ഞങ്ങള് സാധാരണ നാരായണേട്ടന്റെ പലചരക്ക് കടേന്നാ സാധനങ്ങളൊക്കെ വാങ്ങാറ് എനിക്കിഷ്ടം സുപ്രൂന്റെ  കടേന്നു വാങ്ങുന്നതാ  പക്ഷേ അമ്മ സമ്മതിക്കത്തില്ല  സുപ്രു പറ്റിക്കൂത്രെ .

സംഗതിയതു സത്യം തന്നെയാ സുപ്രു ആളൊരു തരികിടയാ.

ഞാൻ സുപ്രുന്റെ കടേലിക്ക് പോകാൻ വാശിപിടിക്കുന്നതിനു കാരണം മറ്റുചിലതാണ്   അതമ്മക്കതു മനസ്സിലാകത്തില്ല കടയിൽ ചെല്ലുമ്പോഴൊക്കെ  സുപ്രുവെനിക്ക്  അച്ചു ബെല്ലവും മുഠായുമൊക്കെ ഫ്രീയായി തരാറുണ്ട് .

സത്യത്തിലാ  മിഠായിടെ കാശൊക്കെ വാങ്ങുന്ന സാധനങ്ങളില് ചേർത്തിട്ടാ സുപ്രുവെനിക്ക് തരുന്നത്  പക്ഷേ എന്റെ വിചാരം എന്നോടുള്ള സ്നേഹം കൊണ്ട്  ഫ്രീയായി തരുന്നതാന്നാ  .

നാരങ്ങാ മുഠായിയാ സുപ്രു തരാറ്   എനിക്ക് വല്യ ഇഷ്ട്ടാ നാരങ്ങമിഠായി അതങ്ങനെ ആകെ ഒലിച്ച് .., എന്നിലൂടെയാ ആ നാരങ്ങാമിട്ടായിക്ക് കുപ്പീന്ന്  ശാപമോക്ഷം കിട്ടണെന്ന് തോന്നും .

ഞാൻ വീണ്ടും, വീണ്ടും  സുപ്രുന്റെ കടേന്ന് വാങ്ങാൻ വേണ്ടീ എനിക്ക് തരണ കൈക്കൂല്യാ  അത്

അമ്മക്കാണെങ്കീ  സുപ്രുനെ ഭയങ്കര ദേഷ്യാ സുപ്രു തൂക്കത്തില് വെട്ടിക്കും, പൈസയിൽ വെട്ടിക്കും  പിന്നെ പഴയ സാധനങ്ങളൊക്ക്യാ  അവന്റെ കടേല്ന്നാ അമ്മ എപ്പോഴും പറയാറ് 

ഒരു പ്രാവശ്യം സുപ്രുന്റെ കടേന്ന് കപ്പ വാങ്ങി പുഴുങ്ങീട്ട്  മണിക്കൂറൊന്നായിട്ടും ഒരു കുലുക്കവുമില്ല ആളങ്ങനെത്തന്നെ  കലത്തില്  കിടപ്പുണ്ട്  ഒരു ദിവസം  മുഴനിട്ടു വേവിച്ചാലും ഞാൻ വേവത്തില്ലാന്നും പറഞ്ഞാ കപ്പ കിടക്കുന്നേ  ഞാനാണെങ്കീ കാന്താരി മുളക് ചമ്മന്തീം,.  കപ്പേം കൂട്ടി തട്ടാന്നും വിചാരിച്ച് വായേല് വെള്ളോം ഒലിപ്പിച്ചിരിക്കാ.

തൊട്ട് നക്കി തൊട്ട് നക്കി ചമ്മന്തി തീർന്നിട്ടും കപ്പക്കൊരു കുലുക്കവുമില്ല.

അയൽവാസി നാണിത്തള്ള കപ്പ  ഇപ്പൊ കിട്ടും ഇപ്പൊ കിട്ടുന്നും വിചാരിച്ച് അമ്മയോട് നാട്ടുകാരുടെ  കുറ്റം പറഞ്ഞു  പറഞ്ഞു നാവു കുഴഞ്ഞു.

ഏതാണ്ട് ഗ്രാമത്തെ മുഴുവൻ കുറ്റം പറഞ്ഞു കഴിഞ്ഞിട്ടും കപ്പ മാത്രം വെന്തിട്ടില്ല 

ഇനിയൊന്നും പറയാനില്ലെന്നായപ്പോ നാണിത്തള്ള ഒരു  പാട്ട് പാടി  .

നെല്ല് കൊത്തിത്തിന്നാൻ വന്ന ശാരദേടത്തീടെ ചിഞ്ചു പൂവൻ  പാട്ട് കേട്ട് ഒറ്റ ഞെട്ട്  കുറുക്കൻ ഓളിയിട്ടതാണെന്നാ ആ പാവം കരുതിയത്  ഏതായാലും കൂടുതല് റിസ്‌ക്കെടുക്കേണ്ടന്നു കരുതി അന്നത്തെ തീറ്റ മതിയാക്കി ചിഞ്ചു വേഗം വീട്ടിപ്പോയി.

നാണിത്തള്ളയുടെ അപ്രതീക്ഷിതമായ ആ പാട്ടു കേട്ട് ഞാനും ഒന്ന് ഞെട്ടിയതാ അമ്മയും ഞെട്ടീന്ന് മുഖഭാവം കണ്ടതോടെ എനിക്ക് മനസ്സിലായി
 
ഈ നശൂലം വേകുന്നില്ലല്ലോ എന്റെ കർത്താവേ ന്നും വിളിച്ചോണ്ട് , അമ്മയാ  വിറകും കൊള്ളിയെടുത്ത് അടുപ്പിന്റെ അകത്തോട്ട് രണ്ട് കുത്ത് 

മര്യാദക്ക് കത്തിക്കൊണ്ടിരുന്ന തീ  അതോടെ അണഞ്ഞു 

എന്തൂട്ടായാലും കപ്പ  തിന്നിട്ടേ പോവുന്നുള്ള വാശീലാ  നാണിത്തള്ള .

തിന്നിട്ട് പോയാ മതീട്ടാ.... 

അന്നാലെങ്കിലും പാട്ടൊന്ന് നിറുത്താൻ  വേണ്ടീട്ടാ  അമ്മയങ്ങനെ  പറഞ്ഞത്    

നാണിത്തള്ള  ഇരിക്കുന്ന  കാരണം എന്റെ അളവ്  കുറയോന്നുള്ള പേടീലാ  ഞാൻ  കാരണം ശാപ്പാട് വിഷയത്തില് നാണിത്തള്ള വയസ്സൊന്നും നോക്കാറില്ല നല്ല കീച്ചു കീച്ചും  ഇന്നാളു ചിക്കൻ കൂട്ടാന്റെ മണം അടിച്ചപ്പോ ഓടിവന്നതാ 

എടി ഇത്തിരി ചോറ് തന്നേടീന്നും ചോദിച്ച് 

കൂട്ടാൻ പാത്രത്തില് ചിക്കന്റെ കഷ്ണം തപ്പി, തപ്പി  നാണിത്തള്ള തോറ്റു ഒരു കോഴിക്കഷ്ണം പോലും ഇതില് ഇല്ലല്ലോടീ ന്നും ചോദിച്ച് അമ്മയെ വഴക്കും  പറഞ്ഞു  .

സത്യത്തില് ഞങ്ങൾക്ക് നൊയമ്പായിരുന്നു  അതുകാരണം ഉരുളക്കിഴങ്ങ് വരുത്തരച്ച് കോഴിക്കറി പോലെ വെച്ചതായിരുന്നു അമ്മ   

അതോടെ, ഇന്ന്  വയറിന് സുഖല്ല്യാടീന്ന് അമ്മയോട് പറഞ്ഞ് നാണിത്തള്ള  പോയി .

വിശ്വാസം ഇല്ലാഞ്ഞു  ഞങ്ങടെ കോഴിക്കൂട്ടിലേക്കൊന്ന് എത്തി നോക്കിട്ടു കൂടിയാ നാണിത്തള്ള പോയത്  .

അമ്മ വളർത്തണ  നിമ്മിക്കോഴി കൂട്ടിലുണ്ടോ അതോ  കൂട്ടാൻ കലത്തിലാണോന്ന് ചെക്ക് ചെയ്യാൻ പോയതാ  നിമ്മിക്കത്  കണ്ട് ഹാർട്ട് അറ്റാക്ക് വന്നില്ലാന്നേയുള്ളൂ.

നാണിത്തള്ളേടെ വീട്ടില് അന്ന് മീൻകറി ആയിരുന്നു  അങ്ങോട്ട്  പാഞ്ഞു ചെല്ലുമ്പോഴേക്കും അതും കഴിഞ്ഞു .

ഈ ചിക്കൻ മസാലക്കാര് മനുഷ്യരെ പറ്റിക്കാണെന്നും പറഞ്ഞോണ്ട് അവരേം  കുറെ ചീത്ത വിളിച്ചു   

മസാലമണം  കാരണം ചിക്കൻ കറി ഏതാ ഉരുളക്കിഴങ്ങ് കറി ഏതാന്നു പോലും തിരിച്ചറിയാൻ പറ്റാണ്ടായിത്ര.

അമ്മേനേം കുറേ ചീത്ത പറഞ്ഞു.

വീട്ടിപ്പോയി മരുമോളേം  ചീത്ത വിളിച്ചു .., എന്താടി  മീൻകറി എടുത്തു വെക്കാഞ്ഞേന്നും ചോദിച്ച്

ഉരുളക്കിഴങ്ങ് കറീടെ മണം അടിച്ചതോടെ  മണികണ്ഠൻ പൂച്ച  എവിടെന്നോ ചീറിപ്പാഞ്ഞു  വന്നു   

എന്റെ ചിക്കനെവിടെ .. എന്റെ ചിക്കനെവിടേ ന്ന്  ചോദിക്കുന്ന  പോല്യാ അവൻ കാറിക്കൊണ്ട് നിക്കണത്  .

ഉരുളക്കിഴങ്ങ് ചിക്കനാണെന്നും കരുതിയാ  മണികണ്ഠൻ  ഓടി പോയി ചറ പറ കടിച്ചു തിന്നത്  പാവത്തിന്റെ വിചാരം കൂടുതല് വെന്ത ചിക്കനാണെന്നായിരുന്നു   പിന്ന്യാ  അക്കിടി മനസ്സിലായത് സംഗതി പണി പാളീന്ന് മനസ്സിലായതോടെ മണികണ്ഠന്  ആകെ ചമ്മലായി അതു  ഞങ്ങൾക്കു  മനസ്സിലാവാതിരിക്കാനായി അവനാ ഉരുളക്കിഴങ്ങ് മുഴുവനും മനസ്സില്ലാമനസ്സോടെ തിന്നിട്ടാ പോയത് .

ഈ നാണിത്തള്ളക്ക് ഇവിടെ വന്നിരിക്കാണ്ട് സ്വന്തം വീട്ടിപ്പോയി ഇരുന്നാപ്പോരേ.

ഇവിടന്ന് തിന്നുന്ന  നന്ദിയൊന്നും നാണിത്തള്ള ഒരിക്കലും എന്നോട് കാണിക്കാറില്ല

ഒരു പ്രാവശ്യം ഞാൻ അവരുടെ വീട്ടിപ്പോയപ്പോ നാണിത്തള്ള ലഡ്ഡു ഇരുന്നു  തിന്നായിരുന്നു എന്നെ കണ്ടവശം  അതൊളിപ്പിച്ചു  .

ലഡ്ഡു കിട്ടുമെന്നും പ്രതീക്ഷിച്ച് ഞാൻ കുറേനേരം ചുറ്റിപ്പറ്റി നിന്നതാ  പക്ഷേ  ഒരു കഷ്ണം പോലും എനിക്ക് തന്നില്ല അവസാനം ഗതി കെട്ട് ഞാൻ ചോദിക്കേം ചെയ്തു

ലഡ്ഡു ആണോ അമ്മാമ്മേ ?

അല്ല മോനേ ബോളാ .., ന്നാ എന്നോട് പറഞ്ഞേ

ബോളാണോ  തള്ളേ നിങ്ങള് തിന്നണെന്ന് ചോദിക്കാൻ എന്റെ നാവ്  ചൊറിഞ്ഞ് കേറി വന്നതാ പക്ഷേ ചോദിച്ചില്ല അവസാനം വരേക്കും  എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു എന്തെങ്കിലും തരൂന്ന് 

ഞാൻ പോവാതായപ്പോ അവസാനം നാണിത്തള്ള തന്നെ പറഞ്ഞു..,  

ടാ ..മോനേ ദേ നിന്നെ അമ്മ വിളിക്കുണൂ .

നൊണ പറഞ്ഞതായിരുന്നു  അങ്ങനെയെങ്കിലും ഞാൻ പോവാൻ

ചെവിക്ക് യാതൊരു കുഴപ്പവുമില്ലാത്ത  ഞാൻ കേട്ടില്ല അമ്മ വിളിക്കണത് 

നാണിത്തള്ളേടെ രണ്ടു ചെവീടേം സർവീസ് ഡിസ്ക്കണക്റ്റായിട്ട് കാലം കൊറേ ആയതാ

ഇതൊക്കെ കാരണം എനിക്ക് ഭയങ്കര ദേഷ്യാ  ഇപ്പൊ   ഇവിടെ ഓസിന് തിന്നാൻ വന്നേക്കാ

അവസാനം ഗതി കെട്ട് നാണിത്തള്ള ചോദിക്കേം ചെയ്തു

എന്തായിടി കപ്പ  ഇതേവരെ  വെന്തില്ലേ ഒരു കഷ്ണം കടിക്കാൻ ?

ചെക്കൻ ആ സുപ്രൂന്റെ കടേന്ന്  വാങ്ങിക്കൊണ്ട് വന്നതാ  ഞാൻ നൂറുവട്ടം പറഞ്ഞിട്ടുള്ളതാ  ആ കള്ളന്റെ കടേന്ന് ഒന്നും വാങ്ങരുതെന്ന്.

അവനൊരു  കള്ളൻ തന്ന്യാ ഞാനൊരു പ്രാവശ്യം അവനെ  ശപിച്ചിട്ടുള്ളതാ.

നാണിത്തള്ള എന്തെങ്കിലും ചോദിച്ചിട്ട്  കൊടുത്തില്ലെങ്കീ അപ്പൊ ശപിക്കും ആരാണെന്നൊന്നും നോക്കത്തില്ല.

ഒരു പ്രാവശ്യം സുപ്രുന്റെ കടേല് പോയി നാണിത്തള്ള  മുറുക്കാൻ കടം ചോദിച്ചു .

സുപ്രു കൊടുത്തില്ല കാശുണ്ടെങ്കീ വാങ്ങി ചവച്ചാ മതീന്ന് പറഞ്ഞൂ .

ഇന്ന് നിന്റെ കാല് ഒടിയുടാ  മഹാപാപീന്നും  പറഞ്ഞ് നാണിത്തള്ള സുപ്രുനെ ശപിച്ചു   

സുപ്രുവിനത്  കേട്ട് വല്യ ചിരിയാ വന്നത് അതോണ്ട്  വാ തോരാതെ ചിരിച്ചു .

ചിരിച്ചു ചിരിച്ചു കുറച്ചു നേരത്തേക്ക് സുപ്രുന് സാധനങ്ങള് പൊതിയാൻ വരെ പറ്റാതായി , കൈയ്യുടെ  ബലം പോയി .

ഈ തള്ളേടെ ഓരോരോ തമാശകളെന്നും പറഞ്ഞാ സുപ്രു ചിരിച്ചോണ്ടിരുന്നേ

അന്ന് രാത്രി കടയടച്ച് വീട്ടിലേക്ക് വരുന്ന വഴി  സൈക്കിളുമ്മന്ന് വീണ് സുപ്രുന്റെ  കാലൊടിഞ്ഞു  ബണ്ടിന്റെ നടുവില് ഒരു  വല്യ ഒരു കുഴി എല്ലാ ദിവസോം സുപ്രു പോകുന്ന വഴിയാ അത് പക്ഷേ എന്തോ അന്നു മാത്രം  സുപ്രുവാ കുഴി കണ്ടില്ല  സുപ്രുന്റെ സൈക്കിളും കണ്ടില്ല.

കുഴീല് വീണ് ബാലൻസ് തെറ്റിയതോടെ സുപ്രു എടുത്തു ചാടിയത് പാടത്തോട്ടായിരുന്നു സുപ്രു ചാടുന്ന കണ്ടതോടെ കൂടെ സൈക്കിളും ചാടി സുപ്രുവിന്റെ കഷ്ടകാലം സുപ്രു ചാടിയത് സർവ്വേരി കല്ലുമ്മക്കും സൈക്കിള് ചാടിയത് ചാലിലോട്ടും ആയിരുന്നു 

പാവത്തിന്റെ കാലൊടിഞ്ഞു സൈക്കിളിന് ഒന്നും പറ്റിയില്ല നാണിത്തള്ളയുടെ ശാപം സുപ്രുവിന് മാത്രം ആയിരുന്നതുകൊണ്ടായിരിക്കാം  

ഒരു  കാല് മാത്രം കൃത്യമായി ഒടിഞ്ഞു  

രാവിലെ പോവുമ്പോ ആ കുഴി അവിടെ ഉണ്ടായിരുന്നില്ലെന്നാ സുപ്രു പറഞ്ഞത്  സുപ്രുന്റെ സൈക്കിളും അതെന്ന്യാ പറഞ്ഞത് .

പാടത്തിരുന്ന് സുപ്രു കുറേ നേരം കരഞ്ഞൂ.. കിഴവിക്ക് മുറുക്കാൻ കൊടുത്താ മതിയായിരുന്നൂന്നാ സുപ്രുന്റെ മനസ്സപ്പോ  സുപ്രുവിനോട് പറഞ്ഞത് ഈ മനസ്സ് തന്ന്യാ  മുറുക്കാൻ കൊടുക്കണ്ടാന്നും സുപ്രുവിനോട് പറഞ്ഞത്

ഷാപ്പിലേക്ക് അന്തിക്കള്ള് മോന്താൻ വന്ന മീൻകാരൻ മമ്മദ് മനുഷ്യന് സൗര്യം തരാത്ത അസത്തു കെട്ട നായെന്നും പറഞ്ഞോണ്ട്  കല്ലെടുത്ത് ഒരു കീറ് വെച്ചു  കൊടുത്തു .

വാറ്റുകാരൻ റപ്പായിയുടെ നായ സുഗുണനാന്നാ മമ്മദ് കരുതിയത്  .

റപ്പായി കള്ള് കുടിക്കാൻ വരുമ്പോഴൊക്കെ സുഗുണൻ പാടത്തിരുന്ന് ഇതുപോലെ ഓളിയിടാറുള്ളതാ  .

സുഗുണൻ ഓളിയിടുന്നതല്ല പാട്ട് പാടുന്നതാണെന്നാ റപ്പായി പറയാറ് സത്യത്തില് സുഗുണൻ കൊതികൊണ്ട് കരയണതാ 

ഏറുകൊണ്ട വശം എന്റെ മുരുകാന്നൊരു അലർച്ച കേട്ടു  സംഗതി സുഗുണനിട്ടല്ല ഏറ് കിട്ടിയതെന്ന്  മനസ്സിലായതോടെ മമ്മദ് അന്നത്തെ കള്ള്,  പാഴ്‌സല് വാങ്ങി മുങ്ങി .

ഇന്നെന്താ പാഴ്സല് ന്ന് ഷാപ്പുകാരൻ വറീത് ചോദിച്ചതാ 

വയറിന് സുഖമില്ല എന്റെ വറീതേന്നും പറഞ്ഞോണ്ട് മമ്മദ് വേഗം മുങ്ങി 

ഏത് നായിന്റെ മോനാടാ എന്നെ കല്ലെടുത്തെറിഞ്ഞേ ?

സുപ്രുന്റെ  നായിന്റെ മോനേന്നുള്ള  അലർച്ച കേട്ടാ എല്ലാവരും പോയി നോക്കീത്  ഏറ് കിറു കൃത്യം  സ്പ്രൂന്റെ തലമണ്ടക്കിട്ടായിരുന്നു .

അതോടെ മമ്മദ് പാഴ്സല് വാങ്ങിയ  കാര്യം വറീതിന് മനസ്സിലായി 

സുപ്രുവിനോടത് പറയുവാനായി വറീതിന്  തിക്കി മുട്ടി വന്നതായിരുന്നു
ഒരു വിധത്തിലാ കടിച്ചമർത്തിയത്  

നല്ലൊരു കുടിയനാ മമ്മദ് വെറുതേ അവനെ ശത്രുവാക്കി കച്ചോടം കളയേണ്ടാ പിന്നെ മമ്മദ് നല്ല വിലകുറവിന് മീനും കൊടുക്കാറുള്ളതാ  ഉപകാരമില്ലാത്ത ഇവനു വേണ്ടി അതൊക്കെ കളയണോ ?

എന്നിട്ടും, ആരോടെങ്കിലും  ആ സത്യം  പറയാണ്ട് വറീതിന്റെ ഉള്ളിൽ കിടന്നു വീർപ്പുമുട്ടി അവസാനം വറീത് വറീതിനോട് തന്നെ ഒരു രഹസ്യം പറയാനുണ്ടെന്നും പറഞ്ഞ് ആ ഭാരം ഒരു വിധത്തിൽ ഒഴിപ്പിച്ചു  

മോങ്ങാനിരുന്ന നായുടെ തലേല്  തേങ്ങാ വീണൂന്ന് പറഞ്ഞതു പോലെയായി സുപ്രുവിന്റെ കാര്യം 

കരച്ചിലിനിടെക്കൂടെയും  സുപ്രു  എല്ലാവരേയും ചീത്ത വിളിക്കുന്നുണ്ട് എന്താ നേരത്തെ വരാഞ്ഞതെന്നും ചോദിച്ച്  

ഒരു വിധത്തിലാ സുപ്രുവിനെ എല്ലാവരും കൂടി  പൊക്കിയെടുത്തോണ്ട്  ആശുപത്രീലോട്ട്  കൊണ്ട് പോയത്  ഒരു കാലില്  പ്ലാസ്റ്ററും തലേലൊരു  കെട്ടും ആയിട്ടാ സുപ്രു വീട്ടി വന്നത് .

അത് കണ്ട് സുപ്രുവിന്റെ ഭാര്യ കുസുമം ഞെട്ടി 

രാവിലെ പോവുമ്പോ ഒരു കൊഴപ്പോം ഉണ്ടായിരുന്നില്ലല്ലോ എന്റെ മനുഷ്യാ ?

ഞാനൊരു ചുറ്റികയെടുത്ത് എന്റെ കാലും തലയും തല്ലിപ്പൊട്ടിച്ചതാ...,   കേറിപ്പോടി മൂധേവി

സുപ്രുവിന്റെ ചീറ്റല് കേട്ട്  ആ പാവം അകത്തേക്കോടി രണ്ടു കാലും ഒടിഞ്ഞില്ലല്ലോ എന്ന് മനസ്സില് പറയേം ചെയ്തു  

നാണിത്തള്ളയുടെ  കാലൊടിയുമെന്നും  പറഞ്ഞ്  തലങ്ങും വിലങ്ങും സുപ്രു കുറെ ശപിച്ചു    

ശപിച്ചു ശപിച്ചു സുപ്രുന്റെ വായേലെ വെള്ളം വറ്റിന്നല്ലാണ്ട് നാണിത്തള്ളക്ക് ഒരു കൊഴപ്പോം ഉണ്ടായില്ല സുപ്രുന്റെ  സൈക്കിളിനും നാണിത്തള്ളയെ ശപിക്കണന്നുണ്ടായിരുന്നു പക്ഷേ മിണ്ടാൻ പറ്റാത്ത കാരണം അതിനു പറ്റില്ല്യ.

എന്റെ മനുഷ്യാ ആ തള്ളേടെ വായേന്ന് ഇനീം വല്ലതും കേട്ട് വെറുതേ മറ്റേക്കാലും കൂടി  ഓടിക്കേണ്ടന്നാ കുസുമം പറഞ്ഞത് 

ആ തള്ള ഇനി ശപിക്കാൻ വരട്ടെ കൊന്ന് കൊലവിളിക്കൂന്നും പറഞ്ഞ സുപ്രുവാ  നാണിത്തള്ളേനേ അകലേന്ന് കണ്ടപ്പോഴേക്കും മുറുക്കാൻ പൊതിഞ്ഞു കെട്ടി ഓടിച്ചെന്ന് കൊടുത്തുത്   കാശുപോലും വാങ്ങിയില്ല 

ഇന്നാള് അവറാൻ ചേട്ടൻ തെങ്ങുമ്മേ കേറാൻ നിക്കുമ്പഴായിരുന്നു  എനിക്ക് ഒരു തേങ്ങാ തന്നേടാ  അവറാനേ..ന്നും   ചോദിച്ചോണ്ട് നാണിത്തള്ള  ചെന്നത്.

അവറാൻ ചേട്ടനത്  കേൾക്കാത്ത പോലെ മുകളിലോട്ട് കേറിപ്പോയി  രണ്ട് മിനിറ്റ് കഴിഞ്ഞില്ല തെങ്ങിന്റെ മോളീന്ന്  മിസൈല് പോലെ എന്തോ ഒന്ന്  താഴേക്കു വന്നു

തേങ്ങാപെറുക്കാൻ വന്ന പറമ്പിന്റെയും തെങ്ങിന്റെയും ഉടമസ്ഥനായ ഗൾഫു കാരൻ ഭാസ്ക്കരേട്ടൻ തേങ്ങക്കു  പകരം അവറാൻ ചേട്ടനെ കണ്ട് ഞെട്ടി    

എന്താ ഉണ്ടായേന്ന്  അവറാൻ ചേട്ടന്   മനസ്സിലായില്ല  തേങ്ങാ വെട്ടീത് മാത്രം ഓർമ്മീണ്ട് തേങ്ങാക്കൊലക്ക് പകരം അവറാൻ ചേട്ടനായിരുന്നു  താഴെ എത്തീത് പാവത്തിന്റെ ഒരു കൈ അതോടെ ഒടിഞ്ഞു കിട്ടി.

ജീവിതത്തില് ആദ്യത്തെ സംഭവാന്നാ അവറാൻ ചേട്ടൻ പറഞ്ഞത് 

ഭാഗ്യത്തിന് ചെന്തെങ്ങുമ്മേ ആയിരുന്നു അവറാൻ ചേട്ടൻ കേറീത് 

ആ ദേഷ്യത്തില് അവറാൻ ചേട്ടൻ സ്വന്തം സൈക്കിളിനിട്ട്  രണ്ടു ചവിട്ടു കൊടുത്തു അതോടെ  തേങ്ങാ പിന്നെ ഇടാം അവറാനേന്നും പറഞ്ഞോണ്ട് ഭാസ്ക്കരേട്ടൻ വേഗം വീട്ടീപ്പോയി .
 
അതിനുശേഷം നാണിത്തള്ളേനെ  കണ്ടാ അവറാൻ ചേട്ടൻ തെങ്ങുമ്മേ കേറാൻ നിക്കത്തില്ല .

ഒരു പ്രാവശ്യം എന്നോട് മുറുക്കാൻ വാങ്ങി വരാൻ പറഞ്ഞതാ.

ഞാൻ പറ്റില്ലാന്ന് പറഞ്ഞു ..  എന്നെ ശപിക്കുണൂന്ന് പറയുമ്പോഴേക്കും ഞാൻ ആയ്യോന്നും  വിളിച്ച് ഓടി രക്ഷപ്പെട്ടു  എന്റെ കൂടെ പാക്കരൻ ചേട്ടന്റെ നായ റോമുവും  ഉണ്ടായിരുന്നു അവനും ഓടി രക്ഷപ്പെട്ടു .

കിഴവി ചിലപ്പോ നായ ആണോന്നൊന്നും നോക്കത്തില്ല .

ഇങ്ങനെ കണ്ടതിനൊക്കെ ശപിക്കുന്ന കാരണം നാണിത്തള്ളയെ  എല്ലാവർക്കും വല്യ പേടിയാ

എന്റെ കൃഷ്ണാ എന്റെ പെൻഷനൊന്ന്  വേഗം തരണേന്നും പറഞ്ഞു ഇന്നാള് കൃഷ്ണനോട് പ്രാർത്ഥിച്ചതാ പക്ഷേ പെൻഷൻ വന്നില്ല.

എന്നാലും... എന്റെ കൃഷ്ണാ ന്ന് പറയലും അടക്ക പറിക്കാൻ വന്ന കൃഷ്ണേട്ടൻ തളപ്പൂരി വെടിച്ചില്ലു  പോല്യാ അടക്കാ മരത്തിന്റെ മോളീന്ന് താഴേക്ക് വന്നത്  പാവത്തിന്റെ  തോടെലെ തൊലി മുഴുവനും അടക്കാ മരത്തുമ്മേ കേറി 

എന്താ കൃഷ്ണാ .. നിന്റെ കാലുമ്മേ അപ്പടി പെയ്ന്റ് ?

നാണിത്തള്ളയുടെ ആ ചോദ്യം കേട്ട്  കൃഷ്ണേട്ടന്റെ തൊണ്ടേന്ന്  വലിയൊരു  തെറി ഉരുണ്ടു കേറി നാക്ക് വരെ എത്തിയതായിരുന്നു  പക്ഷേ തള്ള  ശപിച്ചാലോന്ന് പേടിച്ച് കൃഷ്ണേട്ടൻ അത്  സ്വയം കടിച്ചു മുറിച്ചു തിന്നു  പാവം വേദനോണ്ട് കരഞ്ഞ്  ഞൊണ്ടി ഞൊണ്ടിയാ ഓടിപ്പോയത്

അതോടെ ഭഗവാൻ  കൃഷ്ണൻ വേഗം പെൻഷൻ ശരിയാക്കിക്കൊടുത്തു .

ഇതൊക്കെ കാരണം  നാണിത്തള്ള എന്ത് ചോദിച്ചാലും എല്ലാവരും പേടിച്ചിട്ട്  കൊടുക്കും .    

നിനക്ക് നല്ല കപ്പ വാങ്ങിക്കൂടെടാ ചെക്കാന്നും പറഞ്ഞ് നാണിത്തള്ള എന്നെ രണ്ട് ചീത്ത  കപ്പ തിന്നാൻ കിട്ടാത്ത ദേഷ്യം എന്നോടാ തീർത്തേ എനിക്ക് ചൊറിഞ്ഞ് കേറി വന്നതാ

പക്ഷേ ഞാൻ മിണ്ടീല്ല്യാ കിഴവിടെ വായെന്ന് വല്ലതും വീണാ നമുക്ക് പണിയാവും .

എന്നാലും ഞാൻ ഒരു നാല് ചീത്ത വിളിച്ചു , എന്റെ മനസ്സിലാന്ന് മാത്രം

കൊണ്ട് പോയി അവന്റെ തലേല് കൊട്ടീട്ട് കാശു വാങ്ങീട്ട് വാടാന്നും പറഞ്ഞ്  ആ വേവാത്ത കപ്പ മുഴുവനും അമ്മ  ഒരു സഞ്ചിലാക്കിട്ട് എന്റെല് തന്നു .

ഞാൻ ഒന്ന് നോക്കട്ടേന്നും പറഞ്ഞ് നാണിത്തള്ള അതീന്നും ഒരു കഷ്ണം എടുത്ത് തിന്നു.

അത് മുഴുവനും തിന്ന് കഴിഞ്ഞിട്ടാ നാണിത്തള്ള പറഞ്ഞേ പൊട്ട കപ്പയാട്ടാ..ന്ന്     

ടേസ്റ്റ് നോക്കീട്ട് ബാക്കി ഇതിലെന്നെ ഇടൂന്നും കരുതി ഞാൻ സഞ്ചിയും തുറന്നു പിടിച്ച് നിക്കായിരുന്നു .

ഈ ചെക്കനെന്തിനാ കണ്ണും തുറുപ്പിച്ച്  നിക്കണേ കൊണ്ട് പോയി അവന്റെ തലേല് കൊട്ടെടാന്നും  പറഞ്ഞു നാണിത്തള്ള പോയി

സുപ്രു ആദ്യം കരുതിയത്  ഞാൻ സ്നേഹം കൊണ്ട് കപ്പ  പുഴുങ്ങീത് കൊണ്ട് വന്ന്  താരാന്നാ

എന്തിനാടാ ഇത്?   ഈ പുഴുങ്ങിയ കപ്പയൊന്നും  എനിക്ക്  വല്യ ഇഷ്ടല്ല്യാ , ഗ്യാസാ...  പിന്നെ പോത്തിറച്ചില് ഇട്ട് വെച്ചാ കുറച്ച് കഴിക്കുന്ന് പറയലും പെട്ടെന്നൊരു  ശബ്ദം 

സുപ്രു  ഒരു ഏമ്പക്കമിട്ട് എന്നെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെങ്കിലും എനിക്ക് മനസ്സിലായി കപ്പാ...ന്ന്  കേട്ടതും ... വേണ്ടാ ...ന്ന് സുപ്രുന്റെ വയറു പറഞ്ഞതാണ് ആ ശബ്ദമെന്ന്

ഇളിഭ്യ ചിരിയോടെ  എന്നെയൊന്ന്  നോക്കിയിട്ട്  സുപ്രു ഒരു കഷ്ണം എടുത്ത് വായിലിട്ടു     

അമ്മ കപ്പയുടെ  കാശ് തരാൻ പറഞ്ഞൂട്ടാന്ന് ഞാൻ  പറയലും സുപ്രു ഒറ്റ ഞെട്ട്. ഏതാണ്ട് വെടി കൊണ്ട പോല്യാ സുപ്രു ഞെട്ടീത്  സുപ്രുന്റെ ആ  ഞെട്ടല് കണ്ടതോടെ കപ്പയും ഞെട്ടി.

ആ ഞെട്ടലോടെ പാതി കടിച്ച  കപ്പ പേടിച്ച്  സുപ്രുന്റെ തൊണ്ടേല് ഒട്ടിപ്പിടിച്ചിരുന്നു .

ശ്വാസം കിട്ടാതെയുള്ള സുപ്രുന്റെ പരാക്രമം കണ്ടതോടെ എനിക്ക് പേടിയായി .

കപ്പ തിന്ന്  സുപ്രു ചാവോ?

ഒരു വിധത്തിലാ സുപ്രു തൊണ്ടേന്ന് ആ കപ്പയെ  ഇറക്കി വിട്ടത്  ശ്വാസം കിട്ടാതെ ആ പാവത്തിന്റെ കണ്ണെല്ലാം പുറത്തേക്ക് തുറിച്ചിരുന്നു
 
ആ തുറിപ്പിച്ച കണ്ണും വെച്ച് ഒരു  പച്ചത്തെറിയും എന്റെ സഞ്ചി വലിച്ചൊരേറും

മനുഷ്യനെ കൊല്ലാനായിട്ട് ..,  കപ്പയും സഞ്ചീലിട്ടോണ്ട്  നടക്കാ.

ഇപ്പോ നാരായണേട്ടന്റെ കടേന്നാ ഞങ്ങള് സാധനങ്ങളൊക്കെ  വാങ്ങുന്നത്   കവലേം കഴിഞ്ഞ് പിന്നേം ഒരു കിലോമീറ്ററോളം ദൂരമുണ്ട്  നാരായണേട്ടന്റെ കടേലിക്ക് 

സാധാരണ എല്ലാ ദിവസവും വൈകുന്നേരങ്ങളിലാ  പിറ്റേ ദിവസത്തെ  സാധനങ്ങളുടെ ലിസ്റ്റും തന്ന് എന്നെ വിടാ .

എനിക്കാണെങ്കീ ആ വഴി പോണതെന്നെ  പേടിയാ  നാരായണേട്ടന്റെ കട  എത്തുന്നതിന് മുമ്പ്   ഒരു ജിമ്മുണ്ട് കുമാർ ജിം  എനിക്കും   കുമാറിനും ഒരിക്കലും ചേരത്തില്ല  എന്താന്നറിയില്ല എന്നെക്കണ്ടാ അവനപ്പ  ചൊറിച്ചലാ  എന്തെങ്കിലും പറഞ്ഞ് എന്നെ കളിയാക്കും എനിക്കത് കേക്കുമ്പോ തന്നെ കൈതരിക്കും .

പക്ഷേ ആ തരിപ്പ് ഞാൻ സ്വയം തിരുമ്മി തീർക്കാറാ പതിവ്  തരിപ്പ് കണ്ടാ എന്നെക്കാളും കൂടുതല് ആവേശം എന്റെ കൈക്കാന്ന് തോന്നും കുമാറിന്റെ  കൈയ്യീന്ന് അടി വാങ്ങാൻ .

വെറുതെ കുമാറിന്റെ കൈക്ക് പണിയുണ്ടാക്കാൻ ആവേശം കൊണ്ട് നടക്കാ .

കുമാറ്‌ ആളസ്സലൊരു  കട്ടയാ മിസ്റ്റർ ചിറ്റിലപ്പിള്ളിയാ  മിസ്റ്റർ തൃശൂര് ആവണ്ടതായിരുന്നു സ്റ്റേജില് കേറി മസിലു പിടിച്ചപ്പോ കാല് ചതിച്ചു എല്ലാ മസിലും ഉരുണ്ട് കേറിയപ്പോ കാലിന്റെ മസില് മാത്രം എനിക്ക് ഉരുണ്ട് കേറാൻ മനസ്സില്ലാന്നും പറഞ്ഞു കോച്ചിപ്പിടിച്ചു .

കാലു കോച്ചിപ്പിടിച്ച കാരണം നിക്കാൻ പറ്റാണ്ട്  കുമാർ വീണത് മാർക്കിടാൻ വന്ന എക്സ് മിസ്റ്റർ ത്രീശൂര് ചീരം കുഴി വാസൂന്റെ മേത്തെക്കാ പാവം ചീരൻ കുഴി വാസു അതോടെ ചീരം കുഴി വിട്ടു ഇനി ഒരിക്കലും മാർക്കിടാൻ പറ്റാത്തോടത്തേക്ക് പോയി. 

ആ പാവം വീട്ടില് ചായ കുടിച്ചോണ്ട് ഇരുന്നതാ അതിനെ പിടിച്ചു വലിച്ചിട്ടാ മാർക്കിടാൻ കൊണ്ട് വന്നിരുത്തീത്  അതോടെ  കുമാറിനെ ഔട്ടാക്കി അല്ലെങ്കി കുമാർ മിസ്റ്റർ തൃശൂര് ആയേനേ

ആ ദേഷ്യം തീർക്കാൻ കുമാർ ഡംബല് എടുത്ത് സ്വന്തം കാലുമ്മേ  ഒറ്റ ഇടിയത്രേ കൊച്ചി പിടുത്തത്തിനെ ഇടിച്ചതാ പക്ഷേ കൊച്ചി പിടുത്തത്തിന്റെ ഒപ്പം കാലിന്റെ എല്ലും ഒടിഞ്ഞു .

ദിഗന്തങ്ങളെ നടുക്കുമാറ് ഒരു ഓളി  എല്ലാവരും കേട്ടു

കോച്ചിപ്പിടുത്തം കരഞ്ഞതാണെന്നാ കരുതിയത് പക്ഷേ  കുമാറ് കരഞ്ഞതായിരുന്നു  മൂന്നു മാസത്തോളാ  കുമാറ് കാലുമ്മേ പ്ലാസ്റ്റർ ഇട്ട് നടന്നത് .

എന്താ ഉണ്ടായേന്ന്  ഡോക്ടറ് ചോദിച്ചപ്പോ കോച്ചിപ്പിടുത്തത്തിനെ ഡംബലോണ്ട്  ഇടിച്ചതാന്നാ കുമാറ് പറഞ്ഞത് .

എന്നിട്ട് കോച്ചിപ്പിടുത്തം ചത്തോ ?

തവളപ്പിടുത്തം, പട്ടിപ്പിടുത്തം പോലെയൊരു പിടുത്തമാണിതെന്നാണ്  ഡോക്ടർ കരുതിയത് 

അത് കേട്ട് കുമാർ ഞെട്ടി, കോച്ചിപ്പിടുത്തം ഞെട്ടി, കുമാറിന്റെ കൂടെ വന്ന ഭാര്യ ബീനേടത്തി ഞെട്ടി .

ബീനേടത്തിയാ ഡോക്ടറോട് പറഞ്ഞേ കാലുമ്മേ മസില് കോച്ചിപ്പിടിച്ചതിന് ഡംബെലോണ്ട് ഇടിച്ചതാന്ന്.

തലേല് കോച്ചിപ്പിടിക്കാഞ്ഞത് ഭാഗ്യായീന്നാ ഡോക്ടറ് പറഞ്ഞത് 
   
തനിക്കെന്താ വട്ടുണ്ടോന്നും ചോദിച്ചൂത്ര  .

നാലു പ്രാവശ്യം മിസ്റ്റർ ചിറ്റിലപ്പിള്ളിയാ കുമാറ് ഇത് കണ്ട് ആശ തോന്നിട്ടാ   ഞാനും മിസ്റ്റർ ചിറ്റിലപ്പിള്ളി ആവാൻ വേണ്ടീട്ട് ജിമ്മില് പോയത്  പക്ഷേ ഒരാഴ്ച കഴിയുമ്പോഴേക്കും എനിക്ക് ശ്വാസം മുട്ടലായി.

ഇനീം ജിമ്മില് പോയാ മിസ്റ്റർ ചിറ്റിലപ്പിള്ളിയല്ല  ആവാന്നാ ഡോക്ടറ് എന്നോട് പറഞ്ഞേ അത് കാരണം ഞാൻ വേഗം ആ പരിപാടി നിറുത്തി

ഇപ്പൊ കുമാർ പഠിപ്പിക്കല് മാത്രേ ഉള്ളൂ ഞാൻ ജിമ്മില് പോയപ്പോ കുമാറിന്റെ ജിമ്മില് പോയീല്ല്യാ അത് കാരണാ അവന്  എന്നോടിത്ര കലിപ്പ്.

ഞാൻ  മിലിട്ടറിക്കാരൻ രാജപ്പേട്ടന്റെ ജിമ്മിലാ പോയത്  രാജപ്പേട്ടനെ കണ്ടാ ജിമ്മ് ആണെന്നൊന്നും  പറയത്തേയില്ല ആളൊരു ഒള്ളിയാ ജിമ്മെടുത്ത് , ജിമ്മെടുത്ത്  മസിലൊക്കെ  ഉറച്ചു പോയതാന്നാ രാജപ്പേട്ടൻ പറയാറ്.

പക്ഷേ അങ്ങേരുടെ മേത്ത് നോക്കിയാ മസിലിന്റെയൊരു  അംശം പോലും കാണത്തില്ല ആകെമൊത്തം എല്ലു  മാത്രം ഇനി മസിലെല്ലാം കൂടി  എല്ലിന്റെ അകത്തോട്ട് കേറിപ്പോയോന്നാ സംശയം

ഞാൻ പഠിക്കാൻ പോയപ്പോ  എനിക്ക് കാണിച്ചു തരാൻ വേണ്ടി ഡംബില് എടുക്കാൻ നോക്കീതായിരുന്നു രാജപ്പൻ മാസ്റ്ററ്  ആ ഡംബലിന്റെ ഒപ്പം ആളു മൂക്കും കുത്തി  വീണു  .

എന്നോട് പറഞ്ഞത്  കാലു തെറ്റി വീണതാന്നാ പക്ഷേ ഡംബലിന്റെ ഭാരം കാരണം മൂക്കു കുത്തി വീണതാന്ന്  എന്റൊപ്പം ജിമ്മിനു വന്ന ശിവൻ പറഞ്ഞത് .

ഞാനെപ്പൊ  നാരായണേട്ടന്റെ കടേലിക്ക് പോയാലും ഈ ജിമ്മൻ കുമാർ എന്തെങ്കിലും പിടിച്ച് ജിമ്മ് എടുത്തോണ്ട് നിൽപ്പുണ്ടാവും ഏതാണ്ട് അർണോൾഡിനെക്കാളും  വെല്യ പോസാ കുമാറിന് കുമാർ ജിമ്മിന്റെ ഫോട്ടോ തന്നെ അർണോൾഡിന്റെ ഫോട്ടോയാ 

ബോഡി അർണോൾഡിന്റേം മോന്ത കുമാറിന്റേം .

കണ്ട് കഴിഞ്ഞാ പുലീടെ ഉടലുമ്മേ പൂച്ചേടെ തല ഒട്ടിച്ചു വെച്ച പോലെ തോന്നും

പക്ഷേ കുമാറ് പറയണത് അത് സ്വന്തം ശരീരാന്നാ

എനിക്കിപ്പം  അർണോൾഡിന്റെ സിനിമ കാണുമ്പോ  കുമാറിന്റെ മോന്ത്യാ  ഓർമ്മ വരാ അത് കാരണം ഞാനിപ്പോ അർണോൾഡിന്റെ സിനിമ കാണാറേയില്ല .
               
അവന് എന്നേക്കാണുമ്പോ ആകെയൊരു  പുച്ഛാ ഞാൻ മിസ്റ്റർ ചിറ്റിലപ്പിള്ളി ആവാൻ ജിമ്മില് പോയതൊക്കെ  അവനറിയാം

ഡേയ് മിസ്റ്റർ ചിറ്റിലപ്പിള്ളിന്നാ എന്നെ എപ്പൊക്കണ്ടാലും അവൻ കളിയാക്കി വിളിക്കാ  സാധാരണ അവൻ ഇങ്ങനെ കളിയാക്കുമ്പോ ഞാൻ കേക്കാത്ത പോല്യാ പൂവാറാ പതിവ്  അതവനെ പേടിച്ചിട്ടൊന്നുമല്ല കുമാറിന്റെ അടി പേടിച്ചിട്ടാ വെറുതേ എന്തിനാ ആവേശം കാണിച്ച് അവന്റെ കൈക്ക് പണി ഉണ്ടാക്കി കൊടുക്കുന്നത് അവന്റെ ഒരു കൈ വെറുതേ മേത്തു വീണാ മതി എന്റെ കാറ്റു പോവാൻ .

ആ ദേഷ്യമൊക്കെ   ഞാൻ  വീട്ടിപ്പോയി പറമ്പിലെ വാഴയോടോ വീട്ടിലെ തലയിണയോടോ ഒക്കെയാവും  തീർക്കാ  ഒരു പ്രാവശ്യം ഇതേപോലെ ദേഷ്യം വന്നിട്ട് ഞാൻ വാഴേനേ  ടാ കുമാറേ ന്നുംവിളിച്ച് ഒറ്റ ചവിട്ടാ വെള്ളം  തിരിക്കാൻ വന്ന  അന്തോണീസ് ചേട്ടൻ വാഴേടെ  പുറകില് നിപ്പുണ്ടായിരുന്നു.

ഞാനത് കണ്ടില്ല  എന്റെ കർത്താവേ ന്നും വിളിച്ച് തണ്ടലും പൊത്തിപ്പിടിച്ച് അന്തോണീസ് ചേട്ടൻ നിലത്ത് കമിഴ്ന്നു കിടപ്പുണ്ട് .

ഈശ്വരാ വാഴക്ക് ജീവനുണ്ടോന്നും വെച്ച്  നോക്കുമ്പോ അന്തോണീസ് ചേട്ടൻ ഏതാണ്ട് ചെകുത്താനെ കണ്ടപോല്യാ എന്നെ നോക്കണേ

എന്തിനാടാ ചവിട്ടി എന്റെ പൊറം പൊളിച്ചത്

ഞാൻ കുമാറാന്നാ  വിചാരിച്ചേ എന്റെ അന്തോണീസേട്ടാ....

നിന്റെ കണ്ണിലെന്താ  മൈ ..,ന്നും പറഞ്ഞ് വല്യ ഒരു തെറിയാ  അന്തോണീസ് ചേട്ടന്റെ വായെന്ന്  വന്നത് പക്ഷെ എന്തുകൊണ്ടോ ആളത് ''മത്ത''.. യാണോന്നാക്കി  

ആളെകണ്ടാ നിനക്ക് തിരിച്ചറിയത്തില്ലേ ഈ ഇത്തരി പോന്ന എന്നെ കണ്ടിട്ടാണോ  ആ പോത്ത്  കുമാറാണെന്ന് വിചാരിച്ചേ?

അതോടെ അന്തോണീസ് ചേട്ടൻ ഞങ്ങടെ പറമ്പില് പണിക്ക് വരല് നിറുത്തി

എനിക്ക് ഇനീം കുറച്ച് കാലം കൂടി ജീവിക്കണന്നുണ്ടെന്നാ അമ്മയോട് പറഞ്ഞത്  .

കുമാറിനെ ഇടിക്കാൻ വേണ്ടീട്ടാ ഞാൻ കരാട്ടെ പഠിക്കാൻ പോയത്  ജിമ്മനായിട്ട് ഇടിക്കാൻ നോക്ക്യാ ഞാൻ ജിമ്മനായിട്ട് വരുമ്പോഴേക്കും ലോകം അവസാനിക്കും .

കരാട്ടേക്ക് പോയിട്ടും കുമാറിനെ ഇടിക്കാൻ മാത്രം ഒരു ധൈര്യം അങ്ങട് കിട്ടണില്ല  കുമാറിനെ കാണുമ്പോഴേക്കും ശരീരം മൊത്തം ഒരു വിറ വരും  അതിനുമുന്നേ കരാട്ടെ വിറക്കും .

അന്നൊരു കഷ്ടകാല ദിവസായിരുന്നു.

കുമാറിന്റെയല്ല,  എന്റെ അല്ലെങ്കീ എനിക്കങ്ങനെ പറയാൻ തോന്നണോ ?

അന്നും ഇതേപോലെ നാരായണേട്ടന്റെ കടയിലേക്ക് പോവുമ്പോ  ഡേയ് മിസ്റ്റർ ചിറ്റിലപ്പിള്ളിന്ന് കുമാറെന്നെ കളിയാക്കി വിളിച്ചു .

ആ വിളി കേട്ടതോടെ എന്റെ രക്തം തിളച്ചു എന്റെ സൈക്കിളിന്റെ രക്തം തിളച്ചു  അവനും കുമാറിന്റെ കൈയ്യീന്ന് ഇടി കൊള്ളാൻ തിരക്കായിരുന്നു   എന്റെ  കൈകൾക്കാണെങ്കീ ഒടുക്കത്തെ തരിപ്പും  ഇനി ഞാൻ വന്നില്ലെങ്കീ കൈകൾ എന്റെ മേത്തൂന്ന് ഇറങ്ങിപ്പോയി കുമാറിനെ ഇടിക്കുന്നുള്ള ലെവവിലാ കിടന്നു  തരിക്കണത്  .

പോടാ.. നിൽക്കാതെ പോടാന്ന് എന്റെ  മനസ്സിലിരുന്നാരോ വാണിങ് തരുന്നുണ്ട് 

മിണ്ടാതെ  പോയാൽ മതി പക്ഷേ എന്റെ അതിരുകടന്ന ആവേശം എന്നെ ഇടികൊള്ളിക്കാനായി  അവിടെയിറക്കി .

കൈയ്യിന്റെ തരിപ്പ് തീർക്കാൻ വേണ്ടിയിറങ്ങി കുമാറിന്റെ ഇടി വാങ്ങി വെക്കേണ്ടി വരൂന്നാ തോന്നണേ

എന്തരാ .., ന്നും ചോദിച്ചോണ്ട്  ഞാൻ സൈക്കിളിൽ നിന്നും ചാടിയൊറ്റ ഇറക്കമാ 

എന്റെ പെട്ടെന്നുള്ള ആ ഭാവമാറ്റം കണ്ടതോടെ  കുമാറ് ആദ്യമൊന്ന് പതറി ഏലി പെട്ടെന്ന് പുലിയായതു  പോലെ അല്ലെങ്കീ എന്തുപറഞ്ഞാലും മിണ്ടാതെ പോകുന്ന ചെക്കനാ.

ശത്രുവൊന്ന്  പതറിയെന്ന് മനസ്സിലായതോടെ  എന്റെ ആവേശം പതിന്മടങ്ങ് കൂടി 

മുണ്ടൊക്കെ കേറ്റി കുത്തി ഞാനൊരു റൗഡിയായി രൂപാന്തരം പ്രാപിച്ചു 

എന്തരാ പന്നീ..,എന്റെ ഉള്ളിലെ റൗഡി മുന്നിൽ നിൽക്കുന്ന ആളുടെ വലുപ്പം പോലും നോക്കാതെ  അലറി .

അത് കേട്ട് കുമാറൊന്ന്  ഞെട്ടി,  അതിനും മുന്നേ ഞാൻ  ഞെട്ടിയിരുന്നു  എന്തരാ... മാത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂവെങ്കിലും  .,, ആവേശം മൂത്ത എന്റെ ഉള്ളിലേ റൗഡിയാ ബാക്കി വിളിച്ചത്
  
അതോടെ അറിയാതെ വായിൽ നിന്ന് പുറത്തേക്ക്  ചാടിപ്പോയതായിരുന്നു ആ പന്നി .

മൊത്തത്തില്  തടി കേടാവാതെയുള്ളൊരു  രീതിയായിരുന്നു ഞാൻ ഉദ്ദേശിച്ചതെങ്കിലും ആ പന്നി വിളിയോട് കൂടി എല്ലാം  കൈവിട്ടുപോയി

പന്നീയെന്നുള്ള വിളി കേട്ടതോടു കൂടി ഒറിജിനൽ മുള്ളൻ പന്നി വന്ന് കുത്തിയപോലെ കുമാറ് നിന്ന് ജ്വലിച്ചു  .

ജ്വലിക്കുന്നതിനൊപ്പം  കുമാറ്  ദേഷ്യം കൊണ്ട് വിറക്കുന്നുമുണ്ട്  .

കുമാറിന്റെ  വിറ കണ്ടതോടെ ഞാനും വിറച്ചു തുടങ്ങി അത് പേടികൊണ്ടാണെന്നു മാത്രം  

അതോടെ അതുവരെയെന്റെ  കൂടെയുണ്ടായിരുന്ന റൗഡി  എന്നെ കൊലക്ക് കൊടുത്ത് കൊണ്ട്  എന്റെ മേത്തൂന്നും ഇറങ്ങിപ്പോയി   

കുമാറ്  വിറക്കുന്നതിനൊപ്പം  കുമാറിന്റെ കൈയ്യിലിരിക്കുന്ന  ഡംബലും കിടന്ന് വിറക്കുന്നുണ്ട്   ഞാൻ അവനേം  പന്നീന്ന് വിളിച്ച പോല്യാ  കിടന്ന് വിറക്കുന്നത്  .

ഈ നരിന്ത് പോലിരിക്കുന്ന  ചെക്കൻ എന്നെ  കേറി പന്നീന്ന് വിളിക്കേ ? അത് കുമാറിനെ വല്ലാതെ പ്രകോപിപ്പിച്ചു ആ പ്രകോപനം കുമാറിന്റെ മുഖത്തു കാണാം,  മീശയിൽ കാണാം അതാണ്  കിടന്ന് കൂടുതൽ വിറക്കുന്നത് 

വിറച്ചു വിറച്ചു ആ മീശ കുമാറിന്റെ മുഖത്തൂന്ന് ഇളകി താഴെപ്പോരുമോയെന്ന് പോലും എനിക്ക് സംശയമായി അത് കാരണം എനിക്ക് കൂടുതൽ ഇടി കിട്ടുമോന്നും 

റൗഡികളുടെ തലതൊട്ടപ്പനായ റൗഡി കുഞ്ഞപ്പനെ ഒറ്റയടിക്ക് ബോധം കെടുത്തി വിട്ടവനാ കുമാറ് .

അതൊരു വല്യ സംഭവമായിരുന്നു ഞങ്ങളുടെ ഗ്രാമത്തെ ഒന്നടങ്കം മുൾമുനയിൽ നിറുത്തിയ വലിയൊരു സംഭവം 

ഞങ്ങളുടെ നാട്ടിലെ ഏറ്റവും പേരെടുത്ത റൗഡിയായിരുന്നു  കുഞ്ഞപ്പൻ വെട്ടുകത്തി കുഞ്ഞപ്പനെന്നാ വിളിപ്പേര് ഒന്ന് പറഞ്ഞാ രണ്ടാമത്തേന് കുഞ്ഞപ്പൻ വെട്ടുകത്തിയെടുക്കും.   

ഒരു പ്രാവശ്യം വെട്ടുകത്തി കുഞ്ഞപ്പനും ജിമ്മൻ കുമാറുമായി ഒന്ന് മുട്ടി കുമാറിന്റെ ഒറ്റ ഇടിയോടു കൂടി വെട്ടുകത്തി കുഞ്ഞപ്പൻ വെറും കുഞ്ഞായി മാറി 

വാവിട്ട് കരഞ്ഞോണ്ടായിരുന്നു  കുഞ്ഞപ്പനന്ന് കവല വിട്ടത് അന്നത്തെ കുഞ്ഞപ്പന്റെ കരച്ചില് കേട്ടപ്പോ എനിക്കും സങ്കടം വന്നു എനിക്കു മാത്രമല്ല കേൾക്കുന്നോർക്കെല്ലാം സങ്കടം വരും അത്തരത്തിലായിരുന്നു കുഞ്ഞപ്പനന്ന് കരഞ്ഞോണ്ട് ഓടിയത്  

കുമാറിന്റെ ഇടി കിട്ടിയപ്പോ വയറില് ഗുണ്ട് വന്ന് വീണ്  പൊട്ടിയ പോലെ  തോന്നീന്നാ കുഞ്ഞപ്പൻ ഭാര്യയോട് കരഞ്ഞ് പറഞ്ഞത്   .

അതോടെ ആളൊരു  ശിശുവായി മാറി കുമാറിന്റെ ആ ഒറ്റ ഇടിയോടെ കുഞ്ഞപ്പന് കൂനു വന്നു  വയറിലായിരുന്നു  ഇടി ആ ശക്തിയിൽ  നട്ടെല്ലു വരെ വളഞ്ഞു പോയി അത് വരെ വെട്ടുകത്തി കുഞ്ഞപ്പനെന്ന് പേടിയോടെ വിളിച്ചവര്  പിന്നെ കൂനൻ കുഞ്ഞപ്പൻന്ന് കളിയാക്കി വിളിച്ചു തുടങ്ങി.

അന്നത്തെ സംഭവത്തോടെ റൗഡിത്തരമെല്ലാം വെടിഞ്ഞ്  പക്കാ ഡീസെന്റായി മാറി കുഞ്ഞപ്പൻ 

ഇപ്പോ പലചരക്കു കടക്കാരൻ സുപ്രുവിന്റെ കടയിൽ സാധനങ്ങളെല്ലാം പൊതിയാനായി  നിൽക്കാ കുഞ്ഞപ്പൻ  

ഒരു പ്രാവശ്യം സ്പ്രൂനെ കള്ള് ഷാപ്പ് തൊട്ട് കവല വരെ കുഞ്ഞപ്പൻ ഓടിച്ചിട്ട് തല്ലീട്ടുള്ളതാ.

എന്താ സംഭവന്ന് വെച്ചാ ഒരു പ്രാവശ്യം കുഞ്ഞപ്പൻ സുപ്രുന്റെ കടേല് പോയി സോഡ ചോദിച്ചു .

സോഡ ഇല്ലല്ലോ കുഞ്ഞപ്പൻ ചേട്ടാന്ന് സുപ്രു ആകെ വിറച്ചിട്ടാ പറഞ്ഞത് 

അതെന്താ സോഡ ഇല്ലാത്തേ ?

സോഡ ഇണ്ടായിരുന്നു ഇപ്പൊ കഴിഞ്ഞതാ കുഞ്ഞപ്പൻ ചേട്ടാ 

എനിക്കിപ്പോ സോഡ കുടിക്കണന്നും പറഞ്ഞ് കുഞ്ഞപ്പൻ സുപ്രുനെ പിടിച്ച് രണ്ട് കുലുക്കാ .

ഇല്ലാത്ത സോഡ ഞാൻ എങ്ങനെ തരാനാ  കുഞ്ഞപ്പൻ ചേട്ടാന്നും ചോദിച്ചോണ്ട്   സുപ്രു കരഞ്ഞു .

ആ ദേഷ്യത്തില് കുഞ്ഞപ്പൻ ഒറ്റ പെടയാ ഏതാണ്ട് പടക്കം പൊട്ടുന്ന ശബ്ദമാ നാട്ടുകാര് കേട്ടത്  

ഈ സമയത്ത് ആരാണ് പടക്കം പൊട്ടിക്കണതെന്നാ  ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ ആ ശബ്ദം കേട്ട് ചോദിച്ചത് .

സുപ്രു കരയുവാനായിട്ട്  വാ തുറന്നെങ്കിലും അതിനും മുന്നേ ബോധം പോയതു  കാരണം പറ്റിയില്ല .

ഒരാഴ്ചയോളമായിരുന്നു അതൊരു ട്രേഡ് മാർക്ക് പോലെ സുപ്രുന്റെ കവിളത്ത് കിടന്നത്

ആ ദേഷ്യത്തില് സുപ്രു പോയി പോലീസ് സ്റ്റേഷനില്  കംപ്ലയിന്റ് കൊടുത്തു  സുപ്രുന്റെ കരുതിയത്  പോലീസുകാര് വന്ന് കുഞ്ഞപ്പനെ പൊക്കുമെന്നായിരുന്നു 

റൈറ്റര് തോമാസേട്ടനാ കുഞ്ഞപ്പനോട് ഈ പരാതിയെക്കുറിച്ച് ചോദിക്കുവാൻ  വന്നത് .

എന്താ തോമാസേന്ന്....  കുഞ്ഞപ്പൻ കണ്ണുരുട്ടീ ചോദിച്ചതോടെ  എന്തിനാ വന്നേന്ന് തോമാസേട്ടൻ മറന്നു .

ഞാനൊരു ചായ കുടിക്കാൻ വന്നതാന്നാ തോമാസേട്ടൻ കുഞ്ഞപ്പനോട് പറഞ്ഞൊഴിഞ്ഞത്. കള്ളു ഷാപ്പിലാണോ ചായ കുടിക്കാൻ വരുന്നതെന്ന് കുഞ്ഞപ്പൻ ആലോചിച്ചു വരുന്നതിനു മുന്നേ തോമാസേട്ടൻ സ്റ്റേഷനിലെത്തിയിരിന്നു  

തനിക്കെതിരെ പരാതി കൊടുത്ത ദേഷ്യത്തില്  കുഞ്ഞപ്പൻ സുപ്രുന്റെ  കട തൊട്ട് ഷാപ്പ് വരെ ഓടിച്ചിട്ട് തല്ലീ .

സുപ്രു എന്നെ രക്ഷിക്കണേന്നും വാവിട്ടു നിലവിളിച്ചോണ്ടാ  ഓടിയത് .

ഞാനാ സമയത്ത് ബണ്ടുമ്മേ  നിൽപ്പുണ്ടായിരുന്നു എനിക്ക് ആ സമയത്ത് ബണ്ടുമ്മേ നിൽക്കേണ്ടതായ യാതൊരു ആവശ്യവും ഉണ്ടായില്ല എന്താ പറയാ സമയദോഷം 

എന്നെ കണ്ടതോടെ  എന്നെ നോക്കിയായി സുപ്രുവിന്റെ രക്ഷിക്കണേന്നുള്ള കരച്ചില്  ഞാൻ വേഗം കുളിക്കാൻ വന്ന പോലെ പാടത്തേക്ക് ചാടി പക്ഷേ അപ്പുറത്തായിരുന്നു കുളം ഞാൻ ചാടിയത് പാടത്തോട്ടും കുളത്തിലേക്ക് ചാടാൻ അപ്പുറത്ത് എത്തുമ്പോഴേക്കും  ചിലപ്പോ കുഞ്ഞപ്പന്റെ ഇടി കിട്ടി എന്റെ കാറ്റു പോവും  ഇതിപ്പോ കാലൊന്ന് ഉളിക്കിയതൊഴിച്ചാൽ വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല 

സുപ്രുനെ രക്ഷിക്കാൻ പോയിട്ട് അവസാനം എന്നെ രക്ഷിക്കാൻ വേറെയാള്  വരേണ്ടി വരും  .

എന്റെ മനസ്സ് ആദ്യം എന്നോട് പറഞ്ഞതായിരുന്നു  പോയി സുപ്രുനെ രക്ഷിക്കാൻ

കുഞ്ഞപ്പന് ഒരു പൊടിയുറുമ്പിന്റെ പോലെയാവും ഞാൻ,  വെറുതേ ഒന്ന് ഞെരിച്ചാ മതി

അന്ന് തല്ലിയ  വൈരാഗ്യം  സുപ്രു ഇപ്പോഴാ കുഞ്ഞപ്പനോട്  തീർക്കുന്നത്  വെറുതേ എന്തങ്കിലും കാരണം പറഞ്ഞ് ഇടക്കിടക്ക് കുഞ്ഞപ്പന്റെ മുതുകില്  സുപ്രു നല്ല ഇടിയിടിക്കും  

പാവം കുഞ്ഞപ്പൻ അതും കൊണ്ട്  വെറുതേ ചിരിച്ചോണ്ട് നിക്കും .

ആ കുഞ്ഞപ്പനെ ഒതുക്കിയ  കുമാറിനെ കേറിയാ ഞാൻ പന്നീന്ന് വിളിച്ചത്.

കുമാറിന്റെ ഇടി കൊണ്ടപ്പോ ഗുണ്ട് വന്ന് വീണ പോലെ തോന്നീന്നാ  കുഞ്ഞപ്പനന്ന്  പറഞ്ഞത് . 

അണുബോംബ് മേത്ത് വന്ന് വീണ് പൊട്ടിയ പോലെയാവും എനിക്ക് തോന്നാ

നല്ല  ആരോഗ്യം ഉണ്ടായിരുന്ന  കുഞ്ഞപ്പനായിരുന്നു  കുമാറിന്റെ  ഒറ്റ ഇടിക്ക് കൂനനായത് എനിക്ക് കൂനാവില്ല വരാ എന്റെ കാറ്റാവും പോവാ.

ഏത് ഗതി കേട്ട നേരത്താണാവോ സൈക്കിളീന്ന്  ഇറങ്ങീ പന്നീന്ന് വിളിക്കാൻ തോന്നീത്.

സൈക്കിലിരുന്നായിരുന്നു വിളിച്ചിരുന്നതെങ്കീ ഈ അപകടഘട്ടത്തിൽ   സൈക്കിള് ചവിട്ടീ രക്ഷപ്പെടായിരുന്നു 

ഞാൻ ഒരു ആശ്രയത്തിനായി  സൈക്കിളിനെ നോക്കി അവനും വിറച്ചോണ്ടാ നിൽക്കുന്നത് കുമാറിന്റെ  ഇടി കിട്ടോന്നും  പേടിച്ച് 

സൈക്കിളുമ്മേ കേറി രക്ഷപ്പെടാൻ നോക്കിയാലോ

വേണ്ട   ഞാൻ സൈക്കിളിന്റെ അടുത്ത് എത്തുമ്പോഴേക്കും  ഒറ്റച്ചാട്ടത്തിന്  കുമാറെന്നെ പൊക്കും രക്ഷപ്പെടാൻ നോക്കാണോയെന്നും ചോദിച്ചോണ്ട് ചിലപ്പോ കൂടുതലിടി കിട്ടും

ഓടിയാലോ..? , 

പക്ഷേ ഓടാൻ പോയിട്ട് നിൽക്കാൻ  തന്നെ പറ്റാത്തതു  പോല്യാ കാലുകള് കിടന്നു വിറക്കുന്നത് 

കുമാറ് കാലുകള് തല്ലിയൊടിക്കോന്ന് അവറ്റകൾക്കും നല്ല പേടീണ്ടേ  .

സഹായത്തിനൊന്ന്  വിളിക്കാൻ പോലും ആരേം കാണുന്നില്ലല്ലോ എന്റെ കർത്താവേ? ഇനിയിപ്പോ ഞാൻ വിളിച്ചാലും കുമാറിന്റെ ഇടീടെ പങ്കു പറ്റാൻ ആരും വരത്തില്ല .

അപ്പോഴായിരുന്നു  ഞാൻ എന്റെ ക്ലാസ്സ് മേറ്റ് ശിവനെ കണ്ടത്  ശിവൻ കവലേപ്പോയിട്ട് വരാ കൈയ്യില് കപ്പലണ്ടി പൊതിയുമുണ്ട് അവന്റെ വല്യ വീക്ക്നെസ്സാ കപ്പലണ്ടി 

അവനെ വിളിച്ചാലോ ?

ആ പാവത്തിന് വെറുതേ ഇടി വാങ്ങിക്കൊടുക്കണോ ?

ഇല്ലെങ്കി കുമാറിന്റെ ഇടി മുഴുവൻ  ഞാൻ ഒറ്റക്ക് കൊള്ളേണ്ടിവരും

ശിവൻ ആണെങ്കീ  നെഞ്ചും വിരിച്ചിട്ടാ വരുന്നത്  ജിമ്മില് പോയപ്പൊ തൊട്ട് അവനങ്ങനെയാ  നടക്കാറ് . 

ഞാനും ഒരു പ്രാവശ്യം അവന്റെ പോലെ നെഞ്ച് വിരിച്ചു നോക്കീതാ  എന്തോ ഒരു സൗണ്ട്  നെഞ്ചിന്റെ ഭാഗത്തൂന്ന് കേട്ടതു പോലെ എനിക്കു തോന്നി  എല്ല് പൊട്ടിപ്പോയതാണെന്നാ ഞാനാദ്യം കരുതിയത് അതോടു കൂടി ഞാനാ  പരിപാടി നിറുത്തി.

ഞാൻ ശിവാ... ശിവാ  ന്ന് വിളിക്കുന്നുണ്ട്  പക്ഷെ പേടി കൊണ്ട് ശബ്ദം ഒരു തരിപോലും പുറത്തേക്ക് വരുന്നില്ല .

ഒരു വിധത്തിലാ ഞാൻ തൊണ്ടയിൽ വിരലമർത്തി ശിവാ ..ന്ന് വിളിച്ചത് എന്റെ ഭാഗ്യം അവന്റെ കഷ്ടകാലം ആ വിളി ശിവൻ കേട്ടു 

നീ ശിവനേം , കൃഷ്ണനേം  വിളിച്ചിട്ടൊന്നും ഒരു കാര്യോം ഇല്ലാട്ടാ.. ഞാൻ ഭഗവാൻ ശിവനെ വിളിക്കയാണെന്നും കരുതിയിട്ടാ കുമാറങ്ങനെ പറഞ്ഞത് 

ശിവൻ അപ്പോഴായിരുന്നു എന്നെ കണ്ടത്                       

അവന് സംഗതീടെ സീരിയസ്സ്നെസ്സ്  അറിയിത്തില്ല  .

എന്തടാന്നും ചോദിച്ചോണ്ട് അവനെന്റെ അടുത്തേക്ക് വരലും ഓടെടാന്ന് കുമാറ് ഒറ്റ അലറലുമായിരുന്നു 

ആ അലർച്ചയോടെ  ഞെട്ടിയ ശിവന്റെ  കൈയ്യിലുണ്ടായിരുന്ന കപ്പലണ്ടിപ്പൊതി  താഴെപ്പോയി  അവനത് എടുക്കാൻ നോക്കിയെങ്കിലും  

ഓടെടാ നായേന്ന് കുമാറ് വീണ്ടും അലറി .

അതോടെ  ശിവൻ ജീവനും കൊണ്ടോടി .

എന്താ  സംഭവന്നു  പോലും അറിയാതെ ശിവൻ ഓടി കുമാറെന്തിനാ തന്നെ നോക്കി ആക്രോശിക്കണെന്ന് ആ പാവത്തിന് അപ്പോഴും  മനസ്സിലായില്ല .

ഇന്നലെ വരെ കണ്ടപ്പോ ചിരിച്ച കുമാറ് ചേട്ടനാ  അത് വരേയ്ക്കും നെഞ്ച് വിരിച്ച് നടന്ന ശിവൻ  ഇപ്പോ നടു വളഞ്ഞ് ഓട്ട മത്സരത്തിന് ഓടുന്ന പോലെയാ പായുന്നത്  

ആ സമയത്തായിരുന്നു മേസ്തിരി വാസേട്ടൻ സൈക്കിളുമ്മേ ഒരു പാട്ടും പാടി വരുന്നുണ്ടായിരുന്നത് 

ഓടെടാ.... ന്നുള്ള  കുമാറിന്റെ അലർച്ച കേട്ടതോടെ  വാസുവേട്ടനും ഓടി  വാസുവേട്ടന്റെ വിചാരം വാസുവേട്ടനോടാണ്  കുമാറ്  ഓടാൻ പറഞ്ഞതെന്നായിരുന്നു  ചവിട്ടിക്കൊണ്ടിരുന്ന സൈക്കിളീന്ന്  ചാടിയിറങ്ങീട്ടാ പാവം  ജീവനും കൊണ്ടോടിയത് അതോടെ പാട്ടും നിന്നു .

വീട്ടിലെത്തിക്കഴിഞ്ഞട്ടും ശിവനൊന്നും മനസ്സിലായില്ല അപ്പോഴും അവന്റെ ശരീരം പൂക്കുല പോല്യാ കിടന്നു വിറക്കുന്നത് കാലുകൾക്കായിരുന്നു  കൂടുതല് വിറ

വാസുവേട്ടൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന  വഴിയായിരുന്നു കുമാറിന്റെ അലർച്ച ആ  പരാക്രമത്തില് എങ്ങോട്ടാ ഓടണ്ടേയെന്ന് വാസുവേട്ടൻ മറന്നു പോയി .

ഓടിയോടി എവിടെയോ ചെന്നുപെട്ട ആ പാവത്തിന് യാതൊരു പരിചയവും ഉണ്ടായിരുന്നില്ല ആ സ്ഥലം അവസാനം തിരികെ വീട്ടിലേക്ക് പോവാൻ പേടിയായിട്ട്  അന്നേതോ ബന്ധുവീട്ടിലായിരുന്നു തങ്ങിയത്

ഞാനാണെങ്കിൽ ഇതൊക്കെ കണ്ട് ആകെ വിറങ്ങലിച്ച് നിൽക്കാ എന്തായാലും കുമാറിന്റെ ഇടി കിട്ടുമെന്ന് എനിക്ക് ഉറപ്പായി.

കർത്താവേ ഡംബെലോണ്ടൊന്നും ഇടിക്കാണ്ടിരുന്നാ  മതിയായിരിന്നു കുമാറിന്റെ ഒരു വിരലിന് തന്നെ ഞാനില്ല 

എന്റെ ആവേശമൊക്കെ തണുത്തു  എന്നെ കൊലക്ക് കൊടുത്ത് ആവേശം പോയി .

കുമാറാണെങ്കീ ദേഷ്യം കൊണ്ട് തുള്ളപ്പനി പിടിച്ച പോല്യാ കിടന്നു  വിറക്കുന്നത്  അതിനൊടൊപ്പം പല്ലും നാവും കടിക്കുന്നുമുണ്ട് 
 
ഈശ്വരാ.. ദേഷ്യം തീരാഞ്ഞ്  കുമാറിനി എന്നെ കടിച്ചെങ്ങാനും തിന്നോ ?

മുഷ്ടി ചുരുട്ടി കൈക്കുള്ളിലെ ഡംബല് കുമാറ്  ഞെക്കിപ്പൊട്ടിച്ചു കളയുമോയെന്നു വരെ എനിക്കു തോന്നിപ്പോയി .

അത്രേം കോപത്തില്  നിന്ന്  ജ്വലിക്കയാണ് കുമാറ്  .

ആ കോപാധിക്യത്താൽ  കുമാറ് മൊത്തം  ചുവന്നു അങ്ങനെ ചുവന്നു ചുവന്നു  കറുത്ത കുമാറിന് ഒരു വൃത്തികെട്ട നിറമായി 

ഇനി കുമാറ് തീ പിടിച്ച് സ്വയം കത്തുമോയെന്നു വരെ ഞാൻ പേടിച്ചു .

കുമാറ്  കൈ ഞെരിക്കുന്ന കണ്ട്  എനിക്ക് നെഞ്ചു വേദന വന്നു ആ ഞെരിക്കലിൽ കുമാറിന്റെ കൈയ്യിലിരിക്കണ ഡംബല് വരെ വേദനോണ്ട് കരയണ പോലെ .

കുമാറിനി  ഡംബല് പൊടിച്ചു കളയുമോ  ? അത് കഴിഞ്ഞ് എന്നെ പൊടിച്ചു കളയും പച്ചയായത് കൊണ്ട് ഞാൻ പൊടിയില്ല .

അതുകൊണ്ട് കമ്പിളി പിഴിയുന്ന  പോലെ എന്നെ പിഴിയും.

ഒന്നുകൂടി പേടിപ്പിക്കാനായി  ആ രംഗം മനസ്സിലേക്ക് ഓടി വന്നു ഈശ്വരാ ഇടിച്ചാലും കുഴപ്പമില്ല കൊല്ലാതിരുന്നാ മതിയായിരുന്നു 

ആ പന്നീന്നുള്ള വിളി എന്നെ കൊലക്ക് കൊടുത്തു പന്നിയിറച്ചി വല്യ ഇഷ്ട്ടമുണ്ടായിരുന്ന ഞാൻ അതോടെ പന്നികളെ വെറുത്തു 

കുമാറെന്നെ  ഇടിക്കുന്നു ആ ഇടിയുടെ കാറ്റു കൊണ്ടു തന്നെ  എന്റെ ബോധം പോകുന്നു എന്നിട്ടും ദേഷ്യം തീരാതെ കുമാറെന്നെ പിഴിയുന്നു എന്റെ രക്തമെല്ലാം പിഴിഞ്ഞ് കഴഞ്ഞ ശേഷം എന്നെ ഒന്ന് കുടയുന്നു രക്തവും ബോധവും ഇല്ലാത്ത ഞാൻ പഴന്തുണി പോലെ കുമാറിന്റെ കൈയ്യിൽ കിടക്കുന്നു .

എന്താ കുമാറേട്ടാ പ്രശനമെന്നും ചോദിച്ചോണ്ട് ഉള്ളിൽ നിന്ന് മറ്റു ജിമ്മൻമാർ കൂടിപുറത്തേക്ക് വന്നു  ഈശ്വരാ കുമാറിന്റെ കൈയ്യീന്ന് മാത്രല്ല എനിക്കിടി കിട്ടാ .

എന്റെ കർത്താവേ ..എനിക്ക് കരയാൻ തോന്നി എനിക്കു ചുറ്റും രാക്ഷസൻമാരായ  ജിമ്മൻ മാർ  അതിനു  നടുവില് ഒരു നരുന്ത് പോലെ ഞാൻ ഏത് കഷ്ടകാലം നേരത്തേണാവോ പന്നീന്ന് വിളിക്കാൻ തോന്നീത് .

എന്താ കുമാരേട്ടാ പ്രശ്നം

അവർക്കാണെങ്കിൽ  പ്രശ്നമെന്തെന്ന് അറിയാതെ വല്ലാത്ത  ബുദ്ധിമുട്ട് പോലെ 

കുമാറൊന്നും  പറയല്ലേയെന്ന്  ഞാൻ വെറുതേ പ്രാർത്ഥിച്ചു  പക്ഷേ ഒരു കാര്യോം ഉണ്ടായില്ല

ഈ ഒണക്ക ചെക്കൻ  എന്നെ പന്നീന്ന് വിളിച്ചൂ ന്നും പറഞ്ഞ് കുമാറ്  ഒറ്റ ചീറല് .

ഇവനാ ന്നും ചോദിച്ചോണ്ട്  ആ  ജിമ്മൻമാരും അതോടൊപ്പം ഒരുമിച്ചലറി  .

അതിലൊരുത്തൻ എന്നെ നോക്കി... ടാ ....ന്നൊരു  അലർച്ച ആ അലർച്ചയോടെ ഞാൻ ഒറ്റ ഞെട്ട്  എന്തിന് കുമാറടക്കം ഞെട്ടിപ്പോയി അത്രേം വല്യൊരു അലർച്ചയായിരുന്നുവത്   .

നീ എന്നെ പന്നീന്ന് വിളിക്കൂലെടാ ..ന്നും  ചോദിച്ച് കുമാർ എന്റെ സൈക്കിളുമ്മേ  ഒറ്റ ചവിട്ടാ..,  പാവം ഞാനില്ലാതെ  തന്നെ നാരായണേട്ടന്റെ കടേലിക്കെത്തി 

അവനെ അകത്തേക്ക് പൊക്കിക്കൊണ്ട് വാ ...നമുക്ക്  കൊല്ലാം

അത് കേട്ടതോടെ എന്റെ അനുവാദം ഇല്ലാതെ തന്നെ  എന്റെ  നമ്പർ വൺ റിലീസായി.

ഒരു വിധത്തിലായിരുന്നു  ഞാനവിടെ നിന്നും  പറന്നത് എന്റെ ജീവിതത്തില് ഞാൻ അത്രേം വേഗത്തില്  ഓടിയിട്ടേയില്ല പേടിച്ചിട്ട്  അന്നെനിക്ക്  പനി വന്നു  ശിവനും പനി വന്നിരുന്നു എന്തിന് വാസുവേട്ടനും രണ്ടുദിവസം കിടപ്പിലായിരുന്നു .

അവസാനം മെമ്പറ് സുകേശനെ പിടിച്ച് കുമാറിന് ഒരു കുപ്പി ബ്രാണ്ടി വാങ്ങിക്കൊടുത്താ പ്രശ്നം സോൾവാക്കീത്.

പാവം ശിവന് ഇപ്പോഴും അറിയത്തില്ല എന്തിനാ കുമാറ് തന്നേം ഓടിച്ചതെന്ന് വാസുവേട്ടൻ അതോടെ വേറെ വഴിക്കാക്കി മാറ്റി തന്റെ യാത്ര 



2 അഭിപ്രായങ്ങള്‍

മഹേഷ് മേനോൻ പറഞ്ഞു…
നന്നായി രസിച്ചു......ഒരു കഥക്കുള്ളിൽ ഒരുപാട് കഥകളാണല്ലോ ബൈജുവേട്ടാ.... :-)
മഹേഷ് മേനോൻ പറഞ്ഞു…
നന്നായി രസിച്ചു. ഒരു കഥക്കുള്ളിൽ ഒരുപാട് കഥകൾ ആണല്ലോ ബൈജുവേട്ടാ...:-)