ഹിന്ദി വളരെ എളുപ്പമുള്ള ഭാഷയാണന്നാ ഓരോരുത്തരൊക്കെ  പറയണത് 

പക്ഷേ ഞാൻ പതിനെട്ടടവ് പയറ്റി നോക്കിയിട്ടും എന്റെ തലയിൽ മാത്രം ഹിന്ദി  കേറുന്നില്ല

വീട്ടില് പണിയെടുക്കാൻ  വന്ന ബംഗാളിയുമായി  ഞാൻ തല്ല് വരെ എത്തി ബംഗാളിയോട് തടം തോണ്ടാൻ പറഞ്ഞാ അവൻ കുല വെട്ടും കുല വെട്ടാൻ പറഞ്ഞാ തടം തോണ്ടും  തെങ്ങുമ്മേ കേറാൻ പറഞ്ഞാ പ്ലാവിമ്മേ കേറും  പ്ലാവിമ്മേ കേറാൻ പറഞ്ഞാ തെങ്ങുമ്മേ കേറി ഇളനീര് വരെ  വെട്ടിയിടും 

ഒരു പ്രാവശ്യം ദേഷ്യം വന്ന്  ഞാനവനെ മലയാളത്തില് കുറേ തെറി പറഞ്ഞു  എന്തോ അതുമാത്രം അവന് കൃത്യമായി മനസ്സിലായി അതോടെ  അവൻ ബംഗാളില് കുറേ തെറി എന്നെയും  .

എന്റെ കൈ ആകെ തരിച്ചു വന്നതാ പക്ഷേ അവന്റെ നിൽപ്പും ഭാവവും കണ്ടതോടെ ഞാനതടക്കി ചിലപ്പളേ അവൻ നമുക്കിട്ട് ഒരു താങ്ങു താങ്ങും  വെറുതേ നമ്മുടെ ശരീരം  ബംഗാളിക്ക് ഫുട്ബാൾ കളിക്കാൻ  കൊടുക്കണോ ?

അമ്മവരെ ഇവനോട് സംസാരിക്കാൻ  രണ്ടുമൂന്നു ഹിന്ദി ഡയലോഗുകള്  ഗൾഫ്കാരൻ ഭാസ്കരൻ ചേട്ടന്റെ അടുത്തൂന്ന് പഠിച്ചെടുത്തു .

ഇന്നാള് ''പാനി ലാവോ...പാനി ലാവോ ..'' ന്ന് അമ്മ പറഞ്ഞപ്പോ അവൻ കടേ പോയി മിനറൽ വാട്ടർ വാങ്ങിക്കൊണ്ടു വന്നു  അമ്മ ഉദ്ദേശിച്ചത് കിണറ്റിന്ന് വെള്ളം കോരി  കൊണ്ടു വരാനായിരുന്നു

ആ  മിനറൽ വാട്ടർ മുഴുവൻ അമ്മ അവനെക്കൊണ്ട് തന്നെ കുടിപ്പിച്ചു പാവം ബംഗാളിടെ കണ്ണീന്ന് വെള്ളം വന്നു  ഇത്രക്കും സ്നേഹാ  

ഉടമസ്ഥൻ കിണറ്റു വെള്ളവും വേലക്കാരന് മിനറൽ വാട്ടറും കൊടുക്കുന്ന ആ സ്നേഹം കണ്ടാ ശരിക്കും കരഞ്ഞത് 

ശമ്പളം കിട്ടിയപ്പോ അവന്റെ കണ്ണും തള്ളി മിനറൽ വാട്ടറിന്റെ കാശ് പിടിച്ചിട്ടാ അമ്മ കൊടുത്തത്

അതോടെ  ബംഗാളീല് അവൻ അമ്മയെ കുറേ  ചീത്ത വിളിച്ചു  ഭാഗ്യത്തിന് അമ്മക്കൊന്നും മനസ്സിലായില്ല അതവന്റെ ഭാഗ്യം അല്ലെങ്കി ചിരവക്കട്ട വീണ് അവനെയും കൊണ്ട്  ഞാൻ  ആശുപത്രീലോട്ട് ഓടേണ്ടി വന്നേനേ

ഇവിടെയുള്ള  ഒരു കണാപ്പൻ പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട് ഒരു കാര്യോല്ല്യാ  

അത് എന്നെ ഉദ്ദേശിച്ചായിരുന്നു  അന്ന് തൊട്ടുള്ള വാശ്യാ ഹിന്ദി പഠിച്ചിട്ടെന്ന കാര്യന്ന്.

ചില ചെക്കന്മാരൊക്കെ ഗൾഫിൽ പോയി ഒന്ന് രണ്ട് വർഷം കഴിഞ്ഞ്  വന്നാപ്പിന്നെ ഹിന്ദി അങ്ങട് പറയണ കേട്ടാ  വാ പൊളിച്ച് നിന്ന് പോവും  .

ഗൾഫിലൊക്കെ അറബി കഴഞ്ഞാ പിന്നെ ഹിന്ദ്യാ  കൂടുതൽ ആൾക്കാര് പറയണതെന്നുള്ളത് എനിക്ക് വല്യ അറിവായിരുന്നു 

ഗൾഫ്കാരൻ ഭാസ്ക്കരേട്ടൻ ഇന്നാള്  പാക്കരൻ ചേട്ടന്റെ ചായക്കടേല് വെച്ച് ബംഗാളിയോട് ഹിന്ദി പറയണ കേട്ട് ഞങ്ങടെ കണ്ണ് തള്ളി

ബംഗാളി പുട്ടിന് സബ്ജി ചോദിച്ചപ്പോ പാക്കരേട്ടൻ പുട്ടിന്റെ കൂടെ ബജി കൊടുത്തു  സബ്ജി .., സബ്ജി ..ന്ന് വീണ്ടും പറഞ്ഞപ്പോ വീണ്ടും ബജി കൊടുത്തു

ബംഗാളി തലയിൽ  കൈവെച്ച് ചെന്നാ സബ്ജി ലാവോ ..,ചെന്നാ സബ്ജി ലാവോന്ന് അലമുറയിട്ടു കരഞ്ഞു എന്നിട്ടും പാക്കരൻ ചേട്ടന് മനസ്സിലായില്ല

ചേനയൊന്നും ഇവിടെയില്ല വേണെങ്കീ അത്  തിന്നിട്ട് എണീറ്റു പോടാന്നും പറഞ്ഞു ബംഗാളിയോട് ചൂടാവും ചെയ്തു 

ഭാസ്ക്കരേട്ടൻ അന്നവിടെയുള്ള  കാരണാ ബംഗാളി രക്ഷപ്പെട്ടത് ഇല്ലെങ്കി പാവം  പൂട്ടിന്റെ കൂടെ ബജിയും  തിരുമ്മിക്കൂട്ടി ശാപ്പിടേണ്ടി വന്നേനേ

എന്റെ ചേട്ടാ അവൻ കടലക്കറിയാണ് ചോദിക്കണത് 

പാക്കരൻ ചേട്ടനതൊരു  പുതിയ അറിവായിരുന്നു  കടലയെ ചേനാന്നാണോ ബംഗാളില്  പറയാ ?, അപ്പോ ചേനയെ ?

പാക്കരൻ ചേട്ടന്റെ ആ വലിയ സംശയം കേട്ട് ഭാസ്ക്കരേട്ടൻ  ചായയും  കുടിച്ച് വേഗം വീട്ടീപ്പോയി

റോമു ബംഗാളികളെ  കാണുമ്പോ ഇപ്പോ കുരക്കാറേയില്ല കുരച്ചാലും ബംഗാളിക്ക് മനസ്സിലാവില്ല റോമൂന്റെ വിചാരം ബംഗാളില് വേറേ മാതിരിയായിരിക്കും കുരക്കാന്നാ  പിന്നെ വെറുതേയെന്തിനാ തൊണ്ടയിലെ വെള്ളം വറ്റിക്കുന്നതെന്നും വിചാരിച്ച് ബംഗാളികളെ കാണുമ്പോ അവനിപ്പോ  കണ്ണടച്ച് കിടക്കാറാ പതിവ് .
           
എങ്ങിനെയെങ്കിലും ഹിന്ദി പഠിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം

ഹിന്ദി എഴുതാനും വായിക്കാനും എനിക്കറിയാം പക്ഷേ സംസാരിക്കാനറിയില്ല .

അങ്ങനെ ഞാൻ ഹിന്ദി പോസ്റ്റലായിട്ട് പഠിക്കാൻ തുടങ്ങി  ഒരു മാസം കൊണ്ട് എന്നെ ഹിന്ദി വാദ്ധ്യാരാക്കിത്തരാന്നാ അവര് പറഞ്ഞത്  

ഞാൻ അവരു  ചോദിച്ച ആയിരം രൂപ മണിയോർഡറും  അയച്ച് ഹിന്ദി വാദ്ധ്യാരാവുന്നതും സ്വപ്നം കണ്ടു നടന്നു .

ഞാൻ ചറ പറ ഹിന്ദി പറയുന്നു  അതുകണ്ട്  വീട്ടുകാർ ഞെട്ടുന്നു  നാട്ടുകാർ ഞെട്ടുന്നു  കൂട്ടുകാർ ഞെട്ടുന്നു .

പാക്കരൻ ചേട്ടന്റെ ചായക്കടയിലിരുന്ന് ഞാൻ ഹിന്ദി പറയുന്നത് കേട്ട്  ചായ കുടിക്കാൻ വന്ന ബംഗാളി മാഹ്തോ തല ചുറ്റി വീഴുന്നു  പണിയെടുക്കാൻ വരുന്ന ബംഗാളികളുടെ അടുത്ത് പണി പറയാൻ പറ്റാതെ  വിറങ്ങലിച്ചു നിൽക്കുന്ന നാട്ടുകാരുടെ ഇടയിൽ ഞാനൊരു പുലിയായി നിന്ന് കസറുന്നു  ഞങ്ങടെ ഗ്രാമത്തിൽ ഞാനൊരു ഹിന്ദിക്കാരനായി വിലസുന്നു .

ഞാൻ ഹിന്ദിയിൽ കഥപറയുന്നു  കവിതയെഴുതുന്നു  പ്രസംഗിക്കുന്നു  എന്തിന് ഞാൻ  ഭക്ഷണം കഴിക്കുന്നത് പോലും ഹിന്ദിയിലായി .

ദാൽ, സബ്ജി, ചാവൽ

എന്നെ ഹിന്ദി പഠിപ്പിച്ച ഹിന്ദി മാഷ് വരെ എന്നോട് സംശയം ചോദിക്കുന്നു  ഹിന്ദി അറിയാത്തതിന്  എന്നെ ഹിന്ദില് പട്ടീന്ന് വിളിച്ച ആളാ അന്നെനിക്കത് മനസ്സിലായില്ല  ഞാൻ ചിരിച്ചു അപ്പൊ മാഷെന്നെ ഹിന്ദീല് ഡോങ്കിന്ന് വിളിച്ചു  അപ്പോഴും ഞാൻ ചിരിച്ചു.

പിന്നെ എന്റെ ക്ലാസ്സ് മേറ്റ് ശങ്കുവാ  പറഞ്ഞത് നിന്നെ മാഷ് തെറി വിളിച്ചതാന്ന് അന്നെന്റെ രക്തം കുറെ തിളച്ചതാ  പിന്നെ അതോണ്ട് യാതൊരു കാര്യവും ഇല്ലാന്ന് മനസ്സിലായതോടെ  രക്തം തന്നെ സ്വയം തണുത്തു

ആ ദേഷ്യം ഞാൻ ശങ്കൂനോട് തീർത്തു 

നീയെന്തിനാ അർത്ഥം  പറഞ്ഞു തന്നെതെന്നും ചോദിച്ച് ഞാൻ ശങ്കൂനെ കൊറേ തെറി വിളിച്ചു  ഇടിക്കാൻ നോക്കി ശങ്കൂനെ ഇടിക്കാൻ എനിക്ക് ഭയങ്കര ധൈര്യാ  എന്റെ പകുതിയേ ഉള്ളൂ

പാവം ശങ്കു അതോടെ ജീവനും കൊണ്ട് ഓടി

എല്ലാവർക്കും  ദേഷ്യം വരുമ്പോ ഇടിക്കാനുള്ള ഒരു പൊറവും കൊണ്ടാ ശങ്കുവിന്റെ നടപ്പ്

അങ്ങനെ കാത്തു കാത്തിരുന്ന് എനിക്കൊരു പൊതി പാഴ്സലായിട്ട് വന്നു  എന്റെ ഹിന്ദി പൊതി.

അതിൽ ഹിന്ദിയിൽ അച്ചടിച്ച ഒരു പേപ്പർ 

നിങ്ങൾക്ക് ഹിന്ദി പഠിക്കാനുള്ള  എളുപ്പമാർഗ്ഗം  ദിവസവും ഹിന്ദി ചാനലുകൾ കാണുക ഹിന്ദി പേപ്പറുകൾ വായിക്കുക  ഹിന്ദിയിൽ സംസാരിക്കുക .

ഹിന്ദിയിൽ സംസാരിക്കാനായിട്ടാണല്ലോ  ഞാൻ  ഹിന്ദി  കോഴ്സിന് ചേർന്നത് 

എനിക്ക് യാതൊരു എത്തും പിടിയും കിട്ടിയില്ല  പക്ഷേ ഒന്നെനിക്ക് മലയാളത്തിൽ മനസ്സിലായി എന്റെ കാശ് പോയീന്ന് .

അതിലൊരു സീ ഡി  കൂടിയുണ്ടായിരുന്നു  

മേരാ  നാം ജോക്കർ  

ഒരു ജോക്കറായിരുന്ന് ഞാനാ സിനിമ മുഴുവൻ കണ്ടു 

പുതിയ ഹിന്ദി പടങ്ങൾ പോലും കാണാത്തൊനാ

കാശും കുടുക്ക പൊളിച്ച കാശായിരുന്നു ദൈവമേ  ... ഒറ്റയടിക്ക് ആ കാലമാടന്മാർ അതു  മുഴുവനും  കൊണ്ടോയി  .

എന്തൊക്കെ പ്രതീക്ഷകളായിരുന്നു  

പെരുന്നാളിന് ജീൻസെടുക്കാൻ വെച്ച കാശാ അവന്മാർക്ക് നേർച്ചയിട്ടത് 

എന്റെ രക്തം തിളച്ചു ഏതായാലും ഇവരെ  അങ്ങനെ വിടാൻ പറ്റില്ല ഒരു പാഠം പഠിപ്പിക്കണം നാളെ മറ്റാർക്കും ഇങ്ങനെ വന്നൂടാ  എന്നിലെ ധർമ്മ ബോധം  യുധിഷ്ഠരനായി  പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലയിന്റ് കൊടക്കണം  അവന്മാരെ ഇടിച്ച് ഹിന്ദിയിൽ കരയിപ്പിക്കണം.

ഹിന്ദിയിൽ എങ്ങിനെയാണാവോ  കരയാ ?

മലയാളത്തിലാണെങ്കിൽ ഇടികിട്ടുമ്പോ  അമ്മേ ..,അമ്മാ .., അയ്യോ ന്നൊക്കെ കരയും  ഞാനും കുറേ  കരഞ്ഞിട്ടുള്ളതാ 

ഹിന്ദീല് മാതാ...ന്നൊക്കെ നീട്ടിവിളിച്ചാവും കരയാ

ഏത് ഭാഷയിലാണെങ്കിലും ഇടി കിട്ടുമ്പോ അമ്മയെ വിളിക്കാ അതെന്തണാവോ ?

പക്ഷേ പോലീസ് സ്റ്റേഷനിലേക്ക് ഒറ്റക്ക് പോവാൻ എനിക്കൊരു പേടി  ഇനി പരാതി കൊടുക്കാൻ പോയ എന്നെ  പിടിച്ച് അവന്മാർ ഹിന്ദിയിൽ കരയിപ്പിച്ച് നോക്കിയാലോ  മ്മടെ പോലീസല്ലേ ?

ഇടിയൻ ജോണീടെ  ഒറ്റ ഇടി കിട്ടിയാമതി ഏത് ഭാഷേല് വേണമെങ്കിലും കരയും .

ഇടി കഴിഞ്ഞാ  ഇടിയൻ  കാര്യം പോലും ചോദിക്കത്തുള്ളൂ  ഒരു പ്രാവശ്യം  മീൻകാരൻ മമ്മദ്  ഒരു പരാതിയായിട്ട് പോയതാ ആ പാവത്തിനെ  വെറുതേ പിടിച്ച്  നാലഞ്ചിടി  എന്നിട്ടാ കാരണം ചോദിച്ചത്  മമ്മദ് കരഞ്ഞോണ്ടാ പറഞ്ഞത്  

ഞാൻ പരാതി കൊടുക്കാൻ വന്നതാന്ന്  അത് ആദ്യം പറയേണ്ടേന്നും ചോദിച്ച് വീണ്ടും ഇടിച്ചു 

മാർക്കറ്റിൽ വെച്ച് ആരോ തല്ലീന്നും പറഞ്ഞാ മമ്മദ് പരാതി കൊടുക്കാൻ പോയത്  ആ തല്ലും കൊണ്ട് മിണ്ടാണ്ടിരുന്നാ മതിയായിരുന്നുന്നാ മമ്മദ് പിന്നീട് പറഞ്ഞത്.

അന്ന് മമ്മദിന് അവിടന്നും ഇവിടന്നും ഒക്കെ ഇടികിട്ടി ഭാര്യ പറഞ്ഞത്  നിങ്ങള് നാട്ടാരുടെ പൊറമ്പോക്കാണെന്നാ 

ആ ദേഷ്യമൊക്കെ  മമ്മദ് മീനോടാ  തീർത്തത് ചത്തു കിടക്കുന്ന  അയലയേ  പിടിച്ച് മമ്മദ് തലങ്ങും വിലങ്ങും ഇടിച്ചു എന്നിട്ടും ദേഷ്യം തീരാഞ്ഞ് പിച്ചി ചീന്തി .

പാവം അയില ചത്ത കാരണം മിണ്ടാണ്ട് കിടന്നു

ഇതൊക്കെ കേട്ട കാരണം എനിക്ക് പോലീസ് സ്റ്റേഷനിലേക്ക് ഒറ്റക്ക് പോവാനൊരു  പേടി  പ്രേക്ഷിതൻ സുകൂനെ വിളിച്ചാ സുകു വരത്തില്ല  സുകൂനെ കാണുന്നത്  തന്നെ ഇടിയന്  ദേഷ്യാ 

ആ ദേഷ്യത്തില് എനിക്കും കൂടി ഇടി കിട്ടും എന്തിനാ സുകുവിനെ കൊണ്ടു വന്നതെന്നും ചോദിച്ച് 

സുകു ആദ്യം വല്യ റൗഡിയായിരുന്നു  ഇടിയൻ വന്ന കാലത്ത് ഇടിയനുമായി  ഒന്നു മുട്ടി സുകു കരുതിയത്  സാധാരണ പോലീസു കാരെപ്പോലെ ഇടിയനും പേടിക്കുന്നായിരുന്നു പക്ഷേ സുകൂന്റെയാ  ധാരണ തെറ്റി  ഇടിയന്റെ ഒറ്റ ഇടിയോട് കൂടി സുകൂന്റെ അടിവയറ്റിന്ന് എന്തോ ഒന്ന് പറന്നു പോയീത്രെ പിന്നെയാ സുകു  പറഞ്ഞത് ആ പറന്നു  പോയത് റൗഡി ആയിരുന്നൂന്ന്  അതോടു കൂടി സുകു നന്നായി  നന്നായി, നന്നായി വളരെയധികം  നന്നായി 

അവസാനം സുകു ഒരു പ്രേക്ഷിതനായി

അതീപ്പിന്നെ ഇടിയൻ ജോണീന്ന് കേട്ടാ ഉറക്കത്തില് വരെ സുകു ഞെട്ടി മുള്ളും  പ്രേക്ഷിതനായിട്ടും  സുകൂനെ ഒരു പ്രാവശ്യം ഇടിയൻ പൊക്കിയതാ  ഇടിയന്റെ വിചാരം സുകൂന്റെ നമ്പറാന്നാ  ഈ വക ഉടായിപ്പും കൊണ്ട് നടന്നാ  നിന്നെ ഞാൻ വീണ്ടും ഇടിക്കുന്ന് വാണിംഗ് കൊടുത്തിട്ടാ അന്ന് വിട്ടത്  

സുകു കരഞ്ഞോണ്ട്  അച്ചന്റെ അടുത്ത് പോയി പറഞ്ഞു  

അച്ചനാ ഇടിയനോട് പറഞ്ഞത് സത്യായിട്ടും സുകു പ്രേക്ഷിതനായീന്ന്  അച്ഛനും ഇടിയനോട് പറയാൻ പേടിയായിരുന്നു  അത് കൊണ്ട്  ലോഹ ഇട്ടിട്ടാണ് പോയത്  ഇടി കിട്ടിക്കഴിഞ്ഞിട്ട് കർത്താവിനോട് പരാതി പറഞ്ഞിട്ട് വല്ല കാര്യവുണ്ടോ ?

അത് കൊണ്ട് സുകു വരത്തില്ല പിന്നെയുള്ളത് സുകേശനാണ് സുകേശനും  പേടിയാണ് ഇടിയനെ പക്ഷേ പഞ്ചായത്ത് മെമ്പറിന്റെ  മുൾകിരീടം ഉള്ളത് കൊണ്ട് ഞങ്ങള് വിളിച്ചാ വരാതിരിക്കാനും പറ്റത്തില്ല . 

ഞങ്ങളുടെ  ഗ്രാമത്തിൽ  എല്ലാവർക്കും  ഇടിയനെ പേടിയാ  എന്തിന് ഇടിയന്  പോലും ഇടിയനെ പേടിയാ  ചെലപ്പോ സ്വയം രണ്ടിടി ഇടിച്ചിട്ട് ഇടിയൻ ചോദിക്കും 

പേടില്ലേന്ന്? 

അടുത്ത ഗ്രാമത്തിലുള്ളവർക്കും  ഇടിയനെ വല്യ പേടിയാ ഒരു പ്രാവശ്യം മൂർഖൻ രാജൻ റൗഡിനെ ഇടിയൻ പൊക്കി 

മൂർഖൻ ..,മൂർഖന്റെ പോലെ ചീറ്റിട്ടാ ചോദിച്ചത്

സാറ് അടുത്ത സ്റ്റേഷനിലെ അല്ലെ അതോണ്ട്  വിളച്ചിലൊക്കെ അവിടെ എടുത്താ മതീന്ന്  

അത് പറഞ്ഞു തീർന്നില്ല ഒറ്റ ഇടിയാ 

മൂർഖൻ ഒടിഞ്ഞു നുറുങ്ങി നീർക്കോലി പോലെ ആയി എന്നിട്ടും പോരാഞ്ഞു നിലത്തിട്ട് പാമ്പിനെ തല്ലുന്ന  പോലെ തല്ലി 

എണീറ്റ് ഓടാൻ പറഞ്ഞൂ 

മൂർഖൻ ജീവനും കൊണ്ട് അന്നോടിയാ  ആ  ഓട്ടം ഏതോ പാമ്പില്ലാത്ത രാജ്യം വരെക്കും  ഓടി 

 സെക്ക്യൂരിറ്റിക്കാരെ കാണുമ്പോ  പോലും പാവം ഞെട്ടിത്തെറിക്കും 

ഇപ്പൊ വടക്ക് എങ്ങാട് ഏതോ പലചരക്ക് കടേല് പൊതിയാൻ നിൽക്കാ

മൂർഖൻ രാജനെ ആദ്യം കണ്ടപ്പോ എനിക്കുമൊരു  റൗഡിയാവണമെന്ന് ആശ തോന്നീതാ  എന്തോ ഭാഗ്യം എന്നെ ഇടിയന്  ഇടിക്കേണ്ടി  തന്നെ വരില്ല ഇടിയൻ വെറുതേയൊന്ന് നോക്കിയാ മാത്രം മതി ഞാനീ ഭൂഖണ്ഡം കഴിഞ്ഞും ഓടിയേനെ .

അവസാനം  ഒരു വിധത്തിലാ സുകേശൻ സമ്മതിച്ചത് എടാ ആയിരം രൂപയല്ലേ പോയുള്ളൂ  അതിനി നോക്കണോ ? ആ പൈസ നിനക്ക് ഞാൻ തരാം 

പക്ഷേ എന്തു  പറഞ്ഞിട്ടും എന്റെ ധാർമ്മീക രോഷം ശമിക്കുന്നില്ല  ഞാൻ ഒരു പുണ്യാളൻ ആയ പോലെ എനിക്കെന്നെ ഒരു തോന്നല് 

എനിക്ക് കേസ് കൊടുത്തേ പറ്റത്തുള്ളൂ  അവന്മാരെ  പടിക്കട്ടെ  വേറെ ആരെയും അവരിനി  പറ്റിക്കരുത്  ഇടിയന്റെ ഇടിയുടെ ചൂട് എന്താന്ന് അവരറിയട്ടെ 

എടാ  വല്ല നോർത്ത് ഇന്ത്യയിലും കിടക്കണ അവന്മാരെ  ഇടിയൻ എങ്ങിനെ ഇടിക്കാനെടാ ? ചിലപ്പോ നിന്നെയാവും അയാള് പിടിച്ചിടിക്കാ  വിഡ്ഢിത്തത്തില് പോയി തലയിട്ടതെന്തിനെന്നും ചോദിച്ച്
   
ആ അമ്പ് എന്റെ മർമ്മത്താ കൊണ്ടത് 

അങ്ങിനെയുണ്ടാവോ  ? 

ഏയ് ഇല്ല  ഞാൻ എന്നെത്തന്നെ  സമാധാനിപ്പിച്ചു  എന്ത് വന്നാലും അവന്മാരെ ഇടിയൻ ഇടിക്കണം ആ ഒറ്റ ലൈനായി മാറി എന്റേത് 

ഞങ്ങള് ചെല്ലുമ്പോ  ഇടിയൻ സീറ്റിലിരുന്ന് എന്തോ എഴുതുകയാണ്  അപ്പുറത്ത് ഒരാള് ഇരിക്കുന്നുണ്ട് ഇടിയനെ കണ്ടതോടെ ഞങ്ങളുടെ  ധൈര്യം ഏതാണ്ട്  പകുതിയായി കുറഞ്ഞു  

ബാക്കിയുള്ള പാതി ധൈര്യം വെച്ച്  സുകേശനൊന്ന് മുരടനക്കിക്കൊണ്ട് ഇടിയന്റെ ശ്രദ്ധയാകർഷിക്കാൻ നോക്കിയെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നില്ല പേടികൊണ്ടാണെന്ന് തോന്നുന്നു  

സുകേശൻ വീണ്ടും മുരടനക്കി നോക്കി  എന്നിട്ടും രക്ഷയില്ല അവസാനം  ഒരു കൈകൊണ്ട് തൊണ്ടയിലൊക്കെ പിടിച്ചിട്ടാണ് സുകേശൻ മുരടനക്കുന്നത്.
           
ഭക്ഷണം  തൊണ്ടയിൽ തടഞ്ഞ് ശ്വാസം കിട്ടാത്തതുപോലെയുള്ള പരാക്രമം ആന്നാ  തോന്നാ .

പക്ഷേ  എന്തു ചെയ്തിട്ടും ശബ്ദം മാത്രം പുറത്തേക്ക് വരുന്നില്ല  സുകേശൻ  എന്തൊക്കെയോ  ആക്ഷൻ കാണിക്കുന്നുണ്ട്  പക്ഷേ ശരീരം കിടന്ന് ഞെരിപിരി കൊള്ളുന്നതല്ലാതെ  ശബ്ദം പുറത്തേക്കു  വരുന്നില്ല .

ശബ്ദം സുകേശന്റെ തൊണ്ടയിൽ  കിടന്ന് ഒളിച്ചു കളി നടത്തുന്നത് പോലെ  ശബ്ദത്തിനും പേടി  ഇനി ഇടിയൻ ശബ്ധത്തിനേം പിടിച്ച് ഇടിച്ചാലോന്ന്  ?

 നാലഞ്ചു പ്രാവശ്യം സുകേശൻ  മുരടനക്കി നോക്കിയിട്ടും മുരട് ഉള്ളീക്കിടന്ന് വട്ടം തിരിയുന്നതേയുള്ളൂ  പുറത്തേക്ക് വരുന്നില്ല   ഓരോ പ്രാവശ്യം സുകേശൻ  മുരടനക്കുമ്പോഴും ഞാൻ    ഇടിയനെ നോക്കി കൈ കൂപ്പാൻ റെഡിയായി നിൽക്കും  പക്ഷെ  ഓരോ പ്രാവശ്യവും  കൈ കൂപ്പാന്നല്ലാണ്ട്  സുകേശന്റെ വായേന്ന്  ശബ്ദം വരുന്നില്ല  ശബ്ദം വരാത്ത കാരണം ഇടിയനൊട്ട്  നോക്കുന്നൂല്ല്യാ.

അവസാനം മുരടനക്കുന്നത് കൊണ്ട് യാതൊരു കാര്യവും ഇല്ലെന്ന്  മനസ്സിലായതോടെ സുകേശൻ വാതിലിൽ മുട്ടിക്കൊണ്ട് ഇടിയന്റെ ശ്രദ്ധ ആകർഷിക്കാൻ നോക്കി   

അപ്പോഴും തഥൈവ 

മുട്ടാനായിട്ട് കൈ സ്പീഡിൽ  കൊണ്ടു  പോകുന്നത് കണ്ടാ സുകേശനാ  വാതില് ഇടിച്ചു തകർക്കുമെന്നു  തോന്നും  പക്ഷേ അവിടെയെത്തുമ്പോഴക്കും കൈ ഓട്ടോമാറ്റിക്കായിട്ട് സ്ലോ  മോഷനിലാവും  സുകേശൻ കൈകൊണ്ട് വാതിലിന്മേ ഉമ്മ വെക്കാന്നേ തോന്നൂ  വാതിലിനു  തന്നെ കേൾക്കാൻ പറ്റത്തില്ല സുകേശൻ മുട്ടുന്ന ശബ്ദം .

എന്തൂട്ടാ സുകേശാ നിങ്ങളീ  കാണിക്കുന്നേ  ? 

ഞാനത് ആംഗ്യ ഭാഷ യിൽ  കൂടിയാ ചോദിച്ചത്  

എനിക്ക് പറ്റുന്നില്ലെടാ  ആംഗ്യ ഭാഷയിൽ കൂടി തന്നെയാ  സുകേശൻ അതിനു മറുപടി തന്നതും

സുകേശനെ നോക്കിയിരുന്നിട്ട് കാര്യമില്ലാന്ന് അതോടെ എനിക്ക് മനസ്സിലായി ഞാൻ ശബ്ദം പിടിച്ച് എന്റെ തൊണ്ടക്കൊക്കെയൊന്ന് പിടിച്ച്  ഒന്ന് മുരടനക്കി  അത് ഒരു ഒന്നൊന്നര മുരടനക്കലായിപ്പോയി  പോത്ത് അമറുന്ന പോലെ 

ഇടിയൻ ഒറ്റ ഞെട്ട്   സുകേശനും അതോടൊപ്പം ഞെട്ടി  എന്തിന് ഞാൻ തന്നെ ഞെട്ടി  ഈശ്വരാ എന്റെ  ഈ കുഞ്ഞു തൊണ്ടെന്നാണോ ഇത്രയും വലിയ മുരൾച്ച ?

ഞെട്ടിയ വശം ഇടിയൻ ലാത്തിയെടുത്ത് മുന്നിലിരുന്ന ആളെ ഒറ്റ കുത്ത്  മ്മാ... ന്ന് ആട് കരയുന്ന  മാതിരി ഒരു കരച്ചില്  

പാവം അതൊരു ബംഗാളിയായിരുന്നു ബംഗാളിലാ കരഞ്ഞത്  ആള് ഇരിക്കല്ല ആളെ ഒരു സാങ്കല്പീക കസേരയിലാക്കി  ഇടിയൻ ഇരുത്തിരിക്കുകയാണെന്ന് അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്  .

ആരെടാ അവിടെ പോത്തിനെ അഴിച്ചു വിട്ടിരിക്കുന്നത് ?

ഇടിയന്റെ ആ അലർച്ച കേട്ടതോടെ  റൈറ്ററ് തോമാസേട്ടൻ പുറത്തേക്കിറങ്ങിയോടി  

പിന്നെയാ തോമാസേട്ടന് മനസ്സിലായത് പോത്തിനെചീത്ത വിളിച്ചതിന് താനെന്തിനാ  ഇറങ്ങി ഓടിയതെന്ന് 

തോമാസേട്ടൻ പാറാവ് കാരനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചിട്ടാ പറഞ്ഞത്               

മൂത്രമൊഴിക്കാൻ ഓടിയതാന്ന്   

സുകേശൻ പേടി കൊണ്ട് എന്നെ നോക്കി

എന്തിനാടാ  അയാളെ ഓളിയിട്ട് പേടിപ്പിച്ചത്  അയാള് നമ്മളെയും അതേപോലെ കുത്തും 

ഇടിയൻ  പിന്നെയാ  ഞങ്ങളെ കണ്ടത് 

എന്താ ?  

ഞെട്ടിയതിന്റെ ചമ്മല് മറക്കാൻ  ഇടിയൻ ഒറ്റ അലർച്ച  ആ അലർച്ച കേട്ടതോടെ ബംഗാളി ഒന്നുകൂടി ഉച്ചത്തിൽ ബംഗാളിൽ  കരഞ്ഞൂ ഞാൻ തിരിഞ്ഞോടാൻ തുടങ്ങിയതാ  സുകേശൻ എന്നെ പിടിച്ചു നിറുത്തി  

ഞാൻ ഓടിപ്പോയാ എനിക്കുള്ള ഇടികൂടി ചിലപ്പോ  സുകേശന് കിട്ടുമോന്ന് നല്ല പേടിയുണ്ട്
  
ഓടിയാൽ ഒറ്റ ചാട്ടത്തിന്  ഇടിയനെന്നെ  പൊക്കും അപ്പൊ പിന്നെ ഇടി അവിടന്ന് തൊട്ടാവും  ഇടിയന്റെ രാക്ഷസ്സ കൈ വെറുതേ ഒന്ന് വീണാ മതി  പിന്നെ എനിക്ക് കരയാൻ പോലും പറ്റത്തില്ല 

എന്താ  

 ഇടിയന്റെ ഇടിവെട്ട് സ്വരം വീണ്ടും ഇനിയും കാര്യം പറഞ്ഞില്ലെങ്കീ സത്യമായിട്ടും  ഇടിയൻ ഇടിക്കും

ഒരു പരാതി പറയാൻ വന്നതാ സാറേ സുകേശൻ വേഗം കേറി പറഞ്ഞു

എന്നാ പറയ് 

സുകേശൻ എന്നെ നോക്കി എനിക്കാണെങ്കീ പേടികൊണ്ട് ഒരക്ഷരം പോലും മിണ്ടാൻ പറ്റുന്നില്ല  ശബ്ദം പോയിട്ട് എനിക്ക് ജീവൻ തന്നെയുണ്ടോന്ന് സംശയം

പറയൂ  

ഇടിയന്റെ  സ്വരത്തിൽ   അവസാന വാണിംഗ്  ഇനീം പറഞ്ഞില്ലെങ്കീ   നിന്നെ ഞാൻ ശരിക്കും  ഇടിക്കും എന്ന് പറയുന്ന പോലെ .

ഞാൻ കിടന്ന് ഞെരിപിരി കൊള്ളുകയാണ്  

സുകേശൻ എന്നെ നോക്കി കരയുന്ന  പോലെ പറഞ്ഞൂ 

 കാര്യം പറഞ്ഞു തൊലക്കെടാ 

എനിക്ക് അണ്ണാക്കി കൈയ്യിട്ട് എന്റെ ശബ്ദത്തെ വലിച്ച് പുറത്തിടണമെന്ന് ആഗ്രഹമുണ്ട്   ഞാൻ നിന്ന് കണ്ണുരുട്ടി .

എന്റെ പരാക്രമം കണ്ടതോടെ  ഞാനിപ്പോ അവിടെ ചത്തു വീഴൊന്ന് സുകേശന്  പേടിയായി

ഒടുവിൽ സുകേശനാ ആ പരാതി എനിക്കായി പറഞ്ഞത് 

അതുകേട്ടതോടെ ഇടിയന്റെ ഉണ്ടക്കണ്ണുകൾ ഒന്നു കൂടി ചുവന്നു  അതങ്ങനെ ചുവന്നു ചുവന്നു  രണ്ട് ചുവന്ന ലൈറ്റുകൾ പോലെയായി  ഈശ്വരാ  ആയിരം പോയെന്നു വെച്ചാ മതിയായിരുന്നു   ഇനി വെറുതേ ഇടിയും കൂടി വാങ്ങി വെക്കേണ്ടി വരോ ?

ആരെടാ നിന്നെ പറ്റിച്ചത് ?  ഇടിയന്റെ സ്വരത്തിന് ഒരു മാറ്റം  ചുവന്ന കണ്ണുകൾ  ഇപ്പൊ പച്ച കണ്ണുകളായി മാറി  അത് കണ്ടതോടെ  എനിക്കും സുകേശനും കുറച്ച്  ധൈര്യായി

ആരാ പറ്റിച്ചേന്ന് അറിയാൻ വേണ്ടീട്ടല്ലേ  ഇങ്ങോട്ടേക്ക്  വന്നത് 

പറഞ്ഞു കഴിഞ്ഞ് ഞാൻ ഞെട്ടി  ഈശ്വരാ ഞാൻ തന്നെയാണോ ഇത് പറഞ്ഞത് സുകേശൻ  എന്നെ നോക്കി കണ്ണുരുട്ടി 

സാറേ നോർത്ത് ഇന്ത്യ എവിടെന്നോ ആണ്  പാർസൽ വന്നത്

ബംഗാളിന്നാണോ ?

ബംഗാള് നോർത്ത് ഇന്ത്യയിൽ ആണോ?

 എനിക്കറിയില്ല  

ഞാൻ സുകേശനെ നോക്കി  സുകേശനും കൈ മലർത്തി  എന്തെങ്കിലും പറഞ്ഞില്ലെങ്കി ഇടിയൻ വീണ്ടും അലറും 

ഞാൻ വേഗം അതേന്ന്  പറഞ്ഞു  .

ബംഗാളീ ന്ന് ഇടിയൻ ഒറ്റ അലർച്ച 

ആ അലർച്ച കേട്ടതോടെ ബംഗാളി നടുങ്ങി  ഞാനും സുകേശനും ഞെട്ടി  സെല്ലിൽ കിടപ്പായിരുന്ന  കള്ളൻ രാമു  വേഗം ഉറങ്ങിയ പോലെ കിടന്നു   ഇടിയന്റെ കണ്ണുകൾ വീണ്ടും ചുവന്ന ലൈറ്റായി മാറി  

ഉടായിപ്പാണോടാ  നായേന്നും ചോദിച്ച്  ഇടിയൻ ബൂട്ടസിട്ട  കാലുകൾ കൊണ്ട് നിലത്താഞ്ഞു ചവിട്ടി അതോടൊപ്പം ആ ബംഗാളിയെ  ലാത്തിയെടുത്ത് ഒറ്റ കുത്ത്   

മ്മാ .., ബംഗാളിയുടെ ആ അലർച്ച ബംഗാളിലിരുന്ന  അമ്മ വരെ കേട്ടു.

ആ പാവത്തിന്റെ കണ്ണീക്കൂടെ ബംഗാളി  ഈച്ചകൾ തലങ്ങും വിലങ്ങും  പറന്നു പോയി

വീണ്ടും ഇടിയൻ ഇടിക്കാൻ നോക്കിയെങ്കിലും അതിനും  മുന്നേ ബംഗാളിയുടെ ബോധം  ബംഗാളും വിട്ട്  ഓടി 

അവൻ ചത്തു  .

സുകേശൻ വിറച്ചോണ്ടാ പറഞ്ഞത് 

ഇതുകൂടി കേട്ടതോടെ കള്ളൻ രാമുന്റെ ബോധം ശരിക്കും പോയി  കണ്ണ് തുറന്ന് വെച്ചിട്ടാ ബോധം പോയത് അതിനുള്ള  സമയം പോലും രാമുവിന് കിട്ടിയില്ല   

ഇടിയൻ നോക്കുമ്പോ  രാമു കണ്ണും തുറിപ്പിച്ച്  പല്ലിളിച്ചു കിടക്കുന്നു  രാമു ചിരിക്കാണെന്നും കരുതി  ഇടിയൻ  സെല്ലിന്റെ ഉള്ളീക്കൂടെ ലാത്തി കൊണ്ട് രണ്ട് കുത്ത്  ബോധമില്ലാത്ത രാമു അതറിഞ്ഞില്ല . പക്ഷേ രാമൂന്റെ ജീവൻ അറിഞ്ഞു ആ പാവം രാമൂനെ വിട്ട് ഓടാൻ നോക്കിയതാ പക്ഷേ ഇടിയൻ പിടിച്ച് ഇടിക്കോന്നും  പേടിച്ച് രാമൂന്റെ ഉള്ളിൽ തന്നെ ഒളിച്ചിരുന്നു

നിനക്ക് മലയാളം പറഞ്ഞാ പോരെടാ?

ഞാൻ മിണ്ടിയില്ല  എനിക്ക് മിണ്ടണമെന്ന് ആഗ്രഹമുണ്ടെങ്കിലും  എന്റെ പേടി മിണ്ടിയില്ല .

പറയെടാ  ഇടിയൻ വീണ്ടും അലറി

എനിക്ക് മ ..മ ..മലയാളം അറിയാം സാറേ 

പിന്നെന്താ പ്രശ്നം ?

ആർക്ക് പ്രശ്നം ? 

ഞാൻ കരഞ്ഞു തുടങ്ങി  എന്റെ കരച്ചില് കണ്ടതോടെ  സുകേശനും കണ്ണീന്ന് വെള്ളം വന്നു . 

ഇരിക്കുന്ന  പോലെത്തന്നെ ആ ബംഗാളി താഴെ വീണു കിടപ്പുണ്ട്  പാവം ഇടിയന്റെ ഇടി കൊള്ളാൻ ബംഗാളീന്ന് ഇത്രയും ദൂരം വന്നു  ഏതോ പേഴ്‌സ് കാണാനില്ലെന്നും പറഞ്ഞ് പൊക്കിയതാ അതിന്റെ കൂടെ ബോണസ്സായിട്ട് ഈ ഇടികൂടി കിട്ടാനായിരുന്നു ആ പാവത്തിന്റെ വിധി 

ഊം ഞാനൊന്ന് അന്വേഷിക്കട്ടെ  ഒരു പരാതിയെഴുതി തോമസ്സിന്റെ കൈയ്യിലൊന്നു  കൊടുത്തേക്കൂ .

അതോട് കൂടി  ഹിന്ദി പഠിക്കാനുള്ള എന്റെ ആശ തീർന്നു കിട്ടി ആ പരാതിയുടെ പുറകെ പിന്നെ ഞാൻ പോയില്ല എന്തെങ്കിലും ആയിക്കോട്ടെ 

ആ ബംഗാളി അന്ന് രാത്രി തന്നെ ബംഗാളിലേക്ക് ഓടിപ്പോയി ട്രെയിൻ ഇല്ലെന്ന് പറഞ്ഞിട്ടും  നിന്നില്ല  ബംഗാളു  വരെ ഓടാനും റെഡിയായിരുന്നു ആ പാവം.






0 അഭിപ്രായങ്ങള്‍