മുട്ടൻ പാതിരയായിക്കാണണം  ട്ടൊക്കു .. ട്ടൊക്കുന്നൊരു  ശബ്ദം  എനിക്ക് തോന്നിയതാണെന്നാ ഞാനാദ്യം വിചാരിച്ചേ

കാതോർത്തു നോക്കി അല്ല, തോന്നിയതല്ല  ശബ്ദം ശരിക്കും കേൾക്കുന്നുണ്ട്  .

ഈ നട്ടപ്പാതിരാക്ക് എന്താപ്പോ ഇങ്ങനെയൊരു ശബ്ദം ?, വീട്ടിലാണെങ്കിൽ  ഞാൻ മാത്രമേയുള്ളൂ അമ്മ രണ്ടു ദിവസത്തേക്ക് അമ്മവീട്ടിൽ പോയിരിക്കയാണ് .

അല്ലെങ്കിൽ തന്നെ പാതി പേടിയോടെയാ ഞാൻ വീട്ടീവന്ന് കിടന്നതെന്നെ വൈകീട്ട് അവറാൻ ചേട്ടനും സുകുവും പറഞ്ഞതാ കൂട്ടു കിടക്കാൻ വരാന്ന്  അവർക്ക് വളരെ വ്യക്തമായിട്ടെന്നെ എന്റെ പേടിയേപ്പറ്റി അറിയാം .

അപ്പോഴത്തെ ഒരു ആവേശത്തിന് വേണ്ടാന്ന് പറഞ്ഞു  പിന്നെ രാത്രീ കൂട്ടാന് അമ്മ കുറച്ച് ബീഫ് റോസ്റ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു  ഇവന്മാർ വന്നാ അതീന്ന് കൊടുക്കേണ്ടി വരും അതുകൂടി ആലോച്ചിട്ടാ ഞാൻ വേണ്ടെന്ന് പറഞ്ഞത്

പക്ഷേ  രാത്രിയായതോടെ പേടി തുടങ്ങി  

രാത്രി വളരുന്നതോടൊപ്പം പേടിയും വളർന്നു അതുവരെയില്ലാത്ത യക്ഷികളും പ്രേതങ്ങളുമെല്ലാം  മാർച്ച്പാസ്റ്റായി വന്നു തുടങ്ങി . 

എല്ലാവരും പറമ്പിനു ചുറ്റും വന്ന് നിന്ന് പറയുന്ന പോലെ  

കുറച്ചുകൂടി നേരം കഴിയെട്ടെടാ  ഞങ്ങള് കേറി വരുന്നുണ്ടെട്ടാ .

ജനാലയൊന്ന് വെറുതേ  തുറന്ന് നോക്കീതാ പുറത്ത് വല്യൊരു ആൾരൂപം  ഉള്ളീക്കൂടെ ഒരു ആന്തല് കടന്നു പോയി പിന്ന്യാ മനസ്സിലായത് അത് എന്റെ തന്നെ നിഴലായിരുന്നൂന്ന്. 

ഈശ്വരാ സ്വന്തം നിഴല് കണ്ട് പേടിച്ച് ചത്തുപോയേനേ .

സൈക്കിളെടുത്ത്  അവറാൻ ചേട്ടനേയോ സുകുവിനേയോ പോയി  വിളിച്ചാലോ ? 

വേണ്ടാ,  പുറത്തേക്കിറങ്ങുമ്പോഴായിരിക്കും ചിലപ്പോ യക്ഷിയുടെ വായിൽ ചെന്ന് ചാടുന്നത്  അവന്മാര് വരാന്ന് പറഞ്ഞപ്പോ സമ്മതിച്ചാ മതിയായിരുന്നു ബീഫ് തിന്നാനുള്ള കൊതിയിലാ വരണ്ടാന്ന് പറഞ്ഞത്  ഇപ്പോ പേടി ഉച്ചിയിൽ നിൽക്കുന്ന കാരണം തിന്നാനും തോന്നണില്ല കൊതിയും പോയി പിശാചുക്കള് ചൊര കുടിക്കാനായി ക്യു നിൽക്കുമ്പോ എന്ത് തിന്നാൻ  

അമ്മേടെ കൂടെയെങ്കിലും  പോയാ മതിയായിരുന്നു എന്നെ കുറേ വിളിച്ചതായിരുന്നു 

പറമ്പ് മൊത്തം  പലതരം ശബ്ദങ്ങള് കൊണ്ട് നിറഞ്ഞിരിക്കുന്നു   

നായ ഓരിയിടുന്നു , മൂങ്ങ കൂവുന്നു , പൂച്ച കരയുന്നു ചെന്നായുടെ പോലെ എന്തോ ജീവിയുടെ കൂവല് 

എന്റെ രക്തം കുടിക്കല്ലേന്ന് പ്രേതങ്ങളോട് പറയുന്നപോലെയാ അതിന്റെ കൂവല് വേണമെങ്കിൽ അകത്തൊരുത്തരൻ ഒളിച്ചിരിപ്പുണ്ട് അവന്റെ ചോര കുടിച്ചോളൂ  

ഈശ്വരാ ഈ വക ജന്തുക്കൾക്കൊന്നും ഒറക്കമില്ലേ ? മനുഷ്യനെ പേടിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന പോലെ 

പറമ്പില് ഉണക്ക തേങ്ങാ വീഴുന്ന ശബ്ദം കേൾക്കുമ്പോ പോലും ഞാൻ ഞെട്ടി വിറച്ചു  .

ഈശ്വരാ ,  ദേ യക്ഷി പനേമെന്ന് ചാടി  ഇപ്പോ അകത്തേക്ക് വരും  കട്ടിലിന്റെ അടിയിൽ ഒളിച്ചിരിക്കുന്ന  എന്നെ പിടിക്കും . ഞാൻ വേണ്ടാന്ന് പറയുമ്പോഴേക്കും യക്ഷി എന്റെ കഴുത്തീന്ന്  കുപ്പിയിൽ നിന്ന് സ്ട്രോ വെച്ച് കുടിക്കുന്ന മാതിരി  രക്തം  വലിച്ചു കുടിക്കും  നാളെ എല്ലാവരും എന്റെ കൊറ്റൻ മാത്രമായ ശരീരമാവും കാണുക

ഇതിനിടയിൽ കട്ടിലിനു മുകളിൽ കിടന്നിരുന്ന ഞാൻ യക്ഷി കാണാതിരിക്കാൻ കട്ടിലിനടിയിൽ എത്തിയിരുന്നു   

പേടിച്ച് വിറച്ച് ഞാൻ കർത്താവിനെ നോക്കി കർത്താവാണെങ്കിൽ  ഒന്നു  മൈൻഡ് പോലും ചെയ്യുന്നില്ല  ആള് അങ്ങോട്ട് നോക്കിയിരിക്കാ അതു  കൂടാതെ നമുക്കൊരു വാണിംഗും .

നിനക്ക് അങ്ങനെ തന്നെ വേണമെടാ മാക്രി പ്രാർത്ഥനയിൽ കൂടത്തോനല്ലേ ?  ആവശ്യം നേരത്ത് മാത്രേ എന്നെ  വേണ്ടൂ  അല്ലെങ്കിൽ കണ്ട ഭാവം പോലും നടിക്കില്ല , അനുഭവിച്ചോ ?

അയ്യോ അങ്ങനെ പറയരുത് കർത്താവേ  

ഞാൻ കർത്താവിനെ നോക്കി തലയാട്ടി 

കർത്താവ് പിണങ്ങിയിരിക്കാ .

ഞാൻ ദിവസവും പ്രാർത്ഥന കഴിഞ്ഞിട്ടാ ഞാൻ വീട്ടില് തല കാണിക്കാറ് .

കർത്താവേ , നാളെ തൊട്ട് ഞാൻ പ്രാർത്ഥനക്ക് കൂടിക്കോളാവേ ഞാൻ കർത്താവിന്റെ അടുത്തേക്ക്  ഒന്നു കൂടി നീങ്ങി നിന്നു ഇപ്പൊ കർത്താവ് എന്നെ നോക്കി ചിരിക്കുന്ന പോലെ ഞാനും കർത്താവിനെ നോക്കി ചിരിച്ചു .

അങ്ങനെ ഒരു വിധത്തില് കുറച്ച് ധൈര്യം കിട്ടിയപ്പോഴാ  വന്ന് കിടന്നത് .

ഒന്ന് ഉറങ്ങി വന്നപ്പോഴാ വീണ്ടും സ്വപ്നത്തീക്കൂടെ 

പക്ഷേ ഇപ്രാവശ്യം അത് യക്ഷിയല്ല  ഡ്രാക്കുളയാ  

ഈശ്വരാ  സ്വപ്നത്തിൽ പോലും പ്രേതങ്ങൾ  എന്നെ വെറുതേ വിടത്തില്ലേ  ?

ഡ്രാക്കുള ഒരു  കുതിരപ്പുറത്ത് എന്റെ പിന്നാലെ പാഞ്ഞു വരുന്നു  ഞാൻ ജീവനും  കൊണ്ട് ഓടുന്നു  

ഡ്രാക്കുളക്ക്  ഏതാണ്ട് വേറെ ചോര കിട്ടാത്തതു  പോലെയാണ്  ഈ നരന്തു പോലെയിരിക്കുന്ന എന്റെ പിന്നാലെ പാഞ്ഞു വരുന്നത്  തടിമാടന്മാരായ  എന്തോരം വെള്ളക്കാര്   വെറുതേ തേരാപ്പാരാ കിടന്നു നടപ്പുണ്ട്  അതുമല്ലെങ്കിൽ ഇയാൾക്ക് ആ കുതിരയുടെയെങ്കിലും  ചോര കുടിച്ചാൽ പോരെ  മനുഷ്യനെ പേടിപ്പിക്കാനായിട്ട്  തൊപ്പീം  കോട്ടും ഇട്ട് വന്നോളും  കണ്ടാ തന്നെ  പേടിച്ചു വിറച്ചു  ചാവും .

എന്റെ ചോരക്ക് എന്താണാവോ ഇത്ര പ്രത്യേകത ?

ഇനി  മധുരം കൂടുതല്   ഉണ്ടാവോ ? 

ഞാൻ ഓടിക്കൊണ്ടേയിരുന്നു  ഡ്രാക്കുളയതാ  എന്റെ   തൊട്ടു പിന്നിൽ

എന്നെ പിടിക്കാനായി ആഞ്ഞ അതേ നിമിഷത്തിൽ ഞാൻ പെട്ടെന്ന്  സൈഡിലേക്ക് ചാടി അതു മനസ്സിലാക്കാതെ  ഡ്രാക്കുള നേരെപോയി  

ഞാൻ ചാടിയത് ഒരു കിണറ്റിലേക്കായിരുന്നു  .

അമ്മേ 

ഞാനലറി എന്റെയാ കാറൽ കേട്ട് ഡ്രാക്കുള വരെ പേടിച്ചു പോയി  

എന്തൊരു കാറലാടാ ഇത്  ഞാൻ ചോര കുടിച്ചു കൂടിയില്ലല്ലോ ?

അങ്ങനെ ഡ്രാക്കുളയെ  പേടിപ്പിച്ച്  ഞാനുണർന്ന  സമയത്താണ് വീണ്ടുമീ  ശബ്ദങ്ങൾ കേൾക്കുന്നത് . 

ഈശ്വരാ ലോകത്തുള്ള സകലമാന  പ്രേതങ്ങളും ഇന്നിവിടെ വന്നിട്ടുണ്ടല്ലോ ? ലിറ്ററ് കണക്കിന് ചോര ശരീരത്തിലുള്ള ഏത്രയോ ഗുണ്ടുമണികളായ ആൾക്കാരുണ്ട് ? എന്നിട്ടും  എല്ലും തോലും മാത്രമുള്ള   എന്നേ തേടിയാണോ പ്രേതങ്ങളുടെ  ഈ സംസ്ഥാന സമ്മേളനം. 

ഇനി എല്ലു കടിച്ചു മുറിച്ച് തിന്നാനാണാവോ ?

എന്നെ ഞെക്കിപ്പിഴിഞ്ഞാവരെ  അര  ലിറ്ററ് ചോര പോലും തികച്ചു കിട്ടത്തില്ല.  അതിലെ പകുതി ചോര ഇപ്പൊത്തന്നെ പേടികൊണ്ട് ആവിയായി കഴിഞ്ഞു.

ഇന്നാള് പനി വന്ന് ഡോക്ടറെ കാണാൻ പോയപ്പോ പറഞ്ഞത് എന്റെ ശരീരത്തില് ചോര കുറവാന്നാ  ആ എന്നെയാ പ്രേതങ്ങള് ചോരക്ക് വേണ്ടി ഓടിച്ചിട്ട് പിടിക്കാൻ നോക്കണത് .

ചോര ഉണ്ടാവാൻ എന്താ വേണ്ടെന്ന് ചോദിച്ചപ്പോ ഡോകട്ർ കൈമലർത്തി  ഞാൻ അമ്മയോട് പറഞ്ഞത് ചോര ഉണ്ടാവാൻ ദിവസോം ഇറച്ചിയും പൊറോട്ടയും കഴിച്ചാ മതീന്നാ . എനിക്ക് വല്യാ ഇഷ്ട്ടാ ഇറച്ചിയും പൊറോട്ടയും പക്ഷേ ആ നമ്പറ് ഏറ്റില്ല .

ചോര ഉണ്ടാവാൻ കുറെ നാള് പാക്കരൻ ചേട്ടന്റെ കടേന്ന് അമ്മേടെ പേരും പറഞ്ഞ് ഇറച്ചിയും പൊറോട്ടയും തിന്നാന്ന് വിചാരിച്ചതായിരുന്നു  

പക്ഷേ ചീറ്റിപ്പോയി  

ഒരു പ്രാവശ്യം ജിമ്മിന് പോയപ്പോ മസില് വരാൻ വേണ്ടി ഇറച്ചിയും പൊറോട്ടയും തിന്നാ മതീന്നും പറഞ്ഞ് ഞാൻ കുറെ നാള് അമ്മേനെ പറ്റിച്ചതായിരുന്നു  അവസാനം ജിമ്മൻ കുമാറിനെ കണ്ടപ്പൊഴാ അമ്മ സത്യം അറിഞ്ഞത്  

അതോടെ എന്റെ ജിമ്മീ പോക്കും നിന്നു തടി വെക്കലും നിന്നു .

സത്യത്തില് ഇറച്ചിയും പൊറോട്ടയും തിന്നാനുള്ള കൊതി കൊണ്ടാ ഞാൻ ജിമ്മീ പോവാൻ തന്നെ തീരുമാനിച്ചത്.

ജിമ്മൻ കുമാറിന് ഇറച്ചിയും പൊറോട്ടയുടെയും കഥ കേട്ടപ്പോ കൊതിവന്നു അന്ന് ജിമ്മൻ കുമാറ് പാക്കരൻ ചേട്ടന്റെ കടയിൽ പോയി വയറുനിറയെ ഇറച്ചിയും പൊറോട്ടയും കഴിച്ചാ വീട്ടീപ്പോയത് 

എന്റെ ക്ലാസ്സ് മേറ്റ് ശിവനാ എന്നോട് പറഞ്ഞത് അർണോൾഡൊക്കെ  ദിവസോം ഇറച്ചിയും പൊറോട്ടയാ തിന്നണത് അത് കാരണാ അവർക്കൊക്കെ കൂടുതല് മസിലുള്ളതെന്ന്  . 

ഇത് അമ്മേനെ ബോധ്യപ്പെടുത്താൻ  വേണ്ടി ഞാൻ അർണോൾഡിന്റെ ഒരു ഫോട്ടോ കൊണ്ട് വന്ന് കാണിച്ചതാ 

കുമാറിനെ നേരില് കാണുമ്പോ ഇത്ര തടിയില്ലാന്നാ അമ്മ  അതുകണ്ടു പറഞ്ഞത് .

അതോടെ പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല 



അതാ ശബ്ദഘോഷങ്ങൾ   ഉയർന്നു കൊണ്ടേയിരിക്കുന്നു  ഈശ്വരാ ഇന്നെന്റെ ചോര മുഴുവൻ പ്രേതങ്ങള് കുടിക്കും

എന്റെ ചോരക്ക് ഒരു ടേസ്റ്റും ഉണ്ടാവത്തില്ലെന്ന്  എനിക്ക്  പ്രേതങ്ങളോട് പറയണംന്നുണ്ട്   പക്ഷേ ആരേം കാണാനില്ല .

എനിക്കാകെ സംശയം  എവിടെയൊക്കെയോ പ്രേതങ്ങൾ ഒളിഞ്ഞിരിക്കുന്നു  കട്ടിലിന്റെ അടിയിൽ,   അലമാരക്കു പുറകിൽ അതോടെ ഒന്ന് അനങ്ങാൻ പോലും എന്തിന് ലൈറ്റിടാൻ പോലും എനിക്ക് പേടിയായി  . 

ലൈറ്റിട്ടാ  കർത്താവിനെ കാണാം അപ്പോ ഒരു ധൈര്യം കിട്ടും  പക്ഷേ  ലൈറ്റ് ഇടുമ്പോഴായിരിക്കും  പ്രേതം എന്നെ ചാടിപ്പിടിക്കുന്നത്. 

ഇരുട്ടത്ത് ഒളിച്ചിരിക്കാ നല്ലത്   അതിന് പ്രേതത്തിന് രാത്രിയിലും കണ്ണ് കാണുന്ന് സുകു പറഞ്ഞിട്ടുണ്ട്  അപ്പോ ഇരുട്ടത്തിരുന്നാലും പ്രേതം പിടിക്കും  അപ്പോ കടി  കൂടുതൽ കിട്ടും  ഒളിച്ചിരിക്കാണോന്നും ചോദിച്ച് ?

ഞാൻ കരഞ്ഞൊടങ്ങി  അതാ വീണ്ടും കിരു കിരു ശബ്ദം 

ഈശ്വരാ ,  പ്രേതം വാതിൽ  തുറക്കുകയാണ് 

ഏതാണ്ട് കത്തികൊണ്ട് തിക്കി തുരക്കുന്ന പോലെ 

ഇനി പ്രേതം കത്തിയും കൊണ്ടാണോ നടക്കുന്നത് ?,  പല്ലുമ്മെ അഴുക്ക്  പറ്റാണ്ടാന്നു കരുതി കത്തികൊണ്ട് അറുത്തിട്ടായിരിക്കും ചോര എടുക്കുന്നത്

അതോ 
വാതിൽ തുറക്കാനായിട്ട് കത്തി ഉപയോഗിക്കുന്നതാണോ  ?

പ്രേതങ്ങൾക്ക് എങ്ങിനെ വേണമെങ്കിലും അകത്തു കടക്കാലോ ? ഡോർ അറുത്തുമാറ്റിത്തന്നെ വരണമെന്നുണ്ടോ ? 

ചിലപ്പോ നേരേവാ , നേരെ പോ തിയറിയുള്ള  പ്രേതമായിരിക്കും   

അതാ വാതിൽ പതുക്കെ  തുറക്കുന്നു  ശബ്ദം പുറത്തു വരാതിരിക്കാൻ  വാതിലിൽ ബലം പിടിച്ച് ഉയർത്തിക്കൊണ്ട് മെല്ലെ മെല്ലെ തുറക്കുന്ന മാതിരി.

പ്രേതം എന്തിനാണ്  ഇങ്ങനെ പേടിക്കുന്നത് ? 

നമ്മളല്ലേ പ്രേതത്തെ കാണുമ്പോ പേടിക്കേണ്ടത് ?  ഇനി വല്ല പേടിത്തൊണ്ടൻ പ്രേതം എങ്ങാനും ആണോ?  

പ്രേതത്തിന്റെയൊരു തിയറി വെച്ച് പ്രേതം വരുന്നു നമ്മളെ കാണുന്നു  പ്രേതം ചിരിക്കുന്നു നമ്മൾ കരയുന്നു  

പ്രേതം അട്ടഹസിക്കുന്നു  നമ്മൾ വാവിട്ട് കരയുന്നു 

അതോടൊപ്പം കുറെ നായ്ക്കളും കരയുന്നു അതോടെ  ആകെ കൂടി അതൊരു  കൂട്ടക്കരച്ചിലാകുന്നു  

പിന്നെ പ്രേതം നമ്മുടെ കൊങ്ങക്ക് പിടിക്കുന്നു ഈസിയായി ചോരകുടിക്കുന്നു  ചോര കഴിഞ്ഞാലും പിന്നെയും ശും ശും ന്ന് പറഞ്ഞ്  വലിക്കുന്നു 

ജ്യുസ് കുടിച്ചു കഴിഞ്ഞ ഗ്ളാസ്സിൽ സ്ട്രോ ഇട്ട് വലിക്കുമ്പോലെ അവസാനം ചോരയില്ലാത്ത നമ്മള് താഴെ വീഴുന്നു പ്രേതം ചിറിയും  തുടച്ച് ഏമ്പക്കവും വിട്ടൊണ്ട്  സ്ഥലം വിടുന്നു .

ഇതൊക്കെയാണ് മൊത്തത്തിലവരുടെയൊരു ലൈൻ 

ഇനി വല്ല ഡ്രാക്കുള പോലത്തെ സ്റ്റാൻഡേഡ് പ്രേതങ്ങളാണെങ്കിൽ  നമ്മുടെ ചോര എടുത്ത് അത് വല്ല വൈൻ  ഗ്ളാസ്സിലുമൊക്കെ  ഒഴിച്ച് ചിയേർസൊക്കെ  പറഞ്ഞിട്ടൊക്കെയായിരിക്കും  കുടിക്കുക  

ലോക്കൽ പ്രേതങ്ങൾ ആണെങ്കിൽ  വന്നയുടനെ ഏതാണ്ട് ഗ്രഹിണി പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെ ആർത്തിപിടിച്ചിട്ടയായിരിക്കും ചോര കുടിക്കാ.

പക്ഷേ ഇത്രനേരമായിട്ടും പ്രേതങ്ങളെയൊന്നും കാണാനില്ല 

പ്രേതങ്ങൾക്ക് എന്നെ പേടിക്കാൻ തക്കവണ്ണം ഒന്നുമില്ലല്ലോ ഇനി കർത്താവ് കൂടെയുള്ളതുകൊണ്ട് ആയിരിക്കുമോ അതോടെ ഞാൻ ഒന്നുകൂടി കർത്താവിന്റെ അടുത്തേക്ക് നീങ്ങി നിന്നു 

അതോ ഇനിയിത്  പ്രേതങ്ങളൊന്നുമല്ലേ ? പിന്നെ ആര് ?

ഞാൻ പതുക്കെ ചുറ്റും നോക്കി  കൂരിരുട്ടിൽ എണ്ണതേച്ചൊരു രൂപം  

വായിൽ വന്ന അലർച്ച  ഞാൻ കൈകൊണ്ട് പൊത്തിപ്പിടിച്ചു  

ഈശ്വരാ കള്ളൻ 

അല്ല പ്രേതൻ  

അല്ല  പ്രേതൻ കള്ളൻ  

പ്രേതം കള്ളനായോ  ? 

അല്ല ഇത് കള്ളനാണ്,  ഒറിജിനൽ കള്ളൻ  ഇവർക്കൊക്കെ ഇന്നാണോ വരാൻ കണ്ട ദിവസം ?

എണ്ണയെല്ലാം  തേച്ച് മുഖം മൂടി അണിഞ്ഞ്  ട്രൗസർ മാത്രം ഇട്ടിരിക്കുന്നൊരു  കള്ളൻ 

കുംഭ വയറ് മാത്രം പുലിക്കളിക്കാരുടേത് പോലെ പുറത്തേക്ക് തള്ളി  നിൽപ്പുണ്ട് .

കള്ളനാണ് പ്രേതം പോലെ വന്നതെന്ന് മനസ്സിലായതോടെ എന്റെ പേടി പമ്പ കടന്നു ആവേശം ഉള്ളിൽ നിറഞ്ഞു അതോടെ 

എന്റെ രക്തം ആദ്യം ഒന്ന് തിളച്ചു  എന്റെ ഉള്ളിൽ കിടന്ന് ഞാൻ തന്നെ ഒന്ന് രണ്ട് ഓതിരം കടകമടിച്ചു .

പിന്നെയാ ഞാൻ കള്ളന്റെ അരയിലേക്ക് നോക്കിയത്  അതോടെ രക്തത്തിന്റെ തിളപ്പ് നിന്നു വലിയൊരു കത്തി തൂങ്ങിയാടുന്നു അത് കത്തി തന്നെയല്ലെന്നറിയാൻ ഞാൻ ഒന്നു കൂടി സൂക്ഷിച്ചു നോക്കി കള്ളൻ ട്രൗസർ ഇടാതെ വന്നതാണോയെന്നാ ഞാൻ ആദ്യം സംശയിച്ചു   

ഇല്ല ആ ഞാന്നു കിടക്കുന്നത് ഒർജിനൽ കത്തി തന്നെയാണ്  അതു മനസ്സിലായതോടെ  എന്റെ പാതി ജീവൻ  അപ്പത്തന്നെ എന്നെ വിട്ട് ഇറങ്ങിയോടി .

 പേടികൊണ്ട് എന്റെ രക്തം തണുത്തുറഞ്ഞു  കള്ളൻ  അതെടുത്ത് ഒരു കീച്ചു കീച്ചിയാ നമ്മുടെ കാറ്റ് ഒരു കരിയില പോലെ പറന്നു പോവും. സംഗതി ഞാൻ  കരാട്ടെയൊക്കെയാണെങ്കിലും  പേടികൊണ്ട് പഠിച്ചതൊന്നും ഓർമ്മയിൽ വരുന്നില്ല  

ഞാൻ വായ പൊത്തി നിന്നു  മിണ്ടാതിരിക്കുകയാണ് നല്ലത്  എന്ന് മനസ്സും, കരാട്ടെയും വാണിംഗ് തന്നുകൊണ്ടിരിക്കുന്നു.

കൈയ്യും കാലും അനങ്ങി കിട്ടിയിട്ടു വേണ്ടേ കരാട്ടേ കാണിക്കാൻ എന്റെ ഉള്ളിലെന്നെ ഒരു ബ്രൂസിലി കിടന്ന് അലറുന്നുണ്ട് ഞാൻ അവനെ അടക്കി നിറുത്തി  

ബ്രൂസിലിക്ക് കിടന്ന് അലറിയാ മതി ഇടി കൊള്ളുന്നത്  ഞാനല്ലേ ? കത്തിയുള്ള ആളെ എങ്ങനെ നേരിടണന്ന് കരാട്ടെ വാസു മാസ്റ്റർ ഇത് വരെ എനിക്ക്  പഠിപ്പിച്ചു തന്നിട്ടുമില്ല  വെറുതേ തോന്നിവാസം കാണിച്ച് കള്ളന്റെ കൈയ്യീന്ന് ഇടിയും കുത്തും വാങ്ങി വെക്കണോ ?

കള്ളനതാ  അലമാര തുറക്കാൻ നോക്കുന്നു  പക്ഷേ പറ്റുന്നില്ല  ചാവി അമ്മയുടെ  കൈയ്യിലാണ്  ചാവി കിട്ടാത്ത ദേക്ഷ്യത്തിന് കള്ളൻ  എന്നെ തട്ടും എന്റെ മുട്ടുകൾ  കൂട്ടിയിടിച്ചു  തുടങ്ങി  ശരീരമാണെങ്കിൽ തുള്ളപ്പനി ബാധിച്ച പോലെ കിടന്നു വിറക്കുന്നു . 

എന്തോ ശബ്‍ദം കേട്ട് കള്ളൻ  തിരിഞ്ഞു നോക്കി  

ഞാനെന്റെ വായിക്കുള്ളിലേക്ക് കൈവിരലുകൾ കുത്തിക്കയറ്റി  ആ സമയത്താണ് ആ അത്യാഹിതം നടന്നത്  എന്റെ മൂക്കിനുള്ളിലേക്ക് ഒരു കൊതു പറന്നു വന്നു   ഞാനവനെ മൂക്കിനുള്ളിലിട്ട് തന്നെ ഞെരിച്ചു കൊന്നു .

തെണ്ടി  വന്നിരുന്ന് ചോര കുടിക്കന്നതും പോരാ ആൾക്കാരെ കൊലക്ക് കൊടുക്കാൻ നോക്കുന്നോ ?

ആ നിമിഷത്തിൽ തന്നെ  ആ അത്യാഹിതം  നടന്നു  ആഞ്ഞു വന്ന തുമ്മൽ എന്നെ ഒറ്റിക്കൊടുത്തു .

ചുമ കേട്ട് കള്ളൻ  ഞെട്ടി , ഞാൻ ഞെട്ടി , മൂക്കിലിരുന്ന കൊതുകിന്റെ കാറ്റ് പോയ കാരണം കൊതുകിന് ഞെട്ടാൻ പറ്റിയില്ല . 

കള്ളൻ എന്നെ കണ്ടു  അയാൾ കത്തിയൂരി.

ഈശ്വരാ  എന്നെ അയാളിപ്പോൾ തട്ടും  മറ്റൊരു കള്ളനാന്ന് പറഞ്ഞാലോ ?

ഞാൻ കർത്താവിനെ നോക്കി ആ കാഴ്ച കാണാൻ കരുത്തില്ലാതെ കർത്താവ് അങ്ങോട്ട് തിരിഞ്ഞിരിക്കുന്നു  

അലറിക്കൊണ്ട് കള്ളൻ കത്തിയൂരി പാഞ്ഞു വരുന്നു , ഞാൻ കരഞ്ഞു കൊണ്ട് കൈ  വിലങ്ങനെ കാട്ടി അതിനുമുന്നേ എന്റെ ബോധം പോയിരുന്നു  .

നേരം നന്നേ  വെളുത്തിരിക്കുന്നു  

ഞാൻ പയ്യേ  കണ്ണു തുറന്നു 

അയ്യോ കള്ളനപ്പോ എന്നെ കൊന്നില്ലേ ? ഞാൻ തിരിഞ്ഞു നോക്കി  കള്ളനപ്പുറത്ത് വെട്ടിയിട്ട പോലെ ബോധം കെട്ട് കിടപ്പുണ്ട്  .

ചുറ്റിലും ആകെ വെള്ളം  അതിൽ ചവുട്ടി വീണാണ് കള്ളന്റെ ബോധം പോയത്  

എങ്ങിനെയാ ഇവിടെ വെള്ളം വന്നത് ? 

കള്ളൻ മൂത്രമൊഴിച്ചോ ?

സത്യത്തിലത്  കള്ളന്റേതായിരുന്നില്ല എന്റേതായിരുന്നു 

രണ്ട് ദിവസം ഞാനായിരുന്നു നാട്ടിലെ ഹീറോ കള്ളനെ ഒറ്റക്ക് പിടിച്ചവൻ

പഞ്ചായത്തിന്റ ധീര ശിരോമണി അവാർഡ് മെമ്പറു സുകേശനാ എനിക്ക് തന്നത് 

കള്ളൻ ആക്രമിക്കാൻ വന്നപ്പോ ഞാൻ കരാട്ടെ കാണിച്ച് കീഴ്പ്പടുത്തിയതാണെന്നാ പറഞ്ഞത്

അത് കേട്ട് വാസു മാസ്റ്റെർ ഉള്ളി ഞെട്ടി 

ഇത്രേം വല്യ കള്ളനെയൊക്കെ ഇവൻ അടിച്ചിടാറായോ ഒന്ന് സൂക്ഷിക്കണം   

പക്ഷേ അവറാൻ ചേട്ടനൊരു സംശയം 

നീ തന്നെയാണോടാന്നാ അവറാൻ ചേട്ടൻ എന്നോട് ചോദിച്ചത് 

          

0 അഭിപ്രായങ്ങള്‍