എടാ എന്നേയും പോലീസ് പിടിക്കോ ?

                എന്താ അവറാൻ ചേട്ടാ പ്രശ്നം ?

         എടാ ഞാനും ചുംബന സമരത്തിൽ പങ്കെടുത്തതല്ലേ ? അന്നമ്മ അറിയാണ്ട് ചെയ്ത പണിയായിരുന്നു വേണ്ടിയിരുന്നില്ല .

              അതിനെന്തിനാ അവറാൻ ചേട്ടൻ പേടിക്കണത് .?

       അതല്ലടാ .., ചുംബന സമരത്തിന്റെ നേതാവിനെ പോലിസ് പിടിച്ചെന്ന് കേട്ടു  അത് കൊണ്ട് എനിക്ക് ആകെ ഒരു വെപ്രാളാടാ .

        അതിനെന്തിനാ അവറാൻ ചേട്ടന് കുഴപ്പം  ചുംബന സമരത്തിനല്ല  അവരെ പോലിസ് പിടിച്ചത് ഓണ്‍ ലൈൻ പെണ്‍വാണിഭത്തിനാണ് അവറാൻ ചേട്ടന് അതുമായി യാതൊരു  സംബന്ധവും ഇല്ലല്ലോ ?

         അല്ലടാ .., എന്നാലും ഒരു പേടി  ഞാനും ആ സമരത്തിൽ പങ്കെടുത്തതല്ലേ  പ്രേക്ഷിതൻ സുകുവാ എന്നോട് പറഞ്ഞത് .

       ചുംബന സമരത്തിൽ പങ്കെടുത്തവരെ ഒക്കെ പോലിസ് അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് 

                എന്റെ ചേട്ടാ അതൊക്കെ വെറുതെ പറയുന്നതാണ് 

 എത്ര പറഞ്ഞിട്ടും അവറാൻ ചേട്ടന്റെ പേടി അല്പം പോലും കുറയുന്നില്ല

    എസ് ഐ ഇടിയൻ ജോണിന്റെ മുഖം ഓർമ്മയില്  വരുമ്പോഴെ അവറാൻ ചേട്ടൻ കിടുകിടാ ..ന്ന് വിറ തുടങ്ങും .

             അവറാൻ ചേട്ടന്  എങ്ങിനെ കണ്ണടച്ചിട്ടും  ഉറക്കം കിട്ടുന്നില്ല  ഇടിയൻ ജോണി ഇടിയുമായി ചുംബിക്കാൻ വരുന്ന ഭീകര സ്വപ്നം അവറാൻ ചേട്ടനെ വേട്ടയാടുന്നു. ഏതു കഷ്ട കാലം നേരത്താണാവോ ചുംബന സമരത്തിന് പോവാൻ തോന്നീത് ?

           തലകീഴായി അവറാൻ ചേട്ടനെ തൂക്കിയിട്ട് ഇടിക്കുന്ന ഇടിയൻ ജോണി കമഴ്ത്തി കിടത്തി ഇടിക്കുന്ന ഇടിയൻ ജോണി , കുമ്പിട്ട്‌ നിറുത്തി മുതുകത്ത് കുത്തണ ഇടിയൻ ജോണി ,കൂമ്പിനിടിക്കുന്ന ഇടിയൻ ജോണി .

               ഇനി നീ ചുംബന സമരത്തിൽ പങ്കെടുക്കുമോ എന്നലറിക്കൊണ്ട് ഇടിക്കുന്ന ഇടിയൻ ജോണി .

          ഇടിയൻ ജോണിയുടെ ആയിരമായിരം ഇടി വക ഭേദങ്ങൾ  അവറാൻ ചേട്ടനു ചുറ്റിലും നിന്ന്  ഇടിക്കുന്നു 

           കണ്ണടച്ചാൽ  മുന്നിൽ ഇടിയൻ ജോണി , കള്ള് കൂടുതൽ കുടിച്ചിട്ടും  അവറാൻ ചേട്ടൻ  ഉറക്കമില്ലാത്ത മനുഷ്യനായി മാറി .

         ആനമയക്കി അല്ല  ഡബിൾ ആനമയക്കി കഴിച്ചിട്ടും  ഇടിയൻ ജോണി കൂടുതൽ ഇടിയനായിട്ട് വന്ന്  അവറാൻ ചേട്ടന്റെ മുന്നിൽ നിന്ന് പല്ലിളിക്കുന്നു.

         ചുംബന സമരത്തിൽ പങ്കെടുക്കാൻ പോയ  ആ സുവർണ്ണ കാലം  അവറാൻ ചേട്ടനെ നോക്കി കൊഞ്ഞനം കുത്തി. മധുര സുന്ദരങ്ങൾ ആയ ചുണ്ടുകളുടെ ഇടയിൽ നിന്ന് മൂർച്ചയുള്ള ദ്രംഷ്ട്ടങ്ങൾ  നീണ്ടു വന്ന് അവറാൻ ചേട്ടന്റെ ചോര കുടിക്കുന്നു.

          സത്യത്തിൽ അവറാൻ ചേട്ടൻ ചുംബന സമരത്തിൽ പങ്കെടുത്തിരുന്നൊന്നുമില്ല  എന്താ സംഭവം എന്ന് അറിയാനുള്ള ആകാംഷ  പിന്നെ എന്തെങ്കിലും ചുളുവിനു  കിട്ടിയാലോ, എന്നുള്ള ഒരു ആശയും.

      ''  ഏ''  പടത്തിൻറെ പോസ്റ്റർ കാണുമ്പോ നോക്കി നിക്കാറില്ലേ അത് പോലെ തന്നെ .

            എങ്കിലും മനസ്സിനുള്ളിൽ വലിയ ഒരു  മനക്കോട്ടയും  ഒക്കെ കെട്ടിയാണ് അവറാൻ ചേട്ടൻ അന്ന് പോയത് . അന്നമ്മ ചേടത്തിയെ ചുംബിച്ച് .., അവറാൻ ചേട്ടൻ മടുത്തു , ഇപ്പൊ .., അന്നമ്മ ചേടത്തിനെ ചുംബിക്കാൻ പോകുമ്പോ അവറാൻ ചേട്ടന്റെ ചുണ്ട് തന്നെ കോടിപ്പോകും .

        അങ്ങിനെയൊരു ചെയ്ഞ്ചിനായിട്ടാണ്  ഈ ഒരു സമരം എന്ന് കേട്ടപ്പോ തന്നെ  അവറാൻ ചേട്ടൻ മുണ്ടും മടക്കികുത്തി ഓടിയത്.

       എന്റെ അവറാൻ ചേട്ടാ .., ഇങ്ങള് പേടിക്കാണ്ടിരി  ഇങ്ങളെ പോലീസ് ഒന്നും പിടിക്കൂല്യാന്ന് .

    എത്ര പറഞ്ഞ് ആശ്വസിപ്പിച്ചിട്ടും അവറാൻ ചേട്ടന്റെ ഉള്ളിലെ കിരികിരുപ്പ് മാറുന്നില്ല . വെറെ ആര് പിടിച്ചാലും അവറാൻ ചേട്ടന് ഇത്ര പേടിയില്ല .പക്ഷേ .., ഇടിയൻ ജോണി  എന്ന് കേൾക്കുമ്പോളെ അവറാൻ ചേട്ടന്റെ നല്ല ജീവൻ പോവും.

      പോലീസ് ജീപ്പ് കാണുമ്പോഴെ  അവറാൻ ചേട്ടൻ ഓടി തെങ്ങിന്റെ മണ്ടേല്  കേറും. പോയി പോയി .., ഏത് വണ്ടീടെ സൌണ്ട് കേട്ടാലും  അവറാൻ ചേട്ടൻ ഓടി തെങ്ങുമ്മേ കേറുന്ന അവസ്ഥയായി .

           വീട്ടിൽ അന്നമ്മ ചേടത്തിനെ കണ്ടിട്ട് വരെ  അവറാൻ ചേട്ടൻ പേടിക്കുന്ന അവസ്ഥയായി , അന്നമ്മ ചേടത്തിക്ക് വരെ ഇടിയൻ ജോണിന്റെ രൂപം .

             അവറാൻ ചേട്ടന്റെ ഈ പരിതാപകരമായ അവസ്ഥാവിശേഷം കണ്ടിട്ടാണ്  ഞാനും , പ്രേക്ഷിതൻ സുകുവും കൂടി  ഇടിയൻ ജോണിനെ കണ്ട്  പോലീസ്കാരെ കൊണ്ട് തന്നെ പറഞ്ഞ്  അവറാൻ ചേട്ടന്റെ പേടി മാറ്റിക്കാമെന്ന് വെച്ചത് .

           പക്ഷേ .., ഞങ്ങൾ രണ്ടു പേരും പോയാൽ  ഇടിയൻ  ജോണി ഞങ്ങളെ ഇടിച്ചു സൂപ്പാക്കും  പ്രേക്ഷിതൻ സുകൂനെ കണ്ടാലേ ഇടിയന്റെ കൈ തരിക്കും 

         സുകൂനെ ഇടിക്കുന്ന കൂട്ടത്തില്  ഒരു ചെയ്ഞ്ചിനായിട്ട്  ചിലപ്പോ എന്നേയും കൂടി ഇടിയൻ ഇടിക്കും . വെറുതെ ഇടിയന്റെ ഇടിവാങ്ങി ശരീരം സൂപ്പാക്കാൻ  എനിക്കും സുകൂനും തീരെ താൽപര്യമില്ല .

            അങ്ങിനെ ഞങ്ങൾ മെമ്പറ്  സുകേശനെ കാണാൻ പോയി .

     ഇടിയൻ ജോണിനെ കാണാനാന്നു പറഞ്ഞപ്പോ തന്നെ സുകേശന്റെ ഹാർട്ട് . പേടികൊണ്ട് ഇടിയോട് ഇടി .

       അവസാനം ഒരു വിധത്തിൽ  ഉന്തിത്തള്ളിയാണ് സുകേശനെ സമ്മതിപ്പിച്ചത്. അവറാൻ ചേട്ടന്റെ ഒറ്റക്കാര്യം ആയത് കൊണ്ട് മാത്രമാണ് മനസ്സില്ലാ മനസ്സോടെ സുകേശൻ സമ്മതം  മൂളിയത് .

     താലിബാൻ കേന്ദ്രത്തിലേക്ക് ദൂതിനു പോണ മുഖഭാവമായിരുന്നു സുകേശന് അപ്പോൾ .

         പഞ്ചായത്ത് മെമ്പറ് ആണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല .

            സുകേശൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും ആകെ ഒരു പേടിത്തൊണ്ടനാ . ആർക്കോ വേണ്ടി വലിയൊരു ഭാരം ഏറ്റെടുത്തിരിക്കണ പോലെയാണ് സുകേശന്റെ ഭാവം .

         അവസാനം, ഇടിയൻ ജോണിനെ കാണാനായി  ഞങ്ങൾ നാലുപേരും സ്റ്റേഷനിലേക്ക് പോയി . പ്രേക്ഷിതനും , അവറാൻ ചേട്ടനും ഉള്ളിലേക്ക് വന്നില്ല, പുറത്ത് തന്നെ നിന്നതേയുള്ളൂ .

        അവറാൻ ചേട്ടന് ഭയങ്കര പേടി  ഉള്ളിലേക്ക് പോയാൽ അവര് അപ്പോൾ തന്നെ പിടിച്ച് അറെസ്റ്റ് ചെയ്താലോയെന്ന് ? പ്രേഷിതൻ സുകൂനും നല്ല പേടിയുണ്ട്  ഇടിയൻ ജോണി വെറുതെ പിടിച്ച് ഇടിച്ചാലോന്ന്  ഇടിയൻ ജോണി ആയതുകൊണ്ട് പറയാൻ പറ്റില്ല ചിലപ്പോ വെറുതെ പിടിച്ചും ഇടിക്കും .

             കാരണം ഇടിയൻ  ജോണിക്ക് ആരേയും ഇടിക്കാം അത് കൊണ്ട് സുകു  അകത്തേക്ക് വരാതെ പുറത്ത് നിന്നതേയുള്ളൂ  എന്തെങ്കിലും സംഭവിച്ചാൽ  ഒടാമല്ലോ .

             ആ ഇടിപ്പേടി .., എനിക്കും സുകേശനും നന്നായുണ്ട്‌ .

     പോലീസ് സ്റ്റേഷന്റെ പടി കയറിയതോട് കൂടി സുകേശൻ അത് വരെ സംഭരിച്ചു വെച്ചിരുന്ന  കുറച്ചു ധൈര്യം സുകേശനെ വിട്ട് പോലീസ് സ്റ്റേഷന്  പുറത്തേക്ക് ഓടിപ്പോയി .

   സുകേശന്റെ കാലുകൾ കൂട്ടിയിടിക്കുന്നത് പോലെ ഇത് കണ്ടതോട്‌ കൂടി എനിക്കും  വിറ തുടങ്ങി . വെറുതേ ആവശ്യമില്ലാത്ത പൊല്ലാപ്പിൽ പോയി തലയിട്ടോ എന്നൊരു തോന്നൽ .

    വേണ്ടിയിരുന്നില്ല .., എന്ന് പറഞ്ഞ് മനസ്സിലിരുന്നാരോ കരഞ്ഞു തുടങ്ങി .

         വെറുതേ ഇടിയൻ ജോണിന്റെ ഇടി ഇരന്നു വാങ്ങുവാൻ പോവുകയാണോയെന്നൊരു തോന്നൽ . ഇടിയൻ ജോണി വെറുതെ ഒന്ന് കൈവീശിയാൽ മാത്രം മതി , ആ കാറ്റത്ത് പറന്നു പോകുന്ന ഒരു  കരിയിലയാണ് ഞാൻ . സംഗതി ഞാൻ കരാട്ടെയൊക്കെ യാണ്  പക്ഷേ .., എന്റെ മനസ്സിന് കരാട്ടെ  അറിഞ്ഞു കൂടാ .

              പേടിച്ച് വിറച്ചാണ്  ഇടിയൻ ജോണിയെ  കണ്ടത് . കണ്ടവശം സുകേശൻ  താൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മെമ്പർ ആണെന്നൊക്കെ മറന്നു . മേജറെ കണ്ട പട്ടാളക്കാരൻ കണക്കെ  കാല് കൊണ്ട് നിലത്ത് ഒരു നാല് ചവിട്ടും  ഒരു സല്യൂട്ടും .

                സല്യൂട്ട് അടിച്ച വശം  കക്ഷത്തിലിരുന്ന ഡയറി താഴെപ്പോയി .

     ഡയറി പിടിക്കാൻ സുകേശൻ ചാടിയതും  പരാക്രമത്തിൽ ഇടിയൻ ജോണിന്റെ മേശപ്പുറത്തേക്ക് .

     അവിടെ...,  അതിനും മേലെ വലിയൊരു  അത്യാഹിതം സുകേശനെ കാത്തിരിപ്പുണ്ടായിരുന്നു .

               After the breakfast .., ഇടിയൻ ജോണിക്ക് കുടിക്കാൻ നല്ല ചുടു കാപ്പി വെച്ചിട്ടുണ്ടായിരുന്നു . ഇടിയൻ ജോണിക്ക് ആണെങ്കിൽ നല്ല തിളക്കണ കാപ്പി തന്നെ വേണം .

   അങ്ങിനെ തിളച്ചിരിക്കണ കാപ്പി  സുകേശന്റെ കൈ തട്ടി  നേരെ ഇടിയൻ ജോണിയുടെ മടിയിലേക്ക്  ഇടിയൻ ജോണി കുടിക്കേണ്ടത്  ഇടിയൻ ജോണിയുടെ മടി കുടിച്ചു .

     പക്ഷേ .., ഇത്രയും തിളച്ചിരിക്കണ  കാപ്പി കുടിക്കാനുള്ള കെൽപ്പ് മടിക്കില്ലായിരുന്നു .

            അമ്മേ ..., ന്ന് അലറിക്കൊണ്ട്‌  ഇടിയൻ ജോണി സീറ്റീന്ന് ഒറ്റ ചാട്ടം .

   ആ അലർച്ചയിൽ സ്റ്റേഷൻ മൊത്തം വിറച്ചു, ഞങ്ങൾ വിറച്ചു, പോലീസുകാർ വിറച്ചു  , പുറത്തുള്ള അവറാൻ ചേട്ടനും സുകുവും വിറച്ചു .

               ആ വിറയോട് കൂടി പ്രേഷിതൻ  സുകൂ ജീവനും കൊണ്ട് ഓടി .

    പൊള്ളിയ നീറ്റൽ കൊണ്ട്  ഇടിയൻ ജോണിയുടെ സ്വതവേ എനിക്ക് ജോണിയെ ഇഷ്ട്ടമല്ല എന്നും പറഞ്ഞുകൊണ്ട് പുറത്തേക്ക് ചാടാൻ തയ്യാറെടുത്തു നിൽക്കുന്ന കണ്ണുകൾ രണ്ടും  ഒന്നുകൂടി പുറത്തേക്ക് തുറിച്ചു .

       യൂ .., യൂസ് ലെസ്സ് ..ഗെറ്റ് ഔട്ട്‌  എന്നലറിക്കൊണ്ട്  ഇടിയൻ ജോണി ബാത്ത്റൂമിലേക്കൊടി .

          ആ ഗെറ്റ് ഔട്ടോടുകൂടി  സുകേശന്റെ ബോധം സുകേശനെ വിട്ട് ഗെറ്റ് ഔട്ട്‌ ആയി .

       ബോധമില്ലാത്ത സുകേശൻ ഇടിയൻ ജോണിയുടെ ഭയങ്കര ഇടിക്കായി   ടേബിളിൽ കമിഴ്ന്നു കിടന്നു .

           സംഗതി കൈയ്യിന്ന് പോയെന്നു മനസ്സിലായതോടെ  എന്റെ കാലുകൾ എന്നെ വിട്ട് ഓടാൻ ഒരു പാഴ്ശ്രമം നടത്തി , പക്ഷേ .., ആരോ ആണി വെച്ച് തറച്ചതു പോലെ  അത് ഭൂമിയിൽ തന്നെ തറഞ്ഞു നിൽക്കുന്നു .

        ദൈവമേ .., ഏത് ഗതി കെട്ട നേരത്താണോ എനിക്ക് ഇങ്ങനെയൊരു വിവരക്കേട് തോന്നിയത് ?

          ഇടിയൻ ജോണി ,  ഇന്ന് എന്നെ ഇടിച്ചു കൊല്ലും . സംഗതി .., സുകേശന് ബോധമില്ലാത്തത്  കൊണ്ട്  സുകേശനെ ഇടിക്കില്ല . ഇനി ഇടിച്ചാലും .., ബോധമില്ലാത്ത സുകേശൻ  അത് അറിയില്ല  ആ ഇടികൂടി എനിക്ക് ബോണസ് ആയിട്ട് കിട്ടും .

            അത് താങ്ങാനുള്ള കരുത്ത്  എന്റെ ഈ കൊച്ചു ശരീരത്തിനില്ല എനിക്ക് അമ്മയെ കാണണമെന്ന് തോന്നി .

     ഇതിനിടയിൽ  സുകേശനെ , പോലീസുകാർ  ചേർന്ന് ഒരു ബെഞ്ചിൽ എടുത്തു  കിടത്തി മുഖത്തെല്ലാം വെള്ളം തെളിച്ചു .  എന്നിട്ടും സുകേശൻ കണ്ണ് തുറക്കുന്നില്ല .. ഇനി ഇപ്പോ .., സുകേശൻ  പേടികൊണ്ട്  ആധി പിടിച്ച് തട്ടിപ്പോയോ ? അതോ കണ്ണ്  തുറന്നാ  ഇടികിട്ടുമെന്ന്  പേടിച്ച് കണ്ണടച്ച് കിടക്കുകയാണോ.?

     ഏതായാലും .., ജീവനോടെ ഉള്ളത് ഞാൻ മാത്രം  എല്ലാവർക്കും വേണ്ടി എന്നെ അവർ ജീവനോടെ ഇടിച്ച് കെട്ടിത്തൂക്കും . എന്റെ കുഞ്ഞു ശരീരം തുള്ളൽ പനി വന്ന പോലെ നിന്ന് വിറക്കാൻ തുടങ്ങി .

           ഏതാണ്ട് പത്തു മിനിറ്റിനു ശേഷം  ഇടിയൻ ജോണി ബാത്ത് റൂമിൽ നിന്ന് വെളിയിലേക്കിറങ്ങി  ഇതിനിടയിൽ സുകേശനും കണ്ണു തുറന്നു .

        ഇനിയും അലറിയാൽ ഞങ്ങൾ രണ്ടുപേരും  വെടി തീർന്ന് വീഴൂന്ന് ഇടിയൻ ജോണിന് മനസ്സിലായി.

          ആ ഒരു സൌമ്യതയോട് കൂടി ചോദിച്ചു .

           എന്താ പ്രശ്നം ?

      വിക്കിക്കൊണ്ടാണ് ഒരു വിധത്തിൽ  സുകേശൻ പറഞ്ഞത് .

       അത് കേട്ടതോടെ  ഇടിയൻ ജോണി ചിരിയോടു ചിരി  ആ ചിരി കണ്ടപ്പോൾ  എനിക്കും , സുകേശനും ചിരി വന്നെങ്കിലും ഞങ്ങൾ ചിരിച്ചില്ല .
ഇനി ചിരിച്ചാൽ അതിന് ഇടിച്ചാലോ?, കാരണം ഇടിയൻ ജോണിക്ക് ആരേയും എപ്പളും , എന്തിനും , ഇടിക്കാം .

                 ആ ചിരിക്കിടയിൽ , ചിരിച്ചു കൊണ്ട് ഞങ്ങളോട് പറഞ്ഞൂ .

          അയാളെ വിളിക്കൂ 

       അങ്ങനെ ഇടിയൻ ജോണിയുടെ വായീന്ന് ഇടിക്കില്ല എന്ന് കേട്ടപ്പോൾ  അവറാൻ ചേട്ടന്റെ നല്ല ജീവൻ തിരികെ വന്നു .

         അത് പോയത് എനിക്കും, സുകേശനും  മാത്രമാണെന്ന് മാത്രം .

           പക്ഷേ .., സുകേശന്റെ  ആ കാപ്പി  ഇടിയൻ ജോണിക്ക് ഒരാഴ്ച്ചത്തെ ലീവ് കൊടുത്തു എന്നാണ് കേട്ടത് . അത് എനിക്കും , സുകേശനും , ഇടിയൻ ജോണിക്കും  മാത്രം അറിയാവുന്ന രഹസ്യം .

  അന്ന് ജീവനും കൊണ്ട് ഓടിയ സുകൂനെ പിന്നെ ഒരാഴ്ച്ച കഴിഞ്ഞ ശേഷമാണ് ഞങ്ങൾ കണ്ടത് .

              ചോദിച്ചപ്പോൾ .., പള്ളീന്ന് പെട്ടെന്ന് ആളു വന്നതിനാൽ ധ്യാനം കൂടാൻ പോയി എന്നാണ് പറഞ്ഞത് .


        

0 അഭിപ്രായങ്ങള്‍