അവറാൻ ചേട്ടന് രണ്ടു ദിവസമായിട്ട് പനീം ജലദോഷോം നമ്മടെ നാരായൺ വൈദ്യരെ കാണിക്കാൻ പോയപ്പോ വൈദ്യര് എണീറ്റ് ഓടീത്രേ . എന്താ സംഭവന്ന് അവറാൻ ചേട്ടന് മനസ്സിലായില്ല .

                          അവറാൻ ചേട്ടനെ കണ്ടപ്പോ നാരായൺ വൈദ്യര് വിചാരിച്ചത് കാലു വേദനക്കുള്ള മരുന്നു വാങ്ങാനാന്നാ അവറാൻ ചേട്ടൻ ഇടക്കിടക്ക് പോയി വാങ്ങാറുളളതാ .

                  എന്റെ നാരായണാ,  രണ്ടുദിവസായിട്ട് എനിക്ക് പനീം ജലദോഷാന്ന് അവറാൻ ചേട്ടൻ  പറയലും എന്റെ മുരുകാന്നും നിലവിളിച്ചോണ്ട് വൈദ്യര് ഓടിപ്പോയീത്രെ .

        ഒരു കിലോമീറ്ററ് അകലെപ്പോയിനിന്നിട്ടാ വൈദ്യര് വിളിച്ച് കൂവീത്

                     എന്റെ അവറാനേ നിങ്ങളെ സാധനത്തിനേം കൊണ്ട് പോയിൻന്ന് . ഏത് സാധനത്തിന്റെ കാര്യാ വൈദ്യര് ഈ പറയണേനാലോചിച്ചിട്ട്  അവറാൻ ചേട്ടനൊരെത്തും  പിടിയും കിട്ടിയില്ല .

                           എന്തുപറഞ്ഞിട്ടും നാരായണൻ വൈദ്യര് വരാണ്ടായപ്പോഴാ  അവറാൻ ചേട്ടൻ ഹെൽത്ത് സെനറ്ററിലേക്ക് പോയത് ഡോക്ടറ് ഇല്ലാത്ത കാരണം നമ്മടെ ശാന്തമ്മ നേഴ്‌സ് പരിശോധിച്ചിട്ടാ അവറാൻ ചേട്ടനോട്  ചോദിച്ചത്

               ചേട്ടൻ പുറത്തേക്ക് വല്ലോം പോയിരുന്നോന്ന് ? രണ്ടു ദിവസം മുമ്പ് വറീതിന്റെ കള്ളുഷാപ്പ് തുറക്കാത്ത കാരണം ചിറ്റിശ്ശേരില് പോയി കള്ള് കുടിച്ചൂന്നാ അവറാൻ ചേട്ടൻ പറഞ്ഞേ  അപ്പളേ എനിക്ക് സംശയം തോന്നിയതാ എന്റെ സിസ്റ്ററെ അവന്റെ  കള്ളിലൊക്കെ  മായം ചേർത്തതാന്ന് അവരാൻ ചേട്ടന്റെ വിചാരം കള്ള് മാറിക്കുടിച്ച കാരണായിരിക്കോ ഇനി പനി വന്നതെന്നാ

         എന്റെ ചേട്ടാ കള്ള് കുടിക്കാൻ പോയ കാര്യമല്ല ഞാൻ ചോദിച്ചേ വിദേശത്തെങ്ങാനും പോയിരുന്നോന്നാ?

                 എന്തിനാ ഇവര് ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ചോദിക്കാണെന്ന് ആലോചിച്ചിട്ട് അവറാൻ ചേട്ടനൊരെത്തും പിടിയും കിട്ടിയില്ല .

                          എന്റെ സിസ്റ്ററെ ഇന്നലെ കുറച്ച് മഴേം നനഞ്ഞിരുന്നു അതാ ഈ ജലദോഷോം പനീം ഞാൻ ഒറോതയോട് പറഞ്ഞതാ ഇത്തിരി ചുക്ക് കാപ്പി കുടിച്ചാ മതീന്ന് അല്ല സിസ്റ്ററെ എന്താ പ്രശ്നം ? ആ നാരായണനും എന്നെ കണ്ടപ്പോ ഓടീല്ലോ ?

                    ചേട്ടനീ  ലോകത്തൊന്നുമല്ലേ ജീവിക്കണത് ? എന്റെ പൊന്നു ചേട്ടാ ഇപ്പൊ വല്യൊരു വൈറസ്  ഇറങ്ങി നടക്കണുണ്ട്  അത് കാരണം ആകെ പ്രശ്നാ എല്ലാവരും പേടിച്ചിട്ടാ നടക്കണേ.

              എന്തിനാ സിസ്റ്ററെ അതിനിങ്ങനെ പേടിക്കണേ നമ്മുടെ ഇടിയൻ എസ് ഐ യോട് പറഞ്ഞാ പോരേ അതോടെ അവന്റെ തിമിരിട്ട് നിക്കില്ലേ.

                  അത്  കേട്ടപ്പോ ശാന്തമ്മ നേഴ്‌സിന് ചിരിയോട് ചിരി . ചിരിച്ച് ചിരിച്ച് ശാന്തമ്മ നേഴ്‌സ് അവറാൻ ചേട്ടന് കൊടുക്കേണ്ട ഇൻജെക്ഷൻ സ്വന്തം കൈയ്യുമ്മേ തന്ന്യാ കുത്തിക്കേറ്റിത് . അതോടെ ശാന്തമ്മ നേഴ്സിന്റെ ചിരി നിന്നു.

                     അവറാൻ ചേട്ടന്റെ നിഷ്ക്കളങ്കമായ ആ ഉത്തരം കേട്ട് ശാന്തമ്മ നേഴ്സാ വിവരിച്ചു കൊടുത്തത്

                   എന്റെ ചേട്ടാ അതൊരു അണുവാ രോഗം പരത്തണത് അല്ലാതെ കള്ളനൊന്നുമല്ല എസ് ഐ ക്കൊണ്ട് പിടിപ്പിക്കാൻ . ചേട്ടൻ ടി വി ഒന്നും കാണാറില്ലേ ?   കൊറോണാന്നാ അതിന്റെ പേര് .

             എന്നിട്ടും അവറാൻ ചേട്ടനൊന്നും മനസ്സിലായില്ല . സൈക്കിളും ചവിട്ടി വീട്ടിലേക്ക് ചെല്ലുമ്പോ ഒറോത ചേടത്തി ഒരു സഞ്ചില് ചട്ടേം മുണ്ടുമൊക്കെ എടുത്ത് വെച്ച് പോകാൻ റെഡിയായി നിക്കാ .

                          എന്റെ മനുഷ്യാ നിങ്ങളാ സാധനത്തിനേം കൊണ്ട് ഈ പടി കേറണ്ടാട്ടോ

           ആയ് എന്റെ കൂടെ ആരൂല്ലല്ലോ

           മെമ്പർ സുകേശൻ പറഞ്ഞത് നിങ്ങള് ഏതോ കൊറോണയേയോ  കോണകത്തേയോ  അങ്ങിനെയെന്താണ്ടൊക്കെ സാധനത്തിനേം  കൊണ്ടു വരണൂന്നാണല്ലോ . വൈദ്യര് നാരായണേട്ടനാ സുകേശനോട് അവറാൻ ചേട്ടന് കൊറോണയാന്ന് സംശയമുണ്ടെന്ന് പറഞ്ഞത് . അത് വന്നാ എല്ലാവരേം ചാടിപ്പിടിക്കൂത്രെ ആള് തട്ടി പ്പോവും .

                    അവറാൻ ചേട്ടൻ വന്ന് ഒരു പത്തുമിനിറ്റായിട്ടില്ല അവറാൻ ചേട്ടന്റെ വീടിന്റെ മുന്നില് ഒരു പൂരത്തിന്റെ ആൾക്കൂട്ടം ഏതാണ്ട്  ആദ്യായിട്ട് കാണണ പോല്യാ എല്ലാവരും  അവറാൻ ചേട്ടനെ നോക്കണത് .

                പ്രേക്ഷിതൻ സുകു വിറച്ചിട്ടാ പറഞ്ഞത് അവറാൻ ചേട്ടനെ കൊറോണാ പിടിച്ചു കള്ള് ചെത്താൻ തെങ്ങിന്റെ മോളില് കേറിയപ്പോ കൊറോണാ അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നൂത്രേ അങ്ങനെ ചാടിപ്പിടിച്ചതാ  .

                   നമ്മടെ പലചരക്ക് കടക്കാരൻ സ്പ്രൂന്റെ ചെക്കൻ ഒരേ കരച്ചില് കോറോണേനേ കാണണെന്നും പറഞ്ഞ് .


               ഈ കോറോണേനെ കണ്ടാ എങ്ങിനെയുണ്ടാവുന്നാ  നമ്മുട ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ സുകേശനോട് ചോദിച്ചത് .

                  നമ്മുടെ കള്ളൻ ദാമൂന്റെ പോലെയുണ്ടാവും , എന്റെ ചേട്ടാ ഈ പേപ്പറ് വാങ്ങണത് പരിപ്പുവട പൊതിഞ്ഞു കൊടുക്കാൻ  മാത്രല്ല വായിക്കാനും കൂടിയാ. അത്  ചൈനേന്ന് വന്ന ഒരു വൈറസ്സാ  അതും പറഞ്ഞ് തനിക്ക് എല്ലാം അറിയണ പോലെ സുകേശൻ എല്ലാവരേം ഒന്ന് നോക്കി പക്ഷേ ആരും സുകേശനെ നോക്കണില്ല ഒരു അഭിനന്ദനം സുകേശൻ പ്രതീക്ഷിച്ചതായിരുന്നു .

                     റോമു ആൾക്കാരെ കണ്ടപ്പോ കുരക്കണതു  കൂടിയില്ല അല്ലെങ്കി ഒരു കോഴീനെ കണ്ടാവരെ കുരച്ച് ചാടി നിക്കണോനാ  ഇനി കുര കേട്ട് കൊറോണാ വന്ന് പിടിച്ചാലോന്ന് റോമൂനൊരു പേടി .മണികണ്ഠൻ പൂച്ച അവറാൻ ചേട്ടന് ജലദോഷമാന്ന് കേട്ടോടനേ മുങ്ങീതാ. അവൻ അപ്പുറത്തെ വീട്ടിലെ പീലിപ്പോസ് ചേട്ടന്റെ വീട്ടിലേക്ക് ഇടിച്ചു കയറി അവിടത്തെ പൂച്ചയായി . ഓടിപ്പോയി പീലിപ്പോസ് ചേട്ടന്റെ കാലുമ്മേ ഒരു നാലു നക്ക് .

                   അല്ലെങ്കീ പീലിപ്പോസ് ചേട്ടനെ കണ്ടാ തിരിഞ്ഞു പോലും നോക്കാത്തൊനാ കാരണം പീലിപ്പോസ് ചേട്ടൻ ഒരു വെജിറ്റേറിയനാ ഇറച്ചിയും മീനുമൊന്നും അവിടെ വാങ്ങാറില്ല .

                 ഇറച്ചിയേക്കാളും മീനേക്കാളുമൊക്കെ വലുതല്ലേ സ്വന്തം ജീവനെന്നും പറഞ്ഞാ മണികണ്ഠൻ പൂച്ച പീലിപ്പോസ് ചേട്ടന്റെ വീട്ടിലേക്ക് കുടിയേറിയത് . എല്ലാവരും അവറാൻ ചേട്ടനെ നോക്കിക്കൊണ്ടിരുന്നു . എല്ലാവരുടേം വിചാരം അവറാൻ ചേട്ടൻ ഇപ്പൊ രൂപം മാറി മാറി ഏതാണ്ട് ഉരുണ്ട സാധനം പോലെ ആവൂന്നാ .

                       മണിക്കൂറ് രണ്ടു കഴിഞ്ഞിട്ടും അവറാൻ ചേട്ടനൊരു മാറ്റോം സംഭവിക്കണില്ല ആള് നല്ല പയറുമണി പോലെ അങ്ങിനെത്തന്നെ നിപ്പുണ്ട് കാത്തു നിന്ന് കാത്തുനിന്ന് ആൾക്കാരുടെ ക്ഷമയൊക്കെ നശിച്ചു .

                    ഈ സമയത്താ ഹെൽത്ത് സെന്ററീന്ന് ഡോക്ടർ വന്നത് . ഡോക്ടറ്  അവറാൻ ചേട്ടനേം കൊണ്ട് അകത്തേക്ക് കേറിപ്പോയി  എല്ലാവരും ആകാംഷയോടെയാ നിൽക്കണത്  ഇപ്പൊ ഡോക്‌ടറുടെ കരച്ചില് കേക്കും അങ്ങേരെ കൊറോണ പിടിച്ചു തിന്നും .

           എല്ലാവരും വിറച്ചിട്ടാ നിക്കണത്

              ഒരു ചാക്ക് കൊടുക്കാമായിരുന്നില്ലേ പാക്കരൻ ചേട്ടനാ അത് പറഞ്ഞേ

               എന്തിന് ?

                         ആ സാധനത്തിനെ പിന്നെ ഏതിലാ പിടിച്ചിടാ ?

    ഒരു പത്തു മിനിറ്റ് കഴഞ്ഞപ്പോ ഡോക്ടറും അവറാൻ ചേട്ടനും പുറത്തേക്ക് വന്നു . അവറാണ് ചേട്ടൻ പെട്ടെന്ന് പുറത്തേക്ക് ചാടണ പോലെ ഒറ്റ ആച്ചില് എല്ലാവരും ആയ്യോന്നും നിലവിളിച്ചോണ്ട് പുറത്തേക്കോടി മെമ്പറ്  സുകേശൻ പരാക്രമത്തില് തെങ്ങും കുഴീലാ പോയി വീണത് . ഒറോത ചേടത്തി ഈ മനുഷ്യന് വട്ടായേന്നും നിലവിളിച്ചോണ്ട് അകത്തേക്കോടി .

                പക്ഷേ അവറാൻ ചേട്ടൻ ചാടിയില്ല, ചാടണ പോലെ ആക്ഷൻ കാണിച്ചത് മാത്രമേയുള്ളൂ .

                   നാട്ടുകാര് പിരിഞ്ഞു പോവാൻ നിന്ന നേരത്താ അവറാൻ ചേട്ടൻ പറഞ്ഞത്

                എല്ലാവരും ഒന്നു നിന്നേ .. അല്പം മുമ്പു വരെ എനിക്ക് ഇതിനെക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല കാരണം ഞാൻ ദിവസോം പത്രം വായിക്കാറില്ല , ടി വി കാണാറില്ല എന്റെ ജീവിതം തെങ്ങു ചെത്തുക എന്നുള്ളതിൽ മാത്രം ഒതുങ്ങുന്നു അതാണ് എന്റെ ലോകം . ഈ ഡോക്ടർ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് മനസ്സിലായത് . പക്ഷേ എനിക്ക്  എന്റെ  ശരീരത്തിനെ എനിക്ക് വിശ്വാസമുണ്ട് എന്റെ ഉള്ളിലെന്നെ ഒരു സൈന്യമുണ്ട് അവർ നോക്കിക്കൊള്ളും ഈ കോറോണയേയും , മറ്റുള്ളവരേയും .  എന്നിരുന്നാലും ഡോക്ടർ പറഞ്ഞപ്രകാരം മറ്റുള്ളവരുടെ നന്മയെക്കരുതി  ഒരു പതിനാലു ദിവസത്തേക്ക് ഞാൻ പുറത്തേക്കേ  ഇറങ്ങുന്നില്ല കള്ളും കുടിക്കുന്നില്ല ഇത് ഒരു പൗരനെന്ന നിലയിൽ ഈ സമൂഹത്തോടുള്ള എന്റെ കടമയാണ് . ഒരു സർക്കാരിന്റെ വാക്കുകളെ അനുസരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഞാൻ വിശ്വസിക്കുന്നു  ഞാനത് അനുസരിക്കുന്നു.

                  ഇന്നലെ വരെ ഞാൻ നിങ്ങളിൽ ഒരുത്തനായിരുന്നു ഒരു മനുഷ്യന് സഹായം വേണ്ടത് അവൻ ബലഹീനനായിരിക്കുമ്പോഴാണ് അതാണ് ഉത്തമമായ സാമൂഹിക ജീവിതം അല്ലാതെ അവനെ ഒറ്റപ്പെടുത്തുമ്പോഴല്ല നാളെ നിങ്ങൾക്കും ഇതുപോലെ  വരാം. അപ്പോഴെല്ലാം ഒരു സമൂഹമെന്നുള്ള കൂട്ടായ്മ ഒത്തൊരുമിച്ചാണ് എതിരിടേണ്ടത് .  ഇന്നലെ വരെ എന്റെ കൈയ്യീന്ന് കള്ള് വാങ്ങി കുടിച്ചവരൊക്കെ എവിടെ ?
   ഇതാണോ ഇന്നലെ വരെ നിങ്ങൾ എന്നോട് കാണിച്ച ചിരിയുടെ അർത്ഥം ? ഇതാണോ സുഹൃദബന്ധങ്ങൾ ?

           കഷ്ട്ടം..  എനിക്ക് എന്നെ വിശ്വാസമുണ്ട് , എന്റെ ശരീരത്തിനെ വിശ്വാസമുണ്ട്,  ദൈവത്തിനെ വിശ്വാസമുണ്ട്, നമ്മുടെ ആരോഗ്യരംഗത്തെ വിശ്വാസമുണ്ട്  ഇതെല്ലം ക്ഷണികം മാത്രം ഈ ലോകം ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും  എന്റെ കുഞ്ഞു നാളിൽ ഞാൻ കേട്ട പ്ളേഗ്, വസൂരി തുടങ്ങിയ  മഹാമാരികൾ  പോലെയൊന്നും ഇത് വരത്തില്ല നമ്മൾ കുറച്ചൊന്ന് ശ്രദ്ധിക്കുക നിർദ്ദേശങ്ങളെ  അനുസരിക്കുക താൻ ശ്രദ്ധിച്ചാൽ തന്റെ സഹോദരന് ഈ രോഗം പകരുകയില്ലെന്ന മുൻകരുതൽ എടുത്തുകൊണ്ട് കുറച്ച് ത്യാഗം അനുഷ്ഠിക്കുക . ത്യാഗമെന്നുള്ള  വാക്ക് ഇവിടെ അർത്ഥ ശൂന്യമാണെന്ന് കരുതുന്നു കാരണം നമ്മോട് മുൻകരുതൽ എന്ന നിലയിൽ  വീട്ടിലിരിക്കാനും മറ്റുള്ളവരോട് ഇടപഴകാതിരിക്കാനും മാത്രമല്ലേ ആവശ്യപ്പെടുന്നുള്ളൂ . ക്രിയേറ്റിവായ എന്തോരം കാര്യങ്ങൾ ഈ സമയം നിങ്ങൾക്ക് ചെയ്യാം പുസ്തകങ്ങൾ വായിക്കാം അറിവില്ലാത്ത കാര്യങ്ങൾ മനസ്സിലാക്കാം ഓരോരുത്തരുടേയും ഇഷ്ട്ടങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാം . തിരക്കുപിടിച്ചു കൊണ്ട് പരക്കം പായുന്ന ഈ ജീവിതത്തിൽ  ജീവിതത്തെ മറ്റൊരു തലത്തിൽ കൂടി നോക്കിക്കാണുവാനും  എൻജോയ് ചെയ്യുവാനും ദൈവം  നിങ്ങൾക്ക് അനുവദിച്ച ഒരു വെക്കേഷൻ ആണെന്ന് കരുതുക .   ഈ കാലഘട്ടത്തെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും . ആ വിശ്വാസം എനിക്കുണ്ട് അതോണ്ട് എനിക്ക് ഒരു വൈറസിനേം പേടിയില്ല അണുവിനേം പേടിയില്ല നിങ്ങളും അത് മനസ്സിലാക്കണം പേടിയില്ല വേണ്ടത് മുൻകരുതലാണെന്ന്  അതും പറഞ്ഞുകൊണ്ട് അവറാൻ  ചേട്ടൻ അകത്തു കയറി വാതിലടച്ചു .

                അവറാൻ ചേട്ടന്റെ ആ ഒരു മുഖം ഞങ്ങൾ ആദ്യമായി കാണുകയായിരുന്നു . അവറാൻ ചേട്ടൻ വളർന്നു വളർന്നു വല്യ ഒരു ആളായ പോലെ ഒരു തെങ്ങിൻക്കാളും ഉയരത്തിലുള്ള അവറാൻ ചേട്ടൻ.
                       

                     


2 അഭിപ്രായങ്ങള്‍

ഈ അവറാൻ ചേട്ടൻ ആള് പുലിയാ. അവസാനം ഒരു ഗംഭീര അലക്കായിരുന്നല്ലോ.
baiju george പറഞ്ഞു…
thank you sudhi