാലും , നൂറു കിട്ടിയാലും വീണ്ടും .., വീണ്ടും കൈ നീട്ടുന്നവർ .

   സ്വയം അപമാനം തോന്നിപ്പോകുന്ന  വൃത്തികെട്ട സംസ്കാര ശൂന്യത  പേറുന്ന  ഒരു കൂട്ടം .

   സാനിട്ടറി നാപ്കിന് പോലും  അടിപിടി കൂടുന്ന പുരുഷൻമാരും വൃദ്ധകളും .

    ലോകമെന്നാൽ ഇതൊക്കെത്തന്നെയാണ് എന്ന് കാട്ടിത്തരുന്ന സത്യം .

     പലതരം സംസ്കാരങ്ങൾ പേറുന്നവരുടെ കൂട്ടായ്മ  അതാണ്‌ ലോകം എന്നോർത്ത് അതിനു മുകളിൽ  മറവിയുടെ ഒരു മൂടുപടം പൊതിയാം. അല്ലെങ്കിൽ ലക്ഷക്കണക്കിനു   വരുന്ന സഹായഹസ്തങ്ങൾക്കും  അവരുടെ ലാഭേശ്ചയില്ലാത്ത പ്രവർത്തനങ്ങൾക്കും  ഇടയിലുള്ള ഒരു കറുത്ത പുള്ളിക്കുത്തായിരിക്കും അത്

  വീടിനു മുന്നിലൂടെ ഒരാൾ പൊക്കത്തിൽ അലറിക്കുതിച്ചോഴുകുന്ന വെള്ളപ്പാച്ചിൽ . ഇതൊരു ആറ്റുതീരമല്ല  സ്ട്രീറ്റ് ആണെന്ന് ഓർക്കണം .

വെള്ളം എത്തുന്നതിനു മുൻപേ  സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തോന്നാത്ത ബുദ്ധിശൂന്യതയെ പഴിച്ച നിമിഷങ്ങൾ  എനിക്ക് നീന്താൻ അറിയാമെന്ന ആത്മവിശ്വാസത്തിനു മേൽ  ഭാര്യയുടേയും , കുഞ്ഞുങ്ങളുടേയും  സുരക്ഷയേക്കുറിച്ചുള്ള ആശങ്ക .

          സുനാമിയെക്കുറിച്ചുള്ള ആങ്കലാപ്പിൽ  ഭയന്നു വിറച്ച്  താടിക്ക് കൈകൊടുത്ത് എന്നേ കൂടി  പേടിപ്പിക്കുന്ന ഹൗസ് ഓണർ .

      വെള്ളം കൂടുമോ .., കൂടുമോ  എന്നുള്ള ആശങ്ക  എന്നോട് ഇടക്കിടെ പങ്കുവെക്കുന്ന ഭീതിയെ  അകറ്റി  ഇല്ല .., ഇല്ല .., എന്നുറപ്പിച്ചു പറയുന്ന എന്റെ ഉള്ളിലെ ഭീതി അയാൾ  അറിഞ്ഞിരിന്നുവെങ്കിൽ ആ നിമിഷം ഹൃദയസ്തംഭനം വന്നേനെ .

            വെള്ളക്കെട്ടിന്റെ തുടക്കത്തിൽ കുലുങ്ങാതിരുന്ന എന്റെ ധൈര്യം  വെള്ളം  ഉയരും തോറും , മനസ്സിനുള്ളിൽ നിന്ന് ഇറങ്ങിയോടി .

     കുടിവെള്ളം വാങ്ങുന്ന മുപ്പത് ലിറ്ററിന്റെ കാനുകൾ ചേർത്ത് വെച്ച്  ചങ്ങാടമുണ്ടാക്കിയാലോ  എന്ന് പോലും ഞാൻ ആലോചിച്ചു പോയ നിമിഷങ്ങൾ .

     എനിക്ക് ഉറക്കമില്ലാത്ത രാത്രി, തലക്കു മുകളിൽ വെള്ളം വന്നാലും  അറിയാത്ത മട്ടിൽ  കൂർക്കം വലിച്ചുറങ്ങുന്ന ഭാര്യയിലെ ധൈര്യം എന്നെ അത്ഭുതപ്പെടുത്തി. നീന്തല് പോലും അറിയില്ലെന്ന  ധൈര്യമോ ? അതോ എന്നിലുള്ള അതിരു കടന്ന ആത്മവിശ്വാസമോ ?

     ഒഴുക്കിനെതിരേ നീന്തി  കര പിടിക്കാൻ പെടാ പാട് പെടുന്ന ഒരു ശുനകൻ  ആള് മുന്നോട്ടാണ് തുഴയുന്നതെങ്കിലും പിന്നോട്ടാണ് യാത്ര . ഇത് കണ്ട് അടുത്ത വീടിന്റെ മുകളിലിരുന്ന് വാവിട്ടു കരയുന്ന മറ്റൊരു ശുനകൻ .

           രണ്ട് കരച്ചിലേ  ഞാൻ കേട്ടുള്ളൂ . മൂന്നാമത്തെ കരച്ചിലിനു മുന്നേ  ഇനി കരയാൻ ശേഷിയില്ലാതെ അവൻ ബോധം കെട്ടു വീണു .

     വെള്ളത്തിലൂടെ ഒഴുകി വരുന്ന കട്ടിലുകൾ, ഫ്രിഡ്ജുകൾ , ഗ്യാസ് സിലിണ്ടറുകൾ , ടിവികൾ  സമ്പാധ്യങ്ങളിൽ നിന്ന് മിച്ചം വെച്ച് വാങ്ങി വെച്ച  വലിയ മൂല്യങ്ങൾ  അതെല്ലാം പ്രകൃതിയുടെ താണ്ഡവത്തിൽ ഒഴുകി നടക്കുന്നു . മഴക്കു വേണ്ടി പ്രാർഥിച്ച  ചുണ്ടുകളിൽ നിന്നെല്ലാം  മഴയെ ശപിച്ചു കൊണ്ടുള്ള മുറവിളികൾ .

   ചെന്നൈ എന്ന സുന്ദരി ഇന്ന് വിക്രതയാണ്  അവളെ വിട്ട് എല്ലാവരും പാലായനം ചെയ്യുകയാണ് . നിർബന്ധങ്ങൾക്ക് വഴങ്ങി മറ്റുള്ളവരോടൊപ്പം   പാലായനം ചെയ്യുവാൻ എനിക്കാവില്ല .

    കാരണം പെറ്റമ്മയേക്കാൾ അധികം വാത്സല്യം എനിക്ക് തന്ന നഗരമാണിത്  ഈ ദുരന്ത മുഖത്ത് അവളെ തനിയെ വിട്ട് ഓടിയോളിക്കുവാൻ എനിക്കാവില്ല.

           അവൾ തിരിച്ചു വരും  പഴയതിനേക്കാൾ ഊർജ്ജസ്വലതയോടെ 

         ഇപ്പോഴും പുറത്ത് മഴ ആർത്തലച്ചു പെയ്യുകയാണ് , കലിയടങ്ങാത്ത  സംഹാര രുദ്രയെപ്പോലെ,അവൾ ഇടയ്ക്കിടെ വന്ന് പ്രഹരിച്ച് പോകുന്നു .

           ഏതോ കാരുണ്യം കൊണ്ട് വീണു കിട്ടിയ ഇന്റർനെറ്റ്  ഏതു നിമിഷവും  ഓടിപ്പോകാം .

         ഇപ്പോൾ എല്ലാ മുഖങ്ങളിലും  നിർവ്വികാരതയാണ്  ഇതിനെക്കാളും മേലെ ഇനിയോന്നില്ല എന്ന് വരുമ്പോൾ   അത് തന്നെയാണല്ലോ മനുഷ്യപക്ഷം .

       

0 അഭിപ്രായങ്ങള്‍