വൈറ്റ് ഹൌസ് ... 

ഹൈലി കോണ്‍ഫിഡൻഷ്യലായിട്ടുള്ള മീറ്റിങ്  പ്രസിഡണ്ട് അടക്കം ഞങ്ങൾ എട്ടു പേർ മാത്രം.

നാസാ ഡയറക്ടർ  ജാക്ക് ഗാർഡൻ , പ്രധിരോധ സെക്രട്ടറി ചാൾസ് പവ്വൽ , സ്റ്റേറ്റ് സെക്രട്ടറി നിക്സണ്‍ കോളിൻ , വൈസ് പ്രസിഡണ്ട് ബ്രൈഡൻ ജോണ്‍ , സ്പീക്കർ മരിയ വണ്ടർലാ, പിന്നെ ഞാനും ഡേവിഡും .

ആത്യന്തികമായി എല്ലാ മുഖങ്ങളിലും ആകാംക്ഷയും ഉൽക്കണ്ഠയും തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്  പിന്നെ മറ്റെന്തൊക്കെയോ  വികാരങ്ങളും അതെന്തെല്ലാമാണെന്ന് വിവേചിച്ചറിയുകയെന്നുള്ളതല്ല  ഇവിടെകൂടിയിരിക്കുന്നതിന്റെ ലക്ഷ്യമെങ്കിലും ഉൾക്കൊള്ളാനാകാത്ത വലിയൊരു സത്യത്തിന്റെ തിരിച്ചറിവിൽ   തരിച്ചിരിക്കുകയാണ് ഏവരും .

അവിശ്വസനീയം...   

പ്രസിഡണ്ടിന്റെ ആ ഒറ്റ വാക്കിൽ  എല്ലാം ഒതുങ്ങിയിരുന്നു .

 സൂര്യന് സ്ഥാന ചലനമോ ?  നിങ്ങൾക്കെന്താ വട്ടു പിടിച്ചോ ?

ഞങ്ങൾ ശാസ്‌ത്രജ്ഞർ ആയതു കൊണ്ടും ഇതേക്കുറിച്ച് ആധികാരികമായി പറയുവാൻ  കഴിവുള്ളവരായതുകൊണ്ടും ആരുമത്   തുറന്നു ചോദിക്കുന്നില്ലെന്നു മാത്രം  എങ്കിലും ഏവരുടെയും മനസ്സിൽ ഈ ചോദ്യം ഉയർന്നിരിക്കുന്നതിൽ  അത്ഭുതപ്പെടേണ്ടതായ
യാതൊന്നും തന്നെയില്ല .

യുക്തിക്ക് നിരക്കാത്തത്, കാണുമ്പോഴോ കേൾക്കുമ്പോഴോ   ഏതൊരാളുടെയും ഉള്ളിലുയരുന്ന  വികാരമാണത്  ഇവിടേയും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്  സൂര്യന് സ്ഥാനചലനം സംഭവിക്കുകയെന്നുവെച്ചാൽ? ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ ?.

ഒരു സാധാരണക്കാരന്റെ കേപ്പബിലിറ്റിക്കും ബുദ്ധിവൈഭവത്തിനും മേലെ നിലകൊള്ളുന്ന  ഇവർക്കുപോലും ആ  വാർത്ത അവിശ്വസനീയതയാണ് ഉണ്ടാക്കുന്നതെങ്കിൽ ആവറേജ് സെൻസുള്ള മറ്റുള്ളവരുടെ  മനോ നിലയെക്കുറിച്ച് ആകുലപ്പെടേണ്ടതുണ്ടോ ? 

അത്തരക്കാരുടെ യുക്തിക്ക് ഉൾക്കൊള്ളാൻ കഴിയാവുന്നതാണോ ഇതെല്ലാം ?

അല്ലെങ്കിൽ തന്നെ ഇവിടെ യുക്തിയെന്നുള്ളതിന്റെ അടിസ്ഥാനമെന്താണ്  ?,

 നമ്മുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാവുന്നതും ,അതിനോട് ചേർന്നു നിൽക്കുന്നതിനെയുമാണോ  യുക്തിയെന്ന വീക്ഷണം കൊണ്ട് അർത്ഥമാക്കേണ്ടത് ?

അങ്ങിനെയെങ്കിൽ  അവിശ്വസനീയമായിട്ടുള്ളോന്നിനെ  ഉൾക്കൊള്ളേണ്ടിവരുമ്പോൾ എങ്ങിനെയാണതിനെ വിശകലനം ചെയ്യുക? അതിലും  ആഴത്തിലേക്ക് ഇറങ്ങി ചെന്നുകൊണ്ട് നമ്മുടെ ബുദ്ധിക്കും മേലേയുള്ളൊരു  തലത്തെ വിശദീകരിക്കേണ്ടി വരുമ്പോൾ ?

എങ്ങിനെയാണത്  സാദ്ധ്യമാവുക ?  എങ്ങിനെയാണതിനെ ഉൾക്കൊള്ളുവാനാവുക ?

ബുദ്ധിയും യുക്തിയും  ഒന്നാണോയെന്നുള്ള ഒരു കാഴ്ചപ്പാടിലൂടെയാണോ ഇവിടെ മുന്നോട്ട് പോകേണ്ടത് ?  അതോ അവ രണ്ടും  രണ്ടാണോയെന്നുള്ളതിലൂടെയോ ? യുക്തിയെന്നുള്ളത്  ഒരു പ്രവർത്തി  ചെയ്യുമ്പോഴോ  മനസ്സിലാക്കിയെടുക്കുമ്പോഴോ വിശ്വാസയോഗ്യമാണ് എന്നുള്ള മനസ്സിന്റെ  അവബോധത്തെയാണ്  പ്രതിഫലിപ്പിക്കുന്നത് അങ്ങിനെയെങ്കിൽ അതു തന്നെയല്ലേ ബുദ്ധിയുടെയും വിശദീകരണം , അങ്ങിനെയെങ്കിൽ രണ്ടും ഒന്ന് തന്നെയെന്നു കരുതേണ്ടിവരുകയില്ലേ ?.

പലപ്പോഴും ഒരു വിഷയത്തിന്  വ്യത്യസ്ഥങ്ങളായ വിശദീകരണങ്ങളെന്നുള്ളത് ആശയക്കുഴപ്പത്തെ ഉളവാക്കുന്നു.

ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ യുക്തിയുടെ അളവുകോൽ എന്നുള്ളത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും ഒരു ജീനിയസിന്റെ ആശയത്തോടും ബുദ്ധിവൈഭവത്തോടും വസ്തുതകളെ  അനലൈസ് ചെയ്യുന്ന പാടവത്തോടും കിടപിടിക്കുന്നതായിരിക്കുകയില്ല  ഒരു വിഡ്ഢിയുടേതെന്നുള്ളത് തീർത്തും  അർത്ഥശങ്കക്കിടയില്ലാതെ തന്നെ സമർത്ഥിക്കുവാൻ കഴിയും  കാരണം ആ വ്യക്തി  അയാളുടെ ബുദ്ധിയുടെ അളവുകോൽ കൊണ്ട് അപഗ്രഥിച്ചെടുക്കന്ന കാര്യങ്ങളെ യുക്തിസഹജമായി മനസ്സിലാക്കിയെടുക്കുമ്പോൾ അയാളുടെ കാഴ്ചപ്പാടുകൾ വളരെ വിശാലമായുള്ളതും ആഴത്തിലുള്ളതുമായിരിക്കും. 

അഗാധമായ ചിന്തകളെ  ഉൾക്കൊണ്ടുകൊണ്ടുള്ള ബുദ്ധിപ്രഭാവമെന്നുള്ളത് വളരെ വലിയ ക്യാൻവാസിലൂടെ  ചരിക്കുന്നതാണ്. 

എന്നാൽ ബുദ്ധിയുടേയോ,യുക്തിയുടേയോ  താഴ്ന്ന നിലവാരത്തിലുള്ളൊരു വ്യക്തിയുടെ അപഗ്രഥന ശേഷിയെന്നുള്ളത് ഇതിൽ നിന്നും തികച്ചും വിഭിന്നമായിരിക്കുമെന്നുള്ളതാണ് സത്യം .

കാരണം ചില വിശദീകരണങ്ങളെ അവർക്കുൾക്കൊള്ളാൻ കഴിയാതെ വരുന്നുവെന്നുള്ളത് ആ ഒരു തലത്തിന്റെ പോരായ്മ കൊണ്ടു തന്നെയാണ്  എന്നിരുന്നാൽ കൂടി ആ കുറ്റത്തെ  അവരുടെ മേൽ ചാർത്തുന്നത്   വിരോധാഭാസമാണെന്നു തന്നെയാണ് എന്റെ പക്ഷം,   ഓരോരുത്തരുടെ  ബുദ്ധിവൈഭവത്തിൻറെയും ,അപഗ്രഥന ശേഷിയുടേയും  കുറവുകളുടെ പരിണിതഫലമായി  മാത്രമതിനെ  കണ്ടാൽ മതി അതോടൊപ്പം  ബുദ്ധിയുടെ കൂർമ്മതയിൽ പാരമ്പര്യ ഘടകം കൂടി അടങ്ങിയിരിക്കുന്നു എന്നുള്ളത് വിസ്മരിക്കാനാവില്ലയെന്നുള്ളതും ഇതോടൊപ്പം ചേർത്തുവായിക്കപ്പെടേണ്ടതാണ്  

അങ്ങിനെവരുമ്പോൾ പാരമ്പര്യമായി കൈമാറപ്പെട്ട ജനിതക ഘടനകളുടെ   ( ഡി എൻ എ)  രീതിക്കനുസരിച്ചാണ് ഓരോരുത്തരും ഫോർമേഷൻ ചെയ്യപ്പെട്ടിരിക്കുന്നതെന്നു കാണാം . ഇങ്ങനെ  കൈമാറ്റം ചെയ്യപ്പെട്ട  ജീനുകളുടെ ക്വാളിറ്റിക്കനുസരിച്ച്  മാത്രമേ അവരുടെ ബുദ്ധിവൈഭവത്തിന്റെ പ്രവർത്തന മികവ് എന്നുള്ളതാണ് ഇവിടെ തിരിച്ചറിയപ്പെടേണ്ടത്  

അങ്ങിനെ വരുമ്പോൾ ഓരോരുത്തരുടേയും ബുദ്ധിയുടെ ഏറ്റക്കുറച്ചിലുകൾ  എന്നുള്ളത് അവരവരുടെ  ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒരു പക്ഷേ  മുഴുവനല്ലെങ്കിൽ കൂടി .

ഇതിനോട് അനുബന്ധമായി വിശദീകരിക്കപ്പെടേണ്ട മറ്റൊരു പ്രധാനഘടകം കൂടിയുണ്ട്  , മേല്പറഞ്ഞതിന്റെ ചുവടു പിടിച്ച് ചിന്തിക്കുമ്പോൾ  ഐൻസ്റ്റീന്റെ മകൻ ഐൻസ്റ്റീൻ തന്നെ ആകണമെന്നല്ല അതിന്റെ അർത്ഥം അല്ലെങ്കിൽ ഐൻസ്റ്റീനിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ജീനുകൾ പേറുന്നവർ  അത്രക്കും ബുദ്ധിവൈഭവം പ്രകടിപ്പിക്കണമെന്നുമല്ല അർത്ഥം. പാരമ്പര്യമായി സ്വീകരിക്കപ്പെടുന്ന  ജീനുകളെ  ഓരോരുത്തർ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതിനെ   കൂടി ആശ്രയിച്ചായിരിക്കും അതിന്റെ മികവ് രേഖപ്പെടുത്തപ്പെടുന്നത്   അതായത് ഓരോ ജനിതക  ഘടകങ്ങളും പാരമ്പര്യമായി  കൈമാറപ്പെടുന്നുവെങ്കിൽ കൂടി അതിന്റെ സ്വാഭാവസവിശേഷതകളെ ഗുണകരമായ വിധത്തിൽ മാറ്റുന്നതിലൂടെയാണ് വിജയപരാജയങ്ങൾ നിർണ്ണയിക്കപ്പെടുന്നതെന്ന് സാരം. 

അതായത് കൈമാറപ്പെടുന്ന ജീനുകൾ  ഏതു തരത്തിലുള്ള സ്വാഭവരൂപീകരണത്തിനാണോ ഊന്നൽ നല്കുന്നതെങ്കിലും അതിൽനിന്നുമൊരു  മാറ്റം സ്വപ്രയത്‌നത്തിലൂടെ സാദ്ധ്യമാണ് എന്നുള്ളത് കൂടി ഇവിടെ മനസ്സിലാക്കിയെടുക്കേണ്ടതുണ്ട് .   

ഒന്നുകൂടി പഠന വിധേയമാക്കിയാൽ സ്വന്തം പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള കൈമാറ്റം മാത്രമല്ല ഒരു വ്യക്തിയിൽ സ്വാധീനം ചെലുത്തുന്നത് അതിനും മേലേ തലമുറകളുടെ സ്വാധീനം ഇതിൽ പ്രകടമാണ് അങ്ങനെവരുമ്പോൾ എല്ലാവരും പരസ്പരം പൂരകങ്ങൾ ആകുന്നു. ഓരോരുത്തരും ഒരു  ജീവശൃംഖലയുടെ കണ്ണികൾ ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്  അങ്ങിനെ വരുമ്പോൾ കൈമാറ്റം ചെയ്യപ്പെടുന്ന  ജീനുകൾക്ക് പൊതുവായ സ്വഭാവ സവിശേഷത കാണപ്പെടുന്നു . കാരണം ആത്യന്തികമായി ഒരു ജീവവൃക്ഷത്തിൽ നിന്നുമാണ് അതിന്റെ വേരുകൾ എന്നുള്ളത് കൊണ്ട് തന്നെയാണ് ഇത്.  ആയതിനാൽ ഈ ഒരു കാഴ്ചപ്പാടിലൂടെ മാത്രമേ അവരുടെ ശേഷിയെ അപഗ്രഥിക്കാവൂ   അങ്ങിനെ വരുമ്പോൾ മറ്റുള്ളവരുടെ വീക്ഷണത്തിലൂടെ ഒരാളുടെ  കഴിവുകളെയും കഴിവുകേടുകളേയും വിലയിരുത്തപ്പെടുന്നത്  തികച്ചും നിരർത്ഥകമായ ഒന്നാകുന്നു .

അപ്പോൾ  വിഡ്ഢിയെന്നുള്ള വാക്കിന്റെ വിശേഷണം ഉചിതമായൊരു പ്രയോഗമാണോ എന്നെനിക്ക് സംശയം തോന്നുന്നു   ആ വാക്കിന് വല്ലാത്തൊരു അപകർഷതയുണ്ട്.

അതുപയോഗിക്കുന്നവരിലും കേൾക്കുന്നവരിലും വലിയൊരു ഇറിറ്റേഷനെ  അതുളവാക്കുന്നു എന്നുള്ളത് സത്യമാണ്, അങ്ങിനെയെങ്കിൽ കൂടി  വിഡ്ഢിക്ക്  വിഡ്ഢിയെന്നല്ലാതെ മറ്റെന്തു പട്ടമാണ്  ചാർത്തിക്കൊടുക്കുവാൻ കഴിയുകയെന്നുള്ളതും ചിന്തിക്കേണ്ടതു തന്നെയാണ് , അത്തരത്തിലുള്ളവർ ഒരു ചെറിയ വൃത്തത്തിനുള്ളിൽ  നിന്നു കൊണ്ട്  മാത്രമേ കാര്യങ്ങളെ അപഗ്രഥിക്കാൻ ശ്രമിക്കുന്നുള്ളൂ  അല്ലെങ്കിൽ അവരെക്കൊണ്ട് അതിനു മാത്രമേ   കഴിയുകയുള്ളൂ എന്നുള്ളതാണ് തിരിച്ചറിയപ്പെടേണ്ടത് .

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാൻ കഴിയുമോ എന്നുള്ള ചോദ്യം ഇവിടെ   വളരെ അർത്ഥവത്തായി കണക്കാക്കാം  ബുദ്ധിയുടെ ഏറ്റക്കുറച്ചിലുകൾ എന്നുള്ളത് പാരമ്പര്യമായി കൈമാറ്റപ്പെടുന്ന മറ്റു പല ജീനുകളുടെയും സ്വാഭാവസവിശേഷതകൾ പോലെയുള്ള ഒന്നാണെന്നുള്ളതും വിസ്മരിക്കാനാവാത്തതാണ്   ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഓരോരുത്തരുടെയും ഐ ക്യു ക്വാളിറ്റിയെന്നുള്ളത്  അവരുടെ ജനിതകവുമായി ബന്ധപ്പെട്ടുകിടക്കുന്നു ആ ഒരു വീക്ഷണത്തിലൂടെ മുന്നോട്ട് പോകുമ്പോൾ  പലരുടേയും  ബുദ്ധിവൈഭവത്തിന്റെ ഏറ്റക്കുറച്ചിലുകളെന്നുള്ളത് ഒരു പരിധി വരെ അവരുടെ പാരമ്പര്യ  കൈമാറ്റത്തിന്റെ അവസ്ഥാന്തരങ്ങളായേ വിലയിരുത്തുവാനാകൂ.

അപ്പോൾ മേൽപ്പറഞ്ഞ പോലെ വിഡ്ഢിയെന്നുള്ള വാക്കിൻറെ ഉപയോഗത്തെക്കുറിച്ച് വലിയൊരു ആശയക്കുഴപ്പം വീണ്ടും ഉയർന്നുവരുന്നു .

വ്യത്യസ്തങ്ങളായ രണ്ടു ജീനുകളിൽ നിന്നും മൂന്നാമതൊരു ജീനിന്റെ ഉല്പത്തിയിലേക്കുള്ള ഫോർമേഷനിൽ കൂടുതൽ ആരോഗ്യകരമായ ജീനുകൾക്ക് മുൻ‌തൂക്കം ലഭിക്കുകയും അവയുടെ സ്വാഭാവസവിശേഷതകൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുകയും ചെയ്യപ്പെടുന്നു .

ഈ ഒരു വീക്ഷണത്തിലൂടെ കടന്നുപോകുമ്പോൾ  കൂടുതൽ ബുദ്ധി സവിശേഷത ഉൾക്കൊള്ളുന്നവർ വസ്തുതകളെ  കൂടുതൽ വിശാലമായ തലത്തിൽ മനസ്സിലാക്കിയെടുക്കുവാൻ  ശ്രമിക്കുകയും, അപഗ്രഥിക്കുകയും ചെയ്തുകൊണ്ട്  അവിശ്വസനീയമായ ഒന്നാണെങ്കിൽ കൂടി ആ  അവിശ്വസനീയതയുടെ എല്ലാ തലത്തെയും ഉൾക്കൊള്ളാൻ ശ്രമിക്കുകയും  അവരുടെ  വിശാലമായ ചിന്താധാരയിൽകൂടി  ഇങ്ങിനെയും സംഭവിക്കാമെന്നുള്ള സത്യത്തെ  തിരിച്ചറിയുകയും ആ  സങ്കീർണ്ണതയെ മനസ്സിലാക്കാൻ  ശ്രമിക്കുകയും ചെയ്യുന്നു   .

ഇത്തരം സന്ദർഭങ്ങളിൽ ഒരു വസ്തുതയുടെ അസാധാരണത്വത്തെ  കണക്കിലെടുത്തുകൊണ്ട് അവയെ അസംഭാവ്യമായ വസ്തുതകളുടെ   ഗണത്തിൽപ്പെടുത്തുകയും  കാണുന്നതും കേൾക്കുന്നതും  അവിശ്വസനീയമായ ഒന്നാണെങ്കിൽ  കൂടി അങ്ങിനേയും സംഭവിക്കാമെന്നുള്ള സാധ്യതയെ വിശ്വാസ്യത്തിലെടുത്തുകൊണ്ട്  മുന്നോട്ട് പോവുകയും ചെയ്യുന്നു  .

ഈ ഘടകങ്ങൾ ഓരോരുത്തരുടേയും ബുദ്ധി വിശാലതയുടേയും  യുക്തിയുടെ ഉയർന്ന മൂല്യത്തേയും   തന്നെയാണ് എടുത്ത് കാണിക്കുന്നത്,  ഒരു പക്ഷേ ഇവ രണ്ടും ഒന്നാണെങ്കിൽ കൂടിയും .

എന്നാൽ ഒരു വിഭാഗത്തിന്  ഇത്തരത്തിലുള്ള അവിശ്വസനീയ വസ്തുതകളെ  ഉൾക്കൊള്ളാനാകാതെ വരുകയും അക്കാരണം കൊണ്ടു  തന്നെ ഇത്തരത്തിലുള്ള സത്യങ്ങളെ  ശുദ്ധ വിഡ്ഢിത്തങ്ങളായി  കണക്കാക്കുകയും ചെയ്യുന്നുവെന്നുള്ളത് അവരുടെ ബുദ്ധിവൈഭവത്തിന്റെ അപഗ്രഥന ശേഷിയിലുള്ള കുറവായി മാത്രം കണക്കാക്കിയാൽ മതി . 

ഇതിനു കാരണവും മേൽപ്പറഞ്ഞതു  പോലെ ഓരോരുത്തരുടേയും ഡി എൻ എ യുടെ പ്രത്യേകതകൾ.

നിങ്ങളീ പറയുന്നതും,  ഞാനീ കേൾക്കുന്നതുമെല്ലാം എനിക്ക്   വിശ്വസിക്കണമെന്നുണ്ട്  പക്ഷേ...  എന്റെ ബുദ്ധിയതിനു വിലങ്ങു തടിയിടുന്നു   കാരണം ഇത് സംഭവ്യമാണോ ? സൂര്യന്  സ്ഥാനചലനം സംഭവിക്കുകയെന്നു വെച്ചാൽ ? ഇത്രയും വലിയൊരു അവിശ്വസനീയതയെ എങ്ങിനെയാണ് ഉൾക്കൊള്ളാനാകുന്നത് ?  അത്ഭുത കഥ കേൾക്കുന്നൊരു   കുട്ടിയുടെ മാനസികാവസ്ഥയാണ് എനിക്കിപ്പോൾ   .

 സൂര്യന് സ്ഥാന ചലനം സംഭവിച്ചിരിക്കുന്നുവെന്ന് ഞാനീ  ലോകത്തോട് വിളിച്ചു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?  അമേരിക്കൻ പ്രസിഡണ്ടിന് വട്ടായിപ്പോയി എന്നായിരിക്കും പറയുക  എന്തിന് നമ്മുടെ കൂടിയുള്ളവർ പോലും ഈയൊരു സത്യത്തെ വിശ്വസിക്കുകയില്ല  . 

ചില സത്യങ്ങൾ, സത്യങ്ങളായി തന്നെ നമ്മുടെ കണ്മുന്നിലുണ്ടെങ്കിലും ഉൾക്കൊള്ളാനാകുന്നില്ലെന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം  .

പ്രസിഡണ്ടിന്റെയാ  വാക്കുകളിൽ നിന്നും അദ്ദേഹം അനുഭവിക്കുന്ന  അവിശ്വസനീയതയോടെ ആഴം ഞങ്ങൾക്ക് ബോദ്ധ്യപ്പെടുന്നു   അതദ്ദേഹത്തിന്റെ കുറ്റമല്ല ഇത്തരത്തിലൊരു  വാർത്ത  കേൾക്കുന്ന ഏതൊരാളുടേയും പ്രതികരണം ഇങ്ങനെത്തന്നെയാകുവാനേ  തരമുള്ളൂ.  

ബുദ്ധിക്ക് അപ്രാപ്യമായത് കേൾക്കുമ്പോൾ അമേരിക്കൻ പ്രസിഡണ്ടാണെങ്കിൽ പോലും  പ്രകടിപ്പിക്കുന്ന ഈ അവിശ്വസനീയത എടുത്തുകാണിക്കുന്നത് മാനുഷീകമായ പരിമിതിയാണ്.

കഷ്ട്ടം...  ഞാനിത്രനാളും കരുതിയിരുന്നത്  അമേരിക്ക എന്നുള്ളത് വലിയൊരു സംഭവം ആണെന്നായിരുന്നു  ലോകത്തിലെ ഏറ്റവും ശക്തിയുള്ള രാജ്യം,  പണം കൊണ്ടും പ്രതാപം കൊണ്ടും ബുദ്ധികൊണ്ടും ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യം  

അതൊരു ഗർവ്വായിരുന്നു അങ്ങിനെയൊരു രാജ്യത്തിന്റെ തലപ്പത്തിരിക്കുമ്പോൾ ആ ഗർവ്വിന്റയൊരു ഭാഗം  എനിക്കും അവകാശപ്പെട്ടത് തന്നെയാണെന്നാണ്  ഞാൻ കരുതിയിരുന്നത്,  അതെനിക്ക് സമ്മാനിച്ചത് അഹംഭാവത്തിന്റെ വലിയൊരു കിരീടമായിരുന്നു .

ഇത്രനാളും ഞാനാ അഹന്തയുടെ മൂർദ്ധന്യത്തിൽ തന്നെയായിരുന്നു  ഒരു ബട്ടണമർത്തിയാൽ  ലോകത്തെ മുഴുവനും ചാമ്പലാക്കുവാൻ കഴിയും    എന്നാൽ മറ്റൊരു ബട്ടണമർത്തിയാൽ ഒരു പുൽക്കൊടി നാമ്പിനു പോലും ജീവൻ കൊടുക്കുവാനാകില്ലെന്ന  സത്യത്തെ എന്തുകൊണ്ടെനിക്ക്  തിരിച്ചറിയുവാൻ കഴിഞ്ഞില്ല ?  .

ഒരുപക്ഷെ ഞാനത് അറിഞ്ഞിട്ടും എന്റെ അഹന്ത  അതിനുമേലേ  കവചം തീർത്തിരിക്കുകയായിരുന്നു.   

എന്റെ വിരലുകൾക്ക്, എന്റെ  വാക്കുകൾക്ക്  അൾട്ടിമേറ്റ് പവ്വർ ഉണ്ടെന്നുള്ള വിഡ്ഢിത്തമായിരുന്നു ഇത്രനാളും എന്നെ ഭരിച്ചിരുന്നത് .

ഇപ്പോൾ  സത്യത്തെ തിരിച്ചറിയുമ്പോൾ  ഞാൻ വെറും പൂജ്യമാണെന്ന് മനസ്സിലാക്കുന്നു .

എനിക്കു കിട്ടിയ വലിയൊരു തിരിച്ചറിവായി ഞാനത് ഉള്ളേറ്റുന്നു  

ഈ പ്രപഞ്ചത്തിൽ പുതിയതായി ഒന്നിനേയും സൃഷ്ടിക്കുവാൻ നമുക്കാവില്ലെന്ന സത്യം ഇത്രനാളും നാമെന്തു കൊണ്ട് തിരിച്ചറിഞ്ഞില്ല

നമുക്കതിനു സമയമുണ്ടായിരുന്നില്ല നശീകരണത്തിലായിരുന്നു നമ്മുടെ കോണ്സെന്ട്രേഷൻ  

നശീകരണത്തെ സ്വന്തം കഴിവിന്റെ അളവുകോലായി കാണുന്നവർ  വിഡ്ഢികൾ മാത്രമാണ്. 

ഒരു ഗ്ളാസ്സ് ടംബ്ലർ എടുത്ത് താഴെക്കൊന്ന് എറിയുന്ന  ആ  ഒരു നിമിഷം മാത്രം മതി നശീകരണമെന്ന പ്രിക്രിയ പൂർത്തിയാകുവാൻ  .
 
എന്നാൽ ദിവസങ്ങൾ എടുത്താലും നമുക്കത്  പഴയതു പോലെയാക്കുവാൻ കഴിയുകയില്ലെന്നുള്ള  സത്യത്തെയാണ് ഞാനിപ്പോൾ തിരിച്ചറിയുന്നത്   

അങ്ങനെവരുമ്പോൾ  എനിക്കഹങ്കരിക്കുവാൻ  എന്താണുള്ളത് ? എന്നിട്ടും ഞാൻ അഹങ്കരിച്ചു  ..എന്തുകൊണ്ടെന്നുള്ളതിന്റെ ഉത്തരം മുൻപെന്റെ  കൈയ്യിലുണ്ടായിരുന്നു  എന്നാലിപ്പോൾ  സത്യത്തെ തിരിച്ചറിയുമ്പോൾ അത് ഉത്തരമായിരുന്നില്ല മറിച്ച്  എന്റെ ധാർഷ്ട്ട്യമായിരുന്നു എന്നുള്ളതാണ് ഞാൻ തിരിച്ചറിയുന്നത് .

സൃഷ്ടിക്കാൻ കഴിവില്ലാത്തവന് നശിപ്പിക്കാൻ എന്തവകാശം

സ്വാർത്ഥനായ ഒരുവന്റെ കൈയ്യിലെ ചെങ്കോലും  നിസ്വാർത്ഥനായ ഒരുവന്റെ  കൈയ്യിലെ  ചെങ്കോലും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. 

ഒരുവൻ അതുതന്റെ വിനയത്തിന്റെ അടയാളമായും മറ്റൊരുവൻ അത് തന്റെ അഹങ്കാരമായും ഉയർത്തിക്കാണിക്കുന്നു 

ഈ പ്രപഞ്ചത്തെ എങ്ങിനെയെല്ലാം നശിപ്പിക്കാമെന്നുള്ളതിനെ കുറിച്ചാണ്  ഇത്രയും കാലം നാം  ആലോചിച്ച് തലപുണ്ണാക്കിക്കൊണ്ടിരുന്നത്  അതിനെ  പുരോഗതിയെന്ന പേരിട്ടാണ് നമ്മൾ വിളിച്ചുപോന്നതും  

നശീകരണത്തിനു മാത്രമായാണ്  നമ്മൾ നമ്മുടെ വിഭവശേഷിയുടെ ഭൂരിഭാഗവും  ഉപയോഗപ്പെടുത്തിയത് 

സ്വാർത്ഥ താൽപര്യങ്ങൾക്കായി  മാത്രം നമ്മൾ കണ്ണുകൾ തുറന്നു വെച്ചു

ഒരു ഓട്ടത്തിൽ  അടുത്തവൻ വീഴരുതെന്ന്  ആരെങ്കിലും പ്രാർത്ഥിക്കാറുണ്ടോ? 

എല്ലായ്‌പ്പോഴും നമുക്ക് മാത്രം,എനിക്കുമാത്രം  എന്നുള്ള വൃത്തത്തിനുള്ളിൽ മാത്രമാണ് നമ്മൾ കറങ്ങുന്നത് , അത്  പൊളിച്ചഴുതാൻ കഴിയാറില്ല അതിലുപരി  ശ്രമിക്കാറുമില്ല എന്നുള്ളതാണ് സത്യം .

ഈ ലോകത്തിലെന്തും ചെയ്യുവാൻ കഴിയുമെന്നുള്ള എന്റെ  വിശ്വാസത്തിനു  മേലെ ഞാനിപ്പോൾ എന്റെ പരിമിതികളെ   തിരിച്ചറിയുന്നു  ഇത്രയൂം നാൾ അതൊരു വലിയ അഹങ്കാരമായായിരുന്നു എന്നിൽ  നിറഞ്ഞു നിന്നത്  

ഈ ലോകത്തിലെ പ്രബല ശക്തി നമ്മളാണെന്നുള്ള ധാർഷ്ട്ട്യം പ്രപഞ്ചത്തിനും മേലേ എന്നുള്ള തലത്തിലേക്ക് നമ്മളെ കൊണ്ടെത്തിച്ചു  സൃഷ്ട്ടാവിനെക്കാൾ വലിയവനാണ് സൃഷ്ടിയെന്നുള്ള മൂഡ്ഡ സ്വർഗ്ഗത്തിലായിരുന്നു നാമിതുവരെ  ഈ തിരിച്ചറിവ് ആ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ്   

അഹങ്കാരത്തിന്റെ,  തൻപോരിമയുടെ  മുനകൾ  ഇവിടെ ഒടിഞ്ഞു വീണിരിക്കുന്നു.

ഇതൊരു  തിരിച്ചറിവാണ്, കണ്ണു തുറുപ്പിക്കലാണ്   പ്രപഞ്ചമെന്ന ആ വലിയ സത്യത്തിന്റെ തീക്ഷ്ണതക്കു   മുന്നിൽ ഒരു പുൽക്കൊടിനാമ്പിന്റെ പോലും കരുത്തില്ലാത്ത  ഊശാൻ താടികൾ മാത്രമാണ് നമ്മൾ  

ആകാശക്കോട്ടയിലെ സുൽത്താനെന്ന ലേബലിൽ ഊതി വീർപ്പിക്കപ്പെട്ട ബലൂണുകൾ മാത്രം.

ഒരു യുദ്ധം അനിവാര്യമെങ്കിൽ  ഈ നിമിഷം നമുക്കതിനു കഴിഞ്ഞേനേ  അനാവശ്യമായി  ഒരു യുദ്ധമുണ്ടാക്കുവാനും നമുക്കു കഴിഞ്ഞേനേ  

പക്ഷേ ഇവിടെയെന്തുചെയ്യാൻ ?,

മിസ്റ്റർ ജോണ്‍ .., താങ്കളുടെ ഈ മിഷൻ വിജയകരമായിത്തീരുമെന്ന് എനിക്ക്  വിശ്വസിക്കാമോ ?

അത്തരമൊരു ഉറപ്പിന് തീർത്തും സാദ്ധ്യതയില്ലാത്തൊരു  ഘട്ടത്തിലാണ്  മിസ്റ്റർ പ്രസിഡണ്ട് നമ്മളിപ്പോൾ  യാതൊരു മുൻവിധിക്കും ഇവിടെ  പ്രസക്തിയില്ല. 

എങ്കിലും  ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത്  എന്തെങ്കിലും ചെയ്യുക എന്നുള്ള  ഒരു  ശുഭാപ്തി വിശ്വാസത്തിലൂടെ നമുക്കീ മിഷനെ കാണാം.

വിജയ സാദ്ധ്യതയെന്നുള്ളത്  വെറും അഞ്ചു ശതമാനം മാത്രം  ആ അഞ്ചു ശതമാനം തന്നെ വല്ലാതെ വലുതാക്കി കാണിക്കുന്നൊരു കണക്കാണ്  കാരണം തീരെ വിജയസാദ്ധ്യതയില്ലെന്നുള്ളത്  ആത്മവിശ്വാസത്തെ   ഇല്ലാതാക്കുന്നു  പ്രതീക്ഷയില്ലാതെയുള്ളൊരു പ്രവർത്തി അതിന്റെ ആരംഭഘട്ടത്തിൽ തന്നെയൊരു മുൻവിധിയെ ഉണ്ടാക്കിയെടുക്കുന്നു അതൊഴിവാക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ  അഞ്ചു ശതമാനമെന്നുള്ള കണക്ക്   അതിൽ വിശ്വസിച്ചു  കൊണ്ട് മുന്നോട്ട് പോവുക .

നമുക്ക് ലഭ്യമായ അറിവുകളേയും കഴിവുകളേയും  വിഭവശേഷിയേയും  നേടിയെടുത്തീട്ടുള്ള ശാസ്ത്രീയ അവബോധത്തേയുമെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ഈ  ലോകത്തെ മുഴുവൻ ഇതിനു പിന്നിൽ അണിനിരത്തിക്കൊണ്ടുള്ളൊരു  മിഷൻ . ആ  ടീം വർക്കിൽ  അഞ്ചു ശതമാനമെന്നുള്ള പ്രതീക്ഷക്ക് സത്യത്തിൽ ജീവനുണ്ടാകുന്നു .

അങ്ങിനെയുള്ളൊരു കൂട്ടായ്മായിൽ  അത്ഭുതങ്ങൾ സംഭവിച്ചേക്കാം  ഒരു ഇൻസിഡന്റിന്റെ പിന്നാമ്പുറത്തേക്ക് നമ്മൾ എത്തിച്ചേരുന്നത് അതിന്റെ  എല്ലാ വശങ്ങളെയും  അനലൈസ് ചെയ്തെടുത്തു കൊണ്ടാണ്  .

എന്തുകൊണ്ടിങ്ങനെ സംഭവിച്ചു ? എങ്ങിനെയിത് സംഭവിച്ചു ? അതിന്റെ  കാരണങ്ങൾ എന്തെല്ലാം ?   

ആക്സിഡന്റലായി സംഭവിച്ചതോ  നാച്യുറലായി സംഭവിച്ചതോ? അങ്ങനെയങ്ങനെ ഒരു പാട് കാര്യങ്ങൾ..... .

എന്നാലിവിടെ,  പരിമിതമായ സമയത്തിനുള്ളിൽ തന്നെ  ഈ ചോദ്യങ്ങൾക്കും അതിന്റെ കാരണങ്ങളിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലുവാനുള്ള  സമയം  നമ്മുടെ മുന്നിലില്ല എന്നുള്ളതാണ് സത്യം..,  ആയതുകൊണ്ട് ഏത്രയും   പെട്ടെന്നൊരു  സൊല്യൂഷൻ കണ്ടെത്തി അതിലൂടെ മുന്നോട്ട് പോവുക എന്നുള്ളതാണ് അഭികാമ്യമായി എനിക്കു തോന്നുന്നത് .

അതോടൊപ്പം ഈ അവസ്ഥക്ക് ഹേതുവെന്ന് നമ്മൾ കണ്ടെത്തിയ കാരണങ്ങളും,  അതിനെ മറികടക്കുവാൻ നമ്മളവലംബിക്കുന്ന  മാർഗ്ഗങ്ങളും  ശരിയാകട്ടെയെന്ന വലിയ അത്ഭുതം കൂടി ഇവിടെ  സംഭവിക്കണമേയെന്ന്  പ്രാർത്ഥിക്കുകയും ചെയ്യാം .

അല്ലെങ്കിൽ വരാനിരിക്കുന്ന...,വന്നുകൊണ്ടിരിക്കുന്ന.. ഒരുപക്ഷേ വന്നുകഴിഞ്ഞ  ഈ വലിയ ദുരന്തത്തിലേക്ക്  ഭൂമിയേയും അതിലുള്ള സകല ചരാചരങ്ങളേയും തള്ളിയിട്ടുകൊണ്ട് വിധിയെന്ന  വാക്കിന്റെ ചുവടു പിടിച്ച് നിസ്സംഗതയോടെയിരിക്കുക .

സൂര്യന്റെ തുടർച്ചയായുള്ള  ചലനം വലിയൊരു ഇമ്പാക്റ്റാണ്  ഭൂമിയിൽ വരുത്തിവെച്ചിരിക്കുന്നത്  അതിനിയും  തുടരുകയാണെങ്കിൽ ആ  പ്രത്യാഘാതങ്ങൾ  നമുക്കൊരിക്കലും താങ്ങുവാനാകില്ലെന്നതിലുപരി അതിജീവിക്കുവാനാകില്ല  . 

അങ്ങിനെ വന്നാൽ നമ്മുടെ ആവാസ കേന്ദ്രമായ  ഭൂമിയടക്കം എല്ലാം തന്നെ ഈ പ്രപഞ്ചത്തിൽ  നിന്നും തുടച്ചു നീക്കപ്പെടും  മനുഷ്യകുലം മുഴുവനും ഈയ്യാം പാറ്റകളെപ്പോലെ കരിഞ്ഞു വീഴും,  കുട്ടികൾ, വൃദ്ധർ , സ്ത്രീകൾ.. ഒരുപാടു  രോദനങ്ങൾ നമ്മുടെ കാതുകളെ കൊട്ടിയടക്കും.

അതോടൊപ്പം ഭൂമിയിൽ അധിവസിക്കുന്ന മറ്റു ജീവജാലങ്ങളും കാലയവനികക്കുള്ളിലേക്ക്  മറയും .

എല്ലാത്തിന്റെയും  അവസാനം  ഹരിതാഭമായ ഈ  ഗ്രഹം മറ്റൊരു ശുക്രനോ വീനസോ ആയി പരിണമിക്കുകയോ  അല്ലെങ്കിൽ പൊട്ടിത്തെറിച്ച്  പാറകളോ ഉൽക്കകളോ ആയി ശൂന്യാകാശത്തിലൂടെ ഒഴുകി നടക്കുകയോ ചെയ്തേക്കാം.

 ഇത്ര കാലം  കൊണ്ട് നമ്മൾ നേടിയെടുത്ത മനുഷ്യകുലത്തിന്റെ പുരോഗതി  ആദിമ യുഗത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കും ആധുനികതയിലേക്കുമുള്ള വളർച്ച,  എല്ലാം ഒന്നുമല്ലാതാകുന്നു .

സൂര്യന് സംഭവിക്കുന്ന ഓരോ ചെറിയ ചലനം  പോലും അതീവ ഗുരുതര പ്രത്യാഘാതങ്ങളാണ് ഭൂമിയിൽ വരുത്തിവെച്ചു കൊണ്ടിരിക്കുന്നതെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു  . 

ഇപ്പോൾ തന്നെ നാമത് വേണ്ടുവോളം അനുഭവിച്ചു കൊണ്ടിരിക്കുന്നു 
ഇനിയുള്ള ചെറിയൊരു മാറ്റം പോലും  നമുക്ക് താങ്ങുവാനാകില്ല  

സൂര്യൻ അതിന്റെ ചലനാത്മക സമീപനം തുടർന്നുകൊണ്ടിരുന്നാൽ  അന്റാർട്ടിക്ക ഭൂഖണ്ഡം  ഒരു നിമിഷം കൊണ്ട്   ഭൂമുഖത്തു നിന്നും അപ്രത്യക്ഷ്യമാകും ,  സമുദ്രങ്ങൾ  തിളച്ചു മറിഞ്ഞ് ലാവകളായിത്തീരും,    അഗ്നി പർവ്വതങ്ങൾ ഭൂമിയിലെങ്ങും  പൊട്ടിത്തെറിക്കും  സുനാമികൾ  ആഞ്ഞടിക്കും ,  വനങ്ങൾ തീജ്ജ്വാലകളാൽ കത്തിയമരും  .

സൂര്യ താപത്താൽ ഭൂമി ചുട്ടുപഴുത്ത ഗോളമായിത്തീരുകയോ ? അല്ലെങ്കിൽ സൂര്യനിലേക്ക് ലയിച്ചു ചേരുകയോ അതുമല്ലെങ്കിൽ  അത്യുഗ്രതാപത്താൽ  പാറകളും ഉൽക്കകളുമായി ചിതറിത്തെറിച്ച്   ചാരമായി  പ്രപഞ്ചത്തിൽ ലയിച്ചു ചേരുകയോ ചെയ്യപ്പെടും.

ഏറ്റവും ഒടുവിൽ ഭൂമിയെന്നയീ മനോഹരഗ്രഹം  പ്രപഞ്ചത്തിൽ നിന്നും അപ്രത്യക്ഷ്യമാകുന്നു .

നോ ..  ജോണ്‍ .., അങ്ങിനെയൊരിക്കലും സംഭവിച്ചു കൂടാ...  എന്തു തന്നെയായാലും താങ്കൾക്കീ  മിഷനുമായി മുന്നോട്ട് പോകാം    ഏതറ്റംവരേയും ഞങ്ങളുണ്ടാകും കൂടെ...   എന്റെ വാക്കാണത്  അതിലുപരി അമേരിക്കൻ പ്രസിഡണ്ടിന്റെ ഉറപ്പും  .

താങ്കളെപ്പോലെയുള്ള ധൈര്യശാലികളെയും സഹജീവികളോട്  കരുണയുള്ളവരേയുമാണ്  ഈ ലോകത്തിനാവശ്യം  

ഈ ധീരതയെ അമേരിക്കൻ ജനതയുള്ളിടത്തോളം ....കാലം ,  

ക്ഷമിക്കുക  ..,  ഈ ലോകമുള്ളിടത്തോളം ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും  .

നല്ല വാക്കുകൾ.., 

പക്ഷേ അതിലെനിക്ക് വലിയ രോമാഞ്ചമൊന്നും തോന്നിയില്ല,   ഇത്തരമൊരു സന്ദർഭത്തിൽ ആയതുകൊണ്ട് കൂടിയായിരിക്കാം മത് . 

ലോകമെന്നെ  ഓർത്തിട്ട് എനിക്കെന്തു നേട്ടം  ? അങ്ങിനെ കരുതുന്നവർ ഉണ്ടാകാം അതവരുടെ വീക്ഷണം  ആ കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുവാൻ എനിക്കാവില്ല.   എന്റെ നഷ്ടമെന്നുള്ളത് എന്റേതു  മാത്രം തന്നെയാണ്  മനുഷ്യർക്ക്  വല്ലാത്തൊരു ശീലമുണ്ട്  അവർ  എല്ലായ്‌പ്പോഴും  അവസരവാദിയായിരിക്കുമെന്നുള്ളതാണത്    ഈ ഭൂലോകത്തിലെ  ചെറിയൊരു  ശതമാനത്തെ  ഒഴിച്ചു നിറുത്തിയാൽ  ബാക്കിയുള്ളവരെയെല്ലാം ആ ഗണത്തിൽപ്പെടുന്നവർ  തന്നെയാണ്.  ആ ഒരു ശതമാനത്തിൽ നിന്നും  പ്രകാശം പരത്തിക്കൊണ്ട്  ചില നക്ഷത്രങ്ങൾ ഉയർന്നു വരുന്നു   അവർ ലോകത്തെ മാറ്റിമറിക്കുന്നു,   അനേകായിരങ്ങൾക്ക് രക്ഷകരായി മാറുന്നു. അവർ നിഘണ്ടുകൾ  മാറ്റിയെഴുതുന്നു  പുതിയ ആശയങ്ങളിലൂടെ പുതു ലോകത്തെ പടുത്തുയർത്തുന്നു  സ്വന്തം കൈയ്യൊപ്പുകൾ ചാർത്തുന്ന അവരെ ലോകം വാഴ്ത്തുന്നു ,  ഓർത്തിരിക്കുന്നു  ഇതെല്ലാമുണ്ടെങ്കിലും ആത്യന്തികമായി  അവർക്കെന്തു നേട്ടം എന്നുള്ളത് വലിയൊരു ചോദ്യമാണ് ഉയർത്തുന്നത് . 

അതൊരുപക്ഷേ എന്റേതായ കാഴ്ചപ്പാടിലൂടെ ഞാനതിനെ വിശകലനം ചെയ്യുന്നത് കൊണ്ടായിരിക്കാം എനിക്കങ്ങനെ തോന്നുന്നത് .

അവർ വച്ചുപുലർത്തുന്ന വ്യത്യസ്തങ്ങളായ  ആശയ സംഹിതകളും വീക്ഷണങ്ങളും  കൊണ്ട്  കൂടി തന്നെയാണ് അവർ വ്യത്യസ്തരാകുന്നതും.    എന്നാൽ മറ്റൊരു  തലത്തിൽക്കൂടിയതിനെ  നോക്കിക്കാണുമ്പോൾ അതിന്റെ അർത്ഥശൂന്യതയാണ്  നേട്ടങ്ങളെക്കാൾ ഉപരിയായി എന്നിൽ ഉയർന്നു വരുന്നുവെന്നുള്ളത്  വെളിവാക്കുന്നത് , ഒരു പക്ഷേ എന്റെ ഇടുങ്ങിയ ചിന്തയുടെ  താഴ്ന്ന നിലവാരത്തെ  ആയിരിക്കും.

അങ്ങിനെയാണെങ്കിൽ  കൂടി എനിക്കതിൽ നിന്നും മാറാനാകില്ല എന്നുള്ളതാണ് സത്യം കാരണം അതാണെന്റെ ശൈലി , അതിനോട് ചേർന്നുനിന്നുകൊണ്ട്  മാത്രമേ എന്റെ ചിന്തകളും  , കാഴ്ചപ്പാടുകളും രൂപപ്പെടുകയുള്ളൂ .   ആ ശൈലിയിൽ നിന്നുകൊണ്ട് കൂടിയാണ് രണ്ടാമതൊരാളായി എന്റെ വീക്ഷണത്തിൽ കൂടി ഞാനിതെല്ലാം  നോക്കിക്കാണുന്നത് .  അതങ്ങനെത്തന്നെയാണ്  കാരണം എന്റെ ഡി എൻ എ അതാണ് അതിലും നിന്നും വ്യതിചലിച്ചുകൊണ്ടുള്ളൊരു  ശൈലി  എനിക്ക് സാദ്ധ്യമല്ല  അതെന്റെ കുറ്റമല്ല എന്റെ പൂർവ്വീകരിൽ നിന്നും എനിക്ക് കൈമാറപ്പെട്ട മുദ്രയാണത്,  എന്റെ പാരമ്പര്യത്തിന്റെ തെളിവായ കൈയ്യൊപ്പ്.  

സ്വജീവൻ ബലികൊടുത്തും ,  കടുത്ത യാഥാസ്ഥിതികത്വങ്ങളെ അവഗണിച്ചുകൊണ്ടും, അഗ്നിയിൽ ഹോമിച്ചും സ്വന്തം ചിന്തകളെ സ്ഫുടം ചെയ്തെടുത്തും  അവർ പടുത്തുയർത്തിയ മൂല്യങ്ങളെ...,   അവർ ഉയർത്തിക്കൊണ്ടു വന്ന ആശയങ്ങളെ ആരാണ് പിന്തുടരുന്നത്  ?,

ഇവിടെയാണ് ആ ഒരു ശതമാനത്തിന്റെ പ്രസക്തിയെന്നുള്ളത്  എന്നാൽ ബാഹുല്യമുള്ള ബാക്കി  തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിൽ നിന്നുകൊണ്ട് ആ ഒരു ശതമാനത്തിന്റെ  സാക്രിഫൈസ് എന്തെന്ന്  വിലയിരുത്തുന്നതാണ് എന്റെ തെറ്റെന്നും ഞാൻ തിരിച്ചറിയുന്നു .

ഇവിടെ ഞാനടക്കം മനസ്സിലാക്കേണ്ടത്  ... എന്തെന്നാൽ,  

ചില  ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടും  ചില മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും അവരെല്ലാം  ജീവത്യാഗം  ചെയ്തിരിക്കുന്നത്  അവർക്കു വേണ്ടിയല്ല മറിച്ച് ഈ ലോകത്തിനു വേണ്ടിയാണ് എന്നുള്ള സത്യത്തെയാണ്  .

എന്നാൽ  ഞാനതില്ലാം  നോക്കിക്കാണുന്നത് എന്റെതായ  വീക്ഷണത്തിലൂടെ  മാത്രവും അങ്ങിനെവരുമ്പോൾ കൃത്യമായൊരു  ഉത്തരത്തെ നേടാൻ എനിക്ക് കഴിയുന്നില്ല .  ഇവിടെ,  എന്റെ കാഴ്ചപ്പാടുകളെയാണ് ഞാൻ  മാറ്റിയെടുക്കേണ്ടത് . എന്റേതു മാത്രമായൊരു  ചിന്താധരണിയിൽ കൂടിയല്ലാതെ രണ്ടാമതൊരു വ്യക്തിയുടെ കാഴ്ചപ്പാടിൽ കൂടിയും ഈ  ആശയങ്ങളെ നോക്കിക്കാണുമ്പോൾ അതിൽ മാറ്റങ്ങൾ ഉണ്ടാകാം. 

വ്യത്യസ്ത വീക്ഷണങ്ങൾ തമ്മിലുള്ള കംപാരിസേഷനിലൂടെയാണ്  ആ വ്യത്യാസത്തെ തിരിച്ചറിയുന്നത് .

എന്നിരുന്നാലും..,   ഈ  വർത്തമാന കാലത്തിൽ നിന്നുകൊണ്ട് എന്റെ  കാഴ്ചപ്പാടുകളിലൂടെ  ഞാൻ  വിശകലനം ചെയ്‌തെടുക്കുന്ന  പല ഘടകങ്ങളും ആ ത്യാഗികളുടെ ദീർഘവീക്ഷണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് 

ഇത് രണ്ടു കാഴ്ചപ്പാടുകളുടെ വൈരുദ്ധ്യമായി കണക്കാക്കിയാൽ മതി 

എന്റേതായ  വീക്ഷണങ്ങളിലൂടെ മാത്രമാണ് ഞാനവരുടെ കാഴ്ചപ്പാടുകളുമായി സംവദിക്കുന്നതും രണ്ടു വ്യത്യസ്ഥ ധ്രുവങ്ങളായി പരിണമിക്കുന്നതും 

ആ തലത്തിലൂടെ കടന്നുപോകുമ്പോൾ അവരുടെ ആത്മത്യാഗത്തിനെന്തു   പ്രസക്തി ? അവരുടെ കഷ്ടപ്പാടുകൾക്കെന്തു  പ്രതിഫലം , സത്യത്തിൽ ആ ത്യാഗികളുടെ മനോമുകുരത്തിൽ ഇത്തരത്തിലുള്ള സങ്കുചിത മനോഭാവങ്ങൾക്ക് സ്ഥാനമില്ലെങ്കിൽ കൂടി എന്റെ ചിന്താധാരകളിലൂടെ  സഞ്ചരിക്കുമ്പോൾ  ഞാൻ മനസ്സിലാക്കിയെടുത്ത സത്യത്തിന്റെ വിചിത്രങ്ങളായ  മുഖങ്ങളാണത്    .

അതിന്റെ എത്രയോ ഉദാഹരണങ്ങൾ ഈ  ചരിത്രത്താളുകളിൽ തന്നെ  നമുക്ക് കാണുവാൻ കഴിയുന്നു. ജീസസ് ഉയർത്തിക്കൊണ്ട് വന്ന ആശയങ്ങൾ ഏത്രയോ വലുതാണ്?  പക്ഷേ ആരാണ് ആ ആശയങ്ങളിലൂടെ ചരിക്കുന്നത് ? അദ്ദേഹം രൂപം കൊടുത്ത മത വിഭാഗങ്ങൾക്കോ  അല്ലെങ്കിൽ അദ്ദേഹത്തെ അനുഗമിക്കുന്ന വിഭാഗങ്ങൾ രൂപം കൊടുത്ത മതങ്ങൾക്കോ തന്നെ ആ ആശയങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളൂവാൻ  കഴിഞ്ഞിട്ടുണ്ടോ ? ഉണ്ടെങ്കിൽ   തന്നെ അതൊരു ചെറിയൊരു ശതമാനം മാത്രം  കടലിൽ നിന്ന് ജലത്തെ കൈക്കുമ്പിളിൽ കോരിയെടുക്കുന്നതിനു സമമാണതെന്നുള്ളത്  ദുഃഖകരമായ സത്യത്തെയാണ് വെളിവാക്കുന്നത്  ഒരാളും അതിന്റെ അന്തസത്ത ഉൾക്കാമ്പോട് കൂടി അനുവർത്തിക്കുന്നില്ല എന്നുള്ളത് ആത്മത്യാഗം ചെയ്ത ആ മഹാത്മാക്കളെയും അവരുടെ ഉദാത്തമായ ആദർശങ്ങളെയും അവരുടെ മൂല്യവർദ്ധിതങ്ങളായ ഉൾക്കാമ്പുകളേയും തീർത്തും അവഹേളിക്കുന്നതിനു തുല്യമാണ് .

പുറം പൂച്ചുകളായ വാക്കുകളിൽ  കൂടിയും, എഴുത്തുകളിൽ കൂടിയും നൈമിഷികമായി അവരെ സ്മരിക്കുന്നതല്ലാതെ  ആരാണ് ആ മഹത്തായ മൂല്യങ്ങളെ  അതേ  മഹത്വത്തോട്  കൂടി  സ്വജീവിതത്തിന്റെ ഭാഗമാക്കി പിന്തുടരുന്നത്?

ശ്രീ ബുദ്ധൻ , ശ്രീ നാരായണ ഗുരു, സ്വാമി വിവേകാനന്ദൻ  അങ്ങനെ ഒത്തിരിയൊത്തിരി പേർ    ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയാണോ ഇന്നുള്ളത് ? നെൽസൺ മണ്ടേല , ഭഗത് സിങ് , സുബാഷ് ചന്ദ്ര ബോസ് , ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും പലപ്പോഴായി ഉയർന്നു വന്നിരിക്കുന്ന  താരകങ്ങൾ ഏവരുടെയും  വഴികൾ   വ്യത്യസ്തങ്ങൾ ആയിരുന്നുവെങ്കിലും  ലക്‌ഷ്യം ഒന്നിലേക്ക് തന്നെയായിരുന്നുവെന്നുള്ളതാണ് തിരിച്ചറിയേണ്ടത്  അത് ഓരോരുത്തരുടെയും ശൈലീ വ്യത്യാസങ്ങൾ മാത്രമായി കണക്കാക്കിയാൽ മതി  

ലോകത്തിനു മുഴുവൻ പ്രകാശം പരത്തുന്ന അപൂർവ്വ താരകങ്ങളായി അവരെയെല്ലാം കണക്കാക്കാം 

അതു തന്നെയാണ്  ജീവിതത്തിലൂടെ അവർ ലോകത്തിനു കാണിച്ചുകൊടുത്ത മാത്രകയും 

അതതു കാലഘട്ടങ്ങളിൽ ഇത്തരം മഹദ് വ്യക്തികൾ  ഉയർത്തിപ്പിടിച്ച ആശയങ്ങളിലൂടെയും ,വിപ്ലവങ്ങളിലൂടെയും വിജയങ്ങൾ കൈവന്നുവെങ്കിലും അല്ലെങ്കിൽ അതിലൂടെ പല  പരിവർത്തനങ്ങളും നടക്കപ്പെട്ടുവെങ്കിലും അതിനു ശേഷം  ആ വ്യക്തികൾക്കും  അവർ ഉയർത്തിക്കൊണ്ടുവന്ന മൂല്യങ്ങൾക്കും , ആശയങ്ങൾക്കും എന്ത് സംഭവിച്ചുവെന്നുള്ളത്   ചിന്തിക്കപ്പെടേണ്ടതു തന്നെയാണ് .  അവരുടെ  കാലശേഷം ആ ആശയങ്ങളും  കാലഹരണപെട്ടുപോകുന്നു എന്നുള്ളതെല്ലേ സത്യം ?  . ഇതാണോ  കാലം അവർക്കായി കാത്തുവെക്കേണ്ടത് ? ഇങ്ങനെയാണോ കാലത്തിനു മീതെ സഞ്ചരിച്ച അല്ലെങ്കിൽ ദീർഘവീക്ഷണം കൊണ്ട് ഭാവിയെ  വർത്തമാനകാലത്തിലേക്ക് ആവാഹിച്ചെടുത്ത ആ വ്യക്തത്വങ്ങളെ ആദരിക്കേണ്ടത് ? സമൂഹത്തിന്റെ ജീർണ്ണതയെയാണ് അത് വെളിവാക്കുന്നത്.  വെറുതേ  അവരുടെ പ്രതിമകളിൽ മാലകൾ ചാർത്തുന്നതിലൂടെയോ ?  ഓർമ്മദിനം കൊണ്ടാടുന്നതിലൂടയോ മാത്രമായി അതു  ചുരുങ്ങുന്നു . അവർ ഉയർത്തിക്കൊണ്ടുവന്ന  ബ്രഹത്തായ ആശയങ്ങളുടെ അന്തസത്തക്ക് അർഹതപ്പെട്ട പ്രസക്തി ഒരിക്കലും  ലഭിക്കപ്പെടാതെ അത് വെറും വാക്കുകളിലോ , വാചകങ്ങളിലോ  മാത്രമുള്ള  പ്രഹസനങ്ങളായി ഒതുങ്ങുന്നു .

ഇതൊന്നുമല്ല ആ മഹത്‌വ്യക്തികൾ  ഒരു ജന്മം മുഴുവൻ അനുഭവിച്ച  കഷ്ടപ്പാടുകളിലൂടേയും,  ജീവത്യാഗത്തിലൂടേയും ഒരു  സമൂഹത്തിന് നേടിക്കൊടുത്തിരിക്കുന്നത് എന്നാൽ ആ കാലഘട്ടം അവസാനിക്കുന്നതോടെ അതിന്റെ അന്തഃസത്ത ഭൂരിഭാഗത്തിന്റേയും മനസ്സിൽ നിന്നും വിസ്‌മൃതിയിലേക്ക് മറയുന്നുവെന്നുള്ളത് ദുഃഖകരമായ ഒരു സത്യമായി മുന്നിൽ നിൽക്കുന്നു 

ഇവിടെ ചിന്തിക്കേണ്ടത് , അവർ ഉയർത്തിക്കൊണ്ടു വന്ന ആശയങ്ങളുടെ അന്തഃസത്ത  കാലങ്ങളെ അതിജീവിക്കുന്നതാണെങ്കിലും  പിന്നെ എന്തുകൊണ്ട് അതിന് പ്രസക്തി നഷ്ടപ്പെടുന്നുവെന്നുള്ളതാണ്  ? 

ആ ചിന്താധാരയുടെ  ആഴങ്ങളിലേക്ക് എത്തിനോക്കുമ്പോൾ കാണാനാകുന്ന വലിയൊരു വിരോധാഭാസം എന്തെന്നുള്ളത് .., എന്തെന്നാൽ  അതതു  കാലഘട്ടങ്ങളിൽ  മാത്രമേ അവ  പ്രസക്തിപരമാകുന്നുള്ളൂ  എന്നുള്ള വിചിത്രമായൊരു  മനോഭാവമാണ് ഭൂരിഭാഗം സമൂഹവും വച്ചുപുലർത്തുന്നുവെന്നുള്ളതാണ്  

ഇത്  വെളിവാക്കിത്തരുന്നത് സമൂഹത്തെ കാർന്നു തിന്നുന്ന മൂല്യശോഷണത്തെയാണ്.

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്നുള്ളതിൽ  ഒരു പാടു ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു അവയെ ഒന്നൊന്നായി വിശദീകരിച്ചെടുക്കുമ്പോൾ പോലും പൂർണ്ണമായും അതിന്റെ ആഴങ്ങളിലേക്ക്  ഇറങ്ങിച്ചെല്ലുവാൻ കഴിയില്ലെന്നുള്ളത് വലിയൊരു വിരോധാഭാസമായി തന്നെ തോന്നാം  എന്നിരുന്നാൽ കൂടി   വർത്തമാന കാല സമൂഹം അനുഷ്ഠിക്കുന്ന ഉൾക്കാമ്പില്ലാത്ത ജീവിത വീക്ഷണങ്ങളുടെ ആകെത്തുകയുടെ ബാക്കി പത്രമാണിതെന്നുള്ള വിലയിരുത്തലിൽ അതെത്തിച്ചേർക്കുന്നു   

ഇവിടെ ചോദ്യങ്ങൾ സ്വയം ചോദിക്കുക എന്നുളളതിനേക്കാൾ  ഉപരി ചില അടിസ്ഥാന പ്രമാണങ്ങളിലേക്ക് അതിന്റെ ചുവടു പിടിച്ചുകൊണ്ട് 
എത്തിച്ചേരുകയാണ്  അത് മുഖ്യമായും  മനുഷ്യസമൂഹം അനുവർത്തിക്കുന്ന എത്തിക്സിന്റെ ശോചനീയാവസ്ഥയിലേക്കു തന്നെയാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല  . 

മനുഷ്യർ  അവസരവാദികൾ ആണെന്നുള്ളത്  ഇത്തരത്തിലുള്ള പ്രിക്രിയകൾ കൊണ്ട്   ഉയർന്നു വന്നതാകാം   അതോ മാനുഷീകമായ  ബലഹീനതയെന്നുള്ള വിശേഷണമാണോ ഇതിനെല്ലാം  ചാർത്തിക്കൊടുക്കേണ്ടത്  ?

തന്റെ കർമ്മ മണ്ഡലത്തെക്കുറിച്ച് ഉൾക്കാമ്പില്ലാത്തവരുടേയും  ജീവിത ലക്ഷ്യമില്ലാത്തരുടേയും, സാമൂഹിക വീക്ഷണമില്ലാത്തവരുടേയും അലസരുടെയും..,  നിഘണ്ടുവിൽ എപ്പോഴും ഉയർന്നു നിൽക്കുന്ന   വാക്കുകളാണ്  ബലഹീനതയും ,അറിവില്ലായ്മയുമെന്നുള്ളത് .

അവയുടെ മേൽ  പഴി ചാരി തങ്ങളുടെ കർമ്മപഥങ്ങളിൽ നിന്നും, ഉത്തരവാദിത്വങ്ങളിൽ നിന്നും ഒരു ജനത  വ്യതി ചലിക്കുന്നുവെന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്  അതിനുവേണ്ടിയാണ് ഈ വാക്കുകളെ ഇക്കൂട്ടർ നിർഗ്ഗളം   ഉപയോഗപ്പെടുത്തുന്നതും  

അലസനും വിഡ്ഢിയും അവരുടെ ജീവിത കാലയളവുകളിൽ ഏറ്റവും കൂടുതൽ  ഉപയോഗിക്കുന്ന വാക്കുകൾ കൂടിയാണിവ . 

കർമ്മം ചെയ്യുന്നവനു മാത്രമേ  കർമ്മഫലത്തിനും അർഹതയുള്ളൂ .

കാലം  മുന്നോട്ടോടുമ്പോൾ പഴയ ആശയങ്ങൾക്ക് പ്രസക്തി നഷ്ട്ടപ്പെടുന്നു  എന്നുള്ള ഭാഷ്യം മുന്നോട്ട് വെക്കാമെങ്കിലും ആ ത്യാഗികൾ   ഉയർത്തിക്കൊണ്ടുവന്ന  ആശയസംഹിതകളെ  കാലത്തിനു മീതെ ഉയർത്തപ്പെടുത്തുമ്പോഴേ  അവയുടെ  പ്രസക്തി നഷ്ടപ്പെടാതിരിക്കുന്നുള്ളു  അത് ഭാവി തലമുറയുടെ ഉത്തരവാദിത്വമാണ് .കാരണം  ആ മഹദ് വ്യക്തികൾ  രാജ്യത്തിനു വേണ്ടിയും   ജനങ്ങൾക്ക് വേണ്ടിയും  നഷ്ടപ്പെടുത്തിയത് അവരുടെ മോഹങ്ങളും , സ്വപ്നങ്ങളും, അതിലുപരി  ജീവിതവുമാണ് .   ഒരു ജീവൻ ബലിയർപ്പിക്കുന്നതിലൂടെ ആയിരം ജീവനുകൾക്ക് പുതു വസന്തം നൽകുന്ന മഹാത്യാഗമാണ് അതിലൂടെ അവർ വെളിവാക്കിത്തന്നത് 

മറ്റുള്ളവർ അവരുടെ വ്യക്തി താല്പര്യങ്ങൾക്കു വേണ്ടി ജീവിതത്തെ  കൊണ്ടാടുമ്പോൾ ഇവരുടേത്  സമൂഹത്തിനു വേണ്ടിയാകുന്നു എന്നുള്ള വ്യത്യസ്ഥതയാണ് ..,  അവരെ വ്യത്യസ്ഥരാക്കുന്നതും, മഹത്വപൂർണ്ണരാക്കുന്നതും   . 

മറ്റുള്ളവർക്കു വേണ്ടി സ്വജീവിതത്തെ ഉഴിഞ്ഞു  വെച്ചുകൊണ്ട്  പൊതുവായ നന്മ ലക്ഷ്യമിട്ടുകൊണ്ട്   ജീവിക്കുക എന്നുള്ളത്  വലിയൊരു ത്യാഗമാണ് പക്ഷേ...എന്തുകൊണ്ടോ  ആ പ്രാധ്യാന്യം അവർക്കൊരിക്കലും കിട്ടുന്നില്ല എന്നുള്ളതാണ് ഹൃദയഭേദകരം.

ഇവരുടെ  ആത്മത്യാഗം ഇല്ലെങ്കിൽ ലോകത്തിന്റെ അവസ്ഥ ഒരു പക്ഷേ  എന്താകുമായിരിക്കാം  ? 

ഇവരാരും തന്ന ഒരു പ്രശസ്തിക്കു വേണ്ടിയോ അല്ലെങ്കിൽ കാലാകാലങ്ങളോളം തങ്ങളുടെ ആശയങ്ങളെ മറ്റുള്ളവർ പിന്തുടരണമെന്ന്  കരുതിയിട്ടോ അല്ല അവരുടെ ആത്മത്യാഗം എന്നുള്ളതാണ്,  മറിച്ച്  അവർ ജീവിക്കുന്ന കാലഘട്ടത്തിന്റെ ഉന്നതമായ  മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു പ്രധാനം. 

അതു തന്നെയാണ് ഇവിടേയും ., ഞാൻ ഉൾപ്പെടുന്ന ഒരു കൂട്ടം ആളുകൾ ഈ മിഷ്യന്റെ വിജയത്തിനു  വേണ്ടി   ജീവൻ മരണ  പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്  അതിനുവേണ്ടി  ഞങ്ങൾ  പണയം വെക്കുന്നത് ഞങ്ങളുടെ മോഹങ്ങളും , പ്രതീക്ഷകളും അതിലുപരി ജീവനും തന്നെയാണ്.

ഇവിടെ ലോകം മുഴുവനും  അവസാനിക്കാൻ പോകുന്നുവെന്നുള്ള  തിരിച്ചറിവിൽ  മേൽപ്പറഞ്ഞ   വാക്കുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നുണ്ടെങ്കിൽ കൂടി , മുങ്ങിത്താഴുമ്പോഴും കൈയ്യിൽ തടയുന്ന  കച്ചിത്തുരുമ്പിൽ ആശ്രയം കണ്ടെത്തുന്നതിനു തുല്യമാണ്

എങ്ങിനെയെങ്കിലും
 ഈ അപകടം ഒഴിവാകിപ്പോവുകയാണെങ്കിലോയെന്നുള്ള  പ്രതീക്ഷ തന്നെയാണതിനു കാരണം.

എന്നാൽ ഈ മിഷനുമായി  ഇവിടെനിന്നു യാത്രയായാൽ പിന്നെയെന്ത് സംഭവിക്കുമെന്നുള്ളതിന്റെ  ഉത്തരം എനിക്കെന്നല്ല ഒരാൾക്കും പ്രവചിക്കാനാവില്ല .. ഒന്നുകിൽ വിജയിക്കും അല്ലെങ്കിൽ പരാജയപ്പെടും.

വിജയം അല്ലെങ്കിൽ പരാജയം എന്നുള്ളത് ഏവരും ഉറ്റു നോക്കുന്ന ചോദ്യം പക്ഷേ ഈ മിഷനുമായി ശൂന്യാകാശത്തിലേക്ക് പുറപ്പെടുന്ന ഞങ്ങളുടെ ഭാവി?

ഏതായാലും  മുന്നോട്ട് വെച്ച കാൽ ഇനി പുറകോട്ടില്ല സ്വാർത്ഥതയോടെ  ജീവിതത്തെ നോക്കികാണുന്നതിനേക്കാൾ ഉപരി  എന്തെങ്കിലും  നല്ലതിനു വേണ്ടി പ്രവർത്തിക്കുക എന്നുള്ളതാണ്  അത് മറ്റുള്ളവരുടെ ആദരങ്ങൾ  ആഗ്രഹിച്ചോ മോഹിച്ചോ ഒന്നുമല്ല  ഈ ലോകത്തിൽ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും അവന്റെ ചുറ്റുപാടുകളോട് ചില കടമകളുണ്ട്  ചിലരത്  പ്രാവർത്തീകമാക്കുന്നു  മറ്റുചിലർ അതിനു നേരെ കണ്ണടക്കുന്നു

എനിക്കീ ലോകത്തോട് ചെയ്യേണ്ട  ചില ഉത്തരവാദിത്വങ്ങളുണ്ട്  അതെന്റെ വിശ്വാസമാണ് അതിലൂടെ ഞാൻ മുന്നോട്ട് പോകുന്നു 

ഞങ്ങൾ ഏറ്റെടുക്കുന്ന സാഹസീക യാത്ര ഈ തലമുറയുടെ അതിജീവനത്തിനു  വേണ്ടി മാത്രമല്ല മറിച്ച്  മനോഹരമായ ഭൂമിയുടെ നിലനിൽപ്പിനും ഇനി വരാനിരിക്കുന്ന ആയിരമായിരം തലമുറകൾക്കും വേണ്ടിയാണ്   .

ഓരോരുത്തർക്കും ഓരോ നിമിത്തങ്ങളുണ്ട് അത് പൂർത്തീകരിക്കലാണ് ഓരോ ജന്മങ്ങളിലും  അവരുടെ ഉത്തരവാദിത്വം . ആ കർമ്മങ്ങളിൽ നിന്നും ഒളിച്ചോടിക്കൊണ്ട് അപ്പൂപ്പൻ താടി പോലെ ജീവിതത്തെ ലാഘവമാക്കുന്നതിൽ ഒരു അർത്ഥവുമില്ല .., ജീവിതവുമില്ല  

താനീ ലോകത്തിൽ ജീവിച്ചവെന്നുള്ളതിന്റെ  അടയാളമാണത് സ്വന്തം കൈയ്യൊപ്പ്,  അത് ചാർത്താതെ കടന്നുപോകുന്നത്  തന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ അനീതിയുമാണ് .

ഉള്ളിൽ നിഷിപ്തമായിട്ടുള്ള കർമ്മത്തെ പൂർത്തീകരിക്കുക അവിടെ കർമ്മഫലം ലഭിക്കുന്നു . 

ഈ പ്രപഞ്ചത്തിലെ ഓരോ വ്യക്തിയിലും നിക്ഷിപ്‌തമായിട്ടുള്ള   കർമ്മം പൂർത്തീകരിക്കലാണ് അവരുടെ ജീവിത ധർമ്മം  അതിൽ നിന്നും ഒളിച്ചോടി കരിയില കണക്കെ പാറി നടക്കുന്നതൊരു ജീവിതമല്ല 

ജീവനും ഓജസ്സും കഴിവും ബുദ്ധിയുമുള്ളൊരു  വ്യക്ത്തി ഇത്തരത്തിലൊരു  കരിയിലയായി അധഃപതിക്കുന്നത്  ഉത്തരവാദിത്വങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ് . 

മഹത്തായ  ജന്മത്തെ വെറുതെ ജീവിച്ചു പാഴാക്കുന്നവർ മനുഷ്യ ജന്മത്തിന് അർഹരല്ല എന്നുള്ളതാണ് സത്യം അങ്ങനെയുള്ളവരുടെ മുഖത്തു നോക്കിയാണ് പറയേണ്ടത് .... .

വെഷകൻസാസ്..... 

( ഈ വാക്കു വലിയൊരു അപരിചിതത്വം ഉളവാക്കുന്നുവല്ലേ..? തീർച്ചയായും.., എന്നാൽ വരും അദ്ധ്യായങ്ങളിൽ നിങ്ങൾക്കതിനുള്ള ഉത്തരം ലഭ്യമാകുക തന്നെ ചെയ്യും )

ഇവിടെ അധൈര്യം മനസ്സിനെ മഥിക്കുന്നുണ്ടെങ്കിലും എനിക്കതിനെ മറികടന്നേ തീരൂ   അധൈര്യം കൊണ്ട്  കാര്യമില്ല ധീരനായേ തീരൂ  ധീരമായ ചിന്തകളെ ഉറച്ച വിശ്വാസത്തേ തരുകയുള്ളു.  വിശ്വാസം എന്നുള്ളത് വർത്തമാനകാലത്തിൽ നിന്നുകൊണ്ട്  ഭാവിയിലേക്കുള്ളൊരു  ഉറപ്പാണ് ,    അതിനു വേണ്ടത് കറകളഞ്ഞ  ധൈര്യമാണ്.

ചിലരത്  ജന്മനാ നേടുന്നു,  ജീനുകളുടെ സവിശേഷത  മറ്റു ചിലരത്  സ്വയം  ആർജ്ജിക്കുന്നു  പ്രതികൂല സാഹചര്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു കിട്ടുന്നത്

 എന്തായാലും നേടുകയെന്നുള്ളതാണ്  വലിയ കാര്യം.

ധൈര്യത്തേപ്പോലെ തന്നെ തന്ത്രജ്ഞതയും ഈ മിഷനിൽ പ്രാധ്യാന്യം അർഹിക്കുന്നു  ഒറ്റയാൾ പട്ടാളം കണക്കെ ധൈര്യത്തെ മാത്രം കൂട്ടുപിടിച്ചു കൊണ്ട്  പൊരുതുന്നതിനേക്കാൾ  നല്ലത്  വിപരീത  അവസരങ്ങളെ അനുകൂലമാക്കി മാറ്റിയെടുത്ത് ഉപയോഗപ്പെടുത്തുന്ന  തന്ത്രജ്ഞതയാണ് അഭികാമ്യം . 

ബുദ്ധിയും ശക്തിയും ഒന്നു ചേരുമ്പോൾ അവിടെ പൂർണ്ണത കൈവരുന്നു.

പൂർണ്ണതയെന്നുള്ളത് ശരിയല്ലെന്നിനിക്ക് തോന്നുന്നു  ആധികാരികമായതെന്നു വേണമെങ്കിലതിനെ തിരുത്താം .

ഈയൊരു  തലത്തിലേക്ക്  ഞാൻ എത്തിച്ചേരുകയാണ് വേണമെങ്കിൽ എനിക്കിതിൽ നിന്നും  ഒഴിവാകാം   ആരുമത്  തടയില്ല  

പക്ഷേ ഇനിക്കിനിയതിനു  കഴിയുകയില്ല  അത് ഞാനൊരു ധീരനായതു കൊണ്ടോ  അല്ലെങ്കിൽ മിസ്റ്റർ പ്രസിഡന്റ് വിശദീകരിച്ചതുപോലെ  ഈ ലോകം നിലനിൽക്കുന്ന കാലത്തോളം ഞാൻ ഓർമ്മിക്കപ്പെടും എന്നുള്ളതുകൊണ്ടോ അല്ല   ഈ ലോകമെന്നെ  ഓർത്താലും ഓർത്തില്ലെങ്കിലും എനിക്കൊന്നുമില്ല  കാരണം ഞാൻ ഇല്ലാതായിക്കഴിഞ്ഞ് എന്നെ ഓർത്തിരിക്കുന്നതു കൊണ്ട് എനിക്കെന്തു ഗുണം ?

ഇതു പോലെ ലോകം ഓർത്തിരിക്കുന്നവരുടെ ബാക്കി പത്രം നമ്മൾ വേണ്ടുവോളം തിരിച്ചറിഞ്ഞിട്ടുള്ളതുമാണ്  മനുഷ്യരുടെ  വികാര പ്രകടനങ്ങളെല്ലാം അതത് അവസരങ്ങളിൽ മാത്രമുള്ളതാണ്  വർത്തമാന കാലത്തിൽ മാത്രമേ അതിനു  പ്രസക്തിയുള്ളൂ  അതിനു ശേഷം  മറവിയുടെ തിരശ്ശീലക്ക്  പിന്നിലേക്ക് കൂടുമാറുന്നു.

പിന്നെയെപ്പോഴെങ്കിലുമുള്ളോരു ചടങ്ങു മാത്രമായതു ചുരുങ്ങുന്നു 

ഇങ്ങനെ ജീവിച്ചിരുന്ന ഒരു വ്യക്തിയെ ഓർമ്മിക്കുന്നുവെന്ന് കാണിക്കുവാൻ മാത്രമുള്ളൊരു പുകമറ അത്രമാത്രം ,  അതിൽ വലിയ അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല  സാധാരണം തന്നെ  

നമ്മൾ ചിലതു ചെയ്തെന്നു കരുതി  ലോകം മുഴുവൻ അതെപ്പോഴും  പാടിക്കൊണ്ട് നടക്കേണ്ട കാര്യമൊന്നുമില്ലല്ലോ   ? 

നിങ്ങൾക്ക് ചെയ്യാൻ  കഴിയുമെങ്കിൽ ചെയ്യുക,   ആരും നിങ്ങളെയതിനു  നിർബന്ധിക്കുന്നില്ല എന്നിരുന്നാലും  ഇതു ചെയ്യുവാൻ മറ്റാരേക്കാളും യോഗ്യത നിങ്ങൾക്കു തന്നെയാണ് കാരണം ആധികാരികമായി ഇതേക്കുറിച്ച്  അറിവുള്ളവർ നിങ്ങൾ തന്നെയാണ് .

ഈ ചിലവ് അമേരിക്കക്ക് താങ്ങാനാകുമോ  ? ബില്യണുകളുടെ സാമ്പത്തീക ബാധ്യതയായിരിക്കും ഇതിലൂടെ  വരുത്തിവെക്കപ്പെടുന്നത്?

പ്രധിരോധ സെക്രട്ടറി ചാൾസ് പവ്വലിന്റെതായിരുന്നു  ആ  അഭിപ്രായം  .

പ്രൊഫ്‌ഫസ്സറുടെ  ജനുസ്സിൽ പ്പെട്ട മറ്റൊരു അവതാരം  അതാണ് ആ ചോദ്യം കേട്ടപ്പോൾ എനിക്ക് തോന്നിയത് .

ലോകം  തന്നെ ഇല്ലാതാകുവാൻ  പോകുന്ന സമയത്ത് സമ്പദ് വ്യവസ്ഥയുടെ കാര്യമോർത്ത് ചിലർ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്  .? ഇത്രയും ബുദ്ധിശൂന്യരായ ആളുകളാണോ  ഉന്നത സ്ഥാനങ്ങളിലിരുന്നുകൊണ്ട്  ഒരു രാജ്യത്തെ നയിക്കുന്നത് .? ജനങ്ങളെ ബോധവൽക്കരിക്കുന്നത് ?

കഷ്ടം ... വേറെയെന്താണൊരു നിർവ്വചനമതിനു നല്കുവാനാവുക  

ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്താണ് അർത്ഥമാക്കുന്നത് ? സാംസ്കാരികമായും  സാമൂഹികമായും .. ജീവിത ശൈലീപരമായും ഉള്ള ഒരു ജനത്തിന്റെ ഉന്നമനത്തിന്റ തോത്,  അല്ലെങ്കിൽ ജീവിത നിലവാരത്തിന്റെ  സ്കൈൽ.   

എന്നാലിവിടെ  ലോകം മുഴുവൻ  നാമാവിശേഷമാകുവാൻ പോകുന്ന വലിയൊരു ആപത്ത് മുന്നിൽ വന്ന്  നിൽക്കുമ്പോൾ അതിനെ നിർമ്മാർജ്ജനം ചെയ്യാനുളള വഴി  തേടാതെ , അല്ലെങ്കിൽ അതിനുള്ള മാർഗ്ഗം പ്രാവർത്തീകമാക്കാതെ  സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആകുലപ്പെടുന്നതിന്റെ മാനസീകമായ  അന്തർധാരയെന്താണ്  ?  .

തലക്കകത്ത് ചെറിയൊരു വെളിച്ചമുള്ള  ഏതൊരുവനും  ഇങ്ങനെ ചിന്തിക്കാൻ കഴിയുമോ ? അതോ പണമാണോ എല്ലാം എന്നാണിവർ ധരിച്ചു വെച്ചിരിക്കുന്നത് ?,  കാൽക്കീഴിൽ ഒന്നുമില്ലാതെ അഗാധതയിലേക്ക് താഴ്ന്നു പോകുമ്പോൾ  അവിടെ ഡോളറുകളെ കുറിച്ചാണോ ചിന്തിക്കുന്നത് ?

തീ പിടിച്ച വസ്ത്രത്തെ ഊരിക്കളഞ്ഞ് ജീവൻ രക്ഷിക്കാതെ അതിന്റെ  വിലയെകുറിച്ച്  ആലോചിച്ചാണോ തല പുണ്ണാക്കേണ്ടത് ? 

എന്താണിങ്ങനെ ?

വസ്തുതകളെ ഉൾക്കൊള്ളാനാകാതെ ഇടുങ്ങിയ മാനസീക വീക്ഷണത്തിലൂടെ  ചിലർ ബുദ്ധിയുടെ മേലാപ്പെടുത്തണിയുവാൻ  ശ്രമിക്കും  പക്ഷേയത് അനവസരത്തിലാകുമെന്നു മാത്രം അതു  തന്നെയാണവരുടെ  അല്പബുദ്ധിയെ  വെളിവാക്കുന്നതും.

ഞാനിതിനെക്കുറിച്ചെല്ലാം വളരെ ബോധവാനാണെന്ന്  മറ്റുള്ളവരെ കാണിക്കുവാൻ  വേണ്ടി കൂടിയാണ് ഇവർ ഇത്തരത്തിലുള്ള വിടുവായത്തം വിളമ്പുന്നതെങ്കിലും  എന്ത് കൊണ്ട്  സന്ദർഭം മനസ്സിലാക്കുന്നില്ലയെന്നുള്ളതാണ് ആശ്ചര്യകരമായ വസ്തുത, ഇത്തരം പ്രവർത്തികളെ  അതുകൊണ്ടുകൂടിയാണ്  വിഡ്ഢികൾ  ബുദ്ധിയുടെ ആവരണം എടുത്തണിയുമ്പോൾ സംഭവിക്കുന്നതെന്ന് അടിവരയിടുന്നത് .

എന്തെങ്കിലും ആയിക്കൊള്ളട്ടെ , പക്ഷേ ഇങ്ങനെയുള്ളവരുടെ കീഴിൽ ഒരു ജനത നയിക്കപ്പെടുമ്പോൾ ?എനിക്ക്  ചിരി വരുന്നു അതുപോലെ തന്നെ വിമ്മിഷ്ടവും എങ്ങിനെയാണ് ഇത്തരത്തിലുള്ളവർ നേതൃ സ്ഥാനങ്ങളിൽ എത്തിപ്പെടുന്നത്  ?

തിരഞ്ഞെടുപ്പ് പ്രിക്രിയകളുടെ വലിയ പോരായ്മകളാണോ ഇതിലൂടെ വെളിവാക്കപ്പെടുന്നത്  ? അതോ ഇവരെ തിരഞ്ഞെടുക്കുന്നവരാണോ വലിയ വിഡ്ഢികൾ ?

നന്നായി സംസാരിക്കുന്നവരല്ല  നേതൃസ്ഥാനങ്ങളിൽ എത്തിപ്പെടേണ്ടത്  സന്ദർഭങ്ങളെ ശരിയായ രീതിയിൽ വിശകലനം ചെയ്യാൻ കഴിവുള്ളവരും  യുക്തി പൂർവ്വം തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുന്നവരും ദീർഘവീക്ഷണമുള്ളവരുമായിരിക്കണം  ഉത്തരവാദിത്വപ്പെട്ട
സ്ഥാനമാനങ്ങളെ അലങ്കരിക്കേണ്ടത് . 

വർത്തമാനകാലത്തിലിരുന്നുകൊണ്ട്  ഭാവിയിലെ മാറ്റങ്ങളെ കാണാൻ കഴിയുന്നവരാണ് ഇവിടെ വരേണ്ടത്    അപ്പോൾ മാത്രമേ ലോകം ശരിയായ ദിശയിലാവുകയുള്ളൂ .

നേതൃസ്ഥാനങ്ങളിലിരിക്കുന്നവർ  സ്വയം പ്രകാശിതരാകണം,  അതിലുപരി അത് മറ്റുള്ളവരിലേക്കും പകർത്താൻ കഴിയുന്ന വ്യക്തി പ്രഭാവവും, ഊർജ്ജസ് സ്രോതസ്സും അവരിലുണ്ടാകണം.

സ്വന്തം പ്രസൻസിനെ അദ്രശ്യമായും നിലനിറുത്തുവാൻ കഴിയുന്നവരാകണമവർ  

അവരാണ് യഥാർത്ഥ ലീഡേഴ്‌സ്  

എന്നാലത് എളുപ്പമല്ല  കാരണം  ആരും അങ്ങനെ  ജനിക്കുന്നില്ല  ആ രീതിയിലേക്ക് സ്വയം മോൾഡ് ചെയ്തെടുക്കുകയാണ്  അതികഠിനമായ ഒരു തപസ്യയാണത് അതിലൂടെമാത്രമേ ആ ഫോർമേഷൻ സാധ്യമാവുകയുള്ളു.

പക്ഷേ നിർഭാഗ്യവശാൽ .., അങ്ങനെയുള്ളവർ വളരെ ചുരുക്കം  അപ്പോളവിടെ  അർഹതയില്ലാത്തവരുടെ  കീഴിൽ ഒരു ജനത ഭരിക്കപ്പെടുന്ന വിരോധാഭാസം ഉയിരെടുക്കുന്നു  അത് സാമൂഹികമായും സാംസ്കാരികമായും ഉയർന്നു നിൽക്കുന്ന ഒരു രാജ്യത്തെയും അതിലെ ജനങ്ങളെയും പുറകോട്ട് വലിക്കുന്നു.

ഇങ്ങനെയുള്ളവരെക്കുറിച്ച്  ചിന്തിച്ച്  തല പുകക്കാതെ ആ എനർജി  മറ്റു പല കാര്യങ്ങൾക്കായി  വിനിയോഗിക്കുന്നതാണ് ഉചിതം  ചിലരുടെ ബുദ്ധി  വൈകല്യങ്ങൾ അങ്ങിനെയാണ്  അതിനനുസരിച്ചു മാത്രമേ അവർക്കു പ്രവർത്തിക്കുവാനാകൂ  മറ്റൊരാൾക്ക്  അതിലൊന്നും ചെയ്യുവാനില്ല . 

ഇനിയിപ്പോൾ  ചാൾസെന്ന് പേരുള്ള  എല്ലാവരും ഇത്തരത്തിലാണോ  ചിന്തിക്കുക ?

എന്നെ കുഴക്കിയൊരു ചോദ്യമായിരുന്നൂവത് 

ചാൾസ് ഡിക്കെൻസ് .., ചാൾസ് ഡാർവിൻ  ..,  മഹാരഥൻമാർ ചരിത്രത്തിൽ ഒരുപാടുണ്ട് അപ്പോൾ ചാൾസ് എന്ന പേരിന്റെ കുഴപ്പമല്ല മറിച്ച് വ്യക്‌തികളുടെ കുഴപ്പമാണ് .

അതിന്റെ ഉത്തരം ചികയേണ്ട കാര്യമില്ല  കാരണം ചിലത് ഉത്തരങ്ങൾ അർഹിക്കാത്തതാണ് .
     
മിസ്റ്റർ ചാൾസ് ലോകം തന്നെ ഉണ്ടെങ്കിലല്ലേ ബില്ല്യണുകൾ കൊണ്ട് ഉപകാരമുള്ളൂ

 പ്രസിഡണ്ടിന്റെ ആ ഹാസ്യാത്മക മറുപടിയിൽ എല്ലാം തന്നെ അടങ്ങിയിരുന്നു

 അദ്ദേഹം തുടർന്നു .

ഇത് അമേരിക്കയുടെ മാത്രം വിപത്തല്ല  ഈ ഭൂലോകത്തിന്റെതുകൂടിയാണ്  ഓരോ ജീവജാലങ്ങളുടേയും നിലനിൽപ്പിന്റെതു കൂടിയാണ് ആ ഗൗരവ്വവം അതിന്റെ എല്ലാ അർത്ഥത്തിലും  ഉൾക്കൊണ്ട്കൊണ്ട്  എല്ലാ  രാഷ്ട്രത്തലവൻമാരുടേയും അടിയന്തര യോഗം വിളിച്ചു ചേർത്ത്   ഗുരുതരമായ ഈ സ്ഥിതി വിശേഷത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. 

വന്നുകൊണ്ടിരിക്കുന്ന ഈ വിപത്തിനെകുറിച്ച് അവർ ജനങ്ങളെ ബോധവൽക്കരിക്കട്ടെ  

ജനങ്ങളിൽ നിന്നും ഇതെല്ലാം  ഒളിച്ചു വെച്ചിട്ടെന്തു കാര്യം ? ഇന്നല്ലെങ്കിൽ നാളെ ലോകം അത്  തിരിച്ചറിയുക തന്നെ ചെയ്യും .
       
ഇവിടെ ഈ മിഷനു വേണ്ടിവരുന്ന ചിലവിന്റെ ബാഹുല്യമല്ല  മുഖ്യം സമ്പദ് വ്യസ്ഥയെക്കുറിച്ച് ഉള്ള ആകുലതകളും വേണ്ട  എങ്ങിനെയെങ്കിലും ഈ വിപത്തിൽ നിന്നും ഭൂമിയെ രക്ഷിച്ചെടുക്കുക എന്നുള്ളതിനാണ്  പ്രാധാന്യം  ഡോളറുകൾ നമ്മുടെ കമ്മട്ടങ്ങളിൽ ഇനിയും അച്ചടിക്കാവുന്നതേയുള്ളൂ  ഇപ്പോളതിന്റെ  മൂല്യം വെറും കടലാസ്സുകൾ മാത്രം  ഈ ഭൂമിയും  മനുഷ്യരുമില്ലെങ്കിൽ  പിന്നെയിതുകൊണ്ടെല്ലാം എന്തു  പ്രയോജനം ?

ഈ മിഷന്റെ മേൽനോട്ടം പൂർണ്ണമായും മിസ്റ്റർ ജോണിനു തന്നെയായിരിക്കും എന്തു ചെയ്യാനും പ്രാവർത്തീകമാക്കുവാനുമുള്ള  അധികാരവും  സ്വാതന്ത്ര്യവും ജോണിനുണ്ട്
 
മിസ്റ്റർ ജോണ്‍  ഈ ലോകത്തിന്റെ രക്ഷകനായി  ഞങ്ങൾ താങ്കളെ കാണുന്നു .

എന്തൊരു വലിയ ഭാരിച്ച ഉത്തരവാദിത്വമാണ് അദ്ദേഹം എന്റെ ചുമലിലേക്ക് വെച്ച് തന്നത് ..?വലിയൊരു മിഷൻ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങിനെയാണ് എക്സിക്യൂട്ട് ചെയ്തെടുക്കുക.?, ഒരുപാടൊരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്  പക്ഷേ, എല്ലാം പഴുതടച്ച് ചെയ്തു തീർക്കാനുള്ള സമയമൊട്ടുമില്ല താനും .

ഇനി പുറകിലോട്ടൊരു  കാൽവെപ്പില്ല,  ബ്രഹത്തായ ഒരു യാത്രക്കു വേണ്ട തയ്യാറെടുപ്പുകൾക്കായി ഒരുങ്ങാം 
   
ലോകത്തിന്റെ മുഴുവൻ പ്രതീക്ഷകളും  ആശ്രയവും  എന്നിലേക്കു മാത്രം ഒതുങ്ങുന്നതായി ഞാനറിയുന്നു  അത് തരുന്ന  ഭാരം വളരെ വലുതാണ്‌
ആഗാധമായ സമുദ്രത്തിനുള്ളിൽ നഷ്ട്ടപ്പെട്ടു പോയ മുത്ത്  തേടുന്നതിനു തുല്യം . 

എവിടെ  തുടങ്ങണം  എങ്ങിനെ തുടങ്ങണം ? എന്നുള്ളതെല്ലാം യുക്തിയും  ധൈര്യവും  മനോനിലയും മാത്രമനുസരിച്ച്   പ്രാവർത്തീകമാക്കേണ്ടതാണ് . 

ഇതെല്ലാം എത്രത്തോളം വിജയ പ്രതീക്ഷ നൽകുന്നുവെന്ന്  ചോദിച്ചാൽ പൂജ്യമെന്നു തന്നെയായിരിക്കും ഉത്തരം അതുകരുതി ഒന്നും ചെയ്യാതിരിക്കുവാനാകില്ല 

ചിലപ്പോൾ  ഏറ്റവും വിഡ്ഢിത്തരമായൊരു മിഷനായിരിക്കുമിത് പക്ഷേ ഞങ്ങൾക്കു മുന്നിൽ വേറെ വഴിയില്ല .

സാമാന്യ ബുദ്ധിക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്തൊരു  ലോജിക്കാണത് .

ഇത്രയും ഭീമാകാരനായൊരു  നക്ഷത്രത്തെ മർദ്ദത്താൽ തള്ളി മാറ്റാനാകുമെന്നുള്ളത് ? 

സാദ്ധ്യതകളിലേക്കും  സാദ്ധ്യതയില്ലായ്മകളിലേക്കും അതൊരു പോലെ വിരൽ ചൂണ്ടുന്നു .

കഴിയും എന്നുള്ളതിലാണ് മുഴുവൻ പ്രതീക്ഷയും.

ഒരു പക്ഷേ കഴിഞ്ഞില്ലെങ്കിൽ  ?,

അതിനൊരു ഉത്തരമില്ല  ആ ചോദ്യത്തിനും  പ്രസക്തിയില്ല .

കാരണം അങ്ങിനെയൊരു  ഇല്ല...   എന്നാൽ  ഭൂമിയെന്ന ഗ്രഹത്തിന്റെയും അതിലെ  ജീവ ജാലങ്ങളുടെയും അവസാനമാണ് .

പ്രപഞ്ചത്തിലെ  നിഗൂഡമായ രഹസ്യങ്ങളുടെ അന്തർധാരകൾ തേടി തന്നെയാണ് മനുഷ്യനിർമ്മിത പേടകങ്ങൾ എന്നും ഗാലക്സികളിലേക്ക് ഇറങ്ങിത്തിരിച്ചിട്ടുള്ളത്‌.

സത്യത്തിൽ ബഹരി ആകാശ ഗവേഷണങ്ങളിൽ  ഇന്നും നാം ശൈശവദിശയിൽ  തന്നെയാണുള്ളത്  ആ  പരിമിതമായ അറിവുകളെ  തങ്ങളുടേതായ രീതിയിൽ കോർത്തിണക്കിക്കൊണ്ടുള്ള ഒരു യാത്രക്കാണ് ഇവിടെ   തയ്യാറെടുക്കേണ്ടത് .

ഒരു പക്ഷേ ..  ഭൂമിയിലേക്കിനി തിരിച്ചൊരു യാത്ര ഉണ്ടാവില്ല അതിനുള്ള  സാധ്യത വളരെ കുറവാണ് പക്ഷെ ഇവിടെ  അതിനേക്കാളുപരി  ഈ ഭൂമിയും അതിലെ ജീവജാലങ്ങളുടേയും രക്ഷ തന്നെയാണ് മുഖ്യം .

ഇത്രയും ശക്തമായൊരു സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ  എന്തൊക്കെ  തരത്തിൽ  ഈ ഗാലക്സിയെ ബാധിക്കുമെന്നുള്ള പ്രവചനം കൂടി ഈ ഘട്ടത്തിൽ അസാധ്യമാണ് . 

എല്ലാം നല്ലതിലേക്കായിരിക്കാം അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം 
 
ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചെന്നവകാശപ്പെട്ടാലും  ദൈവീകമായ ശക്തിക്കുമുന്നിൽ അതെല്ലാം നിസ്സാരമാകുന്നു  .

ആ .., ദൈവത്തിൽ വിശ്വസിച്ചു കൊണ്ട്  മുന്നോട്ട് പോവുക അവിടുന്ന് എല്ലാം 
നല്ലതിനാക്കിത്തീർക്കട്ടെയെന്നു പ്രാർത്ഥിക്കാം. 



                                                                          click hiere- A journey to esthiya- part 7

0 അഭിപ്രായങ്ങള്‍