എടാ നമ്മുടെ  കവലേല് പൊരിഞ്ഞ അടി നടക്കുന്നൂ 

നാലുമണി ആകുന്നേയുള്ളൂ സുകു അലറി വിളിച്ചോണ്ടാ  സൈക്കിളിൽ പാഞ്ഞിട്ടാ വരുന്നത്  

ആവേശം കൊണ്ട് സൈക്കിളിനു മുന്നേ സുകുവാ പറക്കുന്നത് .

ഉമ്മറത്ത് ചായയും കുടിച്ച് ഇരിക്കായിരുന്ന എനിക്ക്  അടിയെന്ന് കേട്ടതോടെ ചായേ ഇറങ്ങാതായി  

അടിയൊക്കെ ഓൺ ദി സ്പോട്ടിൽ കാണണം  എന്നാലേ അതിനൊരു ത്രില്ലുള്ളൂ .

പക്ഷേ ചായക്കാണെങ്കിൽ ഒടുക്കത്തെ ചൂടും .

എടാ ആ തല്ലൊള്ളി വരുന്നുണ്ടല്ലേ ? 

സുകൂന്റെ ഓളി കേട്ടപ്പോഴെ അമ്മയുടെ കമന്റ് .

ചായ കുടിച്ചിട്ടും കഴിയുന്നില്ല കൂടെ പഴം പുഴുങ്ങിയതുമുണ്ട്  രണ്ടും നല്ല ചൂടാണ് അമ്മ ഉണ്ടാക്കുന്നിടത്ത് പോയി തല്ലുകൂടി വാങ്ങിയതാ    

തിന്നാതെ പോയാ പിന്നെ അടുത്ത കാലത്തൊന്നും  ഇത് കിട്ടത്തില്ല.

ഞാൻ പഴം പൊരിയാ ഉണ്ടാക്കാൻ പറഞ്ഞത് പക്ഷേ അമ്മ പഴം പുഴുങ്ങിയതാ ഉണ്ടാക്കിയത് 

ഞാൻ പഴം പൊരിയല്ലേ ഉണ്ടാക്കാൻ പറഞ്ഞത് 

എടാ അത് പഴം പൊരിയാണ് വേണെങ്കീ തിന്നിട്ട് എണീറ്റ് പോ

ഇതാണോ പഴംപൊരി ?

എനിക്ക് ആകെ അത്ഭുതം  പഴം പൊരിക്ക് അതിനേക്കാൾ അത്ഭുതം ഈശ്വരാ ഞാനാണോ പഴം പൊരിന്ന് പഴം സ്വയം ചോദിക്കുന്ന പോലെ തോന്നി 

പാക്കരൻ ചേട്ടന്റെ ചായക്കടേലത്തെ പഴം പൊരിന്ന് പറഞ്ഞാ സൂപ്പറാ

എന്റെ അമ്മേ ഇത് പഴം പുഴുങ്ങീതാണ് ?

നീ എന്ന്യാ പഠിപ്പിക്കാൻ വരണേ ?

ഇനീം തർക്കിക്കാൻ നിന്നാല് പിന്നെ ജീവിതത്തില് ഉണ്ടാക്കിത്തരത്തില്ല

ഞാൻ കുറേ വാശിപിടിച്ചിട്ട് ഉണ്ടാക്കി തന്നതാ പഴം പൊരി ആന്നും പറഞ്ഞാ ഉണ്ടാക്കി തന്നത് പക്ഷേ പൊരിയില്ല ഏതാണ്ട് പുഴുങ്ങിയ പോലെ അവൻ എന്നെയും നോക്കി കിടപ്പുണ്ട് ,

നിനക്ക് അങ്ങനെ തന്നെ വേണം മര്യാദക്ക്  ഞാനാ കൊലേല്  ഞാന്നു കിടന്നതല്ലേന്നും പറഞ്ഞ് പഴം എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ

ഇത് തിന്നിട്ട് പോവാൻ നിന്നാ  അടിയും  കഴിയും പൂരവും കഴിയും  ആരൊക്കെയാണാവോ ആ ഭാഗ്യവാന്മാർ ?

അടിന്ന് കേട്ടാലേ എനിക്ക് ആവേശം കൂടും  ഞാൻ തന്നെ എന്റെ  ഉള്ളില് ഒരു നാലഞ്ചു പേരെ റ്റിഷും,  ട്ടിഷും ന്ന് പറഞ്ഞ്  ഇടിച്ചിടും.

പക്ഷേ ആരെങ്കിലും നേരിട്ട് വന്നാ ഞാൻ മുണ്ടാണ്ട് നിക്കും എന്റെ ആവേശം ഐസ് പോലെയാവും .

അതെന്താന്നറിയില്ല  ഇതിനെയാവും ചിലപ്പോ പേടിന്ന് പറയണത്?

ഇതെന്റെ ക്ഷമയാണെന്നും പറഞ്ഞാ ഇത്തരം സന്ദർഭങ്ങളിൽ ഞാൻ എന്നെ തന്നെ  ആശ്വസിപ്പിക്കാറ് .

ഇന്നാള് എന്റെ ക്ലാസ്സ് മേറ്റ് ശിവനും ഞാനുമായിട്ട് ഒന്ന് ഒടക്കീതാ 

അവന്റെ മുണ്ടില് ഞാൻ മഷി ഒഴിച്ചൂന്നും പറഞ്ഞ് 

സത്യത്തില് പേന എഴുതാണ്ടായപ്പോ ഞാനൊന്ന് കുടഞ്ഞതാ ഒരു രണ്ടു തുള്ളി മഷി  നിന്നെയിന്ന് തല്ലുകൊള്ളിക്കൂന്നും പറഞ്ഞ് ശിവന്റെ മുണ്ടുമ്മേ പോയിരുന്നു 

അന്നത്തെ ദിവസം കണക്കുമാഷുടെ കൈയ്യീന്ന് ശിവന് കുറെ ചീത്ത കേട്ടതാ അതിന്റെ ആകെ ചൊരുക്കിലാ അവൻ നടക്കുന്നത് തന്നെ 

ഒന്നും രണ്ടും പറഞ്ഞ് ഞങ്ങൾ ഭയങ്കര വഴക്കായി 

നീ എന്റെ മുണ്ടില് മഷി ഒഴിച്ചൂലെടാ തെണ്ടി ന്ന്  ശിവൻ പറയലും ഞാൻ പേന ഒരു കൊടച്ചില് കൊടഞ്ഞതും മാത്രേ എനിക്കോർമ്മയുള്ളൂ .

പാവം പേനയുടെ  ആരോഗ്യസ്ഥിക്ക് അപ്പുറത്തുള്ള ഒരു കുടച്ചിയായിരുന്നു എന്റേത്  ഞാൻ നോക്കുമ്പോ എന്റെ കയ്യിൽ മൂടി മാത്രമുണ്ട് മഷി മുഴുവൻ ശിവന്റെ മുണ്ടിൽ അതോടെ അവന്റെ വെള്ള മുണ്ട് ലുങ്കിമുണ്ടായി മാറി 

മുണ്ടിന് അത് സന്തോഷമായെങ്കിലും ശിവന്റെ മുഖം ഇരുണ്ടു 

അത് ഇരുണ്ടിരുണ്ട് കറുത്ത ശിവൻ ഒന്നുകൂടി കറുത്തു  

ആ ദേഷ്യത്തിൽ  അവൻ  എന്റെ വയറുമ്മേ ഒറ്റ ഇടിയാ

ഞാൻ വളഞ്ഞു പോയി  

എന്റെ കണ്ണിൽ കൂടി ആയിരം പൊന്നീച്ചകൾ ഒരുമിച്ച് പറന്നുപോയി   
അമ്മേ ന്നൊരു  നിലവിളി ഞാൻ പോലും അറിയാതെ  എന്റെ തൊണ്ട വരെ എത്തി 

പക്ഷേ ചുറ്റും പിള്ളേര് നിൽക്കുന്ന  കാരണം ഞാനത് കടിച്ചു  പിടിച്ചു ചവച്ചു  കരഞ്ഞാ നാണക്കേടാവും വെറുതേ കൊരച്ചു ചാടി അവന്റെ അടുത്തേക്ക് പോയാ ഇനീം ഇടി  കിട്ടും. അവനെന്റെ  ഡബിൾ സൈസുണ്ട്  പിന്നെ ഒരു പോന്തനും , മിണ്ടാണ്ട് നിന്നാ കിട്ടിയ ഈ ഇടിയോടെ കാര്യം കഴിയും .

പിള്ളേരാണെങ്കീ  ഞാനിപ്പോ മുണ്ടൊക്കെ വളച്ചു കുത്തി ഒരു ജാക്കിചാനായി മാറി   ശിവന്റെ മേല് ചാടി വീഴുന്ന് വെച്ചാ നിക്കണത്  .

ജാക്കിച്ചാൻ ആവാൻ പോയിട്ട് എനിക്കൊന്ന് നിവരാൻ  പറ്റിങ്ങേ അടുത്ത ഇടി വരുന്നതിനും മുന്നേ ഓടി വീടു പറ്റാമായിരുന്നു

എവിടയെങ്കിലും പോയിരുന്ന്  വാവിട്ട് കരയണന്നുണ്ട് എനിക്ക് അമ്മാതിരി ഇടിയാ കിട്ടിയത്

ദേ ദേഷ്യം കൊണ്ട് പല്ലു കടിക്കുന്നു ഇന്ന് ശിവന്റെ കഥ കഴിയും 

ഞാൻ പല്ലു കടിക്കുന്നത് കണ്ട് ഞങ്ങളുടെ ക്ലസ്സ്മേറ്റ് ശങ്കുവാ  അത് പറഞ്ഞത് 

ഞാൻ കരച്ചില് പുറത്തു വരാതിരിക്കാനായി പല്ലു കടിച്ചു പിടിച്ചിരിക്കുന്നതാണെന്ന് അവർക്കറിയത്തില്ലല്ലോ 

ഈ പരട്ട ശങ്കു എന്നെ വീണ്ടും തല്ലു കൊള്ളിക്കും 

ഈശ്വരാ എന്തൊക്കെ തകർന്നു തരിപ്പണമായാവോ ? ശിവനാണെങ്കീ വീണ്ടും ഇടിക്കാൻ കൈയ്യും ചുരുട്ടി നിൽപ്പുണ്ട് ആ ഇടീം കൂടി  ചോദിച്ചു വാങ്ങണോ ?

അതും കൂടി കിട്ടിയാ പിന്നെ എനിക്ക് നടക്കാൻ കൂടി പറ്റത്തില്ല 

എന്റെ ചെറിയൊരു പ്രകോപനം മാത്രം  മതി ആ ഇടി കൂടി എനിക്ക് കിട്ടാൻ

ഇനി ശങ്കുവിന്റെ വർത്താനം കേട്ട് ശിവൻ കൂടുതൽ  പ്രകോപിതനായി ഞാൻ വീണ്ടും ഇടി വാങ്ങേണ്ടി വരുമോന്നുള്ള പേടിയും എനിക്കുണ്ട്  

നീ എന്നെക്കാളും മൂത്തതായ കാരണം ഒന്നും ചെയ്യുന്നില്ല എന്നും  പറഞ്ഞാ  ഞാൻ വീട്ടിപ്പോയത് .

ഇടക്കിടക്ക് ഞാൻ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ശിവൻ  പിന്നാലെ വരുന്നുണ്ടോന്ന്
 
വാതിലടച്ചിരുന്ന് ഞാൻ കുറച്ചു നേരം വാവിട്ടു കരഞ്ഞു അപ്പോഴാ  എനിക്ക് കുറച്ച്  ആശ്വാസമായത്

കരച്ചില് കേട്ട് അമ്മ വന്നപ്പോ ഞാൻ വയറു വേദനയെടുത്ത് കരഞ്ഞതാന്നാ പറഞ്ഞത് 

ഇത്രേം വല്യ വേദനയോ ?

അത്രേം വല്യ ഇടിയാ കിട്ടിയത്  

ശിവനോടുള്ള ദേഷ്യം മുഴുവൻ ഞാൻ തലയിണമേ തീർത്തു ആ പാവം മിണ്ടാണ്ട് കിടന്ന്  എന്റെ ഇടി മുഴുവൻ  കൊണ്ടു

അതിനിടേലാ ശങ്കു വന്നിട്ട്  ചോദിച്ചേ  

എന്താടാ  നീ ശിവനെ ഇടിക്കാണ്ട് പോന്നെന്ന് ?

അവനിട്ട്  ഒരു ചവിട്ട് വെച്ചു കൊടുക്കാനാ എനിക്ക്  തോന്നീത് ആളെ കൊലക്ക് കൊടുക്കാൻ നടക്കാ,  കൂട്ടുകാരനാത്രേ

ക്ഷമിച്ച കാരണാ ഞാൻ  ശിവനെ തല്ലാതെ വന്നേന്നാ ശങ്കൂനോട് പറഞ്ഞത് 

അതേതായാലും നന്നായീ ഇല്ലെങ്കീ നിന്നെ അവിടന്ന് എടുത്തോണ്ട് വരേണ്ടി വന്നേനേ 

 എടാ വേഗം വാ, സംഗതി ഇപ്പൊക്കഴിയും 

ആരൊക്കെയാ സുകുവേട്ടാ ?

അതൊന്നും എനിക്കറിയത്തില്ല  മീൻകാരൻ മമ്മദാ എന്നോട് പറഞ്ഞേ  മമ്മദും കച്ചോടം നിറുത്തി അടികാണാൻ പോയേക്കാ.

അപ്പോഴാ  ഗൾഫ് കാരൻ ഭാസ്ക്കരേട്ടൻ ഒരു മിന്നായം പോലെ സൈക്കിളില്  പാഞ്ഞ് പോണ കണ്ടത്  എങ്ങോട്ടാന്ന് ചോദിക്കുമ്പോഴേക്കും ആള് പോയി അതിന്റെ എടേല് അടീ ന്നും വിളിച്ചു കൂവീട്ടാ ആള് പാഞ്ഞത് 

ആയ് അടി നടക്കുന്നത് കവലയിലല്ലേ  ? ഇങ്ങേരിത്  വാറ്റുകാരൻ റപ്പായിയുടെ വീട്ടിലേക്കുള്ള വഴീക്കൂടെ ആണല്ലോ പായണത്

പാവം അടീന്ന് മാത്രേ കേട്ടുള്ളൂ എവിടെയാന്ന് കേക്കാൻ നിന്നില്ല .

റപ്പായിയുടെ  വീട്ടിലേക്കുള്ള  വഴീല് ഭാസ്ക്കരേട്ടൻ കുറേ നേരം ഒളിച്ച് നിന്ന് നോക്കീ 

അടീം കാണാനില്ല സൗണ്ടും കേക്കാണ്ടായപ്പോഴാ  ആള് പേടിച്ച് പേടിച്ച്   അകത്തോട്ട്  കേറീത്  അടി കാണാൻ വല്യ ഇഷ്ട്ടാണെങ്കിലും അടി കൊള്ളാൻ ഭാസ്ക്കരേട്ടന് വല്യ പേടിയാ.

ഇന്നാള് ഇതേപോലെ വറീതിന്റെ ഷാപ്പില് അടി നടക്കണൂന്ന്  കേട്ട് ഭാസ്കരേട്ടൻ പാഞ്ഞ് എത്തീതാ  നമ്മടെ പാമ്പ് വേലായുധൻ രണ്ട് പേരെ അടിച്ചിട്ട് ഇനി ആരെ അടിക്കണ്ടേന്നും ചോദിച്ച് നിക്കണേന്റെ എടേലിക്കാ  ഭാസ്ക്കരേട്ടൻ ഓടി ചെന്ന് കേറീത്

നായിന്റെ മോനേ എങ്ങോട്ടാടാ ഓടി വരണേന്നും  ചോദിച്ച്  ഭാസ്ക്കരേട്ടനെ കുനിച്ച് നിറുത്തി ഒരു മൂന്ന് ഇടിയാത്രെ  ഭാസ്ക്കരേട്ടന് ഒന്നും മനസ്സിലായില്ല

എന്റെ അമ്മേ  ന്നും അലറി വിളിച്ചു കരഞ്ഞിട്ടാ ഭാസ്ക്കരേട്ടൻ അന്നോടിയത് .

അടി കാണാൻ വന്നതിനെക്കാളും സ്പീഡിലാ ഭാസ്ക്കരേട്ടൻ  അടി വാങ്ങി ഓടീയത്  നീരാൻ പറ്റാത്ത കാരണം കുനിഞ്ഞിട്ടായിരുന്നു  പാവം വീട് വരെ ഓടീത് .

കുനിഞ്ഞിട്ട് ഒരാള് ഓടി വരുന്നത് കണ്ട  ഭാസ്ക്കരേട്ടന്റെ വളർത്തു നായ  ഡോബർ മാൻ ഡിങ്കു ഭാസ്ക്കരേട്ടനെ പിടിച്ചു കടിച്ചു 

ഇതേതോ ജീവിയാണെന്നും കരുതിയാ  ഡിങ്കു കടിച്ചു പറിച്ചത് ആളെ മനസ്സിലായതോടെ  ഡിങ്കുന് ആകെ ഷെയിമായി കടിച്ചോടത്തന്നെ ഡിങ്കു രണ്ടു നക്ക്  .

പോ ശവമേന്നും പറഞ്ഞ് ഭാസ്ക്കരേട്ടൻ ഡിങ്കൂനെ ഒറ്റ തൊഴി അതും വാങ്ങി ഡിങ്കു വേഗം കൂട്ടിലോട്ട്  കേറിപ്പോയി

നീണ്ടു നിവർന്ന്‌ അടി കാണാൻ പാഞ്ഞ മനുഷ്യനാ ചുരുണ്ട് ഒച്ച് പോലെ ഓടി വന്നതെന്നാ  ശാരദേടത്തി പറഞ്ഞത് 

നിങ്ങടെ സൈക്കിള് എവിട്യാ  മനുഷ്യാ 

അപ്പളാ ഭാസ്ക്കരേട്ടൻ അതോർത്തത്  അടി കിട്ടിയ പരാക്രമത്തില്  സൈക്കിളിടുക്കാൻ മറന്നു 

സൈക്കിളുടുക്കാൻ പോയാ ഇനീം വേലായുധൻ പിടിച്ച് ഇടിക്കോന്നുള്ള  പേടീല്  സൈക്കിളിടുക്കാൻ എന്നെയാ വിട്ടത് .

എനിക്കും നല്ല പേടീണ്ടായിരുന്നു  ഭാസ്ക്കരേട്ടന് വെച്ച ഇടി എന്റെ പുറത്തോട്ടാ വന്നു വീഴാന്നും വിചാരിച്ച്  അത് കാരണം  കവലേല് വെച്ച് ശിവനെ കണ്ടപ്പോ അവനെയാ വിട്ടത്

ശിവനെ,  വേലായുധൻ ഒന്നും ചെയ്യത്തില്ല കാരണം അവൻ വേലായുധേട്ടനെക്കാളും നല്ല സൈസാ തന്നെക്കാളും ആരോഗ്യം കുറഞ്ഞവരോട് മാത്രേ വേലായുധേട്ടൻ റൗഡിത്തരം കാണിക്കൂ 

അന്ന് രാവിലെയായിരുന്നു  ഭാസ്ക്കരേട്ടൻ ഗൾഫീന്ന് വന്നത് 

നിങ്ങള് ഈ ഇടി കൊള്ളാനാണോ ഗൾഫീന്ന് വീമാനോം പിടിച്ച് വന്നേന്നും ചോദിച്ച്  ശാരാധേടത്തി പുറം ഉഴിഞ്ഞു കൊടുത്തൂത്രെ  ഒരാഴ്ച തിരുമ്മീട്ടാ ഭാസ്ക്കരേട്ടനൊന്ന്  നിവർന്നത് .

അത് ഓർമ്മയിൽ ഉള്ള കാരണം ഇപ്രാവശ്യം  ഒന്ന് സൂക്ഷിച്ചിട്ടാ ആള് അകത്തോട്ട്  കേറിയത് 

റപ്പായി താഴെ  കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു  ഭാസ്കരേട്ടൻ കരുതിയത്  റപ്പായി ആരുടേയോ അടി കൊണ്ട് വീണ് കിടക്കുന്നതാണെന്നാ  

അതോ ആളിനി  അടി കൊണ്ട് വടി ആയിപ്പോയൊന്നും  പേടിച്ചോണ്ടാ  ഭാസ്ക്കരേട്ടനൊന്ന്  വിളിച്ച് നോക്കീത് .

പെട്ടെന്ന് ഭാസ്ക്കരേട്ടനെ കണ്ടതോടെ  റപ്പായി  ഒറ്റ ഞെട്ട് അത് കണ്ട് ഭാസ്ക്കരേട്ടനും ഒറ്റ ഞെട്ട് .

എന്താ,  എന്താ?

ആകെ പരാക്രമത്തിലാ റപ്പായി ചോദിച്ചത് 

അടി ന്ന് ഭാസ്കരേട്ടൻ പറയലും 

അയ്യോ ന്നും പറഞ്ഞ് റപ്പായി  ഒറ്റ ഓളി

റപ്പായിയുടെ  വിചാരം ആരോ അടിക്കാൻ വരുന്നതാന്നാ അതോടെ  റപ്പായി ഒറ്റ ഓട്ടം

കൂടെ റപ്പായിയുടെ നായ സുഗുണനും  

റപ്പായിക്ക് അടി കിട്ടുമ്പോഴെക്കെ അതിന്റെ പങ്ക് സുഗുണനും കിട്ടാറുണ്ട്  ആ പേടി വെച്ചാ ആ പാവം ഓടീത്  ഇനി റപ്പായിനെ കിട്ടാണ്ട് അത് മുഴുവനും തനിക്ക് കിട്ടോന്നും സുഗുണന് നല്ല പേടീണ്ടായിരുന്നു 

പിന്ന്യാ റപ്പായിക്കും ഭാസ്ക്കരേട്ടനും സുഗുണനും മനസ്സിലായത് അടി ഇവിടല്ലെന്ന്

ഞങ്ങള് ഇറങ്ങാൻ നിക്കുമ്പോഴേക്കും ഭാസ്ക്കരേട്ടന്റെ സൈക്കിളും ഭാസ്ക്കരേട്ടനും കവലയിലോട്ട് പറന്നു പോകുന്നു  കൂടെ വാറ്റുകാരൻ റപ്പായുമുണ്ട്  അതിനു  പിന്നാലെ സുഗുണനും . 

എന്നെ കണ്ടപ്പോ  ഓടുന്നതിന്റെ ഇടയിൽകൂടി സുഗുണൻ  ഒരു കുര   പിന്ന്യാ അവന് ആളെ മനസ്സിലായത് അതോടെ അവൻ ഓട്ടത്തിന്റെ സ്പീഡ് ഒന്നുകൂടി കൂട്ടി

നീ വേഗം വാ ഇല്ലെങ്കി അടിയിപ്പോ കഴിയും    

സുകൂനും അടീന്ന് കേട്ടാ ഭയങ്കര ആവേശാ  പഴേ റൗഡിയല്ലേ.

ഇതൊന്ന് കുടിക്കട്ടേ സുകുവേട്ടാ 

നീ അത്  ഇങ്ങട് തന്നേന്ന് പറയലും സുകു ആ ഗ്ലാസ്സ് വാങ്ങി ഒറ്റ വലി

എന്റമ്മേ ന്നൊരലർച്ച.

തിണ്ണേമ്മേ ഉറങ്ങിക്കിടന്ന്  സ്വപ്നം കാണായിരുന്ന  മണികണ്ഠൻ പൂച്ച  ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഒറ്റ ഓട്ടം   ദാ  കിടക്കുന്നൂ  തലയും കുത്തി താഴേ

പാവം മണികണ്ഠൻ, താഴെ കിടന്ന് ഒറങ്ങാന്നുള്ള വിചാരത്തിലാ  ഓടിയത്
തിണ്ണേമ്മേൽ കിടാക്കാന്നുള്ള ഓർമ്മ ആ പാവത്തിന് ഇല്ലാണ്ട് പോയി

എന്താ സംഭവിച്ചേന്ന് അവനൊന്നും മനസ്സിലായില്ല  കുറച്ചു ദൂരം ഓടിയിട്ട്  മണികണ്ഠൻ ആകെ പകച്ചു ചുറ്റും  നോക്കാ  

എന്തിനാ ഞാൻ ഓടിയത്? 

എങ്ങിന്യാ ഞാൻ വീണത് ? 

ഞാൻ തന്നെ ആരാ ?

അടപ്പുത്തൂന്ന് എറക്കി രണ്ടു മിനിറ്റായിട്ടുള്ള ചായയായിരുന്നു അതെടുത്താ ആവേശത്തില്  സുകു വായിലേക്ക് കമിഴ്ത്തിയത് 

സുകൂന്റെ ആ അലർച്ച കേട്ട് ചായ വരെ ഞെട്ടി ചായ ഞെട്ടീതല്ലേന്നും  വിചാരിച്ച് പഴംപൊരിയും ഒന്ന് ഞെട്ടി .

സുകൂന്റെ ഓളി കേട്ടാ അമ്മ  പുറത്തേക്കോടി വന്നത് 

അമ്മയുടെ ആ  വരവ് കണ്ടതോടെ സുകു വേഗം  മുറ്റത്തേക്കിറങ്ങി നിന്നു 

സുകൂന്റെ കണ്ണീന്ന്  കുടു കുടാന്നും പറഞ്ഞാ വെള്ളം ഒഴുകുന്നേ   പാവത്തിന്റെ അണ്ഡകടാഹം വരെ പൊള്ളിപ്പോയി.

നിനക്കൊന്ന് പറയായിരുന്നു   

സുകു കരഞ്ഞോണ്ടാ അതെന്നോട്  ചോദിച്ചത് 

എന്തിനാടാ അവൻ കരയുന്നേ ?

സുകു എന്നെ നോക്കി പറയല്ലേന്ന് കൈകൊണ്ട് കാണിച്ചു 

ചായ എടുത്തു കുടിച്ചൂന്ന് അമ്മ അറിഞ്ഞാ അഭിമാനം പോവും.


കണ്ണിലൊരു  കരട് വീണതാ

ഒരു കരട് വീണതിനാണോ അവൻ  ഇങ്ങനെ കിടന്ന് കാറിയത് കേട്ടാ ഏതാണ്ട് മരം വീണതാണെന്ന് തോന്നൂലോ  

ആ ചായ കുടിച്ചതോടെ സുകുവിന്റെ ആമാശയം ഒരു മൂന്നു ദിവസത്തേക്ക് നിരാഹാരം പ്രഖ്യാപിച്ചു അമ്മാതിരി ചൂടു ചായായായിരുന്നു സുകു ഒറ്റ വലിക്ക് അകത്താക്കിയത്  ഇനി ചായാന്ന് കേട്ടാ സുകുവിന്റെ ആമാശയം ഇറങ്ങിയോടും.

ബർണോള് വേണോ സുകേട്ടാ ?

എന്തിനാ തിന്നാനാ ?

സുകു എന്നെ രൂക്ഷമായിട്ടാ നോക്കിയത് ഞാനത്  സീരിയസ്സായിട്ട് പറഞ്ഞതാ  പിന്നെയാ ഓർത്തത്  ബർണോൾ  തേക്കാൻ പറ്റാത്തോടത്താണല്ലോ പൊള്ളീത്  വേണങ്കി കുറച്ച് വിഴുങ്ങിക്കോ സുകേട്ടാ .

അടി കാണാൻ പോകുന്നിടത്തേക്ക് ഞാനാണ്  സൈക്കിള് ചവിട്ടുന്നേ .

ചായ കുടിച്ചതോട് കൂടി സുകു ആകെ തളർന്നു  എന്നാലും ആ പഴം പൊരിയെടുത്ത്  പിടിച്ചിട്ടുണ്ട്  എനിക്കത്  തിന്നണമെന്ന് ഉണ്ടായിരുന്നു അപ്പഴക്കും സുകുവത്  ചാടിപ്പിടിച്ചു .

ആയ്‌ പഴം പുഴുങ്ങിയത്

എന്റെ സുകുവേട്ടാ അത് പഴം പൊരിയാണ് 

അത്  പഴം പൊരിയാണെന്ന് ഞാൻ ആണയിട്ട് പറഞ്ഞിട്ടും സുകൂന് വിശ്വാസം വരണില്ല അല്ല സുകുവിനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആദ്യമായിട്ടാ ഇത്തരത്തിലൊരു പഴംപൊരി മാലോകര് കാണുന്നത്  

പഴം ആണെങ്കീ ഞാൻ പഴം പുഴുങ്ങിയത് തന്ന്യാന്നും പറഞ്ഞാ നിൽക്കുന്നത് 

വേഗം ചവിട്ട്

അടി കാണാനുള്ള ആവേശത്തില് ഞാൻ എഴുന്നേറ്റ് നിന്നാ സൈക്കിള് ചവിട്ടുന്നത് 

അതിനിടയിൽ ഗൾഫ് കാരൻ ഭാസ്കരേട്ടൻ അമ്പലപ്പറമ്പിന്റെ ഭാഗത്തൂടെ  പാഞ്ഞു വരുന്നു  കൂടെ വാറ്റുകാരൻ റപ്പായും  പിന്നാലെ സുഗുണനുമുണ്ട്

അമ്പലപ്പറമ്പിലാണ് അടി നടക്കുന്നതെന്നും വിചാരിച്ച് അങ്ങോട്ട് പോയിട്ടാ പാഞ്ഞു  വരുന്നത് . 

എന്നെ കണ്ടപ്പോ സുഗുണൻ വീണ്ടും കുരക്കാൻ നോക്കീതാ അപ്പഴക്കും ആളെ മനസ്സിലായി വെറുതേ ആ കുര വേസ്റ്റ് ആക്കണ്ടന്നു കരുതി റപ്പായിയെ  നോക്കി കുരച്ചു.

പിന്ന്യാ സുഗുണന് അത് ഓണറാന്ന് മനസ്സിലായത് അതോടെ സുഗുണൻ ഞെട്ടി  

ഭാഗ്യം റപ്പായി ചേട്ടൻ കേൾക്കാത്ത കാരണം സുഗുണൻ രക്ഷപ്പെട്ടു


ഓടി ഓടി സുഗണൻ വയ്യാണ്ടായി അടി എത്തണ സ്ഥലം ആവുമ്പോഴേക്കും സുഗുണന്റെ കാറ്റ് പോവൂന്നാ തോന്നണേ

നല്ല സ്പീഡില് ഞാനങ്ങനെ കത്തിച്ച് വിടാ   സൈക്കിളിന്റെ ചങ്ങല പൊട്ടാറായതാന്ന് ആ മഹാപാപി സുകു എന്നോട് പറഞ്ഞില്ല .

സുകൂന്റെ അപ്പൻ തോമേട്ടന്റെ കാലത്തെ സൈക്കിളാ അത് അപ്പന്റെ ഓർമ്മ ആണെന്നും പറഞ്ഞാ സുകുവത്  കൊണ്ട് നടക്കുന്നത് 

ഇടക്കിടക്ക്  സൈക്കിളിനിട്ട് ഓരോ  ചവിട്ടും സുകു കൊടുക്കും ഭാഗം വെക്കുമ്പോ തന്നെ പറ്റിച്ചൂന്നും പറഞ്ഞാ തോമേട്ടന് പകരം സൈക്കിളിനിട്ട് താങ്ങുന്നത് 

ഞങ്ങളുടെ വേഗത നൂറാ നൂറിലായി .

ഞങ്ങളെക്കാൾ ആവേശത്തിലാ  സൈക്കിൾ പായുന്നത്  അവൻ അവന്റെ ആരോഗ്യസ്ഥിതിയൊക്കെ മറന്നു  .

ബണ്ടായി, ബണ്ട് കഴിഞ്ഞാ കവലയും.

ബണ്ടിന്റെ അങ്ങേ അറ്റത്തുള്ള  ഷാപ്പീന്ന് അവറാൻ ചേട്ടൻ അന്നത്തെ ക്വോട്ട  കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നുണ്ട് .

ഇന്ന്  ഡബിള് ആണെന്നാ തോന്നുന്നത് കാരണം  അവറാൻ ചേട്ടൻ ചെറുതായി ബ്രേക്ക് ഡാൻസ് കളിക്കുന്നുണ്ട് .

ഞാനങ്ങനെ നൂറാ നൂറില് പെടക്കാ ക്ടിം ന്നൊരു സൗണ്ട് കേട്ടു  പിന്നെ എനിക്കൊന്നും ഓർമ്മയില്ല  

സൈക്കിളിന്റെ ചങ്ങല പൊട്ടി .

നിന്നുകൊണ്ട്  ആഞ്ഞ് ചവിട്ടല്ലേ  പെട്ടെന്ന് ചങ്ങല പൊട്ടിയാ എന്താണ്ടാവാ ക്ലുഡും .. ന്ന സൗണ്ടോടെ  സൈക്കിളിന്റെ മുന്നിലെ തണ്ടുമ്മേ   പോയിരുന്നത്  മാത്രം എനിക്കോർമ്മയുണ്ട് .

ജീവിതത്തില് അന്നുവരെ  വിളിക്കാത്ത അത്ര വല്യേ  നിലവിളിയാ എന്റെ ഉള്ളീന്നും പുറത്തേക്ക് വന്നത്.

എന്റെ നിലവിളി കേട്ട് ഞെട്ടി സുകു കൈ അമർത്തിപ്പിടിച്ചതാ  പഴം പൊരി രണ്ട് കഷ്ണമായി  താഴെപ്പോയി .

ടാ ..,പഴം പൊരി പോയി 

ഈശ്വരാ ഏത് പഴം പൊരി ആണാവോ താഴെപോയത്

വേദനോണ്ട് എന്റെ രണ്ടു കാലും  മേൽപ്പോട്ടായിട്ടാ ഇരിക്കണത്  .

ചങ്ങല പൊട്ടീതൊന്നും സൈക്കിള് അറിഞ്ഞിട്ടില്ല അവൻ നൂറാ നൂറിലെന്നെ പറക്കാ ബണ്ടിനാണെങ്കീ  ചെറിയൊരു ഇറക്കം കൂടിയുണ്ട് അതു കാരണം  സൈക്കിള് നൂറും കടന്ന് നൂറ്റി അമ്പതിലാ ഇപ്പൊ പായണത്. 

ഏതാണ്ട് റേസിന് പോണ പോലത്തെ ആവേശത്തിലാ അവൻ

സൈക്കിളിന്റേയും  ഞങ്ങളുടേയും  വരവ് കണ്ടപ്പോഴെ അവറാൻ ചേട്ടന്  എന്തോ ഒരു പന്തികേട് തോന്നുന്നുണ്ട്  ആള് അങ്ങട് ഓടണോ അതോ  ഇങ്ങട് ഓടണോ എന്ന് ശങ്കിച്ചു നിക്കാ   സൈക്കിളിന് ആണെങ്കീ സ്പീഡ് കൂടിക്കൊണ്ടിരിക്കാ , എനിക്കാണെങ്കീ ബ്രേക്ക് പിടിക്കണന്നുണ്ട്  പക്ഷേ വേദനകൊണ്ട് എന്റെ ഒരു വിരല് പോലും അനങ്ങുന്നില്ല  അവറാൻ ചേട്ടന് എങ്ങടാ മാറേണ്ടെന്ന് പിടത്തില്ല്യാണ്ട്‌ റോഡില് നിന്ന് തിരുവാതിര കളിക്കാ .

ഞാൻ വലത്തോട്ട് വെട്ടിക്കുമ്പോ അവറാൻ ചേട്ടൻ  അങ്ങോട്ട്  ചാടും. അപ്പൊ ഞാൻ ഇടത്തോട്ട് വെട്ടിക്കും അപ്പൊ   അവറാൻ ചേട്ടൻ ഇടത്തോട്ട് ചാടും.

അവറാൻ ചേട്ടനാണെങ്കീ  അങ്ങാടും  ഇങ്ങാടും ചാടിക്കൊണ്ടിരിക്കാ  ഇങ്ങട് ചാടുമ്പോ ഞാൻ അങ്ങട് വെട്ടിക്കും അപ്പൊ അവറാൻ ചേട്ടൻ അങ്ങട് ചാടും അപ്പൊ ഞാൻ ഇങ്ങട് വെട്ടിക്കും .

വേദന എടുക്കുന്നുണ്ടെങ്കിലും  അവറാൻ ചേട്ടനെ ഇടിക്കാണ്ടിരിക്കാൻ  ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്  പക്ഷേ  ഞാൻ എങ്ങോട്ട് ഹാൻഡിൽ വെട്ടിച്ചാലും  അവറാൻ ചേട്ടൻ  അങ്ങോട്ടെക്കെന്നെ ചാടും  

ഈ മനുഷ്യന് ഒരു സ്ഥലത്ത് തന്നെ നിന്നാപ്പോരേ ?

പാവം സൈക്കിള് ഇടിക്കാതിരിക്കാൻ  അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നതാണെന്ന് എനിക്കറിയാം അല്ലാതെ എന്നെ ഇടിക്കാനെന്നും പറഞ്ഞ് സൈക്കിളിന്റെ മുന്നിലോട്ട് ചാടത്തില്ലല്ലോ  . 

അതിനിടയിൽ  അവറാൻ ചേട്ടൻ കർത്താവിനേം വിളിക്കുന്നുണ്ട്

എന്റെ കർത്താവേ എന്നെ കാത്തോണേ ഒരു കുപ്പീം കൂടി കുടിച്ചിട്ട് ഇറങ്ങിയാ മതിയായിരിന്നു 

മാറ് അവറാൻ ചേട്ടാ  മാറ്ന്ന്  ഞാൻ സൈക്കിളിലിരുന്ന് തല കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട് .

ബ്രേക്ക് പിടിക്കെടാന്ന് സുകു പുറകിലിരുന്ന് അലറുന്നുണ്ട്  

എനിക്കാണെങ്കീ  വേദനകൊണ്ട് ബ്രേക്ക് പോയിട്ട് ഒന്ന് മിണ്ടാൻ തന്നെ പറ്റുന്നില്ല  വീണ വീഴ്ച്ചയിൽ എന്റെ എല്ലാം തന്നെ തകർന്ന് തരിപ്പണമായെന്നാ  തോന്നണെ  എന്തൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് സൈറ്റ് വിസിറ്റ് നടത്തിയാലേ  മനസ്സിലാവത്തുള്ളൂ  .

അങ്ങിനെ അത് സംഭവിച്ചു

അയ്യോ, അയ്യോ, അയ്യയ്യോ  

മൂന്ന് കണ്ഠങ്ങളിൽ നിന്ന് മൂന്ന് അലർച്ചകൾ  അവസാനത്തെ അയ്യയ്യോ അവറാൻ ചേട്ടന്റെ ആയിരുന്നു .

അവസാന കൈക്ക്  അവറാൻ ചേട്ടൻ ചാട്ടം നിറുത്തി ഒന്ന് ഓടാൻ നോക്കീതായിരുന്നു  പക്ഷേ അപ്പോഴേക്കും  ഇടി കഴിഞ്ഞു

എന്റെ ഇശ്വോയേ  ന്ന് അവറാൻ ചേട്ടൻ  ഒരു വിളി കൂടി നീട്ടി വിളിച്ചു .

അവറാൻ ചേട്ടൻ ഒറിജിനൽ ഈശോയെ വിളിച്ചത് 

ഷാപ്പില് ഞണ്ട് തിന്നോണ്ടിരിക്കായിരുന്ന  ഈനാശു ചേട്ടൻ അത് കേട്ട് എന്തോ ന്ന് ചോദിച്ചു .

എന്താ ?

തൊട്ടപ്പറത്തിരുന്ന  കണാരേട്ടൻ  ഈനാശു ചേട്ടനെ നോക്കി ചോദിച്ചു

എന്താ ?

എന്ത് ?

ഇവനൊരു കണാരൻ തന്നെയാണെന്ന് ഈനാശു ചേട്ടൻ മനസ്സിൽ പറയേം ചെയ്തു 

വിളിച്ചോ കുണാരാ  

ഞാൻ വിളിച്ചില്ല 

ആയ് ആരപ്പോ  എന്നെ  വിളിച്ചേ ? ഈനാശു ചേട്ടൻ പ്ലേറ്റിലിരിക്കണ ഞണ്ടിനെ നോക്കി  ഇനി ഞണ്ട് വിളിച്ചതാവോ ?

ഞണ്ട് ,  തവള പിടിത്തക്കാരൻ സുപ്രുനെ പ്രാവി കിടക്കായിരുന്നു  അടുത്ത ജന്മത്തില് നീ ഒരു ഞണ്ടാവുടാ തെണ്ടി

ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോ അവറാൻ ചേട്ടൻ സൈക്കിളിന്റെ മുന്നിലെ മഡ്ഗാഡിൽ എന്നേയും നോക്കി കണ്ണും തുറിപ്പിച്ച് ഹാൻഡിലും പിടിച്ചിരിപ്പുണ്ട് .

ഇടിയുടെ ആഘാതത്തിൽ അവറാൻ ചേട്ടന്റെ മുൻഭാഗം മുഴുവനും തകർന്നു പോയിക്കാണണം  ആ വേദന കൊണ്ടാവണം കണ്ണ് രണ്ടും പുറത്തേക്ക് തള്ളി നിൽക്കണത് അതിനി പുറത്തേക്ക് കൊഴിഞ്ഞു വീഴാവോ ?

മൂന്നുപേരും ദാ കിടക്കുന്നൂ പാടത്തെ ചേറിൽ  അവറാൻ ചേട്ടൻ കുടിച്ച കള്ളെല്ലാം ആവിയായിപ്പോയി  .

ടാ  മൈ  ന്നും വിളിച്ചോണ്ട്  അവറാൻ ചേട്ടൻ അരേലിരുന്ന കള്ള് ചെത്തണ കത്തിയെടുത്ത് അലറിയതാ  പിന്നെ എന്റെ മൊഖം കണ്ടപ്പോ അവറാൻ ചേട്ടൻ  ആ ''മൈ  '' വഴി തിരിച്ചു  മോനാക്കി ..

എന്തിനാ മോനേ എന്നെ കൊല്ലാൻ നോക്കീത്  ?

ചങ്ങല പൊട്ടീതാ  അവറാൻ ചേട്ടാ

ചങ്ങല പൊട്ടിയതിന്  എന്തിനാടാ എന്നെ കൊല്ലാൻ നോക്കണത് ?

അവറാൻ ചേട്ടന് വല്ലതും പറ്റിയോ ? 

ഞാൻ നിഷ്കളങ്കമായിട്ടാ ചോദിച്ചത്

ഇതേ കൂടുതല് വല്ലതും പറ്റണോന്നും ചോദിച്ച് അവറാൻ ചേട്ടൻ മുണ്ട് പൊക്കിക്കാണിച്ചു

ഛേ എന്താത്

തെങ്ങ് ചെത്താൻ പോവുമ്പോ അരേല് കെട്ടണ തോർത്തു മുണ്ട് പോലത്തെ ഒരു സാധനമുണ്ട് അത് കീറിയതാ അവറാൻ ചേട്ടൻ എനിക്ക് കാണിച്ച് തന്നത് .

അത് തെങ്ങ് ചെത്ത് കാരുടെ ഒരു പാരമ്പര്യ വേഷാ അതും ചുറ്റി ''എ '' പടത്തിന്റെ പോസ്റ്ററ് പോല്യാ നടക്കത്തുള്ളൂ .

ഒരു വിധത്തിൽ കവലയിൽ എത്തുമ്പോഴേക്കും ഇടിയുടെ പൂരം കഴിഞ്ഞിരുന്നു   ഇടികിട്ടിയ ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ
 ചായക്കടേടെ തിണ്ണയിലിരുന്ന് മോങ്ങുന്നുണ്ട്  കണ്ടാലറിയാം  നല്ല ഇടി കിട്ടിയിട്ടുണ്ടെന്ന് .

അന്നമ്മ ചേടത്തി  പൊറം ഉഴിഞ്ഞു കൊടുക്കുന്നുണ്ട് .

റോമു ആണെങ്കീ നെഞ്ചും വിരിച്ച് വാലാട്ടി നിപ്പുണ്ട്  

ഇനി പാക്കരൻ ചേട്ടനെ ആരെങ്കിലും തൊട്ടാ തൊട്ടവനെ  കടിച്ചു കീറുംന്ന് പറഞ്ഞാ അവന്റെ നിപ്പ് .

ഇത് കണ്ടപ്പോ പാക്കരൻ ചേട്ടന് ഒന്നുകൂടി കലികയറി  നന്ദിയില്ലാത്ത നായ  ഇപ്പൊ വന്ന് നിക്കണ കണ്ടില്ലേ  ? തിന്നാൻ മാത്രം കൊള്ളാം മൂർഖൻ രാജൻ വന്നിടിക്കുന്ന സമയത്ത് ഒളിച്ചിരിക്കാരുന്നു.

സത്യത്തിൽ പാക്കരൻ ചേട്ടന്റെ ഓളി കേട്ടപ്പോ റോമു ഓടിവന്ന് കൊരക്കാൻ നോക്കിയതാ  പക്ഷേ ഇടിക്കുന്ന ആളുടെ മുഖം കണ്ടതോടെ  ആ കോരയെ  ഒരു ചുമയായി റോമു പുറത്തേക്ക് വിട്ടു .

മൂർഖനെ കണ്ടതോടെ റോമു വെറുതേ വാലാട്ടി നിന്നു .

ഏതായാലും  പാക്കരൻ ചേട്ടനെ  മൂർഖൻ പഞ്ഞിക്കിടും  വെറുതെ കുരക്കാൻ  പോയി മൂർഖന്റെ ഇടി ചോദിച്ചു വാങ്ങണോ ? 

എന്നും കഞ്ഞീം ചമ്മന്തീം തരുന്ന ഇയാൾക്ക് വേണ്ടി വെറുതെ രക്തസാക്ഷിത്വം വരിക്കണോ ?

അതോടെ റോമു പതുക്കെ ആ ഏരിയെന്ന് മുങ്ങി  ഇത് പാക്കരൻ ചേട്ടൻ കണ്ടിരുന്നു ഇപ്പോ മൂർഖൻ പോയിക്കഴിഞ്ഞപ്പോഴാ റോമൂന്റെ ഈ നെഞ്ചു വിരിച്ചുള്ള അഭ്യാസപ്രകടനം.

ഈശ്വരാ മൂർഖൻ രാജനാണോ പാക്കരൻ ചേട്ടനെ ഇടിച്ചത്  ? 

മൂർഖൻ രാജൻ വല്യ റൗഡിയാ  അവൻ എന്തിനാണാവോ ഈ പാവത്തിനെ ഇടിച്ചത് .
                    
രാജൻ ഒരു ദിവസം രണ്ടെണ്ണം വിട്ട് വരുമ്പോ  മൂർഖൻ  കടിച്ചൂത്രേ  രാജനല്ലേ  തിരിച്ച് കടിക്കില്ലാന്ന വിചാരത്തിലാ മൂർഖൻ കടിച്ചത്  അപ്പത്തന്നെ രാജൻ മൂർഖനെ പിടിച്ച് തിരിച്ചു കടിച്ചു  ആ കടിയിൽ  മൂർഖൻ ഞെട്ടി.

മൂർഖന്റെ ലൈഫിലെ ആദ്യ സംഭവവായിരുന്നു അത്  സാധാരണ ആൾക്കാര്  മൂർഖൻന്ന്  കേൾക്കുമ്പോഴേക്കും പേടിച്ചു വിറച്ച് മൂത്രമൊഴിച്ച് വീണ് ചാവാറാ പതിവ്  ആ കോൺഫിഡൻസിലാ മൂർഖൻ രാജനെ കടിച്ചത്  മൂർഖനേക്കാളും വല്യ മൂർഖനാന്നും പറഞ്ഞാ രാജൻ തിരിച്ചു  കടിച്ചത് രാജന്റെ കടികൊണ്ട മൂർഖൻ ഓൺ ദി സ്പോട്ടില് ഔട്ടായിത്രേ .

വേറെ ചിലര് പറയുന്നത്  ഇത് രാജൻ തന്നെ  ഉണ്ടാക്കിയ കഥയാണെന്നാ   അന്ന്  രാജനെ കടിച്ചത് ഏതോ നീർക്കോലി ആയിരുന്നു  രാജൻ പറഞ്ഞു പരത്തിയതാ അത് മൂർഖനാന്ന് .

രാജൻന്ന പേര് ഒരു റൗഡിക്ക് ചേർന്നതല്ല ഒരു വെയ്റ്റില്ല  

ദേ  രാജൻ റൗഡി വരുണൂന്ന് പറഞ്ഞാ ആൾക്കാര് ചിരിക്കും  അതിനൊരു കടുപ്പം കിട്ടാൻ വേണ്ടിയിട്ടാ നീർക്കോലിയെ മൂർഖനാക്കിയത് 

അല്ല ചേട്ടത്തി എന്തിനാ പാക്കരൻ ചേട്ടനെ  മൂർഖൻ ഇടിച്ചത്?

ബോണ്ടാ എന്താ ഉരുണ്ടിരിക്കണേന്നും ചോദിച്ചാ ഇടിച്ചത് മോനേ  ഞാൻ അവന്റടുത്ത്  കരഞ്ഞ് പറഞ്ഞതാ

ബോണ്ടാ ഉരുണ്ടിട്ടല്ലേ  ഇരിക്കാ എന്റെ രാജാ ? 

അപ്പൊ അവനു പരന്ന് ഇരിക്കണ ബോണ്ട വേണത്രെ

പരന്നിരിക്കണ പരിപ്പു വട മതിയൊന്ന് ഞാൻ  ചോദിച്ചതാ

അപ്പോ കളിയാക്കാണോന്ന് ചോദിച്ച് അവൻ എന്നെ ഇടിച്ചു

അവന് പരന്നിരിക്കണ  ബോണ്ട തന്നെ  വേണത്രെ

പരന്നിരിക്കണ  ബോണ്ട  വേണെങ്കീ ഞാൻ  പരത്തി ഉണ്ടാക്കിത്തരാന്ന് പറഞ്ഞതാ  മോനേ

അപ്പൊ അവന് ഈ ബോണ്ട തന്നെ പരന്ന് വേണന്ന് .

ചപ്പാത്തി  കുഴ വെച്ച് ഞാനാ  ബോണ്ട അവന് പരത്തിക്കൊടുത്തു  അപ്പൊ അത് പൊട്ടിപ്പോയെന്നും പറഞ്ഞിട്ടാ ഈ കാസരോഗിയായ എന്നെ  വീണ്ടും, വീണ്ടും  ഇട്ട്  ഇടിച്ചത്.

ഇപ്പൊ എനിക്ക് കാര്യം മനസ്സിലായി ഇത് ബോണ്ടയുടേയും പരിപ്പുവടയുടെയും കുറ്റമല്ല പാക്കരൻ ചേട്ടന് അന്ന് ഇടി കിട്ടണമെന്ന് ഒരു യോഗം ഉണ്ടായിരുന്നു അതു നടന്നു 

അല്ലെങ്കി ലോകത്തില്ലാത്ത കാര്യോം പറഞ്ഞ് ഒരു കാരണം ഉണ്ടാവോ 

പാക്കരൻ ചേട്ടന്റെ ഒപ്പം പാക്കരൻ ചേട്ടന്റെ കാസരോഗം കൂടി കരയുന്നുണ്ട്   പാവം അതിനും നല്ല  ഇടികിട്ടി .

രണ്ടുപേരും ഒരുമിച്ചു കരയുന്ന കാരണം പാക്കരൻ ചേട്ടൻ പറയുന്നതൊന്നും തിരിയുന്നില്ല  പാക്കരൻ ചേട്ടന്  വലിവിന്റെ അസുഖം ഉള്ളതാ ഇടി കിട്ടിയതോടെ അതങ്ങ് കൂടി കൂടാതെ പാക്കരൻ ചേട്ടൻ പേടി കൊണ്ട് വിറക്കുന്നുമുണ്ട്  ചോദിച്ചപ്പോ പറഞ്ഞത് ദേഷ്യം കൊണ്ട് വിറക്കുന്നതാന്നാ   അത് കാരണം ആകെ ഒരു വിസില് ശബ്ദം മാത്രേ പുറത്തേക്ക് വരുന്നുള്ളൂ .

എന്തെങ്കിലും  പറയാൻ തുടങ്ങുമ്പോ അപ്പൊ  വലിവ് വരും  ആ വലിവിന്റെ എടെക്കൂടിയും പാക്കരൻ ചേട്ടൻ പറയാൻ ശ്രമിക്കുന്നുണ്ട് 

പക്ഷേ പറ്റുന്നില്ല 

പിന്നെ അന്നമ്മ ചേടത്തിയാ  വിശദീകരിച്ച് തന്നത് .

എന്റെ പഴേ കാലത്താണെങ്കീ 

പാക്കരൻ ചേട്ടൻ വിക്കീട്ടാ പറഞ്ഞത്

നിങ്ങടെ പഴേ കാലത്താണെങ്കീ ഓടാനെങ്കിലും പറ്റിയേനേ 

ചേടത്തീടെ ആ വർത്താനം പാക്കരൻ ചേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല

നിനക്ക് കാണണോടി  അവനെ ഞാനിന്ന് കൊല്ലും ന്ന് പറഞ്ഞ് പാക്കരൻ ചേട്ടൻ  ഒറ്റ ചീറല്.

പാക്കരൻ ചേട്ടൻ ഏതാണ്ട് പുലി പോല്യാ ചീറണത്  പക്ഷേ വിചാരിക്കുന്ന  പോലെ ശബ്ദം  പുറത്തേക്ക് വരുന്നില്ല 

ശൂ ..,ശൂ ന്നും പറഞ്ഞ്  ആരോ സ്വകാര്യത്തില് വിളിക്കാണന്നേ തോന്നൂ  .

നിങ്ങളാ ഉള്ള ജീവൻ കൂടി പുറത്തേക്ക് ഊതിക്കളയണ്ടാ  മനുഷ്യാ  കിട്ടീതൊന്നും പോരേ    ഇനീം പോയി അവന്റെ ഇടി വാങ്ങിക്കൂട്ടണോ?  ഇപ്പൊ ജീവനെങ്കിലും ബാക്കിയുണ്ട്  ഇനി അതും കൂടി കളയാൻ നിക്കണ്ടാ .

അല്ല മക്കളെ ചായ ഗ്ലാസ്സ്  പിടിക്കാൻ തന്നെ വയ്യ  എന്നിട്ട്  കൊല്ലാൻ നടക്കാ

പാക്കരൻ ചേട്ടന് ആകെ ഷെയിമായി .

ദേ മൂർഖൻ രാജൻ വീണ്ടും വരുന്നൂ 

ഈശ്വരാ അവനെന്നെ ഇടിച്ചത് മതിയായില്ലേ ന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ അകത്തേക്കോടി  കൂടെ വലിവും അതിനും മുന്നേ അന്നമ്മ ചേടത്തി അടുക്കളയിലോട്ട് ഓടി

നെഞ്ചും വിരിച്ചു നിന്ന റോമു  ഒന്നും അറിയാത്ത പോലെ പതുക്കെ മുങ്ങി

മൂർഖൻ രാജൻ എന്നെ നോക്കി കണ്ണുരുട്ടി

എന്താടാ ?

ചായ കുടിക്കാൻ വന്നതാ മൂർഖേട്ടാ  പറഞ്ഞു കഴിഞ്ഞാ എനിക്ക് അബദ്ധം മനസ്സിലായത്   സോറി രാജേട്ടാ

എന്നിട്ട് ചായ എവിടെ ?,

കുടിച്ചു

കുടിച്ച ചായ എവിടെ ?

ഈശ്വരാ കുടിച്ച ചായ എവിടെന്നോ ?

ഉത്തരം പറഞ്ഞില്ലെങ്കീ മൂർഖൻ ഇടിക്കും ഞാൻ സുകൂനെ നോക്കി സുകു കൂടെയുള്ളതാണ്  ആകെയൊരു  ധൈര്യം .

പഴേ  റൗഡിയല്ലേ  ഞാൻ തിരിഞ്ഞു  നോക്കി  പക്ഷേ സുകൂന്റെ പൊടി പോലുമില്ല മൂർഖന്റെ വരവ് കണ്ടപ്പോഴേ സുകു മുങ്ങി

എന്നിട്ട് കുടിച്ച ചായ എവിടെടാ ?

ഞാൻ വയറ് തൊട്ടു കാണിച്ചു .

പേര് പറയെടാ  മൂർഖൻ ഒറ്റ  ചീറ്റല്

വയറിലാ  രാജേട്ടാ 

നിന്റെ വയറ് ചായ കുടിക്കോ ?

ഞാൻ കുടിച്ചേപ്പോ വയറില് പോയതാ രാജേട്ടാ 

ദൈവമേ  ഇടി കാണാൻ വന്ന് ഇടിയും വാങ്ങിക്കൊണ്ട് ഓടേണ്ടി വരുമോ ?  ചായ കുടിച്ച് പഴം പൊരിയും തിന്ന് വീട്ടിലിരുന്നാ മതിയായിരിന്നു

ചങ്ങല പൊട്ടിയ സൈക്കിള് അവിടെ വെച്ച്  ഞാൻ ഓടി  വേണെങ്കീ മൂർഖൻ സൈക്കിളിനെ ഇടിച്ചോട്ടേ .

അപ്പഴാ  ഗൾഫ്കാരൻ ഭാസ്ക്കരേട്ടൻ മിന്നായം പോലെ പാഞ്ഞ് വരുന്ന കണ്ടത്  കൂടെ റപ്പായും പിന്നാലെ  സുഗുണനും.

എവിടെ അടി ? എവിടെ അടിന്നും ചോദിച്ചാ ഭാസ്ക്കരേട്ടൻ സൈക്കളീന്ന്  ചാടി ഇറങ്ങീത് .

ഭാസ്കരേട്ടൻ സൈക്കിള് നിറുത്താണ്ട ചാടി ഇറങ്ങീത്  പിന്നില് റപ്പായിച്ചേട്ടൻ ഉണ്ടെന്ന കാര്യം ആവേശത്തില്  മറന്നു പോയിരുന്നു.

എന്നെ ആരെങ്കിലും പിടിക്കോ ന്നും അലറിവിളിച്ച് റപ്പായി ചേട്ടൻ സൈക്കിളിന്റെ ഒപ്പം പാടത്തേക്ക് കൂടെ സുഗുണനും.


           

             
    

0 അഭിപ്രായങ്ങള്‍