എന്റെ അവറാൻ ചേട്ടാ,  ചേട്ടൻ വന്നേ പറ്റത്തുള്ളൂ 

എന്തിനാ സുകേശാ ?

നമ്മടെ നാട്ടിലൊരു  വികസനം വരാൻ വേണ്ടിയുള്ള  സമരത്തീന്ന് ചേട്ടനു  മാത്രം മാറിനിൽക്കാൻ   പറ്റോ ?

നീ കാര്യം പറയ് എന്റെ സുകേശാ ?

മെമ്പറ് സുകേശൻ എന്താ പറഞ്ഞു വരണേന്ന് അവറാൻ ചേട്ടനൊരു  പൊടിക്കും മനസ്സിലാവണില്ല

നമ്മുടെ പഞ്ചായത്തിൽ ഒരു റോഡുണ്ടോ ?

സുകേശന്റെയാ ചോദ്യം കേട്ട് അവറാൻ ചേട്ടൻ കണ്ണുമിഴിച്ചു 

അപ്പൊ ഇത് റോഡല്ലേ ?

എന്റെ ചേട്ടാ ഇതെല്ലാം ഒരു റോഡാണോ ?

അല്ലേ ? അവറാൻ ചേട്ടനതൊരു  പുതിയ അറിവായിരുന്നു 

എന്റെ ചേട്ടാ ഇതിനെയൊന്നും റോഡെന്ന്  വിളിക്കാൻ പറ്റത്തില്ല  നല്ല തിളങ്ങുന്ന റോഡ് കണ്ടിട്ടുണ്ടോ ?

ആ ചോദ്യത്തിനു മുന്നിൽ അവറാൻ ചേട്ടൻ കൈമലർത്തി   

തിളങ്ങുന്ന കണ്ണാടി കണ്ടിട്ടുണ്ട് പക്ഷേ തിളങ്ങുന്ന റോഡെന്ന് ആദ്യായിട്ട്  കേക്കാ

എന്റെ ചേട്ടാ അങ്ങ് ദുബായിലൊക്കെ പോയി നോക്കണം അവിടെയുള്ളോര്  മുഖം നോക്കണത് വരെ റോഡിൽ നോക്കിയിട്ടാ 

അവറാൻ ചേട്ടൻ ദുബായിയിൽ പോയിട്ടില്ലാത്തതു കൊണ്ടും  റോഡിൽ മുഖം നോക്കാൻ  നിന്നാൽ  പിന്നെ ജീവിതത്തിൽ മുഖം നോക്കേണ്ടി വരത്തില്ലെന്ന് അറിയാവുന്നതുകൊണ്ടും അതിനു മറുപടി പറഞ്ഞില്ല  

എന്റെ ചേട്ടാ നമ്മുടെ പഞ്ചായത്തിലെ  റോഡുകളൊക്കെ ഒന്ന്  ശരിയാക്കിക്കിട്ടുവാനായി  അങ്ങ് തിരുവനന്തപുരത്ത്  പോയി ഒരു സമരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്   

തിരുവനന്തപുരത്ത് പോയി സമരം ചെയ്താ നമ്മുടെ റോഡ് ശരിയാവോ  സുകേശാ?

എന്റെ ചേട്ടാ അവിടെയല്ലേ മന്ത്രിമാരൊക്കെയുള്ളത് നമ്മള് ജാഥയായി  പോയി ഒരു നിവേദനം കൊടുക്കുന്നു  അത്രയേ ഉള്ളൂ 

അയ്യോ ഞാനില്ലാട്ടാ 

അങ്ങനെ പറയരുത് ചേട്ടാ നമ്മുടെ നാടിന്റെ വികസനത്തിനു വേണ്ടിയുള്ള ഒരു ത്യാഗമാണെന്ന് കരുതിയാ മതി  

എടാ തിരോന്തരം വരെ പോയി അവിടത്തെ പോലീസുകാരുടെ കൂടി  ഇടി കൊള്ളാനുള്ള ആവുധോന്നും എനിക്കില്ലെന്റെ പൊന്നു സുകേശാ. 

നമ്മുടെ ഇടിയൻ ജോണിയുടെ കൈയ്യീന്നു തന്നെ അവറാന്  ആവശ്യത്തിന് കിട്ടുന്നുണ്ടല്ലോ ? ഇനി തിരുവനന്തപുരത്തു പോയി അവിടത്തെ ഇടിയും കൂടി വാങ്ങണോ  

അതും പറഞ്ഞോണ്ട് ഗൾഫുകാരൻ ഭാസ്ക്കരേട്ടൻ ചിരിയോട് ചിരി .

ചിരിച്ചു ചിരിച്ച് ഭാസ്കരേട്ടൻ  കുടിച്ച ചായ ആമാശയത്തിലോട്ട് പോവാതെ നേരെ ശിരസ്സിലോട്ടാണ്  കേറിപ്പോയത്  അതോടെ ഭാസ്ക്കരേട്ടന്റെ ചിരി നിന്നു  

ചുമച്ചു  ചുമച്ച് ഭാസ്ക്കരേട്ടന്റെ കണ്ണീന്ന് വെള്ളം വന്നു .

ഈശ്വരാ ഇവൻ ചായ കുടിച്ച് ചാവോന്നും ചോദിച്ചോണ്ട്   ചായക്കടക്കാരൻ പാക്കരൻ ചേട്ടനാ  പോയി ഭാസ്ക്കരേട്ടന്റെ നിറേല് രണ്ട് തല്ലീത്  അതോടെ മുകളിലോട്ട് കേറിപ്പോയ ചായ വീണ്ടും ആമാശയത്തിലോട്ട് പോയി . 

വഴിയറിയാതെ ആകെ കൺഫ്യൂഷ്യനിലായിപ്പോയിരുന്നു ചായ  .

തമാശ പറഞ്ഞ്  ജീവൻ പോയേനേ

ഭാസ്ക്കരേട്ടൻ പറഞ്ഞ ആ തമാശ ഭാസ്ക്കരേട്ടനൊഴിച്ച് വേറെ ആർക്കും ഇഷ്ട്ടപ്പെട്ടില്ലെന്നും അവറാൻ ചേട്ടനത്  തീരെ ഇഷ്ട്ടപ്പെട്ടില്ലെന്നും ആ ചുവന്ന  മുഖം കണ്ടാ തന്നെ അറിയാം  

കള്ളു ചെത്താനുപയോഗിക്കുന്ന  കത്തിയെടുത്ത്  അവറാൻ ചേട്ടൻ  ഭാസ്ക്കരേട്ടനിരുന്ന ഡെസ്‌ക്കുമ്മേ ആഞ്ഞൊരു വെട്ടാണ് അതോടെ  ഭാസ്‍കരേട്ടന്റ ഉള്ളീന്ന് ഒരു ഭാസ്‌ക്കരൻ കിളി പറന്നുപോയി.

കളി കാര്യമായെന്ന് അതോടെ ഭാസ്ക്കരേട്ടന് ബോധ്യമായി മിണ്ടാതിരുന്നാ മതിയായിരുന്നു  എന്തെങ്കിലും പറയേണ്ടേ എന്നു കരുതി വെറുതേ പറഞ്ഞതാണ് 

ഗൾഫീന്ന് വന്നിട്ട് ആകെ രണ്ടു ദിവസമേ ആകുന്നുള്ളൂ  ബാക്കിയുള്ള ദിവസം ഇനി ആശുപത്രീല് കഴിയേണ്ടി വരുമോ?  

തമാശ താരാതരക്കാരോട് പോയി പറയെടാ നായിന്റെ മോനേന്നും പറഞ്ഞ് അവറാൻ ചേട്ടൻ ഒരു പത്ത് തെറി . 

എന്നാലും കുഴപ്പമില്ല വെട്ടാതിരുന്നാ  മതിയായിരുന്നൂവെന്നാ ഭാസ്ക്കരേട്ടൻ പ്രാർഥിച്ചോണ്ടിരുന്നത്  

നായിന്റെ മോനേയെന്നുള്ള വിളി കേട്ടതോടെ റോമു ഓടിച്ചെന്നതായിരുന്നു

അവൻ കരുതിയത്  പരിപ്പുവട തരുവാനായി അവറാൻ ചേട്ടൻ വിളിക്കുന്നതാണെന്നാ  . 

എന്നാലും ഒരു സംശയം ഇപ്പൊ തന്നെയല്ലേ ഒരു പരിപ്പു വട തന്നത് 

ഇനിയിപ്പോ തന്നോടുള്ള സ്നേഹക്കൂടുതലു കൊണ്ട്  വീണ്ടും വിളിക്കുന്നതാവും 

ആ കൊതിയിലായിരുന്നു  റോമു ഓടിക്കിതച്ചു വന്നത്  

പക്ഷേ ചെത്തു കത്തിയും പിടിച്ച്  വിറച്ചു നിൽക്കുന്ന അവറാൻ ചേട്ടനെ കണ്ടതോടെ  അവൻ വന്ന സ്പീഡിൽ തന്നെ തിരിച്ചോടി

പരിപ്പുവടക്കു പകരം  വെട്ടാവും കിട്ടാ   

അവറാൻ ചേട്ടനാണെങ്കി ആകെ  ചൂടിലാണ്   

ഭാസ്ക്കരേട്ടന്റെയാ  അനവസരത്തിലുള്ള  തമാശ അവറാൻ ചേട്ടന് തീരെ ഇഷ്ട്ടപെട്ടില്ല അതു  മാത്രല്ല ഇപ്രാവശ്യം ഭാസ്ക്കരേട്ടൻ ഗൾഫീന്ന് വന്നപ്പോ അവറാൻ ചേട്ടന് ഒന്നും കൊടുത്തുമില്ല അല്ലെങ്കീ  എല്ലാ പ്രാവശ്യോം എന്തെങ്കിലുമൊക്കെ  കൊടുക്കാറുള്ളതാ .

ഇനിയിപ്പോ  ഭാസ്ക്കരേട്ടൻ മറന്നു പോയതാണെന്നും കരുതി അതൊന്ന്  ഓർമ്മപ്പെടുത്താനായി അവറാൻ ചേട്ടൻ ഭാസ്ക്കരേട്ടന്റെ വീടിനു  മുന്നീക്കൂടെ സൈക്കിളിൽ അങ്ങോട്ടും ഇങ്ങോട്ടും കുറേപ്രാവശ്യം തേരാപ്പാരാ ചവിട്ടിയതാ 

വെറുതേ ചവിട്ടിന്നല്ലാതെ  യാതൊരു ഗുണവും ഉണ്ടായില്ലെന്നു മാത്രമല്ല  
ഭാസ്ക്കരേട്ടന്റെ  ഭാര്യ ശാരദേടത്തി ചോദിക്കേം ചെയ്തു .

എന്താ അവറാനേ വല്ലതും കളഞ്ഞുപോയോ 

അതോടെ അവറാൻ ചേട്ടനാ ആ  സൈക്കിൾ യത്‌നം അവസാനിപ്പിച്ചു 

എന്തെങ്കിലും കിട്ടാൻ വേണ്ടിയിട്ടാണ് അവറാൻ ചേട്ടന്റെ  തലങ്ങും വിലങ്ങും പാച്ചിലെന്ന് ശാരദേടത്തിക്ക് നന്നായി അറിയായിരുന്നു 

അതാണ് അവറാൻ ചേട്ടനെ കൂടുതൽ പ്രകോപിപ്പിച്ചത് 

അല്ലെങ്കിൽ നിർദോഷമായ ഒരു തമാശയായിക്കണ്ടു ഒഴിവാക്കേണ്ടതിനെ   ഡെസ്ക് വെട്ടി മുറിക്കാൻ മാത്രം അവറാൻ ചേട്ടനെ കോപാകുലനാക്കേണ്ടതില്ല  

ഇനീം ഇരുന്നാ അവറാൻ ചേട്ടൻ ശരിക്കും വെട്ടൂന്ന് പേടിച്ച് ഭാസ്ക്കരേട്ടൻ വേഗം സ്ഥലം വിട്ടു ആരെയാണാവോ കണി കണ്ടതെന്നാ  ഭാസ്ക്കരേട്ടൻ ആലോചിച്ചത് ഓർമ്മയിലാ  മുഖം തളിഞ്ഞതോടെ ഭാസ്ക്കരേട്ടൻ സ്വയം   ഞെട്ടി 

രാവിലെ തന്റെ മുഖം തന്നെയാ കണി കണ്ടത് 

ശാരദേടത്തി ചായ കൊണ്ടു വരുന്നതിനു മുന്നേ ഒന്ന് സുന്ദരനായി മാറാൻ കണ്ണാടി നോക്കിയതാ  കുറേക്കാലം കഴിഞ്ഞ് വരുന്നതല്ലേ
 
ഏതായാലൂം ഇനി കണ്ണാടി നോക്കുന്ന പ്രശ്‌നമില്ലെന്നാ  ഭാസ്ക്കരേട്ടൻ സ്വയം തീരുമാനമെടുത്തത്  .

എന്റെ ചേട്ടാ ഒരു  പ്രശ്നോം ഉണ്ടാകത്തില്ലെന്ന്  നമ്മൾ സമാധാനപരമായി പോകുന്നു , സമാധാനപരമായി മന്ത്രിയെ   തടയുന്നു സമാധാനപരമായി നിവേദനം കൊടുക്കുന്നു  അത്രയേ ഉള്ളൂ .

അവര് സമാധാനപരമായി നമ്മളെ പൂശുന്നു 

അവറാൻ ചേട്ടനത് പൂരിപ്പിച്ചു 

എന്റെ ചേട്ടാ തമാശ പറയല്ലേ നമ്മുടെ പഞ്ചായത്തിലെ റോഡുകൾക്കു  വേണ്ടിയിട്ടല്ലേ 

ഞാനുണ്ട്  പ്രേക്ഷതൻ സുകുവുണ്ട്  മീൻകാരൻ മമ്മദുണ്ട് ഷാപ്പുകാരൻ  വറീതുണ്ട്  അങ്ങിനെ എല്ലാവരുമുണ്ട് .

ചായക്കടക്കാരൻ പാക്കരൻ ചേട്ടനാണതു  പറഞ്ഞത് 

എന്റെ പാക്കരാ നിനക്കതിനുള്ള ആവുധൊക്കെയുണ്ടോടാ? 

അവറാൻ ചേട്ടന്റെയാ ചോദ്യം  പാക്കരൻ ചേട്ടനെ പ്രകോപിപ്പിച്ചു 

എന്റെ ആവുധ് ഞാൻ കാണിക്കണാ  

പാക്കരൻ ചേട്ടൻ  ചൂടായിട്ടാ ചോദിച്ചത് വേണ്ടി വന്നാ ഇന്നും ഞാൻ പത്തുപേരെ നിന്ന നില്പിൽ അടിച്ചിടും

നീയാതൊന്ന് പതുക്കെ പറ  പാക്കരാ  ഇല്ലെങ്കീ ആ അദ്ധ്വാനം കൊണ്ടെന്നെ നീ ഇടിഞ്ഞു പൊളിഞ്ഞു വീഴും 

പാക്കരൻ ചേട്ടൻ അട്ടഹസിക്കുന്ന പോലെയാ പറയുന്നത്  പക്ഷേ കേൾക്കുന്നവർക്ക് എന്തോ സ്വകാര്യം പറയുകയാണെന്നേ തോന്നൂ അത് പാക്കരൻ ചേട്ടന്റെ കുഴപ്പമല്ല പാക്കരൻ ചേട്ടന്റെ ഉള്ളിലുള്ള വലിവിന്റെ കുഴപ്പമാണ്  

ഈ കാസരോഗത്തിന്റെ ശല്യം ഉള്ള കാരണം പാക്കരൻ ചേട്ടൻ വിചാരിക്കുന്ന  പോലെ ശബ്ദം  പുറത്തേക്ക് വരത്തില്ല പാക്കരൻ ചേട്ടൻ അലറുമെങ്കിലും കാസ രോഗം അതിനെ  ശൂ ന്നാക്കിയേ  പുറത്തേക്ക് വിടു .

പാക്കരൻ ചേട്ടന്റ സൈലെൻസറാണത് 

ഹൈദ്രാബാദില് പോയി മീൻ വിഴുങ്ങിയാ വലിവിന്റെ അസുഖം മാറുമെന്ന്  കേട്ട് അങ്ങോട്ട് പോയി

പാക്കരൻ ചേട്ടൻ വിഴുങ്ങിയ മീൻ പാക്കരൻ ചേട്ടന്റെ തൊണ്ടയിൽ  കടിച്ചു പിടിച്ചിരുന്നു ഭാഗ്യം കൊണ്ടായിരുന്നു അന്ന്  ജീവൻ പോവാതെ രക്ഷപ്പെട്ടത്  ഇല്ലെങ്കി കാസരോഗത്തിന്റെയൊപ്പം പാക്കരൻ ചേട്ടനും കൂടി  മേൽപ്പോട്ട് പോയേനേ.

അതീപ്പിന്നെ മീനെ കാണുമ്പോ തന്നെ പാക്കരൻ ചേട്ടന് പേടിയാ കൂട്ടാൻ വെച്ച മീനായാലും  അതിനെ കൈയ്യോണ്ട് അരച്ച് ചമ്മന്തിയാക്കിയിട്ടേ പാക്കരൻ ചേട്ടൻ തിന്നത്തുള്ളൂ  ആ മീനും  ചങ്കീ കേറി പിടിക്കോന്നാ പാക്കരൻ ചേട്ടന്റെ സംശയം

മീൻ കാരൻ മമ്മദിനോട് മീൻ കച്ചോടം നിറുത്തി വേറെ വല്ല പണിക്കും പൊയ്ക്കൂടെന്നാ പാക്കരൻ ചോദിച്ചത് കാരണം പാക്കരൻ ചേട്ടന് മീൻ ഇഷ്ടമല്ലെങ്കിലും പാക്കരൻ ചേട്ടന്റെ ഭാര്യ അന്നമ്മ ചേടത്തിക്ക് മീനെന്നു വെച്ചാ ജീവനാ മീൻകറിയില്ലാതെ അന്നമ്മ ചേടത്തിക്ക് ചോറ് ഇറങ്ങത്തില്ല 

മമ്മദ്ന്റെ അടുത്തൂന്നാ അന്നമ്മ ചേടത്തി സ്ഥിരമായി മീൻ വാങ്ങാറുള്ളത് ഇതേ ചൊല്ലി രണ്ടുപേരും എന്നും വഴക്കാ 

എടീ എനിക്കീ മീൻ കാണുമ്പോ തന്നെ പേടിയാടി 

അതിന് നിങ്ങള് കഷ്ണം കൂട്ടേണ്ട മനുഷ്യാ ചാറു കൂട്ടി തിന്നാ മതി പക്ഷേ അന്നമ്മ ചേടത്തി കഷ്ണം കൂട്ടി തട്ടുമ്പൊ പാക്കരൻ ചേട്ടന് വിമ്മിഷ്ടം അടിക്കും തന്റെ കഷ്ണം കൂടിയാ അവളെടുത്ത് തട്ടുന്നത് അതുകൊണ്ട് പേടിയാണെങ്കിലും അവറാൻ ചേട്ടനും കഷ്ണമെടുക്കും 

മമ്മദ് ഇല്ലെങ്കി ഈ മീൻ പരിപാടി നിക്കുമെന്നുള്ളതുകൊണ്ടാ പാക്കരൻ ചേട്ടൻ അങ്ങനെ ചോദിച്ചത്   

മമ്മദ് അതുകേട്ട് കണ്ണും മിഴിച്ചു ആകാശത്തോട്ട് നോക്കി നിന്നു 

ഒരു ദിവസം തമിഴൻ മുരുകൻ ചായ കുടിച്ച കാശും  ചോദിച്ച്  രണ്ടു പേരും തമ്മിൽ ഭയങ്കര വഴക്കായി  

പാക്കരൻ ചേട്ടൻ ഓടിപ്പോയി മുരുകനെ ഒറ്റയടി 

മുരുകനെ പോയി അടിച്ച അടിയിൽ  പാക്കരൻ ചേട്ടനാ  തെറിച്ച് താഴെ വീണത്  മുരുകൻ കുറ്റിയടിച്ച പോലെ അങ്ങനെത്തന്നെ നിൽപ്പുണ്ട്.

അടിച്ച ഊക്കില് പാക്കരൻ ചേട്ടനാ വട്ടം കറങ്ങി താഴെ വീണത്

അയ്യോ  അയ്യോ ന്നും നിലവിളിച്ചോണ്ട്  പാക്കരൻ ചേട്ടൻ വീണിടത്ത് കിടന്ന് കാറുന്നുണ്ട്

അന്നമ്മ ചേടത്തി കരുതിയത്  മുരുകനാണ് പാക്കരൻ ചേട്ടനെ തല്ലിയതെന്നാ 

അയ്യോ എന്തൂട്ടാ  മനുഷ്യാ നിങ്ങൾക്ക് പറ്റിയത് ?

എടീ ..ഞാനവനിട്ടൊന്ന്  കൊടുത്തതാ

എങ്ങിക്കൊണ്ടാ പാക്കരൻ ചേട്ടൻ പറഞ്ഞത് 

എന്നിട്ട് നിങ്ങളാണല്ലോ മനുഷ്യാ തലയും  കുത്തി താഴേക്കിടക്കുന്നത് 

മുരുകൻ അന്ധാളിച്ചു നിൽപ്പുണ്ട്  ഒരാള് ശടെന്ന് ഓടിവന്ന്  തല്ലുന്നു അയാളു തന്നെ  അയ്യോ പത്തോന്നും നിലവിളിച്ചോണ്ട്   താഴെ വീഴുന്നു .

നിന്നെ ഞാൻ   കൊല്ലണ്ടങ്ങേ വേഗം പോക്കോടാ ന്നാ പാക്കരൻ ചേട്ടൻ വീണൊടത്തു കിടന്ന് പറഞ്ഞത്

ഇവർക്കെന്നാ പൈത്യമാ ന്നാ മുരുകൻ ചോദിച്ചത്

പിത്തം നിന്റെ തന്തക്കാടാ 

അലറിക്കൊണ്ടാ പാക്കരൻ ചേട്ടൻ പറഞ്ഞത് 

പാക്കരൻ ചേട്ടൻ കരുതിയത് തനിക്ക് പിത്തത്തിന്റെ അസുഖം കൂടിയുണ്ടെന്ന് മുരുകൻ പറഞ്ഞതാന്നാ 

ഒരു വിധത്തിലാ അന്നമ്മ ചേടത്തി പാക്കരൻ ചേട്ടനെ എണീപ്പിച്ചു നിറുത്തിയത് 

മറ്റൊരു  പ്രാവശ്യം  മുളക് ഇടിക്കാനായി ഒലക്ക എടുത്തുകൊണ്ടു വരാനൊന്ന്   ചേടത്തി പറഞ്ഞതായിരുന്നു ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും  അയ്യോ  പത്തോ  ന്നും പറഞ്ഞൊരു  കരച്ചില്  .

ചേടത്തി ഓടിച്ചെന്ന് നോക്കുമ്പോ ഒലക്കയുടെ മേലെ പാക്കരൻ ചേട്ടൻ കമിഴ്ന്നു കിടപ്പുണ്ട്  ഒലക്ക എടുക്കാൻ നോക്കിയതായിരുന്നു  

ചേടത്തി ആദ്യം  ഒലക്കയാ എടുത്തു പൊക്കിയത്  അതിന്റെ കൂടെ പാക്കരൻ ചേട്ടനും പൊങ്ങി വന്നു

ഈ സംഭങ്ങളെല്ലാം നാട്ടിൽ മുഴുവൻ പാട്ടാണ്  

ആ പാക്കരൻ ചേട്ടനാണ് നിന്ന നിൽപ്പിൽ  പത്തു പേരെ ഇടിച്ചിടുന്നു പറയണത്

ഒരു ഒലക്ക പോലും പൊക്കാൻ ആവുതില്ലാതെ  നടക്കുന്ന മനുഷ്യനാ .

അതുകേട്ട് പാക്കരൻ ചേട്ടനൊരു വളിച്ച ചിരി ചിരിച്ചു

എന്റെ അവറാൻ ചേട്ടാ നിങ്ങള് വാന്ന്  

സുകേശൻ വീണ്ടും നിർബന്ധിച്ചു കൊണ്ടിരുന്നു 

എനിക്കെന്തോ  പേടിയാകുന്നെടാ 

എന്റെ അവറാൻ ചേട്ടാ ഇതൊക്ക മന്ത്രിമാര് വരെ അറിഞ്ഞുള്ള  ഒരു കളിയല്ലേ  ഇങ്ങനെ സെക്രട്ടറിയേറ്റ് പടിക്കൽ പോയി സമരം ചെയ്താലേ നാലാള്  ശ്രദ്ധിക്കൂ .

പിന്നെ ഇതൊക്കെയല്ലേ ഇപ്പോഴത്തെയൊരു ഫാഷൻ 

അതോടൊപ്പം തന്നെ  സുകേശന്റെ മനസ്സിൽ മറ്റൊരു വലിയ  ആഗ്രഹം കൂടിയുണ്ടായിരുന്നു .

തന്റെ മുഖമൊന്ന്  ടീവീല് വരണമെന്ന്

സംഗതി പഞ്ചായത്ത് പ്രസിഡന്റാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല   

എങ്ങനെ തലകുത്തി മറിഞ്ഞിട്ടും സുകേശന്റെയൊരു  ഫോട്ടോ പോലും ടീവീലോ  പത്രത്തിലോ ഇതുവരെ  വന്നിട്ടില്ല അതിൽ സുകേശന് വല്ലാത്ത അപകർഷതാബോധമുണ്ട് 

അതിലൊരു  കണക്കിന്  ഞാനാ ഭാഗ്യവാൻ  ഇന്നാള് ഞങ്ങളുടെ പഞ്ചായത്തിലെ കൊളത്തില് ആരോ തോട്ടാ  പൊട്ടിച്ച് മീനെ പിടിച്ചത്  റിപ്പോർട്ട് ചെയ്യാൻ ഞങ്ങടെ ഗ്രാമത്തിലെ എ ബി സി ടീവീക്കാര് വന്നപ്പോ  ഞാൻ റിപ്പോർട്ടറുടെ പിന്നില് പോയി നിന്നപ്പോ എന്നോടാ കാര്യങ്ങള് ചോദിച്ചത്  അങ്ങനെ ടീവീല് വന്നു

 പക്ഷെ ടീ വീല്  എന്നെ കണ്ടപ്പോ എനിക്കു തന്നെ  മനസ്സിലായേയില്ല ആകെ എല്ലുന്തി ഒരു ഞാഞ്ഞൂള് പോലത്തെ ഉണങ്ങിയ രൂപം ഞാൻ അതുവരേക്കും കരുതിയിരുന്നത് ഞാനൊരു സൽമാൻ ഖാനാണെന്നായിരുന്നു 

എന്റെ ആകാശകോട്ടക്ക് ഏറ്റ വലിയൊരു അടിയായിരുന്നൂവത് എത്രയും പെട്ടെന്ന് ആ വാർത്ത കഴിയാൻ വേണ്ടിയാ ഞാൻ പ്രാർത്ഥിച്ചു നടന്നത് പക്ഷെ അവരത് മൂന്നു ദിവസാ പറഞ്ഞോണ്ടിരുന്നത് 

ഈ മൂന്നു ദിവസോം ഞാൻ പുറത്തേക്ക് ഇറങ്ങിയേയില്ല   

നാട്ടുകാരോട് നമുക്ക്  ഈ തോട്ടയെപ്പറ്റി  ചോദിക്കാം  എന്നുള്ളത് എന്നോടാ റിപ്പോർട്ടറ്  ചോദിച്ചത്  എന്റെ മറുപടി കേട്ട് ചത്തു കിടക്കുന്ന മീൻ വരെ ചിരിച്ചു ചിരിച്ചു വീണ്ടും  ചത്തു .

ജീവനില്ലാത്തത് നന്നായിന്ന്  മീൻ  വിചാരിച്ചു കാണും , ഭാഗ്യം തോട്ട  പൊട്ടി ചത്തത്

സത്യത്തില് എന്താണ് ഈ തോട്ടാന്ന്  എന്റെ ജീവിതത്തില് ഞാൻ  കണ്ടിട്ടില്ല . ഞാൻ വിചാരിച്ചത് തോട്ട എന്നു പറഞ്ഞാ ഒരു തരം തോക്കാന്നാ .

രാത്രി പന്ത്രണ്ടുമണിക്ക്  ആരോ പതുങ്ങി പതുങ്ങി വന്ന് തോട്ടകൊണ്ട് മീനെ മുഴുവൻ  നിരത്തി വെടി വെച്ചിട്ടിട്ട് ചാക്കില് കെട്ടിക്കൊണ്ട് പോയിന്നാ ഞാൻ വെച്ചു കാച്ചിയത് 

എന്നിട്ടാ തോക്ക് നിങ്ങള് കണ്ടോ ?  

റിപ്പോർട്ടർ എന്നെയൊന്ന് ആക്കിയതായിരുന്നു  പക്ഷേ എനിക്കത്  മനസ്സിലായില്ല.

പിന്നെ നല്ല നീട്ടമുള്ള തോക്കായിരുന്നു 

ആ തോക്കൊണ്ട് വെടി വെക്കുമ്പോ  മീനുകളെല്ലാം മുകളിൽ വന്ന് നിന്നോ?

ഇപ്പോഴാ എനിക്ക് മനസ്സിലായത്  

അയാളെന്നെ ആക്കിയതാണന്ന്  

ഇല്ല  മീനുകളെല്ലാം  ബണ്ടുമ്മുക്കൂടെ കൈ പൊക്കിക്കൊണ്ട്  വരി വരിയായിട്ട് വന്നു  വെടി വെച്ചോളാൻ പറഞ്ഞിട്ട് 

ഞാൻ ചൂടായി

അതോടെ  റിപ്പോർട്ടറെന്നെ വേഗം മാറ്റി 

പ്രേക്ഷിതൻ സുകുവിനോടായിരുന്നു അടുത്ത ചോദ്യം

അതോടെ  സുകുവിന് താൻ ആകാശം മുട്ടെ  പൊങ്ങിയത് പോലെ തോന്നി   താൻ  ഇത്രേം  വല്യ ആളായോന്ന് സുകുവിനെന്നെ സംശയം  

ആ  പരിഭ്രമത്തില് ആകെ വിക്കിക്കൊണ്ടാ സുകു പറഞ്ഞത്

മീനെ പൊട്ടിച്ച് തോട്ട ചത്തു 

സുകുവിന്റെ മറുപടി കേട്ട് റിപ്പോർട്ടറ് മാനം നോക്കി നിന്നു.

ഈശ്വരാ ഈ ഗ്രാമത്തിലുള്ളോരൊക്കെ ഭ്രാന്തൻമാരാണോ?

റോമു അവനോട്  എന്തെങ്കിലും ചോദിക്കുമെന്നും കരുതി  വാലാട്ടിക്കൊണ്ട്  അവിടെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു .

ഇടക്ക് ഓടിവന്ന് റിപ്പോർട്ടറുടെ കാലില്  രണ്ടു നക്കും കൊടുത്തു  

സ്നേഹം പ്രകടിപ്പിച്ചതാ  അങ്ങിനെയെങ്കിലും ടീവീല് വന്നാലോ ?

ഈ സമയത്തായിരുന്നു അവറാൻ ചേട്ടൻ  ആടിയാടി അങ്ങോട്ടേക്ക്  വന്നത് ആളെ കണ്ടാൽ തന്നെ അറിയാം നല്ല ഫിറ്റാന്ന്  സാധാരണ മൂന്ന് നാല്  കുപ്പി അടിച്ചാലൊന്നും അവറാൻ ചേട്ടൻ ആടാത്തതാ  .

ആളുകൾ  കൂടി നിൽക്കുന്ന കണ്ടപ്പോ അവറാൻ ചേട്ടൻ കരുതിയത്  കുളത്തില് മീൻപിടിത്തം നടക്കുന്നുണ്ടെന്നാ

ഒന്ന് ഷൈൻ ചെയ്യാൻ വേണ്ടി ആള് ഓടി വന്ന് കുളത്തിലേക്ക് ഒറ്റ  ചാട്ടം

അവറാൻ ചേട്ടന്റെയാ വരവ് കണ്ടപ്പോഴേ മീൻകാരൻ മമ്മദ് ഓളിയിട്ടതാ 

അവറാനെ ചാടല്ലേ  പൊട്ടാത്ത തോട്ട കിടപ്പുണ്ടാവു ന്ന് 

അവറാൻ ചേട്ടൻ ഫുൾ സ്പീഡ് എടുത്ത സമയത്തായിരുന്നു മമ്മദിന്റെയാ  ഓളി

കർത്താവേ  ചതിച്ചോ ? മീനെ പിടിക്കാൻ  തോട്ടയിട്ട കൊളത്തിലേക്കാണല്ലോ മീനെ പിടിക്കാൻ ചാടിയത്    

അവറാൻ ചേട്ടനൊരു  സഡൻ ബ്രെക്കിടാൻ നോക്കിയെങ്കിലും അപ്പോഴേക്കും  ബ്രെക്കിട്ടാലും നിൽക്കണ്ട സമയം കഴിഞ്ഞിരുന്നു .

കർത്താവേ ആളാവാൻ  നോക്കി തോട്ട പൊട്ടി ചാവോ? 

മീനു പകരം താൻ  തൊട്ട പൊട്ടി കിടക്കുന്ന  രംഗം അവറാൻ ചേട്ടന്റെ ഉള്ളീക്കൂടെ ഒരു മിന്നൽ പോലെ കടന്നുപോയി
 
 പരീക്ഷിക്കല്ലേ  കർത്താവേ ന്നും നിലവിളിച്ച്  അവറാൻ ചേട്ടൻ ഒന്നുകൂടി ഒരു ബ്രെക്കിട്ടു . 

എന്തോ  ഈ വിളി  കർത്താവ് പാതി  കേട്ടു  എന്നാലും അവറാൻ ചേട്ടനെ  മുഴുവനായിട്ടും  നിറുത്താൻ കർത്താവിനു പറ്റിയില്ല .

ന്നാലും കുളത്തില് വീഴാതെ  കാത്തു

അയ്യോ എന്റമ്മേ  ന്നും പറഞ്ഞോണ്ട് ഒരു മുഴുനീള  ഓളി അവിടെ ഉയർന്നു കേട്ടു  

എല്ലാവരും നോക്കുമ്പോ അവറാൻ ചേട്ടൻ രണ്ടു കൈയോണ്ടും മൂടും പൊത്തിപ്പിടിച്ചു നിൽപ്പുണ്ട്.

കർത്താവ് കനിഞ്ഞ കാരണം കൊണ്ട്  അവറാൻ ചേട്ടൻ കുളത്തിലേക്ക് എത്തിയില്ലെങ്കിലും  കുളത്തിന്റെ വക്കത്തുള്ള സർവേരിക്കല്ലുമ്മേലേക്കായിരുന്നു  മൂടും കുത്തി ലാൻഡ് ചെയ്‍തത് 

അതൊരു ഒന്നൊന്നര  ക്രാഷ് ലാൻഡു തന്നെയായിരുന്നു 

എന്തോ പൊടിഞ്ഞ ശബ്ദം  

സർവ്വേരിക്കല്ല് പൊടിഞ്ഞതാണോ  അതോ അവറാൻ ചേട്ടന്റെ മൂട് പൊളിഞ്ഞതാണോന്ന്  ആർക്കും മനസ്സിലായില്ല

അവറാൻ ചേട്ടനാണെങ്കി  മൂടും പൊത്തിപ്പിടിച്ച് നിന്ന് മൂളുന്നുണ്ട്  കണ്ണീന്ന് കണ്ണുനീര്  കുടു കൂടാന്നും പറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു   ആൾക്കാരില്ലെങ്കീ അവറാൻ ചേട്ടൻ വാവിട്ട് കരഞ്ഞേനേ

എന്തായാലും  ഭാഗ്യം തോട്ട പൊട്ടി ചത്തില്ലല്ലോ

ഈ സമയത്തായിരുന്നു  റിപ്പോർട്ടർ മൈക്കും കൊണ്ട് ചേട്ടന്റെ അടുത്തേക്ക് ചെന്നത്

ചേട്ടാ ചേട്ടനൊന്ന് പറഞ്ഞേ

എന്തൂട്ട് ?

അല്ല ഈ തോട്ട പൊട്ടിച്ചതിനെക്കുറിച്ച് 

തോട്ടയല്ല  എന്റെ  മ യ പൊട്ടിയത് 

അവറാൻ ചേട്ടന്റെ വായയിൽ നിന്നും വന്ന ആ കൂറ്റൻ തെറി കേട്ട് റിപ്പോർട്ടറും  ക്യാമറാമാനും  മൈക്കും എന്തിന്  തോട്ട പൊട്ടി ചത്ത മീൻ വരെ ഞെട്ടി.

ഭാഗ്യത്തിനത്  ലൈവല്ലായിരുന്നു അല്ലെങ്കി നാട്ടുകാര് മൊത്തം ഞെട്ടിയേനേ 

മനുഷ്യന്റ മൂട് പൊളിഞ്ഞിരിക്കുമ്പോഴാ അവന്റെയൊരു തോട്ടാ ഞാനാ തോട്ട പൊട്ടിച്ചത്  മീന്റെ  മാത്രല്ല നിന്റെ മേത്തും വെച്ച് തോട്ട  പൊട്ടിക്കും എന്താ കാണണോ

ആ  പാവമത് കേട്ട് ആകെ പേടിച്ചു 

ഏത് നേരത്തെണാവോ റിപ്പോർട്ട് ചെയ്യാൻ ഇങ്ങോട്ട് വരാൻ തോന്നിയത്  വന്നത്

ഡാ മമ്മദേ  നിനക്കിത്  ആദ്യമേ  പറഞ്ഞു കൂടായിരുന്നോ?

ഇവനെ ഞാനിന്ന്   കൊല്ലുമെന്നും  പറഞ്ഞോണ്ട്  അവറാൻ ചേട്ടൻ ഒറ്റ തൊഴിയാണ് മമ്മദിനെ 

മമ്മദ് ആകെ പകച്ചു  പോയിരുന്നു ഒരു ഉപകാരം ചെയ്യാൻ പോയതിന്  ചാവേണ്ടിവരുമോയെന്നായിരുന്നു ആ പാവം ചിന്തിച്ചത്  

റിപ്പോർട്ടർ ആ തോഴി അയാൾക്കിട്ടാണോയെന്നും കരുതി ജീവനും  കൊണ്ടോടി  

മീനെ  തോട്ടയോ  ബോംബോ മെഷീൻ ഗണ്ണോ  വെച്ച് ആരെങ്കിലും കൊല്ലുകയോ പിടിക്കുകയോ ചെയ്തോട്ടെ അതിന്റെ പേരില് തന്റെ ജീവിതം ബലിയാടാക്കാൻ പറ്റത്തില്ലെന്നും പറഞ്ഞോണ്ടായിരുന്നു ആ പാവം പാഞ്ഞത്  

ക്ടിം ന്നൊരു സൗണ്ട് നാട്ടാര് മൊത്തം കേട്ടു

മമ്മദിനു  പിന്നിൽ വലിയൊരു  സർവ്വേരി കല്ലുണ്ടായിരുന്നു

ആ കല്ലിനിട്ടായിരുന്നു അവറാൻ ചേട്ടൻ ആഞ്ഞു താങ്ങിയത്    

അതോടെ ഒരു കൈയ്യോണ്ട് മൂടും മറു  കൈയ്യോണ്ട് കാലും പൊത്തിപ്പിടിച്ച്  അയ്യോ  ഞാൻ ചത്തേന്നും അലറിക്കൊണ്ട്  അവറാൻ ചേട്ടൻ  തലയും കുത്തി പാടത്തേക്ക് മറിഞ്ഞു വീണു 

മമ്മദിനെ  കൊല്ലാൻ നോക്കി അവറാൻ ചേട്ടൻ സ്വയം കൊന്നേനേ

അവറാൻ ചേട്ടന്റെ തൊഴിയുടെ  ഊക്ക് കണ്ട് സർവ്വേരി കല്ലുവരെ ഭയന്നു  പോയിക്കാണും   .

ആ തൊഴിയെങ്ങാനും മമ്മദിന്റെ മേത്ത് കൊണ്ടിരുന്നങ്ങേ അതോടെ  മമ്മദ് പരലോകത്തേക്ക് ട്രാൻസ്ഫെർ ആയേനേ  

ഞാൻ കല്ലിനെ കാലുകൊണ്ട് മാറ്റിയിടാൻ നോക്കിയതാണെന്നായിരുന്നു  ബോധം വന്നപ്പോ അവറാൻ ചേട്ടൻ നാട്ടുകാരോട് പറഞ്ഞത്.

അവറാൻ ചേട്ടന്റെയാ അതിസാഹസം കണ്ട് റോമു രണ്ട്‌ കുര കുരച്ചു  അവൻ സ്ഥിരം  മൂത്രം ഒഴിക്കുന്ന കല്ലായിരുന്നു  അവറാൻ ചേട്ടൻ തകർത്തു കളയാൻ നോക്കിയത് .

ആ സർവ്വേരി കല്ലു കണ്ടാൽ ആവശ്യത്തിനു മൂത്രമില്ലെങ്കിലും   മുക്കി ഞരങ്ങി  രണ്ടു തുള്ളിയെങ്കിലും  ഒഴിച്ചിട്ടേ റോമു പോകാറുള്ളൂ   ഇല്ലെങ്കീ അവന് അകെയൊരു  സമാധാനക്കേടാ .

കുറച്ചു ദിവസങ്ങളോളം  രാവിലെ നേരങ്ങളിൽ  അവറാൻ ചേട്ടന്റെ കരച്ചില് നാടൊട്ടുക്ക്  കേക്കാമായിരുന്നു അതൊരു വല്ലാത്ത  കരച്ചിലായിരുന്നു 

അത്തരത്തിലല്ലേ മൂട് സ്വയം തകർത്തു കളഞ്ഞത് 

അന്ന്  ടിവി ക്കാര് വന്നെന്നറിഞ്ഞ്  സുകേശൻ  പാടത്തേക്ക് ഓടി വന്നെങ്കിലും അതിനുള്ളിൽ  അവരു പോയിക്കഴിഞ്ഞിരുന്നു.

ഒരു പ്രാവശ്യം പീലിപ്പോസ് മുതലാളിയുടെ  കശുവണ്ടി ഫാക്റ്ററി ഉദ്ഘാടനത്തിന്  മന്ത്രി വന്നപ്പോ നല്ല മഴയായിരുന്നു പഞ്ചായത്തു പ്രസിഡണ്ടിന്റെ അധികാരം വെച്ച്   സുകേശനാണ്  കുട പിടിച്ചു കൊടുത്തത്

അന്നും പത്രക്കാര് കുറേ  ഫോട്ടോ എടുത്തതാ .

അങ്ങിനെയെങ്കിലും തന്റെ മുഖം പത്രത്തിൽ വരുമെന്ന്  സുകേശൻ പ്രതീക്ഷിച്ചതായിരുന്നു 

സത്യത്തിലാ പടമെല്ലാം വന്നിരുന്നു  പക്ഷേ സുകേശന്റെ മുഖം കുടയാൽ  മറഞ്ഞുപോയി

സുകേശന് കിട്ടിയ ഫോട്ടോയിൽ  സുകേശൻ  കുടപിടിച്ച് നിൽക്കുന്നത്  മാത്രമേയുണ്ടായുള്ളൂ  മന്ത്രിയുടെ പടമില്ല.

മന്ത്രിയെ കാണാതെ  മന്ത്രിയാ അടുത്തു നിൽക്കണേന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കോ .? 

അവസാനം സുകേശൻ സ്റ്റുഡിയോയിൽ പോയി മന്ത്രിയുടെ ഒരു പടം ചേർത്ത് വെച്ച് കാര്യം സാധിച്ചു .

ആ ഫോട്ടോയിൽ ഒരെണ്ണം  വീട്ടിലും ഒരെണ്ണം പഞ്ചായത്താപ്പീസിലും ചില്ലിട്ട് തൂക്കിയിട്ടുണ്ട് .

സംഗതി അതിൽ സുകേശൻ ഇങ്ങോട്ടും മന്ത്രി അങ്ങോട്ടും നോക്കി നിൽക്കാണെന്നേ തോന്നൂ 

സുകേശന്റെ ഈ ടീവീല് വരാനുള്ള മോഹം ആരാ പൊക്കി വിട്ടതെന്നറിയില്ല .

എല്ലാവരും പറയണത് മിലിട്ടറിക്കാരൻ രാജപ്പേട്ടനാണെന്നാ 

എന്റെ സുകേശാ നീ ഈ പഞ്ചായത്തിന്റെ പ്രസിഡണ്ടല്ലാ  ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആവണ്ടവനാ   അതിന് നിന്റെ പടം പേപ്പറിലും ടീവീലും വരണം അങ്ങനെ നാലുപേരറിയണം  

അതിലൂടെ ഫെയ്മസ്സായാ  പിന്നെ ചാനലുകളിലെ  ചർച്ചകളിലേക്കൊക്കെ  നിന്നെ വിളിക്കും .

അവിടെപോയിരുന്ന്   വെറുതേ ഓരോന്ന്  തട്ടിവിട്ടാ  മതി  അങ്ങനെ ലോകം മുഴുവൻ അറിഞ്ഞു കഴിഞ്ഞാ  നിന്റെ പാർട്ടിക്കാരു തന്നെ പറയും നിന്നെ മന്ത്രിയാക്കണമെന്ന്.

അങ്ങിനെ മന്ത്രിയായി മന്ത്രിയായി അവസാനം പ്രധാനമന്ത്രിവരെയാവാം

അത് പറഞ്ഞ രാജപ്പേട്ടന്  സുകേശൻ വയറുനിറയെ  കള്ളു വാങ്ങിക്കൊടുത്തു

ഇനിം കള്ള് കിട്ടാൻ വേണ്ടി സുകേശന്  അമേരിക്കൻ പ്രസിഡണ്ട്  ആവാന്ന് വരെ രാജപ്പേട്ടൻ പറഞ്ഞു .

പാവം സുകേശൻ അതും വിശ്വസിച്ചു

അതിന് ചാനലിലേക്കെത്താനുള്ള പ്രശസ്തി കിട്ടേണ്ട ?

അതിനാ പറഞ്ഞത്  എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി സെക്രട്ടറിയേറ്റിലേക്ക്  ഒരു  മാർച്ച് നടത്ത്  അപ്പൊ പത്രക്കാര് കൂടും നിന്നെ ഇന്റർവ്യൂ ചെയ്യും   അങ്ങനെ പ്രശസ്തനാവാം  

അതിന് പാർട്ടിയുടെ അനുവാദമൊക്കെ  ചോദിക്കേണ്ട ?

എന്റെ സുകേശാ നിങ്ങടെ പാർട്ടിക്ക് ഈ കേരള ഭൂപടത്തില് ആകെ കൂടി ഒരു പൊട്ടല്ലേയുള്ളു  അത്കൊണ്ട് ആരോടും  അനുവാദമൊന്നും  ചോദിക്കാൻ നിൽക്കണ്ടാ  ചോദിച്ചാ അവന്മാര്സമ്മതിക്കില്ല  നീ കേറി പ്രശസ്തനാവുന്നതില് അവർക്ക് അസൂയ കാണും 

അച്ചടക്ക നടപടി വല്ലതും വരോ ? എന്നിട്ടും സുകേശന് പേടി മാറുന്നില്ല 

എന്റെ സുകേശാ പാർട്ടിക്ക് ആകെകൂടിയുള്ള  ഒരു പഞ്ചായത്ത്  പ്രസിഡണ്ടാ നീ, അതോണ്ട്  നിന്നെ തൊടത്തില്ലാന്ന് .

രാജപ്പേട്ടന്റെ ആ വാക്കുകളുടെ ബലത്തിലും പിന്നെ തന്റെ മുഖം ടീവിയിൽ വന്ന് കാണണമെന്നുള്ള അതി തീവ്രമായ ആശയിലും ആണ് ഈ റോഡ് സമരവുമായി മുന്നോട്ട് പോകാൻ തന്നെ സുകേശൻ ഉറച്ച തീരുമാനമെടുത്തത് 

എന്റെ മനുഷ്യാ നിങ്ങളീ ആവശ്യമില്ലാത്ത പണിക്കൊന്നും  പോവാൻ നിൽക്കണ്ടാട്ടാ എവിടേയോ കിടക്കുന്ന  പോലീസുകാരുടെ അടിയെങ്ങാനും കൊണ്ടിങ്ങു വന്നാ  ഞാൻ തിരിഞ്ഞു നോക്കത്തില്ല

ഒറോത ചേടത്തി ദേഷ്യം കൊണ്ട് ആകെ ഇളകി ചാടിയാ  അവറാൻ ചേട്ടനോട് പറഞ്ഞത് കാരണം അവറാൻ ചേട്ടൻ എവിടുന്നെങ്കിലും അടിയും വാങ്ങി വരും പിന്നെ രണ്ടുദിവസം ചേടത്തിയുടെ പണിയാ തിരുമ്മി കൊടുക്കല് അതൊഴിവാക്കാനാ ചേടത്തി ഈ മുൻ‌കൂർ ജാമ്യം എടുത്തത്   

മര്യാദക്ക് തെങ്ങ് കേറി കിട്ടണ  കാശും കൊണ്ട് വരാതെ  അങ്ങ്  തിരോന്തരത്തെ പോലീസുകാരുടെ  അടി വാങ്ങാൻ നടക്കാ   

ഇവിടെ കിട്ടുന്ന അടിയൊന്നും പോരേ എന്റെ മനുഷ്യാ നിങ്ങൾക്ക് 

ഇവിടുള്ള പോലീസുകാരാണെങ്കി കണ്ടു പരിചയം  കാരണം ഇടിക്കൊരു  മയമെങ്കിലും കാണും മനുഷ്യാ അവിടെയെങ്ങാനും പോയി പെട്ടാ  നിങ്ങടെ ഊപ്പാട് വരെ അവന്മാര് ഊരി എടുക്കുട്ടാ 

പിന്നെ എന്റെ കൈ വെറുതേ ഇരിക്കല്ലേ ?

നിങ്ങടെ കൈ വെറുതേ ഇരിക്കാവില്ല  അവന്മാര് പിടിച്ച് ഒടിച്ചിട്ടുണ്ടാവും എന്റെ മനുഷ്യാ വെറുതേ അടിവാങ്ങി കൈയ്യും കാലും ഒടിക്കല്ലേ

ഈ പോലീസിനെയൊക്കെ ഞാൻ കുറേ കണ്ടിട്ടുള്ളതാ

അതോണ്ടാണല്ലോ അടി ഇരന്നു വാങ്ങാൻ അങ്ങോട്ട് പോണത് 

എന്റെ ചേച്ചി ഒരു കുഴപ്പോം ഉണ്ടാവാത്തില്ലെന്ന് 

ആരെടാ അത് ?

ഞാനാ ചേച്ചി സുകു 

ഡാ തല്ലു കൊള്ളി നീയുമുണ്ടോ?  എന്നാ എന്റെ മനുഷ്യാ നിങ്ങൾക്ക് അടി ഉറപ്പാ 

തള്ളേ തല്ലുകൊള്ളി നിങ്ങടെ തന്തയാ 

സുകുവത്  മനസ്സിലാ പറഞ്ഞേ  ഇല്ലെങ്കി ചേടത്തി  കിട്ടീതെടുത്ത് എറിയുന്നു സുകൂന് നന്നായറിയാം 

അവറാൻ ചേട്ടന് വീണ്ടുമൊരു മനം  മാറ്റം

ഒറോത പറയുന്നതിലും കാര്യമുണ്ട് അല്ലെങ്കി തന്നെ തന്റെ പുറം നാട്ടുകാരുടെ ചെണ്ടയാണെന്നാ പറയാറ് ആ ചെണ്ട അവിടത്തെ പോലീസുകാരെക്കൊണ്ട് തല്ലിപ്പൊട്ടിക്കണോ 

എന്റെ സുകേശാ ഞാനില്ലെടാ 

അവറാൻ ചേട്ടൻ ട് തന്റെ നയം വ്യക്തമാക്കി 

എന്റെ  ചേട്ടാ  ചേട്ടനു  ഞാൻ  വയറു നിറയെ  ബ്രാണ്ടി വാങ്ങിത്തരാന്ന്

അവസാനം സുകേശൻ അവറാൻ ചേട്ടന്റ വീക്ക് പോയിന്റില് കേറിപ്പിടിച്ചു .

സുകേശന്റെ ആ വലിയ ഓഫറിനു മുന്നിൽ അവറാൻ ചേട്ടൻ തലയും കുത്തി വീണു  ബ്രാണ്ടി കിട്ടിയാ തല്ലു കൊണ്ടാലും കുഴപ്പില്ലെന്ന്  അവറാൻ  ചേട്ടന്റെ ഉള്ളിലിരുന്ന് അവറാൻ ചേട്ടന്റെ മനസ്സും പറഞ്ഞു .

സംഗതി അവിടെയുള്ള ഒട്ടുമുക്കാലുപേരും പോകുന്നത്  ഈ ബ്രാണ്ടി ആശയിൽ തന്നെയാണ്  

ഒരു ലാറി മുഴുവൻ  ഞങ്ങൾ,  അങ്ങനെ ആ ഐതിഹാസിക സമരത്തിനു പുറപ്പെട്ടു  

കേറിയപ്പോ തൊട്ടെന്നെ ഓരോരുത്തരും കുടി തുടങ്ങി  തിരുവനന്തപുരത്ത്  എത്തിയപ്പോ ഒറ്റെണ്ണത്തിനും ബോധമില്ലാ .

ഞങ്ങൾ ജാഥയായി സെക്രട്ടറിയേറ്റിനു  മുന്നിലേക്ക് പുറപ്പെട്ടു  അവറാൻ ചേട്ടനാണ് ഏറ്റവും  മുന്നിൽ  .

ഞങ്ങടെ നേതാവായി അവറാൻ ചേട്ടൻ സ്വയം  മാറി ബ്രാണ്ടി അവറാൻ ചേട്ടനെ നേതാവാക്കി

അതാ  മന്ത്രി വരുന്നു  കാർ തടയുന്നു  പോലീസ് വരുന്നു  

ന്യായമായി സുകേശൻ പരാതി പറയുന്നതിനിടെ അവറാൻ ചേട്ടൻ അലറിക്കൊണ്ട് കാറിലൊരിടി  അപ്രതീക്ഷിതമായ ആ അടിയിൽ കാറിലിരുന്ന മന്ത്രി ഞെട്ടി  ഡ്രൈവർ ഞെട്ടി,  കാർ ഞെട്ടി, സുകേശൻ ഞെട്ടി സുകേശന്റെ കൈയ്യിലിരുന്ന നിവേദനം ഞെട്ടി , 

അവറാൻ ചേട്ടന്റെ കൈ ഞെട്ടി  

ഞാൻ തന്നെയാണോ ഇങ്ങനെ അടിച്ചതെന്നോർത്ത്  അവറാൻ ചേട്ടൻ വരെ ഞെട്ടി.

ഞെട്ടിയ ഡ്രൈവർ പീതാംബരൻ കാറും മന്ത്രിയേയും ഉപേഷിച്ച് ജീവനും കൊണ്ടോടി 

ഞെട്ടിയ പോലീസ് അലറി  

ചാർജ് 

ആദ്യ ഇടി  അവറാൻ ചേട്ടന്റെ കൂമ്പിനിട്ട് തന്നെയായിരുന്നു  അതോടെ  അവറാൻ ചേട്ടന്റെ കണ്ണീന്ന് പൊന്നീച്ച മാത്രല്ല  വേറെ ഏതാണ്ടൊക്കെയോ പറന്നുപോയി  അടുത്ത ഇടിയോടെ  ഉള്ളിലെ ബ്രാണ്ടിയിറങ്ങിയോടി പിന്നാലെ നേതാവും അടുത്ത  ഇടിക്ക് ജീവൻ തന്നെ ഓടാൻ റെഡിയായി നിൽക്കുന്ന കാരണം  ആ ജീവനേയും കൊണ്ട് അവറാൻ ചേട്ടനോടി.

സംഗതി പണി പാളിയെന്ന് മനസ്സിലായതോടെ  സുകേശൻ റോഡിന്റെ മതിലു ചാടി ഓടി .

ഞാനോടി ഏതോ ഒരു ബസ്സ് സ്റ്റോപ്പില് ഏതോ ഒരു ബസ്സ് കാത്ത് നിൽക്കുന്ന  പോലെ നിന്നു .

പ്രേക്ഷിതൻ  സുകു  ഒരു പള്ളി കണ്ടതോടെ  അതിനുള്ളിലേക്ക് ഓടിക്കയറി കുമ്പസാരക്കൂട്ടിനുള്ളിൽ  കേറിയിരുന്നു.
 
ഞാൻ അച്ഛനാണ്  കുമ്പസാരിപ്പിക്കാൻ വന്നിരിക്കുന്നതാ ന്നാ പോലീസുകാരോട് സുകേശൻ പറഞ്ഞത് 

ലോഹയെവിടെയെന്ന്  ചോദിച്ചപ്പോ  

ഉണങ്ങാനിട്ടിരിക്കാന്ന് പറഞ്ഞു

ളോഹയില്ലാതെ കുമ്പസാരിപ്പിക്കാൻ പാടുണ്ടോയെന്ന് ചോദിച്ചപ്പോ 

അത് കുഴപ്പില്ലെന്നാ സുകു പറഞ്ഞത് 

സ്വർഗ്ഗസ്ഥനായ പിതാവ് ചൊല്ലാൻ പറഞ്ഞപ്പോ സുകു നന്മ നിറഞ്ഞ മറിയമേ ചൊല്ലി.

പേര് ചോദിച്ചപ്പോ  പേടില് സുകു  സ്വന്തം പേരും മറന്നു അവസാനം ഓർമ്മ വന്നത് മീൻകാരൻ മമ്മദിന്റെ പേരാ  

സുകു പറഞ്ഞു മമ്മദ് അച്ചനാന്ന് 

അതോടെ പോലീസ് കുമ്പസാര കൂട്ടിലിട്ട് തന്നെ സുകുനെ ഇടിച്ചു പഞ്ചറാക്കി കൂട്ടിനുള്ളിലായ കാരണം ഓടാൻ പോലും സുകൂന് പറ്റിയില്ല 

പോലീസുകാർക്കത്  നല്ല സൗകര്യമായി

കുമ്പസാര കൂട്ടിലിരുന്ന് സുകു വാവിട്ടു കരഞ്ഞു സുകുന്റെയാ  കരച്ചില് കേട്ട്  കർത്താവിന് വരെ സങ്കടം വന്നു

സുകു ചെയ്ത പാപമെല്ലാം അതിലൂടെ ഒലിച്ചു പോയി .

അതോട് കൂടി ജീവനും ഒലിച്ചു  പോവാഞ്ഞത് സുകൂന്റെ ഭാഗ്യം  പാപമില്ലാത്ത സുകു വെളുത്ത സുകുവായിട്ടാണ്  പുറത്തേക്ക് വന്നത്

കരച്ചിൽ കേട്ട് ഓടിവന്ന ഒർജിനൽ അച്ചൻ കുമ്പസാരക്കൂട്ടിനുള്ളിൽ നിന്ന് കരഞ്ഞുകൊണ്ട് മറ്റൊരു അച്ചൻ പുറത്തേക്ക് ഇറങ്ങുന്നത് കണ്ട് ഞെട്ടി 

ആരാന്ന് ചോദിച്ചപ്പോ സുകു കരഞ്ഞിട്ടാ പറഞ്ഞത് 

മമ്മദ് അച്ചനാന്ന് 

മമ്മദിനെ വരെ കർത്താവ് അച്ചനാക്കിയോന്നാ ആ പാവം ചിന്തിച്ചത് 

ജീവനും കൊണ്ടോടിയ അവറാൻ ചേട്ടൻ  നിറുത്തിയിട്ടിരുന്ന ഒരു ബസ്സിലേക്കാണ് പ്രാണരക്ഷാർത്ഥം ഓടിക്കയറിയത് 

അതോടെ അവറാൻ ചേട്ടൻ ആകെ പകച്ചു

ബസ്സിലാകെ കാക്കി മയം 

ഈ ബസ്സില് മുഴുവൻ  കണ്ടക്ടർമാരാണോ ? 

പിന്ന്യാ അവറാൻ ചേട്ടൻ സൂക്ഷിച്ച് നോക്കിയത്  എല്ലാവരുടെ കൈയ്യിലും ലാത്തി

ഈശ്വരാ പോലീസിനെ  പേടിച്ച് പോലീസ് ബസ്സിലേക്കാണോ   ഓടിക്കയറിയത്?

അതോടെ  അവറാൻ ചേട്ടന്റെ ശേഷിച്ച ജീവൻ  പോലീസിന്റെ ഇടി കൊള്ളുന്നതിനും മുന്നേ അവറാൻ ചേട്ടന്റെ മേത്തൂന്നും ഇറങ്ങിയോടി ബസ്സിനു പുറത്തു വന്ന്   അവറാൻ ചേട്ടനെ നോക്കി

അവറാൻ ചേട്ടൻ നിന്നുരുകി

അങ്ങനെ ഉരുകി, ഉരുകി  അവറാൻ ചേട്ടൻ സ്വയം കത്തിപ്പോയേനേ .

പൊലീസുകാരെ നോക്കി  അവറാൻ ചേട്ടൻ ചിരിക്കാൻ ശ്രമിച്ചു പക്ഷേ ചിരിക്കാൻ ചിരിക്കു പേടി  അവൻ അവറാൻ ചേട്ടന്റെ അനുവാദമില്ലാതെ കരഞ്ഞു

ഇവനല്ലേ മന്ത്രീടെ കാറിനെ തടഞ്ഞവരുടെ നേതാവ് ?

അല്ല ഇവനെന്തിനാണിപ്പോ  ഇങ്ങോട്ടേക്ക്  ഓടിക്കേറിയത്  .?

പ്രൈവറ്റ് ബസ്സാണെന്നും കരുതി ഓടിക്കയറിയതാ  

പാവം 

പോലീസുകാരുടെ ആ കൊല തമാശ അവറാൻ ചേട്ടനെ ഉരുക്കി

ആ തോക്ക് ഇങ്ങോട്ട് എടുത്തേ  ഇവനെ നമുക്കീ ബസ്സിലിട്ടു തന്നെ വെടിവെച്ചു  കൊല്ലാം

ഇതു കൂടി കേട്ടതോടെ ബസ്സിനു പുറത്ത്  അവറാൻ ചേട്ടനേയും പ്രതീക്ഷിച്ചു നിൽക്കായിരുന്ന അവറാൻ ചേട്ടന്റെ  ജീവൻ അവിടെന്നും ഓടി കുറെ അകലെ പോയി നിന്നു  .

ജീവനില്ലാത്ത അവറാൻ ചേട്ടൻ ജീവച്ഛവമായി  ഇവര് തന്നെ വെടി വെച്ച് കൊല്ലും  ഒറ്റ വെടിക്കു  തന്നെ തന്റെ കാറ്റു പോവും അവറാൻ ചേട്ടൻ കണ്ണടച്ചു നിന്നു  

അവറാൻ ചേട്ടനെ വെടി വെക്കുന്നത് കാണാൻ കരുത്തില്ലാതെ  അവറാൻ ചേട്ടന്റെ ജീവനും കണ്ണടച്ചു നിന്നു.

അവറാൻ ചേട്ടന് ഒറോത  ചേടത്തീയെ  കാണണമെന്ന് തോന്നി

അവള് പറഞ്ഞത് കേട്ടാ മതിയായിരുന്നു ബ്രാണ്ടി കുടിക്കാനുള്ള ആശ കാരണം വെടി കൊണ്ട് ചാവേണ്ടി വരൂലോ 

ഒരു പോലീസുകാരൻ ലാത്തിയെടുത്ത് സാങ്കല്പീക തോക്കാക്കി അവറാൻ ചേട്ടന്റെ നെറ്റിയിൽ മുട്ടിച്ചു

''ഠോ ''ഒറ്റ വെടി  

അവറാൻ ചേട്ടൻ ഒറ്റ ഞെട്ട്  ആ ഞെട്ടലോടെ  അവറാൻ ചേട്ടൻ പേടിച്ച് ബസ്സിനുള്ളിൽ  മൂത്രമൊഴിച്ചു

അടുത്ത സാങ്കൽപ്പീക  വെടിക്ക്‌ അവറാൻ ചേട്ടന്റെ രണ്ടും റിലീസായാനേ

അവറാൻ ചേട്ടൻ ഒരു കൊച്ചു കുട്ടിയായി  ഉറക്കെ കരഞ്ഞു  

എന്റെ പൊന്നു  സാറന്മാരെ  എന്നെ കൊല്ലല്ലേ എന്റെ ഭാര്യക്ക് ആകെക്കൂടിയുള്ളത് ഞാനാ .

ഈ വയസ്സു കാലത്ത് ഇതിന്റെ വല്ല ആവശ്യമുണ്ടോടാ കിഴവാ?

ഇല്ല  സാറേ എന്നോട് ക്ഷമിക്കണേ

അവറാൻ ചേട്ടന്റെ രോദനം തിരുവനന്തപുരവും കഴിഞ്ഞ് ഞങ്ങളുടെ ഗ്രാമം വരേയെത്തി  

ഇനി നിന്നെ ഈ ഏരിയേല് എങ്ങാനും കണ്ടാ ?

ഇല്ല സാറേ  ഈ വശത്തേക്ക് ഇനി ഞാൻ  തല വെച്ചുപോലും കിടക്കത്തില്ല .

പിറ്റേ ദിവസത്തെ  എല്ലാ പേപ്പറിലും അവറാൻ ചേട്ടന്റെ പടം ഉണ്ടായിരുന്നു  മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചൂന്നും പറഞ്ഞ്  

സുകേശൻ പ്രശസ്തനാവാൻ നോക്കി  അവറാൻ ചേട്ടൻ കുപ്രസിദ്ധനായി .

ഒരു വിധത്തിലാ അവറാൻ ചേട്ടൻ  ആ കേസീന്ന് തലയൂരിയത്

കുറേ നാളത്തേക്ക് വീടിന്റെ മുറ്റത്ത് ഏതെങ്കിലും വണ്ടിയുടെ ശബ്ദം കേട്ടാ അവറാൻ ചേട്ടൻ പിന്നാമ്പുറത്തേക്കൂടെ ഇറങ്ങിയോടും  ചേട്ടന്റെ വിചാരം പോലീസുകാരാന്നാ.

അടുത്ത ലീവിന് രാജപ്പേട്ടൻ വന്നപ്പോ സുകേശനോട് ലോകത്തിന്റെ പ്രസിഡണ്ട് ആവാന്നു പറഞ്ഞു നോക്കിയതാ സുകേശൻ നാല് തെറി വിളിച്ചതോടെ അത് ചീറ്റിപ്പോയെന്ന് രാജപ്പേട്ടന് മനസ്സിലായി