വർധ പുയൽ ക്രിസ്തുമസ്സിന്റെ പകിട്ട് കുറക്കുമോ ? ഒരിക്കലുമില്ല, പ്രത്യാശയുടെ  ആയിരമായിരം പൊൻകതിരുകൾ ഉതിർത്തുകൊണ്ട്, ക്രിസ്തുദേവൻറെ ആഗമനം ഈ പടി വാതിൽക്കൽ എത്തി നിൽക്കുമ്പോൾ , അവിടെ പകിട്ട് ഒട്ടും കുറയുന്നില്ല ,അതൊരു വെളിച്ചമാണ് അന്ധകാരത്തിൽ നിന്ന് പ്രത്യാശയുടെ പൊൻ കതിരുകൾ ചൂടിക്കൊണ്ട് പുതു ജീവിതത്തിലേക്കുള്ള ഒരു പുതു കാൽവെപ്പ് .

     മുന്നിൽ വർണ്ണങ്ങൾ പൊഴിഞ്ഞു നിൽക്കുമ്പോൾ  കഴിഞ്ഞ കാലത്തിലേക്ക്   എന്തിനു തിരിഞ്ഞു നോക്കണം ..?

       കഴിഞ്ഞ വർഷം മറ്റൊരു കറുത്ത ഡിസംബർ ചെന്നൈയെ  വെള്ളപ്പൊക്കത്താൽ കശക്കിയെറിഞ്ഞു . പക്ഷേ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മനുഷ്യ കുലത്തിന്റെ  ശക്തി ., പോയ കാല ചാരത്തിന്റെ മേൽ നിന്ന് അവൻ ദീപത്തെ കൈകളിൽ ഏന്തിക്കൊണ്ട് പ്രയാണം തുടരുന്നു .., അതാണ് അതിജീവനം .

           അവിടെ കഴിഞ്ഞുപോയത് ചരിത്രമാണ് ..,  ചരിത്രത്തിൽ ആരും ജീവിക്കുന്നില്ല . ഇന്നുകളിൽ ആണ് ജീവിതമള്ളത് , ഇന്നുകളിലേ ജീവിക്കാനാകൂ .., ഭാവിയിൽ പ്രത്യാശയാണുള്ളത് .

    ദിവസങ്ങൾക്ക് മുമ്പ് വർധ അതിന്റ താണ്ഡവം ആടിത്തീർത്തപ്പോൾ  തകർന്നു പോയ  ചെന്നൈയിൽ   നിന്നുമുള്ള ഒരു തിരിച്ചുവരവാണ്   ഇന്ന് കാണാനാകുന്നത് .

      ജീവിതത്തിൽ ആദ്യമായാണ്  ഇത്ര കോപിഷ്ഠനായ മാരുതനെ ഞാൻ   കാണുന്നത്.   ഓ ....,പുയൽ .., എന്തോരം കണ്ടിരിക്കണൂ  ഇതൊക്കെ ഇത്രയേ ഉള്ളൂ .., അതായിരുന്നു ഇതു വരേയ്ക്കും എന്റെ ധാരണ  അതേതായാലും ഇതോട് കൂടി  മാറിക്കിട്ടി .

         സൈക്ളോൺ വാണിങ്ങ് കിട്ടിയപ്പോഴേ ഓഫീസുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു ..ജീവനിൽ കൊതിയുള്ള ബുദ്ധിമാൻമാർ വേഗം വീടുപറ്റി , എന്നെപ്പോലുള്ള അതി ബുദ്ധിമാന്മാർ അന്നായിരിക്കും കൂടുതൽ പണി ചെയ്യുന്നത് , സത്യത്തിൽ വല്യ പണിയൊന്നും ഉണ്ടാവില്ല , എന്നാലും ബോസിന്റെ മുന്നില്  നമ്മൾ എന്തൊക്കയോ ചെയ്യുന്നു എന്ന് കാണിക്കാനുള്ള ഒരു മണിയടിക്കൽ .

      അങ്ങിനെ എന്റെ ജോലിയോടുള്ള ആത്മാർഥത ബോസിനെ കാണിക്കാൻ നോക്കിയെങ്കിലും  ജീവനിൽ കൊതിയുള്ള ബോസ് ആദ്യമേ സ്ഥലം വിട്ടിരുന്നു . സംഗതി ഇത് എനിക്ക് അറിയില്ലായിരുന്നു  ഞാൻ ബോസ് ഇപ്പൊ വരും  വരും എന്ന് വിചാരിച്ചു പണിയോട് പണി.

     അവസാനം ആരോ പറഞ്ഞു,  ഡാ മതിയെടാ .., ബോസ് ഇവിടില്ല നീ കാറ്റ് വരുന്നതിനു  മുമ്പ് വേഗം വീട് പറ്റാൻ നോക്ക് .

        ഇതിനിടയിൽ വർധാ പുയാൽ ചെന്നൈ തീരം തൊട്ടു  അതോട് കൂടി പലരും യാത്ര  നിറുത്തി ഓഫീസിൽ തന്നെ കൂടി .

    പക്ഷേ എന്റെ ധൈര്യം എന്നെക്കൊണ്ട് വെറുതേ ആവേശം കാണിപ്പിച്ചു .., വർധയല്ല ഇനി ടൊർണാഡോ വന്നാലും വീട്ടിൽ പോവും എന്നുള്ള ഒരു ലൈൻ   

    പലരും തടഞ്ഞതാ .., പക്ഷേ തടയും തോറും എന്റെ ധൈര്യത്തിന് അഹങ്കാരം കൂടി.  എന്തായാലും ഞാൻ പോകും  ഓഫീസിൽ നിന്ന് ഒരു  രണ്ടു മിനിറ്റ് അത്ര  ദൂരമേയുള്ളൂ വീട്ടിലേക്ക് .

      റോഡിലെങ്ങും ഒറ്റ കുഞ്ഞു പോലുമില്ല  വെറുതെ വർധക്ക്  തല വെച്ച് കൊടുക്കണ്ടല്ലോ .?

    ഞാൻ ഇറങ്ങിയപ്പോഴേക്കും കാറ്റ് നല്ല ഫോമിൽ ആയിക്കഴിഞ്ഞിരുന്നു. മരങ്ങൾ ഒക്കെ കലിതുള്ളിയപോലെ ആടുന്നു.

    ഏതാണ്ട് ഞാൻ പുയൽ കൊണ്ടു വന്ന  മാതിരി  എന്റെ മേലേക്കാണ് മരങ്ങൾ ദക്ഷ്യത്തോടെ
ചായുന്നത് .

ഒരു പറ്റം കിളികൾ ജീവനും കൊണ്ട് തലക്കുമുകളിലൂടെ എങ്ങോട്ടോ പായുന്നൂ . അതിൽ നിന്നും രണ്ടുമൂന്നെണ്ണം കൂട്ടം തെറ്റി വേറെ ഒരിടത്തേക്കും ,അതല്ലെങ്കിൽ എല്ലാത്തിലും കാണാം കുറച്ച് തല തിരിഞ്ഞവ   റിബലുകള് . മര്യാദക്ക് കൂട്ടത്തീക്കൂടെ പറന്നാമതി  പക്ഷേ അത് ചെയ്യാണ്ട്  തനിയെ പോയി അഹംഭാവം കാണിക്കും  അവസാനം ഏടാകൂടത്തിൽ ആവും .


   കാറ്റ് ആണെങ്കിൽ അനുനിമിഷം ശക്തി വർദ്ധിച്ചു കൊണ്ടിരിക്കുന്നു . എനിക്ക് ശരിക്കും പേടിയായി , വീട്ടിലേക്ക് ഇനിം കിലോമീറ്ററുകൾ  ഉള്ള പോലെ .., സാധാരണ സമയത്താണെങ്കിൽ രണ്ട് മിനിറ്റ് കൊണ്ട്  വീടെത്തുന്നതാ .., ഇതിപ്പോ നടന്നിട്ടും .., നടന്നിട്ടും നീങ്ങാത്തപോലെ ..ഓടിയാലോ .., , ?

         എന്നാഓടിയാ മതി .., പക്ഷേ .., ആരെങ്കിലും കണ്ടാലോ ..? നാണക്കേട് ..?,ഈ സമയത്ത് അനാവശ്യമായ ഒരു ഈഗോ  .., അല്ലെങ്കിലും ഇത് പോലത്തെ സമയത്തായിരിക്കും എല്ലാ ആവശ്യമില്ലാത്ത  കാര്യങ്ങളും മനസ്സില് തോന്നുക .

        ഈശ്വരാ വർധ ഇപ്പൊ ഇങ്ങോട്ട് എത്തോ ..?, അതൊരു ചുഴലിയായിട്ട് വരുന്നു   അതിൽ ഞാൻ  പെടുന്നു .., അതേന്നേയും കൊണ്ട് മേലോട്ട് പൊങ്ങുന്നു  ..,ഞാൻ അതിനുള്ളിൽ കിടന്ന് വട്ടം കറങ്ങുന്നു .., സകല ഇംഗ്ലീഷ് സിനിമകളും  മനസ്സിലേക്ക് ഓടിയെത്തി .

       അത് വരേയ്ക്കും എനിക്ക് ആവേശം  തന്ന് എന്നെ കുഴില് ചാടിച്ച ധൈര്യം മറുകണ്ടം ചാടി ..

     ഞാൻ അപ്പഴേ പറഞ്ഞതാ പോരണ്ടാന്ന് .., ഓഫീസിൽ ഇരുന്നാ മതിയായിരുന്നില്ലേ ..?..,

                 ഈശ്വരാ അവസരവാദി എന്നെ കൊലക്ക് കൊടുക്കൂലോ ..?, കാറ്റില് പറന്നുപോയി എവിടെയാണാവോ ചെന്ന് വീഴുക ? വീട്ടുകാര്  ഞാൻ ഓഫീസിൽ ആണെന്ന് വിചാരിച്ചിരിക്കും .

                  എവിടെയെങ്കിലും കേറി നിന്നാലോ ?, തൊട്ടടുത്ത് ഒരു മെക്കാനിക് ഷെഡ്ഡുണ്ട് .., ഞാൻ അവിടേക്ക് കേറാൻ നോക്കിയപ്പോൾ .., രണ്ട് കണ്ണുകൾ  അവിടെനിന്ന്  രൂക്ഷമായി എന്നെ നോക്കുന്നു , ഇതാർക്കിപ്പോ എന്നോട് ഇത്ര ദേഷ്യം ..?, ഇതാ തെരുവിൽ നടക്കുന്ന നായയല്ലേ , കാറ്റ് വന്നപ്പോ പേടിച്ച് കേറി നിന്നതാണ് .

 അവന്റെ മുഖത്ത് നിനക്ക് ഇങ്ങനെ തന്നെ വേണം എന്നുള്ള ഭാവം .

          ഞാൻ ഓഫീസിൽ പോകുമ്പോ കാണാറുള്ള ശുനകനാണ് .., എന്തോ അതിനെ കാണുമ്പോഴെല്ലാം എന്റെ കൈ വെറുതെ  അടിക്കാൻ ഓങ്ങണ പോലെ പൊങ്ങും .., അപ്പൊ അത് ഓടും .., അതെന്നെ ഒന്നും ചെയ്യാറില്ല  .., അതതിന്റെ പാട്ടിന് അവിടെയെങ്ങാനും നിക്കുകയായിരിക്കും .., എന്നാലും എനിക്കെന്തോ അതിനെ കാണുമ്പോ ഒരു കൈത്തരിച്ചില് , ഒരു രസം ..

      ആ കലിപ്പിലാന്ന് തോന്നുണുണ്ട് ആള്  , ഇതെന്നെ കറക്ട് ടൈം ന്ന് അവനു മനസ്സിലായി .., എന്നെ കണ്ടോടനെ രണ്ട് കൊര .., ഷെഡിലേക്ക് കേറാൻ വെച്ച കാല്  ഞാൻ പിന്നോട്ട് വെച്ചു ..,

     അല്ലെങ്കിലും കഷ്ടകാലം നേരത്ത് ഞാഞ്ഞൂള് പോലും തലപൊക്കും എന്ന് പറയണത് എത്ര ശരി , ഇങ്ങോട്ട് കേറിയാ ശരിക്കും നിന്നെ ഞാൻ  കടിക്കും എന്ന്  വാണിംഗ്  ചെയ്തീട്ടാ അവന്റെ നിപ്പ് . ഈ പുയലിന്റെ കൂടെ ഇനി നായേടെ വായിലെ കടി കൂടെ കൊള്ളണോ ഞാൻ .

         കാറ്റിന് ശക്തി വല്ലാതെ കൂടിത്തുടങ്ങി .., വാർധ ദാ എത്തീന്നാ തോന്നണേ ..., എന്റെ നാണം മറഞ്ഞു .., നാണം നോക്കി ഓടാതിരുന്നാല് പണി പാളും ...അന്നത്തെ എന്റെ ഓട്ടത്തിന്റെ സ്പീഡ് കണ്ട് വർധ പുയല് പോലും വെക്കപ്പെട്ടു കാണും ..

        അങ്ങിനെ അത് കഴിഞ്ഞു .., ഇനി ആഘോഷത്തിന്റെ രാവുകൾ ആണ്

         ''യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ...

                 ഒരു ധനുമാസത്തിൻ കുളിരും രാവിൽ ....''

അതേ ഈ കുളിരും രാവുകളിൽ യഹൂദിയായിൽ മാത്രമല്ല .., ലോകം മുഴുവനും ഉണ്ണിയേശു വിനെ വരവേൽക്കാൻ ഒരുങ്ങി ക്കഴിഞ്ഞു ..

     സാന്താക്ളോസുകൾ സമ്മാനവുമായി വീടുകളിലേക്കെത്തുന്നു ..കുട്ടികളും  മുതിർന്നവരും .ആഘോഷത്തോടെ പാടുന്നു .

            ''jingle bells , jingle bells

                jingle all the way .......!''
         
                                                        ഇരുപത്തി അഞ്ചു ദിവസത്തെ നോമ്പിന് അവസാനം , ചിലർക്ക് ആശ്വാസമാകുമ്പോൾ ..ഉറക്കം നഷ്ട്ടപ്പെടുന്ന വീട്ടിലെ കോഴികളും .., താറാവുകളും  .., ഇപ്പൊ തീറ്റ കൊടുക്കാൻ വിളിക്കുമ്പോ വരുന്നേയില്ല ..''എന്തിനാ തടി വെച്ചിട്ട് കൊല്ലാനല്ലേ ന്ന് ''

        കഴിഞ്ഞ പത്തിരുപത്   ദിവസങ്ങൾ ആയിട്ട് ദേശാടനത്തിൽ ആയിരുന്ന മണികണ്ഠൻ  പൂച്ച ഇന്നലെയാണ് തിരിച്ചു വന്നത് ..ഈസ്റ്ററിനും ., ക്രിസ്തുമസ്സ് നൊയമ്പിനും  ആൾക്കുള്ള ഒരു ദേശാടനമാണ് ഇത് , എത്ര ദിവസം സാമ്പാറും പച്ചക്കറിയും കൂട്ടി ഊണ് കഴിക്കാൻ പറ്റും ,

       അതുകൊണ്ടു ആള് പോയി നോയമ്പ്‌ കഴിയാറാവുമ്പോഴേ തിരിച്ചു വരാറുള്ളൂ  .., വന്ന് കഴിഞ്ഞാ രണ്ടുദിവസം ഭയങ്കര സ്നേഹായിരിക്കും  എല്ലാവരോടും .., അതായത്  തല്ലി പുറത്താക്കാതിരിക്കാൻ വേണ്ടി ..,അത് കഴിഞ്ഞാ പിന്നെ ഇങ്ങട് വിളിച്ചാ അങ്ങോട്ട്  നോക്കിക്കിടക്കും .

         വീട്ടിലെ നായക്കാണെങ്കിൽ ഏതാണ്ട് ലോട്ടറി അടിച്ചപോലെക്രിസ്തമസ്സ്‌ തലേ ദിവസം വെച്ച് വെക്കണ ഇറച്ചികൂട്ടാന്റെയും മറ്റും മണം  അടിക്കുമ്പോ .., അവന്റൊരു സന്തോഷം കാണണം .., പാട്ട് പാടാ .., കാല് ചാച്ച് വച്ച് ഡാൻസ്  കളിക്കാ, എന്തൊക്കയോ ചെയ്യുന്നു  .., ആ സ്നേഹ പ്രകടനം കാണുമ്പോൾ  കരച്ചില് വരും ,

                        ആട്ടണ വാലിന്റെ  മൂട്ടിൽ പോയി നി ന്നാൽ  മതി വേറെ ഫാൻ വേണ്ട .., , വാലൂരി തെറിച്ചു പോകോന്ന് നമുക്ക് ഭയം തോന്നും ..അത്ര സ്പീഡിലായിരിക്കും വാലിന്റെ സ്നേഹപ്രകടനം .

                നോയമ്പ്‌ വീടുമ്പോ രണ്ടെണ്ണം അടിക്കണോ .., വേണ്ടയോ എന്ന് ചൊല്ലി മനസ്സ് രണ്ട് തട്ടിലാണ് .., ഇത്ര ദിവസം അതില്ലാത്ത കാരണം ആ ടേസ്റ്റ് വിട്ടു .., ഇതോട് കൂടി അതങ്ങട് നിറുത്തിയാലോ എന്നൊരു ചിന്ത ...., രണ്ടെണ്ണം അടിക്കാണ്ട് എന്തൂട്ട് ആഘോഷം ..., എന്റിഷ്ടാ ..?, എന്നൊരു ലൈൻ വേറേ വശത്ത് ......, നോക്കട്ടെ

       ഏതായാലും എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ .



0 അഭിപ്രായങ്ങള്‍