ദീപങ്ങളുടെ ദീപ്തി  എങ്ങും  വർണ്ണങ്ങൾ തെളിയിക്കുന്നു  ഓരോ മനസ്സിലും പ്രത്യാശയുടെ  പുതു നാളങ്ങൾ കൊളുത്തിക്കൊണ്ട്, പ്രതീക്ഷയുടെ സന്തോഷത്തിന്റെ, മധുരത്തിന്റെ ആഘോഷ രാവുകൾക്ക് തുടക്കമായി .

            ദീപാവലി .., ദീപങ്ങളുടെ ആഘോഷം .

    എങ്ങും വർണ്ണങ്ങൾ പൊട്ടിച്ചിതറുന്നു സന്തോഷത്തിന്റെ ആർപ്പുവിളികളുമായി പൂത്തിരികൾ കണ്ണഞ്ചിപ്പിക്കുന്നു . മനസ്സിനുള്ളിൽ  ആയിരമായിരം നിറങ്ങൾ പകർന്നു കൊണ്ട് അവ വിണ്ണിൽ പൂക്കളങ്ങൾ നെയ്യുന്നു .

           ആശംസകളോടൊപ്പമുള്ള  സ്വീറ്റ് ബോക്സുകൾ , മധുരത്തോടൊപ്പം സ്നേഹവും നിറക്കുന്നു , മൈസൂർ പാക്ക് , ലഡ്ഡു ,ജിലേബി .., പിന്നെ പേരറിയാത്ത സുന്ദരന്മാരുടെ  നീണ്ട നിര .

    അതിഥികൾ മധുരം കൊണ്ട് വരുന്നതേ കാണാനുള്ളൂ  മക്കൾ വരുന്നു സ്വീറ്റ് ബോക്സ് അവരുടെ കൈയ്യിൽ നിന്നും  വാങ്ങുന്നു , അകത്തേക്ക് പായുന്നു  അതിഥികളെ അയച്ച് ഞാൻ പാഞ്ഞു ചെല്ലുമ്പോഴേക്കും ബോക്സ് എന്നിൽ തന്നെയാണോ സ്വീറ്റ് കൊണ്ടുവന്നത് എന്ന സംശയത്തോടെ അത്രയും വൃത്തിയായി ഇരിക്കുന്നുണ്ടാവും .

    പിള്ളേരാണെങ്കിൽ അടുത്ത കാളിംഗ് ബെല്ലിന് കാതോർത്തും , സാധാരണ ദിവസാണെങ്കീ ഒന്ന് പോയി തൊറക്കെടാ എന്ന് കെഞ്ചിയാ വരെ പോകാത്തൊരാ പഠിക്കാനുണ്ട്  ബിസിയാ , അങ്ങിനെ ആയിരം പരാതികളായിരിക്കും .

   ഇന്ന് ഞാൻ തന്നെ ഒന്ന് പൊറത്ത് പോയി വന്നതാ ബെല്ലടിക്കുമ്പോഴേക്കും വാതില് തുറന്നു. ആദ്യം കൈയ്യിലേക്കാണ് നോട്ടം ഒന്നു മില്ലെന്ന് മനസ്സിലായതോടെ  ''എന്താ'' ന്നൊരു അലർച്ച .

     ഞാൻ ഞെട്ടിപ്പോയി.. ഈശ്വരാ  വീട് മാറിപ്പോയോ ?  പിന്നീടാ പിള്ളേര് എന്റെ മുഖത്തേക്ക്  നോക്കിയത് , അയ്യടാ ഇത് പാപ്പാ  പിള്ളേർക്ക് പരമപുഛം അവന്മാര് വേറെ ആരെങ്കിലും സ്വീറ്റ് കൊണ്ട് വന്നതാവുന്ന്  വിചാരിച്ച്  പറന്ന് വന്നതാണ്.

                  ദൈവമേ ..പാപ്പാൻന്ന് വിളിക്കാഞ്ഞത് ഭാഗ്യം.

     കഴിഞ്ഞ കൊല്ലം ഇതേ സമയത്തോട് അടുത്തായിരുന്നു  ആയിരുന്നു വർധ  ചെന്നെയെ തൂത്തു വാരിയത് , അതിനു മുമ്പത്തെ ഡിസംബറിൽ വെള്ളപ്പൊക്കവും ,  ഇക്കൊല്ലം എന്താണാവോ എന്നുള്ള ആശങ്ക ചില മുഖങ്ങളിൽ നിന്ന് വായിച്ചെടുക്കാമെങ്കിലും  ഉത്സവങ്ങൾ ആഘോഷിക്കാനുള്ളതാണ് .

           പാസ്ററ് ഈസ് പാസ്ററ് .

    മുന്നിൽ വർണ്ണങ്ങൾ പൊഴിഞ്ഞു നിൽക്കുമ്പോൾ  കഴിഞ്ഞ കാലത്തിലേക്ക്   എന്തിനു തിരിഞ്ഞു നോക്കണം ..?

    പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മനുഷ്യ കുലത്തിന്റെ  ശക്തി ., പോയ കാല ചാരത്തിൻ  മേൽ നിന്ന് ദീപത്തെ കൈകളിൽ ഏന്തിക്കൊണ്ട് പ്രയാണം തുടരുന്നു ..,  അതിജീവനം .

   അവിടെ കഴിഞ്ഞുപോകുന്നത്  ചരിത്രമാണ് , ചരിത്രത്തിൽ ആരും ജീവിക്കുന്നില്ല . ഇന്നുകളിൽ ആണ് ജീവിതമള്ളത്  ഇന്നുകളിലേ ജീവിക്കാനാകൂ .., ഭാവിയിൽ പ്രത്യാശയാണുള്ളത് .

                     ആ പ്രത്യാശയുടെ പുതുക്കലുകളാണ് ഓരോ ഉത്സവങ്ങളും

  എങ്കിലും ഓർമ്മകൾ  പുറകോട്ട് പായുമ്പോൾ  ഇപ്പോഴും ഒരു ഞെട്ടൽ.

     എങ്ങും, എവിടേയും ആക്രോശങ്ങൾ , രോദനങ്ങൾ  , മുറവിളികൾ  , എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യുന്നവരുടെ തിരക്ക് . ഭക്ഷണത്തിനായി അലമുറയിടുന്നവർ . കുട്ടികളെ മാറോട് ചേർത്ത് രക്ഷാസ്ഥാനങ്ങളിലേക്ക് പരക്കം പായുന്നവർ .

            അതിനിടെ അഭ്യൂഹങ്ങൾ  നിരവധി ., സൈദാപേട്ട് ബ്രിഡ്ജ് തകർന്നു . കോട്ടൂർപുരം ബ്രിഡ്ജ് ഇതാ തകരാൻ പോകുന്നു .

           എങ്ങും യുദ്ധ സമാനമായ അന്തരീക്ഷം .

         ചെന്നൈ എന്ന ലോകോത്തര നഗരങ്ങളിൽ ഒന്ന്  പരിതാപകരമായി തകർന്നടിയുന്ന കാഴ്ച്ച .

          പണക്കാരനെന്നോ , പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ  സ്വന്തം ജീവിതം മുറുകെപ്പിടിച്ച്  സുരക്ഷിത സ്ഥാനങ്ങളിലേക്കും  വെള്ളം കയറാത്ത മേൽപ്പാലങ്ങളിലേക്കും ഓടിക്കയറുന്നവർ .

          ഒരു ജീവിതകാലം മുഴുവനത്തെ സമ്പാദ്യങ്ങൾ പുറകിലുപേക്ഷിച്ച്  , ഒരു ചാക്ക് സഞ്ചി മാത്രം തലച്ചുമടു വെച്ച് , ഭയന്നു വിറക്കുന്ന കുഞ്ഞുങ്ങളെ കഴുത്തിലേറ്റി നെഞ്ചറ്റം വെള്ളത്തിലൂടെ  പരക്കം പായുന്ന ഒരു ജനത .

          അവരുടെ കണ്ണുകളിൽ ആർത്തലച്ചു വരുന്ന മഴയെ തോൽപ്പിക്കുന്ന കണ്ണുനീർ വെള്ളചാട്ടങ്ങൾ .

        മനുഷ്യനെന്നാൽ ഇത്രയേ ഉള്ളൂ , എന്നതിന്റെ നേർക്കാഴ്ച്ച .
കുടിക്കാൻ വെള്ളമില്ല ,വൈദ്യുതിയില്ല ,കമ്മ്യുണിക്കെഷൻ സംവിധാനങ്ങൾ ഒന്നുമില്ല .

          മനുഷ്യനെന്ന അതിബുദ്ധിമാൻ  പ്രകൃതിക്കു മുന്നിൽ ഒന്നുമല്ല എന്ന് തെളിയിക്കുന്ന  പ്രകൃതിയുടെ താണ്ഡവം .

       എസിയും , ഇന്റർനെറ്റും , ഇല്ലാതെ കഴിയാൻ വയ്യാത്തവർ വെറും വഴിയോരത്ത് അന്തിയുറങ്ങുന്ന ഡിസാസ്റ്റർ.

            സഹായങ്ങളുടെ പ്രവാഹം , എങ്ങു നിന്നും. സ്വന്തം ജീവനെപ്പോലും അവഗണിച്ച് വെള്ളക്കെട്ടിലൂടെ  ഭക്ഷണവും, വെള്ളവും , വസ്ത്രങ്ങളും  അവശ്യമരുന്നുകളും എത്തിക്കുന്ന  കരുണ നിറഞ്ഞൊരു  ലോകം നമുക്കു ചുറ്റും  ഉണ്ടെന്നുള്ള  യാഥാർത്ഥ്യം  കണ്ണു നനയിക്കുന്നു .

           മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന നിമിഷങ്ങൾ , ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന  സന്നദ്ധ സംഘടനകൾ  വ്യക്തികൾ  സ്ഥാപനങ്ങൾ . ഇന്ത്യൻ റെഡ്ക്രോസ്  , മിലിട്ടറി , നേവി  , പോലിസ് , കമാൻഡോസ്, അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവർ ,

          ലോകം മുഴുവനും സഹായവുമായി മുന്നിൽ നിൽക്കുമ്പോൾ സങ്കടം കൊണ്ട് കണ്ണുകൾ നിറയുന്നു .

            ചെന്നൈ ഒറ്റക്കല്ല .,  സഹായിക്കാൻ  ഒരു ലോകം ചുറ്റിനുമുണ്ട് എന്ന ചിന്ത  അത്  മനസ്സിന് കരുത്തും , ശരീരത്തിന് ഊർജ്ജവും പകരുന്നു  .
           
    എന്നാൽ അതിനേയും വികലമാക്കുന്ന സംസ്കാരശൂന്യരായ ഒരു കൂട്ടം പേർ .

            പത്ത് കിട്ടിയാലും  അത്യാർത്തിയോടെ വീണ്ടും  വീണ്ടും മറുകൈ നീട്ടുന്നവർ .

      സ്വയം അപമാനം തോന്നിപ്പോകുന്ന  വൃത്തികെട്ട സംസ്കാര ശൂന്യത  പേറുന്ന  ഒരു കൂട്ടം .

    എന്താണെന്ന് അറിയാതെ സാനിട്ടറി നാപ്കിന് പോലും  അടിപിടി കൂടുന്ന  പുരുഷൻമാരും, വൃദ്ധകളും.

            ലോകമെന്നാൽ ഇതൊക്കെത്തന്നെയാണ് എന്ന് കാട്ടിത്തരുന്ന സത്യം .

   പലതരം സംസ്കാരങ്ങൾ പേറുന്നവർ  എന്നോർത്ത് അതിനു മുകളിൽ  മറവിയുടെ ഒരു മൂടുപടം  അണിയാം.

    വീടിനു മുന്നിലൂടെ ഒരാൾ പൊക്കത്തിൽ അലറിക്കുതിച്ചോഴുകുന്ന വെള്ളപ്പാച്ചിൽ .

           ഇതൊരു  സ്ട്രീറ്റ് ആണെന്നോർക്കണം  .

    വെള്ളം എത്തുന്നതിനു മുൻപേ .., സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തോന്നാത്ത ബുദ്ധിശൂന്യതയെ പഴിച്ച നിമിഷങ്ങൾ . എനിക്ക് നീന്താൻ അറിയാമെന്ന ആത്മവിശ്വാസത്തിനു മേൽ  ഭാര്യയുടേയും  കുഞ്ഞുങ്ങളുടേയും  സുരക്ഷയേക്കുറിച്ചുള്ള ആശങ്ക .

          സുനാമിയെക്കുറിച്ചുള്ള ആങ്കലാപ്പിൽ  ഭയന്നു വിറച്ച്  താടിക്ക് കൈകൊടുത്ത് എന്നേയും കൂടി  പേടിപ്പിക്കുന്ന ഹൌസ് ഓണർ  .

    വെള്ളം കൂടുമോ സാർ , സുനാമി വരുമോ സാർ , നമ്മളെല്ലാം  സത്തു പോകുമോ സർ '' 

                ഇയാളെക്കൊണ്ട് വല്യെ ശല്യായി .

                   പപ്പാ എപ്പളാ വരാ.?

                     ആരാ മോനേ ?

                       സുനാമി 

   എന്റെ മോനെ ., അത് തിന്നാനുള്ള സാധനല്ലാ  ചെക്കന്റെ സംശയം അതിനും മീതെ .

     തുടക്കത്തിൽ കുലുങ്ങാതിരുന്ന എന്റെ ധൈര്യം  വെള്ളം  ഉയരും തോറും, മനസ്സിനുള്ളിൽ നിന്നും  ഇറങ്ങിയോടി .

           കുടിവെള്ളം വരുന്ന  മുപ്പത് ലിറ്ററിന്റെ കാനുകൾ ചേർത്ത് വെച്ച്  ചങ്ങാടമുണ്ടാക്കിയാലോ ..?

        എനിക്ക് ഉറക്കമില്ലാത്ത രാത്രി. തലക്കു മുകളിൽ വെള്ളം വന്നാലും  അറിയാത്ത മട്ടിൽ  കൂർക്കം വലിച്ചുറങ്ങുന്ന ഭാര്യയിലെ ധൈര്യം എന്നെ അത്ഭുതപ്പെടുത്തി  .

               അവൾക്ക് നീന്തല് പോലും അറിയില്ലെന്ന  ധൈര്യമോ, അതോ എന്നിലുള്ള അതിരു കടന്ന ആത്മവിശ്വാസമോ ?

    ഒഴുക്കിനെതിരേ നീന്തി, കര പിടിക്കാൻ പെടാ പാട് പെടുന്ന ഒരു ശുനകൻ.  ആള് മുന്നോട്ടാണ് തുഴയുന്നതെങ്കിലും .., പിന്നോട്ടേക്കാണ് പോക്ക്

          ഇത് കണ്ട് അടുത്ത വീടിന്റെ മുകളിലിരുന്ന് വാവിട്ടു കരയുന്ന മറ്റൊരു ശുനകൻ .

           രണ്ട് കരച്ചിലേ  ഞാൻ കേട്ടുള്ളൂ മൂന്നാമത്തെ കരച്ചിലിനു മുന്നേ  ഇനി കരയാൻ ശേഷിയില്ലാതെ അവൻ ബോധം കെട്ടു വീണു .

           വെള്ളത്തിലൂടെ ഒഴുകി വരുന്ന കട്ടിലുകൾ , ഫ്രിഡ്ജുകൾ , ഗ്യാസ് സിലിണ്ടറുകൾ , ടിവികൾ  സമ്പാധ്യത്തിൽ  നിന്ന് മിച്ചം പിടിച്ച്  വാങ്ങികൂട്ടിയ    വലിയ മൂല്യങ്ങൾ.  അതെല്ലാം, ഇതാ  പ്രകൃതിയുടെ താണ്ഡവത്തിൽ ഒഴുകി നടക്കുന്നു .

   മഴക്കു വേണ്ടി പ്രാർഥിച്ച  ചുണ്ടുകളിൽ നിന്നെല്ലാം  മഴയെ ശപിച്ചു കൊണ്ടുള്ള മുറവിളികൾ .

      കഴിഞ്ഞ വർഷം  കാറ്റായിരുന്നു ചെന്നൈയെ എടുത്ത് അമ്മാനമാടിയത്.

     ജീവിതത്തിൽ ആദ്യമായാണ്  ഇത്ര കോപിഷ്ഠനായ മാരുതനെ ഞാൻ   കാണുന്നത്.   ഓ ....,പുയൽ ,   എന്തോരം കണ്ടിരിക്കണൂ.

      ഇതൊക്കെ ഇത്രയേ ഉള്ളൂ  അതായിരുന്നു അതു  വരേയ്ക്കും എന്റെ ധാരണ  അതേതായാലും   മാറിക്കിട്ടി .

         സൈക്ളോൺ വാണിങ്ങ് കിട്ടിയപ്പോഴേ ഓഫീസുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു ..ജീവനിൽ കൊതിയുള്ള ബുദ്ധിമാൻമാർ വേഗം വീടുപറ്റി , എന്നെപ്പോലുള്ള അതി ബുദ്ധിമാന്മാർ അന്നായിരിക്കും കൂടുതൽ പണി ചെയ്യുന്നത് , സത്യത്തിൽ വല്യ പണിയൊന്നും ഉണ്ടാവില്ല , എന്നാലും ബോസിന്റെ മുന്നില്  നമ്മൾ എന്തൊക്കയോ ചെയ്യുന്നു എന്ന് കാണിക്കാനുള്ള ഒരു മണിയടിക്കൽ .

      അങ്ങിനെ എന്റെ ജോലിയോടുള്ള ആത്മാർഥത ബോസിനെ കാണിക്കാൻ നോക്കിയെങ്കിലും  ജീവനിൽ കൊതിയുള്ള ബോസ് ആദ്യമേ സ്ഥലം വിട്ടിരുന്നു , സംഗതി ഇത് എനിക്ക് അറിയില്ലായിരുന്നു  ഞാൻ ബോസ് ഇപ്പൊ വരും  വരും എന്ന് വിചാരിച്ചു പണിയോട് പണി.

       അവസാനം ആരോ പറഞ്ഞു  ഡാ മതിയെടാ  ബോസ് ഇവിടില്ല  നീ കാറ്റ് വരുന്നതിനു  മുമ്പ് വേഗം വീട് പിടിക്കാൻ  നോക്ക് .

        ഇതിനിടയിൽ വർധാ പുയാൽ ചെന്നൈ തീരം തൊട്ടു , അതോട് കൂടി പലരും യാത്ര  നിറുത്തി ഓഫീസിൽ തന്നെ കൂടി .

         പക്ഷേ എന്റെ ധൈര്യം എന്നെക്കൊണ്ട് വെറുതേ ആവേശം കാണിപ്പിച്ചു . വർധയല്ല ഇനി ടൊർണാഡോ വന്നാലും വീട്ടിൽ പോവും എന്നുള്ള ഒരു ലൈൻ

       പലരും തടഞ്ഞതാ, പക്ഷേ തടയും തോറും എന്റെ ധൈര്യത്തിന് അഹങ്കാരം കൂടി  എന്തായാലും ഞാൻ പോകും , ഓഫീസിൽ നിന്ന് ഒരു  രണ്ടു മിനിറ്റ് .., അത്ര  ദൂരമേയുള്ളൂ വീട്ടിലേക്ക് .

      റോഡിലെങ്ങും ഒറ്റ കുഞ്ഞു പോലുമില്ല  വെറുതെ വർധക്ക്  തല വെച്ച് കൊടുക്കണ്ടല്ലോ  ..?

     ഞാൻ ഇറങ്ങിയപ്പോഴേക്കും കാറ്റ് നല്ല ഫോമിൽ ആയിക്കഴിഞ്ഞിരുന്നു . മരങ്ങളൊക്കെ  കലിതുള്ളിയപോലെ ആടുന്നു .

     ഏതാണ്ട് ഞാൻ പുയൽ കൊണ്ടു വന്ന  മാതിരി  എന്റെ മേലേക്കാണ്  ദക്ഷ്യത്തോടെ ചായുന്നത് .

      ഒരു പറ്റം കിളികൾ ജീവനും കൊണ്ട് തലക്കുമുകളിലൂടെ എങ്ങോട്ടോ പായുന്നൂ . അതിൽ നിന്നും രണ്ടുമൂന്നെണ്ണം കൂട്ടം തെറ്റി വേറെ ഒരിടത്തേക്കും  അതല്ലെങ്കിൽ എല്ലാത്തിലും കാണാം കുറച്ച് തല തിരിഞ്ഞ   റിബലുകള് . മര്യാദക്ക് കൂട്ടത്തീക്കൂടെ പറന്നാമതി.  പക്ഷേ അത് ചെയ്യാണ്ട്  തനിയെ പോയി അഹംഭാവം കാണിക്കും  അവസാനം ഏടാകൂടത്തിൽ ചെന്നു ചാടുകയും  ചെയ്യും.

  കാറ്റിനാണെങ്കിൽ  അനുനിമിഷം ശക്തി വർദ്ധിച്ചു കൊണ്ടിരിക്കുന്നു   എനിക്ക് ശരിക്കും പേടിയായി. വീട്ടിലേക്ക് ഇനിം കിലോമീറ്ററുകൾ  ഉള്ള പോലെ . സാധാരണ  രണ്ട് മിനിറ്റ് കൊണ്ട്  വീടെത്തുന്നതാ ഇതിപ്പോ നടന്നിട്ടും  നടന്നിട്ടും നീങ്ങാത്തപോലെ ..ഓടിയാലോ , ?

   എന്നാ...ഓടിയാ മതി  പക്ഷേ .., ആരെങ്കിലും കണ്ടാലോ? നാണക്കേട് ഈ സമയത്താണ് അനാവശ്യമായ ഒരു ഈഗോ .
 
            ഈശ്വരാ വർധ ഇപ്പൊ ഇങ്ങോട്ട് എത്തോ ..?,

    അതൊരു ചുഴലിയായിട്ട് വരുന്നു   ഞാൻ അതിൽ  പെടുന്നു . അതേന്നേയും കൊണ്ട് മേലോട്ട് പൊങ്ങുന്നു  ,ഞാൻ അതിനുള്ളിൽ കിടന്ന് വട്ടം കറങ്ങുന്നു . സകല ഇംഗ്ലീഷ് സിനിമകളും  മനസ്സിലേക്ക് ഓടിയെത്തി .

       അത് വരേയ്ക്കും എനിക്ക് ആവേശം  തന്ന് എന്നെ കുഴില് ചാടിച്ച ധൈര്യം മറുകണ്ടം ചാടി .

     ഞാൻ അപ്പഴേ പറഞ്ഞതാ പോരണ്ടാന്ന്  ഓഫീസിലെങ്ങാനും  ഇരുന്നാ മതിയായിരുന്നില്ലേ ?

  ഈശ്വരാ അവസരവാദി എന്നെ കൊലക്ക് കൊടുക്കൂലോ ..?, കാറ്റില് പറന്നുപോയി എവിടെയാണാവോ ചെന്ന് വീഴുക ? കടലിലെങ്ങാനും പോയി വീഴാതിരുന്നാൽ മതിയായിരുന്നു . വീട്ടുകാര്  ഞാൻ ഓഫീസിൽ ആണെന്ന് വിചാരിച്ചിരിക്കും .

      എവിടെയെങ്കിലും കേറി നിന്നാലോ ?, തൊട്ടടുത്ത് ഒരു മെക്കാനിക് ഷെഡ്ഡുണ്ട് . ഞാൻ അവിടേക്ക് കേറാൻ നോക്കിയപ്പോൾ . രണ്ട് കണ്ണുകൾ  അവയെന്നെ   രൂക്ഷമായി  നോക്കുന്നു . ഇതാർക്കാണിപ്പോ  എന്നോട് ഇത്ര ദേഷ്യം?

      ഡോബർമാനാണ്  സത്യത്തില് ആളൊരു  ലോക്കലാ . പക്ഷേ ഭാവം  ഡോബർമാനും  കാറ്റ് വന്നപ്പോ പേടിച്ച് കേറി നിന്നതാണ് .

     അവൻ പുച്ഛത്തോടെ എന്നെ നോക്കുന്നു . നിനക്ക് ഇങ്ങനെ തന്നെ വേണന്നുള്ള ഭാവം .

          ഞാൻ ഓഫീസിൽ പോകുമ്പോ കാണാറുള്ളോനാണ്  എന്തോ അതിനെ കാണുമ്പോഴെല്ലാം എന്റെ കൈ വെറുതെ  അടിക്കാൻ ഓങ്ങണ പോലെ പൊങ്ങും .ഒരു കാരില്ല  ഒരു രസം  അപ്പോളത് ഓടും  .

       ആ കലിപ്പിലാണ് ആള്   , ഇതെന്നെ കറക്ട് ടൈം ന്ന് അവനു മനസ്സിലായി  എന്നെ കണ്ടോടനെ രണ്ട് കൊര .., ഷെഡിലേക്ക് കേറാൻ വെച്ച കാല്  ഞാൻ പുറകോട്ട്  വെച്ചു .

     അല്ലെങ്കിലും കഷ്ടകാലം നേരത്ത് ഞാഞ്ഞൂള് പോലും തലപൊക്കും എന്ന് പറയണത് എത്ര ശരി , ഇങ്ങോട്ട് കേറിയാ ശരിക്കും നിന്നെ ഞാൻ  കടിക്കും എന്ന്  വാണിംഗ്  ചെയ്തീട്ടാ അവന്റെ നിപ്പ് . ഈ പുയലിന്റെ കൂടെ ഇനി നായേടെ വായിലെ കടി കൂടി  കൊള്ളാൻ വയ്യ  .

         കാറ്റിന് ശക്തി വല്ലാതെ കൂടിത്തുടങ്ങി  വർധ ദാ എത്തീന്നാ തോന്നണേ  മരങ്ങൾ വില്ലുപോലെ വളയുന്നു , ഇനീം അഭിമാനം നോക്കി നിന്നാ പണി പാളും  എന്റെ നാണം മറഞ്ഞു . ഞാൻ ഓടി അത് ഒരു ഒന്നൊന്നര ഓട്ടമായിരുന്നു .

     ഭാര്യ പറയാ ..,നല്ല കാറ്റ് ലേ .., ഞാനും വിക്കി വിക്കി പറഞ്ഞു .., അതേ .., അ ..,തേ .., നല്ല കാറ്റ്           

   അന്നത്തെ എന്റെ ഓട്ടത്തിന്റെ സ്പീഡ് കണ്ട് വർധ പുയല് പോലും വെക്കപ്പെട്ടു കാണും .

                    അങ്ങനെ പറഞ്ഞു പറഞ്ഞു  എന്തൊക്കയോ പറഞ്ഞു .

     ഇതാ ദീപാവലി പടിവാതിൽക്കൽ എത്തി നിൽക്കുന്നു  എല്ലാവരും ആഘോഷങ്ങളിലേക്ക് ഊളയിട്ടു കൊണ്ടിരിക്കുന്നു.

                  ബോട്ടിലുകൾ മാടി മാടി  വിളിക്കുന്നു .

    വേണ്ടാ വേണ്ടാന്ന് മനസ്സ് പറയുമ്പോഴും രണ്ടെണ്ണം അടിക്കാണ്ട് എന്ത് ആഘോഷം എന്റെ ഇഷ്ട്ടാ ..?

   അപ്പൊ, എല്ലാവരുടേയും ജീവിതത്തിലും ആയിരമായിരം വർണ്ണങ്ങളോടെ  ദീപങ്ങൾ പ്രഭ ചൊരിയട്ടെ എന്നാംശസിച്ചു കൊണ്ട് ..,

               ഹാപ്പി ദീവാലി .

             



0 അഭിപ്രായങ്ങള്‍