മറ്റൊരു വർഷവും ഇതാ പടിവാതിൽക്കൽ നിന്ന് മായാൻ തുടങ്ങികഴിഞ്ഞിരിക്കുന്നു  , 2015 ന്റെ അവസാനത്തിൽ 2016 പുതിയതായിരുന്നു . എന്നാൽ ഇന്ന് ചില്ലയിൽ നിന്ന്  ഞെട്ടറ്റു വീഴാറായ ഒരു  പഴുത്ത ഇലയായി അത്  മാറിയിരിക്കുന്നു .ഇനി  2017 നെയാണ് കാത്തിരിക്കുന്നത് .

       പലർക്കും സംഭവബഹുലതകൾ ഒന്നും തരാതെ 2016 കടന്നു പോയിട്ടുണ്ടാകും എന്നാൽ മറ്റു ചിലർക്ക് 2016 സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ട വർഷമായിരിക്കും .

      വീടിന്റ അടുത്തുള്ള തോമാച്ചേട്ടന്റെ കുടി വല്ലാതെ കുറഞ്ഞിരിക്കുന്നു , ദിവസവും നാലുകാലിൽ നടാക്കാറുള്ള തോമാ ചേട്ടൻ രണ്ടു കാലിലേക്ക് മാറിയിരിക്കുന്നു ,തോമാ ചേട്ടന്റെ കുട്ടികൾക്ക് അത്ഭുതം , ഇത്  വരേക്കും   അപ്പൻ ഏതോ ഒരു മൃഗം ആണെന്നാണ് അവർ  വിചാരിച്ചിരുന്നത് , ദിവസവും നാലുകാലിലല്ലേ വരുന്നത് .

       സംശയം തീർക്കാനായി മക്കൾ അമ്മയോട് ചോദിച്ചു , 'അമ്മ പറഞ്ഞു അതേ നിങ്ങളുടെ അപ്പൻ ഒരു മൃഗം തന്നെയാണ്

      ഏത് മൃഗമാണമ്മേ?, മക്കൾ നിഷ്ക്കളങ്കമായാണ് ചോദിച്ചത്

               ''മനുഷ്യമൃഗം .''

 കുട്ടികൾ അത് എല്ലാവരോടും പാടി നടന്നു . ഞങ്ങളും ഒരു മൃഗത്തിനെ  വളർത്തുന്നുണ്ട്  അതിന്റെ പേരാണ്  മനുഷ്യമൃഗം .

         ജീവിതത്തിൽ ആദ്യമായി മനുഷ്യ മൃഗത്തിനെ  കാണാൻ വന്ന കുട്ടികൾക്ക്  അന്നമ്മ ചേടത്തി കട്ടിലിൽ തലകുത്തി കിടക്കുന്ന തോമാ ചേട്ടനെ  കാണിച്ചു കൊടുത്തു .            

          കുട്ടികൾക്ക് തമാശ .., ഇത് മനുഷ്യനല്ലേ എന്നവർ .

         എന്നാൽ തോമാ ചേട്ടൻ ഇപ്പോൾ  മനുഷ്യ മൃഗത്തിൽ നിന്നും വെറും മനുഷ്യനിലേക്ക് കൂടുമാറിയിരിക്കുന്നു  ..

              കാരണം വേറൊന്നുമല്ല , കൂലിക്ക്  പോയിട്ട് പണം കിട്ടുന്നില്ല , പണം കൊടുക്കാനായിട്ട് ആരുടെ  കൈയ്യിലും ഇല്ല . ആദ്യമായാണ് ആളുകൾ മൂല്യം കൂടുതൽ  ഉള്ള നോട്ടുകൾ വേണ്ടെന്നു പറയുന്നത് .

    രണ്ടായിരത്തിന്റെ  നോട്ടും കൈയ്യിൽ വെച്ച് എവിടെപ്പോയി മാറാനാണ് ?

     രണ്ടയിരത്തിന്റെ  നോട്ടും കൈയിൽ വെച്ച് രണ്ടു കുപ്പി കള്ളു വാങ്ങാൻ  തോമാച്ചേട്ടൻ  ചിറ്റാരിക്കടവ് മുഴുവൻ തേരാ പാരാ  നടന്നു .., നടന്ന് നടന്നു കാലു തേഞ്ഞപ്പോൾ മത്തായിച്ചേട്ടൻ  ഒരു കൂറ്റൻ തെറിയോട് കൂടി ഒരു ഉഗ്രൻ പ്രതിജ്ഞയെടുത്തു .  ഈ മൈ ..,  ഞാനങ്ങാട് നിറുത്താ .., എന്താ വരാന്ന് നോക്കാലോ  ..?

      അത് കാരണം രക്ഷപ്പെട്ടത് തോമാച്ചേട്ടന്റെ കുടുംബം .

          പെട്ടത് വർഗ്ഗീസ് മാപ്ല ആയിരുന്നു .., പലിശക്ക് കൊടുത്തും ., പലിശ്ശേടെ പലിശക്ക് കൊടുത്തും കെട്ട് കെട്ടാക്കി വെച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും  നോട്ടുകളാ   ഒറ്റയടിക്ക്  കൈയ്യീന്ന് പോയത് .., പോയ പരാക്രമത്തില്  രണ്ടു കുട്ടിച്ചാക്ക് നിറയെ നോട്ടുമായിട്ടാ  മാപ്ല ബാങ്കിൽ പോയത് .

         ഒരു ബാങ്കിലേക്ക് മറ്റൊരു സഞ്ചരിക്കുന്ന ബാങ്ക് വരുന്നത് കണ്ട് ഒറിജിനൽ ബാങ്കുകാര്   ഞെട്ടി , അല്ലെങ്കിലും ദൈവം  എല്ലാവർക്കും എല്ലാം കൊടുക്കില്ല  എന്ന് പറയണത് എത്ര ശരി .. വർഗ്ഗീസിന് ദൈവം കാശുകൊടുത്തു  എന്നാൽ ബുദ്ധി കൊടുത്തില്ല .
         
 പാവം എപ്പടിയിരുന്താ ഞാൻ ഇപ്പടിയായിട്ടേന്ന് പറഞ്ഞപോലെയായി . ഇപ്പൊ കോടതി  ഇൻകം ടാക്സ് .., നിന്ന് തിരിയാൻ നേരല്ല്യ .

       ആരോ മൂപ്പർക്ക് നല്ല പണി കൊടുത്തതാ , ഇന്നെന്നെ മാറ്റിലിങ്ങേ പിന്നെ എല്ലാം പോവുമെന്ന് ആരോ പറഞ്ഞു പറ്റിച്ചു .

        രണ്ട് ലക്ഷത്തിന്റെ മോളില് കൊണ്ട് പോയി മാറ്റിയ അതിന്റെ ഉറവിടം വെളിപ്പെടുത്തണം എന്നുള്ളതൊന്നും ഇവന്മാര് പറഞ്ഞു കൊടുത്തില്ല .

       പുള്ളി ബാങ്കിൽ പോയി ഇതാ പിടിച്ചേ പഴേ കാശ് .., എന്നിട്ട് ആ പുതീത് ഇങ്ങേടാ  എടുത്തേ ..

   ഇതങ്ങനൊന്നും തരാൻ പറ്റില്ല .., നിങ്ങൾക്ക് എവിടന്നാ ഈ കാശ് കിട്ടിയത്  അതിന്റെ സോഴ്സ് കാണിക്കണം .

        ഐ .., എന്തൂട്ടാ നിങ്ങളീ പറയണേ ? ഇത് നമ്മടാ കാശാന്ന്  നമ്മള് ഈ പലിശക്ക് ഒക്കെ കൊടുത്ത് ഇണ്ടാക്കീതാണ്‌ . നിങ്ങള് വെളച്ചിലിടുക്കാണ്ട് കാശ് തായോ  ഇല്ലെങ്കി എന്റെ തനി ഗൊണം അറിയും നാട്ടാര് ഈ വർഗ്ഗീസ്സ്ന്ന് കേട്ടാമതി വിറക്കും .

         പക്ഷേ .., ബാങ്ക് കാര് വിറച്ചില്ല  പോലീസിനെ വിളിക്കുന്ന് പറഞ്ഞപ്പോ വർഗ്ഗീസ് ചേട്ടൻ  വിറച്ചു.

               നിങ്ങൾക്ക് ലൈസൻസുണ്ടോ പണം പലിശക്ക് കൊടുക്കാൻ ..?

   എന്തൂട്ടാ നിങ്ങള് ഈ പറയണേ ?  അപ്പൊ നിങ്ങള് പണം പലിശക്ക് കൊടുക്കണതോ  എന്താപ്പാ ചെയ്യാ .., മ്മടെ കൈയ്യിലിരിക്കണ കാശ് കൊടുത്തപ്പോ നടന്ന പണി കണ്ടില്ലേ ?

   അന്ന് ഊരാക്കുടുക്കില് തല വെച്ച് കൊടുത്ത വർഗ്ഗീസ് ചേട്ടന് ഇതുവരെ അത് ഊരാൻ പറ്റിയിട്ടില്ല . ഒന്ന് കഴിഞ്ഞാ മറ്റൊന്ന്  അങ്ങിനെ പുള്ളിക്കാരൻ ഭയങ്കര ബിസിയായി .

     2015 ന്റെ അവസാനത്തിൽ ഞാൻ കുറെ വെല്ലുവിളികൾ നടത്തിയതാ . അത്  ചെയ്യും .., ഇത് ചെയ്യും എന്നൊക്കെ പറഞ്ഞു . അതൊക്കെ ആരു ചെയ്യുന്നു ..പിന്നെ ഈ വെല്ലു വിളികൾ ഒക്കെ ഞാൻ എന്നോട് തന്നെയാ നടത്തിയത്  അത് കൊണ്ട് ആരും ചോദിക്കാൻ വരത്തില്ല .

    അതുകൊണ്ട് ഈ വർഷം   വെല്ലുവിളികളും പ്രതിജ്ഞകളും ഞാൻ നിറുത്തി .

      അവറാൻ ചേട്ടൻ 2015 ന്  രാത്രി ഇതേപോലെ പ്രതിജ്ഞ എടുത്തതാ
 ദേ 2016 അങ്ങട് പുലർന്നാ പിന്നെ ഞാൻ ഈ കള്ള് കൈകൊണ്ട് തൊടത്തില്ല.

      അങ്ങിനെ പറഞ്ഞു ന്യു ഇയർ ആഘോഷം തുടങ്ങിയ അവറാൻ ചേട്ടൻ രണ്ടു ദിവസം കഴിഞ്ഞു ഭാര്യയോട് ചോദിക്കാ ...''എന്താടി ന്യു ഇയറ് ഇനിയും ആയില്ലേ ?

     വീട്ടില് വളർത്തണ പൂവൻ മുങ്ങി  ന്യു ഇയർ ആഘോഷിക്കാൻ നിന്നാല്  തടി കേടാവുന്നു മൂപ്പർക്ക് നല്ല ഭയം  ന്യു ഇയർ കഴിഞ്ഞട്ടു വരുന്നതാ സേഫ് .

   അങ്ങിനെ ആഘോഷം ഒഴിഞ്ഞ പൂരപ്പറമ്പു പോലെ ഇതാ 2016 പുറകിൽ  കിടക്കുന്നു .ഇനി പ്രതീക്ഷ 2017 ., അതെ വർണ്ണങ്ങളും , സ്വപ്നങ്ങളും  ആയി  ഒരു നവ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിക്കൊണ്ട് ഇതാ ഒരു പുത്തൻ വർഷം  മുന്നിൽ നിൽക്കുന്നു. .

    അല്ലെങ്കിലും പ്രതീക്ഷകൾ ആണല്ലോ മുന്നിൽ നിൽക്കുന്നത് . മുന്നോട്ട് വെക്കുന്ന ഓരോ  കാൽചുവടുകളിലും പ്രതീക്ഷകൾ വാനോളം ഉയരുന്നു   പ്രതീക്ഷകൾ ഇല്ലെങ്കിൽ  പിന്നെന്തു ജീവിതം.

     ആകാശത്തോളം പ്രതീക്ഷിച്ചാൽ  കുന്നിക്കുരുവോളം കിട്ടുമെന്ന് അതുകൊണ്ട് നിങ്ങളുടെ  പ്രതീക്ഷകൾ വാനത്തോളം ഉയരട്ടെ . അതിൽ കുന്നിക്കുരുവല്ല ആകാശം തന്നെ നിങ്ങൾക്ക് ലഭിക്കട്ടെ .

  ഷാംപൈൻ കോക്കുകൾ ശബ്ധഘോഷത്തോടെ  ആകാശത്തേക്ക് വർണ്ണങ്ങൾ വിതറിക്കൊണ്ട് തെറിക്കട്ടെ , ലഹരി നിറയുന്ന ഗ്ളാസ്സുകളിൽ  ചിയേർസ്  ആരവങ്ങൾ മുഴങ്ങട്ടെ ..,വൈനുകളുടെ  ഉന്മാദത്തിൽ .., ഉറക്കെ അലറി വിളിക്കാം

         ''happy new year ''.

       ഇതൊന്നും എന്റെ കാര്യല്ലാട്ടാ  ഞാൻ അന്ന് നല്ല കുട്ടിയായിട്ട് പള്ളിയിൽ ആയിരിക്കും . നല്ലവർക്ക് എന്നെ അനുഗമിക്കാം  അല്ലാത്തവർക്ക് അവരുടെ വഴിയും ഏതു വഴിയും അവരവരുടേതായ  രീതിയിൽ ശരിയാണ്.

0 അഭിപ്രായങ്ങള്‍